Photo: Mathrubhumi
ഇംഗ്ലണ്ടിലെ സാലിസ്ബറിയിലുള്ള ലോകപ്രസിദ്ധമായ സ്റ്റോൺഹെഞ്ച് സഞ്ചാരികൾക്ക് കൗതുകമുണർത്തുന്ന കാഴ്ച്ചകൾ സമ്മാനിച്ചുകൊണ്ട് നിലനിൽക്കുന്നു. ഏകദേശം 3000 ബി.സി. മുതൽ 2000 ബി.സി. വരെ പഴക്കമുണ്ട് സ്‌റ്റോണ്‍ഹഞ്ചിനെന്നാണ് പുരാവസ്തു ഗവേഷകരുടെ വിലയിരുത്തല്‍
സ്റ്റോൺഹെഞ്ചിനെ ചരിത്രാതീത ശിലാവൃത്തത്തിന്റെ സ്മാരകമായും ശ്‌മശാനമായും ഒരു ഡ്രൂയിഡ് ക്ഷേത്രമാണെന്നും മറ്റും കാലാകാലങ്ങളിൽ ചരിത്രകാരന്മാർ കാണുന്നു. ഈ മഹാത്ഭുതത്തിന്റെ ചരിത്രം എന്തുതന്നെയായാലും അവയുടെ പ്രാധാന്യം തിരിച്ചറിഞ്ഞു അവയെ സംരക്ഷിച്ചു പോരുന്ന ഒരു സമൂഹത്തെ അവിടെ ചെന്നാൽ നമുക്ക് കാണാമെന്ന് പ്രമുഖ ചരിത്രകാരനായ എം.ജി. ശശിഭൂഷൺ ചൂണ്ടിക്കാട്ടുന്നു.

'ഗംഭീര ടൂറിസ്റ്റ് സൈറ്റാക്കി മാറ്റിയിരിക്കുകയാണ് ഇംഗ്ലണ്ടിലുള്ള സ്റ്റോണ്‍ഹെഞ്ചിനെ. തീര്‍ച്ചയായും അവിടം സന്ദര്‍ശിച്ചുമടങ്ങുമ്പോള്‍ നമുക്ക് ലജ്ജ തോന്നാം. നമ്മുടെ നാട്ടില്‍ എങ്ങനെ ഇത്തരം സ്മാരകങ്ങള്‍ സംരക്ഷിക്കണമെന്ന് ആര്‍ക്കും അറിയില്ല. അവിടെ വൈദ്യുതിയില്ല. ഭൂമിക്കു കീഴെ ഒളിപ്പിച്ചു വെച്ച വെളിച്ചവും, നടപ്പാതകളും, കല്ലുകൊണ്ടുള്ള മേശയും ഇരിപ്പിടവും കൊണ്ട് സജ്ജീകരിച്ച ഭക്ഷണശാലകളും കൊണ്ട് അത്യാകര്‍ഷകമായ രീതിയിലാണ് അവയെ നിലനിര്‍ത്തിയിരിക്കുന്നത്. പ്രാചീന കാലഘട്ടത്തിലെ ജീവിത സാഹചര്യങ്ങളും മറ്റും ഉപയോഗിച്ചുകൊണ്ടാണ് അവര്‍ സ്മാരകം സംരക്ഷിച്ചുപോരുന്നത്.' ശശിഭൂഷണ്‍ ചൂണ്ടിക്കാട്ടുന്നു.
ഈ കാഴ്ചപ്പാട് കേരളത്തിലും വരേണ്ടതുണ്ട്. ചരിത്രം പുസ്തകങ്ങളില്‍ മാത്രം ഒതുങ്ങേണ്ട ഒന്നല്ല. പുരാതന സ്മാരകങ്ങള്‍ നിലകൊള്ളുന്ന ഇടങ്ങളിലേക്ക് കുട്ടികളെ കൂട്ടിക്കൊണ്ടുപോകേണ്ടതുണ്ട്. ആ ചരിത്രശേഷിപ്പുകളുമായി ഇടപെടാന്‍ കുട്ടികള്‍ക്ക് അവസരം കൊടുക്കണം. പുതുതലമുറയില്‍ ചരിത്രാവബോധം ഉണ്ടാക്കിയെടുക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ശശിഭൂഷണ്‍ ചൂണ്ടിക്കാണിക്കുന്നു.
.png?$p=f7c3d4a&&q=0.8)

നമ്മുടെ നാട്ടില്‍ സ്മാരകങ്ങള്‍ സംരക്ഷിക്കാന്‍ നേരിടുന്ന വെല്ലുവിളികളില്‍ ഒന്ന് വികസനമാണ്. റോഡിനു വീതി കൂട്ടാനും പദ്ധതികള്‍ നടപ്പാക്കാനും മറ്റും സ്മാരകങ്ങള്‍ പലപ്പോഴും പൊളിച്ചു മാറ്റേണ്ട സ്ഥിതി വരാറുണ്ട്. അതിനും പോംവഴികളുണ്ട്. മനസ്സുവെക്കണമെന്നു മാത്രം. അവയെ ശാസ്ത്രീയമായി അടുത്തുള്ള മ്യൂസിയത്തിലേക്കോ സ്‌കൂളിലേക്കോ റിസര്‍ച്ച് സെന്ററിലേക്കോ മാറ്റാവുന്നതേയുള്ളൂ. നിര്‍ഭാഗ്യവശാല്‍ അത്തരത്തിലുള്ള ആസൂത്രിതമായ നടപടികളുമായി ആരും മുന്നോട്ട് വരുന്നില്ല.
കേന്ദ്ര പുരാവസ്തു വകുപ്പും കേരള പുരാവസ്തു വകുപ്പും തമ്മിലുള്ള പൊരുത്തക്കേടുകളും ഇത്തരം സ്മാരകങ്ങളുടെ തകര്‍ച്ചയ്ക്ക് വഴിവെക്കുന്നു. കേരള സര്‍ക്കാരിന്റെ കീഴില്‍ 179 സ്മാരകങ്ങള്‍ നമ്മുടെ നാട്ടിലുണ്ട്. അവയില്‍ നൂറ്റമ്പതോളം സ്മാരകങ്ങളില്‍ വാച്ച്മാന്‍മാരില്ല. ഇതൊക്കെ തന്നെയാണ് പല സ്മാരകങ്ങളും നാശത്തിന്റെ വക്കിലാണെന്ന് പറയാനുള്ള കാരണം. ശശിഭൂഷണ്‍ പറയുന്നു.
മലബാറിലെ മറയുന്ന ശിലായുഗ സ്മാരകങ്ങൾ
ശിലായുഗ സ്മാരകങ്ങളുടെ ശവപ്പറമ്പുകളാണ് കേരളത്തിലെ വടക്കൻ ജില്ലകൾ. മലപ്പുറം മുതൽ കാസർകോട് വരെ പല പ്രദേശങ്ങളിലും പല കാലഘട്ടങ്ങളിൽ നിർമ്മിപ്പിക്കപ്പെട്ട ശവസംസ്കാര നിർമിതികൾ പല രൂപത്തിലും ഘടനയിലും കാണാവുന്നതാണ്. എന്നാൽ, നിർമ്മാണ പ്രവർത്തനങ്ങൾ മൂലവും പുരാവസ്തു അവശിഷ്ടങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചുള്ള തികഞ്ഞ അജ്ഞത കാരണവും ഇത്തരം സ്‌മാരകങ്ങൾ സാവധാനം ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്.
സൈറ്റുകളിൽ ഖനനം ചെയ്യുന്നതിനും പുരാവസ്തുക്കൾ ശേഖരിക്കുന്നതിനും രേഖപ്പെടുത്തുന്നതിനും പുറമെ, ആർക്കിയോളജിക്കൽ സർവ്വെ ഓഫ് ഇന്ത്യയ്ക്കും(ASI) സംസ്ഥാന പുരാവസ്തു വകുപ്പിനും ഇത്തരം ചരിത്രപ്രധാന കണ്ടെത്തലുകൾ സംരക്ഷിക്കുന്നതിന് കൃത്യമായ ഒരു നയം നിലനിൽക്കുന്നില്ലെന്ന് മലബാർ മേഖലയിൽ ശിലായുഗ സ്മാരകങ്ങളെ കുറിച്ച് പഠിച്ച മഞ്ചേരി എൻ.എസ്.എസ്. കോളേജിലെ അസിസ്റ്റന്റ് പ്രൊഫസർ ഡോ. രാജേഷ് കെ.പി. അഭിപ്രായപ്പെട്ടു.
"ഒരു സൈറ്റ് കണ്ടെത്തി കഴിഞ്ഞാൽ അവിടെ ഖനനം നടത്തി അവിടെനിന്ന് ലഭിച്ച പുരാവസ്തുക്കൾ രേഖപ്പെടുത്തുകയും കൊണ്ടുപോവുകയും ചെയ്യുന്നതല്ലാതെ ആ സ്ഥലം സംരക്ഷിക്കുന്ന രീതിയില്ല. ഒരു സ്റ്റേറ്റ് പോളിസി തന്നെ ഇതിൽ നടപ്പിലാക്കേണ്ടതുണ്ട്. നിലവിലുള്ള ASI-യുടേയും കേരള പുരാവസ്‌തു വകുപ്പിന്റെയും നിയമങ്ങൾ സംരക്ഷിത സ്മാരകങ്ങൾക്ക് (Protected Monuments) മാത്രം ബാധിക്കുന്നതാണ്. അതുമൂലം സംരക്ഷിക്കപ്പെടാത്ത അനവധി സ്‌മാരകങ്ങളാണ് നശിച്ചു പോകുന്നത്. അത്തരം സൈറ്റുകൾ അറിവില്ലായ്മ മൂലമോ മറ്റുതരത്തിലോ തകർക്കപ്പെട്ടാലും അതിനെതിരെ നടപടി എടുക്കാനോ തടയാനോ ഉള്ള നിയമം ഇല്ല എന്നതാണ് വസ്‌തുത. പല സ്ഥലങ്ങളിലും നാട്ടുകാർ തന്നെ മുൻകൈയെടുത്തു സംരക്ഷിക്കുന്നുമുണ്ട്. കോഴിക്കോട് പേരാമ്പ്രക്കടുത്തുള്ള പന്നിമുക്ക്, പാമരികുന്ന് എന്നിവിടങ്ങളിൽ കുടക്കല്ലുകൾ ഒരു പറമ്പിൽ സംരക്ഷിച്ചു പോരുന്നുണ്ട്. മറ്റൊന്നു മലപ്പുറം ജില്ലയിൽ തിരൂരങ്ങായിടയിൽ ഒരു ഹാജിയുടെ പറമ്പിൽ കുടക്കല്ലുകൾ സംരക്ഷിക്കുന്നുണ്ട്."
അതേസമയം, സ്വകാര്യ ഭൂമികളിൽ കണ്ടെത്തുന്ന ഇത്തരം സ്മാരകങ്ങലെ സർക്കാർ ഏറ്റെടുത്തു സംരക്ഷിക്കുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. ഇത്തരം കണ്ടെത്തലുകളെ ശാസ്ത്രീയമായി ഡോക്യുമെന്റ് ചെയ്ത് മുസ്‌രിസ്പോലുള്ള ഒരു വലിയ പദ്ധതി കേരളത്തിൽ നടപ്പാക്കാൻ പുരാവസ്‌തു വകുപ്പിന് ചെയ്യാൻ പറ്റുന്നത് എന്ന ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നു. പ്രാദേശിക ഭരണകൂടങ്ങളുടെയും സർക്കാർ ഇതര സ്ഥാപങ്ങളുടെയും സർവ്വകലാശാലകളുടെയും പങ്കാളിത്തത്തിലൂടെ ഈ പദ്ധതി നടപ്പിലാക്കാവുന്നതാണ്.
നിലവിൽ, നിയുക്ത സംരക്ഷിത സ്മാരകങ്ങളുടെ സംരക്ഷണവും പാരിസ്ഥിതിക വികസനവും പുരാവസ്തു മാനദണ്ഡങ്ങൾക്കനുസൃതമായി ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയാണ് ഏറ്റെടുത്തിരിക്കുന്നത്. ഉദാഹരണത്തിന്, കേരളത്തിൽ, തൃശൂർ ജില്ലയിലെ ചേരമനങ്ങാട്ടുള്ള 'കുടക്കല്ല് പറമ്പ്', കണ്ടനശ്ശേരി പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന 'അരിയന്നൂർ കുടക്കല്ല്' എന്നിവ കേന്ദ്ര പുരാവസ്‌തു വകുപ്പിന്റെ സംരക്ഷിത സ്മാരക വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള സ്ഥലങ്ങളാണ്.
അരിയന്നൂരിലെ കുടക്കല്ലുകൾക്കു സമീപം താമസിച്ചിരുന്ന മലയാളത്തിലെ പ്രശസ്ത എഴുത്തുകാരൻ കോവിലനു പോലും തന്റെ വീട് പുതുക്കിപ്പണിയാൻ ശ്രമിച്ചപ്പോൾ എ.എസ്.ഐയിൽ നിന്ന് ഇൻജക്ഷൻ നോട്ടീസ് ലഭിച്ചിട്ടുണ്ട്. സംരക്ഷിത സ്മാരകങ്ങൾക്ക് ഇതുപോലെ ലഭിക്കുന്ന പരിഗണന എന്നാൽ ബഹുഭൂരിപക്ഷം സൈറ്റുകൾക്കും ലഭിക്കുന്നില്ല എന്നതാണ് മറ്റൊരു വസ്‌തുത.
1958-ലെ "പുരാതന സ്മാരകങ്ങളും പുരാവസ്തു സൈറ്റുകളും അവശിഷ്ടങ്ങളും നിയമം (അല്ലെങ്കിൽ AMASR നിയമം )" ദേശീയ പ്രാധാന്യമുള്ള സ്ഥലങ്ങളും അവശിഷ്ടങ്ങളും സംരക്ഷിക്കണമെന്നും പുരാവസ്തു ഉത്ഖനനങ്ങൾ നിയന്ത്രിക്കണമെന്നും ശിൽപങ്ങൾ, കൊത്തുപണികൾ, മറ്റ് വസ്തുക്കൾ എന്നിവയുടെ സംരക്ഷണം കൃത്യമായി ഉറപ്പാക്കണം എന്ന് വ്യവസ്ഥ ചെയ്യുന്നുണ്ട്. ഇന്ത്യയിൽ കണ്ടെത്തിയിട്ടുള്ള നാലിൽ മൂന്ന് സ്‌മാരകങ്ങളും 'സംരക്ഷിത' സ്‌മാരകങ്ങളുടെ പട്ടികയ്ക്ക് പുറത്താണ് എന്നതാണ് സത്യം. തൽഫലമായി, പുരാതന സ്മാരകങ്ങൾ നശിപ്പിക്കുകയോ തകർക്കുകയോ ചെയ്യുന്ന ആളുകൾക്കെതിരെ ബന്ധപ്പെട്ട നിയമപാലകർക്കോ പുരാവസ്തു വകുപ്പുകൾക്കോ നടപടിയെടുക്കാൻ കഴിയുന്നില്ല.
മരണം കാത്തുകിടക്കുന്ന മറയൂരിലെ മുനിയറകൾ

ഉദ്യോഗസ്ഥരുടെ പിടിപ്പുകേടും സർക്കാർ പദ്ധതികളുടെ മെല്ലെപ്പോക്കും എങ്ങനെ പുരാതന സ്മാരകങ്ങളെ നശിപ്പിക്കുമെന്നതിന്റെ ശ്രദ്ധേയമായ ഉദാഹരണമാണ് ഇടുക്കി ജില്ലയിൽ മറയൂരിൽ കണ്ടുവരുന്ന മുനിയറകളുടെ (ഡോൾമെൻസ്) തകർച്ച. മൂന്നാറിൽനിന്ന് 40 കിലോ മീറ്റർ മാറി സ്ഥിതി ചെയ്യുന്ന മറയൂർ സഞ്ചാരികളെ ഏറെ ആകർഷിക്കുന്ന സ്ഥലം എന്നതിലുപരി ശിലായുഗ കാലഘട്ടത്തിലെ ഏറ്റവും വലിയ ഡോൾമെനോയിഡ് സിസ്റ്റുകൾ സ്ഥിതി ചെയ്യുന്ന മേഖലയാണ്. അയ്യായിരത്തിലധികം മുനിയറകള്‍ ഒരുകാലത്ത് മറയൂരിലെ മലനിരകളിലുണ്ടായിരുന്നു. ഇന്ന് 1700 മാത്രം മുനിയറകളെ ഇവിടെ കാണപ്പെടുന്നുള്ളൂ
എന്നുള്ളത് ഏതൊരു ചരിത്രസ്നേഹിയെയും അലട്ടുന്ന കാര്യമാണ്.
പണ്ട് മുനിമാര്‍ തപസ്സിരുന്ന സ്ഥലമാണ് എന്ന സങ്കല്പത്തിലാണ് മുനിയറകള്‍ എന്ന പേര് വന്നത്. 5000 വർഷം പഴക്കമുള്ള മുനിയറകൾ, പഴയ ബൗദ്ധപാരമ്പര്യത്തിന്‍റെ അവശേഷിപ്പാണെന്നതു മുതല്‍ ശവക്കല്ലറകളാണെന്നുവരെയുള്ള വാദം നിലനില്‍ക്കുന്നു. നാലും അഞ്ചും കല്ലുകള്‍ കൊണ്ടാണ് ഇവ നിര്‍മിച്ചിരിക്കുന്നത്. മൂന്ന് പാളി കല്ലുകളാല്‍ ഭിത്തികള്‍ നിര്‍മിച്ച് മുകളില്‍ പാളിക്കല്ലുകൊണ്ട് മേല്‍ക്കൂര നിര്‍മിച്ചവയാണ് ഈ മുനിയറകള്‍.
.png?$p=8aa3f92&&q=0.8)
സ്വാതന്ത്ര്യലബ്ധിക്കു ശേഷമാണ് ഏറ്റവും കൂടുതൽ മെഗാലിത്തിക് ഘടനകൾ മറയൂരിൽനിന്ന് കണ്ടെത്തിയിട്ടുള്ളത്. പുരാവസ്തു വകുപ്പിൽ ജോലി ചെയ്തിരുന്ന കാലത്ത് മറയൂരിലെ പല നിർമിതികളും നേരിട്ട് സന്ദർശിച്ചിരുന്നു. നിർഭാഗ്യവശാൽ, അതിൽ പലതും ഇന്നില്ലെന്ന് എം.ജി. ശശിഭൂഷൺ ചൂണ്ടിക്കാട്ടുന്നു.
മറയൂർ ഹൈസ്ക്കൂൾ മേലെയുള്ള 'മുരുകൻ പാറ' എന്ന് അറിയപ്പെടുന്ന പ്രദേശത്താണ് വ്യത്യസ്തമായ മുനിയറകൾ കാണാവുന്നത്. ഇവിടെ ഇപ്പോൾ സഞ്ചാരികൾക്ക് യാതൊരു നിയന്ത്രണവുമില്ലാതെ കടന്ന് ചെല്ലാൻ സാധിക്കുന്നുണ്ട്. മലമുകളിലേക്ക് ജീപ്പ് സർവീസ് നടത്തുന്നുമുണ്ട്. പലപ്പോഴും ഇത്തരം മുനിയറകളുടെ അടുത്തുകൂടിയാണ് ഇത്തരം വാഹനങ്ങൾ കടന്നുപോകുന്നത്. സർക്കാർ തലത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടത് അനിവാര്യമാണ്. മുനിയറകൾക്ക് ചുറ്റും കമ്പിവേലി കെട്ടണം എന്ന ആശയം കുറച്ചു വർഷങ്ങൾക്കു മുമ്പ് പഞ്ചായത്തിനു മുമ്പിൽ മുന്നോട്ട് വെച്ചിരുന്നു. തുടർന്ന് മുനിയറകൾക്ക് ചുറ്റും താത്കാലിക സംരക്ഷണത്തിനും മനുഷ്യരുടെ കടന്ന് കയറ്റം തടയുന്നതിനും കമ്പിവേലി സ്ഥാപിച്ചു. ഇതൊക്കെ പിന്നീട് തകർക്കപ്പെട്ടുവെന്ന് മെഗാലിത്തിക് സ്മാരകങ്ങളെക്കുറിച്ച് വിപുലമായി പഠിക്കുകയും 2010-ൽ മറയൂർ പഞ്ചായത്തിനായി മുനിയറുകളുടെ ജി.പി.എസ്. മാപ്പിംഗ് സർവേ നടത്തുകയും ചെയ്ത ബെന്നി കുര്യൻ ചൂണ്ടിക്കാട്ടുന്നു.

മുനിയറകള്‍ സംരക്ഷിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി മുരുകന്‍ പാറയില്‍ മെഗാലിത്തിക് പാര്‍ക്ക് സ്ഥാപിക്കുന്നതിനുള്ള പഞ്ചായത്തിന്റെ ശ്രമവും പാതിവഴിയില്‍ നിലച്ചു. ഏതാനും വർഷങ്ങൾക്ക് മുമ്പ് മുരുകൻ പാറയോട് ചേർന്ന് പുരാവസ്തു വകുപ്പ് മുനിയറകളുടെ സംരക്ഷണത്തിനായി രണ്ട് വാച്ചർമാരെ നിയോഗിച്ചിരുന്നു. ഇവരെ പിന്നീട് ഇവിടെനിന്ന് പിൻവലിക്കുകയാണ് ഉണ്ടായത്.
പാണ്ഡവ ഗുഹ മുതൽ നന്നങ്ങാടി വരെ
.png?$p=7fd1f89&&q=0.8)
കാസര്‍കോടും കണ്ണൂരും മലബാറിന്റെ ഏറിയ പങ്കും ശിലായുഗ സ്മാരകങ്ങൾ കൊണ്ട് പ്രസിദ്ധമാണ്. കുടക്കല്ലുകളും നന്നങ്ങാടികളും ചെങ്കല്ലറകളും മുനിയറകളും പത്തിക്കല്ലുകളും (ഹുഡ് സ്റ്റോൺ ) കുത്ത് കല്ലുകളും (മെൻഹർ) ശിലാവൃത്തങ്ങളും.... അങ്ങനെ മരണത്തെ ഓർമ്മിപ്പിക്കുന്ന ശവസംസ്‌കാര നിർമിതികൾ ഒരുപാട് ഇവിടെ കാണാൻ സാധിക്കും. ഈ മേഖലകൾ നിരവധി നിര്‍മിതികള്‍ സമീപകാലത്ത് കണ്ടെത്തിയിട്ടുണ്ടെങ്കിലും ഇവ രേഖപ്പെടുത്തിവെയ്ക്കാനുള്ള ഒരു നടപടിയും ബന്ധപ്പെട്ട അധികാരികൾനിന്നും ഉണ്ടാവുന്നില്ല എന്നത് നഗ്നമായ സത്യമാണ്.
ചിലയിടങ്ങളിൽ പുരാവസ്‌തു വകുപ്പിന്റെ അനാസ്‌ഥ പല സ്മാരകങ്ങളുടെ നിലനിൽപ്പിനെ തന്നെ ബാധിക്കുന്നുണ്ട് എന്നതിന് ഉത്തമ ഉദാഹരണമാണ്
കാസര്‍കോട് നിന്ന് കണ്ടെടുത്ത 3000 വർഷത്തിലേറെ പഴക്കമുള്ള നവീന ശിലായുഗത്തിലെ കൽമഴുവിന്റെ കഥ. കേരളത്തിൽനിന്ന് കണ്ടെത്തിയിട്ടുള്ള നവീനശിലായുഗ കാലഘട്ടത്തിൽ ഏറ്റവും വലിയ മഴുവും ഇതുതന്നെയാണ്. എന്നാൽ ഒരു വില്ലേജ് ഓഫീസിൽ ഒരുപാട് നാൾ അനാഥമായി കിടന്നതിനു ശേഷമാണ് ഈ മഴു പുരാവസ്തു വകുപ്പ് കോഴിക്കോട് പഴശ്ശി രാജ പുരാവസ്തു മ്യൂസിയത്തിലേക്ക് മാറ്റിയത്.
കാസർകോട് - കണ്ണൂർ ജില്ലകളിൽ നിരവധി മെഗാലിത്തിക് സൈറ്റുകളുടെ കണ്ടെത്തുത്തുകയും അവയെ കുറിച്ച് ആധികാരികമായി പഠിക്കുകയും ചെയ്‌തിട്ടുള്ള നെഹ്‌റു ആർട്‌സ് ആൻഡ് സയൻസ് കോളേജിലെ ചരിത്രാധ്യാപകൻ നന്ദകുമാർ കോറോത്തിന്റെ അഭിപ്രായത്തിൽ ഒരു സമഗ്ര പദ്ധതി തന്നെ ആവിഷ്‌കരിച്ചാൽ മാത്രമേ ഇത്തരം സ്മാരകങ്ങൾ സംരക്ഷിക്കാൻ സാധിക്കുകയുള്ളു.
.png?$p=3d045d6&&q=0.8)
"2014 വരെ കാസർകോട് മുപ്പതോളം മെഗാലിത്തിക് സൈറ്റുകൾ മാത്രമേ ഞങ്ങൾക്ക് തിരിച്ചറിയാൻ കഴിഞ്ഞിരുന്നുള്ളൂ. എന്നാൽ, ഇത് ഇപ്പോൾ 100 കടന്നിരിക്കുന്നു. ചരിത്രത്തോടുള്ള മമതയും പൊതുജനങ്ങൾക്കിടയിൽ ഇവയുടെ പ്രാധാന്യത്തെ കുറിച്ച് ഉണ്ടായിട്ടുള്ള അവബോധവും കൊണ്ട് കുടക്കല്ലുകളും മറ്റും സംരക്ഷിക്കപ്പെടുന്നുണ്ട്. അതേസമയം, ഇത്തരം നിർമ്മിതികൾ കണ്ടെത്തി കഴിഞ്ഞാൽ സർക്കാർ തങ്ങളുടെ സ്ഥലം ഏറ്റെടുക്കുമോ എന്നുള്ള ഭയം മൂലം ചിലർ അവ തകർത്തു കളയുന്നുമുണ്ട്."
പ്രാദേശികമായ നിലനിന്നു പോരുന്ന ചില വിശ്വാസങ്ങൾ ചില സ്‌മാരകങ്ങളുടെ സംരക്ഷണത്തിനും വഴിവെക്കാറുണ്ട്. കാസര്‍കോട് ബെങ്കളത്തുള്ള ഒരു ചെങ്കല്ലറയിൽ ദേവിയുടെ ചൈതന്യം കുടികൊള്ളുന്നുണ്ട് എന്ന വിശ്വാസത്താൽ ആ നാട്ടുകാർ ഇവിടെ വിളക്കുവെക്കുകയും പ്രാർത്ഥന നടത്തുകയും ചെയ്‌തു പോരുന്നു. കാസർകോട് തന്നെ കണ്ടുവരുന്ന പാണ്ഡവ ഗുഹയും പീരങ്കി ഗുഹയുമെല്ലാം ഇത്തരത്തിൽ ഓരോ ഐതിഹ്യങ്ങളുമായി ഇടകലർന്നു കിടക്കുന്നു.
അധികാരികളുടെ പിടിപ്പുകേട് മൂലവും കാലാവസ്ഥയ്ക്കും മറ്റ് പ്രകൃതി പ്രതിഭാസങ്ങൾക്കും വിധേയമായി ഈ ശവകുടീരങ്ങൾ വിസ്‌മൃതിയിൽ അണയുകയാണ്. പ്രശസ്ത പുരാവസ്തു ഗവേഷകനും പത്മശ്രീ അവാർഡ് ജേതാവുമായ കെ.കെ. മുഹമ്മദ്, സംസ്ഥാന, കേന്ദ്ര ഗവൺമെന്റ് സ്ഥാപനങ്ങൾ ഈ ചരിത്ര സ്‌മാരകങ്ങൾ കൈകാര്യം ചെയ്യുന്നത് കുറിച്ച് സമാനമായ ആശങ്കകൾ ഉന്നയിക്കുന്നു.
കേരളത്തിൽ മാത്രം കണ്ടുവരുന്ന ശവസംസ്‌കാര നിര്‍മിതികളായ കുടക്കല്ലുകളും തൊപ്പിക്കല്ലുകളും പഠനവിധേയമാക്കേണ്ടതും സംരക്ഷിക്കേണ്ടതുമാണ്. സംസ്ഥാനത്തെ സർക്കാരും പഞ്ചായത്തുകളും ഇതിന്റെ സംരക്ഷണത്തിനായി മുന്നോട്ട് വരണം. സംസ്ഥാന പുരാവസ്തു വകുപ്പുകൾ അതാത് പഞ്ചായത്തുകളിൽ നിന്ന് ഇത്തരം മെഗാലിത്തിക് സൈറ്റുകൾ ഏറ്റെടുക്കുന്നതിനും സംരക്ഷണത്തിനായി പദ്ധതികൾ ആരംഭിക്കുന്നതിനും സർക്കുലറുകൾ പുറപ്പെടുവിക്കണം. ഇത്തരത്തിലൂടെയുള്ള ഒരു സമഗ്ര പദ്ധതിയിലൂടെ മാത്രമാണ് ഇത്തരം സ്‌മാരകങ്ങൾ വരും തലമുറയ്ക്ക് വേണ്ടി നമുക്ക് സംരക്ഷിക്കാൻ പറ്റുകയുള്ളൂ എന്ന് കെ കെ മുഹമ്മദ് അഭിപ്രായപ്പെടുന്നു.
Content Highlights: Kerala's megalithic past: Experts call for ways to save historic monuments
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..