ശവകുടീരങ്ങളില്‍ എഴുതപ്പെട്ട കേരളത്തിന്റെ ചരിത്രം; മഹാശിലാ സ്മാരകങ്ങൾ ആര് സംരക്ഷിക്കും?


By ആനന്ദ് പി.

5 min read
Read later
Print
Share

Kudakallu (Umbrella Stone) | Photo :Arranged

രണത്തിനു ശേഷം എന്ത്? മനുഷ്യരെ കാലാകാലങ്ങളായി അലട്ടുന്ന വലിയ ചോദ്യമാണിത്. അബ്രഹാമില്‍നിന്ന് ഉല്പത്തി അവകാശപ്പെട്ട, ഏകദൈവ വിശ്വാസാധിഷ്ഠിതമായ സമ്പ്രദായങ്ങള്‍ മരണശേഷം സ്വര്‍ഗ്ഗമോ നരകമോ പോലുള്ള മായലോകത്തിലേക്കു പോകുന്നുവെന്ന് വിശ്വസിക്കുന്നു. പുരാതന ഈജിപ്ഷ്യന്‍ സംസ്‌കാരം മരണത്തെ താല്‍ക്കാലികമായ പ്രതിഭാസമായി കാണുമ്പോള്‍ ബുദ്ധമത, ഹിന്ദുമത വിശ്വാസികള്‍ പുനര്‍ജന്മത്തില്‍ വിശ്വാസം അര്‍പ്പിക്കുന്നു. നൂറ്റാണ്ടുകള്‍ക്കു മുമ്പ് മണ്‍മറഞ്ഞു പോയ സംസ്‌കാരങ്ങളുമായി ബന്ധപ്പെട്ട് കണ്ടെത്തിയ ശവസംസ്‌കാര നിര്‍മിതികള്‍ ഇതിനുള്ള ഉത്തമ ഉദാഹരണങ്ങളാണ്. പിരമിഡുകള്‍ പിറക്കുന്നതിന് നൂറ്റാണ്ടുകള്‍ക്കു മുമ്പ് രാജതലവന്മാരെയും ഗോത്ര തലവന്മാരെയും മരണശേഷം ശവസംസ്‌കാര നിര്‍മിതികളിലൂടെ ആദരിക്കുന്ന ഒരു ജനത നിലനിന്നിരുന്നു എന്ന് തെളിയിക്കുന്ന കണ്ടെത്തലുകള്‍ ലോകത്താകമാനം നിലനില്ക്കുന്നുണ്ട്. ഇംഗ്ലണ്ടില്‍ നവീന ശിലായുഗ കാലഘട്ടത്തില്‍ നിര്‍മിക്കപെട്ടതെന്നു കരുതുന്ന സ്റ്റോണ്‍ഹെന്‍ജ് മുതല്‍ ഇവിടെ കൊച്ചുകേരളത്തില്‍ കണ്ടെത്തിയ കുടക്കല്ലുകളും തൊപ്പിക്കലുകളും നന്നങ്ങാടിയും മരണവുമായി ബന്ധപ്പെട്ട ഇത്തരം വിശ്വാസങ്ങളെയാണ് പ്രതിപാദിക്കുന്നത്.

രാജന്‍ ഗുരുക്കള്‍

പലപ്പോഴും നവീന ശിലായുഗവുമായി ബന്ധപ്പെട്ടു കണ്ടെത്തിയിട്ടുള്ള ശവസംസ്‌കാര നിര്‍മിതികളാണ് മനുഷ്യരാശിയുടെ ഇരുണ്ട കാലഘട്ടത്തെ കുറിച്ച് വെളിച്ചം വീശാന്‍ ചരിത്രകാരന്മാരും പുരാവസ്തു ഗവേഷകരും പഠന വിധേയമാക്കിയിട്ടുള്ളത്. അത്തരത്തില്‍ ലോകത്താകമാനം നിരവധി നിര്‍മിതികള്‍ കണ്ടെത്തിയിട്ടുണ്ട്. ഇത്തരം നിരവധി നിര്‍മിതികള്‍ ഇന്ത്യയിലും കേരളത്തിലും കണ്ടെത്തിയിട്ടുണ്ട്.

നിര്‍ഭാഗ്യവശാല്‍ ശിലായുഗവും നവീന ശിലായുഗവുമായി ബന്ധപ്പെട്ടു കണ്ടെത്തിയിട്ടുള്ള ശവസംസ്‌കാര നിര്‍മിതികള്‍ പലപ്പോഴും സംരക്ഷിക്കപ്പെടുന്നില്ല. സംരക്ഷിക്കപ്പെടുന്നില്ലെന്ന് മാത്രമല്ല, അത് തകര്‍ക്കപ്പെട്ടുപോവുകയും ചെയ്യുന്നു. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍, പുരാവസ്തു അവശിഷ്ടങ്ങളുടെ പ്രധാന്യത്തെ കുറിച്ചുള്ള തികഞ്ഞ അജ്ഞത തുടങ്ങിയ കാരണങ്ങളാല്‍ ഈ സ്മാരകങ്ങള്‍ സാവധാനം ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് രാജ്യത്തുടനീളം, പ്രത്യേകിച്ച് കേരളത്തിലുള്ള ശിലായുഗ സ്മാരകങ്ങളെ കുറിച്ചുള്ള ചര്‍ച്ചയ്ക്ക് പ്രാധാന്യമേറുന്നത്. പരശുരാമന്‍ മഴുവെറിഞ്ഞ് സൃഷ്ടിച്ച കേരളത്തിന്റെ ഉത്ഭവ ചരിത്രത്തെ പൊളിച്ചെഴുതാന്‍ കഴിയുന്ന ഒന്ന് എന്നാണ് ഈ ശവസംസ്‌കാര നിര്‍മിതികളെ സാമൂഹിക ശാസ്ത്രജ്ഞനും പ്രശസ്ത ചരിത്രകാരനുമായ രാജന്‍ ഗുരുക്കള്‍ വിശേഷിപ്പിക്കുന്നത്.

മുനിമടയ്ക്ക് സമീപം ഇരിക്കുന്ന എഴുത്തുകാരന്‍ കോവിലന്‍

കേരളത്തിലെ മഹാശിലാ സ്മാരകങ്ങള്‍

കേരളത്തില്‍ കാണപ്പെടുന്ന ശവസംസ്‌കാര നിര്‍മിതികള്‍ (മഹാശിലാ സ്മാരകങ്ങള്‍- Megalithic Monuments) ഇരുമ്പുയുഗം മുതല്‍ തന്നെ ഇവിടെ ഒരു സമൂഹം നിലനിന്നിരുന്നു എന്ന് സൂചിപ്പിക്കുന്നു. കേരളത്തില്‍ പല ജില്ലകളില്‍നിന്നു കണ്ടെത്തിയ മഹാശിലാ സ്മാരകങ്ങള്‍ ഇതിന് ഉത്തമോദാഹരണമാണ്. കൂടാതെ കേരളത്തില്‍ ഇതുവരെ കണ്ടെത്തിയ മഹാശിലാസ്മാരകങ്ങളെല്ലാം ശവസംസ്‌കാര നിര്‍മിതികളുമായി ബന്ധപ്പെട്ടിരിക്കുന്നു.

കുത്തനെ മണ്ണില്‍ നിലകൊള്ളുന്ന ചെത്താത്ത നീളമുള്ള കല്ലുകളെയാണ് മെഗാലിത്ത് എന്ന പദം കൊണ്ട് സൂചിപ്പിക്കുന്നത്. 'മെഗാസ്' (വലുത്) 'ലിത്തോസ്' (കല്ല്) എന്നീ രണ്ട് ഗ്രീക്ക് വാക്കുകള്‍ ചേരുമ്പോളാണ് മെഗാലിത്ത് എന്ന വാക്കുണ്ടാകുന്നത്. മഹാശിലായുഗ സ്മാരകങ്ങള്‍ പ്രധാനമായും മരണമടഞ്ഞവരുടെ ശവസംസ്‌കാരത്തിനും പരേതരുടെ സ്മരണയ്ക്കും വേണ്ടി കൂറ്റന്‍ കല്ലുകള്‍ കൊണ്ട് നിര്‍മിച്ചവയാണ്.

കോഴിക്കോട് കണ്ടെത്തിയ നന്നങ്ങാടി

സമൂഹത്തില്‍ ശ്രേഷ്ഠമായ സ്ഥാനം അലങ്കരിച്ചിരുന്നവരുടെ മരണശേഷം ദഹിപ്പിക്കുകയോ സ്വയം അഴുകി ജീര്‍ണ്ണിക്കാനുവദിക്കുകയോ ചെയ്ത ശേഷം അസ്ഥികള്‍ ശേഖരിച്ച് ഇത്തരം ശവസംസ്‌കാര നിര്‍മിതികളില്‍ സൂക്ഷിക്കുന്നു. കുടക്കല്ല്, തൊപ്പിക്കല്ല്, മുതുമക്കത്താഴി (നന്നങ്ങാടി), മുനിയറ, കല്‍മേശ, പാണ്ടുകുഴി, കല്‍വൃത്തങ്ങള്‍, നടുകല്ല് തുടങ്ങിയവയാണ് കേരളത്തില്‍ കണ്ടെത്തിയിട്ടുള്ള മഹാശിലാ സ്മാരകങ്ങള്‍. ഇത്തരം ശവസംസ്‌കാര നിര്‍മിതികളില്‍നിന്ന്‌ ആയുധങ്ങള്‍, ആഭരണങ്ങള്‍, വീട്ടുപകരണങ്ങള്‍, പാത്രങ്ങള്‍ തുടങ്ങിയവയും പുരാവസ്തു വകുപ്പ് കണ്ടെടുത്തിട്ടുണ്ട്.

കേരളത്തിന്റെ ഭൂപ്രകൃതി അനുസരിച്ച്‌ മഹാശിലാ സ്മാരകങ്ങള്‍ പല രൂപത്തിലും ഘടനയിലും കാണപ്പെടാറുണ്ട്. മഹാശിലാ സ്മാരകങ്ങളെ മഹാശിലായുഗ സ്മാരകങ്ങളായി പലര്‍ക്കും തെറ്റായി വ്യാഖ്യാനിക്കാറുണ്ടെന്ന് പ്രമുഖ സാമൂഹിക ശാസ്ത്രജ്ഞനും ചരിത്രകാരനുമായ രാജന്‍ ഗുരുക്കള്‍ അഭിപ്രായപ്പെട്ടുന്നു. 'ഈ സ്മാരകങ്ങളുടെ ഉത്ഭവം ഇരുമ്പുയുഗത്തിലാണ്. ഇടയ ഗോത്ര വര്‍ഗങ്ങളിലെ തലവന്മാരെയോ പോരില്‍ വീണ് മരിക്കുന്ന യോദ്ധാക്കളെയോ അടക്കിയിരുന്ന സ്മാരകങ്ങളാണ് ഈ നിര്‍മിതികള്‍. സാധാരണക്കാര്‍ക്ക് വേണ്ടിയല്ല ഇവ നിര്‍മിപ്പിക്കപ്പെട്ടത് എന്നതാണ് വസ്തുത.'

നഷ്ടപ്പെട്ട ചരിത്ര ബോധം, മറയുന്ന മഹാശിലാ സ്മാരകങ്ങള്‍

പൗരാണിക കാലത്തോടുള്ള മമതയും മറ്റു ചിലപ്പോള്‍ ചരിത്രത്തോടുള്ള ഗൃഹാതുരുത്വവുമാണ് മഹാശിലാ സ്മാരകങ്ങളുടെ നാശത്തെ പലപ്പോഴും തടഞ്ഞു നിര്‍ത്തുന്നത്. പക്ഷേ, ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെയും കേരള സംസ്ഥാന പുരാവസ്തു വകുപ്പിന്റെയും സംരക്ഷിത പട്ടികയില്‍ പെടാത്ത ആയിരക്കണക്കിന് മഹാശിലാ സ്മാരകങ്ങള്‍ മണ്ണും വെയിലും മനുഷ്യന്റെ അറിവില്ലായ്മയും മൂലം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു.

ഡോ.എം.ജി. ശശിഭൂഷണ്‍

കേരളത്തില്‍ മാത്രം കണ്ടുവരുന്ന കുടക്കല്ലുകളും തൊപ്പിക്കല്ലുകളും ആരാലും സംരക്ഷിക്കപ്പെടാതെ വിസ്മൃതിയിലാവുകയാണെന്നതുകൂടി ഇതിനോടൊപ്പം കൂട്ടിവായിക്കാവുന്നതാണ്. 'കുടക്കല്ല്' എന്ന സ്ഥലപ്പേര് അനേകം പ്രദേശങ്ങളില്‍ ലഭിച്ചത് തന്നെ കേരളത്തില്‍ അവയുടെ പ്രധാനം എത്രത്തോളം ഉണ്ടെന്നതിന്റെ ഉദാഹരണമെന്നു ചരിത്രകാരനായ ഡോ.എം.ജി. ശശിഭൂഷണ്‍ ചൂണ്ടിക്കാട്ടുന്നു.

'കേരളത്തില്‍ കുടക്കല്ല് എന്ന സ്ഥലപ്പേര് പല സ്ഥലങ്ങളില്‍ ഇപ്പഴും കാണാറുണ്ട്. ഉദാഹരണത്തിന് തൃശൂര്‍ ജില്ലയില്‍ കുടക്കല്ല് എന്ന പറഞ്ഞ സ്ഥലമുണ്ട്. അവിടെ കുടക്കല്ലുകള്‍ ഒരു കാലഘട്ടത്തില്‍ ഉണ്ടായിരുന്നത് കൊണ്ടാണ് അവിടെ ആ പേര് വരാന്‍ കാരണം. എന്നാല്‍, ഇന്ന് അവിടെ ഒരു കുടക്കല്ല് പോലും കാണാന്‍ സാധിക്കില്ല. അതുപോലെ ഞാന്‍ കോഴിക്കോട് ക്യാമ്പസില്‍നിന്നു തിരുവനന്തപുരത്തേക്കു ബസ്സില്‍ വരുമ്പോള്‍ കക്കാട് എന്ന പറഞ്ഞ സ്ഥലത്തു റോഡിനു നടുവില്‍ ഒരു കുടക്കല്ല് കണ്ടിരുന്നു. എന്നാല്‍ ഇപ്പോഴതില്ല.'

കെ.കെ.മുഹമ്മദ്

സംരക്ഷിക്കപ്പെടാത്ത ഒരുപാടൊരുപാട് മഹാശിലാ സ്മാരകങ്ങള്‍ കേരളത്തില്‍ ഉണ്ട്. ഇതേ പറ്റിയുള്ള അജ്ഞത മൂലം പലതും നമുക്ക് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. പ്രമുഖ പുരാവസ്തു ഗവേഷകനും ഇന്ത്യന്‍ പുരാവസ്തു വകുപ്പിന്റെ റീജിയണല്‍ മേധാവിയുമായിരുന്ന കെ.കെ. മുഹമ്മദ് കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളേജിന് സമീപത്തു കുടക്കല്ലുകള്‍ ഒരുകാലത്തു നിലനിന്നിരുന്നുവെന്നും അവ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ മൂലം തകര്‍ക്കപ്പെട്ടുവെന്നും ചൂണ്ടിക്കാട്ടി.

ഓരോ കുടക്കല്ലും തൊപ്പിക്കല്ലും പ്രാചീന കേരള ചരിത്രത്തിലേക്കുള്ള ഇടനാഴിയായി കാണേണ്ടതാണ് അത് സംരക്ഷിക്കപ്പെടേണ്ടതുമാണെന്നാണ് ഓരോ ചരിത്രസ്‌നേഹിയും ആഗ്രഹിക്കുന്നതെന്നും ശശിഭൂഷണ്‍ പറയുന്നു. '1950-കളിലാണ് കേരളത്തിലെ മഹാശിലാ സ്മാരകങ്ങള്‍ ഇരുമ്പുയുഗത്തിന്റെ ശേഷിപ്പുകളാണ് എന്ന് മനസ്സിലാകുന്നത്. അഹമ്മദാബാദ് സര്‍വകലാശാലയിലെയും ഇന്ത്യന്‍ പുരാവസ്തു വകുപ്പിലെയും ഉദ്യോഗസ്ഥര്‍ തൃശൂര്‍ ജില്ലയിലും കേരള പുരാവസ്തു വകുപ്പ് ചേരമനങ്ങാടും ഉല്‍ഖനനം നടത്തിയിരുന്നു. പിന്നീട് കേരളത്തില്‍ ഉടനീളം അനവധി മഹാശിലാ സ്മാരകങ്ങള്‍ കണ്ടെത്തിയെങ്കിലും അവയില്‍ ഭൂരിഭാഗവും കാലത്തിന്റെ കുത്തൊഴുക്കില്‍ നഷ്ടപ്പെട്ടു പോയി എന്ന് പറയേണ്ടതില്ലല്ലോ. ഇടുക്കി ജില്ലയില്‍ മൂന്നാറിനോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന മറയൂര്‍ ഇന്ത്യയിലെ തന്നെ മഹാശിലാ സ്മാരകങ്ങളായ മുനിയറകള്‍ (Dolmens) ഏറ്റവും കൂടുതല്‍ കണ്ടെത്തിയിട്ടുള്ള സ്ഥലമാണ്.' എന്നാല്‍ കേരളത്തിലെ മഹാശിലാ സ്മാരകങ്ങളെ കുറിച്ച് കേരള പുരാവസ്തു വകുപ്പും മറ്റു സ്ഥാപനങ്ങളും നടത്തിയ പഠനങ്ങള്‍ പലതും അപൂര്‍ണമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഡോ.രാജേഷ്

1979-ല്‍ കെ.ജെ. ജോണ്‍ കോഴിക്കോട് പേരാമ്പ്രയില്‍ നടത്തിയ ഖനനത്തില്‍ 'ലാറ്ററൈറ്റ് കുടക്കല്ലുകള്‍' കണ്ടെത്തിയിരുന്നു. എന്നാല്‍ ഇവയും ഇന്ന് നശിക്കപ്പെട്ടിരിക്കുകയാണ്. അജ്ഞതയും അവബോധമില്ലായ്മയും സംരക്ഷിക്കപ്പെടാത്ത സ്മാരകങ്ങളെ അപചയത്തിലേക്ക് എങ്ങനെ നയിക്കുമെന്നതിനുള്ള മികച്ച ഉദാഹരണമാണ് ഇതെന്ന് 2010-ല്‍ ഇവിടെ സന്ദര്‍ശിച്ച മഞ്ചേരി എന്‍എസ്എസ് കോളേജ് ചരിത്രവിഭാഗം അസിസ്റ്റന്റ് പ്രൊഫസറായിരുന്ന ഡോ. രാജേഷ് പറഞ്ഞു.

'എന്റെ ഗവേഷണ പ്രബന്ധത്തില്‍ പരാമര്‍ശിച്ച പല മഹാശിലാ സ്മാരകങ്ങളും ഇന്ന് നിലവിലില്ല. പേരാമ്പ്രയില്‍ അത്തരത്തിലുള്ള ഒരു സൈറ്റ് സ്ഥിതി ചെയ്യുന്നു. 2011-ല്‍ സ്ഥലമുടമ ഭൂമി വില്‍ക്കുന്നതിനായി ഒരു ജെ.സി.ബി. വാടകയ്ക്കെടുക്കുകയും ഇവിടെയുള്ള കുടക്കല്ലുകള്‍ പൊളിച്ചുനീക്കുകയും ചെയ്തു. നാട്ടുകാരുടെ എതിര്‍പ്പിനെത്തുടര്‍ന്ന് ജെ.സി.ബിയും ഡ്രൈവറേയും പോലീസ് കസ്റ്റഡിയിലെടുതെങ്കിലും പിന്നീട് വെറുതെവിട്ടു. പുരാവസ്തു വകുപ്പിന്റെ 'സംരക്ഷിത പുരാവസ്തു കേന്ദ്രങ്ങളുടെ' പട്ടികയില്‍ ഈ സൈറ്റ് ഉള്‍പ്പെടുത്താത്തതിനാല്‍ തുടര്‍നടപടികളിലേക്ക് പോലീസ് നീങ്ങിയില്ല.'

അതേസമയം, കാസര്‍കോട്‌ ജില്ലയിലെ ബേഡഡുക്ക ഗ്രാമപഞ്ചായത്തിലെ കൊളത്തൂര്‍ ഗ്രാമത്തില്‍ കണ്ടുവന്നിരുന്ന കുടക്കല്ലുകളുടെ നാശം ലാറ്ററൈറ്റ് അഥവാ ചെങ്കല്ലുകളുടെ ഖനനം മൂലം സംഭവിച്ചതാണ്. പലപ്പോഴും സ്ഥല ഉടമകളുടെ കാരുണ്യവും ചരിത്രത്തോടുള്ള പ്രതിബദ്ധതയുമാണ് ഉത്തര മലബാര്‍ മേഖലകളില്‍ അനവധി മഹാശിലാ സ്മാരകങ്ങള്‍ ഇന്നും നിലനിന്നുപോകാന്‍ കാരണമെന്ന് നെഹ്റു ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജിലെ ചരിത്ര അധ്യാപകന്‍ നന്ദകുമാര്‍ കോറോത്ത് പറയുന്നു.

നന്ദകുമാര്‍ കോറോത്ത്

'ചില സ്ഥലങ്ങളില്‍, കുടക്കല്ലുകളുടെ കീഴെ സ്വര്‍ണവും അതുപോലെ വിലപിടിപ്പുള്ള വസ്തുക്കളും കാണുമെന്നുള്ള തെറ്റിദ്ധാരണയാണ് ഇത്തരം സ്മാരകങ്ങളെ നാശത്തിലേക്ക് നയിക്കുന്നതിനുള്ള ഒരു കാരണം. സ്ഥലമുടമകള്‍ തങ്ങളുടെ ഭൂമിയില്‍ അത്തരം സ്മാരകങ്ങള്‍ കണ്ടെത്തിയാലും പുറത്തു പറയാന്‍ മടിക്കുന്നത് തങ്ങളുടെ വസ്തുവകകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുമോ എന്ന ഭയം കൊണ്ടാണ്.'

വടക്കന്‍ കേരളത്തിലെന്നപോലെ, ഇടുക്കി ജില്ലയിലെ മറയൂര്‍ എന്ന ഗ്രാമത്തില്‍ ആയിരക്കണക്കിന് ഡോള്‍മെനോയിഡ് സിസ്റ്റുകള്‍ അഥവാ മുനിയറകള്‍ കണ്ടുവരുന്നുണ്ട്. അവയുടെ ഇന്നത്തെ സ്ഥിതിയെ കുറിച്ച് നിരവധി റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ടെങ്കിലും ഇവ പതിയെ വിസ്മൃതിയടയുകയാണെന്നു ഇടുക്കി ജില്ലയിലെ മെഗാലിത്തിക് സ്മാരകങ്ങളെക്കുറിച്ച് വിപുലമായ പഠനം നടത്തിയ ബെന്നി കുര്യന്‍ അഭിപ്രായപ്പെടുന്നു.

ബെന്നി കുര്യന്‍

മറയൂരിലെ മഹാശിലാ സ്മാരകങ്ങള്‍ അവഗണയുടെ വക്കിലാണ് എന്നതാണ് യാഥാര്‍ഥ്യം. ജി.എച്ച്.എസ്. മറയൂര്‍ എന്ന സര്‍ക്കാര്‍ സ്‌ക്കൂളിന് സമീപമുള്ള മുനിയന്‍ പാറ എന്ന് അറിയപ്പെടുന്ന ഒരു കുന്നില്‍ അനവധി മുനിയറകളായാണ് നിലകൊള്ളുന്നത്. എന്നാല്‍, വിനോദസഞ്ചാരികളുടെ ഇടപെടലുകള്‍ മൂലം പല മുനിയറകളും തകര്‍ച്ചയുടെ വക്കിലാണ്. കൂടാതെ, ജീപ്പുകള്‍ പതിവായി മുകളിലേക്ക് സര്‍വീസ് നടത്തുന്നു. വാഹനങ്ങള്‍ പലപ്പോഴും ഇത്തരം നിര്‍മിതികള്‍ക്ക് സമീപത്തുകൂടിയാണ് കടന്നുപോകുന്നത്. ബന്ധപ്പെട്ട അധികാരികള്‍ ഇവ സംരക്ഷിക്കാന്‍ നടപടിയെടുക്കുന്നതില്‍ പരാജയപ്പെട്ടാല്‍ ഈ സ്മാരകങ്ങള്‍ വൈകാതെ നഷ്ടമാകും ബെന്നി കുര്യന്‍ മുന്നറിയിപ്പ് നല്‍കുന്നു.

മറയൂരിലെയും ഉത്തര മലബാറിലെയും പോലെ അനവധി മഹാശിലാ സ്മാരകങ്ങള്‍ അജ്ഞതയും സര്‍ക്കാര്‍ വകുപ്പുകളുടെ പിടിപ്പുകേട് മൂലവും നീതി ലഭിക്കാതെ കേരളത്തില്‍ അങ്ങോളം ഇങ്ങോളം ഏതോ ഭൂതകാല സ്മരണകളെ ഓര്‍മിപ്പിച്ചു നിലകൊള്ളുന്നുണ്ട്. അവ 'കേരളോല്‍പ്പത്തി'ക്ക് മുമ്പുള്ള ഇടയ കര്‍ഷക കാലഘട്ടത്തിന്റെ ചരിത്രം ഒളിഞ്ഞിരിക്കുന്ന ശവകുടീരങ്ങളാണ്.

Content Highlights: Kerala's megalithic past : A cry in the wilderness

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
train accident

5 min

ആർഭാടത്തിൽ കുതിച്ചാൽ മതിയോ? ലക്ഷ്യസ്ഥാനത്ത് സുരക്ഷിതമായി എത്തുകയും വേണ്ടേ?

Jun 3, 2023


ബാഗ്മതി ട്രെയിന്‍ ദുരന്തം
Premium

4 min

അഴുകിയ ജഡങ്ങള്‍ക്കായി വല വിരിച്ച ബാഗ്മതി; 42 വര്‍ഷം കഴിഞ്ഞിട്ടും ട്രാക്ക് തെറ്റാതെ ദുരന്തസ്മരണ

Jun 3, 2023


അഞ്ചല്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച അച്ഛനും അമ്മയ്ക്കും ഒപ്പമുളള ചിത്രം

5 min

പെയിന്റ് പണിക്കാരന്റെ മകനും എംബിബിഎസുകാരനാകാം, ഇത് അഞ്ചലിന്റെ പ്രതികാരം

Nov 30, 2022

Most Commented