എന്ത് കൊണ്ട് കേരളത്തിന് ഒരു രണ്ടാം ഭൂപരിഷ്കരണം വേണം


സി.ആര്‍.നീലകണ്ഠന്‍

ഭൂപരിഷ്‌കരണ ഭേദഗതി ബില്‍ അസംബ്ലിയില്‍ പാസ്സാക്കിയതിന്റെ അമ്പതാം വാര്‍ഷികത്തിന്റെ പശ്ചാത്തലത്തില്‍ ഭൂപരിഷ്‌കരണ നയം കേരളത്തിലുണ്ടാക്കിയ സാമൂഹിക പാരിസ്ഥിതിക മാറ്റങ്ങളെ കുറിച്ചും രണ്ടാം ഭൂപരിഷ്‌കരണത്തിന്റെ ആവശ്യകതയെകുറിച്ചും ചര്‍ച്ച ചെയ്യുകയാണ് ഈ ലേഖനത്തില്‍

in depth

സി.ആർ.നീലകണ്ഠൻ

1970 കളില്‍ നമ്മള്‍ ഏറെ അഭിമാനത്തോടെ ആഘോഷിച്ചിരുന്ന കേരളവികസന മാതൃക എന്നതിന്റെ ദൗര്‍ബല്യങ്ങള്‍ കുറേശ്ശേയായി പുറത്തു വരാന്‍ തുടങ്ങിയത് 1990കളിലാണ്. സാമൂഹ്യവികസന സൂചകങ്ങളില്‍ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു ഏറെ മുന്നിലാണ് എന്നതായിരുന്നു നമ്മുടെ അഹങ്കാരം. കണക്കുകളില്‍ അത് ശരിയുമായിരുന്നു. എന്നാല്‍ സോവിയറ്റ് യൂണിയനടക്കമുള്ള സോഷ്യലിസ്റ്റ് ലോകങ്ങളുടെ തകര്‍ച്ചയും ആഗോളീകരണത്തിന്റെ കടന്നുവരവോടെ ജീവിതരീതികളില്‍ ഉണ്ടായ മാറ്റങ്ങളും മൂലം കാര്യമായ ചില വ്യത്യാസങ്ങള്‍ കേരളീയ ജീവിതത്തില്‍ ഉണ്ടായി. അതിനുമപ്പുറം അന്ന് വരെ മറഞ്ഞു കിടന്നിരുന്ന അഥവാ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടിരുന്ന വിഭാഗങ്ങളും അവരുടെ പ്രശ്ങ്ങളും മുഖ്യധാര എന്ന വിഭാഗത്തിലേക്ക് കടന്നുവരാന്‍ തുടങ്ങി.

സ്ത്രീകള്‍, ദളിത് ആദിവാസി വിഭാഗക്കാര്‍ തുടങ്ങി ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് എന്ന് വിളിക്കപ്പെടുന്നവര്‍ വരെ തങ്ങളുടെ യഥാര്‍ത്ഥ അവസ്ഥ തിരിച്ചറിയാന്‍ തുടങ്ങി. തങ്ങള്‍ മുഖ്യധാരക്കും കേരളം വികസനത്തിനും പുറത്താണ് എന്നവര്‍ തിരിച്ചറിഞ്ഞു. മുഖ്യധാരയുടെ വര്‍ഗ്ഗ പ്രശ്‌നങ്ങള്‍ തീര്‍ക്കാനായിരുന്നു ഇടതുപക്ഷത്തിന്റെ ശ്രമം. അത് നടന്നാല്‍ പാര്‍ശ്വവത്കൃതരുടെ, സ്ത്രീകള്‍, ആദിവാസികള്‍, ദളിതര്‍ മുതലായവരുടെ, പ്രശ്‌നങ്ങളും താനേ പരിഹരിക്കപ്പെടും എന്നവര്‍ കരുതിപ്പോന്നു. അവര്‍ സ്വന്തം അവകാശങ്ങള്‍ സ്ഥാപിക്കാനുള്ള സമരങ്ങളിലേക്കു വരാന്‍ തുടങ്ങി. ഒപ്പം ആഗോളതലത്തില്‍ തന്നെ ഉയര്‍ന്നു വന്ന പാരിസ്ഥിതിക പ്രശ്ങ്ങളും കൂടി ആയപ്പോള്‍ അന്ന് വരെ ഉയരാത്ത വെല്ലുവിളികള്‍ കേരള വികസനമാതൃക എന്ന സങ്കല്പത്തിനെതിരേ ഉയര്‍ന്നു വന്നു. പരമ്പരാഗത ഇടതു മാര്‍ക്‌സിസ്റ്റ് ചിന്തകര്‍ക്ക് ഇതെല്ലാം വര്‍ഗ്ഗസമരത്തെ ദുര്‍ബലപ്പെടുത്തുന്ന വിഷയങ്ങള്‍ ആയിരുന്നു. മുതലാളിത്ത വികസനവാദികള്‍ ഇതിനകം ആഗോളമൂലധനത്തിന്റെ ആരാധകര്‍ ആയിക്കഴിഞ്ഞിരുന്നു. ഇതില്‍ ഏറ്റവും ശക്തമായ വെല്ലുവിളികളില്‍ ഒന്ന് ഭൂമിയില്‍ തങ്ങള്‍ക്കുള്ള അവകാശത്തെ പറ്റി ദളിതരും ആദിവാസികളും ഉന്നയിച്ച ചോദ്യങ്ങള്‍ ആയിരുന്നു.മറന്നുപോയ മുദ്രാവാക്യം

കേരള വികസനമാതൃകയുടെ അടിത്തറയായി വ്യാഖ്യാനിക്കപ്പെട്ടിരുന്നത് കേരളം നടത്തിയ ഭൂപരിഷ്‌കരണം എന്ന വിപ്ലവമായിരുന്നല്ലോ. 1970 കളുടെ ആദ്യത്തോടെ ആ ലക്ഷ്യം പൂര്‍ത്തിയായതായി മുഖ്യധാരാ കക്ഷികള്‍ പ്രഖ്യാപിക്കുകയും ചെയ്തു. 25 ലക്ഷത്തോളം വരുന്ന കുടിയാന്മാര്‍ക്ക് തങ്ങള്‍ പാട്ടത്തിനെടുത്ത് കൃഷി ചെയ്തിരുന്ന ഭൂമിയില്‍ സ്ഥിരാവകാശം കിട്ടി എന്നത് ഒരു ചെറിയ കാര്യമല്ല. അങ്ങനെ ഭൂമി കിട്ടിയവരാണ് പിന്നീട് കേരളത്തിലെ വിദ്യാഭ്യാസം, ആരോഗ്യം, വ്യാപാരം തുടങ്ങിയ സമസ്ത മേഖലകളിലും ഏറ്റവും ഉന്നത സ്ഥലങ്ങളില്‍ എത്തിയത്. ഭൂപരിഷ്‌കരണം എന്നത് ഏതെങ്കിലും ഒരു സര്‍ക്കാരിന്റെ ഔദാര്യമൊന്നുമായിരുന്നില്ല. നാലഞ്ചു പതിറ്റാണ്ട് കാലമായി സ്വാതന്ത്ര്യ സമരത്തോടൊപ്പം നടന്നു വന്ന കാര്‍ഷികസമരങ്ങളുടെ കൂടി ഫലമായിരുന്നു. എന്നാല്‍ അന്ന് സമരങ്ങളില്‍ പങ്കെടുത്തവര്‍ ഉയര്‍ത്തിയ മുദ്രാവാക്യം എന്തായിരുന്നു എന്ന് മറന്നുകൊണ്ടുള്ളതായിരുന്നു ഇവിടെ നടപ്പാക്കിയ ഭൂപരിഷ്‌കരണം എന്ന സത്യമാണ് രണ്ട് മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷം. കേരളം തിരിച്ചറിഞ്ഞത്. 'നമ്മള്‍ കൊയ്യും വയലെല്ലാം നമ്മുടേതാകും പൈങ്കിളിയെ' എന്നത് മാത്രം പരിശോധിക്കുക. ഭൂപരിഷ്‌കരണം പൂര്‍ത്തിയായി എന്ന് പ്രഖ്യാപിക്കപ്പെട്ടു പതിറ്റാണ്ടുകള്‍ പിന്നിടുമ്പോള്‍ കേള്‍ക്കുന്ന ഒരു പരാതി 'കൃഷി ചെയ്യാന്‍ ആളെ കിട്ടുന്നില്ല' എന്നതാണ് അഥവാ ''കൊയ്യാന്‍ ആളില്ല'' എന്നതാണ്. ഇതും പഴയ മുദ്രാവാക്യവും ചേര്‍ത്ത് വച്ചാല്‍ ചില ആശയക്കുഴപ്പങ്ങള്‍ ഉണ്ടാകുമല്ലോ. കൊയ്യുന്നവര്‍ക്കല്ല ഭൂമി കിട്ടിയതെന്ന് സാരം. വയലില്‍ പണി ചെയ്യിക്കുന്നവരെയാണ് നമ്മള്‍ കര്‍ഷകനായി കണ്ടത്.

1957 ലെ സര്‍ക്കാര്‍ ഭൂപരിഷ്‌കരണ നിയമം (കുടിയൊഴിക്കല്‍ നിരോധനനിയമം) അവതരിപ്പിച്ചപ്പോള്‍ കേരളത്തില്‍ 18 ലക്ഷം ഏക്കര്‍ മിച്ചഭൂമി ഉണ്ടെന്നാണ് കണ്ടെത്തിയിരുന്നത്. ആ ഭൂമി പിടിച്ചെടുത്തു ഭൂരഹിത കര്‍ഷകര്‍ക്ക് (അങ്ങനെയാണ് കമ്യുണിസ്റ്റ് പാര്‍ട്ടി രേഖകളില്‍ അന്നുണ്ടായിരുന്നത്. കര്‍ഷകത്തൊഴിലാളി എന്നതൊക്കെ പിന്നീട് വന്നതാണ്.) വിതരണം ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഒരു കുടുംബത്തിന് അഞ്ചേക്കര്‍ വരെ കൃഷിഭൂമി എന്നും കണക്കാക്കിയിരുന്നു. പക്ഷെ 1970ല്‍ നിയമം നടപ്പിലാക്കിയ കാലമായപ്പോഴേക്കും ഈ മിച്ചഭൂമിയുടെ അളവ് ആറിലൊന്നായി കുറഞ്ഞ് കേവലം മൂന്നുലക്ഷം ഏക്കര്‍ ആയി. ഇതെങ്ങനെ എന്ന് പരിശോധിക്കപ്പെട്ടില്ല. അതിനുശേഷം ഒരു പതിറ്റാണ്ട് പിന്നിടുമ്പോള്‍, 1979ല്‍ കേവലം 29 ദിവസം മാത്രം കേരളം ഭരിച്ച സിഎച്ച് സര്‍ക്കാര്‍ ഒരു പ്രധാന നിയമം പാസാക്കി, ഇഷ്ടദാനനിയമം. അത് വഴി ആര്‍ക്കെങ്കിലും മിച്ചഭൂമി അവശേഷിക്കുന്നു എങ്കില്‍ അതെല്ലാം വേണ്ടപ്പെട്ട ആര്‍ക്കും ഇഷ്ടദാനമായി നല്‍കാമെന്നായിരുന്നു ആ നിയമം. അതോടെ അവശേഷിക്കുന്ന മിച്ചഭൂമിയും ആവിയായിപ്പോയി. യഥാര്‍ഥത്തില്‍ മണ്ണില്‍ അദ്ധ്വാനിച്ചു കൃഷി ചെയ്യുന്നവര്‍ക്ക് ഒരു തുണ്ട് കൃഷിഭൂമി പോലും കിട്ടിയില്ല. അവര്‍ക്കു കുടികിടപ്പു കൊടുത്തതിനെ നാം വിപ്ലവമായി കണ്ടു. ആകെ സര്‍ക്കാര്‍ കണ്ടെത്തിയ മിച്ചഭൂമി കേവലം 90,000 ഏക്കര്‍. അതില്‍ തന്നെ വിതരണം നടത്തിയത് പാതിയോളം മാത്രം. അതില്‍ നല്ലൊരു പങ്കും കൃഷിയോഗ്യമല്ലാത്ത ഭൂമി. ബാക്കിയിലാണ് പത്തുസെന്റ് തുടങ്ങി അഞ്ച്, മൂന്ന്, രണ്ട്, മുക്കാല്‍ സെന്റ് വരെ കോളനികള്‍ ഉണ്ടായത്. ലക്ഷം വീടും ഇപ്പോള്‍ ഒരു തരി ഭൂമി പോലുമില്ലാത്ത ലൈഫും. അതും കിട്ടാത്തവര്‍ റോഡ്, തോട് പുറമ്പോക്കിലും മറ്റുമായി ജീവിച്ചു. (ഇവരെ നമ്മള്‍ കയ്യേറ്റക്കാരെ എന്നും വിളിക്കുന്നു). ഇവര്‍ക്ക് കൃഷിഭൂമിയില്‍ എന്തെങ്കിലും അവകാശം ഉണ്ടോ എന്ന വിഷയം ചര്‍ച്ച പോലും ചെയ്യാന്‍ മുഖ്യധാരാ കക്ഷികള്‍ തയ്യാറല്ല. അവരെ സംബന്ധിച്ചിടത്തോള ഭൂപരിഷ്‌കരണം അവസാനിച്ചു. ഇനി എല്ലാവര്‍ക്കും വീട് നല്‍കല്‍ മാത്രമാണ് ആവശ്യം.

ഇതിന്റെ ഫലമായാണ് മുമ്പ് ഭൂരഹിത കര്‍ഷകര്‍ എന്ന് കമ്യുണിസ്റ്റുകാര്‍ വിളിച്ചിരുന്ന ഇക്കൂട്ടരെ അവര്‍ കര്‍ഷകത്തൊഴിലാളികള്‍ എന്ന് വിളിച്ചത്. ഇവരുടെ കൂലിയും മറ്റുമായി പാര്‍ട്ടിയുടെ വിഷയങ്ങള്‍. മാര്‍ക്‌സിസ്റ്റ് പദാവലി അനുസരിച്ച് ഭൂരഹിതകര്‍ഷകന്‍ എന്നാല്‍ ഉത്പാദനോപാധികളില്‍ (ഭൂമി, യന്ത്രം മുതലായവയില്‍, മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ മൂലധനത്തില്‍) അവകാശമുള്ളവര്‍ എന്ന് അര്‍ഥം വരും. അവരെ കര്‍ഷകത്തൊഴിലാളി ആക്കുന്നതോടെ അവര്‍ക്കു ഉത്പാദനോപാധിയില്‍ അഥവാ കൃഷി ഭൂമിയില്‍ ഒരു അവകാശവും ഇല്ല എന്ന് വരുന്നു. മാര്‍ക്‌സിസ്റ്റ് പദാവലിയില്‍ തൊഴിലാളി എന്നാല്‍ ഉത്പാദനത്തിന്റെ ഉപാധികളില്‍ ഒരു അവകാശവും ഇല്ല എന്ന് വരുന്നു. ചുരുക്കത്തില്‍ ഈ പേര് മാറ്റം ഒരു ചെറിയ കൈത്തെറ്റല്ല മറിച്ചു അറിഞ്ഞുകൊണ്ടുള്ള ഒരു വഞ്ചന ആയിരുന്നു. ഇനി ഇവര്‍ ഭൂമിയില്‍ ഒരാവകാശവും ഇല്ലാത്തവര്‍ ആണ്. അപ്പോള്‍ മിച്ചഭൂമി പിടിച്ചെടുത്തു ഇക്കൂട്ടര്‍ക്ക് വിതരണം ചെയ്യുമെന്ന പഴയ പ്രഖ്യാപനമോ എന്ന് ചോദിച്ചേക്കാം. അതൊക്കെ മറന്നുപോയി.

രണ്ടാം ഭൂപരിഷ്‌കരണം അസാധ്യമോ?

ഇപ്പോള്‍ ഇതൊക്കെ പറഞ്ഞിട്ടെന്താ കാര്യം? മിച്ചഭൂമിയൊക്കെ പോയില്ലേ എന്ന് ചോദിച്ചേക്കാം. അന്ന് കണ്ട മിച്ച ഭൂമി ഇന്നില്ല. എന്നാല്‍ ഇതിനെ മറ്റൊരു രീതിയില്‍ കാണാം. അന്ന് ഒരു വ്യക്തിക്കും സ്ഥാപനത്തിനും കൈവശം വെക്കാവുന്ന ഭൂമിയുടെ പരിധിയില്‍ ഇളവ് കൊടുത്ത എസ്റ്റേറ്റുകള്‍ ഉണ്ടായിരുന്നു. വലിയ തോതിലുള്ള എസ്റ്റേറ്റുകള്‍ മാത്രമേ സാമ്പത്തികമായി നിലനില്‍ക്കൂ എന്ന മുതലാളിത്ത സിദ്ധാന്തം കമ്യുണിസ്റ്റുകാരും അംഗീകരിച്ചതിനാല്‍ അവയെ പരിധിനിയന്ത്രണത്തില്‍ നിന്നും ഒഴിവാക്കി കൊടുത്തു. (ട്രേഡ് യൂണിയ താല്പര്യങ്ങള്‍ ഇന്നെന്ന പോലെ അന്നും ഇവര്‍ക്കുണ്ടായിരുന്നു എന്നത് മറ്റൊരു വിഷയം.) എന്നാല്‍ അഞ്ചാറു പതിറ്റാണ്ടുകള്‍ പിന്നിട്ട ഇക്കാലത്തെ അനുഭവം എന്താണ്? ചായ അടക്കം മിക്ക എസ്റ്റേറ്റുകളും ഇന്ന് വലിയ പ്രതിസന്ധിയിലാണ്.

കേരളത്തില്‍ ഏറ്റവുമധികം ഉത്പാദിപ്പിക്കപ്പെടുന്ന റബ്ബറിന്റെ കാര്യമെടുത്താല്‍ എളുപ്പം മനസ്സിലാകും. റബ്ബറിന്റെ മുക്കാല്‍ പങ്കിലധികവും ഉത്പാദിപ്പിക്കുന്നത് വന്‍കിട തോട്ടങ്ങളില്‍ അല്ല രണ്ടേക്കറും അതില്‍ താഴെയുമുള്ള തുണ്ട് ഭൂമികളില്‍ ആണ്. വന്‍കിട തോട്ടങ്ങള്‍ പലതും പൂട്ടിപ്പോയി. തൊഴിലാളികള്‍ക്ക് കൂലി കൊടുക്കാന്‍ പോലും കഴിയുന്നില്ല. കേരളത്തിലെ ആദ്യ പട്ടിണി മരണം 1980 കളില്‍ നടന്നത് പൂട്ടിക്കിടന്ന എസ്റ്റേറ്റ് തൊഴിലാളികള്‍ക്കിടയിലാണ്. ഈ എസ്റ്റേറ്റുകള്‍ ഒന്നും ഇനി പഴയതു പോലെ നിലനില്‍ക്കും എന്ന് ആരും കരുതുന്നില്ല. പുതിയ മൂലധനാസൗഹൃദ രാഷ്ട്രീയ കാലത്തു ഈ ഭൂമികളില്‍ പലരും കണ്ണ് വച്ചിരിക്കുകയാണ്. പത്തു ശതമാനം ഭൂമി (പരമാവധി പത്തേക്കര്‍) വരെ ടൂറിസം പദ്ധതികള്‍ക്ക് നല്‍കാം എന്ന ഒരു നിയമ ഭേദഗതി കൊണ്ട് വന്നത് യുഡിഎഫ് ഭരണകാലത്തായിരുന്നു. അന്നതിനെ എല്‍ഡിഎഫ് എതിര്‍ത്തു എങ്കിലും പിന്നീട് ഭരണത്തില്‍ വന്നപ്പോള്‍ ആ നിയമമവര്‍ റദ്ദാക്കിയില്ല എന്ന് മാത്രമല്ല മറ്റു പല ആവശ്യങ്ങള്‍ക്കും ആ ഭൂമി കൈമാറാന്‍ അവര്‍ ശ്രമിക്കുകയും ചെയ്യുന്നു. അതില്‍ പ്രധാനപ്പെട്ട ഒന്ന് പാറ ഖനനം ആണ്. അതിവേഗം സമ്പന്നനാകാനും എല്ലാ രാഷ്ട്രീയ ഉദ്യോഗസ്ഥ സംവിധാനങ്ങളെയും വിലക്കെടുക്കാനും കഴിയുന്ന ഒന്നാണ് ഈ മേഖല. ഒട്ടേറെ സ്ഥലങ്ങളില്‍ എസ്റ്റേറ്റ് ഭൂമികളില്‍ ഖനനം നടത്താന്‍ ഉദ്യോഗസ്ഥര്‍ ഒത്താശ ചെയ്യുന്നു.

യഥാര്‍ത്ഥത്തില്‍ സ്വദേശി-വിദേശി ഉടമസ്ഥതകളില്‍ ഉള്ള എല്ലാ എസ്റ്റേറ്റുകളും സര്‍ക്കാര്‍ ഭൂമി പാട്ടത്തിനെടുത്തതാണ്. പാട്ടക്കാലാവധി പൂര്‍ത്തിയാകുകയോ പാട്ടക്കരാര്‍ ലംഘനം നടത്തുകയോ ചെയ്താല്‍ ആ ഭൂമി സര്‍ക്കാരിന് ഏറ്റെടുക്കാം. തന്നെയുമല്ല എസ്റ്റേറ്റ് അല്ലാത്ത ഒരാവശ്യത്തിനായി അത് ഉപയോഗിച്ചാല്‍ പിന്നെ ഭൂപരിധിയിലെ ഇളവ് ബാധകമല്ല. ഫലത്തില്‍ ആയിരക്കണക്കിന് ഏക്കര്‍ വരുന്ന അത്തരം ഒരു എസ്റ്റേറ്റില്‍ 15 ഏക്കറിനപ്പുറമുള്ള ഭൂമി മിച്ചഭൂമിയാണ്. മിച്ചഭൂമിയുടെ യഥാര്‍ത്ഥ അവകാശികള്‍ ഭൂരഹിത കര്‍ഷകര്‍ അഥവാ ഇന്നത്തെ കര്‍ഷക തൊഴിലാളികള്‍ ആണ്.

ചെങ്ങറ സമരത്തിന്റെ സത്യം

ഈ യാഥാര്‍ഥ്യം തുറന്നുകാട്ടിക്കൊണ്ടാണ് ചെങ്ങറയില്‍ ഹാരിസണിന്റെ എസ്റ്റേറ്റില്‍ ഭൂരഹിതര്‍ കയ്യേറി കുടില്‍ കെട്ടിയത്. കമ്യുണിസ്റ്റ് പാര്‍ട്ടി തന്നെ ഉയര്‍ത്തിയ മുദ്രാവാക്യവും നിലപാടും അനുസരിച്ചു ആ ഭൂമിയില്‍ അവര്‍ക്ക് അവകാശമുണ്ട്. എന്നാല്‍ അത് അംഗീകരിക്കാന്‍ ഒരു തരത്തിലും തയ്യാറല്ല എന്നതിനാലാണ് പട്ടിണികിടക്കുന്ന തൊഴിലാളികളെ രംഗത്തിറക്കി ഹാരിസണിനു വേണ്ടി എല്ലാ കക്ഷികളും ചേര്‍ന്ന് അവിടെ ഉപരോധം ഏര്‍പ്പെടുത്തിയത്. ചെങ്ങറ സമരക്കാരുമായുള്ള ചര്‍ച്ചയില്‍ ളാഹ ഗോപാലന്‍ ഉന്നയിച്ച ഒരു പ്രധാന ആവശ്യം കേരളത്തില്‍ ഇങ്ങനെ പാട്ടഭൂമിയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ എസ്റ്റേറ്റുകളും ഒന്ന് അളക്കണം എന്നതായിരുന്നു. മിക്കയിടത്തും പാട്ടക്കരാറില്‍ ഉള്ളതിനേക്കാള്‍ വളരെ കൂടുതല്‍ ഭൂമി അവര്‍ കൈവശം വച്ചിട്ടുണ്ട്. അവരുടെ കയ്യിലുള്ള ഭൂമിയില്‍ വലിയൊരു പങ്കും ഒരു കൃഷിയും ചെയ്യാറില്ല. തൊഴിലാളികള്‍ക്ക് കൂലി പോലും നല്‍കാറില്ല. വിഎസ് സര്‍ക്കാര്‍ ഈ ആവശ്യം തത്വത്തില്‍ അംഗീകരിച്ചു. പക്ഷെ പിറ്റേന് തന്നെ സംയുക്ത യുനിയന്‍കാര്‍ ഇതിനെതിരെ ശക്തമായി പ്രതികരിച്ചു. ഒരു എസ്റ്റേറ്റും അളക്കാന്‍ തങ്ങള്‍ അനുവദിക്കില്ലെന്നു പ്രഖ്യാപിച്ചു കൊണ്ട് അവര്‍ ഉപരോധം നടത്തി. ഹാരിസന്റെ ഭൂമി അളക്കുന്നതിനെ എന്തിനാണ് യൂണിയനുകള്‍ എതിര്‍ക്കുന്നത് എന്ന ചോദ്യം മാത്രം മതി അവരുടെ തട്ടിപ്പു മനസ്സിലാക്കാന്‍.

അതിലൊന്നാണ് കോട്ടയം ജില്ലയിലെ ചെറുവള്ളി എസ്റ്റേറ്റ്. ഈ എസ്റ്റേറ്റ് ഹാരിസന്റേത് ആയിരുന്നു. സര്‍ക്കാര്‍ നല്‍കിയ പാട്ടഭൂമിയിലാണ് അത്. ആ കരാറിന്റെ കാലാവധി തീര്‍ന്നു. എന്നാല്‍ അത് വിട്ടുകൊടുക്കാന്‍ ഹാരിസണ്‍ തയ്യാറായില്ല എന്ന് മാത്രമല്ല നിരവധി കള്ളരേഖകള്‍ ഉണ്ടാക്കി ഹാരിസന്റെ എസ്റ്റേറ്റുകള്‍ സംരക്ഷിക്കാന്‍ അവര്‍ ശ്രമിച്ചു. യുഡിഎഫ് മന്ത്രിസഭക്കാലത്തു ഈ ഭൂമി തിരിച്ചുപിടിക്കാന്‍ ഒരു ശ്രമം നടത്തി. ഒരു പരിധി വരെ കോടതിയും അത് അംഗീകരിച്ചു. ഈ കേസില്‍ സ്‌പെഷ്യല്‍ പ്ലീഡര്‍ ആയിരുന്ന അഡ്വ സുശീല ഭട്ടിനെ മാറ്റാന്‍ ഇടപെടല്‍ നടന്നു. പക്ഷെ അതിനെതിരെ യുഡിഎഫിനകത്തു നിന്ന് തന്നെ ശക്തമായ എതിര്‍പ്പുണ്ടായി. തീരുമാനം മാറ്റി. എന്നാല്‍ ഇടതുപക്ഷം അധികാരത്തില്‍ എത്തിയതോടെ അവരെ ദൂരെ കളഞ്ഞു. പകരം അവര്‍ നിയോഗിച്ച വക്കീലാകട്ടെ ഏറെക്കാലം ഹാരിസണിനു വേണ്ടി കോടതിയില്‍ ഹാജരായ വ്യക്തി ആയിരുന്നു. പിന്നെ പറയേണ്ടതില്ലല്ലോ. ആ കേസിലെല്ലാം സര്‍ക്കാര്‍ ദയനീയമായി തോറ്റു. ഹാരിസണ്‍ അത് യോഹന്നാന്റെ ഒരു പൗരോഹിത്യസ്ഥാപനത്തിനു വിറ്റു. അത് ശബരിമലക്കായുള്ള വിമാനത്താവളത്തിന് യോജിച്ച സ്ഥലമാണെന്ന് സര്‍ക്കാര്‍ കണ്ടെത്തുന്നു. ഹാരിസണ്‍ ഭൂമി വിറ്റത് ശരിയല്ല എന്ന് കോടതിയില്‍ സര്‍ക്കാരിന്റെ കേസ് നിലനില്‍ക്കുന്നു. ആ ഘട്ടത്തില്‍ വില നല്‍കി ആ ഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നു. സ്വന്തം ഭൂമി വില കൊടുത്തു വാങ്ങുന്ന സര്‍ക്കാര്‍.

ഭൂമി, ജാതി, അധികാരം

ഇന്ത്യയിലും കേരളത്തില്‍ വിശേഷിച്ചും ഭൂമിയുടെ മേലുള്ള അധികാരം സാമൂഹ്യ പദവിയുമായി ബന്ധപ്പെട്ടതായിരുന്നു. ബ്രാഹ്‌മണ്യ വ്യവസ്ഥയില്‍ ജാതിയാണല്ലോ സാമൂഹ്യപദവി നിശ്ചയിക്കുന്നത്. കേരളത്തിലെ ഭൂമിയുടെ മേല്‍ അവകാശം ഉണ്ടായിരുന്നത് ബ്രാഹ്‌മണര്‍ക്കും ക്ഷേത്രങ്ങള്‍ക്കും പിന്നെ പണ്ടാരവക എന്ന പേരില്‍ സര്‍ക്കാരിനും. ഇതിന്റെ ഭാഗമായാണ് ഇവിടെ ജന്മിത്ത വ്യവസ്ഥ രൂപം കൊണ്ടതും. സാമൂഹ്യ നവോത്ഥാനത്തിന്റെ ഭാഗമായി ഉയർന്നുവന്ന വിഭാഗങ്ങള്‍ രാഷ്ട്രീയ ശേഷി കൈവരിച്ചതിന്റെ കൂടി ഫലമായിരുന്നു കേരളത്തിലെ ഇടതുപക്ഷമുന്നേറ്റവും മറ്റും. എന്നാല്‍ ഭൂപരിഷ്‌കരണം വന്നപ്പോള്‍ അതില്‍ കേവലം കുടികിടപ്പു മാത്രം ലഭിച്ച ഭൂരഹിത കര്‍ഷകന്‍ എന്ന് മുമ്പും കര്‍ഷക തൊഴിലാളി എന്ന് ഇപ്പോഴും വിളിക്കുന്ന വിഭാഗം അടിസ്ഥാനപരമായി മണ്ണില്‍ നേരിട്ട് അദ്ധ്വാനിച്ചിരുന്ന ദളിതര്‍ ആയിരുന്നു. നവോത്ഥാനത്തിലൂടെ ഒരു സമുദായ രൂപീകരണം സാധ്യമായവരുടെ രാഷ്ട്രീയ മേല്‍ക്കൈ അവര്‍ക്കു ഭൂപരിഷ്‌കരണത്തിലൂടെ ഭൂമിക്കു മേല്‍ അവകാശം നേടി. എന്നാല്‍ ദളിത വിഭാഗങ്ങള്‍ക്ക് അതിനു ശേഷി ഉണ്ടായില്ല. രാഷ്ട്രീയകക്ഷികളുടെ നയരൂപീകരണത്തില്‍ അന്നെന്നല്ല ഇന്നും അവരുടെ പങ്കാളിത്തം നാമമാത്രം പോലുമില്ല. ഭൂപരിഷ്‌കരണം കഴിഞ്ഞ അഞ്ചു പതിറ്റാണ്ടില്‍ ഇന്നാട്ടിലുണ്ടാക്കിയ മാറ്റങ്ങള്‍ വിലയിരുത്തിയാല്‍ ഇതിന്റെ യാഥാര്‍ഥ്യം ബോധ്യപ്പെടും.

ഇന്നത്തെ കേരളത്തില്‍ കൃഷിഭൂമിയുടെ ഉടമസ്ഥത ജാതിയുടെ അടിസ്ഥാനത്തില്‍ പരിശോധിച്ചാല്‍ ജനസംഖ്യയുടെ 10 ശതമാനത്തോളം വരുന്ന ദളിതരുടെ കൈവശം ഉള്ളത് പൂജ്യത്തോടടുത്ത ശതമാനം മാത്രമാണെന്ന് കാണാം. ഇത് കേവലം കൃഷിയുടെ കാര്യം മാത്രമല്ല. മുതലാളിത്തവ്യസ്ഥിതിയില്‍ ഏറ്റവും പ്രധാനം മൂലധനമാണ്.. ജന്മിത്തവ്യവസ്ഥയില്‍ നിന്നും മാറുന്ന ഒരു സമൂഹത്തില്‍ ധനമൂലധനം സ്വരൂപിക്കുക എളുപ്പമല്ല. അവിടെ പ്രധാന മൂലധമാകുന്നത് ഭൂമിയാണ്. കഴിഞ്ഞ അഞ്ചു പതിറ്റാണ്ടുകള്‍ക്കിടയില്‍ കേരളത്തില്‍ അതിവേഗം വികസിച്ച വിദ്യാഭ്യാസം, ആരോഗ്യം , വ്യാപാരം, വിനോദം, മാധ്യമം തുടങ്ങിയ ഏതെങ്കിലും ഒരു മേഖലയില്‍ മേല്‍പറഞ്ഞ പത്ത് ശതമാനം വരുന്ന ദളിത് വിഭാഗങ്ങള്‍ക്ക് തങ്ങളുടെ സാന്നിധ്യം തെളിയിക്കാന്‍ കഴിയാത്തതെന്തുകൊണ്ട്? അവരെക്കാള്‍ എന്നതില്‍ നൂറിലൊന്നു പോലുമിലാത്ത സവര്‍ണ്ണ വിഭാഗങ്ങള്‍ക്ക് ഈ മേഖലകളില്‍ ഉള്ള മേല്‍ക്കൈ നമുക്ക് വ്യക്തമാണ്. എത്ര വിദ്യാഭ്യാസ ആരോഗ്യ സ്ഥാപനങ്ങള്‍, വിനോദ മാധ്യമ സ്ഥാപനങ്ങള്‍ അവര്‍ കയ്യടക്കിയിരിക്കുന്നു. ഇതിനുള്ള ഒരേയൊരു കാരണം ഭൂമിയില്‍ ഇവര്‍ക്ക് കാര്യമായ അധികാരം ഉണ്ടെന്നുള്ളതാണ്. ദളിത് വിഭാഗങ്ങള്‍ക്ക് അതില്ല. ഒറ്റ ഉദാഹരണം പറയാം. സര്‍ക്കാര്‍ ഒരു സ്വകാര്യ വിദ്യാലയമോ കലാലയമോ ഒരു സമുദായ സംഘടനക്ക് നല്‍കിയാല്‍ അത് സ്ഥാപിക്കണമെങ്കില്‍ ആദ്യമായി ഭൂമി വേണം. പിന്നെ മുടക്കാന്‍ പണവും. ഭൂമി ഉണ്ടെങ്കില്‍ വായ്പയെടുത്തെങ്കിലും പണം ഉണ്ടാക്കാം. പക്ഷെ ഭൂമി ഇല്ലെങ്കില്‍ അത് നടക്കില്ല. കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ചയില്‍ നിര്‍ണ്ണായക പങ്കുവഹിച്ച ഗള്‍ഫ് കുടിയേറ്റത്തില്‍ ദളിതര്‍ എത്രയുണ്ട് എന്ന പഠനം നല്‍കുന്ന ചിത്രം ദയനീയമാണ്. എന്തിനേറെ, കേസില്‍ പിടിക്കപ്പെട്ടു ജാമ്യം ലഭിച്ചാല്‍ തന്നെ നികുതിയടച്ച രശീതി ഹാജരാക്കി ആളെ ഇറക്കി കൊണ്ട് വരുന്ന കാര്യത്തില്‍ പോലും ദളിത് വിഭാഗക്കാര്‍ ഏറെ കഷ്ടപ്പെടുന്നുണ്ട്. ഭരണഘടനാ വാഗ്ദാനം ചെയ്തിട്ടുള്ള സംവരണത്തിന്റെ ആനുകൂല്യം കൊണ്ട് കുറച്ചു വിദ്യാഭ്യാസവും ചില തൊഴിലുകളും നേടി എന്നതൊഴിച്ചാല്‍ സമൂഹത്തിലെ സാമ്പത്തിക വ്യവഹാരങ്ങളില്‍ ഇവര്‍ക്കിന്നും കാര്യമായ പങ്കില്ലാത്തതിനുള്ള കാരണം ഭൂപരിഷ്‌കരണത്തില്‍ സംഭവിച്ച അസമത്വമാണ്.

രോഹിത് വെമുല പറഞ്ഞിട്ടുള്ളത് പോലെ സ്‌റ്റൈപ്പന്റ് വൈകിയാല്‍ ഒരു ദളിത് വിദ്യാര്‍ഥിയുടെയും സവര്‍ണ വിദ്യാര്‍ഥിയുടെയും അവസ്ഥ ഒന്നല്ല എന്ന് വരുന്നതും ഇത് കൊണ്ടാണ്. അവര്‍ക്കു സ്വന്തം വീടുകളില്‍ മൂലധനത്തിന്റെ പിന്‍ബലമില്ല. പക്ഷെ പലപ്പോഴും ഇത് ദളിത് വിഭാഗത്തില്‍ പെട്ടവരുടെ ദൗര്‍ബല്യമായി വ്യാഖ്യാനിക്കപ്പെടുന്നു എന്നതാണ് വെമുലയെ വേദനിപ്പിച്ച പ്രധാനവിഷയം. എതിര് എന്ന ആത്മകഥയിലെ ഡോക്ടര്‍ കുഞ്ഞാമന്‍ സൂചിപ്പിക്കാന്‍ ശ്രമിക്കുന്നതും ഇതാണ്. ഈ സത്യം ബോധ്യപ്പെട്ട ജനതയാണ് ചെങ്ങറയിലും അരിപ്പയിലും തൊവരിമലയിലും മറ്റും ഭൂസമരങ്ങള്‍ നടത്തിയത്. ഈ സമരങ്ങളെ ഇടതുപക്ഷമടക്കം നേരിട്ട രീതി ശ്രദ്ധിക്കുക. അവിടെ സമരം ചെയ്യുന്ന ചിലര്‍ക്കെല്ലാം അഞ്ചും നാലും സെന്റ് ഭൂമിയും വീടും നാട്ടില്‍ ഉണ്ടെന്നാണവര്‍ പ്രചരിപ്പിച്ചതു. അവര്‍ സമരം ചെയ്യുന്നത് കൃഷിഭൂമിക്കു വേണ്ടിയാണ് എന്ന സത്യം അവര്‍ അംഗീകരിക്കുന്നില്ല. ഇക്കൂട്ടര്‍ക്ക് കൃഷിഭൂമിയില്‍ അവകാശമില്ല എന്ന് പ്രഖ്യാപിക്കുക യായിരുന്നു അവര്‍. മറുവശത്ത് ആയിരക്കണക്കിനേക്കര്‍ ഭൂമിജനങ്ങളില്‍ നിന്നും ബലപ്രയോഗത്തിലൂടെ ഏറ്റെടുത്ത് വന്‍കിട കോര്‍പ്പറേറ്റുകള്‍ക്ക് നല്‍കി വികസനം കൊണ്ട് വരാന്‍ ഇവരെല്ലാം ഉത്സാഹിക്കുന്നു. ആദിവാസികളുടെ അവസ്ഥ കൂടുതല്‍ ഗുരുതരമാണ്. അവര്‍ക്കു ഭൂമിക്കു മേലുള്ള അവകാശത്തിനു നിയമപരിരക്ഷ ഉണ്ടായിട്ടും ആ ഭൂമി തട്ടിയെടുക്കപ്പെടുന്നു. കേരള വികസന മാതൃകയും കേരളത്തിലെ ആദിവാസികളും തമ്മില്‍ എന്തെങ്കിലും ബന്ധം ഉണ്ടെന്നു ആര്‍ക്കും പറയാന്‍ കഴിയില്ല.

പാരിസ്ഥിതികം

ഭൂപരിഷ്‌കരണത്തിലെ മേല്‍ പറഞ്ഞ ദൗബല്യത്തിന്റെ ഫലം കൂടിയാണ് ഇന്ന് കേരളം നേരിടുന്ന പാരിസ്ഥതികപ്രതിസന്ധികള്‍ക്കുള്ള ഒരു പ്രധാന കാരണവും. എസ്റ്റേറ്റുകള്‍ ഒന്നിച്ചു നിന്നാല്‍ മാത്രമേ സാമ്പത്തികമായി സുസ്ഥിരമാകൂ എന്ന വാദം പൊളിഞ്ഞതു നമ്മള്‍ കണ്ടല്ലോ. എന്നാല്‍ ഇന്ന് തിരിഞ്ഞുനോക്കുമ്പോള്‍ നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും ഒരുമിച്ചു നിലനിന്നാല്‍ മാത്രമേ പാരിസ്ഥതിക സുസ്ഥിരത സാധ്യമാകൂ എന്നുകാണാം. കേരളത്തിലെ നെല്‍വയലുകള്‍ നികത്തപ്പെടാനുള്ള പ്രധാന കാരണം എന്തായിരുന്നു? കേവലം ജനസംഖ്യാവര്‍ധന എന്ന് മാത്രം പറഞ്ഞു രക്ഷപ്പെടാന്‍ കഴിയില്ല. ഭൂപരിഷ്‌കരണം വഴി തുണ്ടെങ്കിലും കൃഷിഭൂമി ലഭിച്ചവരില്‍ നല്ലൊരു പങ്കും കൃഷി പ്രധാന വരുമാനമായുള്ളവര്‍ ആയിരുന്നില്ല. കേരളത്തിലെ വിദ്യാഭ്യാസമേഖലയില്‍ ഉണ്ടായ മുന്നേറ്റം മൂലം അവരില്‍ നല്ലൊരു പങ്കും അമിട്ട് തൊഴില്‍ മേഖലകളില്‍ പിടിമുറുക്കിയിരുന്നു. സ്വന്തം ഭൂമിയില്‍ അധ്വാനിക്കാന്‍ അവരില്‍ മഹാഭൂരിപക്ഷവും തയ്യാറായിരുന്നില്ല. കേരളത്തിലെ പൊതുസാമൂഹ്യ വളര്‍ച്ചയും ഗള്‍ഫ് കുടിയേറ്റവുമെല്ലാം മൂലം കൂലി നിരക്ക് ഉയര്‍ന്നു. അധ്വാനം വിലകൊടുത്തു വാങ്ങി നെല്‍കൃഷി നടത്തുന്നത് സാമ്പത്തികമായി നഷ്ടക്കച്ചവടമായി. ഇതിനു സമാന്തരമായാണ് ഗള്‍ഫ് പണവും റബ്ബര്‍ പോലുള്ള നാണ്യവിളകള്‍ വഴിയും വന്ന പണവും ഭൂമിക്കുമേല്‍ കടുത്ത സമ്മര്‍ദ്ദം സൃഷ്ടിച്ചത്. ഈ അവസ്ഥയില്‍ ഭൂവുടമകളെ സംബന്ധിച്ചിടത്തോളം കൃഷിഭൂമി മറ്റാവശ്യങ്ങള്‍ക്ക് നല്‍കുന്നതാണ് ഏറെ ലാഭകരം എന്ന് വന്നു. ആ ഭൂമിയുടെ പാരിസ്ഥിതിക മൂല്യമൊന്നും നമുക്കന്നു മനസ്സിലായില്ല. നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും വ്യാപകമായി നികത്തപ്പെട്ടു. അതിന്റെ ഫലമായിരുന്നു നമ്മള്‍ അനുഭവിച്ച ഇടനാട്ടിലെ പ്രളയ ദുരന്തം.

ഇന്ന് ഭൂമി ഒരു സാധാരണ മനുഷ്യനു കിട്ടാക്കനിയാണ്. കേരളത്തിലെ ഭൂമിവില എല്ലാ യുക്തികള്‍ക്കും അപ്പുറമാണ്. ഊഹക്കമ്പോളത്തിലെ വ്യാപാരച്ചരക്കാണിത്. ഭൂമിയുടെ ഉപയോഗമൂല്യമൊന്നും അല്ല മറിച്ച് അതിന്റെ പുനര്‍വില്പനാമൂല്യമാണ് വില നിര്‍ണയിക്കുന്നത്. ഇതിന്റെ ഫലമായി ഭൂമി എന്ന പാരിസ്ഥതിക വ്യവസ്ഥയുടെ എല്ലാ മൂല്യങ്ങളും അവഗണിക്കപ്പെടുന്നു. മാലയും കുന്നും വനവും പുഴയും നദീതടങ്ങളും കായലും കണ്ടാലും വയലും തീരാവുമെല്ലാം വെറും ഭൂമി എന്ന ചരക്കു മാത്രമാകുന്നു. കേരളത്തിന്റെ മറുവല്‍ക്കരണത്തിലേക്ക് ഇത് നയിക്കാം. ഒപ്പം കാലാവസ്ഥാമാറ്റം എന്ന പ്രതിസന്ധി എങ്ങനെ മറികടക്കാന്‍ നമുക്ക് എങ്ങനെ സാധിക്കും എന്നതും വിഷയമാണ്. കാലാവസ്ഥാ പ്രതിസന്ധി മറികടക്കാനെങ്കിലും ഒരു രണ്ടാം ഭൂപരിഷ്‌കരണം നടക്കേണ്ടതുണ്ട്. അതില്‍ ഭൂമിയുടെ ഉടമസ്ഥതക്കൊപ്പം വിനിയോഗത്തിനു മേലും പരിധി ആവശ്യമായി വരും.

Content Highlights: kerala land reform amendment bill, Kerala land reform act, CR Neelakandan writes


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022


brazil vs cameroon

2 min

ടിറ്റെയുടെ പരീക്ഷണം പാളി, ബ്രസീലിനെ അട്ടിമറിച്ച് കാമറൂണ്‍

Dec 3, 2022

Most Commented