മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്കല്ല നടപ്പാക്കിയ കോണ്‍ഗ്രസിനും സി.പി.ഐ.ക്കുമാണ് രാഷ്ട്രീയനേട്ടം ഉണ്ടായത്


അഡ്വ.എ.ജയശങ്കര്‍

ഭൂപരിഷ്‌കരണ ഭേദഗതി ബില്‍ അസംബ്ലിയില്‍ പാസ്സാക്കിയതിന്റെ അമ്പതാം വാര്‍ഷികത്തിന്റെ പശ്ചാത്തലത്തില്‍ ഭൂപരിഷ്‌കരണ നയം കേരളത്തിലുണ്ടാക്കിയ മാറ്റങ്ങളെ കുറിച്ച് എഴുതുകയാണ് ലേഖകന്‍

in depth

അഡ്വ.എ.ജയശങ്കർ (Photo: ബി.മുരളീകൃഷ്ണൻ)

തിരുവിതാംകൂറിലും കൊച്ചിയിലും രാജവാഴ്ചയും മലബാറില്‍ ബ്രിട്ടീഷ് ഭരണവും നിലനിന്ന കാലത്തു സംസ്ഥാനത്തെ കൃഷിയിടങ്ങളെല്ലാം ജന്മിമാരുടെ ഉടമസ്ഥതയിലും കര്‍ഷകരുടെ കൈവശത്തിലും ആയിരുന്നു. പാട്ടക്കാര്‍ക്കും കുടിയാന്മാര്‍ക്കും ഇളവുകള്‍ നല്‍കുന്ന നിയമനിര്‍മാണങ്ങള്‍ പത്തൊന്‍മ്പതാം നൂറ്റാണ്ടില്‍ തന്നെ തുടങ്ങിവെച്ചിരുന്നു. 1829 ലാണ് തിരുവിതാംകൂറിലെ ആദ്യത്തെ ഭൂനിയമനിര്‍മാണം. കൊച്ചിയില്‍ 1863 ലും മലബാറില്‍ 1887 ലും. കാലാന്തരത്തില്‍ പാട്ടക്കരാര്‍ കാരണം വസ്തുക്കളുടെ ഉടമസ്ഥരും ഇടത്തരം ജന്മിമാരായി. അവര്‍ വര്‍ഷാവര്‍ഷം ജന്മിക്കരം മാത്രം കൊടുത്താല്‍ മതിയായിരുന്നു. വെറും പാട്ടക്കാര്‍ക്കോ കുടിയാന്മാര്‍ക്കോ ഈ ആനുകൂല്യം ലഭിച്ചിരുന്നില്ല.

1931 ല്‍ കറാച്ചിയില്‍ നടന്ന അഖിലേന്ത്യാ കോണ്‍ഗ്രസ് സമ്മേളനം 'കൃഷിഭൂമി കര്‍ഷകന്' എന്ന മുദ്രാവാക്യം ഉയര്‍ത്തി. 1936 ല്‍ കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ ആഭിമുഖ്യത്തില്‍ അഖിലേന്ത്യാ കിസാന്‍ സംഘം രൂപീകൃതമായി. അടുത്തവര്‍ഷം മലബാറില്‍ അതിന്റെ ഘടകം പ്രവര്‍ത്തനമാരംഭിച്ചു. 1940 ല്‍ കൊച്ചിയിലും 1943 ല്‍ തിരുവിതാംകൂറിലും കര്‍ഷകസംഘം പ്രവര്‍ത്തനമാരംഭിച്ചു. സോഷ്യലിസ്റ്റുകാരില്‍ നിന്ന് നേതൃത്വം ക്രമേണ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കയ്യടക്കി.

സ്വാതന്ത്രപ്രാപ്തിക്കു ശേഷവും സ്ഥിതി മെച്ചപ്പെട്ടില്ല. 1951 ലും 1954 ലും മലബാര്‍ കുടിയായ്മ ആക്ട് ഭേദഗതി ചെയ്യപ്പെട്ടുവെങ്കിലും കാതലായ മാറ്റമൊന്നും ഉണ്ടായില്ല. 1954 ല്‍ പട്ടം മന്ത്രിസഭയില്‍ റവന്യൂ മന്ത്രിയായിരുന്ന പി.എസ്.നടരാജപിള്ള ആറു ബില്ലുകള്‍ തിരു-കൊച്ചി നിയമസഭയില്‍ അവതരിപ്പിച്ചു. ഇരുപ്പുനിലമാണെങ്കില്‍ പതിനഞ്ചേക്കറും ഒരുപ്പൂ നിലമോ പുരയിടമോ ആണെങ്കില്‍ മുപ്പതേക്കറും കൈവശഭൂമിക്ക് പരിധി നിശ്ചയിച്ചു. മിച്ചമുള്ള ഭൂമി കൈവശക്കാരന് ആറുമാസത്തിനകം മറ്റാര്‍ക്കെങ്കിലും പാട്ടത്തിന് നല്കണമെന്നും വ്യവസ്ഥ ചെയ്തു. ബില്ലുകളില്‍ ഒന്നെങ്കിലും പാസാകും മുന്‍പ് മന്ത്രിസഭ രാജിവെയ്ക്കേണ്ടി വന്നു. ഭൂപരിഷ്‌ക്കരണം കടലാസില്‍ ഒതുങ്ങി. അതോടെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ഊര്‍ജിതമായി. നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി, നമ്മളൊന്ന്, ജ്ജ് നല്ലൊരു മനുസനാവാന്‍ നോക്ക് മുതലായ നാടകങ്ങള്‍ കര്‍ഷകരെ ആവേശം കൊള്ളിച്ചു.

കുടികിടപ്പുകാരന്റെ താത്പര്യങ്ങള്‍ സംരക്ഷിക്കും, കൈവശഭൂമിക്ക് പരിധി നിശ്ചയിക്കും, മിച്ചഭൂമി ഭൂരഹിതര്‍ക്ക് പതിച്ചുകൊടുക്കും, പാട്ടം നിജപ്പെടുത്തും എന്നൊക്കെ 1957 ലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രകടനപത്രിക ഉറപ്പുനല്‍കി. നേരിയ ഭൂരിപക്ഷത്തോടെയാണെങ്കിലും പാര്‍ട്ടി അധികാരത്തിലേറിയതോടെ ഭൂപരിഷ്‌കരണം ആസന്നമായി. 1957 ഏപ്രില്‍ അഞ്ചിനു ഇ.എം.എസ് മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്തു. ഏപ്രില്‍ 11നു കുടിയിറക്ക് തടയുന്ന ഓര്‍ഡിനന്‍സ് പുറത്തുവന്നു. നിയമസഭയുടെ ആദ്യസമ്മേളനത്തില്‍ തന്നെ അത് ബില്ലായി അവതരിപ്പിച്ചു പാസാക്കി.

1957 ഡിസംബര്‍ 15നു കാര്‍ഷികബന്ധബില്‍ പ്രസിദ്ധപ്പെടുത്തി. കൈവശഭൂമിക്ക് പരിധി നിശ്ചയിക്കുകയും മിച്ചഭൂമി ഭൂരഹിതര്‍ക്ക് പതിച്ചുകൊടുക്കുകയുമായിരുന്നു ഉദ്ദേശ്യലക്ഷ്യം. കാര്‍ഷികബന്ധ ബില്ലിനെതിരെ നായര്‍ സര്‍വീസ് സൊസൈറ്റിയും കാത്തോലിക്ക കോണ്‍ഗ്രസും വാളെടുത്തു. രാഷ്ട്രീയ കാരണങ്ങളാല്‍ കോണ്‍ഗ്രസും മുസ്ലിം ലീഗും എതിര്‍ത്തു. സോഷ്യലിസ്റ്റ് പാര്‍ട്ടികള്‍ പോലും അനുകൂലിച്ചില്ല. വിശദമായ ചര്‍ച്ചയ്ക്ക് ശേഷം 1959 ജൂണ്‍ 11നു ബില്ല് പാസായി. പിറ്റേദിവസം കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്റെ പതനത്തിലേക്ക് നയിച്ച വിമോചനസമരം ആരംഭിച്ചു. ജൂലായ് 31 നു മന്ത്രിസഭ പിരിച്ചുവിട്ട് രാഷ്ട്രപതി വിളംബരം പുറപ്പെടുവിച്ചു.

കാര്‍ഷികബന്ധബില്‍ അന്നത്തെ ഗവര്‍ണര്‍ രാഷ്ട്രപതിയുടെ പരിഗണനയ്ക്കയച്ചു. 1960 ജൂലായ് 27 നു രാഷ്ട്രപതി ഏതാനും ഭേദഗതി നിര്‍ദേശങ്ങളോടെ മടക്കിയയച്ചു. അപ്പോഴേക്കും സംസ്ഥാനത്തു ഭരണമാറ്റം സംഭവിച്ചിരുന്നു - പട്ടം നയിച്ച പി.എസ്.പി - കോണ്‍ഗ്രസ് ലീഗ് മുന്നണി ആയിരുന്നു അധികാരത്തില്‍. നിര്‍ദിഷ്ട ഭേദഗതികളോടെ ഒക്ടോബര്‍ 13 നു ബില്ല് വീണ്ടും പാസാക്കി. 1961 ജനുവരി 21 നു രാഷ്ട്രപതി ഒപ്പിട്ടു നിയമമായി. അതിനുപിന്നാലെ ജന്മിമാര്‍ കോടതിയെ സമീപിച്ചു. 1962 നവംബര്‍ അഞ്ചാം തീയതി കേരള ഹൈക്കോടതി ഫുള്‍ ബെഞ്ച് കാര്‍ഷികബന്ധ നിയമത്തിലെ പ്രസക്തമായ പല വ്യവസ്ഥകളും റദ്ദാക്കി. അതോടെ ഭൂപരിഷ്‌കരണം തന്നെ ജലരേഖയായി.

അതിനിടെ പട്ടം താണുപിള്ള ഗവര്‍ണറായി പഞ്ചാബിലേക്ക് പോവുകയും പി.എസ്.പിയും ലീഗും ഭരണമുന്നണി വിടുകയും ചെയ്തിരുന്നു. ആര്‍.ശങ്കര്‍ മുഖ്യമന്ത്രി, പി.ടി.ചാക്കോ റവന്യുമന്ത്രി. കമ്മ്യൂണിസ്റ്റുകാരെയോ സോഷ്യലിസ്റ്റുകളെയോ തൃപ്തിപ്പെടുത്തേണ്ട ബാധ്യത ഉണ്ടായിരുന്നില്ല. എന്‍.എസ്.എസിനെയും ക്രിസ്തീയ സഭകളെയും വെറുപ്പിക്കാനും കഴിയുമായിരുന്നില്ല. അതുകൊണ്ടുതന്നെ കാര്‍ഷികബന്ധ നിയമത്തില്‍ ധാരാളം വെള്ളം ചേര്‍ത്ത് 1963 ല്‍ കേരള ഭൂപരിഷ്‌ക്കരണ നിയമം പാസാക്കി.

1967 ല്‍ സപ്തകക്ഷി മന്ത്രിസഭ കനത്ത ഭൂരിപക്ഷത്തോടെ അധികാരത്തിലേറി. ഇ.എം.എസ് വീണ്ടും മുഖ്യമന്ത്രിയായി; ഗൗരിയമ്മ വീണ്ടും റവന്യുമന്ത്രിയായി. അതോടെ ഭൂപരിഷ്‌കരണ നിയമത്തില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ അനിവാര്യമായി. കുടിയൊഴിപ്പിക്കല്‍ തടയുന്ന ഓര്‍ഡിനന്‍സ് 1967 മെയ് 20 നു പുറപ്പെടുവിച്ചു. തുടര്‍ന്ന് ഭൂപരിഷ്‌കരണ നിയമം സമൂലം ഭേദഗതി ചെയ്യുന്ന ബില്ല് അവതരിപ്പിച്ച് പാസാക്കി. പക്ഷേ, അത് നടപ്പാക്കാന്‍ നമ്പൂതിരിപ്പാടിനോ ഗൗരിയമ്മയ്ക്കോ ഭാഗ്യമുണ്ടായില്ല. ഭൂപരിഷ്‌കരണ ഭേദഗതി ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിക്കുന്നതിന് തൊട്ടുമുന്‍പ് 1969 ഒക്ടോബര്‍ 24 നു മന്ത്രിസഭ രാജിവെച്ചു. പിന്നാലെ വന്ന അച്യുതമേനോന്‍ സര്‍ക്കാരാണ് നിയമം നടപ്പാക്കിയത്. കെ.ടി.ജേക്കബ് ആയിരുന്നു റവന്യുമന്ത്രി.

1970 ജനുവരി ഒന്നിന് നിയമം നടപ്പായി, ജന്മിത്വം അവസാനിച്ചു. അതോടെ പാട്ടക്കാരും കുടിയാന്മാരും ഭൂമിയുടെ ഉടമസ്ഥരായി. പഴയ ജന്മിമാര്‍ക്ക് നാമമാത്ര നഷ്ടപരിഹാരത്തിനേ അര്‍ഹതയുണ്ടായിരുന്നുള്ളു. പലര്‍ക്കും അതുപോലും കിട്ടിയില്ല. കൃഷിഭൂമി കര്‍ഷകന് ലഭിച്ചപ്പോള്‍ കര്‍ഷക തൊഴിലാളിക്ക് ഗ്രാമങ്ങളില്‍ പത്തുസെന്റും പട്ടണങ്ങളില്‍ അഞ്ചുസെന്റും കുടികിടപ്പ് അവകാശം മാത്രമേ കിട്ടിയുള്ളൂ. തോട്ടങ്ങള്‍ പൂര്‍ണമായും ഭൂപരിധിയില്‍ നിന്ന് ഒഴിവാക്കപ്പെട്ടു. മിച്ചഭൂമി പിടിച്ചെടുത്തു വിതരണം ചെയ്യും എന്ന വാഗ്ദാനം മിക്കവാറും പ്രഖ്യാപനത്തില്‍ ഒതുങ്ങി. ഭൂരഹിതരായ സാധുക്കള്‍ക്ക് - അധികവും പട്ടികജാതിക്കാര്‍ - നിയമം കൊണ്ട് പ്രത്യേകിച്ച് ഗുണമൊന്നും കിട്ടിയില്ല.

സംസ്ഥാനത്തെ കൃഷി ഭൂമി തുണ്ടുകളാക്കപ്പെട്ടു എന്നതാണ് ഭൂപരിഷ്‌ക്കരണ നിയമം കൊണ്ടുണ്ടായ മറ്റൊരു വിപത്ത്. കാലാന്തരത്തില്‍ നെല്‍കൃഷി തീരെയും ലാഭകരമല്ലാതാവുകയും കര്‍ഷകര്‍ ഭൂമി മറ്റാവശ്യങ്ങള്‍ക്ക് പരിവര്‍ത്തനം ചെയ്യുകയോ തരിശിടുകയോ വില്‍ക്കുകയോ ചെയ്തു. കൃഷി ഭൂമിയുടെ വിസ്തീര്‍ണ്ണം നന്നേ കുറയുകയും നെല്‍കൃഷി പാലക്കാട്, കുട്ടനാട് പോലെ ഏതാനും പ്രദേശങ്ങളില്‍ മാത്രം ഒതുങ്ങുകയും ചെയ്തു.

ഭൂപരിഷ്‌കരണ നിയമം ഭേദഗതി ചെയ്ത മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്കല്ല നടപ്പാക്കിയ കോണ്‍ഗ്രസിനും സി.പി.ഐ.ക്കുമാണ് രാഷ്ട്രീയ നേട്ടം ഉണ്ടായത്. 1970 സെപ്റ്റംബറില്‍ നടന്ന ഇടക്കാല തെരഞ്ഞെടുപ്പില്‍ അച്യുതമേനോന്‍ നയിച്ച കോണ്‍ഗ്രസ് - സി.പി.ഐ. - മുസ്ലിം ലീഗ് മുന്നണി വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ തിരിച്ചെത്തുകയും സംസ്ഥാന ചരിത്രത്തില്‍ ആദ്യമായി കാലാവധി തികച്ചു ഭരിക്കുകയും ചെയ്തു.

1969 ലെ ഭൂപരിഷ്‌കരണ ഭേദഗതി നിയമത്തിന്റെ സാധുതയും സുപ്രീം കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടു. പക്ഷെ അപ്പോഴേക്കും കാലം മാറിയിരുന്നു. നിര്‍ദേശക തത്വങ്ങളില്‍ പ്രാബല്യത്തില്‍ കൊണ്ടുവരാന്‍ വേണ്ടിയുള്ള നിയമനിര്‍മാണങ്ങളുടെ സാധുത കോടതിയില്‍ ചോദ്യം ചെയ്യാന്‍ പാടില്ല എന്നമട്ടില്‍ 1971 ല്‍ 31 സി അനുഛേദം ഇന്ത്യന്‍ ഭരണഘടനയോട് ചേര്‍ക്കപ്പെട്ടു. 1972 ല്‍ ഭരണഘടന വീണ്ടും ഭേദഗതി ചെയ്തു കേരള ഭൂപരിഷ്‌കരണ നിയമത്തെ ഒന്‍പതാം ഷെഡ്യൂളില്‍പെടുത്തുകയും ചെയ്തു. കേരള ഭൂപരിഷ്‌കരണ ഭേദഗതി നിയമത്തിന്റെ സാധുത ചോദ്യം ചെയ്ത കേശവാനന്ദ ഭാരതി കേസ് നീതിന്യായ ചരിത്രത്തില്‍ നാഴികക്കല്ലായി. ഭൂപരിഷ്‌കരണ ഭേദഗതി നിയമവും ഭരണഘടനാ ഭേദഗതികളും സാധുവാണെന്ന് സുപ്രീം കോടതിയുടെ പതിമൂന്നംഗ ഭരണഘടനാ ബെഞ്ച് കണ്ടെത്തി. എന്നാല്‍, ഭരണഘടനാ ഭേദഗതികളുടെ പരിധി ഏതുവരെയാകാം എന്നതിനെ സംബന്ധിച്ച് ഭിന്നാഭിപ്രായങ്ങളുണ്ടായി. ഭരണഘടനയുടെ അടിസ്ഥാനഘടകം മാറ്റിമറിക്കും പ്രകാരമുള്ള ഭേദഗതികള്‍ പാടില്ലെന്ന് ഏഴു ജഡ്ജിമാര്‍ വിധികല്‍പ്പിച്ചു. അത് പാര്‍ലമെന്റിന്റെ പരമാധികാരത്തിന് എതിരാണെന്ന് പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയും വൈതാളികരും ആക്രോശിച്ചു. അടിസ്ഥാന ഘടന ലംഘിക്കരുത് എന്ന് അഭിപ്രായപ്പെട്ട മൂന്ന് ജഡ്ജിമാരുടെ സീനിയോറിറ്റി മറികടന്ന് പുതിയ ചീഫ് ജസ്റ്റിസിനെ നിയമിച്ചതും വലിയ വിവാദമായി. അങ്ങനെ സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും ചരിത്രത്തില്‍ ഒരു നാഴികക്കല്ലായി കേരള ഭൂപരിഷ്‌കരണ (ഭേദഗതി) നിയമം മാറി.

Content Highlights: kerala land reform amendment bill, Kerala land reform act, Adv A Jayasankar writes


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


Gujarat

1 min

ഏഴാം തവണയും ഗുജറാത്ത്‌ പിടിച്ച് ബിജെപി: 152 സീറ്റില്‍ വ്യക്തമായ ലീഡ്‌

Dec 8, 2022

Most Commented