ഡോ. വന്ദന ദാസ്, സാംദീപ് | Photo: PTI, ANI
കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ വന്ദന എന്ന യുവഡോക്ടറുടെ ദാരുണമായ കൊലപാതകം മലയാളി മനഃസാക്ഷിയെ പിടിച്ചുലച്ചിരിക്കുകയാണ്.
രോഗികളും ഡോക്ടര്‍മാരും ആശുപത്രി അധികൃതരും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ കൂടിവരികയാണ്. അനൗദ്യോഗിക കണക്ക് അനുസരിച്ച് കഴിഞ്ഞ നാലുവര്‍ഷത്തിനിടയില്‍ 300ല്‍ അധികം ചെറുതും വലുതുമായ സംഭവങ്ങള്‍ ഇത്തരത്തില്‍ അരങ്ങേറിയിട്ടുണ്ട്.
ഇത്തരം സന്ദര്‍ഭങ്ങളിലെല്ലാം പലപ്പോഴും ഇരുഭാഗത്തും കുറ്റംകാണുന്നവരാണ് നമ്മളില്‍ അധികംപേരും. രോഗിയോടുള്ള സമീപനം ശരിയായില്ലെന്നോ, ആശുപത്രി ബില്‍ കൂടി പോയെന്നോ രോഗിയുടെ മരണം ഒട്ടും പ്രതീക്ഷിക്കാത്ത തരത്തിലുള്ളതായി എന്നോ ഉള്ള പരാതികളാണ് ഇത്തരം സന്ദര്‍ഭങ്ങളില്‍ പരക്കേ കേട്ടിട്ടുള്ളത്. എന്നാല്‍ അതില്‍നിന്നെല്ലാം നൂറുശതമാനവും വ്യത്യസ്തമാണ് വന്ദനയുടെ കൊലപാതകത്തിലേക്ക് നയിച്ച അതിക്രമം.
കൊലപാതകി ഒരു അധ്യാപകനാണ്. സ്വന്തം വീട്ടില്‍വെച്ച് ഗുരുതരമായ പ്രശ്‌നങ്ങളുണ്ടാക്കിയതിന്റെ പേരില്‍ കസ്റ്റഡിയിലെടുത്താണ് അയാളെ ആശുപത്രിയില്‍ നന്നേ കാലത്തുതന്നെ എത്തിച്ചത്. പ്രതിയുടെ പരിക്കുകള്‍ പരിശോധിക്കാനും, പ്രതി മദ്യപിച്ചിട്ടുണ്ടോയെന്നും മയക്കുമരുന്ന് ഉപയോഗിച്ചിട്ടുണ്ടോ എന്നുമുള്ള പരിശോധനയ്ക്ക് വിധേയമാക്കാനുമായിരിക്കാം വളരെ വേഗം ആശുപത്രിയിലേക്ക് അയാളെ കൊണ്ടുവന്നത്.
ഡ്യൂട്ടിയിലുണ്ടായിരുന്നത് ജൂനിയര്‍ ഡോക്ടര്‍ വന്ദന. മൂന്നുപോലീസുകാര്‍ കൂടെയുണ്ട്. ജീവനക്കാര്‍ വേറെയും. പതിനൊന്നുതവണ വന്ദനയെ കുത്തിയിട്ടും പ്രതിയെ കീഴ്‌പ്പെടുത്താന്‍ പോലീസുകാര്‍ക്കും ആശുപത്രിയിലെ ജീവനക്കാര്‍ക്കും സാധിച്ചില്ലെന്നത് അങ്ങേയറ്റത്തെ വേദനയായി അവശേഷിക്കുകയാണ്.
പ്രതിയുടെ പരാക്രമത്തില്‍ പോലീസുകാര്‍ക്കും സമാന്യമായ മുറിവ് പറ്റിയിട്ടുണ്ട്. അക്രമം കാണിച്ച് ആശുപത്രിയില്‍ എത്തിക്കുന്ന പ്രതിയെ സാധാരണ പോലീസ് കസ്റ്റഡിയില്‍ എത്തിക്കുന്ന പ്രതിയെപോലെ അല്ലായിരുന്നു കൈകാര്യം ചെയ്യേണ്ടിയിരുന്നതെന്ന് ആദ്യമേ പറഞ്ഞുവെക്കട്ടേ. പോലീസ് പ്രതികളെ കൊണ്ടുവരുമ്പോള്‍ അവര്‍ക്ക് പോലീസ് മര്‍ദനത്തിന്റെ കഥകള്‍ പറയാന്‍ അനുവാദമുണ്ട്. അതുപറയുന്നതിനായി പോലീസ് മാറി നിന്നുകൊടുക്കണം എന്ന ഉത്തരവുണ്ട്. വന്ദന സംഭവത്തില്‍ ഈ കോടതിവിധിക്ക് യാതൊരു പ്രസക്തിയുമില്ല.
അക്രമം കാണിച്ചുകൊണ്ടിരുന്ന പ്രതിയെയാണ് പോലീസ് അവിടെ എത്തിച്ചത്. അത് ഡോക്ടറോട് പറയുകയും ഡോക്ടര്‍ക്ക് ഉചിതമായ സംരക്ഷണം നല്‍കുകയും ചെയ്യേണ്ടിയിരുന്നത് പോലീസ് അല്ലാതെ മറ്റാരുമല്ല. അതിലുണ്ടായ വീഴ്ച മറച്ചുവെക്കാന്‍ കോടതിവിധികളുടെ പകര്‍പ്പ് കാണിച്ചതുകൊണ്ട് പ്രയോജനവുമില്ല. ഈ സംഭവത്തിന്റെ കൂടുതല്‍ വിശദാംശങ്ങളിലേക്ക് കടക്കാനല്ല ഈ ലേഖനത്തില്‍ ഉദ്ദേശിക്കുന്നത്. വിലപ്പെട്ട ജീവന്‍ നഷ്ടപ്പെട്ടുകഴിഞ്ഞു. എന്താണ് ഇത്തരം സന്ദര്‍ഭങ്ങളിലേക്ക് നയിക്കുന്ന സാമൂഹിക സാഹചര്യം എന്ന് വിശദമായി പരിശോധിക്കേണ്ടിയിരിക്കുന്നു.
ഡോക്ടര്‍മാരും രോഗികളും ആശുപത്രി അധികൃതരും തമ്മിലുള്ള സംഘര്‍ഷങ്ങളെ കുറിച്ച് നിരവധി പഠനങ്ങള്‍ ലഭ്യമാണ്. അതില്‍ മനഃശാസ്ത്രഞ്ജര്‍ നേരിടുന്ന ഇരട്ട അതിക്രമങ്ങളെകുറിച്ചും ധാരാളം പരാമര്‍ശങ്ങളുണ്ട്. രോഗിയും രോഗിയുടെ ബന്ധുക്കളും ഒരേപോലെ ഡോക്ടറോട് തട്ടിക്കയറുന്ന രംഗങ്ങള്‍ ഉണ്ടായതായി പഠനങ്ങള്‍ കാണിക്കുന്നു.
ഡോക്ടര്‍മാര്‍ക്ക് നേരെയുള്ള അതിക്രമങ്ങളില്‍ ടെലഫോണിലൂടെയുള്ള ഭീഷണിയും, വാക്കാലുള്ള ആക്ഷേപവും, വൈകാരികമായ മുള്‍മുനയില്‍ നില്‍ക്കുമ്പോള്‍ ഉണ്ടാകുന്ന ഭീഷണിയും, പരിക്കുകള്‍ ഇല്ലാത്ത പിടിച്ചുതള്ളലും എല്ലാമാണ് മഹാഭൂരിപക്ഷവും. അതൊന്നും ഒരുനിലയ്ക്കും അനുവദനീയമല്ലെങ്കില്‍ പോലും.
പക്ഷേ ഡോക്ടര്‍മാര്‍ക്ക് ശാരീരികമായ മുറിവുകള്‍ ഉണ്ടാക്കുന്ന വിധത്തിലും ആശുപത്രി മന്ദിരങ്ങള്‍ തകര്‍ക്കപ്പെടുന്ന രീതിയിലും നടക്കുന്ന അതിക്രമങ്ങള്‍ ആകെ ആക്രമണങ്ങളില്‍ നന്നേ കുറവാണ്. ഇന്ത്യയില്‍ ഇതുപോലെ ഒരു കൊലപാതകം ഉണ്ടായതായി ചരിത്രത്തില്‍ നാം മനസ്സിലാക്കിയിട്ടില്ല.
കുറേനാളുകളായി ഡോക്ടര്‍മാര്‍ ഈ കാര്യത്തില്‍ വല്ലാത്ത മാനസിക സംഘര്‍ഷത്തിലാണ്. ഐഎംഎ പോലുള്ള സംഘടനകള്‍ ഇക്കാര്യം ഗൗരവമായ തരത്തില്‍ തന്നെ ഏറ്റെടുത്തിരുന്നു. 2023 മാര്‍ച്ചുമാസം 24-ാം തിയതി തിരുവനന്തപുരത്ത് ഐഎംഎയുടെ ഭാരവാഹികളായ സുല്‍ഫിനൂഹുവും ശ്രീജിത്തുമടക്കം നിരവധി പ്രമുഖ വ്യക്തികള്‍ പങ്കെടുത്ത ഗൗരവതരമായ ഒരു ചര്‍ച്ച നടക്കുകയുണ്ടായി. മനുഷ്യാവകാശ കമ്മിഷന്റെ ചെയര്‍മാന്‍ ആന്റണി ഡൊമനിക്ക്, മുന്‍ ഡിജിപി വിന്‍സണ്‍ എം പോള്‍, സിപിഎമ്മിന്റെ പ്രമുഖ നേതാവായ എസ്. രാമചന്ദ്രന്‍പിള്ള, പ്രധാനമന്ത്രിയുടെ ഉപദേശകനായിരുന്ന ടി.കെ.എ. നായര്‍ തുടങ്ങി നിരവധി പേര്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി.
സംഘാടകരായ സ്വസ്തി ഫൗണ്ടേഷന് വേണ്ടി അഡൈ്വസറായ മര്‍ക്കോസ് മോഡറേറ്റ് ചെയ്ത ഈ സമ്മേളനം സര്‍ക്കാരിന് നിരവധി നല്ല കുറേ നിര്‍ദേശങ്ങളും നല്‍കിയെങ്കിലും മാസങ്ങളായിട്ടും അതിനുമേല്‍ ഗൗരവമായ നടപടികള്‍ ഉണ്ടായില്ല. ഡോക്ടര്‍മാരും ആശുപത്രി അധികൃതരും മുന്നോട്ടുവെക്കുന്ന ഏറ്റവും പ്രധാനപ്പെട്ട നിര്‍ദേശം അക്രമങ്ങള്‍ തടയാനുള്ള ഫലപ്രദമായ നിയമനിര്‍മാണമാണ്. ഇന്ത്യയിലെ 19 സംസ്ഥാനങ്ങളില്‍ ഉത്തരത്തിലുള്ള നിയമങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. 2007ല്‍ വൈ.എസ്. രാജശേഖര റെഡ്ഡി എന്ന അന്നത്തെ ആന്ധ്രയുടെ മുഖ്യമന്ത്രി(അദ്ദേഹം ഒരു ഡോക്ടറായിരുന്നു) കൊണ്ടുവന്ന നിയമമായിരുന്നു ഈ നിയമങ്ങളുടെ മുന്നോടി. ഇത്രയും നിയമപരിരക്ഷയുണ്ടെങ്കിലും ആ നിയമത്തിന്റെ ബലത്തില്‍ ആരും ശിക്ഷിക്കപ്പെടുന്നില്ല. കേരളത്തില്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ നടന്ന മുന്നൂറോളം അതിക്രമങ്ങളില്‍ ഒരാള്‍ പോലും ശിക്ഷിക്കപ്പെട്ടിട്ടില്ല. പല്ലും നഖവും ഇല്ലാത്ത നിയമങ്ങള്‍ നിയമപുസ്തകങ്ങള്‍ക്ക് ഒരു ഭാരം എന്നതിലപ്പുറം ഒന്നുമല്ല. ഈ നിയമങ്ങള്‍ എങ്ങനെ ഫലപ്രദമാക്കാം എന്നതാണ് ചര്‍ച്ചാവിഷയം.
ഡോക്ടര്‍മാരെയും ആശുപത്രികളെയും ആക്രമിക്കുന്നവര്‍ക്ക് ജാമ്യം ലഭിക്കരുത്. അതിനുവേണ്ടിയുള്ള നിയമനിര്‍മാണമാണ് ആദ്യം വേണ്ടത്. ശിക്ഷ വര്‍ധിപ്പിക്കുക എന്നത് പ്രധാനമാണെങ്കിലും സംഭവങ്ങള്‍ ഉണ്ടാകാതിരിക്കുക എന്നുള്ളതാണ് കൂടുതല്‍ പ്രാധാന്യമുള്ളത്. ഡോക്ടര്‍മാരേയും ആശുപത്രികളേയും ആക്രമിക്കുന്നവര്‍ കേസുകഴിയുന്നത് വരെ ജയിലില്‍ നിന്ന് ഇറങ്ങില്ല എന്നുവന്നാല്‍ അക്രമിക്കുന്നവരുടെ എണ്ണത്തില്‍ വന്‍തോതില്‍ കുറവുണ്ടാകും എന്ന കാര്യത്തില്‍ സംശയം വേണ്ട. പൊതുമുതല്‍ നശീകരണ വിരുദ്ധ നിയമം നിലവില്‍ വന്ന ശേഷം പൊതുമുതല്‍ നശീകരണം വന്‍തോതില്‍ കുറഞ്ഞത് നമ്മുടെ കണ്‍മുന്നിലെ അനുഭവമാണ്. അതുപോലെ തന്നെ നാശനഷ്ടങ്ങള്‍ വരുത്തുന്നവര്‍ക്ക് പിഴ ഈടാക്കുക എന്നതും വളരെ അത്യാവശ്യമായ കാര്യമാണ്. അത് സര്‍ക്കാര്‍ ആശുപത്രി ആണെങ്കിലും സ്വകാര്യ ആശുപത്രി ആണെങ്കിലും ശരിയായ തോതിലുള്ള നഷ്ടപരിഹാരം നല്‍കണം എന്നുകണ്ടാല്‍ അക്രമങ്ങളുടെ എണ്ണം വീണ്ടും കുറയും. പക്ഷേ ഇത്തരം നിയമങ്ങള്‍ നടപ്പിലാക്കാനുള്ള ഇച്ഛാശക്തി സര്‍ക്കാരിന് അത്യാവശ്യമാണ്.
ഇതുസംബന്ധിച്ച ചര്‍ച്ച നിയമസഭയില്‍ നടന്നപ്പോള്‍ കൊട്ടാരക്കര സ്വദേശിയായ ഗണേശ്കുമാര്‍ നടത്തിയ പ്രസ്താവന 'ഡോക്ടര്‍മാരില്‍ തല്ലുകൊള്ളേണ്ടവരുണ്ട്' എന്നതായിരുന്നു. യാദൃച്ഛികമെന്നുപറയട്ടേ ഗണേഷ് കുമാറിന്റെ വീടിന് മുന്നില്‍ തന്നെ ഒരു ഡോക്ടര്‍ കുത്തിക്കൊല്ലപ്പെട്ടിരിക്കുന്നു.ഇത്തരത്തിലുള്ള പ്രസ്താവന നടത്തുന്നത് നിയമസഭയിലാണെങ്കില്‍ പോലും അത് വിലക്കുവാന്‍ മുഖ്യമന്ത്രിയോ ഭരണകക്ഷിയോ തയ്യാറായില്ലെന്നുള്ളത് പ്രശ്‌നത്തിന്റെ ഗൗരവും വലുതാക്കുന്നുണ്ട്. നിയമം കൈയിലെടുക്കാനുള്ള ആഹ്വാനം നല്‍കാനുള്ള അവകാശം ഭരണഘടന ആര്‍ക്കും നല്‍കിയിട്ടില്ല. ഭരണഘടനാവിരുദ്ധമായി സംസാരിക്കാനുള്ള പ്രൊട്ടക്ഷന്‍ അസംബ്ലിയിലായാലും നല്‍കിക്കൂടാ. ഈ വൈകിയ വേളയില്‍ എങ്കിലും അത്തരം കാര്യങ്ങളില്‍ കര്‍ശനമായ നിലപാട് എടുക്കാന്‍ മുഖ്യമന്ത്രി തയ്യാറാകേണ്ടതുണ്ട്.
കൊട്ടാരക്കര സംഭവത്തിലേക്ക് വീണ്ടും തിരിച്ചുവരാം. നാം മുകളില്‍ ചര്‍ച്ച ചെയ്ത പ്രശ്‌നങ്ങള്‍ പൊതുവായുള്ള ഡോക്ടര്‍-രോഗി-ആശുപത്രി സംഘര്‍ഷങ്ങളെ കുറിച്ചാണ്. പക്ഷേ വന്ദനയുടെ കൊലപാതകത്തിലേക്ക് നയിച്ച സംഭവത്തിന് അതിലപ്പുറമുള്ള മാനങ്ങള്‍ ഉണ്ട്. പ്രതി ഡോക്ടറെ ആക്രമിക്കുന്ന സമയത്ത് മയക്കുമരുന്ന് കഴിച്ചിട്ടുണ്ടോയെന്ന് നമുക്ക് ഇപ്പോള്‍ പറയാന്‍ സാധ്യമല്ല. പക്ഷേ കേരളത്തിലെ മയക്കുമരുന്ന് വ്യാപനം അവിചാരിതമായ കേന്ദ്രങ്ങളില്‍ നിന്നുപോലും അക്രമങ്ങള്‍ ക്ഷണിച്ചുവരുത്തുന്നതാണ്. ഇവിടെ ഡോക്ടറെ അക്രമിച്ചത് ഒരു തെരുവുഗുണ്ടയല്ല മറിച്ച് ഒരു അധ്യാപകനാണ്. ഒരു അധ്യാപകന്റെ കുത്തേറ്റ് ഡോക്ടര്‍ മരിക്കുക എന്നത് ലോകത്ത് തന്നെ കേട്ടുകേള്‍വിയുള്ള കാര്യമാണോ? പിഞ്ചുകുട്ടികളെ പഠിപ്പിക്കുന്ന അധ്യാപകന്‍ ഡോക്ടറെ കുത്തിക്കൊല്ലുന്നു എന്നത് നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിനുതന്നെ എത്ര വലിയ നാണക്കേടാണ് വരുത്തി വെച്ചിരിക്കുന്നത്.
കഞ്ചാവുപോലുള്ള മയക്കുമരുന്നുകളായിരുന്നു പണ്ട് കേരളത്തില്‍ വ്യാപരിച്ചിരുന്നതെങ്കില്‍ എഴുപതുകളിലെ രാസമയക്കുമരുന്ന് വിസ്‌ഫോടനത്തിന് ശേഷം ഈ അടുത്തകാലത്ത് കേരളത്തില്‍ ഉടനീളം രാസമയക്കുമരുന്നായ എംഡിഎംഎ വ്യാപകമായി തീര്‍ന്നിരിക്കുകയാണ്. പല രാജ്യങ്ങളിലും ഇത്തരം മയക്കുമരുന്നുകള്‍ വില്‍ക്കുന്നതും കുട്ടികള്‍ക്ക് നല്‍കുന്നതും വധശിക്ഷ അര്‍ഹിക്കുന്ന കുറ്റമാണ്.
ഏതാനും വര്‍ഷം മുമ്പ് 200 ഗ്രാമില്‍ അധികം കഞ്ചാവ് കൈവശം വെച്ചാല്‍പോലും ജാമ്യമില്ലാവകുപ്പില്‍ കേസെടുക്കാന്‍ പോലീസിന് സാധിക്കുമായിരുന്നു. കുറേ വര്‍ഷങ്ങളായി കേന്ദ്രനിയമത്തിന്റെ പേരില്‍ ഈ അളവ് ഒരു കിലോഗ്രാമായി ഉയര്‍ത്തിയിരിക്കുന്നു. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരാണ് തീരുമാനമെടുക്കേണ്ടത്. ഇതിനായി നിയമസഭ ശക്തമായ പ്രമേയങ്ങള്‍ ഏകകണ്ഠമായി പാസ്സാക്കേണ്ടിയിരിക്കുന്നു.കഞ്ചാവിനേക്കാളും വലിയ പ്രശ്‌നമാണ് എംഡിഎംഎ എന്ന മയക്കുമരുന്ന്. കുറഞ്ഞ അളവില്‍ ഉപയോഗിക്കാം എന്ന സൗകര്യമാണ് അതിനുള്ളത്. 12 വയസ്സുള്ള കുട്ടികളെപോലും ഇത്തരം മയക്കുമരുന്നുകളുടെ വാഹകരായി ഉപയോഗിച്ചുവെന്ന വാര്‍ത്ത നമ്മുടെ മുന്നിലുണ്ട്. നിരവധി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ അറിഞ്ഞോ അറിയാതെയോ കുടുങ്ങിപ്പോകുന്നു. വിദ്യാര്‍ഥി യുവജന സംഘടനകള്‍ കക്ഷി രാഷ്ട്രീയത്തിന് അതീതമായി മുന്നോട്ടുവന്ന് കേരളത്തെ മയക്കുമരുന്ന് മുക്തമായ സംസ്ഥാനമാക്കുന്ന ശബ്ദിക്കേണ്ട കാലം അതിക്രമിച്ചിരിക്കുകയാണ്. അതാണ് അവരുടെ ഇന്നത്തെ ചരിത്രപരമായ ദൗത്യം.
ഇത്തരം സംഭവങ്ങളുണ്ടാകുമ്പോള്‍ അതിനെ എതിര്‍ക്കുന്നവരെ അധിക്ഷേപിച്ച് സാമൂഹിക മാധ്യമങ്ങളില്‍ സര്‍ക്കാരിന് വേണ്ടി പോസ്റ്റിടുന്നത് ഒരു ട്രെന്‍ഡായിട്ടുണ്ട്. സര്‍ക്കാരിന്റെ ചെയ്തികളെ എതിര്‍ക്കുകയോ വിമര്‍ശിക്കുകയോ ചെയ്താല്‍ അവരെ ആക്ഷേപിക്കുന്നതും തെറിയഭിഷേകം ചെയ്യുന്നതും ഇന്ന്
വലിയൊരു രാഷ്ട്രീയ പ്രവര്‍ത്തനം പോലെയാണ് നടക്കുന്നത്. എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഞങ്ങള്‍ക്ക് അനുകൂലമായി ആരും തെറി പറയരുത് എന്ന് പറഞ്ഞാല്‍ തീരുന്ന പ്രശ്‌നമേയുള്ളൂ. പക്ഷേ, തെറിപ്പടകള്‍ സാമൂഹിക മാധ്യമങ്ങളെ നയിക്കുന്ന യോദ്ധാക്കളെപോലെയാണ് പെരുമാറുന്നത്. അവരുടെ പിന്തുണയില്ലെങ്കില്‍ എന്തോ സംഭവിക്കുമെന്ന മട്ടിലാണ് പതിറ്റാണ്ടുകളുടെ സേവന പാരമ്പര്യമുള്ള രാഷ്ട്രീയ നേതാക്കള്‍പോലും.
കേരളം വലിയ ഗുരുതരമായ മയക്കുമരുന്ന് കെണിയില്‍ പെട്ടിരിക്കുകയാണ് എന്ന യാഥാര്‍ഥ്യത്തിലേക്ക് നാം കണ്ണുതുറക്കണം. ഇത്തരത്തില്‍ വീണുപോയ ഒരു സംസ്ഥാനം പഞ്ചാബാണ്. ശ്രദ്ധക്കുറവ് എവിടെ ഉണ്ടാകുന്നുവോ അവിടെ മയക്കുമരുന്ന് ശക്തമാണ്. ഇതിനര്‍ഥം പഞ്ചാബിലും കേരളത്തിലും ഒഴിച്ച് എവിടെയും മയക്കുമരുന്ന് കിട്ടാനില്ലെന്നല്ല. ഗോവയിലും മുംബൈയിലും നിരവധി ഇന്ത്യന്‍ നഗര കേന്ദ്രങ്ങളിലും മയക്കുമരുന്ന് സുലഭമായി ഉണ്ട്. പക്ഷേ അതൊന്നും തന്നെ കേരളത്തിലെ മയക്കുമരുന്ന് വ്യാപനത്തിന് മതിയായ കാരണങ്ങള്‍ അല്ല. ലോകത്തെ ഏറ്റവും മോശമായ രാജ്യങ്ങളിലെ മയക്കുമരുന്ന് നിലവാരമല്ല നാം ഉയര്‍ത്തിക്കാണിക്കേണ്ടത്.
നാം വികസനം ഒരു പരിധി വരെ നേടിയ സംസ്ഥാനമാണ്. സാക്ഷരതയില്‍ മുന്നിട്ട് നില്‍ക്കുന്ന സംസ്ഥാനം. പക്ഷേ നമ്മുടെ പിടിവള്ളികള്‍ എവിടെയോ അയയുന്നു എന്ന തോന്നല്‍ കഴിഞ്ഞ 40 വര്‍ഷത്തിലേറെ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിക്കൊണ്ടിരിക്കുന്ന എന്നെപ്പോലുള്ള ലേഖകര്‍ക്കുണ്ട്. മയക്കുമരുന്ന് വ്യാപനവും ദുര്‍മന്ത്രവാദവും നരബലിയും കേരളത്തില്‍ സംഭവിക്കുമെന്ന് പത്തുവര്‍ഷം മുമ്പുപോലും ആരും കരുതിയിരുന്നതല്ല.
കൊട്ടാരക്കരയിലെ ഡോക്ടറുടെ ദാരുണ അന്ത്യത്തില്‍ ദുഃഖിക്കുകയല്ലാതെ മറ്റു പോംവഴിയില്ല. ഏക മകളാണ് വന്ദന. ആ സംഭവത്തെ കുറിച്ച് പ്രതികരിച്ച ആരോഗ്യമന്ത്രി ഇന്ന് വിമര്‍ശനത്തിന് വിധേയയായിട്ടുണ്ട്. സന്ദര്‍ഭോചിതമായില്ല ആ പ്രസ്താവന എന്നുതന്നെയാണ് ഈ ലേഖകനും കരുതുന്നത്. പക്ഷേ പ്രശ്‌നം ആരോഗ്യമന്ത്രിയുടെ പ്രസ്താവനയല്ല; മയക്കുമരുന്ന് ലോബിയുടെ വിളയാട്ടമാണ് അത് നില്‍ക്കാതെ ഇത്തരത്തിലുള്ള ആക്രമണങ്ങള്‍ നിലയ്ക്കുകയില്ല. കേരളത്തില്‍ കഴിഞ്ഞ ഒന്നൊന്നര വര്‍ഷക്കാലമായി നടന്നിട്ടുള്ള കൊലപാതകങ്ങളെ വിശകലനം ചെയ്യുമ്പോള്‍ അതിന് പുറകില്‍ മയക്കുമരുന്ന് ഉപയോഗവും വ്യാപാരവും പ്രധാന ഘടകങ്ങളാണെന്ന് കാണാം. കേരളത്തിലെ മയക്കുമരുന്ന് ദുരന്തത്തിന്റെ (Drug Disaster)ഇരയാണ് ഡോക്ടര്‍ വന്ദന.
Content Highlights: Kerala doctor Vandana Das stabbed to death, Prathibhashanam column by CP John
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..