വെല്ലുവിളി ബിജെപിക്ക്; ഉള്‍പ്പോരില്‍ കോണ്‍ഗ്രസ്, നിലനില്‍പിനായി ജെഡിഎസ്: കര്‍ണാടകം മാറുമോ


By ഗീതാഞ്ജലി

9 min read
Read later
Print
Share

ബി.എസ്. യെദ്യൂരപ്പ, ഡി.കെ. ശിവകുമാർ, എച്ച്.ഡി. കുമാരസ്വാമി| Photo: ANI, PTI

രണവിരുദ്ധ വികാരം, അഴിമതി ആരോപണങ്ങള്‍, പാര്‍ട്ടിയ്ക്കുള്ളിലെ കലഹങ്ങള്‍... കര്‍ണാടകം നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് നീങ്ങുമ്പോള്‍ സംസ്ഥാനത്തെ ബിജെപിക്ക് നേരിടാനുള്ളത് പല വെല്ലുവിളികളാണ്‌. അവരുടെ എല്ലാ പ്രതീക്ഷയും മോദിയും അമിത് ഷായിലുമാണ്. അധികാരത്തിലേക്ക് എന്തുവില കൊടുത്തും തിരിച്ചുവരിക എന്ന ലക്ഷ്യം മാത്രം മുന്‍നിര്‍ത്തിയാണ് കോണ്‍ഗ്രസിന്റെ കരുനീക്കങ്ങള്‍. ശക്തി ക്ഷയിച്ചെങ്കിലും മൈസൂര്‍ മേഖലയില്‍ കരുത്തു ചോര്‍ന്നിട്ടില്ലെന്ന് തെളിയിക്കാന്‍ ആടിയും ഉലഞ്ഞും ജെ.ഡി.എസുമുണ്ട് തിരഞ്ഞെടുപ്പു ഗോദയില്‍. ഇക്കൊല്ലം തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളില്‍ ബി.ജെ.പിയ്ക്ക് വലിയ വെല്ലുവിളി നേരിടേണ്ടി വരിക കന്നഡനാട്ടിലാകുമെന്ന് ഉറപ്പ്.

കോണ്‍ഗ്രസിന് സംഘടനാപരമായി കരുത്ത് ചോര്‍ന്നിട്ടില്ലാത്ത അപൂര്‍വ്വം സംസ്ഥാനങ്ങളിലൊന്നാണ് കര്‍ണാടക. അത് കോണ്‍ഗ്രസ് ക്യാമ്പിന് ആത്മവിശ്വാസം പകരുന്നുണ്ട്. മാത്രമല്ല 2018-ല്‍ ജെ.ഡി.എസുമായി ചേര്‍ന്ന് സഖ്യസര്‍ക്കാര്‍ രൂപവത്കരിക്കാന്‍ സാധിച്ചിട്ടും റിസോര്‍ട്ട് രാഷ്ട്രീയത്തില്‍ത്തട്ടി അത് കൈമോശം വന്നതിന്റെ വേദനയും രോഷവും പാര്‍ട്ടിക്കുണ്ട്. കാലുമാറ്റത്തില്‍ അധികാരം പിടിച്ചെടുത്ത ബി.ജെ.പിക്ക് തിരിച്ചടി കൊടുക്കാന്‍ കോണ്‍ഗ്രസ് ഇത് സുവര്‍ണാവസരമായി കാണുന്നു.

കേന്ദ്രത്തിലും സംസ്ഥാനത്തിലും ഒരേ പാര്‍ട്ടിയുടെ സര്‍ക്കാര്‍ ഭരിക്കുമ്പോഴുള്ള ഇരട്ട എന്‍ജിന്‍ വികസനമാണ് ബി.ജെ.പി. മുന്നോട്ടുവെക്കുന്നത്. സംസ്ഥാനം തിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നവേളയില്‍, ബെംഗളൂരു-മൈസൂരു എക്സ്പ്രസ് വേ ഉദ്ഘാടനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തിയതും അതിനൊപ്പം പതിനാറായിരം കോടിയുടെ വികസനപദ്ധതികളുടെ ശിലാസ്ഥാപനം അദ്ദേഹം നിര്‍വഹിച്ചതും വെറുതെയല്ല.

വടക്ക് കിഴക്ക് പോലും കൈപ്പിടിയിലാക്കിയിട്ടും ദക്ഷിണേന്ത്യയില്‍, ബി.ജെ.പിക്ക് സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ സാധിച്ച ഏകസംസ്ഥാനം കര്‍ണാടകം മാത്രമാണ്. പാര്‍ട്ടിക്ക് നല്ല വേരോട്ടമുള്ള ഇടം. എന്തുവിലകൊടുത്തും ഭരണം പിടിക്കാന്‍ ബി.ജെ.പി. കോപ്പുകൂട്ടുന്നു. മറുവശത്ത് കോണ്‍ഗ്രസിന് ഇപ്പോഴല്ലെങ്കില്‍ ഇനിയില്ല എന്ന ബോധ്യമുണ്ട്. പല സംസ്ഥാനങ്ങളിലും നേതൃദാരിദ്ര്യമാണ് പ്രശ്നമെങ്കില്‍ ഇവിടെ കോണ്‍ഗ്രസിന് ബാഹുല്യമാണ് പ്രതിസന്ധി. മുഖ്യമന്ത്രി മോഹവുമായി മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ, പി.സി.സി. അധ്യക്ഷന്‍ ഡി.കെ. ശിവകുമാര്‍, മുന്‍ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ദിനേഷ്‌ ഗുണ്ടുറാവു, മുന്‍ ഉപമുഖ്യമന്ത്രിയും ദളിത് മുഖവുമായ ജി. പരമേശ്വര എന്നിവര്‍ അവരവരുടെ തട്ടകത്തില്‍ ജനസാധ്വീനമുള്ളവരാണ്.

ദക്ഷിണ കര്‍ണാടക, ബെംഗളൂരു കര്‍ണാടക, കോസ്റ്റല്‍ കര്‍ണാടക, സെന്‍ട്രല്‍ കര്‍ണാടക, മുംബൈ കര്‍ണാടക, ഹൈദരാബാദ് കര്‍ണാടക എന്നിങ്ങനെ ആറ് രാഷ്ട്രീയ മേഖലകളായി കര്‍ണാടകയെ തിരിക്കാം. നിയമസഭയുടെ അംഗബലം 224. ലോക്സഭാ സീറ്റുകള്‍ 28.

അന്ന് 2018-ല്‍ സംഭവിച്ചത്

224 അംഗ നിയമസഭയിലേക്ക് 2018-ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ 104 സീറ്റുകള്‍ നേടി ബി.ജെ.പി. ഏറ്റവും വലിയ ഒറ്റകക്ഷിയായി. കോണ്‍ഗ്രസ്- 80, ജെ.ഡി.എസ്.-37. എന്നാല്‍ തിരഞ്ഞെടുപ്പിന് ശേഷം രൂപംകൊണ്ട കോണ്‍ഗ്രസ്-ജെ.ഡി.എസ്. സഖ്യത്തെ സര്‍ക്കാര്‍ രൂപവത്കരണത്തിന് ക്ഷണിക്കാതെ, ഏറ്റവും വലിയ ഒറ്റകക്ഷിയെന്ന പരിഗണനയില്‍ ഗവര്‍ണര്‍ വാജുഭായി വാല ബി.ജെ.പിയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ചു.

മേയ് 17-ന് യെദ്യൂരപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. 15 ദിവസത്തിനുള്ളില്‍ സഭയില്‍ ഭൂരിപക്ഷം തെളിയിച്ചാല്‍ മതിയെന്നും ഗവര്‍ണര്‍ ഉദാരത കാട്ടി. എന്നാല്‍ ഇതിനെതിരേ കോണ്‍ഗ്രസ് സുപ്രീം കോടതിയെ സമീപിച്ചു. സുപ്രീം കോടതി ഇടപെടലിന് പിന്നാലെ ഭൂരിപക്ഷം തെളിയിക്കാനുള്ള സമയപരിധി 15 ദിവസത്തില്‍നിന്ന് മൂന്നുദിവസമാക്കി സുപ്രീം കോടതി കുറച്ചു. എന്നാല്‍ സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ കഴിയാതെ യെദ്യൂരപ്പ വിശ്വാസവോട്ടിന് നില്‍ക്കാതെ മേയ് 19-ന് രാജിവെച്ചു.

യെദ്യൂരപ്പയുടെ രാജിക്ക് പിന്നാലെ കോണ്‍ഗ്രസ്-ജെ.ഡി.എസ്. സഖ്യസര്‍ക്കാര്‍ അധികാരത്തിലേറി. വലിയ കക്ഷിയായിട്ടും ജെ.ഡി.എസിന് മുഖ്യമന്ത്രിസ്ഥാനം വിട്ടുനല്‍കി കോണ്‍ഗ്രസ്. ജെ.ഡി.എസിന്റെ എച്ച്.ഡി. കുമാരസ്വാമിയായിരുന്നു മുഖ്യമന്ത്രി. എന്നാല്‍ സഖ്യസര്‍ക്കാരിന് ആയുസ്സ് കുറവായിരുന്നു. പതിന്നാലുമാസത്തിനപ്പുറം സഖ്യകക്ഷിയിലെ 17 എം.എല്‍.എമാര്‍ മറുകണ്ടംചാടി. ഇവര്‍ പാര്‍ട്ടി അംഗത്വം രാജിവെച്ചതോടെ കര്‍ണാടകയിലെ സഖ്യസര്‍ക്കാര്‍ പ്രതിസന്ധിയിലായി. രണ്ട് സ്വതന്ത്ര എം.എല്‍.എമാര്‍ ബി.ജെ.പിയ്ക്ക് പിന്തുണ പ്രഖ്യാപിക്കുക കൂടി ചെയ്തതോടെ കര്‍ണാടകയിലെ സഖ്യസര്‍ക്കാരിന്റെ പതനം പൂര്‍ണമാവുകയും ബി.ജെ.പിയ്ക്ക് അധികാരത്തിലേക്കുള്ള വാതില്‍ തുറന്നുകിട്ടുകയും ചെയ്തു.

സ്വന്തം എം.എല്‍.എമാരെ എതിരാളികള്‍ ചാക്കിടാതിരിക്കാന്‍ റിസോര്‍ട്ട് രാഷ്ട്രീയത്തിലേക്ക് പാര്‍ട്ടികള്‍ തിരിയുന്നതിന് പിന്നീടുള്ള ദിവസങ്ങള്‍ കര്‍ണാടക വേദിയായി. റിസോര്‍ട്ടുകള്‍, പഞ്ചനക്ഷത്ര ഹോട്ടലുകള്‍, മറിയുന്ന കോടികള്‍. ഇവയെല്ലാം കര്‍ണാടകയില്‍നിന്നുള്ള രാഷ്ട്രീയവാര്‍ത്തകളില്‍ നിറഞ്ഞു. സംഭവവികാസങ്ങള്‍ക്കൊടുവില്‍ ബി.ജെ.പി., കോണ്‍ഗ്രസ്, ജെ.ഡി.എസ്.- ഈ മൂന്നുകക്ഷികളുടെയും പക്കലുള്ള എം.എല്‍.എമാരുടെ എണ്ണത്തില്‍ വീണ്ടും ഏറ്റക്കുറച്ചിലുകളുണ്ടായി. ഒടുവില്‍ മൂന്നാഴ്ചയ്ക്കു ശേഷം ജൂലൈ 23-ന് നടന്ന വിശ്വാസ വോട്ടെടുപ്പില്‍ കുമാരസ്വാമി സര്‍ക്കാര്‍ വീണു. മൂന്നുദിവസത്തിനു ശേഷം ജൂലൈ 26-ന് ബി.എസ്. യെദ്യൂരപ്പ വീണ്ടും കര്‍ണാടക മുഖ്യമന്ത്രിസ്ഥാനത്തെത്തി.

ബി.എസ്. യെദ്യൂരപ്പ | Photo: PTI

എം.എല്‍.എമാര്‍, സ്പീക്കര്‍, അയോഗ്യത, സുപ്രീം കോടതി...

വിശ്വാസവോട്ടെടുപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കേ കോണ്‍ഗ്രസ്, ജെ.ഡി.എസ്. അംഗത്വത്തില്‍നിന്ന് 17 എം.എല്‍.എമാര്‍ രാജിവെച്ചെങ്കിലും അത് അംഗീകരിക്കാന്‍ അന്നത്തെ നിയമസഭാ സ്പീക്കര്‍ കെ.ആര്‍. രമേഷ് കുമാര്‍ തയ്യാറായില്ല. തുടര്‍ന്ന് വിശ്വാസവോട്ടെടുപ്പ് നടന്നെങ്കിലും കുമാരസ്വാമി സര്‍ക്കാര്‍വീണു. രായ്ക്കുരാമാനം രാജിവെച്ച്, മറുകണ്ടംചാടി കുമാരസ്വാമി സര്‍ക്കാരിനെ വീഴ്ത്തിയ 17 എം.എല്‍.എമാരെ( 14 കോണ്‍ഗ്രസ് എം.എല്‍.എമാര്‍, മൂന്ന് ജെ.ഡി.എസ്. എം.എല്‍.എമാര്‍)യും പിന്നീട് സ്പീക്കര്‍ അയോഗ്യരാക്കി. നിലവിലെ നിയമസഭാ കാലാവധി അവസാനിക്കുന്നിടംവരെ അതായത് 2023 വരെ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതും സ്പീക്കര്‍ വിലക്കിയിരുന്നു. ഇത് വലിയ നിയമപോരാട്ടങ്ങള്‍ക്ക് വഴിവെച്ചു.

അയോഗ്യരാക്കപ്പെട്ട എം.എല്‍.എമാര്‍ സ്പീക്കറുടെ തീരുമാനത്തെ ചോദ്യം ചെയ്തുകൊണ്ട് സുപ്രീം കോടതിയെ സമീപിച്ചു. കൂറുമാറിയ എം.എല്‍.എമാരെ അയോഗ്യരാക്കിയ സ്പീക്കറുടെ നടപടി ശരിവെച്ച സുപ്രീം കോടതി പക്ഷേ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് അവര്‍ക്കുമേല്‍ ഏര്‍പ്പെടുത്തിയ വിലക്ക് നീക്കുകയും ചെയ്തു. കൂറുമാറിയവര്‍ക്ക് ഫലത്തില്‍ കോടതി വിധിയുടെ അനുഗ്രഹമുണ്ടായി. കൂറുമാറിയവര്‍ അയോഗ്യരാകും, എന്നാല്‍ ആറ് വര്‍ഷത്തേക്ക് മത്സരവിലക്ക് എന്ന നിബന്ധന റദ്ദാക്കി.

ജസ്റ്റിസുമാരായ എന്‍.വി. രമണ, സഞ്ജീവ് ഖന്ന, കൃഷ്ണ മുരാരി എന്നിവരാണ് ഈ എം.എല്‍.എമാരുടെ ഹര്‍ജി പരിഗണിച്ചത്. സുപ്രീം കോടതിയില്‍നിന്ന് ആശ്വാസം ലഭിച്ചതോടെ അയോഗ്യരാക്കപ്പെട്ട 15 എം.എല്‍.എമാര്‍ക്ക് 2019 ഡിസംബര്‍ അഞ്ചിന് ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അവസരം ലഭിക്കുകയും ചെയ്തു. അതോടെ ബി.ജെ.പിക്കൊപ്പം ചേര്‍ന്നവര്‍ ഭൂരിപക്ഷവും ഉപതിരഞ്ഞെടുപ്പില്‍ ജയിച്ച് മന്ത്രിമാരായി.

അധികാരം നിലനിര്‍ത്താന്‍ ബി.ജെ.പി.

വിന്ധ്യനു തെക്ക് താമര വിരിയുമോ എന്ന ചോദ്യത്തിന് ബി.ജെ.പി. നല്‍കിയ മറുപടിയായിരുന്നു കര്‍ണാടക. സാമുദായിക സമവാക്യങ്ങളുടെ ആനുകൂല്യത്തില്‍ കര്‍ണാടകയില്‍ വളരാനും ഭരണം പിടിക്കാനും ബി.ജെ.പിക്ക് സാധിച്ചു. ബി.എസ്. യെദ്യൂരപ്പ എന്ന ഒറ്റ എന്‍ജിനിലാണ് ബി.ജെ.പി. പലതവണ അവിടെ അധികാരം പിടിച്ചത്. ലിംഗായത്ത് സമുദായാംഗമായ യെദ്യൂരപ്പയുടെ സാന്നിധ്യം പാര്‍ട്ടിക്ക് വോട്ടുബാങ്ക് സൃഷ്ടിച്ചു നല്‍കി. ദക്ഷിണ കര്‍ണാടക ഒഴികെയുള്ള മറ്റ് അഞ്ച് മേഖലകളിലും താരതമ്യേന ശക്തമാണ് ബി.ജെ.പി. ഇതില്‍ത്തന്നെ, 21 നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍പ്പെട്ട കോസ്റ്റല്‍ കര്‍ണാടകയാണ് ബിജെപിയുടെ ഏറ്റവും വലിയ ശക്തികേന്ദ്രം. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ നളിന്‍കുമാര്‍ കട്ടീലിന്റെ തട്ടകമായ മംഗലാപുരം മുതലുള്ള ബെല്‍റ്റ്. 2018-ല്‍ തീരദേശ മേഖല, മുംബൈ കര്‍ണാടക മേഖലകളില്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ അവര്‍ക്ക് സാാധിച്ചിരുന്നു.

പ്രതീകാത്മകചിത്രം| Photo: PTI

കുമാരസ്വാമി സര്‍ക്കാരിനെ വീഴ്ത്തിയതിന് പിന്നാലെ 2019 ജൂലൈ 26-ന് യെദ്യൂരപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. എന്നാല്‍ രണ്ടുകൊല്ലത്തിനിപ്പുറം 2021 ജൂലൈ 28-ന് അദ്ദേഹത്തെ മാറ്റി ബസവരാജ് ബൊമ്മൈയെ ബി.ജെ.പി. മുഖ്യമന്ത്രിയാക്കി. പാര്‍ട്ടിയ്ക്കുള്ളിലും എം.എല്‍.എമാര്‍ക്കിടയിലും ഉയര്‍ന്ന അതൃപ്തി, സര്‍ക്കാര്‍ ഭൂമി അഴിമതി, പ്രായം, കോവിഡ് കാലത്തെ ഭരണനിര്‍വഹണവുമായി ബന്ധപ്പെട്ട വിമര്‍ശനങ്ങള്‍- തുടങ്ങിയ ഘടകങ്ങളും യെദ്യൂരപ്പയെ സ്ഥാനത്തുനിന്ന് നീക്കുന്നതിലേക്ക് നയിച്ചുവെന്ന് കരുതുന്നുണ്ട്. യെദ്യൂരപ്പയ്ക്ക് പിന്‍ഗാമിയായെത്തിയ ബൊമ്മൈയ്ക്ക് മുന്‍പിലും വെല്ലുവിളികളാണ് രൂപംകൊണ്ടത്.

കൊല്ലം അഞ്ച് കഴിയുമ്പോള്‍ കോണ്‍ഗ്രസ് പ്രതീക്ഷയിലാണ്

2018-ല്‍ കൈവന്ന ഭരണം കൈവിട്ടു പോയതിന്റെ കലിപ്പുണ്ട് കര്‍ണാടകയിലെ കോണ്‍ഗ്രസിന്. ഇക്കുറി എന്തുവിലകൊടുത്തും ഭരണം തിരിച്ചുപിടിക്കാന്‍ കച്ചകെട്ടിയിറങ്ങിയിരിക്കുന്നു കോണ്‍ഗ്രസ്. ഭരണവിരുദ്ധവികാരം, അഴിമതി ആരോപണങ്ങള്‍, ബി.ജെ.പിയിലെ ഉള്‍പ്പാര്‍ട്ടി കലഹം, ജാതിരാഷ്ട്രീയ സമവാക്യങ്ങള്‍ തുടങ്ങി വോട്ടാക്കാന്‍ സാധിക്കുന്ന പല ട്രമ്പ് കാര്‍ഡുകളും കോണ്‍ഗ്രസിന് മുന്‍പിലുണ്ട്. താരതമ്യേന ശക്തമായ സംഘടനാ സംവിധാനമാണ് കര്‍ണാടക കോണ്‍ഗ്രസിന്റെ ബലം. 140 സീറ്റുകള്‍ നേടാനാകുമെന്ന ആത്മവിശ്വാസം പങ്കുവെക്കുന്നുണ്ട് കര്‍ണാടക പി.സി.സി. അധ്യക്ഷന്‍ ഡി.കെ. ശിവകുമാര്‍.

വിലക്കയറ്റത്തിനെതിരേ ഡി.കെ. ശിവകുമാറിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച പ്രതിഷേധത്തില്‍നിന്ന് | File Photo: ANI

''ബി.ജെ.പിയുടെ സിറ്റിങ് എം.എല്‍.എമാരില്‍ പലരും കോണ്‍ഗ്രസിലേക്ക് എത്തും. മുന്‍പ് നടത്തിയ സര്‍വേയില്‍ 136 സീറ്റുകളില്‍ വിജയിക്കുമെന്നായിരുന്നു ഞങ്ങള്‍ കണ്ടെത്തിയത്. എന്നാല്‍ ഇപ്പോള്‍ നടത്തിയ സര്‍വേ വ്യക്തമാക്കുന്നത് 140 സീറ്റുകള്‍ നേടാനാകുമെന്നാണ്. മാറ്റം ആരംഭിച്ചു കഴിഞ്ഞു. സംസ്ഥാനമൊട്ടാകെ സഞ്ചരിക്കുമ്പോള്‍ അത് കാണാന്‍ സാധിക്കുന്നുണ്ടെന്നും'' ഡി.കെ. കൂട്ടിച്ചേര്‍ക്കുന്നു. കോണ്‍ഗ്രസിന്റെ വിജയത്തെ കുറിച്ച് മാത്രമല്ല, ബി.ജെ.പിയ്ക്ക് ലഭിക്കുന്ന സീറ്റുകളെ കുറിച്ചും ഡി.കെ. പറഞ്ഞിരുന്നു. 65 സീറ്റുകളില്‍ കൂടുതല്‍ നേടാന്‍ ബി.ജെ.പിയ്ക്ക് സാധിക്കില്ലെന്നും അവരുടെ സീറ്റിന്റെ എണ്ണം 40-ലേക്ക് ചുരുങ്ങാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറുന്നു. അതേസമയം ആരാകും അടുത്ത മുഖ്യമന്ത്രിയെന്ന ചോദ്യം കോണ്‍ഗ്രസില്‍ സ്വാഭാവികമായി കലഹങ്ങളുടെ മേഘങ്ങളെ സൃഷ്ടിക്കുന്നുണ്ട്. ഡി.കെ. ശിവകുമാറും സിദ്ധരാമയ്യയുമാണ് ഈ പോരാട്ടത്തിന്റെ മുന്‍പന്തിയിലുള്ളത്.

എന്തുചെയ്യും ജെ.ഡി.എസ്.?

2018-ലെ കോണ്‍ഗ്രസുമായുള്ള സഖ്യം ജെ.ഡി.എസിനെയും കുമാരസ്വാമിയെയും സംബന്ധിച്ചിടത്തോളം ലോട്ടറിയായിരുന്നു. 37 സീറ്റ് നേടിയ പാര്‍ട്ടിക്ക് മുഖ്യമന്ത്രിസ്ഥാനം നല്‍കാന്‍ കോണ്‍ഗ്രസ് തയ്യാറായി. എന്നാല്‍ 14 മാസത്തിനിപ്പുറം ഓപ്പറേഷന്‍ താമരയിലൂടെ വിശ്വാസവോട്ടെടുപ്പില്‍ പരാജയപ്പെട്ട് മുഖംതാഴ്ത്തി മടങ്ങുന്ന കുമാരസ്വാമിയുടെ ചിത്രം പലര്‍ക്കും നല്ല ഓര്‍മയുണ്ടാകും.

എച്ച്.ഡി. കുമാരസ്വാമി PTI

സംസ്ഥാനത്തെ വൊക്കലിഗ വോട്ടുബാങ്കാണ് എന്നും ജെ.ഡി.എസ്സിനെ തുണച്ചുപോന്നത്. എന്നാല്‍ ദേവഗൗഡ ഫാക്ടര്‍ ഏറക്കുറേ അസ്തമിച്ചു. ഡി.കെ ശിവകുമാറിന്റെ കോണ്‍ഗ്രസിലെ അപ്രമാദിത്വം വോക്കലിഗ വോട്ടുകള്‍ കോണ്‍ഗ്രസിന് അനുകൂലമാക്കാനുള്ള സാധ്യത ജെഡിഎസ്സിനെയാകും ഏറ്റവും ബാധിക്കുക. 2018-ല്‍ ജെ.ഡി.എസ്. നേടിയ 37 സീറ്റുകളില്‍ 31-ഉം വൊക്കലിഗ സമുദായത്തിന് മേല്‍ക്കയ്യുള്ള ഓള്‍ഡ് മൈസൂരു മേഖലയില്‍നിന്നായിരുന്നു. എല്ലാകാലത്തും ബി.ജെ.പി. ഏറ്റവും ദുര്‍ബലം മൈസൂരു മേഖലയിലായിരുന്നു. എന്നാല്‍ സുമലതയുടെ കടന്നുവരവും അവര്‍ ഇത്തവണ ബി.ജെ.പിക്കൊപ്പമായതും അവര്‍ക്ക് പ്രതീക്ഷ നല്‍കുന്നു.

വൊക്കലിഗ- ലിംഗായത്ത് സമവാക്യങ്ങള്‍

കര്‍ണാടകയിലെ പ്രമുഖവും പ്രബലവുമായ രണ്ടു സമുദായങ്ങളാണ് ലിംഗായത്തും വൊക്കലിഗയും. കര്‍ണാടകയുടെ തെക്കന്‍ഭാഗങ്ങളിലാണ് വൊക്കലിഗ സാന്നിധ്യം കൂടുതല്‍. അതേസമയം വടക്കന്‍ കര്‍ണാടകയാണ് ലിംഗായത്ത് ബെല്‍റ്റ്. ജനസംഖ്യയില്‍ 14 ശതമാനമാണ് വൊക്കലിഗ സമുദായമെങ്കില്‍ 17 ശതമാനമാണ് ലിംഗായത്തുകള്‍. ലിംഗായത്ത് വിഭാഗം ബി.ജെ.പിയെ പിന്തുണയ്ക്കുമ്പോള്‍ കോണ്‍ഗ്രസിനോടും ജെ.ഡി.എസിനോടുമാണ് വൊക്കലിഗ വിഭാഗത്തിന് ആഭിമുഖ്യം കൂടുതല്‍.

മുന്‍പ്രധാനമന്ത്രിയും ജെ.ഡി.എസ്. അധ്യക്ഷനുമായ എച്ച്.ഡി. ദേവെഗൗഡ, മകനും മുന്‍മുഖ്യമന്ത്രിയുമായ എച്ച്.ഡി. കുമാരസ്വാമി, കോണ്‍ഗ്രസ് പി.സി.സി. അധ്യക്ഷനുമായ ഡി.കെ. ശിവകുമാര്‍ തുടങ്ങിയവര്‍ വൊക്കലിഗ സമുദായത്തില്‍നിന്നുള്ള പ്രമുഖ നേതാക്കളാണ്. മുന്‍മുഖ്യമന്ത്രിയും കര്‍ണാടകയിലെ ബി.ജെ.പിയുടെ തലപ്പൊക്കമുള്ള നേതാവുമായ ബി.എസ്. യെദ്യൂരപ്പയാണ് ലിംഗായത്ത് സമുദായത്തില്‍നിന്നുള്ള പ്രമുഖന്‍. ഇദ്ദേഹത്തെ തിരഞ്ഞെടുപ്പു പ്രചാരണ കമ്മിറ്റിയുടെ അധ്യക്ഷസ്ഥാനത്തെത്തിക്കാന്‍ പാര്‍ട്ടി ആലോചിക്കുന്നുണ്ട്. നിലവിലെ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ഭരണവിരുദ്ധവികാരം മാത്രമല്ല, സംസ്ഥാനത്തെയും കേന്ദ്രനേതൃത്വത്തിലെയും ബി.ജെ.പി. നേതാക്കളുടെ അതൃപ്തി നേരിടുകയാണ്. ഈ പശ്ചാത്തലത്തില്‍ യെദ്യൂരപ്പയുടെ സാന്നിധ്യം ഗുണകരമാകുമെന്നാണ് പാര്‍ട്ടിവൃത്തങ്ങള്‍ വിലയിരുത്തുന്നത്. എന്നാല്‍ പാര്‍ട്ടിയിലെ ഉള്‍പ്പോരില്‍ കഴിഞ്ഞ ദിവസം യെദ്യൂരപ്പയ്ക്ക് റാലി പാതിവഴിക്ക് നിര്‍ത്തി മടങ്ങേണ്ടി വന്നു. യെദ്യൂരപ്പ വിരമിച്ചപ്പോള്‍ അതുപോലെ പകരം വെക്കാന്‍ മറ്റൊരു നേതാവില്ലാത്തതാണ് ബി.ജെ.പിയുടെ ഏറ്റവും വലിയ വെല്ലുവിളി.

അതിനിടെയാണ് ബഞ്ചാര സമുദായത്തിന്റെ എതിര്‍പ്പ് വലിയ പ്രതിഷേധത്തിലേക്ക് എത്തിച്ചിരിക്കുന്നത്. സംവരണ പട്ടികയില്‍ നിന്ന് പുറത്താകുമെന്ന അവരുടെ ആശങ്ക പരിഹരിക്കാനുള്ള കഠിന ശ്രമത്തിലാണ് ബിജെപി. ഈ എതിര്‍പ്പ് 22 ശതമാനത്തോളം വരുന്ന ദളിത് വോട്ടുകളെ സ്വാധീനിച്ചാല്‍ അത് ബിജെപിക്ക് വരുത്തുന്ന ക്ഷീണം ചെറുതല്ല

മുസ്ലിം വിഭാഗത്തിന് നഷ്ടമായ ആ നാലു ശതമാനം സംവരണം

തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെയാണ് പിന്നാക്ക വിഭാഗങ്ങളുടെ പട്ടികയില്‍നിന്ന് മതന്യൂനപക്ഷങ്ങളെ ഒഴിവാക്കാനും അവര്‍ക്കായി നീക്കിവെച്ചിരുന്ന നാലുശതമാനം സംവരണം മറ്റ് വിഭാഗങ്ങള്‍ക്ക് അനുവദിക്കാനും ബസവരാജ് ബൊമ്മൈ സര്‍ക്കാര്‍ തീരുമാനിച്ചത്. സര്‍ക്കാരിന്റെ നീക്കം മുസ്ലിങ്ങളെ മാത്രമാണ് ബാധിക്കുക. ഈ നാലുശതമാനം സംവരണം വൊക്കലിഗ, ലിംഗായത്ത്, മറ്റ് സമുദായങ്ങള്‍ എന്നിവര്‍ക്ക് നല്‍കാനാണ് തീരുമാനിച്ചിട്ടുള്ളത്.

ഒ.ബി.സി. സംവരണത്തിലെ 2 B വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയാണ് മുസ്ലിം സംവരണം നിലവിലുണ്ടായിരുന്നത്. നിലവിലെ മാറ്റത്തിന് പകരമായി സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന (ഇക്കണോമിക്കലി വീക്കര്‍ സെക്ഷന്‍) വര്‍ക്കു വേണ്ടിയുള്ള സംവരണത്തില്‍ മുസ്ലിം വിഭാഗത്തെ ഉള്‍പ്പെടുത്തുമെന്നും ബസവരാജ് ബൊമ്മൈ അറിയിച്ചിട്ടുണ്ട്. സംവരണാനുകൂല്യം വര്‍ധിപ്പിക്കണമെന്നത് വൊക്കിലിഗരുടെയും ലിംഗായത്തുകളുടെയും ദീര്‍ഘകാലമായുള്ള ആവശ്യമാണ്. ഇതിനൊരു പച്ചക്കൊടി എന്ന നിലയ്ക്കാണ് സര്‍ക്കാരിന്റെ ഈ നീക്കത്തെ കാണാനാവുക. യെദ്യൂരപ്പയെ മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് നീക്കിയതില്‍ ലിംഗായത്ത് സമുദായത്തിനുള്ള അതൃപ്തി അവസാനിപ്പിക്കുക എന്ന ലക്ഷ്യവും ഇതിന് പിന്നിലുണ്ട്.

സംവരണം എടുത്തുകളിഞ്ഞ നടപടിക്ക് പിന്നാലെ ന്യൂനപക്ഷ സംവരണം ഭരണഘടനാപ്രകാരം അനുവദിക്കപ്പെട്ടതല്ല എന്ന് പറഞ്ഞുകൊണ്ട് അമിത് ഇലക്ഷന്‍ അജണ്ട തന്നെ സെറ്റ് ചെയ്തുകഴിഞ്ഞു.

കോണ്‍ഗ്രസിന്റെ ഡി.കെ. ഫാക്ടര്‍

കര്‍ണാടകയിലെ കോണ്‍ഗ്രസിന്റെ തലപ്പൊക്കമുള്ള നേതാവും ട്രബിള്‍ ഷൂട്ടറുമാണ് പി.സി.സി. അധ്യക്ഷന്‍ കൂടിയായ ഡി.കെ. ശിവകുമാര്‍. ഹൈക്കമാന്‍ഡിന്റെ വിശ്വസ്തരില്‍ ഒരാള്‍. 2018-ല്‍ കോണ്‍ഗ്രസ്-ജെ.ഡി.എസ്. സഖ്യകക്ഷി സര്‍ക്കാര്‍ രൂപവത്കരണത്തിന് പിന്നിലെ ചാണക്യന്‍ ഡി.കെയായിരുന്നു. കോണ്‍ഗ്രസ്, ജെ.ഡി.എസ്. എം.എല്‍.എമാരെ ബി.ജെ.പി. സ്വന്തം പാളയത്തിലെത്തിക്കുന്നത് തടയാന്‍ ഹൈക്കമാന്‍ഡിന്റെ ആശീര്‍വാദത്തോടെ റിസോര്‍ട്ട് രാഷ്ട്രീയം പയറ്റിയതും ഡി.കെയായിരുന്നു. ബെംഗളൂരുവിന് പുറത്ത്,സഹോദരനും എം.പിയുമായ ഡി.കെ. സുരേഷിന്റെ മണ്ഡലത്തിലെ റിസോര്‍ട്ടിലായിരുന്നു കോണ്‍ഗ്രസ്-ജെ.ഡി.എസ്. എം.എല്‍.എമാരെ ഡി.കെ. സുരക്ഷിതമായി പാര്‍പ്പിച്ചത്.

2019-ല്‍ കോണ്‍ഗ്രസ്, ജെ.ഡി.എസ്. എം.എല്‍.എമാര്‍ വിമതകലാപത്തിന് പിന്നാലെ മുംബൈയിലേക്ക് കടന്നപ്പോള്‍ അവര്‍ക്കു പിന്നാലെ പ്രത്യേക വിമാനത്തില്‍ ഡി.കെയും മുംബൈയിലെത്തി. അവിടെ വിമത എം.എല്‍.എമാര്‍ താമസിച്ചിരുന്ന റിനൈസെന്‍സ് എന്ന ഹോട്ടലിനു മുന്നിലെത്തി. എന്നാല്‍ സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തി അദ്ദേഹത്തെ അകത്തേക്ക് കടക്കാന്‍ ഹോട്ടല്‍ അധികൃതര്‍ അനുവദിച്ചില്ല. തുടര്‍ന്ന് പെയ്യുന്ന മഴകൊണ്ട് ഡി.കെ. ഹോട്ടലിന് മുന്നില്‍നിന്നു. സുഹൃത്തുക്കള്‍ക്കൊപ്പം(വിമത എം.എല്‍.എമാര്‍) ഒരു കപ്പ് കാപ്പി കുടിച്ച് സംസാരിച്ച ശേഷം മടങ്ങാമെന്നായിരുന്നു ശിവകുമാറിന്റെ നിലപാട്. എന്നാല്‍ ആ ദൗത്യത്തില്‍ അദ്ദേഹത്തിന് വിജയിക്കാനായില്ല. അദ്ദേഹത്തെ മുംബൈ പോലീസ് കസ്റ്റഡിയില്‍ എടുത്ത് തിരിച്ചയച്ചു. ഏത് പ്രതിസന്ധിയിലും ഒപ്പം നില്‍ക്കുന്ന, രാഷ്ട്രീയ എതിരാളികളെ തരിമ്പും ഭയമില്ലാത്ത നിലപാട്. അതാണ് ഡി.കെയെ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വിശ്വസ്തനാക്കുന്നത്.

കഴിഞ്ഞ ജൂണില്‍ നാഷണല്‍ ഹെരാള്‍ഡ് കേസില്‍ സോണിയാ ഗാന്ധിയ്ക്കും രാഹുല്‍ ഗാന്ധിക്കും ഇ.ഡി. സമന്‍സ് അയച്ചതില്‍ പ്രതിഷേധിച്ച ശിവകുമാറിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തപ്പോള്‍. ബെംഗളൂരുവിലെ ഇ.ഡി. ഓഫീസിനു സമീപമായിരുന്നു പ്രതിഷേധം| Photo: ANI

വൊക്കലിഗ സമുദായാംഗമായ ഡി.കെ. ശിവകുമാര്‍ നിലവില്‍ കനകപുര മണ്ഡലത്തില്‍നിന്നുള്ള എം.എല്‍.എയാണ്. ഏഴുവട്ടം എം.എല്‍.എ. ആയിട്ടുള്ള ഇദ്ദേഹം 1985-ല്‍ സതനൂര്‍ മണ്ഡലത്തില്‍നിന്ന് ദേവഗൗഡെയ്‌ക്കെതിരേ മത്സരിച്ചുവെങ്കിലും പരാജയപ്പെട്ടിരുന്നു. അഞ്ചുകൊല്ലത്തിനിപ്പുറം സതനൂരില്‍നിന്ന് തന്നെ ജനവിധി തേടിയ ഡി.കെ വിജയിച്ചു. പിന്നീട് സതനൂരില്‍നിന്നും കനകപുരയില്‍നിന്നുമായി തുടര്‍ച്ചയായി കര്‍ണാടക നിയമസഭയിലെത്തി. വിവിധ മന്ത്രിസഭകളില്‍ അംഗവുമായി. 1999-ല്‍ സതനൂര്‍ മണ്ഡലത്തില്‍ ശിവകുമാര്‍ പരാജയപ്പെടുത്തിയത് എച്ച്.ഡി. കുമാരസ്വാമിയെ ആയിരുന്നു. എന്നാല്‍ 19 വര്‍ഷത്തിനു ശേഷം, 2018-ല്‍ കോണ്‍ഗ്രസ്- ജെ.ഡി.എസ്. സര്‍ക്കാര്‍ രൂപവത്കരണത്തിന് ചുക്കാന്‍പിടിച്ച ഡി.കെ., പഴയ എതിരാളി കുമാരസ്വാമിയെ മുഖ്യമന്ത്രിപദത്തിലേക്ക് നയിക്കുന്നതില്‍ മടികാണിച്ചില്ല. ആ സര്‍ക്കാരില്‍ ജലവിഭവ വകുപ്പു മന്ത്രിസ്ഥാനമായിരുന്നു ഡി.കെ. വഹിച്ചിരുന്നത്.

2002-ല്‍ മഹാരാഷ്ട്രയിലെ വിലാസ് റാവു ദേശ്മുഖ് സര്‍ക്കാരിനെ വിശ്വാസവോട്ടെടുപ്പില്‍ വിജയിപ്പിച്ച ചരിത്രവും ശിവകുമാറിനുണ്ട്. അതിങ്ങനെ: വിശ്വാസവോട്ടെടുപ്പിന്റെ പശ്ചാത്തലത്തില്‍ എം.എല്‍.എമാരെ മഹാരാഷ്ട്രയ്ക്ക് പുറത്ത് സുരക്ഷിതരാക്കാന്‍ അന്നത്തെ കര്‍ണാടക മുഖ്യമന്ത്രി എസ്.എം. കൃഷ്ണയുടെ സഹായം വിലാസ് റാവു ദേശ്മുഖ് തേടി. ഈ ജോലി കൃഷ്ണ, ശിവകുമാറിനെ ഏല്‍പ്പിച്ചു. ശിവകുമാര്‍ മഹാരാഷ്ട്രയില്‍നിന്നുള്ള കോണ്‍ഗ്രസ് എം.എല്‍.എമാരെ ബെംഗളൂരുവിലെ റിസോര്‍ട്ടില്‍ സുരക്ഷിതരായി പാര്‍പ്പിച്ചു. തുടര്‍ന്ന് അവരെ സുരക്ഷിതമായി മുംബൈയില്‍ എത്തിക്കുകയും ചെയ്തു. ഇതോടെ വിലാസ് റാവു ദേശ്മുഖ് വിശ്വാസ വോട്ടെടുപ്പില്‍ വിജയിക്കുകയും ചെയ്തു. 2020-ലാണ് സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തെത്തുന്നത്. കര്‍ണാടകയിലെ അതിധനികരായ രാഷ്ട്രീയക്കാരില്‍ ഒരാളാണ് ഡി.കെ. അനധികൃത സ്വത്ത് സമ്പാദന ആരോപണം ഉള്‍പ്പെടെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.), സി.ബി.ഐ. തുടങ്ങിയ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം ഇദ്ദേഹം നേരിടുന്നുണ്ട്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ഒരു രാഷ്ട്രീയ നേതാവിന്റെ വീട്ടില്‍ ഏറ്റവും കൂടുതല്‍ തവണ റെയ്ഡ് നടന്നിട്ടുണ്ടെങ്കില്‍ അത് ഡി.കെ ശിവകുമാറിന്റെ വീട്ടിലാണ്. റെയ്ഡിന് പുറമെ ചോദ്യം ചെയ്യലുമായി മണിക്കൂറുകള്‍. ഡി.കെയുടെ മകള്‍ വരെ ഇ.ഡി നിരന്തരം ചോദ്യം ചെയ്തിരുന്നു

രാഹുല്‍ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്രയില്‍ ഡി.കെ. ശിവകുമാര്‍ | Photo: ANI

പാര്‍ട്ടികളും ഫോര്‍മുലകളും

സാമുദായിക സമവാക്യങ്ങളെ സമര്‍ഥമായി പ്രയോഗിച്ച് അധികാരം പിടിക്കുക എന്ന പഴയതും അതേസമയം ഫലപ്രദവുമായ ഫോര്‍മുലയാകും ബി.ജെ.പിയും കോണ്‍ഗ്രസും ജെ.ഡി.എസും പയറ്റുക. ഇതിന് ഉപോത്ബലകമാകുന്ന പല വിഷയങ്ങളും ഇതിനകം ഉരുത്തിരിഞ്ഞു കഴിഞ്ഞു. എസ്.സി., എസ്.ടി. വിഭാഗങ്ങളുടെ സംവരണപരിധി വര്‍ധിപ്പിക്കല്‍, വൊക്കലിഗ, ലിംഗായത്ത് വിഭാഗങ്ങളുടെ സംവരണം ഉയര്‍ത്തിയതുമൊക്കെ വോട്ട് ആകുമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി. കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെയും ഡി.കെ. ശിവകുമാറിന്റെയും നേതൃത്വത്തില്‍ തിരഞ്ഞെടുപ്പിനെ നേരിടുമ്പോള്‍ എസ്.സി., എസ്.ടി. വോട്ടുകളും വൊക്കലിഗ വോട്ടുകളും സമാഹരിക്കാനാകുമെന്നും അത് ഗുണകരമാകുമെന്നുമാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍. കോണ്‍ഗ്രസിനും ബി.ജെ.പിയ്ക്കും തുല്യമെന്ന നിലയ്ക്കായിരിക്കും എസ്.സി., എസ്.ടി. വോട്ടുകള്‍ വിഭജിക്കപ്പെടുക. എന്നാല്‍ ലിംഗായത്ത് വോട്ടുകള്‍ ബി.ജെ.പിയോടൊപ്പം നില്‍ക്കാനാണ് സാധ്യത. കുറുംബ വിഭാഗത്തിന്റെയും മുസ്ലിം വിഭാഗത്തിന്റെയും പിന്തുണ കൂടി ലഭിച്ചാല്‍ സ്ഥിതി സുരക്ഷിതമാക്കാമെന്ന് കോണ്‍ഗ്രസ് കണക്കു കൂട്ടുമ്പോള്‍ ലിംഗായത്ത് സമുദായത്തിന്റെ പിന്തുണയാണ് ബി.ജെ.പിയെ ആത്മവിശ്വാസത്തിലാക്കുന്നത്.

ഗാന്ധി കുടുംബം മുതല്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ബിജെപി ഉന്നയിക്കുന്ന പ്രധാന ആരോപണം അഴിമതിയാണ്. കര്‍ണാടകത്തില്‍ പക്ഷേ ഇത് നേരെമറിച്ചാണ്. ഒരു എം.എല്‍.എയുടെ വീട്ടില്‍നിന്ന് പിടിച്ചത് നോട്ടുകളുടെ കൂമ്പാരമാണ്. ആറ് കോടി രൂപയാണ് കണ്ടെടുത്തത്. ഇത് അഴിമതി ആരോപണം ചാര്‍ത്തി കോണ്‍ഗ്രസിനെ നേരിടുന്നത് ബി.ജെ.പിക്ക് വെല്ലുവിളി സൃഷ്ടിക്കുന്നു. എന്നാല്‍ റോഡ് ഷോയ്ക്കിടെ നോട്ടുകള്‍ വിതറുന്ന ഡി.കെ ശിവകുമാറിന്റെ വീഡിയോയാണ് ബിജെപി ആയുധമാക്കാന്‍ ഒരുങ്ങുന്നത്‌.

അതുപോലെ എല്ലാവരും ബി.ജെ.പിയിലേക്ക് ചേക്കേറുന്ന കാലത്ത് കര്‍ണാടകയില്‍ ബി.ജെ.പിയില്‍നിന്നും ജെഡിഎസ്സില്‍നിന്നും കോണ്‍ഗ്രസിലേക്കാണ് ഒഴുക്ക്. യെദ്യൂരപ്പയ്ക്ക് പകരം വെക്കാവുന്ന നേതാവില്ലാത്തതിനാല്‍ മോദി തരംഗമാണ് പാര്‍ട്ടി പ്രതീക്ഷിക്കുന്നത്. കോണ്‍ഗ്രസാവട്ടെ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുന്നെ പകുതി സീറ്റുകളിലെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ഒരു മുഴം മുന്നെ കളത്തിലിറങ്ങിക്കഴിഞ്ഞു.

Content Highlights: karnataka state assembly election 2023 congress bjp jds

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Bimal Hamukh
Premium

5 min

ഭാഗ്യനമ്പര്‍ 3; പുതിയ പാര്‍ലമെന്റിന്റെ  ത്രികോണരൂപവും  ബിമല്‍ ഹസ്മുഖെന്ന ആര്‍ക്കിടെക്ടും

May 30, 2023


cial
Premium

7 min

മണ്ടന്‍ ആശയമല്ല, പിച്ച തെണ്ടി ഉണ്ടാക്കിയതല്ല; കൊച്ചി വിമാനത്താവളം സിൽവർ ജൂബിലിയിലേക്ക്

May 30, 2023


wrestlers
Premium

6 min

ബ്രിജ്ഭൂഷണും ഗുസ്തി താരങ്ങള്‍ക്കും 'നാര്‍ക്കോ' കടമ്പ; നുണപരിശോധനയുടെ നിയമസാധുതയും വെല്ലുവിളിയും

May 28, 2023

Most Commented