മാലിന്യ നീക്കം 'നെല്ലിക്ക'യിലൂടെ, കണ്ണൂരിനെ ക്ലീനാക്കിയ 'ആപ്പി'ന് ദേശീയ പുരസ്‌കാരം


ജിതേഷ് പൊക്കുന്ന്കോര്‍പ്പറേഷന്‍ പരിധിയിലെ മാലിന്യ ശേഖരണം സംബന്ധിച്ച വിവരങ്ങള്‍ ഉദ്യോഗസ്ഥര്‍ക്കും വാര്‍ഡിലുള്ള ബന്ധപ്പെട്ടവര്‍ക്കും നിരീക്ഷിക്കാനും വിലയിരുത്താനും ആപ്പിലൂടെ സാധിക്കും.

നെല്ലിക്ക ആപ്പിനുള്ള സ്വച്ഛ് ഭാരത് മിഷന്റെ ആദരം കണ്ണൂർ മേയർ ടിഒ മോഹനൻ ഏറ്റുവാങ്ങുന്നു

കേരളത്തിലെ ഒട്ടുമിക്ക തദ്ദേശ സ്ഥാപനങ്ങള്‍ക്കും മാലിന്യ സംസ്‌കരണം കീറാമുട്ടിയാണ്. പലയിടത്തും മാലിന്യം ശേഖരിക്കാന്‍ ഫലപ്രദമായ മാര്‍ഗമില്ലെന്നതാണ് പ്രധാന പ്രശ്നം. വീടുകളിലെത്തി ശേഖരിക്കുന്ന മാലിന്യങ്ങള്‍ പോലും പാതിവഴിയില്‍ ഉപേക്ഷിക്കപ്പെടുന്ന സംഭവങ്ങള്‍ നിരവധിയാണ്. ഇത്തരം പ്രശ്നങ്ങളെല്ലാം പരിഹരിക്കാന്‍ കണ്ണൂര്‍ കോര്‍പ്പറേഷന്‍ കണ്ടെത്തിയ മാര്‍ഗമാണ് നെല്ലിക്ക മൊബൈല്‍ ആപ്പ്. വീടുകളില്‍നിന്നും സ്ഥാപനങ്ങളില്‍നിന്നും ഖരമാലിന്യ ശേഖരണത്തിനായി ഏര്‍പ്പെടുത്തിയ നെല്ലിക്ക ആപ്പിന് കേന്ദ്ര നഗരകാര്യമന്ത്രാലയത്തിന് കീഴിലുള്ള സ്വച്ഛ് ഭാരത് മിഷന്റെ ആദരം ലഭിച്ചിരിക്കുകയാണിപ്പോള്‍.

കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ നടന്ന സ്വച്ഛത സ്റ്റാര്‍ട്ടപ്പ് കോണ്‍ക്ലേവില്‍ രാജ്യത്തെ മികച്ച 30 സ്റ്റാര്‍ട്ടപ്പുകളില്‍ ഒന്നായാണ് നെല്ലിക്കയെ തിരഞ്ഞെടുത്തത്. കേരളത്തില്‍നിന്ന് കണ്ണൂര്‍ കോര്‍പ്പറേഷനെ മാത്രമാണ് ഇക്കൂട്ടത്തില്‍ തിരഞ്ഞെടുത്തത്. സ്വച്ഛ് ഭാരത് മിഷന് ലഭിച്ച 260-ഓളം അപേക്ഷകളില്‍നിന്നാണ് മികച്ച 30 എണ്ണം ഷോര്‍ട്ട് ലിസ്റ്റ് ചെയ്തത്. ഇതില്‍ നാലെണ്ണം മാത്രമാണ് കോര്‍പ്പറേഷന്‍/നഗരസഭാ മേഖലയില്‍നിന്ന് തിരഞ്ഞെടുക്കപ്പെട്ടത്. ബാക്കി 26 എണ്ണവും സ്വകാര്യമേഖലയില്‍ നിന്നാണ്. ഉത്തര്‍പ്രദേശിലെ കാണ്‍പുര്‍, മഹാരാഷ്ട്രയിലെ ഉല്ലാസ് നഗര്‍, രാജസ്ഥാനിലെ ശിക്കാര്‍ എന്നിവയാണ് തിരഞ്ഞെടുക്കപ്പെട്ട മറ്റു തദ്ദേശസ്ഥാപനങ്ങള്‍. ഡല്‍ഹിയിലെ ചടങ്ങില്‍ കണ്ണൂര്‍ കോര്‍പ്പറേഷനെ പ്രതിനിധീകരിച്ച് മേയര്‍ ടി.ഒ. മോഹനന്‍, സെക്രട്ടറി വിനു സി. കുഞ്ഞപ്പന്‍, ആപ്പ് ഡയറക്ടര്‍മാരായ ഫഹദ് മുഹമ്മദ്, നിജിന്‍ നാരായണന്‍ എന്നിവരാണ് പങ്കെടുത്തത്.

ക്യു.ആര്‍ കോഡില്‍ ഡിജിറ്റിലായ മാലിന്യ ശേഖരണം

കണ്ണൂര്‍ കോര്‍പ്പറേഷന്‍ പരിധിയില്‍ മാലിന്യം കെട്ടിക്കിടക്കുന്ന ദുരവസ്ഥയ്ക്ക് പരിഹാരം കാണാന്‍ രണ്ടുവര്‍ഷം മുമ്പാണ് നെല്ലിക്ക എന്ന പേരില്‍ കോര്‍പ്പറേഷന്‍ പ്രത്യേക മൊബൈല്‍ ആപ്പ് പുറത്തിറക്കിയത്. ഹരിത സഹായ സ്ഥാപനമായ നിര്‍മല്‍ ഭാരത് ട്രസ്റ്റാണ് ആപ്പിലൂടെ മാലിന്യ നിര്‍മാര്‍ജനത്തിന് പുതുവഴി ഒരുക്കിയത്. ഹരിതകര്‍മസേനയെ ഉപയോഗിച്ച് അജൈവമാലിന്യങ്ങളുടെ വാതില്‍പ്പടി ശേഖരണമാണ് ആപ്പിലൂടെ നടത്തുന്നത്. വീടുകളിലും സ്ഥാപനങ്ങളിലും ക്യൂആര്‍ കോഡ് പതിച്ച് ഡിജിറ്റര്‍ രൂപത്തിലായിരുന്നു ആപ്പിന്റെ പ്രവര്‍ത്തനം. മാലിന്യം ശേഖരിക്കാന്‍ ഹരിതകര്‍മ സേന പ്രവര്‍ത്തകര്‍ വരുന്ന ദിവസം വീട്ടുകാര്‍ക്ക് ഫോണില്‍ സന്ദേശം ലഭിക്കും. ഇതനുസരിച്ച് മാലിന്യം മുന്‍കൂട്ടി എടുത്തുവയ്ക്കാം.

സ്വച്ഛത സ്റ്റാര്‍ട്ടപ്പ് കോണ്‍ക്ലേവില്‍ മികച്ച സ്റ്റാര്‍ട്ടപ്പുകളായി തിരഞ്ഞെടുക്കപ്പെട്ടവര്‍ പുരസ്‌കാരവുമായി

നിലവില്‍ കോര്‍പ്പറേഷനിലെ 80 ശതമാനം വീട്ടുകാര്‍ ഇതിന്റെ ഗുണഭോക്താക്കളാണ്. മാസംതോറും ഹരിതസേന പ്രവര്‍ത്തരെത്തി വീടുകളില്‍ ഒട്ടിച്ചുവെച്ച ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്താണ് മാലിന്യം ശേഖരിക്കുക. ഇതിനായി പരമാവധി 50 രൂപ ഫീസും ഈടാക്കും. പ്ലാസ്റ്റിക്, തുണിത്തരങ്ങള്‍, ഇ-മാലിന്യം എന്നിങ്ങനെ കൃത്യമായി തരംതിരിച്ചാണ് വാതില്‍പ്പടി ശേഖരണം. പ്ലാസ്റ്റിക് എല്ലാ മാസവും ശേഖരിക്കും. ഇതിനൊപ്പം ഒന്നെങ്കില്‍ ഒരുമാസം കുപ്പി, അടുത്ത മാസം പഴയ തുണികള്‍, തൊട്ടടുത്ത മാസം പഴയ ബാഗ്, അതിനടുത്ത മാസം പഴയ ചെരുപ്പ്, ഇലക്ട്രോണിക് മാലിന്യം എന്നിങ്ങനെയാണ് ശേഖരണം. ഈ മാലിന്യങ്ങള്‍ മുനിസിപ്പാലിറ്റി സജ്ജമാക്കിയ കേന്ദ്രത്തിലെത്തിച്ച് വീണ്ടും വേര്‍തിരിച്ച് ബെയില്‍ ചെയ്ത ശേഷം കര്‍ണാടക, ഹരിയാന, ഡല്‍ഹി, പേണ്ടിച്ചേരി, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ റീസൈക്ലിങ് ഏജന്‍സികള്‍ക്കാണ് വില്‍പ്പന നടത്തുന്നത്. റീസൈക്കിള്‍ ചെയ്യാന്‍ പറ്റാത്ത മാലിന്യങ്ങള്‍ തമിഴ്നാട്ടിലേയും മറ്റും സിമന്റ് ഫാക്ടറികളിലേക്കും നല്‍കും.

Also Read
SERIES

വലിയ റോക്കറ്റ് സയൻസ് ഒന്നുമല്ല, മനസ്സുണ്ടായാൽ ...

SERIES

മാതൃകയുണ്ട്, പിന്തുടരാൻ സർക്കാരിനാണോ മടി? ...

SERIES

പൂട്ടിപ്പോയവ നിരവധി, സർക്കാരിന് പാഠങ്ങൾ ...

തുടക്കം തളിപ്പറമ്പ് മുനിസിപ്പാലിറ്റിയില്‍

നെല്ലിക്ക ആപ്പിന്റെ പ്രവര്‍ത്തം ആദ്യം തുടങ്ങിയത് തളിപ്പറമ്പ് മുനിസിപ്പാലിറ്റിയിലാണ്. ഇതിനുശേഷമാണ് കണ്ണൂര്‍ കോര്‍പ്പറേഷന്‍ മാലിന്യ മുക്തമാക്കാനും നെല്ലിക്കയുടെ സേവനമെത്തിയത്. നിലവില്‍ കണ്ണൂരിലെ തലശ്ശേരി, പാനൂര്‍, കൂത്തുപറമ്പ്, പയ്യന്നൂര്‍ എന്നീ മുനിസിപ്പാലാറ്റികളിലും കാസര്‍കോട് മുനിസിപ്പാലിറ്റിയിലും ഉള്‍പ്പെടെ 15 തദ്ദേശ സ്ഥാപനങ്ങള്‍ ഈ ആപ്പ് ഉപയോഗിച്ച് മാലിന്യ ശേഖരണം നടത്തുന്നുണ്ട്. ഇതില്‍ കൂടുതല്‍ ജനസംഖ്യയുള്ളതിനാല്‍ വലിയ തോതില്‍ മാലിന്യം ശേഖരണം ഫലപ്രദമായി നടക്കുന്നത് കണ്ണൂര്‍ കോര്‍പ്പറേഷന്‍ പരിധിയിലാണ്. വീടുകളില്‍ സ്ഥാപിച്ച ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്താല്‍ ഇതുവരെ ശേഖരിച്ച മാലിന്യത്തിന്റെ വിവരങ്ങള്‍ ഉള്‍പ്പെടെ അറിയാനാകും.

കോര്‍പ്പറേഷന്‍ പരിധിയിലെ മാലിന്യ ശേഖരണം ഉദ്യോഗസ്ഥര്‍ക്കും വാര്‍ഡിലുള്ള ബന്ധപ്പെട്ടവര്‍ക്കും കൃത്യമായി നിരീക്ഷിക്കാനും വിലയിരുത്താനും ആപ്പിലൂടെ സാധിക്കും. പദ്ധതിയുടെ ഭാഗമാകാത്ത വീടുകള്‍ തിരിച്ചറിഞ്ഞ് അവര്‍ക്ക് ബോധവത്ക്കരണവും കോര്‍പ്പറേഷന്‍ നല്‍കിവരുന്നുണ്ട്.

20 ശതമാനം പേര്‍ക്ക് ഇപ്പോഴും വിമുഖത

കെപി ഫഹദ് മുഹമ്മദ്

ഹരിതകര്‍മ സേന പ്രവര്‍ത്തകര്‍ കൃത്യമായി എല്ലാ വീടുകളിലും പോകുന്നുണ്ടോ, വീട്ടുകാര്‍ മാലിന്യം കൊടുക്കുന്നുണ്ടോ എന്നിവയെല്ലാം ആപ്പിലൂടെ അറിയാനാകും. വീടുകളില്‍നിന്ന് മാലിന്യം എടുക്കുന്നത് മുതലുള്ള എല്ലാ കാര്യങ്ങളും ആപ്പില്‍ ലഭ്യമായതിനാല്‍ ശേഖരിച്ചുകൊണ്ടുവരുന്ന മാലിന്യങ്ങള്‍ പൊതുസ്ഥലത്ത് തള്ളുന്ന പ്രവണത ഇല്ലാതാക്കാനും ആപ്പിലൂടെ സാധിക്കുമെന്ന് നെല്ലിക്ക ആപ്പ് എം.ഡി കെ.പി ഫഹദ് മുഹമ്മദ് പറയുന്നു. പദ്ധതിയില്‍ പങ്കാളികളാകാന്‍ കോര്‍പ്പറേഷനിലെ 20 ശതമാനത്തോളം വീട്ടുകാര്‍ ഇപ്പോഴും വിമുഖത കാണിക്കുന്നുണ്ടെന്നും ആളുകളെ ബോധവത്ക്കരിച്ച് പദ്ധതിയുടെ ഭാഗമാക്കിയാല്‍ മാലിന്യം പൊതുസ്ഥലങ്ങളില്‍ വലിച്ചെറിയുന്ന രീതി പൂര്‍ണമായി മാറ്റിയെടുക്കാന്‍ സാധിക്കുമെന്നും ഫഹദ് മുഹമ്മദ് പറയുന്നു.

മികച്ച മാതൃക, ആളുകളുടെ മനോഭാവം മാറണം

മാലിന്യ ശേഖരത്തിന് മികച്ചൊരു മാതൃകയാണിത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ കോര്‍പ്പറേഷന്‍ പരിധിയിലെ വീടുകളില്‍ നിന്ന് 100 കണക്കിന് ടണ്‍ മാലിന്യം ആപ്പിലൂടെ ശേഖരിച്ചു. ഈ പ്രവര്‍ത്തനം നടക്കുന്നില്ലെങ്കില്‍ ഇതെല്ലാം റോഡുകളിലും പൊതുവഴികളിലും വലിച്ചെറിയപ്പെടും. രണ്ട് വര്‍ഷം മുമ്പുതന്നെ ആരംഭിച്ച പദ്ധതിയാണെങ്കിലും ഇപ്പോഴാണ് പൂര്‍ണ നിലയിലേക്ക് പ്രവര്‍ത്തനം വ്യാപിച്ചതെന്നും കോര്‍പ്പറേഷന്‍ പരിധിയിലെ മാലിന്യ പ്രശ്നം പരിഹരിക്കാന്‍ ആപ്പുകൊണ്ട് സാധിച്ചിട്ടുണ്ടെന്നും കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ടി.ഒ മോഹനന്‍ പറഞ്ഞു.

മേയര്‍ ടി.ഒ മോഹനന്‍

50 രൂപ നിശ്ചിത ഫീസ് ഈടാക്കുന്നതിനാല്‍ ചില വീട്ടുകാര്‍ മാലിന്യം നല്‍കാന്‍ തയ്യാറാകാത്ത പ്രവണതയുണ്ടെന്നും ഇവരെക്കൂടി ബോധവത്ക്കരിച്ച് പദ്ധതിയുടെ ഭാഗമാക്കാനാണ് ശ്രമിക്കുന്നതെന്നും മേയര്‍ പറഞ്ഞു. പ്ലാസ്റ്റിക് വിറ്റാല്‍ പൈസ കിട്ടുന്ന സാധനമല്ലേ, എന്നിട്ട് കോര്‍പ്പറേഷന് നമ്മള്‍ പ്ലാസ്റ്റിക്കും കൊടുക്കണം പൈസയും കൊടുക്കണമെന്ന് പറഞ്ഞാല്‍ എങ്ങനെയാണ് ശരിയാകുകയെന്നാണ് പലരുടേയും മനോഭാവം. മാലിന്യം ഹരിതകര്‍മ സേനയ്ക്ക് കൊടുക്കാതെ വീട്ടില്‍ തന്നെ കത്തിക്കുകയാണ് ഇത്തരക്കാര്‍ ചെയ്യുന്നത്. ഇതിലൂടെ അവരെല്ലാം രോഗം വരുത്തി വയ്ക്കുകയാണെന്നും പിന്നീട് ലക്ഷക്കണക്കിന് രൂപ ആശുപത്രിയില്‍ ചികിത്സയ്ക്ക് കൊടുക്കേണ്ട സാഹചര്യത്തിലേക്കാണ് കാര്യങ്ങള്‍ പോവുകയെന്നും മേയര്‍ ഓര്‍മപ്പെടുത്തി.

ആപ്പുമായി സര്‍ക്കാരും, ഹരിത മിത്രം

മാലിന്യ ശേഖരണത്തിനായി നെല്ലിക്കയ്ക്ക് സമാനമായൊരു ആപ്പ് സംസ്ഥാന സര്‍ക്കാരും അവതരിപ്പിച്ചിട്ടുണ്ട്. ഹരിത മിത്രം സ്മാര്‍ട്ട് ഗാര്‍ബേജ് ആപ്പ് എന്ന പേരിലുള്ള ഈ ആപ്പ് ഉടന്‍ പ്രവര്‍ത്തന ക്ഷമമാകുമെന്നാണ് വിവരം. മാലിന്യസംസ്‌കരണ മേഖലയിലെ ഓരോ പ്രവര്‍ത്തനവും അതാത് സമയങ്ങളില്‍ ഡിജിറ്റല്‍ സംവിധാനത്തിലൂടെ സംസ്ഥാനതലം മുതല്‍ തദ്ദേശസ്വയംഭരണ സ്ഥാപന വാര്‍ഡ് തലം വരെ വിലയിരുത്തുന്നതിനായി കെല്‍ട്രോണിന്റെ സാങ്കേതിക സഹായത്തോടെ ഹരിത കേരളം മിഷന്‍, ശുചിത്വ മിഷന്‍, കില എന്നിവയുടെ സഹകരണത്തോടെ വികസിപ്പിച്ച ആപ്ലിക്കേഷനാണിത്. വിവിധ ഇടങ്ങളിലെ ഹരിത കര്‍മസേന പ്രവര്‍ത്തകര്‍ ഇതിനുള്ള സര്‍വ്വേ നടപടികളും വീടുകളില്‍ ക്യു.ആര്‍ കോഡ് സ്ഥാപിക്കുന്നത് ഉള്‍പ്പെടെയുള്ള ജോലികളും പൂര്‍ത്തീകരിച്ചിട്ടുണ്ട്.

കൃത്യമായ രീതിയില്‍ യൂസര്‍ഫീ ലഭിക്കാത്തതാണ് ഹരിതകര്‍മ്മ സേന നേരിടുന്ന പ്രധാന വെല്ലുവിളി. ആപ്പ് വരുന്നതു വഴി യൂസര്‍ഫീ നല്‍കാത്ത വീടുകളെയും സ്ഥാപനങ്ങളെയും എളുപ്പത്തില്‍ കണ്ടുപിടിക്കാനും വാതില്‍പ്പടി ശേഖരണം കൃത്യമായി നടപ്പിലാക്കാനും സാധിക്കുമെന്ന് സര്‍ക്കാര്‍ പറയുന്നു. ഗുണഭോക്താക്കള്‍ക്ക് സേവനം ആവശ്യപ്പെടുന്നതിനും പരാതികള്‍ അറിയിക്കുന്നതിനും ഫീസുകള്‍ അടയ്ക്കുന്നതിനുമുള്ള സംവിധാനങ്ങള്‍ ആപ്പിലുണ്ടാകും. കൂടാതെ മലിനീകരണ പ്രശ്‌നങ്ങള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ശ്രദ്ധയില്‍പ്പെടുത്തുന്നതിനുള്ള സൗകര്യവും, മാലിന്യവും പാഴ് വസ്തുക്കളും നീക്കം ചെയ്യുന്നതിന് ഉപയോഗിക്കുന്ന വാഹനങ്ങളുടെ സഞ്ചാരദിശ, ജി.പി.എസ് സംവിധാനം ഉപയോഗപ്പെടുത്തി ട്രാക്ക് ചെയ്യല്‍ എന്നീ സൗകര്യങ്ങളും ആപ്പിലുണ്ടാകും. ആപ്പ് പൂര്‍ണതോതില്‍ പ്രവര്‍ത്തനക്ഷമമാകുന്നതോടെ സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും മാലിന്യ ശേഖരണം ഈ രീതിയിലേക്ക് മാറും. ഇതുവഴി മാലിന്യപ്രശ്‌നം പരാതികളില്ലാതെ പരിഹരിക്കാനാകുമെന്നാണ് സര്‍ക്കാറിന്റെ പ്രതീക്ഷ.

Content Highlights: kannur corporation's nellikka app gets national recognition for waste management


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
anas

2 min

പോയത് നാലുകോടി രൂപ; ജീവിതം അവസാനിപ്പിക്കുമെന്ന് പറഞ്ഞ് മുഖ്യമന്ത്രിക്ക് കത്തയച്ച് സംരംഭകന്‍

Oct 7, 2022


'ഷർട്ട് വാങ്ങാൻ 1500 രൂപ കൊടുത്തു, ലോണടയ്ക്കാൻ 1000 തിരികെ തന്നു'

Oct 6, 2022


06:50

വിമാനലോകത്തിലെ ഭീമന്‍, എയര്‍ബസ് A 380 സീരീസിന്  മരണമണി മുഴങ്ങുന്നു

Oct 6, 2022

Most Commented