കൽപ്പന ചൗള|Getty Images
സ്‌കൂളിലെ അഡ്മിഷന്‍ ദിനം. രജിസ്റ്ററില്‍ കുട്ടികളുടെ പേര് ചേര്‍ക്കുന്ന തിരക്കിലായിരുന്നു സ്‌കൂള്‍ അധികൃതര്‍. പലരും പേര് പറഞ്ഞു. ഒരു കുട്ടിയോടൊപ്പം വന്ന അമ്മയ്ക്ക് സ്‌കൂളില്‍ ഏത് പേരിടണമെന്നത് സംബന്ധിച്ച് ആശയക്കുഴപ്പമായിരുന്നു. കല്‍പന, ജ്യോത്സ്‌ന... ഇങ്ങനെ പല പേരുകളായിരുന്നു മനസ്സില്‍. അപ്പോള്‍ അധ്യാപകര്‍ തന്നെ കുട്ടിയോട് ചേദിച്ചു. ഏത് ചേര്‍ക്കണം. ഉടന്‍ വന്നു മറുപടി കല്‍പന- ഭാവനയെന്നാണ് അര്‍ഥം. കുട്ടി തന്നെ വിവരിച്ചുകൊടുത്തു. ഇത് കേട്ടതോടെ അധ്യാപകരും അത്ഭുതപ്പെട്ടു. ആ അത്ഭുതപ്പെടലാണ് പിന്നീട് യാഥാര്‍ഥ്യത്തിലേക്കും അതിരുകളില്ലാതെ സ്വപ്‌നം കണ്ട കുട്ടിയിലേക്കുമുള്ള കല്‍പനയുടെ മാറ്റമെന്ന് അവരെക്കുറിച്ച് അക്കാലത്ത് വന്ന ചില എഴുത്തുകള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. മാത്രമല്ല, മറ്റ് കുട്ടികള്‍ മരവും ഇലയും പൂമ്പാറ്റയുമെല്ലാം പുസ്തകത്തില്‍ വരച്ചിട്ടപ്പോള്‍ വിമാനങ്ങളെ വരച്ചിട്ട കല്‍പനയേയും ഓര്‍ക്കുന്നുണ്ട് സ്‌കൂളിലെ അധ്യാപകര്‍.
കര്‍ണാലിലെ ടാഗോര്‍ ബോല്‍ നികേതന്‍ സ്‌കൂളില്‍നിന്നു തുടങ്ങിയ ആ യാത്ര ചെന്നെത്തിച്ചത് 'നാസ'യുടെ വാതില്‍ക്കലായിരുന്നു. അങ്ങനെ കല്‍പന തന്റെ ബഹിരാകാശ സ്വപ്നത്തിന്റെ ആദ്യവാതില്‍ തുറന്നു. വര്‍ഷങ്ങള്‍ക്കിപ്പുറം മറ്റൊരു ഫെബ്രുവരി വന്നെത്തുമ്പോള്‍ ആ വേര്‍പാടിന് ഇരുപത് വര്‍ഷമാകുന്നു. ഇനിയും ഒരുപാട് ചരിത്രമെഴുതിച്ചേര്‍ക്കാനുണ്ടായിരുന്ന ഒരു പെണ്‍കുട്ടി ആകാശത്ത് ഒരു നക്ഷത്രം പോലെ മിന്നിമാഞ്ഞ ഫെബ്രുവരി ഒന്ന്.

1982-ല്‍ പഞ്ചാബ് എന്‍ജിനിയറിങ് കോളേജില്‍നിന്ന് എയര്‍നോട്ടിക്കല്‍ എന്‍ജിനിയറിങ്ങില്‍ ബിരുദമെടുത്ത ഏക പെണ്‍കുട്ടിക്ക് ആകാശം മാത്രമായിരുന്നു എന്നും മനസ്സില്‍. ഏറെ നാളത്തെ പരിശ്രമഫലമായി 'നാസ'യുടെ കൊളംബിയ എന്ന ബഹിരാകാശ വാഹനദൗത്യത്തില്‍ ഇടം നേടാനുള്ള അവസരം വന്നുചേര്‍ന്നപ്പോള്‍ ആഹ്ലാദിച്ചത് അമേരിക്ക മാത്രമായിരുന്നില്ല. കാരണം കല്‍പന എഴുതിച്ചേര്‍ത്തത് ഒരു ചരിത്രമായിരുന്നു. ബഹിരാകാശത്ത് പോയ ആദ്യ ഇന്ത്യക്കാരിയെന്ന ചരിത്രം. ആദ്യദൗത്യത്തിന് ശേഷം 'നാസ' കൊളംബിയയെ വീണ്ടും പരീക്ഷിച്ചപ്പോള്‍ അതിലും കല്‍പനയെ ഒപ്പം ചേര്‍ത്തത് അവരുടെ അടങ്ങാത്ത താല്‍പര്യവും ആത്മസമര്‍പ്പണവും കൊണ്ടായിരുന്നു.
പക്ഷെ, രണ്ടാം ദൗത്യത്തിന്റെ അവസാന മണിക്കൂറില്‍ 2003 ഫെബ്രുവരി ഒന്നിന് കല്‍പനയും മറ്റ് ആറു പേരും സഞ്ചരിച്ച കൊളംബിയ പൊട്ടിത്തെറിച്ച് ഛിന്നഭിന്നമായപ്പോള്‍ ലോകം കരഞ്ഞു. ചരിത്രം ബാക്കിയായി. അമേരിക്കന്‍ ബഹിരാകാശ ദൗത്യങ്ങളുടെ ഈറ്റില്ലമായ കെന്നഡി സ്പേസ് സെന്ററില്‍ രാവിലെ തിരിച്ചെത്താനായിരുന്നു കൊളംബിയയുടെ ലക്ഷ്യം. എന്നാല്‍, ഭൗമാന്തരീക്ഷത്തില്‍ പ്രവേശിച്ച് മുന്നോട്ട് ചലിക്കുന്നതിനിടെ കൊളംബിയയ്ക്ക് തീപിടിച്ചു. നിമിഷങ്ങള്‍ക്കകം താന്‍ സ്വപ്നം കണ്ട ആകാശത്തു നിന്നുതന്നെ ഒരു നക്ഷത്രം കണക്കെ കല്‍പനയും സംഘവും മിന്നിമറിഞ്ഞു.
കൊളംബിയ ദുരന്തം
2003-ജനുവരി 16-ന് മറ്റ് ആറു പേര്‍ക്കൊപ്പമായിരുന്നു എസ്.ടി.എസ്-107 കൊളംബിയ വാഹനത്തില്‍ ബഹിരാകാശത്തേക്കുള്ള കല്‍പനയുടെ യാത്ര. ബഹിരാകാശത്തില്‍ അനുഭവപ്പെടുന്ന ഭാരമില്ലായ്മയെ പറ്റിയുള്ള ഗവേഷണമായിരുന്നു അവരുടെ ദൗത്യം. ബഹിരാകാശ ഗവേഷകരുടെ സുരക്ഷയ്ക്ക് വേണ്ടിയായിരുന്നു 'നാസ' ഈ പഠനം നടത്തിയത്. നിലത്തിറങ്ങുന്നതിന് 16 മിനിറ്റുകള്‍ക്ക് മുമ്പ് 'നാസ'യ്ക്ക് കൊളംബിയയുമായുള്ള നിയന്ത്രണം നഷ്ടപ്പെട്ടു. റിക്ക് ഡി. ഹസ്ബന്‍ഡ്, വില്യം സി. മെക്കൂള്‍, മൈക്കിള്‍ പി. അന്‍ഡേഴ്സണ്‍, ഇലാന്‍ റമോണ്‍, കല്‍പന ചൗള, ഡേവിഡ് എം. ബ്രൗണ്‍, ലോറല്‍ ക്ലാര്‍ക്ക് എന്നിവരായിരുന്നു സംഘത്തിൽ ഉണ്ടായിരുന്നത്. രണ്ട് വര്‍ഷത്തെ തയ്യാറെടുപ്പിന് ശേഷമായിരുന്നു യാത്ര. 2000-ല്‍ തന്നെ ഇതിന്റെ തയ്യാറെടുപ്പുകള്‍ നടന്നിരുന്നുവെങ്കിലും കൊളംബിയയില്‍ അടിക്കടി പിഴവുകള്‍ കണ്ടെത്തിയതിനാല്‍ ദൗത്യം നീണ്ടുപോവുകയായിരുന്നു.

ചരിത്രദൗത്യത്തിന് ശേഷം പതിനേഴ് ദിവസം ബഹിരാകാശത്ത് ചിലവഴിച്ച ശേഷമാണ് കല്‍പനയും സംഘവും ഭൂമിയിലേക്ക് തിരിച്ചത്. അത് അവസാന യാത്രയായി. വിക്ഷേപണ സമയത്ത് സംഭവിച്ച ചില സാങ്കേതിക തകരാറുകളാണ് ദുരന്തത്തിന് കാരണമെന്നാണ് പിന്നീട് കണ്ടെത്തിയത്. കല്‍പന വരുത്തിവെച്ച ചില പിഴവുകളാണ് ദുരന്തത്തിന് കാരണമെന്ന ആരോപണം വന്നിരുന്നുവെങ്കിലും 'നാസ' കല്‍പനയെ അസാധാരണമായ ബഹിരാകാശ സഞ്ചാരിയെന്ന് വിശേഷിപ്പിച്ച് അവരോട് ആദരവ് പ്രകടിപ്പിക്കുകയാണ് ചെയ്തത്. കൊളംബിയയുടെ തകര്‍ച്ച നടന്ന് 90 മിനിറ്റിന് ശേഷം തന്നെ 'നാസ' കൊളംബിയ ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ രൂപീകരിച്ച് അന്വേഷണം ആരംഭിച്ചിരുന്നു. മുന്‍ യു.എസ്. നേവി അഡ്മിറല്‍ ഹരോല്‍ഡ് വി.ജെര്‍മാന്റെ നേതൃത്വത്തിലുള്ള സംഘത്തിനായിരുന്നു അന്വേഷണ ചുമതല. ആദ്യഘട്ടത്തില്‍ എട്ടംഗ സമിതിയായിരുന്നു അന്വേഷിച്ചതെങ്കിലും പിന്നീട് 13 സംഘ സംഘത്തിലേക്ക് ബോര്‍ഡ് വിപുലീകരിച്ചു.
കൊളംബിയയുടെ ഇടതു ചിറകില്‍ സംഭവിച്ച തകരാറാണ് തകര്‍ച്ചയ്ക്ക് കാരണമെന്നാണ് കണ്ടെത്തിയത്. താപകവചത്തിനും കേടുപാടുണ്ടായിരുന്നു. തിരിച്ചിറക്കത്തിനിടെ ഇടതു ചിറകുകള്‍ക്ക് തീപിടിക്കുകയും മിനുറ്റുകള്‍ക്കുള്ളില്‍ അഗ്‌നിഗോളമായി മാറുകയുമായിരുന്നു. ടെക്സസിന്റെ പല ഭാഗത്തും കൊളംബിയയുടെ അവശിഷ്ടങ്ങള്‍ പതിച്ചു. പ്രദേശവാസികള്‍ ഉയര്‍ന്ന സ്ഫോടനശബ്ദവും പുകയും ആകാശത്ത് കണ്ടു. സാങ്കേതിക തകരാര്‍ 'നാസ' മനസ്സിലാക്കിയിരുന്നുവെങ്കിലും വേണമെങ്കില്‍ 'നാസ'യ്ക്ക് ബഹിരാകാശത്ത് വെച്ചുതന്നെ പ്രശ്നപരിഹാരം നടത്താമായിരുന്നു എന്നൊക്കെയുള്ള വിമര്‍ശനങ്ങളും പിന്നീട് വന്നു. അതുകൊണ്ടു തന്നെ 'നാസ'യ്ക്ക് കൊളംബിയന്‍ ദുരന്തം വലിയ നാണക്കേടിനും വഴിവെച്ചു. 1981-ല്‍ ആയിരുന്നു കൊളംബിയയുടെ ആദ്യ ദൗത്യം. 1997-ല്‍ നടന്ന മറ്റൊരു കൊളംബിയന്‍ ദൗത്യത്തിലായിരുന്നു കല്‍പനയുടെ ദൗത്യം. 2003-ല്‍ അവസാന ദൗത്യവുമായി.
നാല്‍പതാം വയസ്സിലെ മടക്കം
ദുരന്തം സംഭവിക്കുമ്പോള്‍ നാല്‍പത് വയസ്സായിരുന്നു കല്‍പനയ്ക്ക്. ഹരിയാനയിലെ സാധാരണ ഗ്രാമത്തില്‍ ജനിച്ച് പിന്നീട് അമേരിക്കന്‍ പൗരത്വം നേടിയ പെണ്‍കുട്ടി. വിമാനങ്ങളോടുള്ള അടങ്ങാത്ത ആഗ്രഹം ജീന്‍ പിയറി ഹാരിസണ്‍ എന്ന വൈമാനികന്റെ ജീവിതപങ്കാളിയാക്കി. അമേരിക്കന്‍ പൗരത്വം നേടിയ ഹാരിസണ് ശേഷമാണ് കല്‍പനയും അമേരിക്കന്‍ പൗരത്വം നേടിയത്. കല്‍പനയുടെ വിദ്യാഭ്യാസ പശ്ചാത്തലം, വിമാനം പറത്താനുള്ള വൈദഗ്ദ്ധ്യം, അസാധാരണ ശാരീരികക്ഷമത എന്നീ ഘടകങ്ങള്‍ പരിഗണിച്ചാണ് 'നാസ' കല്‍പനയേയും ബഹിരാകാശ ദൗത്യത്തിന്റെ ഭാഗമാക്കിയത്. 1997-ലെ ആദ്യ യാത്രയില്‍ 375 മണിക്കൂറുകളോളം ബഹിരാകാശത്ത് ചിലവഴിച്ചു. കല്‍പനയുടെ കഴിവും താല്‍പര്യവും പരിഗണിച്ച് രണ്ടാം ദൗത്യത്തിലും അംഗമാക്കുകയായിരുന്നു.

മരണശേഷം ഒട്ടേറെ ബഹുമതികളാണ് കല്‍പനയെ തേടിയെത്തിയത്. യു.എസ്. കോണ്‍ഗ്രസിന്റെ സ്പേസ് മെഡല്‍ ഓഫ് ഓണര്‍, 'നാസ'യുടെ സ്പേസ് ഫ്ളൈറ്റ് എന്നിവയെല്ലാം ഇതില്‍പെടും. മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയി ഐ.എസ്.ആര്‍.ഒയുടെ ഒരു ബഹിരാകാശ ഉപഗ്രഹത്തിന് കല്‍പനയുടെ പേര് സമര്‍പ്പിച്ചിരുന്നു. ഇന്ത്യ വിക്ഷേപിച്ച മെറ്റ്സാറ്റ്-1 ആണ് പിന്നീട് 'കല്‍പന- 1' എന്ന പേരില്‍ അറിയപ്പെട്ടിരുന്നത്. 2002 സെപ്റ്റംബര്‍ 12-ന് ആയിരന്നു ശ്രീഹരിക്കോട്ടയില്‍നിന്ന് മെറ്റ്സാറ്റ്-1 വിക്ഷേപിച്ചത്. കല്‍പനയോടുള്ള ആദരസൂചകമായി പിന്നീട് ഉപഗ്രഹം പുനര്‍നാമകരണം ചെയ്യുകയായിരുന്നു. യുവ വനിതാ ശാസ്ത്രജ്ഞരെ അംഗീകരിക്കുന്നതിനായി കര്‍ണാടക സര്‍ക്കാര്‍ 2004-ല്‍ 'കല്‍പന ചൗള അവാര്‍ഡ്' ഏര്‍പ്പെടുത്തി. കല്‍പന ചൗളയുടെ സ്മരണയ്ക്കായി പല സംസ്ഥാനങ്ങളും സ്‌കോളര്‍ഷിപ്പുകൾ ഏര്‍പ്പെടുത്തിയിയിട്ടുണ്ട്.
നിരവധി തെരുവുകള്‍, സര്‍വകലാശാലകള്‍ എന്നിവയും കല്‍പന ചൗളയെന്ന് നാമകരണം ചെയ്തിട്ടുണ്ട്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് വേണ്ട അവശ്യസാധന സാമഗ്രികളടങ്ങുന്ന ചരക്കുകളുമായി അമേരിക്കയുടെ സിഗ്‌നസ് ബഹിരാകാശ പേടകം കല്‍പന ചൗളയുടെ പേരിലാണ് യാത്ര തരിച്ചത്. 2020 ഒക്ടോബര്‍ മൂന്നിനായിരുന്നു വിക്ഷേപണം. ബഹിരാകാശ ദൗത്യത്തില്‍ വിദഗ്ധയായിരുന്ന കല്‍പനയുടെ സ്മരണാര്‍ഥം തങ്ങളുടെ അടുത്ത ബഹിരാകാശ വാഹനത്തിന് എസ്.എസ്. കല്‍പന ചൗള എന്ന പേര് നല്‍കുമെന്ന് അമേരിക്കയുടെ ആഗോള ബഹിരാകാശ- പ്രതിരോധ സാങ്കേതികവിദ്യാ കമ്പനിയായ നോര്‍ത്ത്റോപ് ഗ്രൂമാനാണ് അന്ന് പ്രഖ്യാപിച്ചത്.
.jpg?$p=1e06c7f&&q=0.8)
കണ്ടെത്തിയത് 83900 അവശിഷ്ടങ്ങള്‍
മൂന്ന് മാസത്തോളമാണ് കൊളംബിയയുടെ അവശിഷ്ടങ്ങള്‍ കണ്ടെത്താനായി 'നാസ' കഠിനപരിശ്രമം നടത്തിയത്. ഇതിനായി പ്രത്യേക ജീവനക്കാര്‍ക്ക് ചുമതല കൊടുത്തു. ഈസ്റ്റ് ടെക്‌സസ് മുതല്‍ സതേണ്‍ ലൂസിയാനവരെ ഇത് വ്യാപിച്ച് കിടന്നു. ഏറെ ദുഷ്‌ക്കരമായ തിരച്ചിലിനൊടുവില്‍ കണ്ടെത്തിയ അവശിഷ്ടങ്ങള്‍ അനധികൃതമായി കടത്താന്‍വരെ ശ്രമം നടന്നിരുന്നു. ഇതിനിടെ തിരച്ചിലിനായി പോയ ഹെലികോപ്റ്റര്‍ സാങ്കേതിക തകരാര്‍ മൂലം തകരുകയും രണ്ടു പേരുടെ മരണത്തിന് കാരണമാവുകയും ചെയ്ത സംഭവവും നടന്നിട്ടുണ്ട്. ബെല്‍ 407 ഹെലികോപ്റ്ററായിരുന്നു തകര്‍ന്ന് വീണത്.
രണ്ട് മാസത്തോളം നീണ്ട് നിന്ന തിരച്ചിലിനൊടുവില്‍ 83900 അവശിഷ്ടങ്ങളാണ് കണ്ടെത്തിയത്. കണ്ടെടുത്ത 40000 അവിശിഷ്ടങ്ങള്‍ ഇതുവരെ തിരിച്ചറിഞ്ഞിട്ടുമില്ല. കെന്നഡി സ്‌പേസ് സെന്ററിലെ വെഹിക്കിള്‍ അസംബ്ൾ ബില്‍ഡിങ്ങിലെ ഉപയോഗിക്കാതെ കിടക്കുന്ന വലിയ മുറിയിലാണ് കണ്ടെത്തിയ അവശിഷ്ടങ്ങളൊക്കെയും സൂക്ഷിച്ചിട്ടുള്ളത്. കല്‍പനയുടെ മരണശേഷം അവരുടെ ജീവിതം സിനിമയാക്കാന്‍ താല്‍പ്പര്യപ്പെട്ടും നിരവധി സിനിമാ നിര്‍മാതാക്കള്‍ ഭര്‍ത്താവ് ജീന്‍ പീയറി ഹാരിസണെ സമീപിച്ചിരുന്നെങ്കിലും നിരസിക്കപ്പെട്ടു. കല്‍പനയുടെ ജീവിതം സ്വകാര്യമായിത്തന്നെ തുടരട്ടെ എന്നായിരുന്നു ഹാരിസന്റെ നിലപാട്.
പെണ്‍കുട്ടികള്‍ പറയുന്നത് കേള്‍ക്കാന്‍ തയ്യാറാവണം-കല്‍പനയുടെ അച്ഛന്‍
കല്‍പന മരിച്ച് വര്‍ഷങ്ങള്‍ക്കുശേഷം മകളുടെ ബഹിരാകാശ സ്വപ്നങ്ങളെക്കുറിച്ച് അച്ഛന്‍ ലൗല്‍ ചൗള പറയുന്നത് ഇങ്ങനെ: 'ആദ്യമായി വിമാനം കാണുമ്പോള്‍ കല്‍പനയുടെ പ്രായം മൂന്നോ നാലോ വയസ്സു മാത്രമാണ്. വീടിന്റെ ടെറസില്‍ കളിക്കുമ്പോഴാണ് വിമാനം പറന്നുപോവുന്നത് കണ്ടത്. അവളുടെ ആവേശം കണ്ടതോടെ അടുത്തുള്ള ഫ്‌ളൈയിങ് ക്ലബിലേക്ക് കൊണ്ടുപോവുകയും ഒരു പൈലറ്റ് ഞങ്ങളെ സവാരിക്ക് കൊണ്ടുപോവുകയും ചെയ്തു. കല്‍പനയുടെ സന്തോഷം വാക്കുകള്‍ക്കതീതമായിരുന്നു. അവള്‍ക്കെന്നും പറക്കണമെന്നായിരുന്നു ആഗ്രഹം.'

സ്‌കൂള്‍ കാലത്ത് പേപ്പര്‍ കഷണങ്ങള്‍ കൊണ്ട് വിമാനം തയ്യാറാക്കുന്നത് കല്‍പനയുടെ വിനോദമായിരുന്നുവെന്നും അച്ഛന്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഒഴിവുവേളയില്‍ മകള്‍ പേപ്പര്‍ പ്ലെയിനുകള്‍ പറത്തിക്കളിക്കുകയാണെന്ന് അധ്യാപകര്‍ പരാതിപ്പെട്ടിരുന്നു. അതാണ് ക്രമേണ അവളെ ബഹിരാകാശ യാത്രികയാവാന്‍ നയിച്ചത്. സ്‌കൂള്‍ കാലം കഴിഞ്ഞതോടെ പഞ്ചാബ് എഞ്ചിനീയറിങ് കോളേജില്‍ എയറോനോട്ടിക്കല്‍ എഞ്ചിനീയറിങ് പഠിക്കാനായി ചേര്‍ന്നു. അപ്പോഴും ഇന്ത്യയില്‍ ആ കോഴ്‌സിനു വലിയ സാധ്യതകളില്ലെന്ന് പറഞ്ഞവരുണ്ട്. അതൊന്നും കല്‍പനയുടെ വീര്യത്തെ കെടുത്തിയില്ലെന്നും അച്ഛന്‍ പറയുന്നു.
കല്‍പന സുഖലോലുപതയില്‍ വിശ്വസിച്ചിരുന്നില്ല. താന്‍ ചെയ്യുന്ന ജോലിയെ ഏറെ ആസ്വദിക്കുന്നതിനാലാണ് 'നാസ'യില്‍ തുടര്‍ന്നത്. മികച്ച ശമ്പളം ലഭിച്ചിരുന്നെങ്കിലും കൂടുതല്‍ പണവും പിന്നോക്കാവസ്ഥയിലുള്ള കുട്ടികളുടെ വിദ്യാഭ്യാസത്തിനായി സംഭാവന ചെയ്യുകയായിരുന്നു. കുട്ടികള്‍, പ്രത്യേകിച്ച് പെണ്‍കുട്ടികള്‍ വിദ്യാഭ്യാസത്തിനു വേണ്ടി ദുരിതം അനുഭവിക്കരുതെന്ന് കരുതിയിരുന്ന ആളാണ് കല്‍പനയെന്നും അച്ഛന്‍ ചൂണ്ടിക്കാട്ടുന്നു. 'പെണ്‍കുട്ടികള്‍ പറയുന്നത് കേള്‍ക്കാന്‍ മാതാപിതാക്കള്‍ തയ്യാറാകണമെന്നും പറയുന്നു. അവര്‍ക്കെന്താണ് പറയാനുള്ളത് കേള്‍ക്കണം. അവരെ പഠിക്കാന്‍ അനുവദിക്കണം. പിന്തുണയ്ക്കണം. വിദ്യാഭ്യാസത്തില്‍ പൂര്‍ണശ്രദ്ധ പതിപ്പിക്കാന്‍ അവര്‍ക്കാവശ്യമായതെല്ലാം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം'- അദ്ദേഹം പറഞ്ഞു.
Content Highlights: kalpana chawla columbia tragedy
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..