കക്കുകളി നാടകത്തിൽ നിന്ന് | കടപ്പാട്: https://www.facebook.com/photo/?fbid=5938142142928649&set=a.291220114287575
പറവൂര്‍: ക്രൈസ്തവ സഭകളുടെ പ്രതിഷേധത്തിനിടെ 'കക്കുകളി' നാടകം താല്‍ക്കാലികമായി നിര്‍ത്തിവെച്ച് പുന്നപ്ര പറവൂര്‍ പബ്ലിക് ലൈബ്രറി. ലൈബ്രറിയുടെ ഭാഗമായ നെയ്തല്‍ നാടക സംഘമായിരുന്നു 'കക്കുകളി' അവതരിപ്പിച്ചിരുന്നത്.
കന്യാസ്ത്രീ മഠത്തിലെത്തിപ്പെടുന്ന പെണ്‍കുട്ടിയുടെ സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്റെ കഥ പറഞ്ഞിരുന്ന 'കക്കുകളി'ക്കെതിരേ വലിയ പ്രതിഷേധമായിരുന്നു ഉയര്‍ന്ന് വന്നത്. നാടകം കളിക്കുന്ന സ്ഥലങ്ങളിലെല്ലാം വൈദികരുടേയും കന്യാസ്ത്രീകളുടേയുമെല്ലാം നേതൃത്വത്തില്‍ പ്രതിഷേധം നടന്നിരുന്നു. നാടകം കന്യാസ്ത്രീ മഠങ്ങളെ മനപൂര്‍വം അപമാനിക്കാനുള്ളതായിരുന്നുവെന്ന് പറഞ്ഞായിരുന്നു പ്രതിഷേധം. നാടകം കളിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് സര്‍ക്കാരിനേയും സമീപിച്ചിരുന്നു. ഇതിനിടെയാണ് പറവൂര്‍ പബ്ലിക് ലൈബ്രറിയുടെ പുതിയ നേതൃത്വം നാടകം തല്‍ക്കാലം നിര്‍ത്തിവെക്കുന്നതായി പത്രക്കുറിപ്പിലൂടെ അറിയിച്ചത്.
%20(1).jpg?$p=231aaf1&&q=0.8)
ബുദ്ധിമുട്ട് കണ്ടില്ലെന്ന് നടിക്കാനാവില്ല-പറവൂര്‍ പബ്ലിക് ലൈബ്രറി
പബ്ലിക് ലൈബ്രറി എന്ന നിലയില്‍ സ്ഥാപനം പൊതുഇടമാണെന്നും വിവാദത്തിന് താല്‍പര്യമില്ലെന്നും ലൈബ്രറി പ്രസിഡന്റ് ഡോ. എസ്. അജയകുമാര്‍ മാതൃഭൂമി ഡോട് കോമിനോട് പറഞ്ഞു. നാടകം ഏതെങ്കിലും വിഭാഗത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് ഭൂരിപക്ഷ വിഭാഗം പറയുമ്പോള്‍ അത് കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ആരുടേയും സമ്മര്‍ദം കൊണ്ട് നിര്‍ത്തുന്നതല്ല. ഇത് സംബന്ധിച്ച് കേസ് ഹൈക്കോടതിയിലുണ്ട്. മാത്രമല്ല, നാടകം ആരേയും വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചതായിരുന്നതല്ലെന്നും നിര്‍ഭാഗ്യവശാല്‍ വിവാദത്തിലാവുകയായിരുന്നുവെന്നും എസ്. അജയകുമാര്‍ പറഞ്ഞു.
ഒരു സാഹിത്യ സൃഷ്ടിയുടെ ആവിഷ്‌കാരമെന്ന നിലയില്‍ അവതരിപ്പിച്ചുവന്ന നാടകം ചിലര്‍ രാഷ്ട്രീയമായി ഉപയോഗിക്കുന്നത് കണ്ടു. വിവാദങ്ങളും കോടതി നടപടികളുമായി മുന്നോട്ടുപോവുന്നത് ഒരു പൊതു ഇടമെന്ന നിലയില്‍ ലൈബ്രറിക്ക് ഭൂഷണമല്ലെന്നു കണ്ടതിനാലാണ് നിര്‍ത്തിവെക്കുന്നതെന്നും ബന്ധപ്പെട്ടവര്‍ ചൂണ്ടിക്കാട്ടി.
പറവൂര്‍ പബ്ലിക് ലൈബ്രറിയുടെ 75-ാം വാര്‍ഷികത്തിന്റെ ഭാഗമായിട്ടായിരുന്നു കേരള സംഗീത നാടക അക്കാദമിയുടെ സഹായത്തില്‍ നാടകം ചിട്ടപ്പെടുത്തിയത്. നാല് വേദികളില്‍ അവതരിപ്പിക്കണമെന്നായിരുന്നു നാടകം ചിട്ടപ്പെടുത്തുമ്പോള്‍ പറഞ്ഞിരുന്നത്. ആ ഉത്തരവാദിത്വം കഴിഞ്ഞതാണ്. ലൈബ്രറിയെ സംബന്ധിച്ചിടത്തോളം ആരേയും മാറ്റി നിര്‍ത്താനാവില്ലെന്നും അജയകുമാര്‍ ചൂണ്ടിക്കാട്ടി. പ്രശസ്ത കഥാകൃത്ത് ഫ്രാന്‍സിസ് നൊറോണയുടെ കെ.സി.ബി.സി പുരസ്‌കാരം നേടിയ തൊട്ടപ്പന്‍ എന്ന കഥാസമാഹാരത്തിലെ കഥായിരുന്ന 'കക്കുകളി'യുടെ സ്വതന്ത്രാവിഷ്‌കാരമായിരുന്നു നാടകം. നാടക പ്രവര്‍ത്തകന്‍ ജോബ് മഠത്തിലായിരുന്നു ഇതിന്റെ സംവിധാനം നിര്‍വഹിച്ചിരുന്നത്.

നാടക സംവിധായകന്‍ ഏകാംക പോരാളിയല്ല- ജോബ് മഠത്തില്‍
നാടകം നിര്‍ത്താന്‍ പറവൂര്‍ പബ്ലിക് ലൈബ്രറി തീരുമാനമെടുത്തത് സംവിധായകനായ തന്നെ പോലും അറിയിക്കാതെയാണെന്ന് 'കക്കുകളി' സംവിധായകന്‍ ജോബ് മഠത്തില്‍ പറഞ്ഞു. എഴുത്തുകാരനെപ്പോലെ ഒരു ഏകാംഗ പോരാളിയല്ല ഒരു നാടകത്തിന്റെ സംവിധായകന്‍. അയാള്‍ തന്റെ കലാരൂപത്തെ ജനസമക്ഷം അവതരിപ്പിക്കുന്നത് ഒരു ടീം വര്‍ക്കായിട്ടാണ്. നാടകത്തില്‍ അഭിനയിക്കുന്നവര്‍ മുതല്‍ അതിന്റെ രംഗസജ്ജീകരണം, ലൈറ്റ് ആന്‍ഡ് സൗണ്ട് തുടങ്ങി ഒട്ടനവധി ഘടകങ്ങള്‍ ഒന്നു ചേരുമ്പോഴാണ് നാടകത്തിനൊരു പൂര്‍ണത വരുന്നത്. ഒരു നാടകം ജനസമക്ഷം അവതരിപ്പിക്കുമ്പോള്‍ അതിന്റെ നടത്തിപ്പുകാരായവര്‍ക്കും നാടകം മുന്നോട്ടു കൊണ്ടുപോകുന്നതില്‍ നിര്‍ണായകമായ ഉത്തരവാദിത്തം ഉണ്ട്. എന്നാല്‍, പറവൂര്‍ പബ്ലിക് ലൈബ്രറിയുടേത് ഏകപക്ഷീയമായ തീരുമാനമായിപ്പോയെന്നും ജോബ് മഠത്തില്‍ പ്രതികരിച്ചു.
1947 മുതല്‍ പുന്നപ്രയുടെ സാംസ്‌ക്കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച ഒരു സാംസ്‌ക്കാരിക ഗ്രന്ഥശാലയുടെ പുതിയ ഭരണസമിതിയുടെ പുരോഗമനപരമല്ലാത്തതും അരാഷ്ട്രീയവുമായ ഈ തീരുമാനം ജനങ്ങള്‍ മനസ്സിലാക്കണം. അവരുടെ അവിശുദ്ധ രാഷ്ട്രീയ ഇടപെടലുകളിലൂടെ ഒരു നാടകത്തെയല്ല നവോഥാന നായകര്‍ നമുക്കു നല്‍കിയ ഒരു മതേതര കേരളത്തിന്റെ ആത്മാവിനെയാണ് അവര്‍ മുറിവേല്‍പ്പിച്ച് ഇല്ലാതാക്കി ഉന്‍മൂലനം ചെയ്യാന്‍ ശ്രമിക്കുന്നതെന്നും ജോബ് മഠത്തില്‍ ചൂണ്ടിക്കാട്ടി.

കേരളം കക്കു കളിക്കുമ്പോൾ; ഉന്നം സഭയോ രാഷ്ട്രീയമോ?
നവോത്ഥാന കേരളത്തിന്റെ ഇന്നത്ത അധ്യായത്തിന് നാടകങ്ങളുടെ പൂര്‍വകാല ചരിത്രം വഹിച്ച പങ്ക് ചെറുതല്ല. നിരോധനങ്ങളേയും ആക്രോശങ്ങളേയും ചെറുത്തുതോല്‍പിച്ച് കലയിലൂടെ വിപ്ലവം തീര്‍ത്തവര്‍ കേരളത്തിന്റെ രാഷ്ട്രീയ- സമൂഹിക ചരിത്രത്തില്‍ അങ്ങോളമിങ്ങോളം ഉണ്ടായിരുന്നു. വിമര്‍ശനങ്ങളെ വിമര്‍ശനങ്ങളായി ഉള്‍ക്കൊണ്ട് സംവദിച്ച് ചര്‍ച്ച ചെയ്ത് നാടകങ്ങള്‍ക്കും കലകള്‍ക്കും അന്ന് മലയാളി അവരുടേതായ കാഴ്ചപ്പാടും നല്‍കിയിരുന്നു. പക്ഷെ, കാലം മാറിയതോടെ കലകൾക്ക് മേലുള്ള ആവിഷ്കാര സ്വാതന്ത്ര്യം വിഷയം വലിയ ചർച്ചയാവാൻ തുടങ്ങി. അങ്ങനെ തങ്ങള്‍ക്കിഷ്ടമില്ലാത്തതിനെ എതിര്‍ത്ത് തോല്‍പിക്കാനും അതിനുമേല്‍ നിരോധനത്തിന്റെ വാളോങ്ങി നിര്‍ത്താനും ശക്തിയുള്ളവരായി മത, സമുദായിക, രാഷ്ട്രീയ സംഘടനകള്‍ മാറി.
സ്‌കൂള്‍ കലോത്സവ വേദികളില്‍ പോലും നാടകങ്ങൾക്കും കലകൾക്കുമെതിരേ പ്രകടനങ്ങളും പ്രതിഷേധങ്ങളും വരുന്നത് പതിവുകാഴ്ചയായി. ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഫ്രാന്‍സിസ് നൊറൊണയുടെ 'കക്കുകളി'യെന്ന ചെറുകഥയുടെ സ്വതന്ത്രാവിഷ്‌കാരമായി ജോബ് മഠത്തില്‍ സംവിധാനവും കെ.ബി അജയകുമാര്‍ രചനയും നിര്‍വഹിച്ച 'കക്കുകളി' നാടകത്തിനെതിരേ വരുന്ന പ്രതിഷേധങ്ങള്‍.
Content Highlights: kakkukali drama stopped by paravoor public library
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..