ഹരികുമാറിന്റെ ഭാര്യ ഉഷ,ഇൻസൈറ്റിൽ ഹരികുമാർ
വയനാട് അമ്പലവയലിലെ പാടിപറമ്പില്‍ കുരുക്കില്‍പ്പെട്ട് ചത്ത കടവയുടെ ജഡം ആദ്യമായി കണ്ട അമ്പുകുത്തി കുഴിവിള ഹരികുമാറിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത് ഫെബ്രുവരി ഒമ്പതിനാണ്. വനം വകുപ്പിന്റെ നിരന്തര മാനസിക പീഡനത്തിന്റെ ഫലമായിട്ടാണ് ഹരികുമാര്‍ ആത്മഹത്യ ചെയ്തതെന്ന് കുടുംബം ആരോപിച്ചതോടെ അത് വലിയ പ്രതിഷേധത്തിനും വഴിവെച്ചു. വന്യമൃഗ ശല്യം മൂലം ജീവനും സ്വത്തും നഷ്ടപ്പെട്ട് ജീവിതം വഴിമുട്ടിയവര്‍ക്കിടയിലേക്കാണ് കണ്ടവനെപോലും പ്രതിയാക്കുന്ന നിയമവും നടപ്പാക്കുന്നത്. ഹരികുമാറിന്റെ മരണത്തോടെ പാടിപറമ്പിലെ ഷീറ്റിട്ട വീട്ടില്‍ ഭാര്യ ഉഷ തനിച്ചാക്കപ്പെടുകയും ചെയ്തു. കാടിറങ്ങിയ ക്രൗര്യം നീതി തേടുന്ന നാട് | പരമ്പര 04
ഹരികുമാറിന്റെ വീട്ടില്‍നിന്നു കുറച്ച് ദൂരെയാണ് കടുവയെ ചത്ത നിലയില്‍ കാണപ്പെട്ട പാടിപറമ്പ്. സ്വകാര്യ വ്യക്തിയുടെ പറമ്പെന്ന നിലയ്ക്ക് ഹരികുമാറുമായി ഒരു ബന്ധവുമില്ലാത്ത ഇടം. ജലനിധിയുടെ പൈപ്പ് ഓണ്‍ ആക്കുന്ന ചുമതല ഹരികുമാറിനായിരുന്നുവെന്ന് വീട്ടുകാര്‍ പറയുന്നു. ഇടയ്ക്ക് വെള്ളം തുറന്ന് അതുവഴി വീട്ടിലേക്ക് പോവും. അത് മാത്രമാണ് ഹരിയ്ക്ക് ഈ പറമ്പുമായുള്ള ബന്ധം. അന്നും വെള്ളം തുറന്ന് വീട്ടിലേക്ക് പോവുന്നതിനിടെയാണ് സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ അങ്ങേയറ്റത്ത് കടുവ കിടക്കുന്നത് ഹരികുമാര്‍ കണ്ടതെന്ന് പറയുന്നു, ഭാര്യ ഉഷ. ഉടന്‍ ഓടിയെത്തി തന്നോട് കാര്യം പറഞ്ഞു. ചത്തിട്ടില്ലെന്നും ഭക്ഷണം കഴിച്ച് വിശ്രമിക്കുകയാണെന്നാണ് കരുതുന്നതെന്നുമായിരുന്നു പറഞ്ഞത്. അങ്ങനെ വനപാലകരെ അറിയിക്കുകയായിരുന്നു.
.jpg?$p=1990e2a&&q=0.8)
കടുവാഭീതി നിലനില്‍ക്കുന്നതിനാല്‍ പ്രദേശത്തിന്റെ പല ഭാഗത്തായി വനപാലകരുമുണ്ടായിരുന്നു. പക്ഷെ, കടുവയെ കണ്ടത് പറഞ്ഞതോടെ ഇവരുടെ സ്വഭാവം അപ്പാടെ മാറിയെന്നും പ്രതിയെന്ന രീതിയിലായിരുന്നു പിന്നീടവര്‍ ഹരികുമാറിനോട് സംസാരിച്ചിരുന്നതെന്നും ഉഷ മാതൃഭൂമി ഡോട് കോമിനോട് പറഞ്ഞു. എങ്ങനെയാണ് കുരുക്കുവെച്ചതെന്നും എപ്പോഴാണ് വെച്ചതെന്നൊക്കെ ചോദിച്ചു. താന്‍ കുരുക്കുവെച്ചില്ലെന്ന് പറഞ്ഞതോടെ വെച്ചവനെ കാണിക്കണമെന്നായി പിന്നീടവരുടെ നിലപാട്. അറിയാത്ത ആളുകളെ എങ്ങനെ കാണിച്ച് തരാനാണെന്ന് പറഞ്ഞപ്പോഴും വനപാലകര്‍ വിടാതെ പിന്തുടര്‍ന്നു. ചേട്ടന് അറിയാമെന്ന രീതിയില്‍ തന്നെയായിരുന്നു അവരുടെ പെരുമാറ്റമെന്നും പറയുന്നു ഉഷ.
ആരെയങ്കിലും കിട്ടിയാല്‍ മതിയെന്ന നിലപാടായിരുന്നു അവര്‍ക്ക്. മദ്യമോ മറ്റോ വാങ്ങിച്ച് കൊടുത്ത് ആളെ കൊണ്ടുവാ എന്ന് ആവശ്യപ്പെട്ടിരുന്നതായും ഇവര്‍ പറയുന്നു. രാത്രി ഉറങ്ങാന്‍ കിടക്കുമ്പോഴും വിളിച്ചു, ആളെ കിട്ടിയോ എന്നും അല്ലെങ്കില്‍ നിങ്ങള്‍ കുടുങ്ങുമെന്നൊക്കെ ഫോണിലൂടെ പറഞ്ഞു. ഇതിന് പുറമെ വനപാലകരുടെ കൈയില്‍ കിട്ടിയാല്‍ പുറംലോകം കാണില്ലെന്നൊക്കെ ആളുകളില്‍നിന്നുള്ള പ്രതികരണവുമുണ്ടായി. തിഹാര്‍ ജയിലില്‍ കൊണ്ടുപോകുമെന്നൊക്കെ പറഞ്ഞു. ഇതോടെ ഹരികുമാര്‍ ഭയന്നുപോയെന്നും നേരം വെളുത്താല്‍ തന്നേയും കൊണ്ട് വനപാലകര്‍ കൊണ്ടുപോവുമെന്ന പേടിയാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും ഉറപ്പിച്ചുപറയുന്നു ഉഷ.

ഏറെക്കാലമായി കൊല്ലത്ത് നിന്നുമെത്തി വയനാട് അമ്പുകുത്തിയില്‍ തോട്ടപ്പണിയും മാറ്റുമായി കഴിഞ്ഞുകൂടുകയായിരുന്നു ഉഷയും ഹരികുമാറും. മരിക്കുന്നതിന്റെ തലേദിവസം രാത്രി ഭക്ഷണം കഴിക്കാന്‍ എടുത്തുവെച്ചപ്പോഴും വനം വകുപ്പ് ഉദ്യോഗസ്ഥരില്‍നിന്നു ഫോണ്‍ വന്നിരുന്നു. ഹരിലാല്‍ എന്ന പേരിലുള്ള ഉദ്യോഗസ്ഥനായിരുന്നു വിളിച്ചത്. പക്ഷെ, പേടിച്ചിട്ട് ചേട്ടന്‍ സംസാരിച്ചില്ല, എന്നോട് സംസാരിക്കാന്‍ പറഞ്ഞു. പിന്നീട് അന്ന് ഭക്ഷണം പോലും കഴിക്കാതെയാണ് കിടന്നത്- ഉഷ ചൂണ്ടിക്കാട്ടുന്നു. മരിക്കുന്നതിന്റെ അന്ന് ആക്ഷന്‍ കമ്മിറ്റിയുടെ ഒരു പ്രതിഷേധ ജാഥ സംഘടിപ്പിച്ചിട്ടുണ്ടായിരുന്നു. അതിന് പോവാനായി ഞങ്ങള്‍ രണ്ടുപേരും രാവിലെ എഴുന്നേല്‍ക്കുകയും ചെയ്തു. ഇതിനിടെ ചായവെക്കാനായി ഞാന്‍ അകത്ത് പോയപ്പോഴാണ് അദ്ദേഹത്തെ കാണാതാവുന്നത്. കുറച്ചുസമയം കഴിഞ്ഞ് വീടിന് കുറച്ചപ്പുറത്തെ ഷെഡിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു. നടന്നത് ആസൂത്രിതമായ കൊലപാതകമാണെന്നും കുറ്റവാളികള്‍ക്കെതിരേ നടപടിയെടുക്കണമെന്നുമാണ് ഉഷ ആവശ്യപ്പെടുന്നത്.
വന്യമൃഗശല്യത്തില്‍ പൊറുതിമുട്ടിയ നാട്ടുകാര്‍ ഹരികുമാറിന്റെ മരണത്തോടെ വനംവകുപ്പിനുനേരെ അതിശക്തമായ പ്രതിഷേധമാണ് സംഘടിപ്പിച്ചത്. അമ്പുകുത്തിയിലെയും പരിസരഗ്രാമങ്ങളിലേയും കടുവാശല്യത്തിനെതിരേ കല്‍പറ്റയിലെ സൗത്ത് വയനാട് ഡി.എഫ്.ഒ. ഓഫീസിലേക്ക് മാര്‍ച്ച് നടത്താനിരിക്കേയായിരുന്നു പുലര്‍ച്ചെ ഹരികുമാര്‍ ജീവനൊടുക്കിയ വിവരം പുറത്തറിയുന്നത്. ഇതോടെ കല്‍പറ്റയിലെ സമരം ഉപേക്ഷിച്ച് നാട്ടുകാരും നേതാക്കളുമെല്ലാം ബത്തേരിയില്‍ ദേശീയപാത ഉപരോധിച്ചു. അമ്പുകുത്തിയിലും പരിസരഗ്രാമങ്ങളില്‍നിന്നും സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിനാളുകളാണ് സമരത്തിനായി ബത്തേരിയിലേക്കെത്തിയത്.

വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കുനേരെ രൂക്ഷമായ വിമര്‍ശനങ്ങളും ആരോപണങ്ങളുമായിരുന്നു സമരവേദിയില്‍ മുഴങ്ങിക്കേട്ടിരുന്നത്. മാസങ്ങളായി പ്രദേശത്തെ ജനവാസമേഖലയില്‍ കടുവയിറങ്ങി വളര്‍ത്തുമൃഗങ്ങളെ നിരന്തരം കൊന്നുതിന്നപ്പോഴൊന്നും ഉണര്‍ന്നു പ്രവര്‍ത്തിക്കാത്ത വനം വകുപ്പ് ഉദ്യോഗസ്ഥര്‍, കടുവ കെണിയില്‍പ്പെട്ട് ചത്തപ്പോള്‍ നാട്ടുകാരെ കേസില്‍ക്കുടുക്കി ദ്രോഹിക്കാന്‍ ഉത്സാഹിക്കുകയാണെന്നാണ് പ്രതിഷേധക്കാര്‍ പ്രധാനമായും ആരോപിച്ചത്. വനം വകപ്പുകാര്‍ക്ക് അമ്പുകുത്തി പ്രദേശത്തേക്കെത്തുന്നതിന് പോലും ഭീഷണിയുണ്ടായി.
വനം വകുപ്പ് ഉദ്യോഗസ്ഥന്റെ ഭീഷണിയെത്തുടര്‍ന്നാണ് ഹരികുമാര്‍ ആത്മഹത്യ ചെയ്തതെന്ന പരാതി മൂന്നു സംഘങ്ങളായി അന്വേഷിക്കുമെന്നാണ് അന്ന് അധികൃതര്‍ ഉറപ്പ് നല്‍കിയത്. വനം വകുപ്പും പോലീസും ജില്ലാ ഭരണകൂടവും വെവ്വേറെ അന്വേഷണം നടത്തുമെന്നായിരുന്നു അറിയിച്ചത്. സമരക്കാരുമായി സബ് കളക്ടര്‍ ആര്‍. ശ്രീലക്ഷ്മി നടത്തിയ ചര്‍ച്ചയിലായിരുന്നു ഈ തീരുമാനം. ക്രൈം ബ്രാഞ്ചും കളക്ടറുടെ നേതൃത്വത്തിലുള്ള സമിതിയും അന്വേഷണം നടത്തുമെന്നായിരുന്നു പറഞ്ഞത്. ഹരികുമാറിനെ വനംവകുപ്പ് ഉദ്യോഗസ്ഥന്‍ നിരന്തരം ഫോണില്‍ വിളിച്ച് മാനസികമായി പീഡിപ്പിക്കുകയും കേസില്‍ക്കുടുക്കി ജയിലിലടയ്ക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നതടക്കമുള്ള ആരോപണങ്ങളാണ് പ്രധാനമായും അന്വേഷിക്കുകയെന്നാണ് അറിയിച്ചത്. പരാതി ശരിയാണെന്ന് കണ്ടെത്തിയാല്‍ ആരോപണവിധേയനായ ഉദ്യോഗസ്ഥന്റെ പേരില്‍ കേസെടുക്കുന്നതടക്കമുള്ള നടപടികള്‍ സ്വീകരിക്കുമെന്നും സബ് കളക്ടര്‍ ഉറപ്പു നല്‍കിയിരുന്നു. ഇതോടെയാണ് സമരം താല്‍കാലികമായി അവസാനിപ്പിക്കാന്‍ ബന്ധപ്പെട്ടവര്‍ തീരുമാനിച്ചത്. സംഭവം നടന്നിട്ട് ഒരു മാസത്തോളമാവുമ്പോള്‍ കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ച അന്വേഷണം നടത്താനായി അധികൃതര്‍ സ്ഥലത്തെത്തി.

ദേശീയ അന്വേഷണസംഘം സ്ഥലത്തെത്തി തെളിവുകളും വിശദാംശങ്ങളും ശേഖരിക്കുകയും ചെയ്തു. വൈല്‍ഡ് ലൈഫ് ക്രൈം കണ്‍ട്രോള്‍ ബ്യൂറോയാണ് അന്വേഷണത്തിന്റെ ഭാഗമായി സ്ഥലത്തെത്തിയത്. കെണിയില്‍ കുടുങ്ങി കടുവ ചത്ത സ്ഥലത്തിന്റെ ഉടമ മുഹമ്മദാലിയുടെ വീട്ടിലും സംഘമെത്തിയിരുന്നു. വനം വകുപ്പില്‍നിന്നോ മറ്റോ ഏതെങ്കിലും തരത്തിലുള്ള ഭീഷണിയുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളും സംഘം ചോദിച്ചറിഞ്ഞു. കടുവയുടെ ജഡം കണ്ടെത്തിയതു മുതല്‍ സംഭവസ്ഥലത്തുണ്ടായിരുന്ന റെയ്ഞ്ചര്‍ അടക്കമുള്ള വനപാലകരുടെയും വെറ്ററിനറി സര്‍ജന്‍മാരുടെയും മൊഴികളും സംഭവവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകളും സംഘം പരിശോധിച്ചിട്ടുണ്ട്. വയനാട് വൈല്‍ഡ് ലൈഫ് വാര്‍ഡനടക്കമുള്ള ഉദ്യോഗസ്ഥരെയും അന്വേഷണസംഘം ചോദ്യംചെയ്തു. സംഘം ശേഖരിച്ച വിവരങ്ങളുടെ റിപ്പോര്‍ട്ട് നാഷണല്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ അതോറിറ്റിക്ക് നല്‍കും.
പരമ്പര 1-കാട്ടുപന്നി കുറുകെ ചാടി, ബോധമില്ലാതെ 6 മാസം; ഒടുവില്‍ തിരിച്ചുവരവ്
പരമ്പര 2-ആറേക്കര്‍ ഭൂമിയുണ്ട്, പക്ഷേ വിളയുന്ന ചക്കപോലും ഭക്ഷിക്കാന്‍ സമ്മതിക്കാതെ കുരങ്ങന്മാര്‍
പരമ്പര 3-അപ്പുമാഷ് സ്വര്‍ഗം വിട്ടിറങ്ങി; എങ്ങുമെത്താതെ സ്വയം സന്നദ്ധ പുനരധിവാസം
Content Highlights: kadirangiya krauryam neethi thedunna nadu man and wild life conflict
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..