മാധവി (Photo: റിതിൽ ദാമു)
പാടീടട്ടെ കളരവം തേടീടുന്ന സല്‍ മംഗളം
ആടീടട്ടെ മയില്‍ ഗണങ്ങളഖിലം
കൂടീ വിവാഹോത്സവേ
മോടീ പങ്ക വലിച്ചീടുന്ന പവനന്‍
നാടാകെ തേടീ സുഖം
നേടീ മാധവി കുഞ്ഞിരാമനെ
വരിച്ചീടാന്‍ സുഭാഗ്യം ശുഭം.....
സുഭാഗ്യവും ശുഭവുമല്ലെങ്കിലും എണ്‍പതുവര്‍ഷം മുമ്പ് മുറിഞ്ഞുപോയ ആ പുടമുറിക്കല്യാണത്തെക്കുറിച്ചോര്‍ക്കുമ്പോള്‍ കോക്കുന്നോന്‍ ഒതയോത്ത് പുത്തന്‍വീട്ടില്‍ മാധവിയേട്ടത്തിയുടെ ചുണ്ടില്‍ അറിയാതെ ചിരി വിരിയും. ഒരു സബ് ഇന്‍സ്‌പെക്ടറും ഒരു ഹെഡ് കോണ്‍സ്റ്റബിളും കൊല്ലപ്പെട്ട മൊറാഴ സംഭവത്തിന്റെ നായകനായിരുന്ന അറാക്കല്‍ കുഞ്ഞിരാമനാണ് പുടമുറിച്ചുകൊടുത്ത് മാധവിയെ ജീവിതത്തിലേക്ക് കൈപിടിച്ചത്. കണ്ണൂര്‍ പാപ്പിനിശ്ശേരിക്കടുത്ത് അരോളിയിലെ കെ.ഒ.പി. വീട്ടില്‍ പൊടോറി (പുടമുറി)ച്ചടങ്ങില്‍ വായിച്ച മംഗളപത്രത്തിലെ കവിത അതിന്റെ ഈണത്തില്‍ ഇന്നും മനസ്സിലുണ്ട്. 1938-ലോ '39-ലോ ആയിരുന്നു വിവാഹം. അന്ന് വിവാഹവും കല്യാണവുമില്ല -പൊടോറിയും മങ്ങലവു(മംഗളം)മാണ്.
എളയാവൂര്‍ പെരിങ്ങളായിയില്‍ മകള്‍ വിമലയോടൊപ്പം താമസിക്കുന്ന മാധവി അടുത്തയിടെ യാദൃച്ഛികമായാണ് മൊറാഴസംഭവത്തെക്കുറിച്ചുള്ള ഒരു പത്രവാര്‍ത്ത കണ്ടത്. രാഷ്ട്രീയമായിബന്ധമൊന്നുമില്ലെങ്കിലും കണ്ണൂരില്‍ നടക്കാനിരിക്കുന്ന സി.പി.എം. 23-ാം പാര്‍ട്ടി കോണ്‍ഗ്രസുമായി ബന്ധപ്പെട്ടുവന്ന ആ ഫീച്ചറില്‍ തന്റെ ആദ്യ ഭര്‍ത്താവിനെക്കുറിച്ചുള്ള വിവരണമുണ്ടായിരുന്നതിനാല്‍ കുട്ടികളെക്കൊണ്ട് അത് മുറിച്ചെടുപ്പിച്ച് സൂക്ഷിക്കാന്‍ മകളെ ഏല്‍പ്പിച്ചു. ആ കടലാസ് എങ്ങനെയോ കാണാതായത് അവര്‍ക്ക് സഹിക്കാനായില്ല, എട്ടരപ്പതിറ്റാണ്ടോളമപ്പുറമുള്ള ആ സംഭവങ്ങള്‍ അവരുടെ മനസ്സില്‍ വീണ്ടും പച്ചപ്പാര്‍ന്നത് അതോടെയാണ്. പൂര്‍വാശ്രമംപോലെ മനസ്സിന്റെ ഉള്ളറയില്‍ സൂക്ഷിച്ച ആ നിധിയെക്കുറിച്ച് അവര്‍ പറയാന്‍ തുടങ്ങിയത് അതോടെയാണ്. ഓര്‍മകളുടെ തള്ളിച്ച മനസ്സിലാക്കിയ മകള്‍ വിമല അമ്മയുടെ ആദ്യ ഭര്‍ത്താവായിരുന്ന അറാക്കല്‍ കുഞ്ഞിരാമന്റെ അനുജന്‍ കുഞ്ഞികൃഷ്ണന്‍ നമ്പ്യാരുടെ മകനായ പി.കെ. സുകുമാരന്‍ നമ്പ്യാരുടെ നമ്പര്‍ സംഘടിപ്പിച്ച് വിളിക്കുകയായിരുന്നു. സുകുമാരനെ കണ്ടപ്പോള്‍ അവര്‍ ചോദിച്ചു: ''ഓ നീ കുഞ്ഞിക്കിട്ടന്റെ മോനാ...''
പതിനഞ്ചോ പതിനാറോ വയസ്സുള്ളപ്പോഴായിരുന്നു മാധവിയേട്ടത്തിയെ പുടമുറി കഴിച്ച് കയരളത്ത് അറാക്കാവ് വീട്ടിലേക്ക് കൊണ്ടുപോയത്. ഭര്‍ത്താവ് കൃഷിക്കാരനാണെന്നല്ലാതെ രാഷ്ട്രീയപ്രവര്‍ത്തകനാണെന്നൊന്നും അന്നറിയില്ലായിരുന്നു. ''കെ.പി.ആറ് (കെ.പി.ആര്‍. ഗോപാലന്‍) വിളിക്കും. ഓറ് പോകും, പിന്ന രണ്ടോ മൂന്നോ ദെവസം കഴിഞ്ഞോ ചെലപ്പോ പാതിരക്കോ വരും. അമ്മ പറയും കോണ്‍ഗ്രസിന് പോകുന്നതാണെന്ന്. എനക്കതൊന്നും അന്നറിയില്ലായിരുന്നു'' -മാധവിയേട്ടത്തി ഓര്‍ക്കുന്നു.
അന്നത്തെ ആ ദിവസം മാധവിയേടത്തി ഇപ്പോഴും കൃത്യമായി ഓര്‍ക്കുന്നു: ''മൊറാഴ സംഭവം നടന്ന ദിവസം വീട്ടില്‍ ആദ്യംകേട്ടത് ഓര്‍ക്കെന്തോ പറ്റി, വെടിവെപ്പുണ്ടായി, അവിടെ വീണ് കെടക്കുന്നുവെന്നെല്ലാമാണ്. അത് കേട്ടപ്പോത്തന്നെ ഏട്ടന്‍(അറാക്കല്‍ നരായണന്‍ നമ്പ്യാര്‍-കയരളം വില്ലേജ് പഞ്ചായത്ത് പ്രസിഡന്റായിരുന്നു) കുറെ ആളേം കൂട്ടി അങ്ങോട്ടുപോയി. രാത്രി ഒരുമണിക്ക് നണിശ്ശേരിക്കടവില്‍ തോണിയിലെത്തിച്ച് മഞ്ചലിലെടുത്താ ഓറെ കൊണ്ടന്നത്. അപ്പോള്‍ പെങ്ങള്‍ കരച്ചലോട്കരച്ചില്‍. കാളണ്ടെണേ(കരയേണ്ട പെണ്ണേ) എനക്കൊന്നും പറ്റീട്ടില്ല എന്നാണ് ഓറ് പറഞ്ഞത്. തലയിലും മേക്കാകെയും (ശരീരത്തില്‍) മുറിവായിരുന്നു. ചോരയൊലിക്കുന്നുണ്ട്, എന്നിട്ടും ഒന്നുംപറ്റാത്തപോലെ. രാത്രിതന്നെ കേളുപണിക്കറെ വിളിച്ചുകൊണ്ടുവന്ന്് പച്ചമരുന്ന് ചെയ്തു. പിറ്റേന്നുരാത്രി പാവന്നൂരില്‍ ഒരു ബന്ധുവിന്റെ വീട്ടില്‍ ഒളിച്ചുകഴിയാന്‍ പോയി. കൊറേ നാള് കഴിഞ്ഞാണറിഞ്ഞത് എം.എസ്.പി.ക്കാര്‍ പിടിച്ചുകൊണ്ടുപോയെന്ന്''.
1940 സെപ്റ്റംബര്‍ 15-നായിരുന്നു മൊറാഴ സംഭവം. കമ്യൂണിസ്റ്റ് പാര്‍ട്ടി കേരളത്തില്‍ രൂപവത്കരിച്ചുവെങ്കിലും പരസ്യപ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞില്ല. കോണ്‍ഗ്രസുകാരെന്നനിലയില്‍ കെ.പി.സി.സി.യുടെ കീഴിലാണ് അന്നുപ്രവര്‍ത്തനം. കെ.പി.സി.സി. പ്രസിഡന്റ് കെ.ടി. കുഞ്ഞിരാമന്‍ നമ്പ്യാരും ജനറല്‍ സെക്രട്ടറി കെ. ദാമോദരനുമാണ്. കെ. ദാമോദരനാണ് മര്‍ദനപ്രതിഷേധദിനാചരണത്തിന്റെ ഭാഗമായി സെപ്റ്റംബര്‍ 15-ന് റാലി നടത്താന്‍ ആഹ്വാനംചെയ്തത്. അന്ന് കര്‍ഷകസംഘം വിലക്കയറ്റവിരുദ്ധദിനാചരണവും നടത്തുകയായിരുന്നു. ത്രിവര്‍ണപതാകയും ചെങ്കൊടിയും രണ്ടും അന്ന് ഒരേറാലിയില്‍ ഉപയോഗിക്കപ്പെട്ടു. കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആദ്യപരിപാടിയായാണത് രഹസ്യമായി ആസൂത്രണംചെയ്തത്. ചിറക്കല്‍ താലൂക്കിലെ(ഇപ്പോഴത്തെ കണ്ണൂര്‍ ജില്ലയുടെ കണ്ണൂര്‍ അടക്കമുള്ള വടക്കേ പകുതി) റാലി പാപ്പിനിശ്ശേരിയിലെ കീച്ചേരിയിലാണ് നിശ്ചയിച്ചത്.
വളപട്ടണം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ പെട്ടെന്ന് നിരോധനാജ്ഞ പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് കീച്ചേരിയിലെത്തിയ ജാഥകള്‍ തൊട്ടടുത്ത് മൊറാഴയിലേക്ക് തിരിച്ചുവിട്ടു. അവിടെ വിഷ്ണുഭാരതീയന്റെ അധ്യക്ഷതയില്‍ റാലി തുടങ്ങിയപ്പോഴേക്കും അവിടെയും നിരോധനാജ്ഞ വന്നു. യോഗം തീര്‍ന്നാലേ ജനക്കൂട്ടത്തെ പിരിച്ചുവിടൂവെന്ന് ഭാരതീയന്‍ ശഠിച്ചതിനെത്തുടര്‍ന്ന് എസ്.ഐ. മാരായ കുട്ടികൃഷ്ണമേനോന്റെയും ബീരാന്‍ മൊയ്തീന്റെയും നേതൃത്വത്തില്‍ പോലീസ് മര്‍ദനത്തിലേക്ക് നീങ്ങി. ഭാരതീയന്‍ വേദിയില്‍ കമിഴ്ന്നുകിടന്ന് സത്യാഗ്രഹം തുടങ്ങി. ഈസന്ദര്‍ഭത്തിലാണ് കയരളത്തുനിന്ന് അറാക്കല്‍ കുഞ്ഞിരാമന്റെ നേതൃത്വത്തില്‍ വലിയ ജാഥ അവിടേക്ക് കടന്നുവന്നത്. കര്‍ഷകസംഘത്തിന്റെ ചിറക്കല്‍ താലൂക്ക് വൊളന്റിയര്‍ ക്യാപ്റ്റനാണ് അദ്ദേഹം. റാലിയുടെ അധ്യക്ഷനായ ഭാരതീയന്‍ അതേക്കുറിച്ച് 'അടിമകളെങ്ങനെ ഉടമകളായി' എന്ന ആത്മകഥയില്‍ എഴുതുന്നു: 'ആ ജാഥയെ പിരിച്ചുവിടാനായി കുട്ടികൃഷ്ണമേനോനും പാര്‍ട്ടിയും അങ്ങോട്ടുനീങ്ങി. അറാക്കല്‍ അനേകം കര്‍ഷകജാഥകള്‍ നയിച്ച് പരിശീലനം സിദ്ധിച്ച ആളും ഭാരതത്തിലെ അഭിമന്യുവിനെപ്പോലെ ഒരുവശവും നോക്കാതെ നേരെ മുന്നോട്ടുനീങ്ങുന്ന സ്വഭാവമുള്ള വ്യക്തിയുമാണ്.
കുട്ടികൃഷ്ണമേനോന്‍തന്നെ ആദ്യമായി അറാക്കലിന്റെ തലയ്ക്ക് ലാത്തികൊണ്ട് അടിച്ചു. അടികൊണ്ട് ഇദ്ദേഹത്തിന്റെ തലകീറി നിലത്തുവീണു. പോലീസുകാര്‍ ഇയാളുടെ ദേഹത്തുകയറിയിരുന്നു. ഇവരുടെ കൈകള്‍ തളരുന്നതുവരെ തല്ലി. ഇയാള്‍ മരിച്ചുവെന്ന നിലയിലാണ് അവര്‍ ഉപേക്ഷിച്ചുപോയത്. നാനാഭാഗത്തുനിന്നും ആളുകള്‍ പോലീസ് പാര്‍ട്ടിയെ സമീപിച്ചു. പോലീസുകാരുടെ കൈയിലുള്ള ലാത്തി ജനങ്ങളുടെ കൈയിലേക്ക് മാറി. തുടര്‍ന്നുള്ള ആക്രമണത്തില്‍ എസ്.ഐ. കുട്ടികൃഷ്ണമേനോനും ഹെഡ് കോണ്‍സ്റ്റബിള്‍ ഗോപാലന്‍ നായരും കൊല്ലപ്പെട്ടു. (ഇതേ ദിവസം തലശ്ശേരിയില്‍നടന്ന റാലിയില്‍ പോലീസ് വെടിവെപ്പില്‍ കര്‍ഷകപ്രവര്‍ത്തകരായ അബുവും ചാത്തുക്കുട്ടിയും കൊല്ലപ്പെട്ടു. മട്ടന്നൂരില്‍ റാലിക്കുനേരെ പോലീസ് ആക്രമണവും ജനങ്ങളുടെ പ്രത്യാക്രമണവുമുണ്ടായി. ഒരു പോലീസുകാരന്‍ കൊല്ലപ്പെട്ടു. കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പരസ്യപ്രവര്‍ത്തനോദ്ഘാടനമായി സെപ്റ്റംബര്‍ 15 സംഭവങ്ങള്‍ വിശേഷിപ്പിക്കപ്പെടുന്നു.)
''മരിച്ചെന്നു വിചാരിച്ച ഓറെ ജീവന്‍ തിരിച്ചുകിട്ടിയല്ലോ, എപ്പോഴെങ്കിലും തിരിച്ചുവരുമെന്ന പ്രതീക്ഷയില്‍ ഞാന്‍ ആ വീട്ടില്‍ത്തന്നെ നിന്നു'' -വിവാഹബന്ധം ഉപേക്ഷിച്ച് സ്വന്തംവീട്ടിലേക്ക് തിരിച്ചുകൊണ്ടുപോകാനുള്ള ശ്രമങ്ങളില്‍നിന്ന് ആദ്യമൊക്കെ രക്ഷപ്പെട്ടതിനെക്കുറിച്ച് പറയുകയാണ് ഒരുകാലത്ത് മിസിസ് അറാക്കലായിരുന്ന കെ.ഒ.പി. മാധവി. രാഷ്ട്രീയത്തെക്കുറിച്ച് ഒന്നുമറിയാത്ത മാധവിയെ കമ്യൂണിസ്റ്റ് പാര്‍ട്ടി അവരുടെ യോഗത്തിലേക്ക് വിളിച്ചുകൊണ്ടുപോയി. ''കുഞ്ഞപ്പ ഒരു കടലാസില്‍ എന്തോ എഴുതിത്തന്നു. യോഗത്തില്‍ അതുനോക്കി പ്രസംഗിക്കാന്‍ പറഞ്ഞു. ഓറെപ്പറ്റിയെല്ലാം എഴുതിയ കടലാസ് നോക്കിവായിക്കാന്‍ എനക്കായില്ല, പ്രസംഗിക്കാതെ കരയുകയായിരുന്നു ഞാന്‍'' -അറാക്കലിന്റെ ബന്ധുവും വൊളന്റിയര്‍ ഗ്രൂപ്പിന്റെ വൈസ് ക്യാപ്റ്റനുമായ കെ.കെ. രൈരു നമ്പ്യാരുടെ വിളിപ്പേരാണ് കുഞ്ഞപ്പ. (1950 മേയ് നാലിന് പാടിക്കുന്നില്‍ പോലീസ് വെടിവെച്ചുകൊന്ന മൂന്നുപേരിലൊരാളാണ് രൈരു നമ്പ്യാര്‍).
സഭാകമ്പം കാരണം ആ യോഗത്തില്‍ പ്രസംഗിച്ചില്ലെങ്കിലും 1942 അവസാനം മലപ്പട്ടത്തുനടന്ന മഹിളാറാലിയില്‍ മിസിസ് അറാക്കല്‍ എന്നപേരില്‍ മാധവി പ്രസംഗിച്ചു. ''നണിശ്ശേരിക്കടവില്‍നിന്ന് വലിയ ചീനയിലാണ് മലപ്പട്ടത്തുപോയത്. വയലിലങ്ങോളം നിറഞ്ഞ് ആളുകളാണ്. ആദ്യം ഞാനാണ് പ്രസംഗിച്ചത്. മൈക്കൊന്നുമില്ലായിരുന്നു''. സി.പി.ഐ. ജനറല്‍ സെക്രട്ടറിയായിരുന്ന പി.സി. ജോഷി പങ്കെടുത്ത് മലപ്പട്ടത്തുനടന്ന കമ്യൂണിസ്റ്റ് സമ്മേളനത്തിന്റെ ഭാഗമായാണ് പി. യശോദയുടെയും മറ്റും നേതൃത്വത്തില്‍ മഹിളാറാലി നടന്നത്.
മൊറാഴ കേസില്‍ കെ.പി.ആര്‍. ഗോപാലനെ വധശിക്ഷയ്ക്കും അറാക്കലിനെ ജീവപര്യന്തം തടവിനും ശിക്ഷിച്ചുകൊണ്ടുള്ള വിധിവന്നതോടെ മാധവിയെ കൂട്ടിക്കൊണ്ടുപോകാന്‍ അച്ഛന്‍ വീണ്ടുമെത്തി. നിര്‍ബന്ധത്തിനുവഴങ്ങി കുറച്ചുദിവസം സ്വന്തം വീട്ടില്‍ച്ചെന്നുനില്‍ക്കാമെന്ന് സമ്മതിച്ചു. പക്ഷേ, മറ്റൊരു വിവാഹം നിശ്ചയിച്ചുറപ്പിച്ചാണ് അച്ഛന്‍ കൂട്ടിക്കൊണ്ടുപോയതെന്ന് അവിടെയെത്തിയപ്പോഴേ മനസ്സിലായുള്ളൂ. ബന്ധമൊഴിഞ്ഞ് വേറെ വിവാഹം കഴിച്ചെങ്കിലും വിപ്ലവകാരിയായ ആദ്യ ഭര്‍ത്താവിനെ മനസ്സില്‍നിന്ന് മായ്ച്ചുകളഞ്ഞില്ല മാധവി: ''ഞാന്‍ പ്രസവിച്ച് കിടക്കുമ്പോ, ഏഴാംദിവസമാണെന്ന് ഇപ്പോഴും ഓര്‍മിക്കുന്നു, വലിയൊരു ജാഥയും ഘോഷവും വേളാപുരത്തൂടെ കടന്നുപോയതറിഞ്ഞു. ജാഥയുടെ ഒച്ച ഞാനും കേട്ടതാണ്. ജയിലില്‍നിന്ന് വിട്ട ഓറെയും(അറാക്കല്‍) കെ.പി.ആറിനെയും മുമ്പില്‍ നടത്തിക്കൊണ്ടുള്ള ജാഥ. കൊറേ കൊല്ലം കഴിഞ്ഞിട്ടാണ് ഒരുദിവസം തൃച്ചംബരം അമ്പലത്തില്‍ ഞാന്‍ തൊഴാന്‍ പോയതായിരുന്നു. അപ്പോ ആട ഒരു കല്യാണം നടക്കുന്നു. മണ്ഡപത്തിന്റെ അടുത്തുതന്നെ ഏട്ടനെ കണ്ടു(അറാക്കല്‍ നാരായണന്‍ നമ്പ്യാര്‍. കയരളം വില്ലേജ് പഞ്ചായത്ത് പ്രസിഡന്റും അനുജന്‍ കുഞ്ഞിരാമനോടൊപ്പം താമ്രപത്രം കിട്ടിയ സ്വാതന്ത്ര്യസമരസേനാനിയും). ആരുടെ കല്യാണമാണെന്ന് ഞാന്‍ നോക്കി. എത്തിയെത്തി നോക്കുന്നതുകണ്ട് ഏട്ടന്‍ എന്നെ നോക്കിയപ്പോഴേക്കും ഞാന്‍ നാണിച്ചുപോയി. ഓറ ഏടീം കണ്ടില്ല. പിന്നെയറിഞ്ഞു, ഏട്ടന്റെ മൂത്തമകന്‍ രാമചന്ദ്രന്റെ കല്യാണമാണെന്ന്. ഞാന്‍ എടുത്തുനടന്ന കുട്ടി'' -മാധവി അനുസ്മരിച്ചു.
1939-'40-ല്‍ ഒന്നരക്കൊല്ലത്തോളമാണ് മാധവി-കുഞ്ഞിരാമന്‍ ദാമ്പത്യം നിലനിന്നത്. സെപ്റ്റംബര്‍ 16-നുശേഷം എപ്പോഴെങ്കിലും പരസ്പരം കണ്ടിരുന്നോയെന്ന് ഓര്‍ത്തെടുക്കാന്‍ അവര്‍ക്കാകുന്നില്ല. എന്നാല്‍, അറാക്കലിനെക്കുറിച്ചുള്ള ഒരു ഓര്‍മക്കുറിപ്പില്‍ അത്തരമൊരു ഉജ്ജ്വലമുഹൂര്‍ത്തമുള്ളത് ഇങ്ങനെയാണ്: 'തൊള്ളായിരത്തി അമ്പതുകളുടെ അവസാനം ഒരുദിവസം മാധവിയുടെ സഹോദരനായ കെ.ഒ.പി. കരുണാകരന്‍ നമ്പ്യാരുടെ ഗൃഹപ്രവേശം നടക്കുന്നു. അറാക്കലിന്റെ സഹോദരീപുത്രിയാണ് കെ.ഒ.പി.യുടെ ഭാര്യ. ഭാര്യയുടെ നാടായ കയരളത്താണ് പുതിയ വീട്. അറാക്കലുമായുള്ള ജ്യേഷ്ഠത്തിയുടെ വിവാഹബന്ധം മുറിച്ചതിലുള്ള പ്രായശ്ചിത്തമായാണ് കെ.ഒ.പി. അറാക്കലിന്റെ സഹോദരീപുത്രിയെ വിവാഹംചെയ്തത്. ഗൃഹപ്രവേശത്തില്‍ പങ്കെടുക്കാന്‍ അറാക്കലും സംഘവും ഒരു വരമ്പിലൂടെ നടന്നുവരുകയാണ്. മറ്റൊരു വരമ്പിലൂടെ മാധവിയും ബന്ധുക്കളും. അവര്‍ മുഖാമുഖം എത്തുകയാണ്. രണ്ടുവരമ്പും ഒന്നായിത്തീരുന്നിടത്തുനിന്ന് മുന്നോട്ടുപോകണം പുതിയ വീട്ടിലേക്ക്. ഒരക്ഷരം പറയാതെ ഇരുസംഘങ്ങളും. ഒടുവില്‍ മൗനം ഭഞ്ജിച്ച് അറാക്കല്‍ പറഞ്ഞു: ''നമ്മള് രണ്ടാളും ഒര് വീട്ടിലേക്ക് തന്നെയല്ലേ. നടക്ക് ''
പിന്‍കുറിപ്പ്: മദിരാശിയില്‍ ടി. പ്രകാശത്തിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് മന്ത്രിസഭ അധികാരത്തില്‍ വന്നതിനെത്തുടര്‍ന്ന് 1946 ഒക്ടോബറില്‍ ജീവപര്യന്തത്തില്‍ ഇളവുനല്‍കി അറാക്കലിനെ വിട്ടയച്ചു. സഹപ്രവര്‍ത്തകനും സഹതടവുകാരനുമായ തളിപ്പറമ്പിലെ പി.വി. അച്യുതന്‍ നമ്പ്യാരുടെ സഹോദരി ജാനകിയെ അറാക്കല്‍ ജീവിതത്തിലേക്ക് സ്വീകരിച്ചു. ആയിടയ്ക്കാണ് ജന്മിയായ കരക്കാട്ടിടം നായനാരുടെ ആനക്കാരന്‍ കൊല്ലപ്പെട്ടത്. സംഭവത്തെക്കുറിച്ച് ഒന്നുമറിയാത്ത അറാക്കല്‍ ആ കേസില്‍ ഒന്നാംപ്രതിയായി. വിവരമറിഞ്ഞ് കൃഷ്ണപിള്ളയുടെ നിര്‍ദേശാനുസരണം തിരുവിതാംകൂറിലേക്ക് രക്ഷപ്പെട്ട് അവിടെ പ്രവര്‍ത്തിക്കുകയായിരുന്നു. എന്നാല്‍, അറാക്കല്‍ നാട്ടില്‍ത്തന്നെയുണ്ടെന്നും വീട്ടില്‍ രാത്രി വരാറുണ്ടെന്നുമാണ് പോലീസ് റിപ്പോര്‍ട്ട്. ഭാര്യ ജാനകി ഗര്‍ഭിണിയാണെന്നാരോപിച്ച പോലീസ്, അവരെ പോലീസ് ക്യാമ്പില്‍ വിളിച്ചുവരുത്തി പേറ്റിച്ചിയെക്കൊണ്ട് പരിശോധിപ്പിച്ചു. ഗര്‍ഭമില്ലെന്ന് പേറ്റിച്ചി പറഞ്ഞതിനെത്തുടര്‍ന്ന് ജാനകിയെ വിട്ടയച്ചെങ്കിലും പോലീസ് ക്യാമ്പിലേക്ക് തിരിച്ചുവിളിച്ച് ഉപദ്രവിച്ചു. പനി ബാധിച്ച് കിടപ്പിലായ ജാനകി ഏതാനുംദിവസത്തിനകം മരിച്ചു. ആനക്കാരന്‍ കൊലക്കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് 1950-ല്‍ ജയിലിലായ അറാക്കല്‍, 1957-ലാണ് ജയില്‍മോചിതനായത്. മറ്റൊരു കൊലക്കേസില്‍ പ്രതിയായിരുന്നെങ്കിലും സംഭവസമയത്ത് തിരുവിതാംകൂറിലായിരുന്നെന്ന് തെളിഞ്ഞതിനാല്‍ വെറുതേ വിട്ടു. കേരളത്തിലെ കമ്യൂണിസ്റ്റ് നേതാക്കളില്‍ ഏറ്റവുംകൂടുതല്‍ക്കാലം ജയിലില്‍ക്കഴിഞ്ഞ(13 വര്‍ഷം) അറാക്കല്‍ 1981 മേയ് നാലിന് അന്തരിച്ചു.
സി.പി.എമ്മിന്റെ 23-ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി അച്ചടിച്ചുവന്ന ഒരു പത്രഫീച്ചറില്‍ കണ്ട വിവരണങ്ങള്‍ നൂറിനടുത്ത് പ്രായമുള്ള കോക്കുന്നോന്‍ ഒതയോത്ത് പുത്തന്‍വീട്ടില്‍ മാധവിയേട്ടത്തിയുടെ മങ്ങിയ ഓര്‍മകളെ വഴിനടത്തിയത് തന്റെ ക്ഷണികമായ ആദ്യവിവാഹത്തിലേക്കായിരുന്നു. വന്നതുപോലെ മാഞ്ഞ് ജയിലിലേക്കുപോയ ഭര്‍ത്താവ്; അദ്ദേഹം മോചിതനായി പുറത്തുവരുമ്പോഴേക്കും താന്‍ മറ്റൊരാളുടെ ഭാര്യയായിരുന്നു... വേദനയും വിരഹവും രാഷ്ട്രീയസമരങ്ങളും കൂടിക്കലരുന്ന ഒരു ഓര്‍മ.
Content Highlights: K Balakrishnan writes
Content Highlights: K Balakrishnan writes
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..