സുപ്രീം കോടതിയെ നോക്കുകുത്തിയാക്കി എല്ലാം കയ്യടക്കാൻ നെതന്യാഹു; നീറിപ്പുകഞ്ഞ് ഇസ്രയേൽ


By കെ.പി നിജീഷ് കുമാര്‍|nijeeshkuttiadi@mpp.co.in

6 min read
Read later
Print
Share

ബെഞ്ചമിൻ നെതന്യാഹു|AP

'എഴുപത്തിയഞ്ച് വർഷം പ്രായമുള്ള നമ്മുടെ രാജ്യം ആഭ്യന്തര യുദ്ധത്തിന്റെ വക്കിലാണ്. പക്ഷെ, എന്ത് വിലകൊടുത്തും നമുക്കതിനെ തടയണം.'
ഇസ്രയേൽ പ്രസിഡന്റ് ഐസക് ഹെർസോഗ് കഴിഞ്ഞ ബുധനാഴ്ച രാജ്യത്തെ അഭിസംബോധന ചെയ്തത് ഇങ്ങനെയായിരുന്നു. അത്രമേൽ തിളച്ചുമറിയുകയാണ് ഇസ്രയേലിലെ രാഷ്ട്രീയം. പ്രധാനമന്ത്രിബെഞ്ചമിൻ നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള തീവ്ര വലതുസഖ്യം രാജ്യത്തെജനാധിപത്യ സ്വഭാവത്തെ സ്വേച്ഛാധിപത്യ പാതയിലേക്ക് നയിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു ജനകീയ പ്രതിഷേധം. ഇത് കൈവിട്ടുപോകുന്നുവെന്ന തിരിച്ചറിവും അന്താരാഷ്ട്ര സമ്മർദവും കാരണം തീരുമാനത്തിൽനിന്ന് അൽപ്പം പുറകോട്ടുപോവാൻ നെതന്യാഹു തയ്യാറായെങ്കിലും രാജ്യത്തിന്റെ ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം ഇല്ലാതാക്കാനുള്ള പദ്ധതി പൂർണമായും ഉപേക്ഷിക്കുന്നതുവരെ വിശ്രമിക്കില്ലെന്ന മുന്നറിയിപ്പ് പ്രതിഷേധക്കാർ നൽകി കഴിഞ്ഞിരിക്കുകയാണ്.

പ്രധാമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ നീതിന്യായ പരിഷ്‌കരണ നടപടികള്‍ക്കെതിരേ ജനങ്ങള്‍ തെരുവിലിറങ്ങിയിട്ട് മൂന്ന് മാസത്തോളമായെങ്കിലും പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന് തന്നെയാണ് ഇപ്പോഴും അദ്ദേഹത്തിന്റെ നിലപാട്. രാജ്യത്തിന്റെ അവസാന വാക്ക് സുപ്രീം കോടതിയാണെന്നിരിക്കേ സുപ്രീം കോടതിയുടെ അധികാരം വെട്ടിച്ചുരുക്കുകയും ആവശ്യമെങ്കില്‍ സുപ്രീം കോടതി വിധിയെ പോലും മറികടക്കാനുള്ള അധികാരം പാര്‍ലമെന്റിന് നല്‍കുകയും ചെയ്യുകയെന്നതായിരുന്നു വിവാദനയം. അതായത് പാര്‍ലമെന്റ് പാസാക്കുന്ന നിയമങ്ങള്‍ എത്ര ജനദ്രോഹകരമാണെങ്കിലും സുപ്രീം കോടതിക്ക് അതിനെതിരേ പറയാന്‍ അധികാരമുണ്ടാവില്ല. മാത്രമല്ല, കേവല ഭൂരിപക്ഷമുണ്ടെങ്കില്‍ സുപ്രീം കോടതിയുടെ തീരുമാനങ്ങള്‍ പാര്‍ലമെന്റിന് റദ്ദാക്കുകയും ചെയ്യാം.

നെതന്യാഹുവിനെതിരേ നടന്ന പ്രതിഷേധത്തിൽ നിന്ന് | Photo: AP

ഇതിന് പുറമെ സുപ്രീം കോടതി ജഡ്ജിമാരുടെ നിയമനത്തില്‍ രാഷ്ട്രീയക്കാര്‍ക്ക് നിര്‍ണായക അധികാരം നല്‍കുന്ന ബില്ലുമുണ്ട്. ഇന്ത്യയിലെ കൊളീജിയം സംവിധാനം പോലെ ഒമ്പതംഗ സമിതിയാണ് ഇസ്രയേലില്‍ ജഡ്ജിമാരെ നിയമിക്കുന്നത്. ജഡ്ജിമാരും അഭിഭാഷകരുമാണ് സമിതിയില്‍ ഭൂരിപക്ഷം. ബാക്കി രാഷ്ട്രീയ പ്രതിനിധികള്‍. ഇത് മാറ്റി ജഡ്ജിമാരുടെ തിരഞ്ഞെടുപ്പില്‍ സര്‍ക്കാരിന് കൂടുതല്‍ അധികാരം നല്‍കുന്ന ബില്ലും വലിയ പ്രതിഷേധത്തിന് കാരണമായി. നെതന്യാഹുവിനിതെരേ ഇസ്രയേലില്‍ കണ്ടത് അടുത്തകാലത്തെങ്ങും രാജ്യം കാണാത്ത തരത്തിലുള്ള പ്രതിഷേധമായിരുന്നു. സാധാരണ ജനങ്ങള്‍ക്ക് പുറമെ പട്ടാളക്കാര്‍, മുന്‍സൈനികര്‍, സമ്പന്നർ, ബാങ്ക് ഉദ്യോഗസ്ഥര്‍ എന്നിവരെല്ലാം പ്രതിഷേധവുമായി തെരുവിലിറങ്ങിയത് അക്ഷരാര്‍ഥത്തില്‍ ഇസ്രയേലിനെ ഞെട്ടിച്ചുകളഞ്ഞു. റോഡുകളും ഹൈവേകളുമെല്ലാം പ്രതിഷേധക്കാര്‍ ഉപരോധിച്ചു. പ്രധാനമന്ത്രിക്ക് വഴി നടക്കാന്‍ പറ്റാത്ത അവസ്ഥയിലായി.

അമേരിക്കയുടെ ഇടപെടല്‍

പ്രതിഷേധം ശക്തമാവുകയും നെതന്യാഹുവിന് പൊതുപരിപാടികളില്‍ പോലും പങ്കെടുക്കാന്‍ പറ്റാതെയുള്ള സാഹചര്യമുണ്ടാവുകയും ചെയ്തതോടെ യു.എസ്. പ്രസിഡന്റ് ജോ ബൈഡനടക്കം വിഷയത്തില്‍ ചര്‍ച്ച നടത്തി. ഇതോടെ വിവാദ തീരുമാനത്തില്‍നിന്ന് താല്‍ക്കാലികമായി നെതന്യാഹു പിന്‍വാങ്ങുന്നുവെന്ന വിവരവും വരുന്നുണ്ട്. ജനാധിപത്യ സമൂഹം ശാക്തീകരിക്കപ്പെട്ടുവെന്നും ജനകീയ പിന്തുണയോടെയാവണം അടിസ്ഥാനപരമായ മാറ്റങ്ങളുണ്ടാക്കേണ്ടതെന്നും അല്ലാത്തപക്ഷം അത് ആഭ്യന്തര യുദ്ധത്തിലേക്ക് തന്നെ വഴിവെക്കുമെന്നും ജോ ബൈഡന്‍ മുന്നറിയിപ്പു നൽകി. കഴിഞ്ഞ ഞായറാഴ്ച ഫോണ്‍ വഴിയായിരുന്നു സംഭാഷണം. നീതിന്യായ നിയമ പരിഷ്‌കരണം സംബന്ധിച്ച വിവരങ്ങള്‍ പുറത്തു വന്നയുടന്‍ തന്നെ ഇസ്രയേലിലെ തെരുവുകള്‍ സമരങ്ങള്‍ കൊണ്ട് നിറഞ്ഞിരുന്നു. അഞ്ചു ലക്ഷത്തോളം ആളുകളാണ് ജെറുസലേം നഗരത്തിലും ടെല്‍ അവീവിലുമെല്ലാം പ്ലക്കാര്‍ഡുകളുമായി നിറഞ്ഞത്. പ്രതിഷേധം കൂടുതല്‍ ശക്തമാവുമെന്ന് കണ്ടതോടെയാണ് അമേരിക്ക ഇടപെടുകയും ചെയ്തത്.

ടെലിഫോണ്‍ സംഭാഷണത്തില്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള എല്ലാ പിന്തുണയും ബൈഡന്‍ വാഗ്ദാനം നല്‍കിയിട്ടുണ്ട്. ഇസ്രയേലിന്റെ സാമ്പത്തിക, രാഷ്ട്രീയ, സൈനിക തലങ്ങളുടെ അന്താരാഷ്ട്ര സ്‌പോണ്‍സര്‍ എന്നറിയപ്പെടുന്ന അമേരിക്കയുടെ ഇടപെടല്‍ തന്നെയാണ് നെതന്യാഹുവിനെ താല്‍ക്കാലികമായെങ്കിലും പിന്‍മാറാന്‍ നിര്‍ബന്ധിതനാക്കിയതെന്നാണ് ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഓറിയന്റല്‍ ആന്‍ഡ് ആഫ്രിക്കന്‍ സ്റ്റഡീസ് മിഡില്‍ ഈസ്റ്റ് പൊളിറ്റിക്കല്‍ പ്രൊഫസര്‍ നതാനിയര്‍ ജോര്‍ജ് ടൈംമാഗസിനോട് ചൂണ്ടിക്കാട്ടിയത്.

എങ്കിലും നിതിന്യായ പരിഷ്‌കരണ നിയമത്തിന്റെ ചില ഭാഗങ്ങള്‍ ഏപ്രില്‍ അഞ്ചിന് നടക്കാനിരിക്കുന്ന നെസെറ്റ് (ഇസ്രയേല്‍ പാര്‍ലമെന്റ്) സമ്മേളനത്തില്‍ പാസാക്കിയെടുക്കാനുള്ള പ്രവര്‍ത്തനങ്ങളും നെതന്യാഹു അണിയറിയില്‍ തുടങ്ങിയിട്ടുണ്ട്. സുപ്രീം കോടതി ജഡ്ജിമാരെ നിയമിക്കുന്ന ഒമ്പതംഗ കമ്മിറ്റിയില്‍ ഒരു സീറ്റിന്റെ ഭൂരിപക്ഷം ഇസ്രയേല്‍ പാര്‍ലമെന്റിന് നല്‍കാനുള്ള പദ്ധതികളും അതില്‍ ഉള്‍പ്പെടുന്നുണ്ട്. ഇതോടെ പ്രതിഷേധം ഇനിയും തുടരുമെന്ന സൂചനയാണ് ലഭിക്കുന്നത്. നീതിന്യായ സംവിധാനങ്ങള്‍ക്കിടയിലും പാര്‍ലമെന്റിന് ഇടയിലും കൂടുതല്‍ ശക്തി നേടാനുള്ള ശ്രമമാണ് നെതന്യാഹുവിന്റെ നേതൃത്വത്തില്‍ ശ്രമിക്കുന്നതെന്നാണ് പ്രതിപക്ഷ ആരോപണം.

നെതന്യാഹുവിനെതിരേ നടന്ന പ്രതിഷേധത്തിൽ നിന്ന് | Photo: AP

ബില്ലുകള്‍ നിയമങ്ങളായാല്‍ ന്യൂനപക്ഷങ്ങളെ അവഗണിച്ചുള്ള ഭൂരിപക്ഷവാഴ്ചയ്ക്ക് വഴിതെളിക്കുമെന്നും അത് ഇസ്രയേലിന്റെ പുരോഗതിയെപ്പോലും ബാധിക്കുമെന്നും വംശീയധ്രുവീകരണം കൂട്ടുമെന്നുമാണ് പ്രതിഷേധക്കാര്‍ ചൂണ്ടിക്കാട്ടുന്നത്. സുപ്രീം കോടതിയെ ഒതുക്കുന്നതുകൊണ്ട് ഈ സര്‍ക്കാരിന് പല ലക്ഷ്യങ്ങളുണ്ടെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു. അഴിമതിക്കേസിലെ ബെഞ്ചമിന്‍ നെതന്യാഹുവിന്റെ വിചാരണ മരവിപ്പിക്കുക എന്നതാണ് ഒന്നാമത്തേത്. പലസ്തീന്‍കാര്‍ തിങ്ങിപ്പാര്‍ക്കുന്ന വെസ്റ്റ് ബാങ്കില്‍ യഥേഷ്ടം ജൂതകുടിയേറ്റം നടത്തുക എന്നതാണ് മറ്റൊന്ന്. അന്താരാഷ്ട്ര നിയമങ്ങള്‍ പ്രകാരം അനുവദനീയമല്ലാത്ത ഇത്തരം കുടിയേറ്റങ്ങള്‍ നെതന്യാഹുവിന്റെ മുന്‍സര്‍ക്കാരുകളും നടത്തിയിട്ടുണ്ട്. പലപ്പോഴും സുപ്രീം കോടതി അത് തടഞ്ഞിട്ടുമുണ്ട്. പരിഷ്‌കാരങ്ങള്‍ നടപ്പാകുന്നതോടെ, സുപ്രീം കോടതി തടഞ്ഞാലും പാര്‍മെന്റിലെ കേവല ഭൂരിപക്ഷത്തിലൂടെ അതിനെ മറികടന്ന് കുടിയേറ്റം വിപുലമാക്കാന്‍ സര്‍ക്കാരിന് കഴിയും.

ഇസ്രയേലിനെ സംബന്ധിച്ച് എഴുതപ്പെട്ട ഭരണഘടനയ്ക്ക് പകരം സുപ്രീം കോടതി നിര്‍ദേശിക്കുന്ന ഒരുകൂട്ടം നിയമങ്ങളാണുള്ളത്.

വെസ്റ്റ്ബാങ്ക് സെറ്റില്‍മെന്റ്

1967-ലെ മിഡില്‍ ഈസ്റ്റ് യുദ്ധത്തിന് ശേഷമാണ് പലസ്തീനിലെ വെസ്റ്റ്ബാങ്കിലും കിഴക്കന്‍ ജറുസലേമിലും ഇസ്രയേല്‍ വലിയ രീതിയിലുള്ള അധിനിവേശം നടത്തിയത്. ഇതിന് ശേഷം നിര്‍മിച്ച 140 കേന്ദ്രങ്ങളിലായി ഏകദേശം 6,00,000 ജൂതന്മാരാണ് ഇവിടെ കുടിയേറി താമസിച്ചുപോരുന്നത്. ഇത്തരം കുടിയേറ്റങ്ങള്‍ നിയമാനുസ്രതമല്ലെന്ന് പല അന്താരാഷ്ട്ര സംഘടനകളടക്കം ചൂണ്ടിക്കാട്ടിയിരുന്നുവെങ്കിലും ഇത് ഇസ്രയേല്‍ നിരസിച്ചു.

18 വര്‍ഷങ്ങള്‍ക്ക് മുമ്പ് നോര്‍ത്തേണ്‍ വെസ്റ്റ്ബാങ്കിലെ നാല് കുടിയേറ്റ കേന്ദ്രങ്ങളായ ഘനീം, കദീം, ഹമേഷ്, സനൗര്‍ എന്നിവടങ്ങള്‍ ഒഴിപ്പിക്കാനും ഗാസ മുനമ്പില്‍നിന്ന് ഏകപക്ഷീയമായി പിന്‍വാങ്ങുന്നതിനുമുള്ള നിയമം ഇസ്രയേല്‍ പാര്‍ലമെന്റ് പാസാക്കിയിരുന്നു. ഇത് പലസ്തീന്‍ ജനതയ്ക്ക് അവരുടെ സ്വാഭാവിക ജീവിതം നയിക്കുന്നതിന് ഉപകരിക്കുമെന്നായിരുന്നു അന്നത്തെ ഇസ്രയേല്‍ പ്രധാനമന്ത്രി ഏരിയല്‍ ഷാരോണ്‍ ചൂണ്ടിക്കാട്ടിയത്. സൈന്യത്തിന്റെ അനുമതിയില്ലാതെ ഒഴിപ്പിക്കപ്പെട്ട ഈ ഭാഗങ്ങളില്‍ പ്രവേശിക്കുന്നതിന് ഇസ്രയേലി പൗരന്‍മാര്‍ക്ക് വിലക്കുണ്ടായിരുന്നു. പക്ഷെ, ഒരു കൂട്ടം കുടിയേറ്റക്കാര്‍ സര്‍ക്കാരിന്റെ തന്നെ മൗനാനുവാദത്തോടെ ഹമേഷില്‍ ജൂത മത പാഠശാലയും അനധികൃത ഔട്ട്‌പോസ്റ്റും സ്ഥാപിച്ചു. ഇത് പിന്നീട് നെതന്യാഹു സര്‍ക്കാര്‍ നിയമവിധേയമാക്കുകയും ചെയ്തു.

നെതന്യാഹുവിനെതിരേ നടന്ന പ്രതിഷേധത്തിൽ നിന്ന് | Photo: AP

വെസ്റ്റ്ബാങ്ക് കുടിയേറ്റവുമായി ബന്ധപ്പെട്ട 2005-ലെ നിയമം കഴിഞ്ഞ ദിവസം ഇസ്രയേലി പാര്‍ലമെന്റ് വോട്ടിനിട്ട് റദ്ദാക്കി. ഇതോടെ ഒഴിപ്പിക്കപ്പെട്ട പ്രദേശത്ത് കൂടുതല്‍ ഇസ്രയേലികള്‍ക്ക് പ്രവേശിക്കാനും ഔട്ട്‌പോസ്റ്റുകള്‍ സ്ഥാപിക്കാനും വഴിയൊരുക്കും. ഇസ്രയേലുമായി പൊതുവെ സംഘര്‍ഷത്തിലുള്ള പലസ്തീന്‍ ജനതയെ റമദാന്‍ കാലത്ത് കൂടുതല്‍ പ്രശ്‌നങ്ങളിലേക്ക് വലിച്ചഴിക്കുന്നതുമാവും നെതന്യാഹുവിന്റെ പുതിയ തീരുമാനമെന്ന വിമര്‍ശനവും ഉയരുന്നുണ്ട്. നെതന്യാഹുവിന്റെ നീക്കത്തിനെതിരേ ജര്‍മനി, ഫ്രാന്‍സ്, ഇറ്റലി, യു.കെ., യു.എസ്. എന്നീ രാജ്യങ്ങളെല്ലാം പ്രതിഷേധം അറിയിച്ചിട്ടുണ്ട്.

വെസ്റ്റ്ബാങ്ക് അധിനിവേശവും കുടിയേറ്റവും മുന്‍സര്‍ക്കാരിന്റെ കാലത്തും നടന്നിരുന്നുവെങ്കിലും നെതന്യാഹുവിന്റെ കാലത്ത് ഇത് വലിയ രീതിയില്‍ വര്‍ധിച്ചു. ഇത് ഇസ്രയേല്‍-പാലസ്തീന്‍ സംഘര്‍ഷം രൂക്ഷമാക്കുകയും ചെയ്തിരുന്നു. അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ ജനുവരി മുതല്‍ 70 പലസ്തീനികളാണ് ഇസ്രയേലി സുരക്ഷാ ജീവനക്കാരുടെ റെയ്ഡിനെ തുടര്‍ന്ന് കൊല്ലപ്പെട്ടത്. 13 ഇസ്രേയല്‍ പൗരന്മാര്‍ക്കും ജീവന്‍ നഷ്ടപ്പെട്ടു. ഫെബ്രുവരി 25-ന് ആയിരുന്നു രണ്ട് ജൂത കുടിയേറ്റക്കാരായ സഹോദരങ്ങള്‍ ഹുവാര നഗരത്തില്‍ കൊല്ലപ്പെട്ടത്. ഇതോടെ ഇരച്ചെത്തിയ ഇസ്രയേലി പ്രതിഷേധക്കാർ സുരക്ഷാ ജീവനക്കാര്‍ക്കൊപ്പമെത്തി ഹുവാരയിലെ സര്‍വതും നശിപ്പിച്ചു. പലസ്തീനികളുടെ വീടും സ്വത്തുമെല്ലാം തീയിട്ട് നശിപ്പിച്ചു. ഒരാള്‍ കൊല്ലപ്പെട്ടു. 350 പേര്‍ക്ക് പരിക്കേറ്റു. ഇങ്ങനെ പലസ്തീനിലെ വിവിധയിടങ്ങളില്‍ രൂക്ഷമായ സംഘര്‍ഷമാണ്‌ നടക്കുന്നത്.

നെതന്യാഹുവിനെതിരേ നടന്ന പ്രതിഷേധത്തിൽ നിന്ന് | Photo: AP

കഴിഞ്ഞ വ്യാഴാഴ്ചയാണ് പെന്റഗണ്‍ മേധാവി ലോയ്ഡ് ഓസ്റ്റില്‍ ഇസ്രയേല്‍ സന്ദര്‍ശിച്ചത്. വെസ്റ്റ്ബാങ്ക് കുടിയേറ്റം സംബന്ധിച്ച് ഇസ്രയേല്‍- പാലസ്തീന്‍ സംഘര്‍ഷം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിലായിരുന്നു ഓസ്റ്റിന്റെ സന്ദര്‍ശനം. അന്താരാഷ്ട്ര നിയമങ്ങള്‍ പ്രകാരം ഇസ്രയേലിന്റെ വെസ്റ്റ്ബാങ്ക് കുടിയേറ്റം അനധികൃതമായാണ് കണക്കാക്കുന്നത്. ഇത് നെതന്യാഹു സര്‍ക്കാര്‍ അധികാരത്തിലെത്തിയ സമയത്ത് വര്‍ധിക്കുകയും ചെയ്തിരുന്നു. ആറ് ലക്ഷത്തിലധികം ഇസ്രയേല്‍ പൗരന്മാരാണ് ഇപ്പോള്‍ വെസ്റ്റ്ബാങ്കില്‍ നിര്‍മിച്ചിട്ടുള്ള സെറ്റില്‍മെന്റുകളില്‍ താമസിക്കുന്നത്. ഏകദേശം 25 ലക്ഷത്തോളം പസ്തീനികളും ഇവിടെ കഴിയുന്നുണ്ട്. പാലസ്തീന്‍ രാഷ്ട്രം രൂപീകരിക്കുമ്പോള്‍ തങ്ങളുടെ തലസ്ഥാവനമായി പലസ്തീന്‍ അധികാരികള്‍ കണക്കാക്കുന്നത് വെസ്റ്റ് ബാങ്കിനെയായതിനാല്‍ ഇസ്രയേല്‍ അധിനിവേശത്തെ എന്ത് വിലകൊടുത്തും ചെറുത്തു തോല്‍പ്പിക്കുമെന്നും പലസ്തീന്‍ പറയുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം ബെഞ്ചമിന്‍ നെതന്യാഹു | Photo: AP

ഇതിനിടെ, കോടതി ഉത്തരവിലൂടെയോ മറ്റോ പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് നെതന്യാഹു സ്വയം ഒഴിഞ്ഞുപോവേണ്ടതില്ലെന്ന ബില്ല് കഴിഞ്ഞ ദിവസം നെസെറ്റ് പാസ്സാക്കി നിയമമാക്കി. 61 നെസെറ്റ് അംഗങ്ങളില്‍നിന്ന് 47 പേരുടെ അവസാന വോട്ട് നേടിയാണ് ബില്ല് പാസാക്കിയെടുത്തത്. നീണ്ട ചര്‍ച്ചകള്‍ക്കു ശേഷം രണ്ടും മൂന്നും വായന പൂര്‍ത്തിയാക്കിയാണ് ബില്ല് പാസാക്കിയത്. നെതന്യാഹുവിനെതിരേ അഴിമതിയാരോപണങ്ങളും മറ്റും ഉയര്‍ന്നു വന്നതോടെ ഇതില്‍നിന്ന് രക്ഷപ്പെടാനുള്ള വഴിയാണ് ഇത്തരമൊരു ബില്ലിന് പിന്നിലെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നുവെങ്കിലും ബില്ല് പാസാവുകയായിരുന്നു.

വിശ്വാസ വഞ്ചന, തട്ടിപ്പ്, അഴിമതി തുടങ്ങി മൂന്ന് കേസുകളില്‍ നെതന്യാഹു ഇപ്പോള്‍തന്നെ വിചാരണ നേരിടുന്നുണ്ട്. പുതിയ ബില്ല് പ്രകാരം ശാരീരികമായോ മാനസികമായോ ഉള്ള കാരണങ്ങളുണ്ടെങ്കില്‍ മാത്രമേ പ്രധാനമന്ത്രിയോട് സ്ഥാനമൊഴിയാന്‍ ആവശ്യപ്പെടാന്‍ പാടുള്ളൂ. എന്ത് ജനദ്രോഹകരമായ തീരുമാനമെടുത്താലും അതില്‍നിന്ന് പ്രധാനമന്ത്രിക്ക് സംരക്ഷണം നല്‍കുന്നതാണ് പുതിയ നിയമമെന്നാണ് ഇതിനെതിരേയുള്ള പ്രതിപക്ഷ ആരോപണം. ഇതിനിടെ ജുഡീഷ്യല്‍ പരിഷ്‌കരണത്തിനെതിരേയുള്ള പ്രതിഷേധം വീണ്ടും ആളിക്കത്തുകയും ചെയ്തിട്ടുണ്ട്. പ്രതിഷേധ പ്രകടനങ്ങളും ജാഥകളുമാണ് തെരുവോരങ്ങളിലെങ്ങും. ഇറ്റ് ഈസ് നോട്ട് എ ഡ്രീം, ഇറ്റ് ഈസ് എ റെവല്യൂഷന്‍, ഇഫ് യു വില്‍ ഇറ്റ് ഡെമോക്രസി വില്‍ വിന്‍ തുടങ്ങിയ വാക്കുകള്‍ അച്ചടിച്ച ബാനറുകള്‍ ഉയര്‍ത്തിയുള്ള പ്രതിഷേധങ്ങള്‍ കൂടുതല്‍ ജനശ്രദ്ധയാകര്‍ഷിക്കാനും തുടങ്ങി.

1996-ലാണ്‌ നെതന്യാഹു ആദ്യമായി ഇസ്രയേല്‍ പ്രധാനമന്ത്രിയായത്. ആദ്യത്തെ തവണ 1999 വരെ അധികാരത്തിലിരുന്നു. 2009-ലായിരുന്നു രണ്ടാമത്തെ ഊഴം. അതിന് ശേഷം തുടര്‍ച്ചയായ 12 വര്‍ഷമാണ് നെതന്യാഹു പ്രധാനമന്ത്രി കസേരയില്‍ ഇരുന്നത്. 2021-ല്‍ നീണ്ടകാലത്തെ ആ ഭരണം അവസാനിക്കുകയും ചെയ്തു. തുടര്‍ന്ന് ഇക്കഴിഞ്ഞ നവംബറിലാണ് യായ്ര്‍ ലാപിഡിന്റെ നേതൃത്വത്തിലുള്ള സെന്റര്‍ ലെഫ്റ്റ് പാര്‍ട്ടി സര്‍ക്കാരിനെ മറികടന്ന് നെതന്യാഹുവിന്റെ ലികുഡ് പാര്‍ട്ടി സഖ്യം ഏറ്റവും വലിയ ഒറ്റകക്ഷിയായത്. നെതന്യാഹു 86% വോട്ട് നേടി. ഇസ്രയേലിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും തീവ്രമായ വലതുപക്ഷ യാഥാസ്തിക പാര്‍ട്ടികളാണ് നെതന്യാഹുവിന്റെ ലികുഡ് പാര്‍ട്ടിക്കൊപ്പം ഉണ്ടായിരുന്നത്. യുണെറ്റഡ് തൊറാ ജുദായിസം, ഒറ്റ്‌സ്മ യെഹൂദിറ്റ്, റിലീജിയസ് സയണിസം എന്നിവരാണ് മറ്റ് പാര്‍ട്ടികള്‍.

Content Highlights: judicial overhaul israel benjamin nethanyahu supreme court decision

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
chinese youth
Premium

6 min

തൊഴിലില്ല; ഗ്രാമങ്ങളിലേക്ക്‌ ചേക്കേറാന്‍ ചൈനീസ് യുവാക്കൾ, ജാഗ്രതയോടെ സർക്കാർ

Jun 6, 2023


brijbhushan sharan singh, Wrestlers

ബ്രിജ്ഭൂഷണ് മുന്നില്‍ നിശ്ചലമായ 'ബുള്‍ഡോസര്‍'

Jun 5, 2023


cial
Premium

7 min

മണ്ടന്‍ ആശയമല്ല, പിച്ച തെണ്ടി ഉണ്ടാക്കിയതല്ല; ലോകത്തിന് മുന്നില്‍ തലയുയര്‍ത്തി സിയാല്‍ മോഡല്‍

May 30, 2023

Most Commented