രാഹുൽഗാന്ധി|ANI
രാഹുല്‍ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര 100 ദിവസം പിന്നിടുന്നു. സെപ്റ്റംബര്‍ ഏഴിന് കന്യാകുമാരിയില്‍നിന്ന് തുടങ്ങിയ യാത്ര എട്ടു സംസ്ഥാനങ്ങള്‍ പിന്നിട്ട് 2833 കിലോമീറ്റര്‍ താണ്ടി രാജസ്ഥാനിലെത്തി. കോണ്‍ഗ്രസിനെ സംബന്ധിച്ച് യാത്ര വിസ്മയകരമായ ഓളമുണ്ടാക്കിയെന്നത് സത്യമാണ്. യാത്ര അതിന്റെ അവസാനലാപ്പിലെത്തുമ്പോള്‍ തങ്ങളുടെ അക്കൗണ്ടിലേക്ക് മറ്റൊരു സംസ്ഥാനംഭരണം കൂടി കൂട്ടിച്ചേര്‍ക്കാനായതിന്റെ ആശ്വാസമുണ്ട് കോൺഗ്രസിന്. ഒപ്പം ഗുജറാത്തിലെ ദയനീയ പരാജയത്തിന്റെ കയ്പ്പും അവിടെ എ.എ.പി വേരുറപ്പിച്ചതിന്റെ വെല്ലുവിളിയുമുണ്ട്.
മോദിക്കെതിരേ ബദല്‍തേടിയുള്ള കോണ്‍ഗ്രസിന്റെ ശ്രമം തുടങ്ങിയിട്ട് ഏറെയായി. പക്ഷെ ആര് നയിക്കുമെന്ന ചോദ്യത്തിൽ തട്ടി ആ ശ്രമം പാളിപ്പോവുകയാണ്. പ്രധാനമന്ത്രി പദത്തിലേക്ക് നോട്ടമിട്ടിരിക്കുന്ന നേതാക്കൾ ഏറെയുണ്ട് ദേശീയ തലത്തില്‍. അതുകൊണ്ടുതന്നെ 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നെ ഇവരെ ഒന്നിച്ചുകൊണ്ടുപോവുകയെന്നത് രാഹുലിനേയും കോണ്‍ഗ്രസിനേയും സംബന്ധിച്ച് അത്ര എളുപ്പമല്ലതാനും.
ഗുജറാത്ത് നൽകുന്ന മുന്നറിയിപ്പ്
1995 മുതല്‍ 2022 വരെ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഗുജറാത്തില്‍ കൃത്യമായ മേല്‍വിലാസമുണ്ടായിരുന്നു. ബി.ജെ.പി തുടര്‍ച്ചയായി ഭരണത്തുടര്‍ച്ചയുണ്ടാക്കുമ്പോഴും കട്ടക്ക് നിന്ന് വെല്ലുവിളിയുയര്‍ത്തിയവര്‍. ഗുജറാത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ 149 സീറ്റെന്ന റെക്കോര്‍ഡ് എഴുതിച്ചേര്‍ത്തവര്‍. പക്ഷെ ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ ഞെട്ടിയത് കോണ്‍ഗ്രസ് മാത്രമല്ല. സ്വന്തം റെക്കോര്‍ഡിനൊപ്പം ഗുജറാത്തില്‍ കോണ്‍ഗ്രസ് നേടിയിരുന്ന ചരിത്ര റെക്കോര്‍ഡ് കൂടി തിരുത്തിക്കുറിച്ച ബിജെപി കൂടിയാണ്. അഞ്ചുസീറ്റില്‍ മാത്രമാണ് ഗുജറാത്തില്‍ എ.എ.പിക്ക് വിജയിക്കാനായതെങ്കിലും അവിടെ 31 കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ പരാജയത്തിന് കാരണമാവാന്‍ അവര്‍ക്ക് സാധിച്ചിട്ടുണ്ട് എന്നത് കാണാതെ പോവരുത്. ഈ മണ്ഡലങ്ങളില്‍ എ.എ.പി-ക്ക് കിട്ടിയ വോട്ടിനേക്കാള്‍ കുറഞ്ഞ ഭൂരിപക്ഷത്തിലാണ് ബി.ജെ.പി-കോണ്‍ഗ്രസിനെ തോല്‍പിച്ചത്.
ഹിമാചലില്‍ കാര്യമായ മുന്നേറ്റമുണ്ടാക്കാനായില്ലെങ്കിലും ശക്തമായ ഒരു മൂന്നാം മുന്നണിയുടെ കടന്നുവരവിന് സാധ്യതയുള്ള സംസ്ഥാനങ്ങളില്‍ എ.എ.പി ഇനിയും വെല്ലുവിളി ഉയര്‍ത്തുമെന്ന സൂചനയാണ് ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് നല്‍കുന്നത്. ഡല്‍ഹിയിലേത് പോലെ പതിയെ തുടങ്ങി സമഗ്രാധിപത്യത്തിലേക്കുള്ള യാത്ര. ലോക്‌സഭാ തിരഞ്ഞെടുപ്പുകളും വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളുമെത്താന്‍ അധികനാളില്ലെന്നിരിക്കെ നിലവിലെ അവസ്ഥയില്‍ ആ ദൂരം താണ്ടുക കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം കഠിനമാണ്. ചുരുങ്ങി ചുരുങ്ങി മൂന്ന് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് ഒതുങ്ങിയപ്പോള്‍ ചോദ്യം ചെയ്യപ്പെടുന്നത് കോണ്‍ഗ്രസിന്റെ നിലനില്‍പ്പ് കൂടിയാണ്.
.jpg?$p=448c9b1&&q=0.8)
വരാനുള്ളത് നിയമസഭാ തിരഞ്ഞെടുപ്പുകളുടെ മാമാങ്കം
ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കാന്‍ ഇനി കൃത്യമായി പറഞ്ഞാല്‍ 15 മാസത്തോളമാണ് ബാക്കിയുള്ളത്. ഇതിന് മുമ്പെ സെമിഫൈനലെന്ന് വിശേഷിപ്പിക്കുന്ന വിവിധ നിയമസഭാ തിരഞ്ഞെടുപ്പുകളുടെ വരവാണ്. മധ്യപ്രദേശ്, രാജസ്ഥാന്‍, ചത്തീസ്ഗഢ്, കര്‍ണാടക തുടങ്ങി പത്ത് സംസ്ഥാനങ്ങളിലെങ്കിലും അടുത്തവര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കും. ഒരുപക്ഷെ ജമ്മു കശ്മീരിലും നടക്കും. ഗുജറാത്തിലെ ബി.ജെ.പിയുടെ മാരക ഭൂരിപക്ഷവും അവിടെ എ.എ.പിയുടെ അക്കൗണ്ട് തുറക്കലിലും കോണ്‍ഗ്രസിന് പേടിച്ചേ മതിയാവൂ.
ഗുജറാത്തില്‍ എ.എ.പി ലക്ഷ്യമിട്ടത് തന്നെയാണ് നടപ്പിലായത്. കോണ്‍ഗ്രസിന് പകരക്കാരനാവുക. വിജയത്തിനപ്പുറം പരമാവധി വോട്ടുബാങ്കുകളില്‍ വിള്ളലുണ്ടാക്കി തങ്ങളുടെ സാന്നിധ്യമറിയിക്കുക. അത് തന്നെ സംഭവിക്കുകയും ചെയ്തു. ഒരുകാലത്ത് കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രമായിരുന്ന ഡല്‍ഹിയില്‍ കോര്‍പ്പറേഷന്‍ ഭരണം കൂടി എ.എ.പി തൂത്തുവാരിയതോടെ കോണ്‍ഗ്രസ് നാമാവശേഷമായി.. 2013-ല്‍ ആണ് എഎപിയുടെ ഡല്‍ഹിയിലെ ആദ്യ നിയമസഭാ പോരാട്ടം. അന്ന് ആര്‍ക്കും ഭൂരിപക്ഷം ലഭിക്കാത്ത ഫലത്തില്‍ എ.എ.പി മൂന്നാം സ്ഥാനത്താണെത്തിയത്. കിട്ടയത് 28 സീറ്റ്.
കോണ്‍ഗ്രസുമായി ചേര്‍ന്ന് അരവിന്ദ് കെജ്‌രിവാള്‍ മുഖ്യമന്ത്രിയായി അധികാരമേറ്റെങ്കിലും 49 ദിവസത്തിനുള്ളില്‍ രാജിവെച്ചു. ജന്‍ലോക്പാല്‍ ബില്ലിനെ കോണ്‍ഗ്രസ് പിന്തുണക്കുന്നില്ലെന്ന കാര്യം പറഞ്ഞായിരുന്നു രാജി. ഇതോടെ രാഷ്ട്രപതി ഭരണത്തിലായ ഡല്‍ഹിയില്‍ 2015-ല്‍ വീണ്ടും തിരഞ്ഞെടുപ്പ് നടക്കുകയും എ.എ.പി അധികാരത്തിലേറുകയുമായിരുന്നു. പിന്നീട് കോണ്‍ഗ്രസിന് ഡല്‍ഹിയിലേക്ക് തിരഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. അന്ന് ആകെയുള്ള 70 നിയമസഭാ മണ്ഡലങ്ങളില്‍ 67-ലും വിജയിച്ചാണ് എ.എ.പി അധികാരത്തിലേറിയത്. 2022-ല്‍ ആ വിജയം ആവര്‍ത്തിച്ചത് പഞ്ചാബിലാണ്. 2022 അവസാനമാകുമ്പോഴേക്കും ഡല്‍ഹി കോര്‍പ്പറേഷനും പിടിച്ചടക്കി. ആദ്യം നിയമസഭ, പിന്നെ കോര്‍പ്പറേഷന്‍. അങ്ങനെ പടിപടിയായുള്ള മുന്നേറ്റം.
ഗോവയിൽ രണ്ട് നിയമസഭാ മണ്ഡലങ്ങള്‍ പിടിച്ചടക്കി.അവസാനവമായി ഗുജറാത്തില്‍ അഞ്ചുസീറ്റ് നേടിയെടുക്കുകയും ഭൂരിഭാഗം മണ്ഡലങ്ങളിലും കോണ്‍ഗ്രസിന്റെ പരാജയത്തിന് പ്രധാന പങ്കുവഹിക്കുകയും ചെയ്തു. നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് എ.എ.പി തെലങ്കാന, ചത്തീസ്ഗഢ്, കര്‍ണാടകയടക്കമുള്ള സംസ്ഥാനങ്ങളില്‍ അവരുടെ പ്രവര്‍ത്തനം സജീവമാക്കിയിട്ടുണ്ട്. ഹരിയാനയിലും ഉത്തരാഖണ്ഡിലുമെല്ലാം ശക്തമായ സ്വാധീനവുമുണ്ട്. തങ്ങള്‍ക്ക് ഗുജറാത്തില്‍ ജയിക്കാന്‍ കഴിഞ്ഞില്ലെങ്കിലും എന്താണ് ഞങ്ങളുടെ തന്ത്രമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മനസ്സിലാക്കികൊടുക്കാന്‍ കഴിഞ്ഞൂവെന്നാണ് എഎപി രാജ്യസഭാ എം.പിയും മുതിര്‍ന്ന നേതാവുമായ സഞ്ജയ് സിങ്ങ് ഗുജറാത്ത് ഫലത്തിന് ശേഷം പ്രതികരിച്ചത്. ഇതേ തന്ത്രം തന്നെ മറ്റ് സംസ്ഥാനങ്ങളിലും എ.എ.പി പയറ്റുകയാണെങ്കില്‍ കാര്യങ്ങള്‍ എളുപ്പമാവുകയുമില്ല.

ചുരുങ്ങിയ കാലം കൊണ്ട് ദേശീയ പദവി; പക്ഷെ ഓഫർപൊളിറ്റിക്സ് തന്ത്രം എത്രകാലം
ചുരുങ്ങിയ കാലം കൊണ്ട് രൂപപ്പെടുകയും അത് വളര്‍ന്ന് പന്തലിക്കുകയും ചെയ്ത നിരവധി പാര്‍ട്ടികളുണ്ട് രാജ്യത്ത്. എന്നാല്‍ ചുരങ്ങിയ കാലം കൊണ്ട് രൂപപ്പെടുകയും വളര്‍ന്ന് പന്തലിച്ച് ദേശീയ പദവി വരെ നേടുകയും ചെയ്ത പാര്‍ട്ടിയാണ് എ.എ.പി. ഡല്‍ഹിയില്‍ തുടങ്ങി പഞ്ചാബ് വഴി ഗുജറാത്തിലെത്തിയ എ.എ.പിക്ക് ഹരിയാനയിലും ഉത്തരാഖണ്ഡിലുമെല്ലാം ശക്തമായ സ്വാധീനമാണ്. ഗുജറാത്തില്‍ പത്ത് ശതമാനത്തില്‍ താഴെ മാത്രം സീറ്റ് വാങ്ങിയ കോണ്‍ഗ്രസിന് പ്രതിപക്ഷ നേതൃസ്ഥാനം പോലും നഷ്ടപ്പെടുന്ന അവസ്ഥയാണുണ്ടായത്. 182-ല്‍ 17 സീറ്റുമാത്രമാണ് കോണ്‍ഗ്രസിനുള്ളത്. ഒരു സീറ്റ് കൂടി നേടിയിരുന്നുവെങ്കില്‍ പ്രതിപക്ഷ നേതൃസ്ഥാനം അവകാശപ്പെടാമായിരുന്നു. എന്നാല്‍ ഇതിനിടെ ഹിമാചല്‍പ്രദേശില്‍ കോണ്‍ഗ്രസ് നേടിയ വിജയം അവര്‍ക്ക് ആശ്വാസം നല്‍കുന്നു. ഇവിടേയും എ.എ.പി തങ്ങളുടെ സ്ഥാനാര്‍ഥികളെ ഇറക്കി വെല്ലുവിളി ഉയര്‍ത്തിയെങ്കിലും അക്കൗണ്ട് തുറക്കാനായില്ലെന്നത് ശ്രദ്ധേയമാണ്.
കെജ്‌രിവാളിന്റെ പ്രധാന തന്ത്രമായ സൗജന്യ വാഗ്ദാനങ്ങള്‍ ഇവിടെ വിലപ്പോയില്ലെന്നതാണ് യാഥാര്‍ഥ്യം. സൗജന്യ വൈദ്യുതി, സൗജന്യ വെള്ളം എന്നിവയൊന്നും ഫലം കണ്ടില്ല. പകരം പഴയ പെൻഷൻ പദ്ധതി പുനസ്ഥാപിക്കുമെന്ന കോൺഗ്രസിന്റെ തന്ത്രത്തെ ജനങ്ങൾ ഏറ്റെടുക്കുകയായിരുന്നു. ഹിമാചലില്‍ 11 ശതമാനംമാത്രം വോട്ടുവിഹിതമേ ആപ്പിന് ലഭിച്ചുള്ളൂ. നരേന്ദ്ര-ഭൂപേന്ദ്ര ഇരട്ട എന്‍ജിന്‍ ഭരണമെന്ന സൂത്രവാക്യം ഗുജറാത്തികള്‍ സ്വീകരിച്ചപ്പോള്‍, നരേന്ദ്ര-താക്കൂര്‍ ഇരട്ട എന്‍ജിന്‍ ഭരണമെന്ന സൂത്രവാക്യം ഹിമാചലിലെ ജനങ്ങള്‍ തള്ളിക്കളഞ്ഞു. പുതിയ പെന്‍ഷന്‍ പദ്ധതിക്കെതിരായ ജനേരാഷവും സ്വതന്ത്രരായി മത്സരിച്ച വിമതരും ഹിമാചലില്‍ ഭരണകക്ഷിക്ക് വിനയായേപ്പാള്‍ ഒരു സംസ്ഥാനഭരണം ബിജെപി.യില്‍നിന്ന് പിടിച്ചെടുക്കാനായി എന്നതാണ് ദേശീയ തലത്തില്‍ കോണ്‍ഗ്രസിന് ആശ്വാസമായത്. ഹിമാചലിലെ 68 മണ്ഡലങ്ങളില്‍ നാല്‍പതും നേടിയ കോണ്‍ഗ്രസിന് 43.9 ശതമാനം വോട്ടാണ് ലഭിച്ചത്. 43 ശതമാനം വോട്ടുവിഹിതമുള്ള ബിജെപി 25 സീറ്റിലൊതുങ്ങി. മൂന്നുസീറ്റില്‍ സ്വതന്ത്രര്‍ വിജയിച്ചു. അതില്‍ രണ്ടും ബിജെപി വിമതരാണ്.

എ.എ.പി ഗുജറാത്തില്‍ തോല്‍പിച്ചത് 31 കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ
ഗുജറാത്തില്‍ സൗരാഷ്ട്ര കച്ചില്‍ മാത്രം 28 സീറ്റാണ് ഇത്തവണ കോണ്‍ഗ്രസിന് നഷ്ടമായത്. 2017-ല്‍ 30 സീറ്റ് നേടിയിടത്ത് നിന്നാണ് രണ്ട് സീറ്റിലേക്ക് ചുരുങ്ങിയത്. റാപര്‍, കച്ച്, ദസദയിലെ സുരേന്ദ്രനഗര്‍ എന്നിവിടങ്ങളിലെ കോണ്‍ഗ്രസ് സീറ്റുകളെയാണ് ഈ വോട്ട് വിഭജനം ഏറ്റവും കുടുതല്‍ ബാധിച്ചത്. റായ്പറില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി സിറ്റിങ് എം.എല്‍.എ സന്തോഷ് ആരെത്യയുടെ ഭര്‍ത്താവ് ബച്ചുഭായ് ആരെത്യയായിരുന്നു മത്സരിച്ചത്. ഇവിടെ ബി.ജെ.പിയുടെ വീരേന്ദ്രസിഹ് ജഡേജ 577 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. ഇവിടെ എ.എ.പി സ്ഥാനാര്‍ഥി അമ്പ പട്ടേല്‍ നേടിയത് 2434 വോട്ടാണ്.
ദസദയില്‍ കോണ്‍ഗ്രസ് സിറ്റിങ് എം.എല്‍.എ നൗഷാദ് സോളങ്കി ബിജെപിയുടെ പി.കെ പര്‍മാറിനോട് തോറ്റത് 2179 വോട്ടിനാണ്. ഇവിടെ എ.എ.പി സ്ഥാനാര്‍ഥി അരവിന്ദ് സോളങ്കി നേടിയത് 10324 വോട്ടാണ്. സുരേന്ദ്രനഗര്‍, ജുനഗദ്, അംരേലി, മോര്‍ബി ജില്ലകളില്‍ 2017-ല്‍ കോണ്‍ഗ്രസ് വന്‍ മാര്‍ജിനിലാണ് വിജയിച്ചുകയറിയത്. പക്ഷെ ഇവിടങ്ങളിലെല്ലാം ഇത്തവണ എ.എ.പി കോണ്‍ഗ്രസിന്റെ വോട്ടുകള്‍ കൈക്കലാക്കിയതോടെ ദസദ, ലിംദി, ചോട്ട്യാല സീറ്റുകളെല്ലാം കോണ്‍ഗ്രസിന് നഷ്ടപ്പെട്ടു. അംമ്രേലിയിലെ ദാരി, സവര്‍കുണ്ഡ്‌ല സീറ്റ്, മോര്‍ബിയിലെ തങ്കര, വാങ്കാനര്‍, ദൊരാജി, രാജ്കോട്ടിലെ ജസ്ദാന്‍, ദേവഭൂമിയിലെ കമ്പാലിയ, ദ്വാരക, ജാംനഗറിലെ കലവാട്, ജുങ്കാദ് ഗദാദിലെ മംഗ്രോല്‍, ഗിര്‍ സോമനാഥിലെ തലാല സീറ്റുകള്‍ എന്നിവയിലെല്ലാം ഇത്തവണ നഷ്ടക്കണക്കിലാണ്.
രാജ്കോട്ട് ഈസ്റ്റില്‍ ബി.ജെ.പിയുടെ ഉദയ് കംഗാദ് എ.എ.പിയില്‍ നിന്ന് മടങ്ങിയെത്തിയ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഇന്ദ്രനീല്‍ രാജ്യഗുരുവിനെ പരാജയപ്പെടുത്തിയത് 28635 വോട്ടിനാണ്. പക്ഷെ ഇവിടെ എ.എ.പി സ്ഥാനാര്‍ഥി രാഹുല്‍ ഭൂവ നേടിയത് 35486 വോട്ടാണ്. കെസോദില്‍ നിലവില്‍ ഭൂപേന്ദ്ര പട്ടേല്‍ മന്ത്രിസഭയിലെ മന്ത്രി ദേവഭായ് മാലം സീറ്റ് നിലനിര്‍ത്തിയെങ്കിലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഹീറാ ജോദ്വയെ 4208 വോട്ടിനാണ് പരാജയപ്പെടുത്തിയത്. ഇവിടെ എ.എ.പിയുടെ രാംജി ചുദാസ്മയ്ക്ക് ലഭിച്ചത് 24497 വോട്ടാണ്. ഇങ്ങനെ കോണ്‍ഗ്രസിന്റെ സര്‍വമേഖലയിലും കടന്ന് കയറുക തന്നെയായിരുന്നു ഗുജറാത്തില്‍ എ.എ.പി.

മഹാസഖ്യം വേണം പക്ഷെ ആര് നയിക്കും
മോദിക്കും ബിജെപിക്കുമെതിരേ മഹാസഖ്യം വേണമെന്ന് വാദിക്കുമ്പോഴും ദേശീയ തലത്തില്‍ നേതാക്കളുടെ ഏകോപനമില്ലായ്മയാണ് പ്രധാന പ്രശ്‌നം. നയിക്കേണ്ടത് ആരെന്ന ചോദ്യമാണ് പ്രധാനമായും ഉയര്‍ന്ന് വരുന്നത്. ബംഗാളില്‍ നിന്ന് മമതാബാനര്‍ജി, ബിഹാറില്‍ നിന്ന് നിതീഷ്‌കുമാര്‍, ഡല്‍ഹിയില്‍ നിന്ന് അരവിന്ദ് കെജ്രിവാള്‍, തെലങ്കാനയില്‍ നിന്ന് കെ.സി.ആര്‍ എന്നിവരെല്ലാം ഭാവി പ്രധാനമന്ത്രി പദം സ്വപ്‌നംകാണുന്നവരാണ്. ഇവരെ കൂട്ടിയോജിപ്പിച്ച് മുന്നോട്ടുപോവാന്‍ ഇറങ്ങിത്തിരിച്ച രാഹുല്‍ഗാന്ധിക്കും കോണ്‍ഗ്രസിനും അതത്ര എളുപ്പമാവുകയുമില്ല. മോദിക്കെതിരേ രാഹുല്‍ ഒരു പരാജയപ്പെട്ട മോഡലാണെന്നും രാജ്യവ്യാപകമായി മഹാസഖ്യത്തിന്റെ ആവശ്യമില്ലെന്നുമാണ് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ അഭിപ്രായം. ബിഹാര്‍, ജാര്‍ഖണ്ഡ്, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ മാത്രം മഹാസഖ്യം മതിയെന്നാണ് മമതയുടെ നിലപാട്. പാര്‍ട്ടി നേതാക്കളേയും മന്ത്രിമാരേയും വരിഞ്ഞുമുറുക്കിയ കേന്ദ്ര ഏജന്‍സികളുടെ നടപടികള്‍ക്കിടെ പ്രതിപക്ഷത്തിന്റെ പൊതുനേതാവ് എന്ന തരത്തില്‍ ഉയര്‍ന്ന് വരാന്‍ മമതയ്ക്ക് സാധിക്കില്ല. മറ്റ് നേതാക്കളെ അങ്ങനെ ഉയര്‍ത്തിക്കൊണ്ടുവരാനും അവര്‍ താല്‍പര്യപ്പെടുന്നില്ല. പ്രധാനമന്ത്രിയാവാനില്ലെന്ന് നിതീഷ്‌കുമാര്‍ പറയുമ്പോഴും രാജ്യത്തിന് നിതീഷിനെ വേണമെന്ന ഹോര്‍ഡിങ്ങുകള്‍ ബിഹാറില്‍ ഉയര്‍ന്നുകഴിഞ്ഞിട്ടുണ്ട്. പക്ഷെ ജെ.ഡി.യുവിന്റെ പരിധി നിതീഷിനറിയാം. ഇതോടെ പൊതുതിരഞ്ഞെടുപ്പിന് മുന്നെ ആര്‍.ജെ.ഡി-ജെ.ഡി.യു ലയന സാധ്യതയും ചൂണ്ടിക്കാട്ടപ്പെടുന്നുണ്ട്. ഇത് മുന്നില്‍ കണ്ടാവാം 2025-ലെ ബിഹാര്‍ നിയമസഭാ തിരഞ്ഞെടപ്പിനായുള്ള മഹാസഖ്യത്തെ തേജസ്വിയാദവ് നയിക്കുമെന്ന് കഴിഞ്ഞദിവസം ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ പറഞ്ഞത്. ബിഹാറിലെ കുര്‍ഹാനി സീറ്റിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ കഴിഞ്ഞദിവസമാണ് മഹാസഖ്യം പിന്തുണച്ച ജെ.ഡി.യുവിന്റെ മനോജ് കുശ്വാഹ ബിജെപി സ്ഥാനാര്‍ഥി കേദാര്‍ഗുപതയ്‌ക്കെതിരേ പരാജയപ്പെട്ടത്. നേരത്തെ ആര്‍.ജെ.ഡിയുടെ കൈവശമായിരുന്നു മണ്ഡലം. ഉപതിരഞ്ഞെടുപ്പാണെങ്കിലും ഈ തോല്‍വി മഹാസഖ്യത്തിന് ഉള്‍ക്കാഴ്ച നല്‍കുന്നത്. സംസ്ഥാനത്ത് തങ്ങളുടെ അടിത്തറ അത്ര ശക്തമല്ലെന്ന കൃത്യമായ സൂചനയായിരുന്നു ഈ തിരഞ്ഞെടുപ്പ് ഫലം.
ഈ പരാജയത്തിന് ശേഷമാണ് 2025-ലെ മഹാസഖ്യത്തെ തേജസ്വി നയിക്കുമെന്ന പ്രസ്താവന നിതീഷ്‌കുമാര്‍ നടത്തിയത്. ലയനം നടന്നാല്‍ നിതീഷ്‌കുമാറിനെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടിയും തേജസ്വിയാദവിനെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടിയുമാവും തുടര്‍ന്നുള്ള പ്രചാരണങ്ങള്‍. അങ്ങനെയാവാവുമ്പോള്‍ ആകെയുള്ള ബിഹാറിലെ 40 ലോക്‌സഭാ സീറ്റില്‍ 30 പിടിച്ചെടുക്കാനാവുമെന്നാണ് നിതീഷ് കണക്കുകൂട്ടുന്നത്. ഡല്‍ഹിക്കും പഞ്ചാബിനും പുറമെ ഗുജറാത്തിലും സാന്നിധ്യമുറപ്പിച്ച് ദേശീയപദവി നേടിയ ആം ആദ്മിയും അരവിന്ദ് കെജരിവാളും പ്രധാനമന്ത്രി പദവും മഹാസഖ്യത്തിന്റെ നേതൃസ്ഥാനവും സ്വപ്‌നംകാണുന്നവരിലുണ്ട്. ഇതിനിടെയാണ് മഹാസഖ്യം ലക്ഷ്യമിട്ട് രാഹുല്‍ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര അതിന്റെ അവസാന ലാപ്പിലെത്തുന്നത്. മഹിളായാത്രയ്ക്കായി പ്രിയങ്കയും ഒരുങ്ങുന്നത്.
Content Highlights: journey to 2024 is not easy for congress
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..