ജോൺ മക്ഫോൾ
എന്റെ ജീവിതത്തില്‍ സംഭവിച്ച ഏറ്റവും നല്ല കാര്യമാണിത്. ഓരോ ദിവസവും പുതിയ വെല്ലുവിളികള്‍ സമ്മാനിച്ചു. കൂടുതല്‍ ഏകാഗ്രതയും ആവേശവും നല്കി. അടങ്ങാത്ത ലക്ഷ്യങ്ങളുടെയും അഭിലാഷങ്ങളുടെയും ഒരു ലിസ്റ്റ് തന്നെ എനിക്കെപ്പോഴുമുണ്ടായിരുന്നു. അതിന് പുറകെ ഓടാനല്ലാതെ എന്റെ ഭിന്നശേഷിയെ കുറിച്ച് ആലോചിച്ചിരുന്ന് ഇരുട്ടിന്റെ പാത തുടരാന്‍ സമയമുണ്ടയിരുന്നില്ല. ഈ ലോകം എല്ലാവര്‍ക്കുമുള്ളതാണ്.
ഒരു വ്യക്തി തന്നെ ഭിന്നശേഷിക്കാരനാക്കിയ വാഹനാപകടത്തെ കുറിച്ച് ആവേശത്തോടെ പറഞ്ഞ വാക്കുകളായിരുന്നു ഇത്. പക്ഷെ അത് വെറുംവാക്കായിരുന്നില്ലെന്ന് പിന്നീട് ലോകത്തിന് അയാള്‍ കാണിച്ചുകൊടുക്കുകയും ചെയ്തു. പറഞ്ഞുവരുന്നത് ജോണ്‍ മക്ഫോള്‍ എന്ന ബ്രിട്ടീഷ് പൗരനെ കുറിച്ചാണ്. അപകടത്തില്‍ ഒരുകാല് മുറിച്ച് മാറ്റേണ്ടി വന്നിട്ടും ബഹിരാകാശ യാത്രയ്ക്കായുള്ള പരിശീലന പരിപാടിക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ ഭിന്നശേഷിക്കാരന്. യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സി (ഇ.എസ്.എ)-യാണ് വിപ്ലവകരമായ പ്രഖ്യാപനം കഴിഞ്ഞ ദിവസം നടത്തിയത്.
ജീവിതം മാറ്റിമറിച്ച വാഹനാപകടം
19-ാം വയസ്സില്‍ തായ്ലന്ഡിലെ അവധി ആഘോഷത്തിനിടെയായിരുന്നു മക്ഫോളിന്റെ ജീവിതം മാറ്റിമറിച്ച വാഹനാപകടം. കാലിന് ഗുരുതരമായി പരിക്കേറ്റു. അപകടത്തിന് ശേഷം ഡോക്ടര്‍മാര്‍ വിധിയെഴുതിയത് കാല് മുറിച്ചുമാറ്റുക മാത്രമാണ് പോംവഴിയെന്നായിരുന്നു. പക്ഷെ തളര്ന്നുപോവുന്നതിന് പകരം കുതിച്ചുചാടാന്‍ മക്ഫോള്‍ പഠിച്ചു. മാസങ്ങളോളമുള്ള ആശുപത്രിവാസത്തിന് ശേഷം എങ്ങനെ തന്റെ മുറിഞ്ഞുപോയ കാലിനെ എങ്ങനെ വീണ്ടും ഉപയോഗിക്കാന്‍ കഴിയുമെന്ന പഠനമായിരുന്നു പിന്നെ. കാല് അനിവാര്യമായ കായിക വിനോദങ്ങളെ എങ്ങനെ സ്വായത്തമാക്കാമെന്നായിരുന്നു ചിന്ത.
സൈക്ലിംഗ്, മലകയറല്‍ എന്നിവയിലെല്ലാം ഒരു പോരാളിയെ പോലെ പിന്നീട് മക്ഫോള്‍ ആവേശത്തോടെയെത്തി. അപകടശേഷം കൃത്രിമക്കാൽ ധരിച്ച് 2004-ല്‍ മക്ഫോള്‍ തന്റെ ആദ്യ അത്ലറ്റിക് മീറ്റിനെത്തി. 2005-ല്‍ ഭിന്നശേഷിക്കാര്‍ക്കായുള്ള 100 മീറ്റര്‍, 200 മീറ്റര്‍ ഓട്ടത്തില്‍ യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്തു. 2006-ല്‍ ഇന്റര്‍നാഷണല്‍ പാരാലിമ്പിക് കമ്മിറ്റിയുടെ ലോകചാമ്പ്യന്‍ഷിപ്പില്‍ ഇതേ മത്സരയിനത്തില്‍ വെള്ളിമെഡലും വെങ്കലമെഡലും നേടിയതോടെ മക്ഫോളിനെ ലോകം ശ്രദ്ധിക്കാന്‍ തുടങ്ങി. പക്ഷെ അവിടേയും മക്ഫോള്‍ നിര്‍ത്തിയില്ല. 2007-ല്‍ മാഞ്ചസ്റ്ററിൽ നടന്ന വിസ പാരാലിമ്പിക് ലോകകപ്പിൽ 200 മീറ്റര്‍ മത്സരയോട്ടത്തില് സ്വര്‍ണമെഡല്‍ നേടി. ഇതേ വർഷം പാരീസിൽ നടന്ന എ.എഫ്.ഗോൾഡൻ ലീഗിൽ നൂറ് മീറ്ററിൽ വെള്ളിമെഡൽ നേടാനും മക്ഫോളിനായി. 2008-ൽ ബീജിങ്ങിൽ നടന്ന സമ്മർ പാരാലിമ്പിക് ഒളിമ്പിക് ഗെയിംസിൽ നൂറ് മീറ്ററിൽ വെങ്കല മെഡൽ നേടിയ ശേഷം തല്ക്കാലം കായിക മേഖലയോട് വിടപറഞ്ഞ മക്ഫോള്‍ വീണ്ടും പഠനത്തിന് തുടക്കമിടുകയായിരുന്നു. അങ്ങനെ 2014-ല്‍ ഡോക്ടര്‍ ബിരുദം നേടുകയും ചെയ്തു. തുടര്‍ന്ന് പ്രക്ടീസ് ചെയ്തു വരുന്നതതിനിടെയാണ് ബഹിരാകാശ യാത്രയെന്ന സ്വപ്നത്തിലേക്കുള്ള തുടക്കം.

2003-ലാണ് സ്വാന്സ്വ യൂണിവേഴ്സിറ്റിയില്‍ നിന്ന് സ്പോര്‍ട്സ് ആന്‍ഡ് എക്സസൈസ് സയന്‍സില്‍ ജോണ്‍ മക്ഫോള്‍ ബിരുദം നേടുന്നത്. ശേഷം കാഡ്രിഫിലുള്ള യൂണിവേഴ്സിറ്റി ഓഫ് വെയില്‍സ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ബിരുദാനന്തര ബിരുദവും നേടി. 2006-ലെ സ്പാര്ക്കാസന്കപ്പിന് തൊട്ട് മുന്‍പ് തന്റെ കാറും കൃത്രിമ ഉപകരണവും മോഷണം പോയതും ജീവിതത്തിലെ മറ്റൊരു പരീക്ഷണമായി. മക്ഫോള്‍ കേസുമായി മുന്നോട്ടുപോയെങ്കിലും പണം തന്നാല്‍ തിരിച്ച് നല്‍കാമെന്ന അജ്ഞാത ഫോണ്‍വിളിയായിരുന്നു മക്ഫോളിനെ തേടിയെത്തിയത്. പക്ഷെ പണം നല്കാന് തയ്യാറാവാതിരുന്നതോടെ ഒരാഴ്ചയ്ക്കിടെ മോഷ്ടിക്കപ്പെട്ട കൃത്രിമ ഉപകരണം തിരിച്ചെത്തുകയും ചെയ്തു. തുടര്‍ന്ന് നിരവധി മത്സരങ്ങള്‍ക്കാണ് മക്ഫാള്‍ രാജ്യത്തെ പ്രതിനിധീകരിച്ച് പങ്കെടുത്തത്.
.jpg?$p=17ec214&&q=0.8)
ഭിന്നശേഷിക്കാരുടെ ബഹിരാകാശ യാത്ര
41-ാം വയസ്സിലാണ് ബഹിരാകാശ യാത്രയെന്ന സ്വപ്നത്തിലേക്ക് ജോണ്‍ മക്ഫോള്‍ കടക്കുന്നത്. ബഹിരാകാശ യാത്ര എല്ലാവര്‍ക്കുമെന്ന ടാഗ് ലൈനിലായിരുന്നു യൂറോപ്യന്‍ സ്പേസ് എജന്‍സി ഭിന്നശേഷിക്കാരായ ബഹിരാകാശ യാത്രികരെ തേടിയത്. 22500 അപേക്ഷകരാണുണ്ടായത്. ഇതില്‍ നിന്നാണ് മാക്ഫോൾ അടക്കമുള്ള പതിനാറ് പേരെ തിരഞ്ഞെടുത്തത്. ഇനി പരിശീലന ക്ലാസുകളാണ്.
ഞാന്‍ എന്റെ ശരീരവുമായി ഇണങ്ങിക്കഴിഞ്ഞിരിക്കുന്നു. 21 വര്‍ഷം മുമ്പ് വലതുകാല്‍ നഷ്ടപ്പെട്ടതുമുതല്‍ തുടങ്ങിയ കഠിന പ്രയത്നം ഒടുവില്‍ യാഥാര്ഥ്യത്തിലെത്തിനില്ക്കുന്നു. എന്നില്‍ വിശ്വസിക്കാന്‍ പഠിക്കാനായി എന്നതാണ് ഇക്കാലമത്രയും കൊണ്ട് ഞാന്‍ പഠിച്ചെടുത്ത പാഠം. ജീവിതത്തില്‍ ഇതുവരെ വന്ന് ചേര്‍ന്നതെല്ലാം ആത്മവിശ്വാസം വര്‍ധിപ്പിക്കുകയാണ് ചെയ്ത്. എന്തും ചെയ്യാന്‍ എനിക്ക് പറ്റുമെന്ന വിശാസം. മക്ഫോള്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞ വാക്കുകളാണിത്.

ബഹിരാകാശ യാത്രികനാവുകയെന്നത് തന്റെ വലിയ സ്വപ്നമൊന്നുമായിരുന്നില്ലെന്നും പക്ഷെ ഇ.എസ്.എ (യൂറോപ്യന്‍ സ്പേസ് ഏജന്‍സി) അങ്ങനെയൊരു അവസരം തുറന്നിട്ടപ്പോള്‍ അതിലേക്ക് യാത്ര നടത്തുകയായിരുന്നുവെന്നും മക്ഫോള്‍ ചൂണ്ടിക്കാട്ടുന്നു. സാധ്യതാ പഠനത്തിനായിട്ടാണ് ഇ.എസ്.എ ഇപ്പോള്‍ ഇവരെ തിരഞ്ഞെടുത്തിരിക്കുന്നത്. ഇത് അടുത്ത മൂന്ന് വര്‍ഷത്തേക്ക് നീണ്ട് നില്ക്കും. ഭിന്നശേഷി ഏത് തരത്തിലായിരിക്കും ബഹിരാകാശ യാത്രയെ ബാധിക്കുകയെന്നും അത് എങ്ങനെ മറികടക്കാനാവുമെന്നുമുള്ള കാര്യങ്ങള്‍ക്കാണ് പരിശീലന കാലയളവ് പ്രധാന്യം നല്‍കുക.
യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയുടെ പാരാസ്ട്രനോട്ട് തിരഞ്ഞെടുപ്പിനെ ഏറെ ശ്രദ്ധയോടെയാണ് തങ്ങള്‍ വീക്ഷിക്കുന്നതെന്ന് നാസയും വ്യക്തമാക്കിയിട്ടുണ്ട്. നാസയുമായി ചേര്‍ന്നായിരിക്കും ഇ.എസ്.എ സാധ്യതാപഠനം നടത്തുക. ഫ്രാന്‍സിന്റെ സോഫി അഡെനോട്ട്, യു.കെയുടെ റോസ്മേരി കൂഗന്സ, സ്വിറ്റ്സര്‍ലന്‍ഡിന്റെ മാര്‍ക്കോ സൈബര്‍, ബെല്‍ജിയത്തിന്റെ റാഫേല്‍ ലെഗോയ്സ്, സ്പെയിനിന്റെ പാബ്ലോ അല്‍വാരെസ് ഫെര്‍ണാണ്ടസ് എന്നിവരും ഇവരുടെ സംഘത്തിലുണ്ട്. തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് അടുത്ത് ഏപ്രില്‍മാസത്തോടെ ജര്‍മനിയില്‍ പരിശീലന പരിപാടി തുടങ്ങും.
Content Highlights: john mcfall british paralympic sprinter and ESA astronaut
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..