'ജനങ്ങള്‍ വരുന്നത് കണ്ടില്ലേ... സിംഹാസനത്തിൽനിന്ന് ഇറങ്ങു'; ഇന്ദിരയെ വിറപ്പിച്ച ജെ.പി


സ്വന്തം ലേഖകന്‍

ജയപ്രകാശ് നാരായൺ, ഇന്ദിരാ ഗാന്ധി

'അദ്ദേഹത്തിന്റെ കഴിവിനെ കുറിച്ചോ സ്വഭാവനൈര്‍മല്യത്തെക്കുറിച്ചോ എനിക്കൊരിക്കലും സംശയമുണ്ടായിട്ടില്ല. ഭാരതത്തിന്റെ ഭാഗധേയം നിര്‍ണയിക്കുന്നതില്‍ അദ്ദേഹം അതിപ്രധാനമായൊരു പങ്ക് വഹിക്കുന്നകാലം വന്നു ചേരുകതന്നെ ചെയ്യും...'

യപ്രകാശ് നാരായണ്‍ എന്ന നേതാവിനെകുറിച്ച് ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്രു 1948-ല്‍ പറഞ്ഞ വാക്കുകളായിരുന്നു അത്. പൊതുവില്‍ ദീര്‍ഘദര്‍ശിയായ നേതാവെന്ന് വിശേഷപ്പിക്കപ്പെടുന്ന നെഹ്‌റു ഇന്ത്യയുടെ രാഷ്ട്രീയഭാവി വിലയിരുത്തിക്കൊണ്ടാണോ അത് പറഞ്ഞതെന്നറിയില്ല. പക്ഷെ, നെഹ്രുവിന്റെ ഉള്‍പ്പടെ നേതൃത്വത്തില്‍ ഇന്ത്യ സ്വായത്തമാക്കിയ ജനാധിപത്യ സംവിധാനത്തെ 25 കൊല്ലങ്ങള്‍ക്ക് ശേഷം അദ്ദേഹത്തിന്റെ സ്വന്തം മകള്‍ കശാപ്പ് ചെയ്തപ്പോള്‍ അതിനെ തടയുന്നതിന് വേണ്ടിയാണ് നെഹ്രു പ്രവചിച്ച രീതിയില്‍ ജയപ്രകാശ് നാരായണ്‍ ഇന്ത്യയുടെ ഭാഗധേയം രൂപപ്പെടുന്നതില്‍ പ്രധാനപങ്ക് വഹിച്ചത്.ബഹുമുഖമായ വ്യക്തിത്വമുള്ള ബഹുജന നേതാവായിരുന്നു ജെ.പി. സ്വാതതന്ത്ര്യ സമര സേനാനി, സോഷ്യലിസ്റ്റ് വിപ്ലവകാരി, ട്രേഡ് യൂണിയന്‍ നേതാവ്, ദാര്‍ശനികന്‍, എഴുത്തുകാരന്‍ തുടങ്ങി എല്ലാ മേഖലയിലും വ്യക്തിമുദ്ര പതിപ്പിച്ച അസാധാരണ ജീവിതം നയിച്ചൊരാള്‍. സ്വാതന്ത്ര്യത്തിന് വേണ്ടി വിശ്രമമില്ലാതെ പോരാടിയ അദ്ദേഹം തന്റെ ജീവിതസായാഹ്നത്തിലും ആ സ്വാതന്ത്ര്യം സംരക്ഷിക്കാനുള്ള പോരാട്ടത്തിന്റെ നേതൃത്വമായി പൊരുതി. താനുള്‍പ്പെടുന്ന പഴയ തലമുറ പൊരുതി നേടിയ ജനാധിപത്യ സ്വാതന്ത്ര്യം കാല്‍ നൂറ്റാണ്ട് കഴിയുമ്പോഴേക്കും സ്വേച്ഛാധിപത്യത്തിന്റെ കാല്‍ക്കീഴിലമരുന്ന കാഴ്ച കണ്ടുനില്‍ക്കാന്‍ അദ്ദേഹത്തിന് കഴിയുമായിരുന്നില്ല. പ്രായംകൊണ്ടും ഗുരുതര രോഗങ്ങളാലും അവശനായിരുന്നപ്പോഴും അദ്ദേഹം നേതൃത്വം നല്‍കിയ പോരാട്ടമാണ് ജനാധിപത്യമെന്ന വാക്കിലുള്ള ഇന്ത്യക്കാരന്റെ വിശ്വാസത്തെ പുനഃസ്ഥാപിച്ചത്. സമ്പൂര്‍ണവിപ്ലവമെന്ന മുദ്രാവാക്യമുയര്‍ത്തി ജനങ്ങളെ ആവേശഭരിതരാക്കി തെരുവിലിറക്കി പോരാടിയ ജെ.പി ലോക്‌നായകനാകുന്നത് അങ്ങനെയാണ്. അധികാരസ്ഥാനങ്ങളിലൊന്നും വരാതെയും ഇന്ത്യ എന്ന രാഷ്ട്രത്തിന്റെ മഹത്തായ ജനാധിപത്യ പ്രയാണത്തില്‍ ജയപ്രകാശ് നാരായണന്‍ എന്ന ജെ.പിക്കുള്ള പങ്ക് വളരെ വലുതാണ്.

ജയപ്രകാശ് നാരായണ്‍ ഗാന്ധിജിയില്‍ വിശ്വസിച്ചിരുന്ന ഒരു കോണ്‍ഗ്രസ് സോഷ്യലിസ്റ്റായിരുന്നു. ഗാന്ധിജിയുടെ സുഹൃത്തിന്റെ മകളായ പ്രഭാവതിയായിരുന്നു അദ്ദേഹത്തിന്റെ ഭാര്യ. ജെ.പി. അമേരിക്കയില്‍ ഉപരിപഠനത്തിന് പോയപ്പോള്‍ ഗാന്ധിജിയുടെ സബര്‍മതി ആശ്രമത്തിലായിരുന്നു ഭാര്യ താമസിച്ചിരുന്നത്. ഗാന്ധിജിയോട് വലിയ ബഹുമാനം സൂക്ഷിച്ചപ്പോഴും അദ്ദേഹത്തിന്റെ നയങ്ങളോടുള്ള വിമര്‍ശനം തുറന്നുപറയാന്‍ ജെ.പി. മടിച്ചിരുന്നില്ല. സോഷ്യലിസം എന്തിന് എന്ന പുസ്‌കതത്തില്‍ ഗാന്ധിജിയുടെ സാമ്പത്തിക ശാസ്ത്രപരമായ അഭിപ്രായങ്ങളെ അദ്ദേഹം അതിനിശിതമായി വിമര്‍ശിക്കുന്നുണ്ട്. ഗാന്ധിജിക്കും ജയപ്രകാശ് പ്രിയപ്പെട്ടവനായിരുന്നു. തന്റെ രാജ്യത്തിന്റെ മോചനത്തിന് വേണ്ടി എല്ലാം ത്യജിക്കാന്‍ തയ്യാറായ നേതാവെന്നാണ് ഗാന്ധിജി ജെ.പിയെ കുറിച്ച് പറഞ്ഞത്. നെഹ്‌റുവിനും അദ്ദേഹം ഏറെ പ്രിയപ്പെട്ട സഹപ്രവര്‍ത്തകനായിരുന്നു. ദേശീയപ്രസ്ഥാനത്തിലെന്നപോലെ ഭരണരംഗത്തും ജയപ്രകാശ് തന്റെ സഹപ്രവര്‍ത്തകനായി ഉണ്ടാവണമെന്ന് നെഹ്രു ആഗ്രഹിച്ചിരുന്നു. പക്ഷെ തന്റെ വിശ്വാസപ്രമാണങ്ങളോട് വിട്ടുവീഴ്ച ചെയ്യാന്‍ ജെ.പി തയ്യാറല്ലാത്തതിനാല്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ഗതി തന്നെ മാറി. നെഹ്‌റു-ജയപ്രകാശ് നാരായണന്‍ എന്ന സ്വപ്‌നസഖ്യം നടക്കാതെ പോയി.

മകളെപ്പോലെയായിരുന്നു ജെ.പി ഇന്ദിര ഗാന്ധിയെ കണ്ടിരുന്നത്. ഇന്ദു എന്നായിരുന്നു അദ്ദേഹം ഇന്ദിരയെ വിളിച്ചിരുന്നത്. അടിയന്തരാവസ്ഥയുടെ നാളുകളില്‍ ഇന്ദുവിന് ഇതൊക്കെ എങ്ങനെ ചെയ്യാനാകുമെന്ന് അദ്ദേഹം ചോദിച്ചിരുന്നതായി ജെ.പിയുടെ പ്രൈവറ്റ് സെക്രട്ടറിയും മലയാളിയുമായ ടി. എബ്രഹാം ഓര്‍ക്കുന്നു. നിജലിംഗപ്പയുടെയും കാമരാജിന്റെയും നീക്കത്തിനെതിരെ അദ്ദേഹം ഇന്ദിരയ്ക്ക് മുന്നറിയിപ്പ് നല്‍കുക പോലും ചെയ്തിരുന്നു. എന്നാല്‍ ഈ അടുപ്പമൊന്നും തന്റെ രാഷ്ട്രീയ നിലപാട് രൂപീകരണത്തില്‍ ജെ.പിയെ തടഞ്ഞില്ല.

അമേരിക്കയില്‍ പോയി മാര്‍ക്‌സിസ്റ്റായി

1902 ഒക്ടോബറില്‍ ബീഹാറിലെ സരന്‍ ജില്ലയിലെ സിദാബ്ദിയയാര ഗ്രാമത്തിലാണ് ജയപ്രകാശ് നാരാണിന്റെ ജനനം. അച്ഛന്‍ പാവപ്പെട്ട ഒരു ഗ്രാമോദ്യോഗസ്ഥനായിരുന്നു. രണ്ട് പെണ്‍കുട്ടികളും രണ്ട് ആണ്‍കുട്ടികളുമുള്ള കുടുംബം മുന്നോട്ട് കൊണ്ടുപോകാന്‍ അദ്ദേഹം നല്ലരീതിയില്‍ ബുദ്ധിമുട്ടിയിരുന്നു. അച്ഛന്റെ കഷ്ടപ്പാടുകള്‍ കണ്ട് ശീലിച്ച ജയപ്രകാശ് ദാരിദ്രത്തെ ഇല്ലാതാക്കാന്‍ വിദ്യാഭ്യാസം നേടുക മാത്രമാണ് മാര്‍ഗമെന്ന് തിരിച്ചറിഞ്ഞു. മുഴുവന്‍ ശ്രദ്ധയും പഠനത്തില്‍ കേന്ദ്രീകരിച്ച അദ്ദേഹം 1919-ല്‍ ഒന്നാമനായി മെട്രിക്കുലേഷന്‍ പാസായി. മതാചാരപ്രകാരം പതിനേഴാമത്തെ വയസ്സില്‍ അദ്ദേഹം വിവാഹിതനായി. മഹാത്മാഗാന്ധിയുടെ അനുയായിയായ ബ്രജകിഷോര്‍ ബാബുവിന്റെ മകള്‍ പ്രഭാവതീദേവിയായിരുന്നു ഭാര്യ.

ഗവണ്‍മെന്റ് സ്‌കോളര്‍ഷിപ്പോടെ ജയപ്രകാശ് പാട്‌നയിലെ യുണിവേഴ്‌സിറ്റി കോളേജില്‍ സയന്‍സ് വിദ്യാര്‍ഥിയായി ചേര്‍ന്നു. അതിനിടെയിലാണ് മഹാത്മാഗാന്ധി എന്ന നേതാവിന്റെ കീഴില്‍ ദേശീയ പ്രസ്ഥാന മുന്നേറ്റം തിളച്ചുമറിയുന്നത്. വിദ്യാഭ്യാസം ഉപേക്ഷിച്ച് ദേശീയ സമരത്തില്‍ പങ്കുചേരാനുള്ള മഹാത്മജിയുടെ ആഹ്വാനം ജയപ്രകാശിലും ചലനങ്ങളുണ്ടാക്കി. വിദ്യാഭ്യാസം അവസാനിപ്പിച്ച് അദ്ദേഹം സമരത്തിന്റെ ഭാഗമായി. ഇതിനിടെയില്‍ ഗാന്ധിജി നിസഹകരണ പ്രസ്ഥാനം പെട്ടെന്ന് നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചത് ജയപ്രകാശ് ഉള്‍പ്പടെയുള്ള യുവാക്കളില്‍ വലിയ നിരാശയുണ്ടാക്കി. സമരം അവസാനിപ്പിച്ച് പഠനം തുടരാന്‍ അദ്ദേഹം തീരുമാനിച്ചു. തുടര്‍വിദ്യാഭ്യാസത്തിനായി അദ്ദേഹം അമേരിക്കയിലേക്കാണ് പോയത്. കാലിഫോര്‍ണിയയില്‍ എത്തിയ അദ്ദേഹം അവധി സമയങ്ങളില്‍ കിട്ടാവുന്ന എല്ലാ ജോലികളും ചെയ്താണ് പഠനത്തിനുള്ള പണം കണ്ടെത്തിയിരുന്നത്. ഇടക്കാലത്ത് പണമില്ലാത്തതിനാല്‍ പഠനം മുടങ്ങുകയും ചെയ്തു. ഫീസ് കുറവുള്ള മറ്റൊരു യൂണിവേഴ്‌സിറ്റി കണ്ടെത്തി പഠനം തുടര്‍ന്നു.

മുതലാളിത്തത്തിന്റെ ഈറ്റില്ലമായ അമേരിക്കയില്‍ നിന്നാണ് ജെ.പി. ഒരു മാര്‍ക്‌സിസ്റ്റുകാരനായത് എന്നതാണ് മറ്റൊരു കൗതുകം. ഏറ്റവും സമ്പന്നമായ രാജ്യമായിരിക്കുമ്പോഴും ദാരിദ്ര്യത്തിലും പട്ടിണിയിലും കഴിയുന്ന ജനങ്ങളെ ജെ.പി. അമേരിക്കയില്‍ കണ്ടു. ഇന്ത്യക്കാരും യൂറോപ്യന്‍കാരുമായുള്ള ചില സുഹൃത്തുക്കളുമായുള്ള സഹവാസവും എം.എന്‍. റോയിയെപോലുള്ളവരുടെ പുസ്തകങ്ങളും ജെ.പിയെ മാര്‍ക്‌സിസത്തിലേക്ക് നയിച്ചു. ഗാന്ധിജിയുടെ സമരരീതികളെക്കാള്‍ പ്രായോഗികവും മെച്ചപ്പെട്ടതുമാണ് മാര്‍ക്‌സിസ്റ്റ് രീതികളെന്ന് അദ്ദേഹത്തിന് തോന്നി. വൈകാതെ സയന്‍സില്‍നിന്ന് സാമ്പത്തിക ശാസ്ത്രത്തിലേക്കും പൊളിറ്റിക്കല്‍ സയന്‍സിലേക്കും അദ്ദേഹം തന്റെ പഠനം മാറ്റി. ഇതിനിടയില്‍ പഴത്തോട്ടത്തിന്റെ കാവല്‍ക്കാരനായും റെസ്‌റ്റോറന്റിലെ തൂപ്പുകാരനായുമെല്ലാം ജോലി ചെയ്താണ് അദ്ദേഹം ചെലവിനുള്ള പണം കണ്ടെത്തിയിരുന്നത്. എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം പഠനം പൂര്‍ത്തീകരിച്ച് അദ്ദേഹം ഇന്ത്യയിലേക്ക് തിരിച്ചു.

കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടി രൂപീകരണം

1929-ലാണ് ജെ.പി. ഇന്ത്യയില്‍ തിരിച്ചെത്തുന്നത്. ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ ഇക്കണോമിക്‌സ്, സോഷ്യോളജി അധ്യാപകനായി അദ്ദേഹം ജോലിയില്‍ പ്രവേശിച്ചു. 1929-ല്‍ പൂര്‍ണ സ്വാതന്ത്ര്യത്തിനായി പോരാടാന്‍ കോണ്‍ഗ്രസ് തീരുമാനമെടുത്ത വര്‍ഷം കൂടിയായിരുന്നു. ജെ.പിയും ഇതിന്റെ ഭാഗമായി. ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ദേശീയ പ്രസ്ഥാനത്തോട് സ്വീകരിക്കുന്ന നിലപാട് ജെ.പിക്ക്‌ സ്വീകാര്യമായി തോന്നിയില്ല. പതിയെ അദ്ദേഹം കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവുമായി അകന്നു. ദേശീയ പ്രസ്ഥാനത്തില്‍ സജീവമായി. സ്വതന്ത്ര്യ ഇന്ത്യ എന്നതിലൂടെ ഒരു സോഷ്യലിസ്റ്റ് ഇന്ത്യയെയാണ് അദ്ദേഹം വിഭാവനം ചെയ്തത്. സമാനചിന്താഗതിക്കാരുമായി ചേര്‍ന്ന് അദ്ദേഹം സോഷ്യലിസ്റ്റ് പാര്‍ട്ടിയുണ്ടാക്കി ദേശീപ്രസ്ഥാനത്തെ ശക്തിപ്പെടുത്താന്‍ തീരുമാനിച്ചു.

രണ്ടാം ലോകമഹായുദ്ധ കാലത്ത് ഭൂരിപക്ഷവും ജയിലിലും അണ്ടര്‍ഗ്രൗണ്ട് പ്രവര്‍ത്തനത്തിലുമായിരുന്നു. ഇക്കാലത്ത് അദ്ദേഹം മാര്‍ക്‌സിയന്‍ ആശയങ്ങള്‍ പൂര്‍ണമായി ഉപേക്ഷിക്കുകയും സോഷ്യലിസ്റ്റ് ഗാന്ധിയന്‍ ആദര്‍ശങ്ങളുടെ വക്താവായി പൂര്‍ണമായും മാറുകയും ചെയ്തു. വൈകാതെ തന്നെ ജെ.പി. അറസ്റ്റ് ചെയ്യപ്പെട്ടു. 1942-ല്‍ അദ്ദേഹം ഹസാരിബാഗ് ജയില്‍ചാടി രക്ഷപ്പെടുകയുണ്ടായി. ക്വിറ്റ് ഇന്ത്യ കാലഘട്ടമായിരുന്നു അത്. സ്വാതന്ത്ര്യ സമരപോരാളികള്‍ക്കിടയില്‍ ജെ.പിയുടെ എഴുത്തുകള്‍ക്ക് വലിയ സ്വീകാര്യതയുണ്ടായിരുന്നു. ജയപ്രകാശിനെ പിടികൂടുന്നവര്‍ക്ക് പതിനായിരം രൂപ സര്‍ക്കാര്‍ പ്രതിഫലം പ്രഖ്യാപിച്ചു. വീണ്ടും പലതവണ അറസ്റ്റ് ചെയ്യപ്പെട്ടു. 1946-ല്‍ അദ്ദേഹത്തെ വിട്ടയച്ചു.

ഗാന്ധിജിയുടെ രക്തസാക്ഷിത്വം വരെ കോണ്‍ഗ്രസുകാരും സോഷ്യലിസ്റ്റുകളും ഒന്നിച്ച് പ്രവര്‍ത്തിച്ചു. 1948 മാര്‍ച്ചില്‍ സോഷ്യലിസ്റ്റുകള്‍ കോണ്‍ഗ്രസ് വിട്ടു. സ്വാതന്ത്ര്യാനന്തരം മന്ത്രിസഭയില്‍ ചേരാന്‍ നെഹ്രു ജെ.പിയെ ക്ഷണിച്ചു. എന്നാല്‍ സര്‍ക്കാരില്‍ ചേരുന്നതിനായി ഒരു പൊതുമിനിമം പരിപാടി വേണമെന്നായിരുന്നു ജെ.പിയുടെ ആവശ്യം. ഇതിന് നെഹ്രു വഴങ്ങിയില്ല. ഇതോടെ മന്ത്രിസഭയില്‍ ചേരാനുള്ള ക്ഷണം നിരസിച്ച അദ്ദേഹം പിന്നീട് സജീവമായത് ഗ്രാമീണ ഇന്ത്യയെ ശാക്തീകരിക്കാനുള്ള ശ്രമങ്ങളിലാണ്. 1952-ല്‍ രാഷ്ട്രീയത്തിനോട് വിട പറഞ്ഞ് സര്‍വ്വോദയ പ്രവര്‍ത്തനങ്ങളില്‍ മുഴുകി. ദാനത്തിന് ഭൂമി അന്വേഷിച്ചുകൊണ്ട് അദ്ദേഹം ഇന്ത്യയിലെ ഗ്രാമങ്ങളിലൂടെ സഞ്ചരിച്ചു. 1964-ല്‍ നാഗാ കലാപകാരികളും സര്‍ക്കാരും തമ്മിലുണ്ടായ വെടിനിര്‍ത്തല്‍ കരാറിന് വേണ്ടി അദ്ദേഹം ഒട്ടേറെ പരിശ്രമിച്ചു. 1971-ല്‍ ബംഗ്ലാദേശിന് (അന്നത്തെ കിഴക്കന്‍ പാകിസ്താന്‍) സാര്‍വദേശീയ പിന്തുണ നേടിയെടുക്കുന്നതില്‍ അദ്ദേഹം വലിയ പങ്ക് വഹിച്ചു.

അലഹബാദ് ഹൈക്കോടതി വിധിയും ഇന്ദിര ഗാന്ധിയും

1974. ഇന്ത്യയില്‍ തൊഴിലില്ലായ്മയും വിലക്കയറ്റവും ക്ഷാമവും എല്ലാം കൊടികുത്തിവാണ കാലമായിരുന്നു. ജനങ്ങള്‍ മൃഗങ്ങളെപ്പോലെ ജീവിച്ചിരുന്ന അന്ന് രാഷ്ട്രീയത്തില്‍നിന്ന് മാറി നില്‍ക്കാന്‍ ജെ.പിക്ക്‌ സാധിച്ചില്ല. 1973 മാര്‍ച്ച് 18-ന് ബീഹാറിലെ ഒരുപറ്റം വിദ്യാര്‍ഥികള്‍ ജെ.പിയെ സന്ദര്‍ശിച്ചു. തങ്ങളുടെ നേതൃത്വം ഏറ്റെടുക്കണമെന്ന് അവര്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. അവശനായിരുന്നെങ്കിലും ആ ജനകീയ പ്രക്ഷോഭത്തിന്റെ നേതൃത്വം ഏറ്റെടുക്കാതിരിക്കാന്‍ ജെ.പിക്ക്‌ കഴിയുമായിരുന്നില്ല. ബീഹാറില്‍ നിയമസഭ പിരിച്ചുവിടണം എന്ന ആവിശ്യത്തോടെ നിരവധി പ്രക്ഷോഭങ്ങള്‍ നടന്നു. എന്നാല്‍ സമരങ്ങളെ അടിച്ചമര്‍ത്താനായിരുന്നു സര്‍ക്കാര്‍ ശ്രമിച്ചത്. പോലീസ് വെടിവെപ്പുകളില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടു.ആയിരക്കണക്കിന് ആളുകളെ ക്രൂരമായി തല്ലിച്ചതച്ചു.

ഒടുവില്‍ പട്‌നയിലെ ഗാന്ധി മൈതാനിയില്‍ വെച്ച്‌നടന്ന സമ്മേളനത്തില്‍ കൂറ്റന്‍ ജനാവലിയെ സാക്ഷിയാക്കി ജെ.പി. പ്രഖ്യാപിച്ചു.. 'ഇത് വിപ്ലവത്തിനുള്ള സമയമാണ്. ബീഹാര്‍ നിമയസഭ പിരിച്ചുവിടല്‍ മാത്രമല്ല നമ്മുടെ ലക്ഷ്യം. സമ്പൂര്‍ണ വിപ്ലവം ഉണ്ടാവേണ്ട സമയമായിരിക്കുന്നു.... ബീഹാര്‍ മൂവ്‌മെന്റ് എന്ന പ്രസ്ഥാനത്തിന് അവിടെ തുടക്കമായി. ജനങ്ങള്‍ വരുന്നത് കണ്ടില്ലേ... സിംഹാസനങ്ങളില്‍ നിന്ന് ഇറങ്ങുവെന്ന് ജെ.പി ഗര്‍ജിച്ചു. രാജ്യത്തുടനീളം അതിന് അലയൊലികളുണ്ടായി. പൊതുജനങ്ങളുടെ മൗലികാവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി ജെപിയും, വിഎം തര്‍ക്കുണ്ടെയും ചേര്‍ന്ന് 1974 ല്‍ സിറ്റിസണ്‍സ് ഫോര്‍ ഡെമോക്രസിയും, 1976 ല്‍ പീപ്പിള്‍സ് യൂണിയന്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസും(PUCL) സ്ഥാപിച്ചു.

തിരഞ്ഞെടുപ്പിന് സര്‍ക്കാര്‍ സംവിധാനങ്ങള്‍ ദുരുപയോഗപ്പെടുത്തിയെന്ന കേസില്‍ ഇന്ദിര ഗാന്ധി കുറ്റക്കാരിയെന്ന് അലഹബാദ് ഹൈക്കോടതി വിധിക്കുന്നത്. സമ്പൂര്‍ണവിപ്ലവം എന്ന ആശയം മുറുകെപ്പിടിച്ച് ജെ.പി. രാജ്യത്തിന്റെ പ്രതിപക്ഷമായി മാറി. മുഖ്യമന്ത്രിമാര്‍ രാജി വെക്കണമെന്നും പോലീസും പട്ടാളവും സര്‍ക്കാരിന്റെ നിയമവിരുദ്ധ ഉത്തരവുകള്‍ അനുസരിക്കരുതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഡല്‍ഹിയില്‍ ഉള്‍പ്പടെ ലക്ഷക്കണക്കിന് ആളുകള്‍ പങ്കെടുത്ത പ്രക്ഷോഭ പരിപാടികള്‍ അദ്ദേഹം വിളിച്ചുചേര്‍ത്തു. സംഗതി അപകടമാണെന്ന് മനസ്സിലാക്കിയ ഇന്ദിരാഗാന്ധി ആഭ്യന്തര സുരക്ഷ അപകടത്തിലാണെന്ന് ചൂണ്ടിക്കാട്ടി 1975 ജൂണ്‍ 25 ന് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ജെ.പിയെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. അതിനിടയിലാണ് അദ്ദേഹത്തിന് വൃക്കരോഗം സ്ഥിരീകരിക്കുന്നത്. രോഗം ഗുരുതരമായതോടെ അദ്ദേഹത്തെ മോചിപ്പക്കണമെന്നാവശ്യപ്പെട്ട് രാജ്യത്തുടനീളം പ്രക്ഷോഭങ്ങള്‍ നടന്നു. തുടര്‍ന്ന് 1977 ജനുവരി 18ന് ഇന്ദിരഗാന്ധി അടിയന്തരാവസ്ഥ പിന്‍വലിച്ചു. അക്കൊല്ലം നടന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഇന്ദിരവിരുദ്ധ പ്രക്ഷോഭങ്ങളെയെല്ലാം ഒറ്റക്കുടക്കീഴില്‍ കൊണ്ടുവരാനായി ജെ.പി അക്ഷിണം പ്രയത്‌നിച്ചു. നിരന്തര പരിശ്രമത്തിനൊടുവില്‍ ജനതപാര്‍ട്ടി രൂപീകൃതമായി. രാംലീല മൈതാനത്ത് ലക്ഷക്കണക്കിന് വരുന്ന ജനങ്ങളെ അഭിസംബോധന ചെയ്ത ജെ.പി ജനാധിപത്യവും ഏകാധിപത്യവും തമ്മിലാണ് മത്സരമെന്നും ജനാധിപത്യം ജയിച്ചേമതിയാകുവെന്നും പ്രഖ്യാപിച്ചു. വൃദ്ധനും അവശനുമായ ജെ.പി രാജ്യം മുഴുവന്‍ സഞ്ചരിച്ച് പ്രചാരണം നടത്തി. ഒടുവില്‍ ജനത പാര്‍ട്ടി മൊറാര്‍ജി ദേശായിയുടെ നേതൃത്വത്തില്‍ തിരഞ്ഞെടുപ്പ് വിജയിച്ച് ഇന്ത്യയില്‍ ആദ്യമായി ഒരു കോണ്‍ഗ്രസ് ഇതര സര്‍ക്കാര്‍ രൂപീകരിച്ചു.

മരിച്ചിട്ടും മരിക്കാത്ത ജെ.പി

1967 ഒക്ടോബര്‍ 12 ന് പ്രിയപ്പെട്ട സഹപ്രവര്‍ത്തകന്‍ ലോഹ്യയുടെ മരണവും 1973 ഏപ്രില്‍ 15 ന് ഭാര്യ പ്രഭാവതിയുടെ വേര്‍പാടും ജെ.പിയെ ഏറെ വേദനിപ്പിച്ചിരുന്നു. അപ്പോഴേക്കും അസുഖം കൂടി അവശനായ അദ്ദേഹം ആശുപത്രിയില്‍ ചികിത്സയിലായി. 1979 മാര്‍ച്ചില്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെ അബദ്ധവശാല്‍ ജെ.പി മരിച്ചുവെന്ന വാര്‍ത്ത പ്രചരിച്ചിരുന്നു. ഇത് വിശ്വസിച്ച പ്രധാനമന്ത്രി മൊറാര്‍ജി ദേശായിയും ജെ.പി മരിച്ചതായി പാര്‍ലമെന്റില്‍ പ്രഖ്യാപിച്ചു. രണ്ടാഴ്ച കഴിഞ്ഞ് രോഗം ബേധമായി പ്രധാനമന്ത്രിയുമായി സംസാരിക്കുമ്പോള്‍ ജെ.പി ഇതോര്‍ത്ത് പൊട്ടിച്ചിരിച്ചതായാണ് ചരിത്രം. എന്നാല്‍ അതികം വൈകാതെ തന്നെ അദ്ദേഹത്തിന്റെ അസുഖം കൂടി. 1979 ഒക്ടോബര്‍ 8 ന് തന്റെ എഴുപത്തേഴാം ജന്മദിനത്തിന് മൂന്നുനാള്‍ മുമ്പ് ഹൃദയസ്തംഭനം വന്ന് ജെപി മരണത്തിന് കീഴടങ്ങി. പട്‌നയിലെ ഗംഗ തീരത്ത് അദ്ദേഹത്തിന്റെ മൃതദേഹം സംസ്‌കരിച്ചു. അവസാന കാലത്ത് തന്റെ പാര്‍ട്ടിയുടെ അപചയത്തില്‍ അദ്ദേഹം ഏറെ വേദനിച്ചിരുന്നു. പാര്‍ട്ടിയില്‍ ഹിന്ദു തീവ്രആശയക്കാര്‍ സ്വാധീനമുണ്ടാക്കിയതും അദ്ദേഹത്തെ വേദനിപ്പിച്ചു. ജെ.പി ഉയര്‍ത്തിയ ആശയമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് ദേശീയ തലത്തില്‍ ഒരു തിരുത്തല്‍ ശക്തിയായി തുടരുന്നതില്‍ ആ പാര്‍ട്ടിയും പരാജയപ്പെടുകയായിരുന്നു.

Content Highlights: jayaprakash narayan total revolution indira gandhi emergency declaration


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


04:32

'കാന്താര' സിനിമയില്‍ നിറഞ്ഞാടുന്ന ഭൂതക്കോലം, 'പഞ്ചുരുളി തെയ്യം' | Nadukani

Oct 27, 2022

Most Commented