ഇടനാഴിയുടെ രേഖാചിത്രം/ ഇറാൻ പ്രസിഡന്റ് ഇബ്രാഹം റെയ്‌സിയും വ്ളാദിമിർ പുതിനും | Photo: twitter.com/Sentletse and IRANIAN PRESIDENCY / AFP
അന്താരാഷ്ട്ര സമൂഹത്തിന്റെ വ്യത്യസ്ത ഉപരോധങ്ങളില്‍ വീര്‍പ്പുമുട്ടുന്നതിനിടയിലും നിര്‍ണായകമായ ഒരു കരാറില്‍ ഒപ്പുവെച്ചിരിക്കുകയാണ് റഷ്യയും ഇറാനും. ഇന്റര്‍നാഷണല്‍ നോര്‍ത്ത്-സൗത്ത് ട്രാന്‍സിറ്റ് കോറിഡോര്‍ ( International North–South Transport Corridor ഐ.എന്‍.എസ്.ടി.സി.) വികസനത്തില്‍ നിര്‍ണായക ചുവടുവെപ്പായ റാഷ്ത്-അസ്താര (Rasht–Astara) റെയില്‍പ്പാതയുടെ നിര്‍മാണ കരാറിലാണ് ഇരുരാജ്യങ്ങളും ഒപ്പുവച്ചത്. റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുതിനും ഇറാന്‍ പ്രസിഡന്റ് ഇബ്രാഹം റെയ്‌സിയും പങ്കെടുത്ത വെര്‍ച്വല്‍ ചടങ്ങില്‍ ഇരുരാജ്യങ്ങളുടെയും ഗതാഗത മന്ത്രിമാരാണ് കരാറില്‍ ഒപ്പുവച്ചത്. കരാര്‍ പ്രകാരം, 162 കിലോ മീറ്റര്‍ ദൈര്‍ഘ്യമുള്ള റെയില്‍പാതയുടെ നിര്‍മാണത്തിനായി റഷ്യ 1.6 ബില്യണ്‍ യൂറോ നിക്ഷേപിക്കും. ഈ വര്‍ഷമാദ്യം, ഇറാനിയന്‍ ഗതാഗത-നഗരവികസന മന്ത്രി മെഹര്‍ദാദ് ബസര്‍പാഷ് റഷ്യന്‍ പ്രസിഡന്റിന്റെ പ്രത്യേക പ്രതിനിധി ഇഗോര്‍ ലെവിറ്റിനെ സന്ദര്‍ശിച്ച് ഇരു രാജ്യങ്ങളും തമ്മിലുള്ള റെയില്‍വേ സഹകരണത്തിന്റെ പുരോഗതി ചര്‍ച്ച ചെയ്തതിന് പിന്നാലെയാണ് കരാറിലേക്ക് എത്തുന്നത്.
നോര്‍ത്ത്-സൗത്ത് ട്രാന്‍സ്പോര്‍ട്ട് കോറിഡോറിന്റെ ഭാഗമായ റാഷ്ത്-അസ്താര റെയില്‍വേ ലൈന്‍ ആഗോള ഗതാഗതത്തെ വൈവിധ്യവത്കരിക്കാന്‍ സഹായിക്കുമെന്നാണ് ചടങ്ങില്‍ പുതിന്‍ പറഞ്ഞത്. കാസ്പിയന്‍ കടല്‍ തീരത്തുകൂടിയുള്ള 162 കിലോ മീറ്റര്‍ റെയില്‍പ്പാത ബാള്‍ട്ടിക് കടലിലെ റഷ്യന്‍ തുറമുഖങ്ങളെ, ഇന്ത്യന്‍ മഹാസമുദ്രത്തിലെ ഇറാനിയന്‍ തുറമുഖങ്ങളുമായി ബന്ധിപ്പിക്കാന്‍ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. റഷ്യയും ഇറാനും തമ്മിലുള്ള സഹകരണത്തിലെ സുപ്രധാനവും തന്ത്രപരവുമായ ചുവടുവെപ്പെന്നാണ് കരാറിനെ ഇറാനിയന്‍ പ്രസിഡന്റ് ഇബ്രാഹം റെയ്‌സി വിശേഷിപ്പിച്ചത്. പാശ്ചാത്യ ഉപരോധങ്ങള്‍ റഷ്യയേയും ഇറാനേയും തങ്ങളുടെ രാഷ്ട്രീയവും സാമ്പത്തികവുമായ ബന്ധം ശക്തിപ്പെടുത്താന്‍ പ്രേരിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
ഇറാന്‍, അസര്‍ബൈജാന്‍ വഴി ഇന്ത്യയെ റഷ്യയിലേയ്ക്ക് ബന്ധിപ്പിക്കുന്ന റൂട്ടാണ് ഇന്റര്‍നാഷണല്‍ നോര്‍ത്ത്-സൗത്ത് ട്രാന്‍സിറ്റ് കോറിഡോര്‍ (ഐ.എന്‍.എസ്.ടി.സി.). ഇന്ത്യ, ഇറാന്‍, അസര്‍ബൈജാന്‍, റഷ്യ എന്നീ രാജ്യങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് കപ്പല്‍, റെയില്‍, റോഡ് എന്നീ മാര്‍ഗങ്ങള്‍ ഉപയോഗിച്ചുള്ള ചരക്കുനീക്കമാണ് ഐ.എന്‍.എസ്.ടി.സി. ലക്ഷ്യമിടുന്നത്. പദ്ധതി പൂര്‍ണ്ണ സജ്ജമാകുന്നതോടെ റഷ്യയില്‍നിന്നും കിഴക്കന്‍ യൂറോപ്പില്‍നിന്നും ചരക്കുകള്‍ ഇന്ത്യന്‍ മഹാസമുദ്രത്തിലെത്തിക്കാന്‍ സൂയസ് കനാലിന് ഒരു ബദല്‍ സാധ്യതയായാണ് ഇടനാഴിയെ റഷ്യ കാണുന്നത്. എന്നാല്‍ ഐ.എന്‍.എസ്.ടി.സിക്ക് മുന്നിലുള്ള വെല്ലുവിളികളും ചില്ലറയല്ല. പദ്ധതിയിലെ പ്രധാന രാജ്യങ്ങളായ റഷ്യയും ഇറാനും നേരിടുന്ന സാമ്പത്തിക ഉപരോധങ്ങള്‍ തന്നെയാണ് പ്രധാന വെല്ലുവിളി. ഇരു രാജ്യങ്ങളുടേയും സുഹൃത്തായ ചൈന ഉയര്‍ത്തിയേക്കാവുന്ന തടസങ്ങളും പ്രശ്‌നങ്ങളുമാണ് മറ്റൊന്ന്.

നോര്‍ത്ത്-സൗത്ത് ട്രാന്‍സ്പോര്‍ട്ട് കോറിഡോര്‍
ഇന്ത്യ, ഇറാന്‍, റഷ്യ, യൂറോപ്പ് എന്നിവയ്ക്കിടയില്‍ ചരക്കുനീക്കം വേഗത്തിലാക്കാന്‍ റെയില്‍, റോഡ്, കപ്പല്‍ റൂട്ടുകള്‍ സംയോജിപ്പിച്ചുകൊണ്ട് വിഭാവനം ചെയ്തിരിക്കുന്ന 7,200 കിലോ മീറ്റര്‍ ദൈര്‍ഘ്യമുള്ള പാതയാണ് ഇന്റര്‍നാഷണല്‍ നോര്‍ത്ത്-സൗത്ത് ട്രാന്‍സ്പോര്‍ട്ട് കോറിഡോര്‍ (ഐ.എന്‍.എസ്.ടി.സി.). ഇന്ത്യ, ഇറാന്‍, അസര്‍ബൈജാന്‍, റഷ്യ എന്നീ രാജ്യങ്ങളെ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള കപ്പല്‍, റെയില്‍, റോഡ് മാര്‍ഗങ്ങള്‍ ഉപയോഗിച്ചുള്ള ചരക്കുനീക്കമാണ് ഈ റൂട്ടില്‍ പ്രാഥമികമായി വിഭാവനം ചെയ്തിരിക്കുന്നത്. ഇതുവഴി മുംബൈ, മോസ്‌കോ, ടെഹ്റാന്‍, ബാക്കു ഉള്‍പ്പെടെയുള്ള പ്രധാന നഗരങ്ങള്‍ തമ്മിലുള്ള വ്യാപാര ബന്ധം വര്‍ദ്ധിപ്പിക്കുക എന്നതാണ് ഇടനാഴിയുടെ ലക്ഷ്യം. ഇത് ഇന്ത്യന്‍ മഹാസമുദ്രത്തെ പേര്‍ഷ്യന്‍ ഗള്‍ഫ്, കാസ്പിയന്‍ കടല്‍ എന്നിവ വഴി റഷ്യയുമായി ബന്ധിപ്പിക്കുന്നു. ഇന്ത്യയ്ക്കും റഷ്യയ്ക്കുമുടയിലുള്ള ചരക്കുനീക്കത്തിന്റെ ചെലവ് ഏകദേശം 30% കുറയ്ക്കാനും യാത്രാസമയം പകുതിയിലധികം കുറയ്ക്കാനുമാണ് ഇത് ലക്ഷ്യമിടുന്നത്.
ഇന്ത്യ, റഷ്യ, ഇറാന്‍ എന്നീ സ്ഥാപക അംഗങ്ങളുമായി 2000-ലാണ് പദ്ധതിക്ക് തുടക്കം കുറിക്കുന്നത്. ഇടനാഴി യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ 2002-ല്‍ ആരംഭിച്ചു. ആ വര്‍ഷം മെയ് 16-നാണ് റഷ്യയും ഇറാനും ഇന്ത്യയും പദ്ധതിക്കായുള്ള കരാറില്‍ ഒപ്പുവയ്ക്കുന്നത്. പിന്നാലെ അസര്‍ബൈജാന്‍, അര്‍മേനിയ, കസാഖ്‌സ്താന്‍, കിര്‍ഗിസ്താന്‍, താജിക്കിസ്താന്‍, തുര്‍ക്കി, യുക്രൈന്‍, സിറിയ, ബെലാറസ്, ഒമാന്‍ എന്നീ 10 രാജ്യങ്ങളെ കൂടി ഉള്‍പ്പെടുത്തി ഐ.എന്‍.എസ്.ടി.സി. അംഗത്വം വിപുലീകരിച്ചു. ബള്‍ഗേറിയയെ നിരീക്ഷക രാജ്യമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ലാത്വിയ, എസ്തോണിയ തുടങ്ങിയ ബാള്‍ട്ടിക് രാജ്യങ്ങളും ഐ.എന്‍.എസ്.ടി.സിയില്‍ ചേരാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. പാകിസ്താനും അഫ്ഗാനിസ്ഥാനും പദ്ധതി ഗുണകരമാകുമെങ്കിലും ഇരുരാജ്യങ്ങളും ഇതിന്റെ ഭാഗമായിട്ടില്ല. ഗള്‍ഫ് രാജ്യങ്ങള്‍ക്കും പദ്ധതി ഫലപ്രദമായി ഉപയോഗിക്കാമെങ്കിലും ഇറാനുമായി ഇത്രകാലം തുടര്‍ന്ന് വന്നിരുന്ന ശത്രുതയുടെ പേരില്‍ അത്തരം നീക്കങ്ങള്‍ ഉണ്ടായിരുന്നില്ല.
ഇന്ത്യയ്ക്കും റഷ്യയ്ക്കും ഇാറാനും പുറമേ പുതിയ ട്രെയിന്‍ ലൈനുകളും റോഡുകളും നിര്‍മിച്ചുകൊണ്ട് അസര്‍ബൈജാന്‍ പദ്ധതിയില്‍ സജീവ പങ്കാളികളാണ്. തുര്‍ക്ക്‌മെനിസ്താന്‍ നിലവില്‍ ഒരു ഔപചാരിക അംഗമല്ലെങ്കിലും ഇടനാഴിയിലേക്ക് ഒരു റോഡ് കണക്റ്റിവിറ്റി നിര്‍മിക്കാന്‍ സാധ്യതയുണ്ട്. 2014-ല്‍ രണ്ട് റൂട്ടുകളുടെ ഡ്രൈ റണ്ണുകള്‍ നടത്തിയിരുന്നു. ആദ്യത്തേത് മുംബൈയില്‍നിന്ന് ഇറാനിലെ തുറമുഖ നഗരമായ ബന്ദര്‍ അബ്ബാസ് (Bandar Abbas) വഴി അസര്‍ബൈജാനിലെ ബാക്കുവിലേയ്ക്കുള്ളതായികുന്നു. രണ്ടാമത്തേത് ബന്ദര്‍ അബ്ബാസ്, ടെഹ്‌റാന്‍, ബന്ദര്‍ അന്‍സാലി വഴി മുംബൈയില്‍നിന്ന് അസ്ട്രഖാനിലേക്കും. പ്രധാന തടസ്സങ്ങള്‍ കണ്ടെത്തി പരിഹരിക്കുക എന്നതായിരുന്നു പഠനത്തിന്റെ ലക്ഷ്യം. ഗതാഗത ചെലവ് വലിയ തോതില്‍ കുറയ്ക്കാന്‍ സാധിക്കുമെന്നതായിരുന്നു പഠനത്തിന്റെ പ്രധാന കണ്ടെത്തല്‍.
.jpg?$p=fe545b6&&q=0.8)
ഐ.എന്‍.എസ്.ടി.സിയുടെ ലക്ഷ്യം
കോവിഡ് മഹാമാരിയും അതിനേത്തുടര്‍ന്ന് ആഗോള വിതരണ ശൃംഖലയിലുണ്ടായ തടസങ്ങളും ഒരു ബദല്‍പാതയുടെ ആവശ്യം വര്‍ധിപ്പിച്ചിരുന്നു. 2021 മാര്‍ച്ചില്‍ എവര്‍ ഗിവന്‍ കപ്പല്‍ സൂയസ് കനാലില്‍ കുടുങ്ങിയ അവസരത്തില്‍ ചെങ്കടലിനും മെഡിറ്ററേനിയന്‍ കടലിനുമിടയിലുള്ള ചരക്കുഗതാഗതം സ്തംഭിച്ചിരുന്നു. ഇത് വലിയ നഷ്ടമാണ് പല രാജ്യങ്ങള്‍ക്കുമുണ്ടാക്കിയത്. സൂയസ് കനാലിനെ ഒഴിവാക്കിക്കൊണ്ട് കിഴക്കന്‍ യൂറോപ്പില്‍നിന്നും മധ്യഏഷ്യന്‍ രാജ്യങ്ങളില്‍നിന്നും ചരക്ക് വേഗത്തില്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ എത്തിക്കാനുള്ള സാധ്യതകള്‍ ഇതോടെ സജീവമായി. ഇത് തന്നെയാണ് ഐ.എന്‍.എസ്.ടി.സി ലക്ഷ്യമിടുന്നതും. നിലവില്‍ ഉപയോഗത്തിലുള്ള പരമ്പരാഗത പാതയേക്കാള്‍ ചരക്കുനീക്കത്തിന്റെ സമയവും ചെലവും ഇതുവഴി കുറയ്ക്കാന്‍ സാധിക്കും. ഒപ്പം റഷ്യ, ഇറാന്‍, ഇന്ത്യ, മധ്യഏഷ്യന്‍ രാജ്യങ്ങള്‍ എന്നിവര്‍ക്കിടയില്‍ ഗതാഗത സൗകര്യം മെച്ചപ്പെടുത്തുന്നതിലൂടെ ഈ രാജ്യങ്ങളുടെ ഉഭയകക്ഷി വ്യാപാരം വര്‍ദ്ധിക്കുമെന്നാണ് വിദഗ്ധര്‍ പ്രവചിക്കുന്നത്.
പരമ്പരാഗത പാതയേക്കാള്‍ 30% ചിലവ് കുറഞ്ഞതും 40% ദൂരം കുറഞ്ഞതുമാണെന്ന് ഈ പാതയെന്ന് ഒരു പഠനത്തില്‍ കണ്ടെത്തിയിരുന്നു. മുംബൈ, മോസ്‌കോ, ടെഹ്റാന്‍, ബാക്കു, ബന്ദര്‍ അബ്ബാസ് തുടങ്ങിയ പ്രധാന നഗരങ്ങള്‍ തമ്മിലുള്ള വ്യാപാരബന്ധം ഈ ഇടനാഴി വര്‍ധിപ്പിക്കാന്‍ സാധ്യതയുണ്ടെന്നും വിദഗ്ധര്‍ പ്രവചിക്കുന്നു. 2000-ന്റെ തുടക്കത്തില്‍ ചര്‍ച്ച ചെയ്തു തുടങ്ങിയ പദ്ധതി കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി മന്ദഗതിയില്‍ തന്നെയാണ് നീങ്ങിയിരുന്നത്. എന്നാല്‍, മേഖലയിലെ രാഷ്ട്രീയവും സാമ്പത്തികവുമായ സംഭവവികാസങ്ങളോടെ പദ്ധതി വേഗത്തിലായി. വേഗത്തിലും കുറഞ്ഞ ചെലവിലും ചരക്കുനീക്കം പൂര്‍ത്തിയാക്കാനാകുമെന്നതിനാല്‍ യൂറോപ്പും ഏഷ്യയും തമ്മിലുള്ള വാണിജ്യബന്ധത്തില്‍ സുപ്രധാനമായ ഒരു നാഴികക്കല്ലാണ് ഈ ഇടനാഴി. പ്രകൃതി ദുരന്തങ്ങളായ മണ്ണിടിച്ചില്‍, ഹിമപാതം, വെള്ളപൊക്കം ചുഴലിക്കാറ്റ് എന്നിവ സാധാരണഗതിയില്‍ ഈ പാതയെ ബാധിക്കാറില്ലെന്നതും നേട്ടമാണ്. എന്നാല്‍, ഇടനാഴി സജീവമാകുന്നതോടെ ചൈനയ്ക്ക് ഇത് വെല്ലുവിളിയാകുമെന്നാണ് കണക്കാക്കുന്നത്. ചൈനയുടെ ബെല്‍റ്റ് ആന്‍ റോഡ് ഇനിഷ്യേറ്റീവ് പദ്ധതിയെയാണ് ഇത് ബാധിക്കുക.
ഇന്ത്യയ്ക്ക് എന്താണ് നേട്ടം?
ഇന്ത്യയെ യൂറോപ്പുമായി ബന്ധിപ്പിക്കുന്ന, ദൂരം കുറഞ്ഞതും കുറഞ്ഞ ചെലവില്‍ വേഗത്തിലെത്താന്‍ സഹായിക്കുന്നതുമായ ഇടനാഴിയാണ് ഇന്റര്‍നാഷണല്‍ നോര്‍ത്ത്- സൗത്ത് ട്രാന്‍സ്പോര്‍ട്ട് കോറിഡോര്‍. പൂര്‍ണ്ണമായി പ്രവര്‍ത്തനക്ഷമമായാല്‍, ഐ.എന്‍.എസ്.ടി.സി വഴിയുള്ള ചരക്കുനീക്കത്തിന്റെ ഗതാഗത ചെലവും ഗതാഗതസമയവും ഗണ്യമായി കുറയ്ക്കും. ഇന്ത്യയില്‍നിന്ന് റഷ്യയിലേക്കുള്ള ചരക്കുയാത്രയ്ക്ക് നിലവില്‍ 40 ദിവസത്തിലധികം സമയമെടുക്കുമ്പോള്‍, ഐ.എന്‍.എസ്.ടി.സി സജ്ജമായാല്‍ ഗതാഗതം 25 ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാകും. അതുവഴി ഗതാഗതസമയം 30-40 ശതമാനം കുറയ്ക്കും. പ്രതിവര്‍ഷം 20-30 ദശലക്ഷം ടണ്‍ ചരക്ക് കൊണ്ടുപോകാന്‍ ഇടനാഴി സഹായിക്കുമെന്ന് കണക്കാക്കപ്പെടുന്നു. മധ്യേഷ്യയിലേക്കും അതിനപ്പുറത്തേക്കും സുഗമമായ പ്രവേശനം നേടാന്‍ ഇന്ത്യയെ ഐ.എന്‍.എസ്.ടി.സി സഹായിക്കും. ഇന്ത്യയെ സംബന്ധിച്ചിടത്തോളം, പാകിസ്താനെ മറികടന്ന് ഇറാനുമായും മധ്യേഷ്യയുമായും വ്യാപാരം നടത്താനുള്ള വഴി ഇത് തുറന്നിടുന്നു. സ്വാഭാവികമായും അഫ്ഗാനിസ്താനിലേയ്ക്കും മധ്യേഷ്യയിലേക്കും ഇന്ത്യയ്ക്ക് എളുപ്പത്തില്‍ കടന്നുചെല്ലാനാകും. വിശാലമായ യുറേഷ്യ മേഖലയിലെ സാധ്യതയുള്ള വിപണികളിലേക്കും ഇടനാഴി പ്രവേശനം നല്‍കും.
ഇറാനിലെ ഛാബഹാര്‍ തുറമുഖത്തിന്റെ നിര്‍മാണവും 500 കിലോ മീറ്റര്‍ ചബഹാര്‍-സഹേദാന്‍ (Chabahar-Zahedan) റെയില്‍പ്പാതയുടെ നിര്‍മാണവും ഉള്‍പ്പെടെ 2.1 ബില്യണ്‍ ഡോളറിന്റെ നിക്ഷേപമാണ് ഐ.എന്‍.എസ്.ടി.സിയുടെ വികസനത്തില്‍ ഇന്ത്യയുടെ പങ്ക്. മധ്യേഷ്യന്‍ മേഖലയ്ക്ക് ഇതിനകം തന്നെ വളരെയധികം പ്രാധാന്യമാണ് ഇന്ത്യ നല്‍കുന്നത്. ഐ.എന്‍.എസ്.ടി.സി. പ്രവര്‍ത്തനക്ഷമമാകുന്നതോടെ ഇന്ത്യ-മധ്യേഷ്യ ബന്ധം കൂടുതല്‍ ദൃഢമാകുമെന്നാണ് വിലയിരുത്തല്‍.ഇന്ത്യയെ സംബന്ധിച്ച് തന്ത്രപ്രധാന മേഖലയാണ് മധ്യേഷ്യന്‍ പ്രദേശം. പ്രത്യേകിച്ചും ഈ മേഖലയില്‍ ചൈനയുടെ വലിയ സാന്നിധ്യം ഉണ്ടാകുന്ന സാഹചര്യത്തില്‍. അതിനാല്‍ തന്നെ മധ്യേഷ്യയുമായുള്ള ഇന്ത്യയുടെ വ്യാപാര, നിക്ഷേപ ബന്ധങ്ങള്‍ വിപുലീകരിക്കുന്നതില്‍ ഐ.എന്‍.എസ്.ടി.സി വലിയ പങ്ക് വഹിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഐ.എന്‍.എസ്.ടി.സിയുടെ സഹായത്തോടെ ഇന്ത്യ-റഷ്യ വ്യാപാര ബന്ധത്തിനും പുത്തന്‍ ഊര്‍ജം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. റഷ്യ ഇന്ത്യയുടെ ദീര്‍ഘകാല സഖ്യകക്ഷിയാണ്. എന്നാല്‍, ചൈനയോടും തുടര്‍ന്ന് പാകിസ്താനോടുമുള്ള റഷ്യയുടെ സമീപകാല ചായ്‌വ് സംബന്ധിച്ച ആശങ്കകള്‍ പലരും ഉയര്‍ത്തിയിട്ടുണ്ട്. ഐ.എന്‍.എസ്.ടി.സിയിലൂടെ ഇന്ത്യയും റഷ്യയും തമ്മിലുള്ള സൗഹൃദം കൂടുതല്‍ ശക്തമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചൈനയുടെ ബെല്‍റ്റ് ആന്‍ഡ് റോഡ് ഇനിഷ്യേറ്റീവിന് (ബി.ആര്‍.ഐ.) മറുപടിയായാണ് ഐ.എന്‍.എസ്.ടി.സിയെ ഇന്ത്യ കാണുന്നത്. ഇന്ത്യയെ സംബന്ധിച്ച് യുറേഷ്യയുമായും മധ്യേഷ്യന്‍ മേഖലയുമായും ഇടപഴകലിന് രാഷ്ട്രീയമായും സാമ്പത്തികമായും നോര്‍ത്ത്-സൗത്ത് ട്രാന്‍സ്‌പോര്‍ട്ട് ഇടനാഴി ആഴത്തിലുള്ള സ്വാധീനം ചെലുത്തും. ഈ മേഖലകളില്‍ ആഴമേറിയതും ശക്തവുമായ ബന്ധം വളര്‍ത്തിയെടുക്കാന്‍ ഇന്ത്യ ആഗ്രഹിക്കുന്നുമുണ്ട്.
.jpg?$p=1990e2a&&q=0.8)
ചൈനയ്ക്ക് വെല്ലുവിളിയോ?
ചൈനയുടെ സാമ്പത്തിക-രാഷ്ട്രീയ നയതന്ത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട പദ്ധതികളിലൊന്നാണ് ബെല്‍റ്റ് ആന്‍ഡ് റോഡ് ഇനിഷ്യേറ്റീവ്. ഈ പദ്ധതി മികച്ചതാക്കാനും കൂടുതല്‍ ലോകാജ്യങ്ങളില്‍ നിന്ന് പിന്തുണ ലഭിക്കാനുമുള്ള വലിയ ശ്രമമാണ് ചൈനീസ് നേതൃത്വവും ഉദ്യോഗസ്ഥരും അക്കാദമിക് വിദഗ്ധരും തുടക്കം മുതല്‍ നടത്തിയിരുന്നത്. ആഗോള ആശയവിനിമയ സംവിധാനം, വ്യാപാരം, സാമ്പത്തികം എന്നിവയെ അടിസ്ഥാനപരമായി മാറ്റി മറിക്കാന്‍ ശേഷിയുള്ളതാണ് ഇതെന്നാണ് ചൈന ലോകത്തിന് മുന്നില്‍ പ്രഖ്യാപിച്ചത്. പൂര്‍ണ്ണ സജ്ജമായാല്‍ 60 രാജ്യങ്ങളെയും ലോക ജനസംഖ്യയുടെ മൂന്നില്‍ രണ്ട് ഭാഗവും ആഗോള ജി.ഡി.പിയുടെ 55 ശതമാനവും ആഗോള ഊര്‍ജ കരുതല്‍ ശേഖരത്തിന്റെ 75 ശതമാനവും ഉള്‍ക്കൊള്ളാന്‍ ഇതിന് കഴിയുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഏകദേശം 1.3 ട്രില്യണ്‍ ഡോളര്‍ മൂല്യമുള്ള 900 അടിസ്ഥാന സൗകര്യ പദ്ധതികള്‍ ഇതില്‍ ഉള്‍പ്പെടും. ചൈനീസ് ബാങ്കുകള്‍, ധനകാര്യ സ്ഥാപനങ്ങള്‍, പ്രത്യേക ഫണ്ടുകള്‍ എന്നിവയില്‍ നിന്നാണ് സാമ്പത്തിക സഹായം ഭൂരിഭാഗവും പ്രതീക്ഷിക്കുന്നത്.
ഐ.എന്‍.എസ്.ടി.സി സജീവമാകുമ്പോള്‍ അത് ചൈനയ്ക്ക് ഉയര്‍ത്തുന്ന വെല്ലുവിളി ചെറുതല്ല. ചൈനയേയും പാകിസ്താനേയും ബന്ധിപ്പിക്കുന്നതും പാക് അധിനിവേശ കശ്മീരീലൂടെ കടന്ന് പോകുന്ന സാമ്പത്തിക ഇടനാഴിക്ക് ബദല്‍ എന്നത് ഇന്ത്യയ്ക്ക് ഗുണകരമാണ്. ഐ.എന്‍.എസ്.ടി.സി സജ്ജമായാല്‍ ഇന്ത്യയുടെ ചരക്ക് നീക്കം വേഗത്തിലാകുന്നതും രാജ്യത്തിന് പദ്ധതിയിയില്‍ വലിയ പ്രാധാന്യം ലഭിക്കുന്നതും ചൈനയ്ക്ക് വെല്ലുവിളിയാകുക. ചൈനയുടെ ബെല്‍റ്റ് ആന്‍ഡ് റോഡ് ഇനിഷിയേറ്റീവ് സാമ്പത്തിക ബാധ്യതയാകുമോ എന്ന് പേടിച്ച് ചില രാജ്യങ്ങള്‍ മാറിനില്‍ക്കുന്നതും അവര്‍ക്ക് വെല്ലുവളിയാണ്. യൂറോപ്പിലെ വ്യാപാരികളെ സംബന്ധിച്ചും ആകര്‍ഷകമായ ഒന്നാണ് ഐ.എന്‍.എസ്.ടി.സി. വടക്കന്‍ യൂറോപ്പിലേക്ക് ഇടനാഴി വഴിയുള്ള ചരക്ക് നീക്കം ഇപ്പോള്‍ സാധ്യമാകില്ലെങ്കിലും റഷ്യയ്ക്ക് മേലുള്ള ഉപരോധം ഏതെങ്കിലും സാഹചര്യത്തില്‍ പിന്‍വലിക്കപ്പെട്ടാല്‍ ചരക്ക് നീക്കത്തിനായി ഈ ഇടനാഴിയെ സമീപിക്കാനാകും. എന്നാല്‍ ചൈനയുടെ ബെല്‍റ്റ് ആന്‍ഡ് റോഡ് ഇനിഷിയേറ്റീവ് പദ്ധതിക്ക് വെല്ലുവിളിയാകുന്ന ഐ.എന്‍.എസ്.ടി.സി കൂടുതല്‍ സജീവമാകുമ്പോള്‍ ബീജിങ് അടങ്ങിയിരിക്കുമോ എന്നതാണ് പ്രധാന ചോദ്യം.

കാത്തിരിക്കുന്ന വെല്ലുവിളികള്‍
ഐ.എന്‍.എസ്.ടി.സി പൂര്‍ണമായും പ്രവര്‍ത്തനക്ഷമമാകുന്നതിലും അന്താരാഷ്ട്ര ചരക്കുഗതാഗതം വിപുലീകരിക്കുന്നതിലും നിരവധി തടസ്സങ്ങളുണ്ട്. പദ്ധതിയുടെ പ്രധാന പങ്കാളികളായ ഇറാനും റഷ്യയും യു.എസില്‍ നിന്നടക്കം വലിയ തോതില്‍ സാമ്പത്തിക ഉപരോധം നേരിടുന്നു. യുക്രൈന്‍ യുദ്ധം കാര്യങ്ങള്‍ വലിയ തോതില്‍ മാറ്റി മറിച്ചു. ഇതോടെ മറ്റ് അംഗരാജ്യങ്ങളില്‍ അടിസ്ഥാന സൗകര്യ പദ്ധതികളില്‍ വലിയ നിക്ഷേപം നടത്താന്‍ റഷ്യയ്ക്ക് ഇത് ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നു. മറ്റ് അംഗരാജ്യങ്ങള്‍ക്ക് ഇറാനില്‍ നിക്ഷേപം നടത്താനും ബുദ്ധിമുട്ടുകളുണ്ട്. എന്നാല്‍ പാശ്ചാത്യ ഉപരോധങ്ങള്‍ക്കിടയിലും പദ്ധതിയുമായു മുന്നോട്ട് പോകാനാണ് ഇറാനും റഷ്യയും നോക്കുന്നത്. ട്രാന്‍സിറ്റ് വരുമാനത്തില്‍ വര്‍ദ്ധനവ് വരുത്തിയാല്‍ ഇത് പാശ്ചാത്യ സമ്മര്‍ദ്ദത്തിന് മറുപടിയായേക്കുമെന്നും ഇറാന്‍ കണക്കുകൂട്ടുന്നു. റഷ്യയ്ക്കും എതാണ്ട് സമാനമായ ലക്ഷ്യങ്ങളാണ് ഇക്കാ്യത്തിലുള്ളത്. യുദ്ധത്തിന്റെ പിന്നാലെയുണ്ടായ ഉപരോധത്തില്‍ റഷ്യന്‍ എണ്ണ അധികവും ഒഴുകിയത് ഇന്ത്യയിലേക്കും ചൈനയിലേക്കുമാണ്. എണ്ണയുടെ ഈ വ്യാപാരം സുഗമമാക്കാനും അവരെ ഐഎന്‍എസ്ടിസി സഹായിക്കും.
മറുവശത്ത് ചൈനയാണ് മറ്റൊരു പ്രധാന വെല്ലുവിളി. ചൈനയുടെ ബെല്‍റ്റ് ആന്‍ഡ് റോഡ് ഇനിഷ്യേറ്റീവിന് (ബി.ആര്‍.ഐ) മറുപടിയായാണ് ഐഎന്‍എസ്ടിസിയെ ഇന്ത്യ കാണുന്നത്. എന്നാല്‍, റഷ്യയും ഇറാനും ആ രീതിയില്‍ പദ്ധതിയെ നോക്കിക്കാണുന്നുണ്ടോ എന്നത് സംശയമാണ്. ഇരു രാജ്യങ്ങള്‍ക്കും ചൈനയോടുള്ള അടുത്ത ബന്ധം തന്നെയാണ് അതിന് കാരണം. ചൈനീസ് പാര്‍ലമെന്റായ നാഷണല്‍ പീപ്പിള്‍സ് കോണ്‍ഗ്രസ് ആജീവനാന്ത പ്രസിഡന്റായി അംഗീകരിച്ച ശേഷം ഷി ജിങ് പിങ്ങ് നടത്തിയ ആദ്യ വിദേശയാത്ര പോലും റഷ്യയിലേക്കായിരുന്നു. ഇന്ന് റഷ്യയുടെ ഏറ്റവും അടുത്ത സുഹൃത്താണ് ചൈന. ദീര്‍ഘകാലമായി സൗദി അറേബ്യയും ഇറാനും തമ്മില്‍ തുടര്‍ന്നുവന്ന പ്രശ്നങ്ങള്‍ പറഞ്ഞു തീര്‍ക്കാന്‍ ഇടനിലക്കാരായതിന് പിന്നാലെ ഇറാനുമായും വലിയ സൗഹൃദമാണ് ചൈനയ്ക്കുള്ളത്. അങ്ങനെയുള്ള ചൈനയെ പിണക്കിയും അവരുടെ താല്പര്യങ്ങള്‍ പൂര്‍ണമായും അവഗണിച്ചും പദ്ധതിയുമായി ഇരുരാജ്യങ്ങളും മുന്നോട്ട് പോകും എന്ന് ചിന്തിക്കുകയും വയ്യ.
Content Highlights: Is China Hitting Back at India’s North South Transport Corridor Plans?
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..