പശ്ചിമേഷ്യയില്‍ പിടിമുറുക്കി ചൈന; സൗദിക്കും ഇറാനുമിടയില്‍ മഞ്ഞുരുകുമ്പോള്‍ സംഭവിക്കുന്നതെന്ത്? 


അഖില്‍ ശിവാനന്ദ് | akhilsivanand@mpp.co.inPremium

ബെയ്ജിങിൽ ചൈനയുടെ മധ്യസ്ഥതയിൽ നടന്ന യോഗത്തിൽ സൗദിയുടേയും ഇറാന്റേയും പ്രതിനിധികൾ | Photo: Luo Xiaoguang/Xinhua via AP

ധ്യപൂര്‍വേഷ്യയുടെ മാത്രമല്ല, ലോകത്തിന്റെ തന്നെ സമവാക്യങ്ങള്‍ മാറ്റിയെഴുതിയേക്കാവുന്ന തീരുമാനം. ഏഴു വര്‍ഷം നീണ്ട സംഘര്‍ഷങ്ങള്‍ക്കു ശേഷം നയതന്ത്രബന്ധം പുനഃസ്ഥാപിക്കാന്‍ ഇറാനും സൗദി അറേബ്യയും തീരുമാനിച്ചതിനെ ഇങ്ങനെ വിശേഷിപ്പിക്കാം. നയതന്ത്രബന്ധം വിച്ഛേദിച്ചിട്ട് ഏഴ് വര്‍ഷം മാത്രമാണെങ്കിലും ഇരുരാജ്യങ്ങളും തമ്മില്‍ പതിറ്റാണ്ടുകൾ പഴക്കമുള്ള പിണക്കത്തിനാണ് ചൈനയുടെ മധ്യസ്ഥതയില്‍ പരിഹാരമാകുന്നത്. പ്രാദേശിക അപ്രമാദിത്വത്തിന് വേണ്ടി പരസ്പരം പോരടിക്കുകയും പരോക്ഷമായി ഏറ്റുമുട്ടുകയും ചെയ്ത ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പറഞ്ഞുതീര്‍ത്ത് പരസ്പരം കൈകോര്‍ക്കാന്‍ തീരുമാനിച്ചത് മേഖലയിലെ സംഘര്‍ഷാന്തരീക്ഷം ലഘൂകരിക്കാന്‍ സഹായിക്കും. ഇരുകൂട്ടര്‍ക്കും നഷ്ടം മാത്രം വരുത്തിവെച്ച ഈ 'ശീതയുദ്ധം' അവസാനിക്കുന്നതോടെ പശ്ചിമേഷ്യയ്ക്ക് സുസ്ഥിരതയും സമാധാനവും നല്‍കാനും ഈ തീരുമാനം സഹായിക്കുമെന്നാണ് വിലയിരുത്തുന്നത്. സിറിയയിലും യെമനിലും തുടര്‍ന്നുപോരുന്ന ആഭ്യന്തരയുദ്ധങ്ങള്‍വരെ ഇതുവഴി പരിഹരിക്കപ്പെട്ടേക്കാം.

ഇറാന്റെ ദേശീയ സുരക്ഷാസമിതി സെക്രട്ടറി അലി ഷംഖാനി, സൗദിയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മുസാദ് ബിന്‍ മുഹമ്മദ് അല്‍ ഐബാന്‍, ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി എന്നിവര്‍ പങ്കെടുത്ത ബെയ്ജിങ്ങിലെ യോഗത്തിലാണ് നിര്‍ണായ തീരുമാനങ്ങളുണ്ടായത്. ഏഴു വര്‍ഷം മുമ്പ് അടച്ച എംബസികള്‍ തുറക്കാനും നേരിട്ടും അല്ലാതെയുമുള്ള സായുധപോരാട്ടങ്ങള്‍ അവസാനിപ്പിക്കാനും തീരുമാനിച്ചു. ഇരുരാജ്യങ്ങളുടെയും വിദേശകാര്യ മന്ത്രിമാര്‍ താമസിയാതെ കൂടിക്കാഴ്ച നടത്തും. രണ്ടു മാസത്തിനകം എംബസികള്‍ തുറക്കുമെന്നും ഇരുരാജ്യങ്ങളുടെയും പരമാധികാരത്തെ ബഹുമാനിച്ചുകൊണ്ട് ആഭ്യന്തരവിഷയങ്ങളില്‍ ഇടപെടില്ലെന്നും വ്യക്തമാക്കുന്ന സംയുക്തപ്രസ്താവന യോഗത്തിനു ശേഷം പുറത്തിറക്കി.

പ്രശ്‌നങ്ങളുടെ തുടക്കം

2016-ലാണ് നിലവിലെ പ്രശ്‌നങ്ങളുടെ തുടക്കം. പ്രമുഖ ഷിയാ നേതാവായ നിമ്‌റ് അല്‍ നിമ്‌റ്‌നെ സൗദി അറേബ്യ വധശിക്ഷക്കിരയാക്കിയതാണ് ഇറാനെ ചൊടിപ്പിച്ചത്. സൗദി അറേബ്യയില്‍ 'അറബ് വസന്തം' വിരിയിക്കാന്‍ ശ്രമിച്ചു എന്നാരോപിച്ചായിരുന്നു വധശിക്ഷ. കലാപത്തിന് കോപ്പുകൂട്ടല്‍, രാജ്യസുരക്ഷയെ അട്ടിമറിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി 2012 മുതല്‍ തടവിലായിരുന്നു നിമ്‌റ്. സൗദി അറേബ്യയിലെ ജനങ്ങളില്‍ 10 മുതല്‍ 15 ശതമാനം വരെ ഷിയ മുസ്ലീങ്ങളാണ്. ഭരണകൂടത്തില്‍നിന്ന് മതിയായ പരിഗണന കിട്ടുന്നില്ലെന്ന പരാതി അവര്‍ക്കുണ്ട്. ഇതേച്ചൊല്ലി പ്രക്ഷോഭങ്ങളുമുണ്ടായിട്ടുണ്ട്. ഷിയാകളോടുള്ള വിവേചനത്തിന്റെ കടുത്ത വിമര്‍ശകനായിരുന്നു നിമ്‌റ്. നിമ്‌റ് അല്‍ നിമ്‌റിന്റെ വധശിക്ഷ പശ്ചിമേഷ്യയെ പിടിച്ചുലയ്ക്കാന്‍ പോന്നതായിരുന്നു.

നിമ്‌റ് അല്‍ നിമ്‌റ്‌നെ സൗദി അറേബ്യ വധശിക്ഷയ്ക്ക് ഇരയാക്കിയതിനെതിരേ ടെഹ്റാനിലെ സൗദി എംബസിക്ക് പുറത്ത് അദ്ദേഹത്തിന്റെ ചിത്രം ഉയര്‍ത്തി പ്രതിഷേധിക്കുന്നവര്‍ (ഫയല്‍ ചിത്രം) | Photo : ATTA KENARE / AFP

തുര്‍ക്കി, ലെബനന്‍, ബഹ്‌റൈന്‍ തുടങ്ങിയ രാജ്യങ്ങളിലെയും ഷിയ മുസ്ലീംങ്ങള്‍ പ്രതിഷേധിച്ചു. ഇന്ത്യയിലും പാകിസ്താനിലും അമേരിക്കയിലുംവരെ പ്രതിഷേധങ്ങള്‍ അരങ്ങേറി. എന്നാല്‍, ഇറാനില്‍ സൗദിക്കെതിരായ പ്രതിഷേധങ്ങള്‍ കൈവിട്ടു പോയി. പ്രതിഷേധക്കാര്‍ ടെഹ്റാനിലെ സൗദിയുടെ നയതന്ത്ര കാര്യാലയം ആക്രമിച്ചു. സൗദി എംബസിക്ക് തീവെച്ച പ്രതിഷേധക്കാര്‍ മഷാദിലെ സൗദി കോണ്‍സുലേറ്റ് കൊള്ളയടിക്കുകയും ചെയ്തു. പ്രതിഷേധക്കാരെ നിയന്ത്രിക്കണമെന്ന സൗദിയുടെ ആവശ്യമാകട്ടെ ഇറാന്‍ ഭരണകൂടം ചെവിക്കൊണ്ടില്ല. എല്ലാം കഴിഞ്ഞ് 40 പേരെ അറസ്റ്റ് ചെയ്ത് അവര്‍ കൈ കഴുകി. അതോടെ ഇരുരാജ്യങ്ങള്‍ക്കിടയിലെയും പ്രശ്‌നം സങ്കീര്‍ണമാവുകയും ഇറാനുമായുള്ള ബന്ധം സൗദി അവസാനിപ്പിക്കുകയും ചെയ്തു.

പ്രശ്‌നങ്ങള്‍ക്ക് പിന്നിലെ കാരണം ചികയുമ്പോള്‍

പതിറ്റാണ്ടുകള്‍ പഴക്കമുള്ളതാണ് മേഖലയിലെ പ്രബലരായ സൗദിയും ഇറാനും തമ്മിലുള്ള ഭിന്നത. പ്രാദേശിക ആധിപത്യത്തിനായുള്ള കടുത്ത പോരാട്ടമാണ് ഇരുവരേയും ശത്രുതയിലെത്തിച്ചത്. അതിന്റെ മൂലകാരണമാകട്ടെ സുന്നി- ഷിയാ വേര്‍തിരിവും. മുസ്ലീം രാജ്യങ്ങളാണെങ്കിലും മതപരമായ ചില അഭിപ്രായ ഭിന്നതകള്‍ ഇരുരാജ്യങ്ങള്‍ക്കിടയിലും കാലങ്ങളായി നിലനില്‍ക്കുന്നുണ്ട്. ഇസ്ലാമിന്റെ രണ്ട് വ്യത്യസ്ത ശാഖകളാണ് ഇരുരാജ്യങ്ങളും പിന്തുടരുന്നത്. ഇറാനില്‍ ഭൂരിഭാഗവും ഷിയാ മുസ്ലീങ്ങളാണുള്ളത്. എന്നാല്‍, സൗദിയില്‍ സുന്നി വിഭാഗത്തിനാണു മേൽക്കൈ. മേഖലയില്‍ സ്വാധീനം ഉറപ്പിക്കാനുള്ള ശ്രമമാണ് കടുത്ത വൈരത്തിലേക്ക് ഇരുരാജ്യങ്ങളേയും എത്തിച്ചത്.

1979-ലെ ഇസ്ലാമിക വിപ്ലവാനന്തരമാണ് ഇറാനും സൗദിയും തമ്മിൽ ഇപ്പോഴുള്ള യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ ആരംഭിക്കുന്നത്. അന്നുവരെ സൗദിയായിരുന്നു മുസ്ലീം ലോകത്തിന്റെ നേതൃത്വത്തിൽ. എന്നാല്‍, ഇറാന്റെ പരമോന്നത നേതാവ് ഇതിനെ ചോദ്യം ചെയ്തു. ഒപ്പം മേഖലയിലെ രാജ്യങ്ങളിലെ ഷിയ ഗ്രൂപ്പുകള്‍ക്ക് ഇറാന്‍ സഹായം നല്‍കാന്‍ തുടങ്ങി. ഇതോടെ യു.എസ്.എയുമായി അടുത്ത സൗദി അയല്‍രാജ്യങ്ങളെ കൂട്ടുപിടിച്ച് ഗള്‍ഫ് സഹകരണ കൗണ്‍സിലിന് രൂപം നല്‍കി. 1980-ല്‍ ഇറാന്‍-ഇറാഖ് യുദ്ധകാലത്ത് യു.എസ്സിന്റെ മൗനാനുവാദത്തോടെ സദ്ദാം ഹുസൈന്റെ പട്ടാളത്തെ സൗദി സഹായിച്ചു. 1988-ല്‍ ഹജ്ജ് തീര്‍ത്ഥാടന വേളയില്‍ ഇറാനികള്‍ മരിച്ചത് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം അവസാനിക്കാൻ കാരണമായി. പിന്നീട് 1991-ലാണ് അത് വീണ്ടും പൂര്‍വസ്ഥിതിയിലായത്. തുടര്‍ന്ന് ഒരു പതിറ്റാണ്ടിലേറെ വലിയ പ്രശ്‌നമില്ലാതെ ബന്ധം തുടര്‍ന്നു.

ആയത്തുള്ള അലി ഖമനേയി | Photo: AP/PTI

2003-ല്‍ യു.എസ്. സദ്ദാം ഹുസൈനെ അധികാരഭ്രഷ്ടനാക്കുകയും ഇറാന്റെ പിന്തുണയുള്ള ഷിയാ ഭരണകൂടം ഇറാഖില്‍ അധികാരത്തിലെത്തുകയും ചെയ്തതോടെ സൗദിയുടെ ഭയമുണര്‍ന്നു. ഇറാഖിലെ സുന്നി മുസ്ലീം ഗ്രൂപ്പുകള്‍ക്ക് സൗദി സഹായം നല്‍കി. ഷിയാ വിഭാഗങ്ങള്‍ക്ക് ഇറാനും സഹായമെത്തിച്ചു. അതോടെ സൗദി- ഇറാന്‍ നിഴല്‍യുദ്ധത്തിനാണ് ഇറാഖ് സാക്ഷ്യം വഹിച്ചത്. മേഖലയിലെ വലിയ സാമ്പത്തിക-രാഷ്ട്രീയ ശക്തിയായി ഇറാന്‍ വളരുമോ എന്നതായിരുന്നു സൗദിയുടെ ഭയം. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ഇരുരാജ്യങ്ങളും പരോക്ഷമായി ഏറ്റുമുട്ടല്‍ തുടര്‍ന്നുകൊണ്ടിരുന്നു. മധ്യപൂര്‍വേഷ്യയെ പിടിച്ചുലച്ച അറബ് വസന്തം ഈ മത്സരത്തിന് ആക്കംകുട്ടി. ഇറാഖിലേതിന് സമാനമായി സുന്നി ഗ്രൂപ്പുകള്‍ക്കും സര്‍ക്കാരുകള്‍ക്കും സൗദി പിന്തുണ നല്‍കി. ഷിയാ ഗ്രൂപ്പുകളുടെ പ്രതിഷേധങ്ങളെ ഇറാനും പിന്തുണച്ചു.

ടുണീഷ്യയില്‍, സൗദി സര്‍ക്കാരിനെ പിന്തുണച്ചപ്പോള്‍ ഇറാന്‍ പ്രതിഷേധക്കാര്‍ക്ക് പിന്തുണ നല്‍കി. എന്നാല്‍, ബഹ്‌റൈനില്‍ ഇത് നേരെ തിരിച്ചായിരുന്നു. അവിടേക്ക് പട്ടാളത്തേയും അയച്ചു. സിറിയ, ബഹ്‌റൈന്‍, യെമന്‍ എന്നിവിടങ്ങളിലെ പ്രാദേശിക പ്രശ്നങ്ങളില്‍ ഇടപെട്ട് തങ്ങളുടെ സ്വാധീനം വിപുലീകരിക്കാന്‍ ഇരുരാജ്യങ്ങളും ശ്രമിച്ചു.

ഇറാന്‍-സൗദി ശത്രുത സിറിയ, യെമന്‍ ആഭ്യന്തരയുദ്ധത്തിലും പ്രതിഫലിച്ചു. യെമനില്‍ ഭരണകൂടത്തെ പിന്തുണച്ചുകൊണ്ട് സൗദി പട്ടാളത്തെ അയച്ചു. ഭരണകൂടത്തിനെതിരേ പോരാട്ടം നടത്താന്‍ ഹൂതി വിമതര്‍ക്ക് പിന്തുണ നല്‍കുന്നത് ഇറാനാണെന്നാണ് സൗദിയുടെ ആരോപണം. 2015 മുതല്‍ സുന്നി വിഭാഗക്കാരെ തകര്‍ക്കാന്‍ ഇറാന്റെ പിന്തുണയുള്ള ഹൂതി വിമതര്‍ പോരാട്ടം നടത്തുന്നുണ്ട്. ഇതിനെതിരായ പോരാട്ടത്തിന് സൗദി സഖ്യം രൂപീകരിച്ചിട്ടുമുണ്ട്.

എന്നാല്‍, യെമനിലേതിന് നേരെ വിപരീത സാഹചര്യമായിരുന്നു സിറിയയില്‍. ബാഷര്‍ അല്‍ അസദിനെ ഇറാന്‍ പിന്തുണക്കുമ്പോള്‍ സുന്നി ഗ്രൂപ്പുകള്‍ക്കാണ് സൗദി പിന്തുണ നല്‍കുന്നത്. മധ്യേഷ്യന്‍ രാജ്യങ്ങളിലെ ആഭ്യന്തരയുദ്ധങ്ങളില്‍ ഇരുരാജ്യങ്ങളും ഇടപെട്ടത് മേഖലയുടെ സമാധാനത്തെ ചെറിയ രീതിയിലൊന്നുമല്ല ബാധിച്ചത്. യഥാര്‍ഥത്തില്‍ അയല്‍രാജ്യങ്ങളിലെ പ്രക്ഷോഭങ്ങളെ മുതലെടുക്കുകയാണ് ഇറാനും സൗദിയും ചെയ്തത്. ഇറാനും അമേരിക്കയും തമ്മിലുള്ള ആണവകരാറിനെ സൗദി ശക്തമായി എതിര്‍ത്തിരുന്നു. കരാറില്‍നിന്ന് അമേരിക്ക പിന്‍മാറിയത് സൗദിക്ക് നേട്ടമായി. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍, ഇറാന്റെ പരമോന്നതനേതാവ് ആയത്തുള്ള അലി ഖമേനിയെ ഹിറ്റ്ലറോടുപമിച്ചതും പ്രതിസന്ധി രൂക്ഷമാക്കി.

യെമനില്‍ സര്‍ക്കാരിനെതിരേ പ്രതിഷേധിക്കുന്നവര്‍ (ഫയല്‍ ചിത്രം) | Photo: Muhammed Muheisen/ AP

ശത്രുതയില്‍നിന്ന് സമാധാനത്തിലേക്ക്

അറ്റുപോയ നയതന്ത്രബന്ധം പൂര്‍വസ്ഥിതിയിലാക്കാന്‍ ഏറെക്കാലമായി സൗദിയും ഇറാനും ശ്രമിച്ചുവരികയാണ്. ഇറാഖിന്റെയും ഒമാന്റെയും നേതൃത്വത്തിലാണ് ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചത്. 2021-ല്‍ സൗദി അറേബ്യയുമായി ബന്ധം പുനരാരംഭിക്കുന്നതിന് നയതന്ത്ര ചര്‍ച്ചകള്‍ക്കുള്ള നിര്‍ദേശം ഇറാന്‍ മുന്നോട്ട് വെച്ചെങ്കിലും ചില സുരക്ഷാ വിയോജിപ്പുകള്‍ സൗദി ചൂണ്ടിക്കാണിച്ചിരുന്നു. തുടര്‍ന്ന് ഇറാന്റെ സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സിലിന്റെ (എസ്.എൻ.എസ്.സി.) സെക്രട്ടറി അഡ്മിറല്‍ അലി ഷംഖാനി നിലവില്‍ ഇറാന്റെ യു.എന്‍. അംബാസഡറായ അമീര്‍ സയീദ് ഇറവാനിയെ ചര്‍ച്ചകള്‍ക്കായി നിയോഗിച്ചു. സൗദി ജനറല്‍ ഇന്റലിജന്‍സ് ഡയറക്ടറേറ്റിന്റെ ഡയറക്ടര്‍ ജനറല്‍ ഖാലിദ് ബിന്‍ അലി അല്‍ ഹുമൈദാനെയാണ് സൗദി ഇക്കാര്യത്തിനായി തിരഞ്ഞെടുത്തത്.

ഇറാഖ് പ്രധാനമന്ത്രി മുസ്തഫ അല്‍ ഖാത്തിമിയുടെ മധ്യസ്ഥതയില്‍ ചര്‍ച്ചകള്‍ നടത്താനും ഇരുപക്ഷവും സമ്മതിച്ചു. 2022-ഓടെ ബാഗ്ദാദില്‍ ഇരുരാജ്യങ്ങളും അഞ്ച് റൗണ്ട് ചര്‍ച്ചകള്‍ നടത്തി. നയതന്ത്രബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി 2022-ല്‍ സൗദി അറേബ്യയില്‍നിന്ന് ഒരു പ്രതിനിധി സംഘം ഇറാന്‍ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. എന്നാല്‍, ഇറാഖില്‍ മുഹമ്മദ് ഷിയ അല്‍- സുഡാനി പ്രധാനമന്ത്രിയായതോടെ ചര്‍ച്ചകള്‍ നിലച്ചു. മധ്യസ്ഥന്‍ എന്ന നിലയില്‍ ഇറാഖിന്റെ പങ്ക് തുടരാന്‍ സുഡാനി വലിയ താല്‍പര്യം കാണിച്ചില്ല. അതോടെ ചര്‍ച്ചകള്‍ താല്‍കാലികമായി നിലച്ചു.

വിജയം കണ്ടത് ചൈനീസ് ഇടപെടല്‍

2022 ഡിസംബറില്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങിന്റെ സൗദി സന്ദര്‍ശനമാണ് കാര്യങ്ങള്‍ വീണ്ടും മാറ്റിമറിച്ചത്. സൗദി അറേബ്യ സന്ദര്‍ശിച്ച ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ് ചൈന-അറബ് ഉച്ചകോടിയിലും ചൈന-ജി.സി.സി. ഉച്ചകോടിയിലും പങ്കെടുത്തിരുന്നു. ഈ സമയം ഇറാന്‍ വിഷയത്തില്‍ മധ്യസ്ഥത വഹിക്കാന്‍ സൗദി ചൈനയോട് ആവശ്യപ്പെട്ടതായാണ് വിവരം. സമാധാനശ്രമങ്ങള്‍ തുടരാനുള്ള സൗദിയുടെ അവശ്യം ഇറാനെ ചൈന അറിയിച്ചതോടെയാണ് വീണ്ടും ചര്‍ച്ചകള്‍ക്ക് ജീവന്‍ വെച്ചത്. ഇതിന്റെ തുടര്‍ച്ചയെന്നോണം ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഫെബ്രുവരിയില്‍ബെയ്ജിങ് സന്ദര്‍ശിച്ചിരുന്നു. വ്യാപാര, സാമ്പത്തിക മേഖലയില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷിബന്ധം ശക്തിപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള മൂന്നു ദിവസത്തെ സന്ദര്‍ശനം എന്നാണ് ഔദ്യോഗികമായി പറഞ്ഞിരുന്നതെങ്കിലും വലിയ പ്രാധാന്യമുള്ള സന്ദര്‍ശനമായിരുന്നു അത്. 20 വര്‍ഷത്തിനിടെ ചൈന സന്ദര്‍ശിക്കുന്ന ആദ്യ ഇറാന്‍ പ്രസിഡന്റായിരുന്നു റെയ്‌സി. ഇതിന് പിന്നാലെയായിരുന്നുബെയ്ജിങ്ങിൽ ചര്‍ച്ച നടന്നതും ഇറാനും സൗദിയും തമ്മില്‍ നയതന്ത്രബന്ധം പുനഃസ്ഥാപിക്കാന്‍ ധാരണയായതും.

ഇറാന്‍ പ്രസിഡന്റ് ഇബ്രാഹം റെയ്‌സിയും ചൈനീസ് പ്രസിഡന്റ് ഷീ ജിങ് പിങ്ങും | Photo: Yan Yan/Xinhua via AP

മാര്‍ച്ച് ആറു മുതല്‍ 10 വരെ ചൈനയുടെ മധ്യസ്ഥതയില്‍ ബെയ്ജിങ്ങില്‍ നടന്ന ചര്‍ച്ചയിലാണ് പിണക്കം പറഞ്ഞുതീര്‍ത്ത് നയതന്ത്രബന്ധം പുനഃസ്ഥാപിക്കാനുള്ള ഉടമ്പടിയിലേക്ക്‌ ഇരുരാജ്യങ്ങളും എത്തിയത്. ഷി ജിന്‍പിങ് മുന്‍കൈയെടുത്ത് ഇരുരാജ്യങ്ങളിലേയും ഉന്നത ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ച് നടത്തിയ ചര്‍ച്ചകളിലാണ് ഇത് സംബന്ധിച്ച് ധാരണയായത്. ഉടമ്പടിയനുസരിച്ച്, രണ്ടു മാസത്തിനുള്ളില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം പുനഃസ്ഥാപിക്കും. എംബസികള്‍ വീണ്ടും തുറക്കാനും ധാരണയായി. ഇതിന് മുന്നോടിയായി, സൗദിയുടെയും ഇറാന്റെയും വിദേശകാര്യ മന്ത്രിമാര്‍ കൂടിക്കാഴ്ച നടത്തും.

1998-ല്‍ രൂപപ്പെടുത്തിയ കരാര്‍ നടപ്പാക്കാനും ഇരുരാജ്യങ്ങളും തമ്മില്‍ ധാരണയായി. സാമ്പത്തികം, വാണിജ്യം, സാംസ്‌കാരികം, കായികം, ശാസ്ത്രം, സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിലെ സഹകരണം സംബന്ധിച്ചായിരുന്നു ആ കരാര്‍. ഒപ്പം 2001- ലെ സുരക്ഷാ സഹകരണം പുനഃസ്ഥാപിക്കാനും തീരുമാനമായി. നേരിട്ടും അല്ലാതെയുമുള്ള സായുധപോരാട്ടങ്ങള്‍ അവസാനിപ്പിക്കാനും ഇരുരാജ്യങ്ങളുടെയും പരമാധികാരത്തെ ബഹുമാനിച്ചുകൊണ്ട് ആഭ്യന്തരവിഷയങ്ങളില്‍ ഇടപെടില്ലെന്നും ചര്‍ച്ചകളില്‍ തീരുമാനമെടുത്തിട്ടുണ്ട്.

മേഖലയില്‍ ചൈനക്ക് എന്താണ് താല്പര്യം?

പശ്ചിമേഷ്യയില്‍ സൈനിക ഇടപെടലുകളുടെ ചരിത്രമാണ് അമേരിക്കയ്ക്കുള്ളത്. എന്നാല്‍, അതില്‍നിന്ന് വ്യത്യസ്തമായി മേഖലയിലെ എല്ലാവരുടേയും സുഹൃത്തും നല്ല വ്യാപാര പങ്കാളിയുമാണ് ചൈന. സൗദിയുമായുള്ള യു.എസിന്റെ ബന്ധം സമീപവര്‍ഷങ്ങളില്‍ അയഞ്ഞുവരികയാണ്. ഇറാനുമായി കടുത്ത ശത്രുതയിലും. എന്നാല്‍, ചൈനയ്ക്ക് രണ്ടു രാജ്യങ്ങളുമായും ഊഷ്മളമായ ബന്ധമുണ്ട്. സൗദിയില്‍നിന്ന് ഏറ്റവുമധികം എണ്ണ വാങ്ങുന്ന രാജ്യമായ ചൈന ഇറാന്റെ ഏറ്റവും വലിയ വ്യാപാര പങ്കാളിയുമാണ്.

ഇരുവരേയും തമ്മില്‍ കൂടുതല്‍ അടുപ്പിക്കുന്നത് വലിയ സാമ്പത്തിക നേട്ടമാണ് ചൈനയ്ക്ക് നല്‍കുന്നത്. മധ്യപൂര്‍വേഷ്യയിലെ തങ്ങളുടെ സ്വാധീനം അമേരിക്ക പതിയെ പിന്‍വലിക്കുന്ന സാഹചര്യത്തില്‍ ഗള്‍ഫ് മേഖലയിലെ ഇടപെടല്‍ ചൈനയെ സംബന്ധിച്ച് വലിയ നയതന്ത്ര വിജയം കൂടിയാണ്. ചൈനയുടെ മധ്യസ്ഥശ്രമങ്ങളെ ഇരുരാജ്യങ്ങളുടെയും ഇരുനേതാക്കളും പ്രശംസിച്ചതും അവര്‍ക്ക് അനുകൂലമാണ്. കഴിഞ്ഞ ഡിസംബറില്‍ എണ്ണ ഉത്പാദക രാജ്യങ്ങളുടെ കൂട്ടായ്മയുടെ യോഗത്തില്‍ ഷി പങ്കെടുത്തിരുന്നു. അന്നത്തെ ചര്‍ച്ചകളുടെ ബാക്കിപത്രമെന്നോണമാണ് ഇറാന്‍ പ്രസിഡന്റ് ഇബ്രാഹം റെയ്‌സിയെ ചൈന രാജ്യത്തേക്ക് ക്ഷണിക്കുന്നത്. യുക്രൈന്‍ യുദ്ധത്തിലടക്കം റഷ്യയ്ക്ക് കാര്യമായ പിന്തുണ നല്‍കിയ ഇറാന്‍ ചൈനയുമായി അടുക്കുന്നുവെന്നതിന്റെ വ്യക്തമായ സൂചന നല്‍കിക്കൊണ്ടായിരുന്നു റെയ്‌സിയുടെ ചൈനാ സന്ദര്‍ശനം.

ബെയ്ജിങിൽ ചൈനയുടെ മധ്യസ്ഥതയിൽ നടന്ന യോഗത്തിൽ പങ്കെടുക്കുന്ന സൗദിയുടേയും ഇറാന്റേയും പ്രതിനിധികൾ | Photo: Luo Xiaoguang/Xinhua via AP

അമേരിക്കന്‍ ഉപരോധത്തില്‍ വലയുന്ന ഇറാനെ സംബന്ധിച്ച് ഏറ്റവും ഗുണകരമായേക്കാവുന്ന കൂട്ടുകെട്ടാണ് ചൈന. മറുവശത്ത് ചൈനയെ സംബന്ധിച്ച് മധ്യപൂര്‍വേഷ്യയിലെ സമാധാനം അവര്‍ക്ക് നിര്‍ണായകമാണ്. മധ്യസ്ഥതയ്ക്ക് പിന്നില്‍ നിക്ഷിപ്ത താത്പര്യങ്ങളൊന്നുമില്ലെന്ന് ചൈന പ്രതികരിക്കുമ്പോഴും സാമ്പത്തിക, രാഷ്ട്രീയ ലക്ഷ്യങ്ങള്‍ മുന്നില്‍ കണ്ടുള്ള നീക്കങ്ങളാണ് ഇതെന്ന് വ്യക്തം. പശ്ചിമേഷ്യയില്‍ കടന്നുകയറി നേട്ടമുണ്ടാക്കാനില്ലെന്ന് ചൈന പറയുമ്പോഴും നേട്ടങ്ങള്‍ ഏറെയുള്ളത് അവര്‍ക്ക് തന്നെയാണ്. മേഖലയില്‍ സമാധാനമുണ്ടായാല്‍ എണ്ണ- പ്രകൃതിവാതക ആവശ്യം സുഗമമായി നിറവേറ്റാം എന്നത് തന്നെയാണ് ചൈന ലക്ഷ്യം വെയ്ക്കുന്നത്.

പശ്ചിമേഷ്യയില്‍ സമാധാന ദൂതന്റെ പങ്ക് വഹിക്കുന്നതില്‍ ചൈനയ്ക്ക് സാമ്പത്തികവും തന്ത്രപരവുമായ താല്‍പ്പര്യങ്ങളുണ്ട്. മേഖലയില്‍നിന്ന് ഏറ്റവുമധികം എണ്ണ വാങ്ങുന്ന രാജ്യം എന്ന നിലയില്‍ സമാധാനവും സ്ഥിരതയും ചൈനയ്ക്ക് പ്രധാനമാണ്. ഊര്‍ജ വിപണിയിലെ സ്ഥിരത അവരുടെ വളര്‍ച്ചയ്ക്ക് അത്യന്താപേക്ഷികമാണ്. സൗദി അറേബ്യയും ഇറാനും തമ്മിലുള്ള സൗഹൃദം ആഗോള ഊര്‍ജവിതരണത്തില്‍ സ്ഥിരത നിലനിര്‍ത്തുമെങ്കില്‍ അതിന്റെ വലിയ ഗുണഭോക്താവും ചൈന തന്നെയാണ്. ഒപ്പം ഇരുരാജ്യങ്ങളോടും ഒരേ നിലപാട് പുലര്‍ത്തുന്ന ചൈനയുടെ സമാധാനശ്രമങ്ങള്‍ അവര്‍ക്ക് വലിയ തോതിലുള്ള സ്വീകാര്യതയാണ് മേഖലയില്‍ നല്‍കുക. ചൈനയുടെ മധ്യസ്ഥശ്രമത്തില്‍ നടന്ന ചര്‍ച്ച കൃത്യവും സുതാര്യവുമായിരുന്നുവെന്നാണ് ഇറാന്റെ ദേശീയ സുരക്ഷാസമിതി സെക്രട്ടറി അലി ഷംഖാനി പ്രതികരിച്ചത് വലിയ സൂചനയാണ്.

സൗദി- ഇറാന്‍ ബന്ധം അമേരിക്കയ്ക്ക് നഷ്ടമോ?

മധ്യപൂര്‍വേഷ്യന്‍ രാജ്യങ്ങളും അറബ് രാജ്യങ്ങളും സൗദി-ഇറാന്‍ ബന്ധം പുനഃസ്ഥാപിച്ചതിനെ പൂര്‍ണമായും സ്വാഗതം ചെയ്യുന്ന നിലപാടാണ് സ്വീകരിച്ചത്. യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, ഒമാന്‍, ഖത്തര്‍, ബഹ്റൈന്‍, കുവൈറ്റ്, ഇറാഖ്, ഈജിപ്ത്, തുര്‍ക്കി എന്നീ രാജ്യങ്ങളെല്ലാം ഇതിനെ സ്വാഗതം ചെയ്തു. ഇരുരാജ്യങ്ങളും തമ്മിലുള്ള തര്‍ക്കങ്ങള്‍ പറഞ്ഞു തീര്‍ക്കാനുള്ള ശ്രമത്തെ പൊതുവില്‍ സ്വാഗതം ചെയ്യുകയണ് ലോകരാജ്യങ്ങളെല്ലാം ചെയ്തത്. എന്നാൽ, ഇക്കാര്യത്തില്‍ വിരുദ്ധ അഭിപ്രായം പ്രകടിപ്പിച്ചത് ഇസ്രയേലാണ്. ഭരണപക്ഷത്തിനെതിരേ ഇസ്രയേലിലെ പ്രതിപക്ഷ കക്ഷികള്‍ ഇത് ആയുധമാക്കുകയും ചെയ്തു. ഇസ്രയേലിന് ഇറാനോടുള്ള ശത്രുത സൗദിയോടില്ല. സൗദിയെ ഒപ്പം നിര്‍ത്തി ഇറാന്റെ ആണവ പരിപാടിക്കെതിരേ പോരാടാമെന്ന ഇസ്രയേലിന്റെ മോഹത്തിനേറ്റ തിരിച്ചടിയാണ് സൗദി- ഇറാന്‍ കരാര്‍.

ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പറഞ്ഞു തീര്‍ത്തതിനെ യു.എസ്. സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും കാര്യങ്ങള്‍ സങ്കീര്‍ണമാകാനാണ് സാധ്യത. കരാറിനെക്കുറിച്ച് യു.എസിന് അസുഖകരമായ പല ചോദ്യങ്ങളും നേരിടേണ്ടിവന്നേക്കും. ഇറാന്‍ ആണവകരാര്‍ നിലവില്‍ നിര്‍ജീവമായ അവസ്ഥയിലാണ്. സൗദി- ഇസ്രയേല്‍ ബന്ധം സാധാരണ നിലയിലാക്കണമെന്നും ഇറാനെതിരെ സംയുക്ത പോരാട്ടം നടത്തണമെന്നുമാണ് യു.എസും ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍, ചൈനീസ് ഇടപടലോടെ അതിന് വഴിയടയുകയാണ്. ഇത് അവരെ അസ്വസ്ഥപ്പെടുത്തിയേക്കും. എന്തെന്നാല്‍ ഇതുവരെ പശ്ചിമേഷ്യയില്‍ നിലനിര്‍ത്തിപ്പോന്ന മേൽക്കൈ നഷ്ടപ്പെടുത്താന്‍ യു.എസ്. ആഗ്രഹിക്കുന്നുണ്ടാകില്ല.

സൗദിയുമായുള്ള നയതന്ത്രബന്ധം പുനഃസ്ഥാപിക്കുന്നത് വാര്‍ത്തയാക്കിയ ഇറാനിലെ പത്രങ്ങള്‍ | Photo: ATTA KENARE / AFP

സൗദി-ഇറാന്‍ അനുരഞ്ജനം ആഗോള ക്രമത്തില്‍ നടക്കുന്ന വലിയ മാറ്റങ്ങളിലേക്കു കൂടിയാണ് വിരല്‍ ചൂണ്ടുന്നത്. പശ്ചിമേഷ്യയിലെ ഒരു പ്രധാന സ്വാധീന ശക്തിയായി ചൈന കടന്നുവരാനുള്ള സാധ്യതയും ഏറെയാണ്. സമാധാനശ്രമങ്ങളിലൂടെ ലോകരാജ്യങ്ങള്‍ക്ക് വ്യക്തമായ സന്ദേശം നല്‍കാനും ചൈന ശ്രമിക്കുന്നു. യുക്രൈന്‍ യുദ്ധത്തില്‍ റഷ്യയ്ക്കെതിരേ പാശ്ചാത്യലോകത്തെ അണിനിരത്താനും ഉപരോധത്തിലൂടെ അവരെ ദുര്‍ബലപ്പെടുത്താനുമുള്ള തിരക്കിലാണ് യു.എസ്. എന്നാല്‍, സമാധാന സ്ഥാപനമാണ് തങ്ങളുടെ ലക്ഷ്യമെന്ന് കാണിച്ചുകൊടുക്കുകയാണ് ചൈന ലക്ഷ്യമിടുന്നത്.

നിലവില്‍ പശ്ചിമേഷ്യയിലെ എല്ലാ വിഷയങ്ങളിലും മധ്യസ്ഥന്റെ റോളിലുണ്ടായിരുന്നത് അമേരിക്കയാണ്. എന്നാല്‍, അമേരിക്കെയെ മാറ്റി നിര്‍ത്തിക്കൊണ്ട് വലിയ പ്രശ്‌നപരിഹാരം സാധ്യമാകുമെന്ന സ്ഥിതിയിലേക്ക് എത്തി കാര്യങ്ങള്‍. അമേരിക്കയുടെ അധിനിവേശ സ്വഭാവത്തില്‍നിന്ന് തികച്ചും വ്യത്യസ്തമായി സമാധാനപൂര്‍വമുള്ള നീക്കങ്ങളായിരുന്നു ചൈനയുടേത്. അമേരിക്കയെ പൂര്‍ണമായും ഒഴിവാക്കിക്കൊണ്ട് സൗദി-ഇറാന്‍ പ്രശ്‌നപരിഹാരം സാധ്യമാകുന്നത് നിലവിലെ ലോകക്രമത്തില്‍തന്നെ മാറ്റങ്ങള്‍ സൃഷ്ടിച്ചേക്കാം. മേഖലയിലെ ഒരു സഖ്യകക്ഷി കൂടുതല്‍ അകന്നുപോകുന്നതും എതിരാളികളായ ഇറാന് പുതിയ സുഹൃത്തുക്കളെ കിട്ടുന്നതും ചൈന അവരുടെ സ്വാധീനം വര്‍ധിപ്പിക്കുന്നതും അമേരിക്കയ്ക്ക് ഒരുപോലെ തിരിച്ചടിയുണ്ടാക്കുന്നതാണ്.

Content Highlights: Iran, Saudi Arabia To Restore Ties In China-Brokered Deal, How it Transform the Middle East

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
ജോസഫ് പാംപ്ലാനി

2 min

'റബ്ബറിന്റെ വില എം.വി ഗോവിന്ദനു നിസാരമായിരിക്കും,BJP കര്‍ഷകരെ സഹായിച്ചാല്‍ അവര്‍ക്കൊപ്പം നില്‍ക്കും'

Mar 19, 2023


M B Rajesh

1 min

കുറുക്കന് കോഴിയെസംരക്ഷിച്ച ചരിത്രമില്ല; തലശ്ശേരി ആര്‍ച്ച് ബിഷപ്പിന്റെ പരാമര്‍ശത്തില്‍ മന്ത്രി രാജേഷ്

Mar 19, 2023


meenakshi anoop says she is cheated by her YouTube partners meenakshi youtube channel

1 min

യുട്യൂബ് വരുമാനത്തിന്റെ നല്ലൊരു ഭാഗവും അവര്‍ കൊണ്ടുപോയി; കബളിക്കപ്പെട്ടുവെന്ന് മീനാക്ഷി

Mar 20, 2023

Most Commented