സ്വപ്നം മുറിഞ്ഞ് മകൾ യാത്രയായെങ്കിലും രോഹിണി പറയുന്നു: ചേർത്ത് നിർത്തിയാൽ അവർ ഉയരങ്ങൾ കീഴടക്കും


രാജി പുതുക്കുടി

സമൂഹത്തില്‍നിന്നും സ്വന്തം കുടുംബത്തില്‍നിന്നും ഒറ്റപ്പെട്ടു പോകുന്ന ഭിന്നശേഷിക്കാരായ കുട്ടികളുടെ അമ്മമാര്‍ക്ക് അവരുടെ സാമൂഹിക ജീവിതം നഷ്ടപ്പെട്ടു പോകില്ലെന്ന് ഉറപ്പു നല്‍കേണ്ടതുണ്ട്. കുട്ടികളെ അനുഭാവപൂര്‍വം പരിചരിക്കാന്‍ കഴിയുന്ന ക്ഷമയും സ്‌നേഹവും നിറഞ്ഞ ഭിന്നശേഷിസൗഹാര്‍ദമായ ഇടങ്ങള്‍ സൃഷ്ടിക്കുകയാണ് അതിനുളള ആദ്യചുവടുവെയ്പ്. ഈ ആവശ്യത്തിലൂന്നിക്കൊണ്ട് പൊതുജനങ്ങളുടെയും സര്‍ക്കാരിന്റെയും ശ്രദ്ധ ക്ഷണിക്കുന്നതിനായി മാതൃഭൂമി ഡോട് കോം മുന്നോട്ടുവെക്കുന്നു; ' ഇടം നല്‍കാം മക്കള്‍ക്ക്, അമ്മയ്ക്ക് ജീവിതവും'

.

വിസ്മയ പേരുപോലെ തന്നെ പഠനമികവുകൊണ്ട് എല്ലാവരേയും ഒരുപോലെ അത്ഭുതപ്പെടുത്തിയ പെണ്‍കുട്ടി. പേശികളുടെ ബലക്ഷയം കാരണം ശരീരം തളര്‍ന്ന വിസ്മയയ്ക്ക് പഠനത്തിലും മുന്നോട്ടുള്ള ജീവിതത്തിലും തളരരുതെന്ന വാശിയും നിശ്ചയദാര്‍ഢ്യവും ഉണ്ടായിരുന്നു. അമ്മ രോഹിണിയായിരുന്നു വിസ്മയയുടെ കരുത്തും ഊര്‍ജ്ജവും. പതിനേഴ് വര്‍ഷക്കാലും ആറ് മാസം പ്രായമുള്ള കുഞ്ഞിനെയെന്ന പോലെ വിസ്മയയെ നോക്കി വളര്‍ത്തിയ രോഹിണിക്ക് പക്ഷെ ഇപ്പോള്‍ മകളെ കുറിച്ച് പറയുമ്പോള്‍ കണ്ണു നിറയും. കാര്‍ഡിയാക് മയോപ്പതി ശരീരം തളര്‍ത്തിയിട്ടും തോറ്റു കൊടുക്കാത്ത വിസ്മയ ഇന്നൊരു ഓര്‍മ്മയാണ്. ആറു മാസം മുമ്പ് കോവിഡ് വിസ്മയയുടെ ജീവനെടുത്തു. ഭിന്നശേഷിക്കാരിയായ മകള്‍ പഠിച്ച് ഉയരങ്ങള്‍ കീഴടക്കണമെന്ന് രോഹിണി ആഗ്രഹിച്ചിരുന്നു. അതിന് വേണ്ടിയുളള അമ്മയുടെയും മകളുടെയും ഒന്നിച്ചുളള പരിശ്രമിത്തിനിടയിലാണ് രോഹിണിക്ക് വിസ്മയയെ നഷ്ടമാകുന്നത്.

സര്‍ക്കാര്‍ സ്‌കൂളില്‍ മറ്റുകുട്ടികള്‍ക്കൊപ്പം

സ്വയം എഴുന്നേല്‍ക്കാനോ ഇരിക്കാനോ പോലും സാധിക്കാത്ത മകള്‍. പക്ഷെ, രോഹിണി പറഞ്ഞുകൊടുക്കുന്നതെല്ലാം വിസ്മയ ഏറ്റുപറയുമായിരുന്നു. നാല് വയസ്സായപ്പോള്‍ മകളെ അക്ഷരങ്ങളും അക്കങ്ങളും പഠിപ്പിക്കാനുള്ള ശ്രമത്തിലായി രോഹിണി, പ്രതീക്ഷിച്ചതിനേക്കാള്‍ വേഗത്തില്‍ അവള്‍ പഠിച്ചു തുടങ്ങി, അക്ഷരങ്ങള്‍ പതിയെ വാക്കുകളായി. അതോടെ മകളെ സ്‌കൂളില്‍ ചേര്‍ക്കാന്‍ രോഹിണി തീരുമാനിച്ചു. ഭിന്നശേഷിക്കാരുടെ കൂടെ മകളെ ഇരുത്തി പഠിപ്പിക്കാനോ അവളെ അവരിലൊരാളായി കാണാനോ ആ അമ്മയ്ക്ക് മനസ്സുണ്ടായിരുന്നില്ല. വിസ്മയയുടെ ബുദ്ധിശക്തിയില്‍ വിശ്വാസം ഉണ്ടായിരുന്ന രോഹിണി മകളെ ഏഴാം വയസ്സില്‍ ഒന്നാം ക്ലാസില്‍ ചേര്‍ത്തു. വെട്ടിയുഴിഞ്ഞ തോട്ടം ജിഎല്‍പി സ്‌കൂളില്‍. റിസോഴ്‌സ് അധ്യാപികയായ സരിത വീട്ടിലെത്തിയാണ് വിസ്മയയെ മൂന്ന് വര്‍ഷം പഠിപ്പിച്ചത്. മറ്റു കുട്ടികളെ പോലെതന്നെ പദ്യവും അടിസ്ഥാനഗണിതവും എല്ലാം അവളും മിടുക്കിയായി പഠിച്ചു. അപ്പോളും ഒരാഗ്രഹം മനസ്സിലുണ്ടായിരുന്നു സ്‌കൂളില്‍ പോയി പഠിക്കണം

മകള്‍ക്കൊപ്പം സ്‌കൂളിലേക്ക്

സരിത ടീച്ചര്‍ പോയാല്‍ പഠിക്കാന്‍ വിസ്മയയെ സഹായിച്ചിരുന്നത് രോഹിണി ആയിരുന്നു. സ്‌കൂള്‍ എങ്ങനെ, ക്ലാസ് എങ്ങനെ, സ്‌കൂളിലെ ടീച്ചര്‍ എങ്ങനെ ഇതൊക്കെയായിരുന്നു വിസ്മയയ്ക്ക് എന്നും അറിയേണ്ടത്. അങ്ങനെ രോഹിണി മകള്‍ക്ക് ഒരു വാക്കുകൊടുത്തു. എനിക്ക് ജീവനുണ്ടെങ്കില്‍ നിന്നെ ഞാന്‍ സ്‌കൂളില്‍ കൊണ്ടുപോകുമെന്ന്. തൊട്ടടുത്ത അധ്യയന വര്‍ഷം രോഹിണി മൂന്ന് വയസ്സുള്ള രണ്ടാമത്തെ കുഞ്ഞിനെ ഒക്കത്തിരുത്തി വിസ്മയയേയും കൊണ്ട് നാലാം ക്ലാസിലെത്തി. പ്രത്യേകം കസേരയിലിരുന്ന് അവള്‍ മറ്റ് കുട്ടികള്‍ക്കൊപ്പം പഠനം തുടങ്ങി, ഭക്ഷണം കഴിക്കാനും ശുചിമുറി ഉപയോഗിക്കാനും എല്ലാം സഹായം വേണമെന്നതിനാല്‍ ക്ലാസ് മുറിക്ക് പുറത്ത് രോഹിണി അവള്‍ക്ക് കാവലിരുന്നു. ഒപ്പം കുഞ്ഞനിയനും.

പൂനൂര്‍ ജിഎംയുപി സ്‌കൂളിലായിരുന്നു അഞ്ചാം ക്ലാസ് മുതലുള്ള പഠനം. ഇളയകുഞ്ഞിനെ എല്‍.കെ.ജി.യില്‍ വിട്ട ശേഷം രോഹിണി മകള്‍ക്കൊപ്പം സ്‌കൂളില്‍ എത്തി. അവിടെ കഞ്ഞിപ്പുരയില്‍ സഹായിയായി. പഠനത്തില്‍ ഒന്നാമതായിരുന്നു വിസ്മയ പാഠഭാഗങ്ങളെല്ലാം സ്‌കൂളില്‍ നിന്നുതന്നെ മനഃപ്പാഠമാക്കും. വീട്ടിലെത്തിയാല്‍ ഏറെ നേരം ക്ലാസില്‍ ഇരിക്കുന്നതിന്റെ ക്ഷീണം മാറാന്‍ കുറേ നേരം കിടക്കും . ആ സമയം രോഹിണി വീട്ടുജോലികള്‍ ചെയ്യും. ഇളയ കുട്ടിയെ പഠിപ്പിക്കും, അത് കഴിഞ്ഞ് വിസ്മയയെ ഹോം വര്‍ക്ക് ചെയ്യാന്‍ ചെയ്യാന്‍ സഹായിക്കും.

എട്ടാം ക്ലാസുകാരിയായി പൂനൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെത്തിയപ്പോള്‍ രോഹിണി മകളോട് ഒരു ആഗ്രഹം പറഞ്ഞു, പത്താം ക്ലാസില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് വാങ്ങണം. നമ്മുടെ കഷ്ടപ്പാടും അധ്വാനവും ഫലം കാണണം. ക്ലാസില്‍ എന്നും ഒന്നാമതായിരുന്ന വിസ്മയ ഫുള്‍ എ പ്ലസ് എന്ന ലക്ഷ്യം വെച്ച് പഠനം തുടങ്ങി. ആ വര്‍ഷം എന്‍എംഎംഎസ് പരീക്ഷയ്ക്ക് 100-ല്‍ 90-ല്‍ കൂടുതല്‍ മാര്‍ക്ക് കിട്ടി. ആ വര്‍ഷത്തെ ഉയര്‍ന്ന മാര്‍ക്ക്. വിദ്യാഭ്യാസമന്ത്രി നേരിട്ടെത്തി സമ്മാനവും നല്‍കി. വിസ്മയക്ക് കഴിയുമെങ്കില്‍ നിങ്ങള്‍ക്കും നന്നായി പഠിക്കാന്‍ കഴിയുമെന്ന് അധ്യാപകര്‍ മറ്റു കുട്ടികളോട് പറഞ്ഞുതുടങ്ങി. പത്താം ക്ലാസ് പരീക്ഷ കോവിഡ് വ്യാപന സമയത്തായിരുന്നതിനാല്‍ വിസ്മയയെ പ്രത്യേകം ഇരുത്തി പരീക്ഷ എഴുതിക്കാന്‍ രോഹണി അനുവാദം വാങ്ങി. സ്‌ക്രൈബിന്റെ സഹായത്തോടെ പരീക്ഷ എഴുതി.

വിസ്മയക്ക് ഉറപ്പായിരുന്നു അമ്മയ്ക്ക് കൊടുത്ത വാക്ക് നിറവേറുമെന്ന്..പക്ഷേ, ഫലം വന്നപ്പേള്‍ 9 എ പ്ലസ്. ഇംഗ്ലീഷില്‍ എ ഗ്രേഡ്. നന്നായി തന്നെ പരീക്ഷയെഴുതിയെന്ന് ഉറപ്പുണ്ടായതിനാല്‍ പുനര്‍മൂല്യനിര്‍ണയത്തിന് അപേക്ഷിച്ചു. ഫലം വന്നപ്പോള്‍ ഫുള്‍ എ പ്ലസ്. അതേ സ്‌കൂളില്‍ തന്നെ പ്ലസ് വണ്‍ പഠനം. അപ്പോഴേക്കും അടുത്ത ലക്ഷ്യം രോഹിണിയും വിസ്മയയും മനസ്സില്‍ ഉറപ്പിച്ചിരുന്നു. പി.എസ്.സി. എഴുതണം. സര്‍ക്കാര്‍ ജോലി നേടണം. ഭിന്നശേഷിക്കാരെന്നാല്‍ കഴിവില്ലാത്തവരെന്ന് കരുതുന്നവരുടെ മുന്നില്‍ തലയുയര്‍ത്തി ജീവിക്കണം. പക്ഷേ, കോവിഡ് ആ അമ്മയുടെയും മകളുടെയും സ്വപ്‌നങ്ങളെ തകര്‍ത്തു.

ജീവനെടുത്ത കോവിഡ്

രോഹിണിയ്ക്ക് ചെറിയ പനി വന്നപ്പോള്‍ അത് കോവിഡാണെന്ന് അവര്‍ കരുതിയില്ല. എല്ലാ കാര്യങ്ങളും വിസ്മയയ്ക്ക് ചെയ്തു കൊടുക്കേണ്ടിയിരുന്നതിനാല്‍ അവള്‍ക്കും പനി പകര്‍ന്നു. ജലദോഷപ്പനിയാണെന്ന് തെറ്റിദ്ധരിച്ചതിനാല്‍ രോഗം മൂര്‍ച്ഛിച്ചപ്പോളാണ് കോവിഡ് ടെസ്റ്റ് ചെയ്തതും പോസറ്റീവാണെന്ന് തിരിച്ചറിഞ്ഞതും. പക്ഷെ, അപ്പോഴേക്കും കാര്യങ്ങള്‍ കൈവിട്ടുപോയിരുന്നു. 2021 ഡിസംബര്‍ 26-ന് വിസ്മയ മരണത്തിന് കീഴടങ്ങി.

ഒന്നിച്ച് കണ്ട സ്വപ്നങ്ങള്‍ ബാക്കിയാക്കി വിസ്മയ പോയതിന്റെ നീറ്റല്‍ ഇന്നും മാറിയിട്ടില്ല രോഹണിയുടെ നെഞ്ചില്‍. ഭിന്നശേഷിക്കാരായ കുട്ടികളുടെ രക്ഷിതാക്കളോടും സമൂഹത്തോടും രോഹിണിയ്ക്ക് ഒന്നേ പറയാനുള്ളൂ.. അവര്‍ക്കും കഴിവുകളുണ്ട്. ഒരു പക്ഷേ, മറ്റുള്ളവരേക്കാള്‍ കഴിവുള്ളവരാണ്. ചേര്‍ത്ത് നിര്‍ത്തിയാല്‍ ഉയരങ്ങള്‍ കീഴടക്കാന്‍ അവര്‍ക്കാവും. അതിനുള്ള പിന്തുണയും ആത്മവിശ്വാസവുമാണ് അവര്‍ക്ക് നല്‍കേണ്ടത്.

Content Highlights: inspirational life story of Vismaya, differently abled awareness campaign idam nalkam makkalk ammak

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Thalassery Overbury's Foley

1 min

തലശ്ശേരി പാര്‍ക്കിലെ കമിതാക്കളുടെ ഒളിക്യാമറ ദൃശ്യം പോണ്‍ സൈറ്റുകളില്‍; അപ്‌ലോഡ് ചെയ്തവരെ തേടി പോലീസ്

Jul 4, 2022


ashraf tharasseri

2 min

'ബാധ്യതയെല്ലാം തീര്‍ത്തപ്പോള്‍ വേണ്ടപ്പെട്ടവര്‍ക്ക് ഞാനൊരു ബാധ്യതയായി'; അറംപറ്റിയതുപോലെ ആ വാക്കുകള്‍

Jul 5, 2022


pinarayi and saji cheriyan

1 min

അപ്രതീക്ഷിത വിവാദം; മന്ത്രി സജി ചെറിയാനെ മുഖ്യമന്ത്രി വിളിപ്പിച്ചു, തിരക്കിട്ട ചര്‍ച്ചകള്‍

Jul 5, 2022

Most Commented