ബാങ്കുകളെ പറ്റിച്ച 'ബാഡ് ബോയ്‌സ്'; അഴികളെണ്ണുന്ന കോടീശ്വരന്മാർ | In-Depth


നീരവ് മോദി, മെഹുൽ ചോക്‌സി, വിജയ് മല്യ

ത്യാഡംബരത്തിന്റെ കൊടുമുടിയിലായിരുന്നു ഇവരുടെ ജീവിതം. പണത്തിന്റെ പോരിമ വിളിച്ചോതുന്ന മണിമാളികകള്‍, യാത്രകള്‍ക്കായി ആഡംബരക്കാറുകള്‍ മുതല്‍ യാനങ്ങളും സ്വകാര്യ വിമാനങ്ങളും വരെ. രാഷ്ട്രീയ നേതാക്കളും ബോളിവുഡ് താരങ്ങളും അതിഥികളായെത്തുന്ന നിശാപാര്‍ട്ടികള്‍. ഒരു സാധാരണക്കാരന്റെ വന്യമായ സ്വപ്‌നങ്ങള്‍ക്കുമുപരിയായിരുന്നു ഇവരുടെ ജീവിതം. ഉയരം അത്രയേറെ കൂടുതലായതിനാല്‍ തന്നെ പതനവും ക്ഷിപ്രമായിരുന്നു. അവരുടെ ബാധ്യതകള്‍ക്ക് പിറകിലെ പൂജ്യമെണ്ണി നെടുവീര്‍പ്പിടുന്ന ഇന്ത്യയിലെ 'ആം ആദ്മി'യെ പരിഹസിച്ച് അവരില്‍ ചിലര്‍ രാജ്യം തന്നെ വിട്ടു. രാജ്യത്തെ കിരീടംവെക്കാത്ത ഈ രാജാക്കന്മാരുടെ, 'ബാഡ് ബോയ് ഇന്ത്യന്‍ ബില്യണെയര്‍' മാരുടെ യഥാര്‍ഥ ജീവിതം കൊളളക്കാരെ മഹത്വവല്‍ക്കരിച്ച മണിഹെയ്സ്റ്റ് സീരിസിനെപ്പോലും വെല്ലും..

ബാഡ്‌ ബോയ് നമ്പര്‍ 1 - നീരവ് മോദി

Nirav Modi
നീരവ് മോദി

'ലോകഭൂപടത്തില്‍ ഇന്ത്യയെ അടയാളപ്പെടുത്തുന്നതിന് വേണ്ടിയാണ് എന്റെ പ്രവര്‍ത്തനങ്ങള്‍.' സ്വപ്‌ന പദ്ധതിയെ കുറിച്ചുളള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് വജ്രവ്യാപാരി നീരവ് മോദി ഒരിക്കല്‍ പറഞ്ഞ മറുപടി. ഇതേ നീരവ് മോദി വര്‍ഷങ്ങള്‍ക്കിപ്പുറം പഞ്ചാബ് നാഷണല്‍ ബാങ്കില്‍നിന്ന് 11,334 കോടി രൂപ തട്ടി രാജ്യം വിട്ടെന്നുളളത് മറ്റൊരു യാഥാർത്ഥ്യം.

കേറ്റ് വിന്‍സ്ലെറ്റ്, ഐശ്വര്യ റായ് ബച്ചന്‍, പ്രിയങ്ക ചോപ്ര, ജാക്വിലിന്‍ ഫെര്‍ണാണ്ടസ്... നിസ്സാരക്കാരായിരുന്നില്ല നീരവിന്റെ ഉപഭോക്താക്കള്‍. ലോകത്തിന്റെ വിവിധ കോണുകളില്‍ നീരവിന്റെ ആഭരണങ്ങള്‍ക്ക് ആവശ്യക്കാരുണ്ടായിരുന്നു. 47 വയസ്സിനുള്ളില്‍ മുംബൈ, ലണ്ടന്‍, ന്യൂയോര്‍ക്ക്, ഹവായ്, സിങ്കപ്പൂര്‍, മക്കാവു എന്നിവിടങ്ങളില്‍ വജ്രാഭരണ വില്‍പനശാലകള്‍ ആരംഭിച്ച നീരവ് വജ്രാഭരണ മേഖലയിലെ പ്രധാനിയായി ഉയര്‍ന്നത് വളരെ വേഗത്തിലാണ്. അതിനേക്കാള്‍ വേഗതയിലായിരുന്നു വീഴ്ചയും.

വജ്രവ്യാപാരികളുടെ കുടുംബത്തിലായിരുന്നു നീരവിന്റെ ജനനം. മുത്തച്ഛന്‍ കേശവലാല്‍ മോദി 1930-40 കാലയളവില്‍ ദക്ഷിണേന്ത്യയില്‍ വജ്രവില്പന നടത്തിയിരുന്നു. പിന്നീട് അദ്ദേഹം സിങ്കപ്പൂരിലേക്ക് കുടിയേറി. വജ്രങ്ങളുടെ നാടായ ബെല്‍ജിയത്തെ ആന്റ്‌വെര്‍പ്പിലാണ് നീരവിന്റെ അച്ഛന്‍ ദീപക് മോദി വജ്ര വ്യാപാരം വിപുലപ്പെടുത്തിയത്. ഗുജറാത്ത്-രാജസ്ഥാന്‍ അതിര്‍ത്തിയിലെ പലന്‍പുരില്‍ ജനിച്ച നീരവ് വളര്‍ന്നത് വജ്രവ്യാപാര കേന്ദ്രമായ ആന്റ്‌വെര്‍പ്പിലാണ്. കോളേജ് വിദ്യാഭ്യാസം പാതിവഴിയിലുപേക്ഷിച്ച് വജ്രവ്യാപാരത്തിലേക്ക് അമ്മാവന്‍ മെഹുല്‍ ചോക്‌സിയുടെ കൈപിടിച്ച് നീരവ് നടന്നുകയറി. ഗീതാഞ്ജലി ജെംസ് ലിമിറ്റഡിന്റെ ചെയര്‍മാനായിരുന്നു അന്ന് മെഹുല്‍ ചോക്‌സി. 1999-ല്‍ ഫയര്‍ സ്റ്റാര്‍ ഡയമണ്ടിന് നീരവ് തുടക്കം കുറിച്ചു.

വ്യാപാരത്തില്‍നിന്ന് ആഭരണ നിര്‍മാണത്തിലേക്ക് നീരവ് എത്തുന്നത് ഒരു സുഹൃത്തിന് വേണ്ടി ആഭരണം രൂപകല്പന ചെയ്തുകൊണ്ടാണ്. തനിക്കുവേണ്ടി ഒരു ജോഡി കമ്മല്‍ രൂപകല്പന ചെയ്ത് നിര്‍മിച്ച് തരണമെന്നായിരുന്നു സുഹൃത്തിന്റെ ആവശ്യം. ഒഴിവുകഴിവുകള്‍ പറഞ്ഞെങ്കിലും നിര്‍ബന്ധം സഹിക്കാതെ നീരവ് സുഹൃത്തിന് കമ്മലുകള്‍ ഡിസൈന്‍ ചെയ്തു. നീരവിനെപ്പോലും അത്ഭുതപ്പെടുത്തി കമ്മലുകള്‍ക്ക് പ്രശംസകള്‍ ഏറ്റുവാങ്ങിയതോടെ നീരവിലെ ബിസിനസ്സുകാരന്‍ പുതിയ സാധ്യതകള്‍ തിരിച്ചറിഞ്ഞു. ക്രിസ്റ്റീസ് കാറ്റലോഗ് കവറില്‍ അവതരിക്കപ്പെട്ട ആദ്യ ഇന്ത്യന്‍ വ്യക്തിയായിരുന്നു നീരവ്. നീരവ് രൂപകല്പന ചെയ്ത 012.29 കാരറ്റിന്റെ ഗോല്‍കോണ്ട ലോട്ടസ് വജ്ര നെക്ലേസ് ക്രിസ്റ്റീസില്‍ വിറ്റുപോയത് 3.56 മില്യണ്‍ ഡോളറിനാണ്. ഇതോടെ ലോകത്തെ മുന്‍നിര വജ്ര ആഭരണ നിര്‍മാതാവായി അദ്ദേഹം.

2018 ഫെബ്രുവരി 14-നാണ് കാര്യങ്ങള്‍ കീഴ്‌മേല്‍ മറിയുന്നത്. നീരവ് പഞ്ചാബ് നാഷണല്‍ ബാങ്കിനെ കബളിപ്പിച്ച വാര്‍ത്ത മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടു. 2011 മുതല്‍ കുറ്റമറ്റ രീതിയില്‍ നടന്നുവന്ന തട്ടിപ്പ് 2018-ല്‍ നിയമത്തിനു മുന്നിലെത്തുകയായിരുന്നു. പഞ്ചാബ് നാഷണല്‍ ബാങ്കിലെ ഗോകുല്‍ നാഥ് ഷെട്ടിയെന്ന ഉദ്യോഗസ്ഥനായിരുന്നു നീരവിന് തട്ടിപ്പിന് ആവശ്യമായ സഹായങ്ങള്‍ നല്‍കി വന്നിരുന്നത്. 2010 മുതല്‍ ഫോറിന്‍ എക്‌സ്‌ചേഞ്ച് വിഭാഗത്തിലാണ് ഇയാള്‍ ജോലി ചെയ്തിരുന്നത്. ഗോകുല്‍നാഥ് 2017-ല്‍ വിരമിച്ചു. ഇയാള്‍ക്ക് പകരമെത്തിയ ഉദ്യോഗസ്ഥന്‍ തട്ടിപ്പ് തിരിച്ചറിയുകയും മേലുദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കുകയും ചെയ്തു. തുടര്‍ന്ന് ബാങ്ക് അധികൃതര്‍ പരാതി സി.ബി.ഐക്ക് കൈമാറുകയും ചെയ്യുകയായിരുന്നു.

ഫോബ്‌സ് മാസികയുടെ ശതകോടീശ്വരന്മാരുടെ പട്ടികയില്‍ പ്രത്യക്ഷപ്പെട്ടതിന് ശേഷം, 2014 മുതല്‍ നീരവ് മോദി വിവിധ അന്വേഷണ ഏജന്‍സികളുടെ നിരീക്ഷണത്തിനു കീഴിലായിരുന്നുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സി.ബി.ഐയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും നികുതി വകുപ്പും അനധികൃത ക്രയവിക്രയങ്ങളുടെയും മറ്റ് നടപടികളുടെയും അടിസ്ഥാനത്തില്‍ ഇദ്ദേഹത്തെ നിരീക്ഷിച്ചിരുന്നു.

നികുതി അടയ്ക്കാതെ കട്ട് ആന്‍ഡ് പോളിഷ്ഡ് ഡയമണ്ടും മുത്തുകളും ആഭ്യന്തര വിപണിയിലേക്ക് അനധികൃതമായി ഇറക്കുമതി ചെയ്തതിന് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് നീരവിനെതിരെ അന്വേഷണം നടത്തിയിരുന്നു. ബാങ്ക് ഗ്യാരന്റിയുടെ ഉറപ്പില്‍ കോടികളുടെ ഇടപാട് സാധ്യമാക്കുന്ന ബയേഴ്‌സ് ക്രഡിറ്റ് ലെറ്റര്‍ ഓഫ് കംഫര്‍ട്ട് ഉപയോഗിച്ചാണ് നീരവ് മോദി തട്ടിപ്പ് നടത്തിയത്. പി.എന്‍.ബി.യുടെ ജാമ്യത്തില്‍ വിദേശബാങ്കുകളില്‍നിന്ന് വന്‍തോതില്‍ പണം പിന്‍വലിക്കുകയും തിരിച്ചടയ്ക്കാതെ മുങ്ങുകയുമാണ് നീരവ് ചെയ്തത്.

ലണ്ടലിനേക്ക് മുങ്ങിയിരുന്നു. 2019-ലാണ് ഇയാള്‍ ലണ്ടനില്‍ വെച്ച് അറസ്റ്റിലാകുന്നത്. നിലവില്‍ ലണ്ടനിലെ വാന്‍ഡ്‌സ്‌വര്‍ത്ത് ജയിലിലാണ് നീരവ്. ഇന്ത്യയിലേക്ക് തിരിച്ചയയ്ക്കരുത് എന്നാവശ്യപ്പെട്ട് നീരവ് യു.കെ.ഹൈക്കോടതിയില്‍ നല്‍കിയ അപേക്ഷ തളളിയിരുന്നു.

ബാഡ് ബോയ് നമ്പര്‍ 2- മെഹുല്‍ ചോക്‌സി