ഇന്ത്യയും ചൈനയും പൊരുത്തക്കേടുകളുടെ ദശകങ്ങൾ


By സി.പി.വിജയകൃഷ്ണന്‍

6 min read
Read later
Print
Share

കാന്തി ബാജ്‌പേയ്‌

ന്ത്യ - ചൈന ബന്ധത്തില്‍ വന്നിട്ടുള്ള പരിവര്‍ത്തനങ്ങളില്‍ ഊന്നിക്കൊണ്ട്, ഏഴുപതിറ്റാണ്ട് പിന്നിട്ടിട്ടും ഇരുരാജ്യങ്ങളും എന്തുകൊണ്ട് പരസ്പരം ശത്രുക്കളായി തുടരുന്നു എന്നന്വേഷിക്കുന്ന പുസ്തകമാണ് കാന്തി ബാജ്പേയിയുടെ 'ഇന്ത്യ വേഴ്സസ് ചൈന'. സിങ്കപ്പൂര്‍ നാഷണല്‍ യൂണിവേഴ്സിറ്റിയില്‍ ലീ ക്വാന്‍ യൂ സ്‌കൂള്‍ ഓഫ് പൊളിറ്റിക്കല്‍ സയന്‍സിലെ ഏഷ്യന്‍ സ്റ്റഡീസ് പ്രൊഫസറായ ബാജ്പേയ് തന്റെ പുസ്തകത്തില്‍ നടത്തിയ പ്രധാനപ്പെട്ട നിരീക്ഷണങ്ങളിലൂടെ


തിര്‍ത്തിയില്‍ സൈന്യത്തെ സമാധാനപരമായ പരിതഃസ്ഥിതിയിലേക്ക് പുനര്‍വിന്യസിക്കുന്നതു സംബന്ധിച്ചുള്ള തര്‍ക്കം പരിഹരിക്കാന്‍ ഇന്ത്യയുടെയും ചൈനയുടെയും സൈനിക കമാന്‍ഡര്‍മാര്‍ തമ്മില്‍ നടത്തിയ 13-ാം വട്ട ചര്‍ച്ച പരാജയപ്പെട്ടിരിക്കുന്നു. അതിനാല്‍ ഈ വരുന്ന മഞ്ഞുകാലത്തും ഇന്ത്യ-ചൈന അതിര്‍ത്തിയിലെ യഥാര്‍ഥ രേഖയ്ക്കിരുവശവും (എല്‍.എ.സി.) ഇരുഭാഗത്തെയും ആയിരക്കണക്കിന് സൈനികര്‍ക്ക് നിലകൊള്ളേണ്ടിവരും എന്ന് വ്യക്തമായിരിക്കുകയാണ്. 2020 മേയില്‍ ഉടലെടുത്ത സംഘര്‍ഷം ആ വര്‍ഷം ലഡാക്കിലെ ഗാല്‍വനിലുണ്ടായ സംഘട്ടനത്തോടെ മൂര്‍ധന്യത്തിലെത്തിയിരുന്നു. 1967-നു ശേഷം ആദ്യമായുണ്ടായ രക്തച്ചൊരിച്ചില്‍ സര്‍വരെയും ഞെട്ടിച്ചു. ഗാല്‍വനില്‍ ഇന്ത്യയുടെ 20 സൈനികര്‍ മരിച്ചു. അവരുടെ നാല് സൈനികര്‍ മരിച്ചതായി ചൈന പറയുന്നു. 13-ാം വട്ട ചര്‍ച്ച പരാജയപ്പെട്ടതിന് ഉത്തരവാദി ചൈനയുടെ കടുംപിടിത്തമാണെന്ന് ഇന്ത്യ ആരോപിക്കുന്നു.

ഇന്ത്യയുടെ നിലപാടാണ് പരാജയത്തിന് കാരണമെന്ന് പ്രതീക്ഷിച്ചതുപോലെ ചൈന പറയുന്നുവെങ്കിലും ചൈനീസ് സേനയുടെ ടിബറ്റന്‍ ഭാഗത്തുള്ള വെസ്റ്റേണ്‍ തിയറ്റര്‍ കമാന്‍ഡ് ഇതു സംബന്ധിച്ച് പുറപ്പെടുവിച്ച പ്രസ്താവന കൂടുതല്‍ കടുപ്പമേറിയതാണെന്നും ഇത് നേരിയതെങ്കിലും നയവ്യതിയാനമാണെന്നുമുള്ള വ്യാഖ്യാനം ചൈനയുടെ ഔദ്യോഗികനിലപാടുകള്‍ വെളിപ്പെടുത്തുന്ന അവരുടെ മാധ്യമം 'ഗ്ലോബല്‍ ടൈംസ്' നല്‍കുകയുണ്ടായി (ചൈന ഇഷ്യൂസ് ഹാര്‍ഷ് സ്റ്റേറ്റ്മെന്റ്, ബ്ലെയിംസ് ഫെയില്‍ഡ് ടോക്‌സ് ഓണ്‍ ഇന്ത്യാസ് അണ്‍റീസണബിള്‍ ഡിമാന്‍ഡ്സ്, 11-10-2021 .https:/www.globaltimes.cn/page/202110/1236040.shtml ). 2020 ഏപ്രിലിന് മുമ്പത്തെ സ്ഥാനങ്ങളിലേക്ക് പിന്‍വാങ്ങണമെന്ന നിലപാട് ചൈനയ്ക്ക് അസ്വീകാര്യമാണെന്ന് ഫുഡാന്‍ യൂണിവേഴ്സിറ്റിയില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റര്‍നാഷണല്‍ സ്റ്റഡീസില്‍ പ്രൊഫസറായ ലിന്‍ മിന്‍ വാങ്ങിനെ ഉദ്ധരിച്ചുകൊണ്ട് പത്രം പറയുന്നു.

മാത്രമല്ല ഭൂമി സംരക്ഷിക്കാന്‍ ചൈന പ്രതിജ്ഞാബദ്ധമാണെന്നും ഇന്ത്യ തെറ്റായ കണക്കുകൂട്ടലിലേക്ക് വഴുതി വീഴരുതെന്ന മുന്നറിയിപ്പും പ്രസ്താവനയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത് ഒരു നയവ്യതിയാനമായി വ്യാഖ്യാനിക്കാന്‍ മാത്രം ശക്തമായ നിലപാടാണോ എന്നുപറയാന്‍ വിഷമമാണെങ്കിലും അങ്ങനെ പറയുന്നത് ഇന്ത്യക്കുള്ള സന്ദേശമാണെന്ന് വ്യക്തം. അമേരിക്കയും ചൈനയും തര്‍ക്കത്തിലേര്‍പ്പെട്ടുകൊണ്ടിരിക്കുന്ന ഒരു വേളയില്‍ കാറ്റ് ഇന്ത്യക്ക് അനുകൂലമായി വീശുകയാണെന്ന വിചാരമാണ് ഇന്ത്യയെ ചൈനയ്ക്ക് അസ്വീകാര്യമായ നീക്കങ്ങള്‍ നടത്താന്‍ പ്രേരിപ്പിക്കുന്നതെന്നും പ്രൊഫ. ലിന്‍ വ്യാഖ്യാനം ചമയ്ക്കുന്നു. തയ്വാനെ എന്തുവന്നാലും ചൈനയോട് ചേര്‍ക്കുമെന്ന് ചൈന പ്രഖ്യാപിച്ചിട്ടുണ്ട്. അമേരിക്കയുമായി ഒരു സംഘര്‍ഷത്തിന് സാധ്യതയായേക്കാവുന്ന ഒരു നിലപാടാണിത്. ലഡാക്കില്‍ മാത്രമല്ല, കിഴക്ക് അരുണാചല്‍ പ്രദേശിലെ തവാങ്ങില്‍ ചൈന അടുത്തിടെ നടത്തിയ ഒരു കടന്നുകയറ്റത്തെ സംബന്ധിച്ചും 'ഗ്ലോബല്‍ ടൈംസ്' മറ്റൊരു വ്യാഖ്യാനം നല്‍കുന്നുണ്ട്. മാര്‍ച്ച് 28-നായിരുന്നു ഈ സംഭവം. കടന്നുകയറിയ ഏതാനും ചൈനീസ് സൈനികരെ ഇന്ത്യന്‍ സൈനികര്‍ തടഞ്ഞുവെന്നായിരുന്നു റിപ്പോര്‍ട്ട്. ഇതിന് നേര്‍ വിപരീതമായ ഒരു ചിത്രം 'ഗ്ലോബല്‍ ടൈംസ്' ലേഖകര്‍ നല്‍കുന്നു.

ഏഴുപതിറ്റാണ്ട്, ഇന്നും ശത്രുക്കള്‍

അതിര്‍ത്തിയില്‍ ചൈന നടത്തുന്ന നീക്കങ്ങളുടെയും ആഗോളതലത്തില്‍ പൊതുവേ അവരുടെ നിലപാടുകളുടെയും 'അര്‍ഥ'മെന്ത് എന്നത് വായിച്ചെടുക്കാനുള്ള ശ്രമങ്ങള്‍ ധാരാളം ഉണ്ടായിട്ടുണ്ട്. എന്നാല്‍, ചൈനീസ് ഭാഗത്തു നിന്നുള്ള സ്രോതസ്സുകളുടെ ശുഷ്‌കത പഠിതാക്കളുടെ ഈ ശ്രമത്തിന് മിക്കപ്പോഴും തടസ്സം നില്‍ക്കാറുണ്ട്. എങ്കിലും ചൈനയുടെ ഉയര്‍ച്ച ലോകത്തുണ്ടാക്കിയിട്ടുള്ളതും ഇനി ഉണ്ടാക്കാവുന്നതുമായ മാറ്റങ്ങളെക്കുറിച്ച് ധാരാളം അന്വേഷണങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു. അതിലേക്ക് സംഭാവന നല്‍കിയ ഒരാള്‍ കാന്തി ബാജ്പേയ് ആണ്. ചൈനാകാര്യങ്ങളെക്കുറിച്ച് വളരെ പഠിച്ചിട്ടുള്ള ബാജ്പേയ് 'ഇന്ത്യ വേഴ്സസ് ചൈന' എന്ന തന്റെ പുസ്തകത്തില്‍ ഇന്ത്യ - ചൈന ബന്ധത്തില്‍ വന്നിട്ടുള്ള പരിവര്‍ത്തനങ്ങളില്‍ ഊന്നിക്കൊണ്ട്, ഏഴു പതിറ്റാണ്ടുകള്‍ പിന്നിട്ടിട്ടും ഇരുരാജ്യങ്ങളും എന്തു കൊണ്ട് പരസ്പരം ശത്രുക്കളായി കാണുന്നു, എന്താണ് ഇതിനടിസ്ഥാനം എന്ന കാര്യമാണ് അന്വേഷിക്കുന്നത്. സിങ്കപ്പൂര്‍ നാഷണല്‍ യൂണിവേഴ്സിറ്റിയില്‍ ലീ ക്വാന്‍ യൂ സ്‌കൂള്‍ ഓഫ് പൊളിറ്റിക്കല്‍ സയന്‍സിലെ ഏഷ്യന്‍ സ്റ്റഡീസ് പ്രൊഫസറാണ് ബാജ്പേയ് (കാന്തി ബാജ്പേയ്, ഇന്ത്യ വേഴ്സസ് ചൈന: വൈ ദെയാര്‍ നോട്് ഫ്രണ്ട്സ്, ന്യൂഡല്‍ഹി ജഗ്ഗര്‍നോട്, 2021).

സമീപകാല സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ബാജ്‌പേയിയുടെ നിരീക്ഷണങ്ങള്‍ വളരെ പ്രധാനപ്പെട്ടതാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അത് നല്‍കുന്ന ഉള്‍ക്കാഴ്ച സംഘര്‍ഷത്തെ വിലയിരുത്തുന്നതിന് പൗരന്മാരെയും പൊതു വായനക്കാരെയും സഹായിക്കും. ബാജ്പേയുടെ നിഗമനം അഥവാ തിസീസ് എന്തെന്ന് പരിശോധിക്കുകയാണ് ഈ കുറിപ്പിന്റെ ഉദ്ദേശ്യം. ഇന്ത്യയും ചൈനയും തമ്മില്‍, സാമ്പത്തികവും സൈനികവും ലോക രാഷ്ട്രീയത്തിലെ സ്വാധീനവും ഉള്‍പ്പെടെ നാനാമേഖലകളിലുമുള്ള അന്തരം അത്രയും വര്‍ധിച്ച സ്ഥിതിക്ക് ഇന്ത്യയെ തങ്ങള്‍ തുല്യനിലയ്ക്ക് കാണേണ്ടതില്ലെന്നും അതിനാല്‍ ഇന്ത്യയുമായി അതിര്‍ത്തിയുടെ കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യേണ്ട ഒരു കാര്യവുമില്ലെന്നും ചൈന കരുതുന്നു എന്നതാണ് ബാജ്പേയിയുടെ നിരീക്ഷണത്തിന്റെ കാതല്‍. ചൈനയുടെ മേധാവിത്വം അംഗീകരിക്കുക എന്നതാണ് ഇന്ത്യയുടെ മുന്നിലുള്ള വഴി എന്നും ആ രാജ്യം കരുതുന്നു. മേധാവിത്വത്തിന്റെ കാര്യത്തില്‍ അമേരിക്കയുമായി സമത്വം മാത്രമല്ല ചൈന ഉന്നം വെക്കുന്നത്, ലോകക്രമത്തില്‍ അനിഷേധ്യമായ പ്രഥമസ്ഥാനം തന്നെയാണ്. ഈ നിലപാടും ലക്ഷ്യവും ഇന്ത്യയുമായുള്ള ബന്ധത്തിലും പ്രതിഫലിക്കുന്നു. അന്യരില്‍ ആശങ്കയുണ്ടാക്കാതെ നിശ്ശബ്ദമായി ഉയര്‍ച്ച കൈവരിക്കുക എന്നതായിരുന്നു, ചൈനയുടെ സാമ്പത്തിക പരിവര്‍ത്തനത്തിന് ചുക്കാന്‍ പിടിച്ച ഡെങ് സിയാവോപിങ്ങിന്റെ ഉപദേശം. ആ ഘട്ടം പിന്നിട്ടിരിക്കുന്നു, ഇനി മറ്റുള്ളവര്‍ക്ക് അലോസരമുണ്ടാവുമോ ഇല്ലയോ എന്ന കാര്യത്തെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ലാത്ത വിധം ശക്തിയാര്‍ജിച്ചിട്ടുണ്ടെന്നും ഇനി മറവ് വേണ്ടെന്നുമുള്ള ഒരു ഘട്ടത്തിലേക്ക് ചൈന പ്രവേശിച്ചിരിക്കുന്നു എന്നു വേണം അനുമാനിക്കാന്‍. ബാജ്പേയിയുടെ നിരീക്ഷണം ഇതാണ് വ്യക്തമാക്കുന്നത്. ചൈനയുടെ ഉദ്ദേശ്യങ്ങളുടെ അനാച്ഛാദനമായും ഇതിനെ കാണണം.

താത്പര്യങ്ങളിലെ അന്തരം

ലോക ചരിത്രഗതിയില്‍ ഇരു രാജ്യങ്ങളും ഒരേ താത്പര്യങ്ങളുടെ പിന്നില്‍ അണിനിരന്നിട്ടുള്ള ഒരു കാലം നന്നേകുറഞ്ഞതായിരുന്നു എന്നത് സൗഹൃദത്തിന്റെ ചരട് ദുര്‍ബലമായിപ്പോയതിന് പ്രധാന കാരണമാണ്. രണ്ടാം ലോകയുദ്ധകാലത്ത് ബ്രിട്ടീഷ് ഇന്ത്യയോടൊപ്പം ചൈനയിലെ കൂമിന്താങ് ഭരണകൂടവും പാശ്ചാത്യ ചേരിയിലായിരുന്നുവല്ലോ. ഇന്ത്യ സ്വാതന്ത്ര്യം പ്രാപിച്ചതിന് ഏതാണ്ട് ഒപ്പമാണ് 1949-ല്‍ ചൈനയില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തില്‍ വന്നതും പീപ്പിള്‍സ് റിപ്പബ്ലിക് സ്ഥാപിതമായതും. പുതുയുഗത്തിന്റെ ആദ്യ നാളുകളില്‍ ഇരു രാജ്യങ്ങളും സാമ്രാജ്യത്വ വിരോധത്തിന്റെ താത്പര്യം പങ്കുവെച്ചിരുന്നു. ചൈനയില്‍ സാമ്രാജ്യത്വത്തെ വെല്ലുവിളിക്കാനുള്ള ത്വര പ്രകടമായിരുന്നു എന്ന വ്യത്യാസമുണ്ട്. ഏഷ്യ, മുമ്പത്തെപ്പോലെ സാമ്രാജ്യത്വത്തിന്റെ ചവിട്ടടിയില്‍, മറ്റൊരു വിധത്തില്‍ പെടുമോ എന്ന കടുത്ത ആശങ്ക ഇന്ത്യക്കുണ്ടായിരുന്നു. അതേതായാലും താത്പര്യങ്ങളുടെ ഈ പൊരുത്തം അധികകാലമുണ്ടായിട്ടില്ല. അതിനാല്‍ അനുഭവങ്ങള്‍ ദീര്‍ഘകാലം പങ്കിട്ടതില്‍നിന്ന് ജനിക്കുന്ന ഊഷ്മളത ബന്ധത്തെ വിളക്കിയെടുക്കുകയുണ്ടായില്ല. വാസ്തവത്തില്‍ ടിബറ്റുമായാണ് ചരിത്രപരവും സാംസ്‌കാരികവും വാണിജ്യപരവുമായ ദീര്‍ഘകാല ബന്ധം ഇന്ത്യക്കുണ്ടായിട്ടുള്ളത്. ടിബറ്റ് ചൈനയുടെ ഭാഗമായതോടെ ചരിത്രത്തില്‍ ആദ്യമായി ചൈന ഇന്ത്യയുടെ അയല്‍പ്പക്കമാവുകയായി.

പുതുയുഗത്തിന്റെ ആദ്യ നാളുകളില്‍ ഒരുപക്ഷേ, അതിര്‍ത്തിത്തര്‍ക്കം പരിഹരിക്കപ്പെടുമായിരുന്നു എന്നു കരുതുന്നവരുണ്ട്. ലഡാക്ക് ഭാഗത്ത്, അതായത് പടിഞ്ഞാറന്‍ മേഖലയില്‍ ഇന്ത്യ സ്ഥലം വിട്ടുനല്‍കുന്നതിനു പകരമായി കിഴക്കന്‍ മേഖലയില്‍, അതായത് ഇപ്പോഴത്തെ അരുണാചല്‍പ്രദേശിന് മേല്‍ തങ്ങള്‍ക്കുണ്ടെന്ന് ചൈന പറയുന്ന അവകാശം അവര്‍ വിട്ടു നല്‍കുന്നു. ഈ വെച്ചുമാറല്‍ നിര്‍ദേശം ഇന്ത്യ അംഗീകരിക്കുകയുണ്ടായില്ല. 1959-ല്‍ അന്നത്തെ ചൈനീസ് പ്രധാനമന്ത്രി ചൗ എന്‍ലായ് ഇന്ത്യയില്‍ വന്ന് നടത്തിയ ചര്‍ച്ചക്കിടെ ഇത്തരമൊരു നിര്‍ദേശം മുന്നോട്ടുവെച്ചിരുന്നതായി കരുതുന്നു. നെഹ്രുവിന് പുറമേ മറ്റ് ഇന്ത്യന്‍ നേതാക്കളുമായും ചൗ ചര്‍ച്ച നടത്തിയിരുന്നു. വെച്ചു മാറല്‍ മറ്റു പല ആനുകൂല്യങ്ങള്‍ നല്‍കുന്നതിന്റെയും മുന്നോടിയാവുമെന്ന് ഇന്ത്യ ആശങ്കിച്ചിരുന്നു. അതിനാല്‍ ആ ശ്രമം അന്ന് അധികം മുന്നോട്ടുപോയില്ല.

Representative Image

അരുണാചലും ദലൈലാമയും

1962-ല്‍ മുറിഞ്ഞുപോയ നയതന്ത്രബന്ധം പുനഃസ്ഥാപിക്കപ്പെടുന്നത് 1976-ലാണ്. 1980-ല്‍ ഒരിന്ത്യന്‍ പത്രലേഖകനുമായി നടത്തിയ അഭിമുഖത്തില്‍ ഡെങ് സിയാവോപിങ് വെച്ചുമാറല്‍ നിര്‍ദേശം മുന്നോട്ടുവെക്കുന്നു. 1982-ലും '83-ലും ഇതേ നിര്‍ദേശങ്ങള്‍ ഉയര്‍ന്നുവരുകയുണ്ടായി, എന്നാല്‍, ഈ നീക്കങ്ങളും എവിടെയുമെത്തുകയുണ്ടായില്ല. കാലം പോകെ അരുണാചലിനെ സംബന്ധിച്ച നിലപാടിലും ചൈന മാറ്റംവരുത്തിയിട്ടുണ്ട്. ലഡാക്ക് മേഖലയിലെ തര്‍ക്കമാണ് തങ്ങള്‍ക്ക് പ്രധാനം എന്ന നിലവിട്ട്, അതിനെക്കാള്‍ കൂടുതല്‍ കിഴക്കന്‍ അതിര്‍ത്തിപ്രദേശമാണെന്ന നിലയിലേക്ക് അവര്‍ മാറിയിരിക്കുന്നു. ഇന്ത്യയില്‍ കഴിയുന്ന ടിബറ്റന്‍ പ്രവാസി സമൂഹത്തോടുള്ള ബന്ധം ഇന്ത്യ അല്പംകൂടി ഉയര്‍ത്തിയതുകൊണ്ടാവാമിത് എന്നാണ് ബാജ്പേയിയുടെ അനുമാനം.

ഇന്ത്യയില്‍ കഴിയുന്ന ഇപ്പോഴത്തെ ദലൈലാമയുടെ കാലശേഷം എന്തുസംഭവിക്കും എന്നതായിരിക്കും ഇരു രാജ്യങ്ങളും തമ്മില്‍ ഉയരാനിടയുള്ള തര്‍ക്കവിഷയം. പുതിയ ദലൈലാമ ഉണ്ടാവുമോ ആരാണ് അദ്ദേഹത്തെ കണ്ടെത്തുക എന്നതൊക്കെ തര്‍ക്കത്തിലേക്ക് നയിച്ചേക്കാം. ശക്തിയിലും സ്വാധീനത്തിലുമുള്ള വമ്പിച്ച തുല്യതയില്ലായ്മയാണ് (asymmetry) ഇരുരാജ്യങ്ങള്‍ക്കുമിടക്കുള്ള പ്രശ്‌നത്തിന്റെ കാതല്‍ എന്ന ബാജ്പേയിയുടെ നിരീക്ഷണം സ്വീകരിക്കുകയോ സ്വീകരിക്കാതിരിക്കുകയോ ചെയ്യാം. പൊരുത്തം(symmetry) പ്രശ്‌നം തീര്‍ക്കുന്നതിലേക്ക് നയിക്കുമെങ്കില്‍ ആദ്യകാലത്തുതന്നെ അത് സംഭവിക്കേണ്ടതായിരുന്നു. ഒരുപക്ഷേ, മാറിയ ലോക സ്ഥിതിയില്‍ ശക്തനും അത്ര ശക്തിയില്ലാത്തവനും തമ്മിലുള്ള പൊരുത്തക്കേട് പ്രശ്‌നമാവുന്നു എന്നുവരാം.

അസമത്വം നീങ്ങുമോ

സമ്പത്തിലും സൈനികശക്തിയിലും മാത്രമല്ല, മറ്റു രാജ്യങ്ങളുടെ തീരുമാനങ്ങളെ സ്വാധീനിക്കാനും തങ്ങളിലേക്ക് മറ്റുള്ളവരെ ആകര്‍ഷിക്കാനും സാധിക്കുന്ന മൃദു ശക്തിയിലും (soft power) ചൈന മുന്നിലാണ്. ഇന്ത്യയെ സംബന്ധിച്ച് അനുകൂലമായിട്ടുള്ളത് എന്ന് ഇന്ത്യക്കാര്‍ പൊതുവേ കരുതുന്ന ഒരുകാര്യം ഇവിടത്തെ ജനാധിപത്യവ്യവസ്ഥിതിയാണ്. അതിന്റെ നിലപോലും പരുങ്ങലിലാണ് എന്ന അഭിപ്രായമാണ് ബാജ്പേയിക്കുള്ളത്. ഇന്ത്യ പ്രവര്‍ത്തിക്കുന്ന അരാജകത്വമാണെന്ന (fuctioning anarchy) മുന്‍ അമേരിക്കന്‍ അംബാസഡര്‍ ജോണ്‍ കെന്നത്ത് ഗാല്‍ബ്രെയ്ത്തിന്റെ പ്രശസ്തമായ നിരീക്ഷണം അനുസ്മരിച്ചുകൊണ്ട്, ബാജ്പേയി പറയുന്നത് തെക്ക് കിഴക്കനേഷ്യന്‍-വടക്കുകിഴക്കന്‍ രാജ്യങ്ങളിലെങ്കിലും ഇന്ത്യയുടെ വ്യവസ്ഥയെ അവ്യവസ്ഥയായിട്ടാണ് കാണുന്നതെന്നാണ്. ഒരു മികവ് എന്നതിനെക്കാള്‍ പുരോഗതിക്ക് തടസ്സം നില്‍ക്കുന്ന പരാധീനതയായി അവര്‍ ഇതിനെ എണ്ണുന്നു. പാശ്ചാത്യരുടെ കണ്ണുകളിലാകട്ടെ, 2014-ല്‍ ബി.ജെ.പി. അധികാരത്തില്‍ വന്നതിനുശേഷം ജനാധിപത്യം കുറയുകയും അധികാരം കേന്ദ്രീകരിക്കുകയും ചെയ്യുന്ന ഒരവസ്ഥയില്‍ ജനാധിപത്യവ്യവസ്ഥയാണ് എന്ന് ഊറ്റംകൊള്ളാന്‍ ഇന്ത്യക്കുണ്ടായിരുന്ന മികവും പ്രശസ്തിയും ശോഷിച്ചുവരുകയുമാണ്.

കമ്യൂണിസ്റ്റ് പാര്‍ട്ടി തങ്ങള്‍ക്കുള്ള അധികാരം ചൈനയില്‍ ശക്തിപ്പെടുത്തിയതിന് ഒരു കാരണം അവര്‍ ഭാവിയില്‍ വലിയ വെല്ലുവിളികള്‍ മുന്നില്‍ കാണുന്നു എന്നതാണ്. വ്യവസ്ഥയെ വെല്ലുവിളിച്ചുകൊണ്ട് ചിലര്‍ പുറംരാജ്യങ്ങളിലേക്ക് പോയിട്ടുണ്ട്. ഉന്നതര്‍ക്കുള്ള പാര്‍ട്ടിസ്‌കൂളില്‍ അധ്യാപികയായിരുന്ന കായ് ഷിയ (രമശ ഃശമ) ഒരുദാഹരണം. ചൈനയുടെ അടുത്ത ഘട്ടത്തിലേക്കുള്ള വികാസം ജനാധിപത്യത്തിലേക്കായിരിക്കണമെന്ന് 'ഫോറിന്‍ അഫയേഴ്സ്' മാസികയില്‍ 'ദി പാര്‍ട്ടി ദാറ്റ് ഫെയില്‍ഡ്' എന്ന ലേഖനത്തില്‍ അവര്‍ പറയുകയുണ്ടായി. പ്രതിഷേധങ്ങള്‍ അവിടെയും അരങ്ങേറുന്നുണ്ട്. എന്നാല്‍, ഇത് അധികവും തൊഴില്‍, ഭൂമി, പാര്‍പ്പിടം എന്നിവ സംബന്ധിച്ച അവകാശങ്ങളെച്ചൊല്ലിയാണ്. വ്യവസ്ഥയ്‌ക്കെതിരായിട്ടുള്ളതല്ല എന്ന് ബാജ്പേയ് വ്യക്തമാക്കുന്നുണ്ട്

ഇന്ത്യ ചൈനയോട് തുല്യത കൈവരിക്കുകയോ കൈവരിക്കാതിരിക്കുകയോ ചെയ്യട്ടെ, ഒരു കാര്യത്തില്‍ ബാജ്പേയിയുടെ അഭിപ്രായത്തോട് ആര്‍ക്കും തന്നെ വിയോജിപ്പുണ്ടാകാനിടയില്ല. ഗണനീയമായ ശക്തിയായി ഇന്ത്യക്ക് സ്വയം വിശേഷിപ്പിക്കേണ്ടതുണ്ടെങ്കില്‍ സമ്പദ്സ്ഥിതിയിലും സാമൂഹികമായും പൗരസഞ്ചയത്തില്‍ നിലനില്‍ക്കുന്ന വമ്പിച്ച അസമത്വങ്ങള്‍ നീക്കുകയാണ് അതിലേക്കുള്ള ആദ്യ പടി.


മാതൃഭൂമി മുന്‍ ഡെപ്യൂട്ടി എഡിറ്ററാണ് ലേഖകന്‍

Content Highlights: India Versus China - Kanti Bajpai's books

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
KIM JONG UN
Premium

5 min

ആ ജനത പട്ടിണി കിടന്ന് മരിച്ചേക്കാം..! ഭക്ഷ്യക്ഷാമം നേരിട്ട് ഉത്തര കൊറിയ; ഒന്നും മിണ്ടാതെ കിം

Mar 10, 2023


Sengol

4 min

ചോളന്മാരില്‍നിന്ന് പ്രചോദനം, അഞ്ചടി നീളം, മുകളില്‍ നന്ദീരൂപം, നെഹ്റുവിന് കൈമാറി; എന്താണ് ചെങ്കോല്‍?

May 25, 2023


International North–South Transport Corridor
Premium

7 min

ഇന്ത്യയില്‍നിന്ന് റഷ്യയിലേക്ക് നീളുന്ന വ്യാപാര പാത; തുരങ്കം വെയ്ക്കുമോ ചൈന?

May 20, 2023

Most Commented