.
2022 ഏപ്രില്‍ 13. പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ ഒരു സുപ്രധാന പ്രഖ്യാപനം ലോകം ഏറെ പ്രതീക്ഷയോടെയും സന്തോഷത്തോടെയുമാണ് കേട്ടത്. ഇന്ത്യയുടെ ഭക്ഷ്യശേഖരം ലോകത്തിന് തുറന്നു കൊടുക്കാന്‍ തയ്യാറാണെന്നായിരുന്നു ആ പ്രഖ്യാപനം. റഷ്യ-യുക്രൈന്‍ യുദ്ധത്തെത്തുടര്‍ന്ന് ലോകമാകമാനം ഭക്ഷ്യവിലക്കയറ്റവും ക്ഷാമവും അനുഭവപ്പെടുന്ന സാഹചര്യത്തിലായിരുന്നു ആ പ്രഖ്യാപനം.
ആഗോള ഗോതമ്പ് കയറ്റുമതിയുടെ 30 ശതമാനം സംഭാവന ചെയ്യുന്ന റഷ്യ-യുക്രൈന്‍ രാജ്യങ്ങളില്‍ നിന്ന് ഗോതമ്പ് കയറ്റുമതി നിലച്ച സാഹചര്യത്തില്‍ ലോകത്തിന്റെ അപ്പക്കൂടയാകുക എന്നുള്ളത് ഇന്ത്യയുടെ അര്‍ഹതപ്പെട്ട അവസരമായിരുന്നു. അതിനോട് പോസറ്റീവായി പ്രതികരിക്കുകയായിരുന്നു നമ്മുടെ പ്രധാനമന്ത്രി. അത് ലോകത്തിന് മുന്നില്‍ ഇന്ത്യയുടെ യശ്ശസ് വര്‍ധിക്കാനും ഇടയാക്കി.
എന്നാല്‍ ആ പ്രഖ്യാപനത്തിന് ഏകദേശം ഒരു മാസത്തിന് ശേഷം ഗോതമ്പ് കയറ്റുമതി ഇന്ത്യ നിരോധിച്ചപ്പോള്‍ ലോകം ഞെട്ടി. ലോകത്തെയാകമാനം ഊട്ടുമെന്ന് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ ഇത്തരമൊരു തീരുമാനം ആരും പ്രതീക്ഷിച്ചിരുന്നില്ല. ആഗോളതലത്തില്‍ ഗോതമ്പുവില റെക്കോര്‍ഡ് ഉയരത്തിലെത്തി. രാജ്യാന്തര വിപണിയില്‍ ഗോതമ്പ് വില അഞ്ച് ശതമാനമാണ് ഉയര്‍ന്നത്. എന്നാല്‍ ഇന്ത്യ കൂടി കൈവിട്ടാല്‍ മുന്നില്‍ മറ്റ് വഴികളില്ലെന്നതാണ് യൂറോപ്പ് അടക്കം മറ്റ് പല രാജ്യങ്ങളുടെയും ഗതി.
കയറ്റുമതിക്ക് ഇന്ത്യ വിലക്കേര്‍പ്പെടുത്തിയതിനെ അപലപിച്ച് ജി ഏഴ് രാജ്യങ്ങള്‍ രംഗത്തെത്തി. ഇന്ത്യയുടെ തീരുമാനത്തെ രൂക്ഷമായി വിമര്‍ശിച്ച ജി 7 രാജ്യങ്ങള്‍ ഇപ്പോഴത്തെ ലോകസാഹചര്യത്തില്‍ പ്രധാന ഉത്പാദക രാജ്യങ്ങള്‍ ധാന്യങ്ങള്‍ക്ക് കയറ്റുമതി നിരോധനം ഏര്‍പ്പെടുത്തിയാല്‍ അത് ലോകസമ്പത്ത് ഘടനയെ ദോഷകരമായി ബാധിക്കുമെന്നും കുറ്റപ്പെടുത്തി. കാനഡ, ജര്‍മനി, ഫ്രാന്‍സ്, ഇറ്റലി, ജപ്പാന്‍, ബ്രിട്ടന്‍, അമേരിക്ക എന്നീ ഏഴു വികസിത രാജ്യങ്ങളാണ് ഇന്ത്യയുടെ തീരുമാനത്തെ വിമര്‍ശിച്ചത്. എന്നാല്‍ കയറ്റുമതി നിരോധനം താത്കാലികമാണെന്നും സ്ഥിതി മെച്ചപ്പെടുമ്പോള്‍ കയറ്റുമതി പുനഃരാരംഭിക്കുമെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

ദുര്‍ബലരായ രാജ്യങ്ങളുടെ ആവശ്യങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതിനുമായിട്ടാണ് കേന്ദ്ര സര്‍ക്കാര്‍ ഗോതമ്പ് കയറ്റുമതി നിയന്ത്രിച്ചത്. സ്വകാര്യ വ്യാപാര സ്ഥാപനങ്ങള്‍ മുന്‍കൂറായി സാമ്പത്തിക കരാറില്‍ ഏര്‍പ്പെട്ടവയിലും മറ്റ് രാജ്യങ്ങള്‍ക്ക് അവരുടെ ഭക്ഷ്യസുരക്ഷാ ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് അവിടുത്തെ സര്‍ക്കാരുകളുടെ അഭ്യര്‍ഥന മാനിച്ചുകൊണ്ട് ഇന്ത്യന്‍ സര്‍ക്കാര്‍ അനുമതി നല്‍കുന്ന സാഹചര്യങ്ങളിലും ഈ നിയന്ത്രണം ബാധകമല്ല.
ഗോതമ്പ് ക്ഷാമത്തിന് കാരണം
ചോളം കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ കൃഷി ചെയ്യപ്പെടുന്ന ധാന്യമാണ് ഗോതമ്പ്. 2020 ല്‍ ഗോതമ്പിന്റെ ആഗോള ഉത്പാദനം 760 മില്യണ്‍ ടണ്ണായിരുന്നു. ചൈനയാണ് ലോകത്ത് ഏറ്റവും കൂടുതല്‍ ഗോതമ്പ് ഉത്പാദിപ്പിക്കുന്നത്. ഇന്ത്യയും റഷ്യയുമാണ് തൊട്ടുപിന്നില്‍. ലോകത്തെ ആകെ ഗോതമ്പ് ഉത്പാദനത്തിന്റെ 41 ശതമാനവും ഈ മൂന്ന് രാജ്യങ്ങളുടേയും സംഭാവനയാണ്. നാലാം സ്ഥാനത്തുള്ളത് യു.എസ് ആണ്. റഷ്യ, കാനഡ, യു.എസ്.എ, യുക്രൈന്‍, ഫ്രാന്‍സ്, അര്‍ജന്റീന, ഓസ്ട്രേലിയ, ജര്‍മനി, ലിത്വാനിയ, ഹംഗറി എന്നിവയാണ് ഗോതമ്പ് കയറ്റുമതിയില്‍ ആദ്യ പത്ത് സ്ഥാനങ്ങളിലുള്ള രാജ്യങ്ങള്‍.
.jpeg?$p=71b062e&&q=0.8)
റഷ്യ-യുക്രൈന്‍ യുദ്ധമാണ് ആഗോളതലത്തില്‍ ഗോതമ്പ് ക്ഷാമത്തിനുള്ള പ്രധാന കാരണം. പ്രധാന ഗോതമ്പ് ഉത്പാദന രാജ്യങ്ങളിലെ മോശം കാലാവസ്ഥയും ഒരു കാരണമായിട്ടുണ്ട്.
ലോകത്തെ 14 ശതമാനം ഗോതമ്പ് ഉത്പാദനവും റഷ്യയുടേയും യുക്രൈന്റേയും വകയാണ്. ഗോതമ്പ് കയറ്റുമതിയുടെ ഏതാണ്ട് 30 ശതമാനവും ഈ രാജ്യങ്ങള്‍ വഴിയാണ്. യുദ്ധത്തെത്തുടര്‍ന്ന് 20 മില്യണ്‍ ഭക്ഷ്യധാന്യങ്ങളാണ് ഒഡേസ്സയിലും കരിങ്കടലിലെ മറ്റ് തുറമുഖങ്ങളിലും കെട്ടിക്കിടക്കുന്നത്. യുദ്ധം യുക്രൈനിലെ കൃഷിയേയും ബാധിച്ചു. റഷ്യയ്ക്ക് മേല്‍ ഉപരോധം വന്നതോടെ കര്‍ഷകര്‍ക്ക് രാസവളങ്ങള്‍ ലഭിക്കാതെ വന്നു. ഇതും കൃഷിയെ ബാധിച്ചു.
എന്നാല്‍, യുദ്ധത്തിന് മുമ്പ് തന്നെ യൂറോപ്പില്‍ ഭക്ഷ്യ പ്രതിസന്ധി നിലവിലുണ്ടായിരുന്നു. യുദ്ധം ഇത് വഷളാക്കി. കാലാവസ്ഥാ വ്യതിയാനത്തെത്തുടര്‍ന്നുണ്ടായ അപ്രതീക്ഷിത കാലാവസ്ഥാമാറ്റവും കോവിഡ് പ്രതിസന്ധിയും ഇതിന് ആക്കം കൂട്ടി. ലോകത്തെ അവികസിത രാജ്യങ്ങളില്‍ 45 ശതമാനവും ഗോതമ്പിനായി ആശ്രയിച്ചിരുന്നത് റഷ്യയേയും യുക്രൈനേയുമായിരുന്നു. യുദ്ധത്തോടെ എല്ലാം താറുമാറായി. ഗോതമ്പിന് പുറമെ സൂര്യകാന്തി എണ്ണയടക്കമുള്ള മറ്റ് ഭക്ഷ്യവസ്തുക്കള്‍ക്കും ക്ഷാമം അനുഭവപ്പെടുന്നുണ്ട്.
ഇന്ത്യയിലെ ഗോതമ്പ് ഉത്പാദനം
.jpeg?$p=67a9666&&q=0.8)
ലോകത്ത് ഗോതമ്പ് ഉല്‍പ്പാദനത്തില്‍ രണ്ടാം സ്ഥാനത്തുള്ള ഇന്ത്യ സ്വതവേ കയറ്റുമതിക്ക് വലിയ പ്രാധാന്യം കൊടുക്കാറില്ലായിരുന്നു. 13.53 ശതമാനമാണ് ഗോതമ്പ് ഉത്പാദനത്തില്‍ ഇന്ത്യയുടെ ആഗോള പങ്ക്. എന്നാല്‍ ആഗോള ഗോതമ്പ് കയറ്റുമതിയുടെ ഒരു ശതമാനം പോലുമില്ല ഇന്ത്യന്‍ കയറ്റുമതി. കയറ്റുമതി പട്ടികയില്‍ 40 മതാണ് ഇന്ത്യയുടെ സ്ഥാനം. 2016 ല്‍ 0.14 ശതമാനമായിരുന്നു ഇന്ത്യയുടെ പങ്ക്. 2020 ല്‍ ഇത് 0.54 ശതമാനമായി ഉയര്‍ന്നു.
രാജ്യത്ത് ഗോതമ്പിന്റെ ആവശ്യം വളരെക്കൂടുതലായതിനാലാണ് ഇന്ത്യ കയറ്റുമതിക്ക് മുന്‍തൂക്കം നല്‍കാതിരുന്നത്. ഉത്പാദനത്തിന് ആനുപാതികമായി രാജ്യത്ത് തന്നെ ആവശ്യകതയുള്ളപ്പോള്‍ കയറ്റുമതി രണ്ടാമത്തെ പരിഗണന മാത്രമാകണമല്ലോ. നിലവിലെ ആഗോള സാഹചര്യം മനസിലാക്കി സ്വകാര്യ മില്ലുടമകളും കയറ്റുമതിക്കാരും വന്‍തോതില്‍ ഗോതമ്പ് വാങ്ങിക്കൂട്ടി. താങ്ങുവിലയെക്കാള്‍ ഉയര്‍ന്നവില ആഗോളവിപണിയില്‍ ലഭിക്കുന്നതിനാല്‍ രാജ്യത്തെ ഗോതമ്പ് കയറ്റുമതി വന്‍തോതില്‍ ഉയര്‍ന്നിരുന്നു. അതോടെ, സംഭരണകേന്ദ്രങ്ങളില്‍ എത്തുന്ന ഗോതമ്പിന്റെ അളവ് ചുരുങ്ങി. ഇടനിലക്കാര്‍ കൂടുതല്‍ വില നല്‍കുമെന്ന വിശ്വാസത്തില്‍ കര്‍ഷകര്‍ സര്‍ക്കാര്‍ സംഭരണിയിലേക്ക് ഗോതമ്പ് എത്തിക്കുന്നതും കുറഞ്ഞിട്ടുണ്ട്. ഇതിന് പിന്നാലെയാണ് രാജ്യത്ത് ഭക്ഷ്യക്ഷാമം ഉണ്ടാകുന്നത് തടയാന്‍ ലക്ഷ്യമിട്ട് കേന്ദ്രം കയറ്റുമതിക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്.
2022 മാര്‍ച്ച് വരെ 7.85 മില്ല്യണ്‍ ടണ്‍ ഗോതമ്പാണ് ഇന്ത്യ കയറ്റുമതി ചെയ്തത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 2.1 മില്ല്യണ്‍ കൂടുതലാണ് ഇത്. 279% വര്‍ധനവ്. ഈ വര്‍ഷവും ഇതേ നിലയിലോ അതോ അതിനേക്കാള്‍ കൂടുതലോ ഉള്ള ഒരു കയറ്റുമതിയാണ് രാജ്യം പ്രതീക്ഷിച്ചത്. ഫെബ്രുവരിയിലെ കണക്കുകൂട്ടല്‍ വെച്ച് ഈ വര്‍ഷം 12 മില്യണ്‍ കയറ്റുമതി ചെയ്യാമെന്നായിരുന്നു കരുതിയത്. എന്നാല്‍ ഉത്തരേന്ത്യയിലെ ഉഷ്ണ തരംഗത്തെത്തുടര്‍ന്ന് ഉത്പാദനം കുറയുമെന്ന സാധ്യതയും രാജ്യത്തെ വിലക്കയറ്റവും കയറ്റുമതി നിരോധനത്തിലേക്ക് സര്‍ക്കാരിനെ എത്തിക്കുകയായിരുന്നു.
29.8 മില്യണ്‍ ഹെക്ടര്‍ സ്ഥലത്താണ് രാജ്യത്ത് ഗോതമ്പ് കൃഷി ചെയ്യുന്നത്. 2006-07 കാലത്ത് 75.81 മില്യണ്‍ മെട്രിക് ടണ്ണായിരുന്നു ഇന്ത്യയുടെ ഉത്പാദനം. ഈ വര്‍ഷത്തെ ഗോതമ്പ് ഉത്പാദനം 111.32 മില്യണ്‍ ടണ്ണിലധികം ഉണ്ടാകുമെന്നായിരുന്നു ഫെബ്രുവരിയിലെ കണക്കുകൂട്ടല്‍. കഴിഞ്ഞ വര്‍ഷം ഇത് 109.59 മില്യണ്‍ ടണ്ണായിരുന്നു. ഏപ്രിലില്‍ ഇന്ത്യയുടെ ഗോതമ്പ് ശേഖരം 74 മില്യണ്‍ ടണ്ണായിരുന്നു. ഇതില്‍ 21 മില്യണ്‍ ടണ്‍ കരുതല്‍ ശേഖരമാണ്. ഈ കരുതല്‍ ശേഖരം കയറ്റുമതി ചെയ്യാമെന്ന പദ്ധതിയിലായിരുന്നു സര്‍ക്കാര്‍.
ഇന്ത്യയുടെ ഗോതമ്പ് കയറ്റുമതി
ബംഗ്ലാദേശ്, യു.എ.ഇ, യെമന്‍, അഫ്ഗാനിസ്ഥാന്‍, ഖത്തര്‍, ഇന്‍ഡൊനീഷ്യ, ഒമാന്‍, മലേഷ്യ, നേപ്പാള്‍, ശ്രീലങ്ക എന്നീ രാജ്യങ്ങളിലേക്കാണ് ഇന്ത്യ പ്രധാനമായും ഗോതമ്പ് കയറ്റുമതി ചെയ്യുന്നത്. കയറ്റുമതിയുടെ 54 ശതമാനവും ബംഗ്ലാദേശിലേക്കാണ്. 2020-21 കാലത്താണ് യെമന്‍, അഫ്ഗാനിസ്ഥാന്‍, ഖത്തര്‍, ഇന്‍ഡൊനീഷ്യ എന്നീ രാജ്യങ്ങളിലേക്കുള്ള കയറ്റുമതി ആരംഭിച്ചത്. 2022 ല്‍ ഈജിപ്തും ഇന്ത്യയില്‍ നിന്ന് ഗോതമ്പ് വാങ്ങാന്‍ തുടങ്ങി. 2022 ജനുവരിയില്‍ 279 ശതമാനം വര്‍ധനവാണ് ഇന്ത്യയുടെ ഗോതമ്പ് കയറ്റുമതിക്കുണ്ടായത്. ജൂണോടെ ഇത് 387 ശതമാനമാകുമെന്നാണ് കരുതുന്നത്.

ജനുവരിയില്‍ 2021 ല്‍ 80 മില്യണ്‍ ഡോളറായിരുന്നു ഗോതമ്പ് കയറ്റുമതിയില്‍ നിന്ന് ഇന്ത്യ നേടിയത്. ഇത് 2022 ജനുവരിയില്‍ 304 മില്യണ്‍ ഡോളറായി വര്‍ധിച്ചു.
ഇന്ത്യന്‍ ഗോതമ്പിന്റെ ഗുണമേന്മ വര്‍ധിച്ചതും ആഗോള തലത്തില്‍ ഇന്ത്യന്‍ ഗോതമ്പിന്റെ ഡിമാന്‍ഡ് വര്‍ധിപ്പിച്ചിട്ടുണ്ട്. പ്രമുഖ ഗോതമ്പ് ഇറക്കുമതി രാജ്യമായ ഈജിപ്ത് ഈ വര്‍ഷം ഇന്ത്യന്‍ ഗോതമ്പ് ഇറക്കുമതി ചെയ്യാന്‍ തീരുമാനിച്ചതിന് ഗുണമേന്മയും പ്രധാന കാരണമായി. കയറ്റുമതി നിരോധിച്ചുവെങ്കിലും ഈജിപ്തുമായുള്ള കരാര്‍ നിലനില്‍ക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.
വില്ലനായത് കാലാവസ്ഥ
30 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന ചൂടാണ് ഉത്തരേന്ത്യയില്‍ ഇക്കുറി അനുഭവപ്പെട്ടത്. സാധാരണ കിട്ടേണ്ട മഴ ലഭിച്ചുമില്ല. ഇന്ത്യയുടെ പ്രധാന ധാന്യപ്പുരകളായ പഞ്ചാബ്, ഹരിയാണ, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ഗുജറാത്ത് സംസ്ഥാനങ്ങളില്‍ നടന്ന വിളവെടുപ്പില്‍ ഇത് പതിഫലിച്ചു. ഇവിടങ്ങളിലെ ഗോതമ്പ് വിളവ് ഏക്കറിന് 10-15 ശതമാനം കുറഞ്ഞുവെന്നാണ് കണക്ക്.
മാര്‍ച്ച് മാസമാണ് ഇന്ത്യയിലെ ഗോതമ്പ് കൃഷിയിലെ ഏറ്റവും പ്രധാന മാസം. ഈ സമയത്ത് കൂടിയ ചൂട് 28-30 ഡിഗ്രിയും കുറഞ്ഞ ചൂട് 17-18 ഡിഗ്രിയുമാണങ്കിലാണ് നല്ല വിളവ് കിട്ടുക. പക്ഷേ ഈ വര്‍ഷം ചൂട് വളരെ അധികമായിരുന്നു. ഗോതമ്പ് വിളവെടുപ്പിന് പാകമാകുന്ന സമയമാണ് ഇത്. ചൂട് കൂടിയാല്‍ ജലാംശം നഷ്ടപ്പെട്ട് ധാന്യങ്ങള്‍ ശുഷ്‌ക്കിക്കാന്‍ ഇടയാകും. ഇത് ധാന്യത്തിന്റെ ഗുണവും ഭാരവും കുറയാന്‍ ഇടയാക്കും. ഇത് വിലയേയും ബാധിക്കും.

ഇത് കൂടാതെ യുദ്ധം മൂലമുണ്ടായ രാസവളങ്ങളുടെ ദൗര്‍ലഭ്യവും വിളവിനെ ബാധിച്ചു. രാസവളങ്ങളുടെ ഏറ്റവും വലിയ ഉത്പാദകരും കയറ്റുമതിക്കാരുമായ റഷ്യയില്‍ നിന്ന് വളം എത്താതായി. ഇന്ത്യയിലേക്ക് വളം എത്തുന്ന മറ്റൊരു രാജ്യമായ ചൈന 2022 അവസാനം വരെ വളം കയറ്റുമതിക്ക് നിരോധനം ഏര്‍പ്പെടുത്തുകയും ചെയ്തു.
ഈ വര്‍ഷത്തെ ഉത്പാദനം 100 മില്ല്യണ്‍ ടണ്ണിലും കുറവായിരിക്കുമെന്നാണ് പുതിയ കണക്ക് കൂട്ടല്‍. സര്‍ക്കാര്‍ സംഭരണം നടക്കുന്ന ഏപ്രില്‍-മെയ് മാസങ്ങളില്‍ ഇതുവരെ 18 മില്യണ്‍ മാത്രമാണ് സംഭരിക്കാന്‍ കഴിഞ്ഞത്. 2021-22 കാലത്ത് ഇത് 43.3 മില്യണ്‍ ടണ്ണായിരുന്നു. കൃഷിനാശം വന്ന് ധാന്യ ഉത്പാദനം കുറഞ്ഞാല്‍ മറ്റ് രാജ്യങ്ങള്‍ക്ക് മുന്നില്‍ കൈ നീട്ടേണ്ട അവസ്ഥയിലാകും ഇന്ത്യ. അതും കയറ്റുമതി നിരോധനത്തിന് സര്‍ക്കാര്‍ കണക്കിലെടുത്തു.
ലോകത്തിന്റെ അപ്പക്കൂടയാകാനുള്ള ഇന്ത്യയുടെ ശ്രമത്തിനാണ് ഉഷ്ണതരംഗം തിരിച്ചടിയായത്. ആഗോള ഉപഭോഗത്തിന്റെ മൂന്നിലൊന്ന് ഗോതമ്പ് കയറ്റുമതി നടത്തിയിരുന്ന റഷ്യയുടേയും യുക്രൈന്റേയും സ്ഥാനം ഏറ്റെടുക്കാനമുള്ള ഇന്ത്യയുടെ ശ്രമത്തിന് കാലാവസ്ഥ വില്ലനായി.
Content Highlights: india's wheat export ban,narendra modi, wheat production, russia
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..