പോപ്പിന്റെ ഹാനോ, ആഷ്ട്രേയുടെ കൂലി കുട്ടിക്കൊമ്പൻ; നയതന്ത്രത്തിനും പ്രവാസത്തിനുമുണ്ട് 'മൃഗീയകഥകൾ'


റെജി പി. ജോർജ്In Depth

.

അംബിക, മുരുകന്‍, ഇന്ദിര, ആശ, ഹാനോ, ഹാത്തി ഒരു കാലത്ത് ഇന്ത്യയുടെ അഭിമാനവും മറുനാട്ടുകാരുടെ അഭിനിവേശവുമായിരുന്നവരാണ് ഇവര്‍. ചരിത്രലിപികളില്‍ ഏറെയൊന്നും പരാമര്‍ശമില്ലാതെ മണ്‍മറഞ്ഞ് പോയവര്‍. ഇന്ത്യയുടെ നയതന്ത്രത്തിന്റേയും സൗഹാര്‍ദത്തിന്റേയും തിടമ്പേറ്റി കടല്‍ കടന്ന സഹ്യന്റെ മക്കള്‍. ആഫ്രിക്കയില്‍ നിന്നും ഇന്ത്യയിലെത്തിയ ചീറ്റകളെ ആഘോഷിക്കുമ്പോള്‍ സ്വന്തം ആവാസവ്യവസ്ഥയില്‍ നിന്ന് ആയിരക്കണക്കിന് കിലോമീറ്ററുകള്‍ അകലെ വ്യത്യസ്തമായ കാലാവസ്ഥയിലും സാഹചര്യത്തിലും ഏകാകികളായി കഴിയാന്‍ വിധിക്കപ്പെട്ടിരുന്ന ഇവരെ കൂടി ഓര്‍മിക്കേണ്ടതുണ്ട്. തടവിലാക്കപ്പെട്ട മൃഗങ്ങള്‍ക്കുണ്ടാകുന്ന സൂക്കോസിസ് എന്ന വിഷാദാവസ്ഥയിലേക്ക് വീണു പോയവര്‍. ഇന്ത്യയുടെ എലിഫന്റ് ഡിപ്ലോമസിയുടെ ഭാഗമായി നയതന്ത്രത്തിന്റെ ഇരകളായിത്തീര്‍ന്ന ചില 'പ്രവാസി' ആനകളുടെ കഥകള്‍ അറിയാം.

മാര്‍പാപ്പയുടെ വെള്ളാന

സ്വാതന്ത്ര്യത്തിന് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് യൂറോപ്പിലേക്ക് പോയ കുട്ടിയാനയുടെ കഥയാണ് ഇന്ത്യയുടെ എലിഫന്റ് ഡിപ്ലോമസിയില്‍ രേഖപ്പെടുത്തപ്പെട്ട ആദ്യ സംഭവം.1513 മുതല്‍ 1521 വരെ കത്തോലിക്കാ സഭയെ നയിച്ച ലിയോ പത്താമന്‍ മാര്‍പാപ്പയ്ക്ക് സമ്മാനിച്ചതായിരുന്നു ഈ ആന. 1997 ല്‍ അമേരിക്കന്‍ ചരിത്രകാരനായ സില്‍വിയോ ബെഡിനി എഴുതിയ ദ പോപ്പ്‌സ് എലിഫന്റ്: ആന്‍ എലിഫന്റ്‌സ് ജേര്‍ണി ഫ്രം ഡീപ് ഇന്ത്യ ടു ദ ഹാര്‍ട്ട് ഓഫ് റോം എന്ന പുസ്തകം പുറത്തിറങ്ങിയതോടെയാണ് മാര്‍പാപ്പയുടെ ആനയെക്കുറിച്ച് ലോകം അറിഞ്ഞത്.1962 ല്‍ വത്തിക്കാനിലെ ബെല്‍വേദ്രെ കോര്‍ട്ട്‌യാര്‍ഡില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി കുഴിയെടുക്കവേ ഒരു ആനയുടെ അസ്ഥികൂടം കണ്ടെത്തി. അസ്ഥികൂടം 16 ാം നൂറ്റാണ്ടിലേതാണെന്നും ലിയോ പത്താമന്‍ മാര്‍പാപ്പയുടെ അരുമയായ ഹാനോ എന്ന ആനയുടേതാണെന്നും ചരിത്രാന്വേഷകര്‍ കണ്ടെത്തി. ഇതിനെ അടിസ്ഥാനമാക്കി സില്‍വിയോ എഴുതിയ പുസ്തകമാണ് ദ പോപ്സ് എലിഫന്റ്.

വത്തിക്കാൻ മ്യൂസിയത്തിലുള്ള ഹാനോയുടെ രേഖാചിത്രം. ദ പോപ്സ് എലിഫന്റ്എന്ന പുസ്തകത്തിൽ പ്രസിദ്ധീകരിച്ചത്

പോര്‍ച്ചുഗീസ് രാജാവായിരുന്ന മാനുവല്‍ മാര്‍പാപ്പയ്ക്ക് സമ്മാനമായി നല്‍കിയതാണ് ഈ ആന. സ്‌പെയിനും പോര്‍ച്ചുഗലും തമ്മില്‍ കോളനികള്‍ക്ക് വേണ്ടിയുള്ള മത്സരത്തില്‍ മധ്യസ്ഥനായ മാര്‍പാപ്പയെ സ്വാധീനിക്കാന്‍ വേണ്ടിയാണ് അന്ന് ഇന്ത്യയെ കോളനിയാക്കിയിരുന്ന പോര്‍ച്ചുഗല്‍ രാജാവ് ആനയെ സമ്മാനിച്ചത്.

1510 ല്‍ നിലമ്പൂര്‍ കാടുകളില്‍ നിന്ന് പിടിച്ച നാലു വയസ്സുള്ള വെള്ള (ആല്‍ബിനോ) ആനക്കുട്ടിയെ കൊച്ചി രാജാവില്‍ നിന്ന് പണം കൊടുത്ത് വാങ്ങിയാണ് ഇന്ത്യയിലെ പോര്‍ച്ചുഗീസ് വൈസ്രോയി അഫോന്‍സോ ആല്‍ബുക്കര്‍ ലിസ്ബണിലേക്ക് കൊണ്ടുപോയത്. 1510 നും 1514 നും ഇടയില്‍ നാല് ആനകളെയാണ് ഇത്തരത്തില്‍ കൊച്ചിയില്‍ നിന്നും ലിസ്ബണിലേക്ക് കൊണ്ടുപോയത്. മലയാളിയായ പാപ്പാനേയും ഇവിടെ നിന്ന് കൊണ്ടുപോയി. 1511 ജനുവരിയില്‍ ആനകളുമായി കപ്പല്‍ കേരള തീരത്തു നിന്ന് പുറപ്പെട്ടു. ഏപ്രിലോടെ ലിസ്ബണിലെത്തി. 1514 ലാണ് ഇറ്റലിയിലേക്കുള്ള യാത്ര തുടങ്ങിയത്. കപ്പല്‍ മാര്‍ച്ച് മാസം റോമിലെത്തി. ആനയ്ക്കും സംഘത്തിനും വന്‍ സ്വീകരണമാണ് മാര്‍പാപ്പ ഏര്‍പ്പെടുത്തിയത്. റോമിലെ ആളുകള്‍ ഒരു അത്ഭുത ജീവിയെ കാണുന്നതുപോലെ ആനയെ കണ്ടു. റോമാക്കാര്‍ക്കു കേട്ടുകേള്‍വി മാത്രമുണ്ടായിരുന്ന ജീവി. അവിടെയുള്ള ആരും ആനയെ ജീവനോടെ കണ്ടിരുന്നില്ല. റോമന്‍ സാമ്രാജ്യകാലത്ത് ഇറ്റലിയില്‍ ആനകള്‍ ഉണ്ടായിരുന്നെങ്കിലും പിന്നീട് അവ ഇല്ലാതായിരുന്നു. തെരുവുകളില്‍ ആളുകള്‍ കൗതുകത്തോടെ ആ കുട്ടിയാനയെ നോക്കിനിന്നു. നാട്ടുകാര്‍ ആനയെ അന്നോനെ (Annone) എന്നു വിളിച്ചു. പാപ്പാന്‍ ആന എന്നു വിളിക്കുന്നത് കേട്ടാണ് അങ്ങനെ വിളിച്ചത്. പിന്നീട് അത് ഇംഗ്ലീഷിലേക്കെത്തിയപ്പോള്‍ ഹാനോ (Hanno) എന്നാകുകയുമായിരുന്നു. നിരവധി വന്യമൃഗങ്ങളെ സൂക്ഷിച്ചിരുന്ന മാര്‍പാപ്പയുടെ അരുമ മൃഗമാകാന്‍ ഹാന്നോയ്ക്ക് അധികകാലം വേണ്ടി വന്നില്ല.

കുട്ടി ഹാനോ അക്ഷരാര്‍ഥത്തില്‍ റോമിലെ താരമായി മാറി. എല്ലാ ആഘോഷ പരിപാടികളിലേയും മുഖ്യ ആകര്‍ഷണം കുറുമ്പനായ ഹാനോ ആയിരുന്നു. അക്കാലത്തെ പ്രശസ്ത ലാറ്റിന്‍ കവി ജിയോവാനി പിയേറോ വാലേറിയാനോ ആനയെക്കുറിച്ച് കവിതകളെഴുതി. ഹാനോയുടെ കീര്‍ത്തി റോമിന് പുറത്തേക്കും വ്യാപിച്ചു. പോപ്പിന്റെ ആസ്ഥാന കവിയായ ബറാബല്ലോയെ പുറത്ത് നിന്ന് വീഴ്ത്തിയ ചരിത്രവും ഹാനോയ്ക്കുണ്ട്. ആസ്ഥാന കവിയായി ബറോബല്ലായെ അവരോധിക്കുന്ന ചടങ്ങിലായിരുന്നു ഹാനോയുടെ പുറത്ത് കവിയെ എഴുന്നള്ളിച്ചത്. വന്‍ ആള്‍ക്കൂട്ടവും ബഹളവും ചൂളംവിളികളും ഹാനോയെ അസ്വസ്ഥനാക്കി. വിരണ്ടു പോയ ഹാനോ പുറത്തിരുന്ന കവിയെ താഴെയിട്ടു. ഹാനോയെ ഉപയോഗിച്ച് നടത്തിയ ആഘോഷ പരിപാടിക്കിടെ അപകടങ്ങള്‍ ഉണ്ടായതിനെക്കുറിച്ചും പുസ്തകത്തില്‍ പരാമര്‍ശമുണ്ട്. ഒരിക്കല്‍ ഒരു വിവാഹ ആഘോഷവുമായി ബന്ധപ്പെട്ട ചടങ്ങില്‍ ഹാനോ ഇടയുകയും തിക്കിലും തിരക്കിലും പെട്ട് 13 പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

ഹാനോയെ ഫ്രാന്‍സിലെ രാജാവിന് സമ്മാനിക്കാന്‍ ഒരിക്കല്‍ ലിയോ മാര്‍പാപ്പ ഒരുങ്ങിയിരുന്നുവെന്നും പുസ്തകത്തില്‍ പറയുന്നു. 1515 ജനുവരിയില്‍ ഫ്രാന്‍സ് രാജാവായി സ്ഥാനമേറ്റ ഫ്രാന്‍സിസ് ഒന്നാമന്‍ ഒരിക്കല്‍ ഫ്രാന്‍സിന്റെ കൈവശമായിരുന്ന ഇറ്റലിയിലെ മിലാന്‍ വീണ്ടെടുക്കാന്‍ ശ്രമം നടത്തുന്നുവെന്ന് മനസിലാക്കിയ മാര്‍പാപ്പ ഇതില്‍ നിന്ന് രാജാവിനെ പിന്തിരിപ്പിക്കുന്നതിന്റെ ഭാഗമായി ഹാനോയെ സമ്മാനമായി നല്‍കാന്‍ തീരുമാനിച്ചുവെന്നുമാണ് പറയപ്പെടുന്നത്. ഇതിനായി ഹാനോയെ ഫ്ളോറന്‍സില്‍ എത്തിക്കുകയും ചെയ്തു. എന്നാല്‍ കൂടിക്കാഴ്ച ശുഭകരമാകാത്തതിനാല്‍ ഹാനോയെ നല്‍കാനായില്ലെന്നുമാണ് പുസ്തകത്തില്‍ പറയുന്നത്.

ഹാനോ റോമിലെത്തി രണ്ട് കൊല്ലം കഴിഞ്ഞു. ഇന്ത്യയിലെ ചൂട് കാലാവസ്ഥയില്‍ നിന്ന് തണുപ്പുള്ള ഇറ്റലിയിലെത്തിയ ഹാനോവിന്റെ ആരോഗ്യം ക്ഷയിച്ചുതുടങ്ങി. എരണ്ടക്കെട്ടായിരുന്നു രോഗം. ആന ചികിത്സയില്‍ ഒരു ധാരണയും ഇല്ലാത്ത ഇറ്റാലിയിലെ ഡോക്ടര്‍മാര്‍ക്ക് ഒരു പിടിയും കിട്ടിയില്ല. 1516 ജൂണ്‍ എട്ടിന് ഹാനോ ചെരിഞ്ഞു. അന്നത്തെ ചികിത്സയ്ക്ക് ഉപയോഗിച്ച മരുന്നിലെ ഒരു പ്രധാന ഘടകമായ സ്വര്‍ണം കൂടിയ അളവില്‍ അകത്തു ചെന്നതായിരുന്നു മരണകാരണം. രണ്ട് വര്‍ഷവും രണ്ട് മാസവും 26 ദിവസവുമാണ് ഹാനോ വത്തിക്കാനില്‍ ജീവിച്ചത്. ചെരിയുമ്പോള്‍ ഏഴ് വയസായിരുന്നു പ്രായം.

തന്റെ പ്രിയപ്പെട്ട ആനയുടെ മരണം പോപ്പിനെ ദുഃഖിതനാക്കി. ഔദ്യോഗിക ബഹുമതികളോ ബെല്‍വേഡര്‍ സ്‌ക്വയറിനടുത്തു തന്നെയായിരുന്നു അന്ത്യവിശ്രമം. ഹാനോയുടെ ഓര്‍മകള്‍ എന്നും ജീവിക്കണമെന്ന് മാര്‍പാപ്പ തീരുമാനിച്ചു. ആസ്ഥാന ചിത്രകാരനായിരുന്ന റാഫേലിനെ വിളിച്ച് വരുത്തി ഹാനോയുടെ ഛായാ ചിത്രങ്ങള്‍ ശരിയായ വലിപ്പത്തിലും നിറത്തിലും തീര്‍ക്കാന്‍ ആവശ്യപ്പെട്ടു. അക്കാലത്തെ മറ്റൊരു പ്രശസ്ത ശില്‍പ്പിയായിരുന്ന റൊമാനോയും ഹാനോയുടെ രൂപങ്ങളും ചിത്രങ്ങളും തയ്യാറാക്കി. ഹാനോയോടൊപ്പം പോയ മലയാളിയായ പാപ്പാനെക്കുറിച്ച് ഒരു വിവരവും എവിടേയും ലഭ്യമല്ല. റോമില്‍ തന്നെ അദ്ദേഹം കുടുംബമുണ്ടാക്കിയെന്ന് പ്രതീക്ഷിക്കാം. അത്ഭുത ജീവിയായ ആനയെ ഒരു ചെറിയ വടിയാല്‍ നിയന്ത്രിക്കുന്ന വിചിത്രഭാഷ സംസാരിക്കുന്ന ആ ചെറുപ്പക്കാരന് എന്തായാലും റോമില്‍ ആരാധികമാരില്ലാതിരിക്കാന്‍ വഴിയില്ല.

നെഹ്‌റുവിന്റെ ആനകള്‍

ആനകളെ ഉപയോഗിച്ചുള്ള നയതന്ത്ര നീക്കങ്ങള്‍ക്ക് ആധുനിക കാലത്തും നല്ല ഡിമാന്റായിരുന്നു. സ്വാതന്ത്ര്യം ലഭിച്ച് ആദ്യ 15 വര്‍ഷങ്ങളില്‍ ഇന്ത്യയില്‍ നിന്ന് ആനകള്‍ പല രാജ്യങ്ങളിലേക്കും കപ്പല്‍ കയറി. ഇന്ത്യയ്ക്ക് മറ്റ് രാജ്യങ്ങളുമായി നയതന്ത്ര ബന്ധം ഊട്ടിയുറപ്പിക്കാനുള്ള മാര്‍ഗമായി മാറി ആനകള്‍. കുട്ടികളെ ഏറെ ഇഷ്ടപ്പെട്ടിരുന്ന ജവഹര്‍ലാല്‍ നെഹ്‌റുവിന് വിദേശ രാജ്യങ്ങളിലെ കുട്ടികള്‍ ആനയെ ആവശ്യപ്പെട്ട് കത്തയക്കുക പതിവായിരുന്നു. കത്തു കിട്ടിയാല്‍ ഉടന്‍ നിലമ്പൂര്‍ കാട്ടില്‍ നിന്ന് ഒരു കുട്ടിയാനയെ പിടിച്ച് കപ്പല് കയറ്റുന്ന പതിവായിരുന്നു നെഹ്‌റുവിന് എന്ന് പറയാവുന്ന സാഹചര്യമായിരുന്നു അന്ന്. ജപ്പാന്‍, കാനഡ, നെതര്‍ലന്‍ഡ്‌സ്, സോവിയറ്റ് യൂണിയന്‍, യു.എസ്.എ, ജര്‍മനി, തുര്‍ക്കി, ഇറാന്‍,അഫ്ഗാനിസ്ഥാന്‍, ചൈന എന്നീ രാജ്യങ്ങള്‍ക്കാണ് ഇന്ത്യ ആനകളെ സമ്മാനമായി നല്‍കിയത്. കുട്ടികള്‍ക്കുള്ള സമ്മാനമെന്ന നിലയിലാണ് ഇവ നല്‍കപ്പെട്ടത്. ഒരിക്കല്‍ വിദേശിയായ ഒരു സ്വകാര്യ വ്യക്തിക്കും ഇന്ത്യ ഇതു പോലെ ഒരു ആനയെ നല്‍കിയിട്ടുണ്ട്.

ജപ്പാനിലെത്തിയ ' ഇന്ദിര'

ഇന്ത്യ സ്വതന്ത്രയായി രണ്ട് വര്‍ഷത്തിന് ശേഷം 1949 ഒക്ടോബറില്‍ ജപ്പാനിലെ കുട്ടികള്‍ക്ക് ഇന്ത്യ ഒരു ആനയെ സമ്മാനമായി നല്‍കി. ജവഹര്‍ലാല്‍ നെഹ്‌റു തന്റെ മകളായ ഇന്ദിരയുടെ പേരിട്ടാണ് ആനയെ ജപ്പാനിലേക്ക് അയച്ചത്. ജപ്പാനിലെ കുട്ടികള്‍ക്കുള്ള ഇന്ത്യയിലെ കുട്ടികളുടെ സമ്മാനമെന്നാണ് നെഹ്‌റു ഇതിനെ വിശേഷിപ്പിച്ചത്.

1949 ഒക്ടോബറില്‍ ജപ്പാനിലെ സ്‌കൂള്‍ വിദ്യാര്‍ഥികളില്‍ നിന്ന് ലഭിച്ച കത്തിന്റെ അടിസ്ഥാനത്തിലാണ് നെഹ്‌റു ജപ്പാനൊരു ആനയെ സമ്മാനമായി നല്‍കിയത്. ജപ്പാനിലുണ്ടായിരുന്ന ആനകള്‍ രണ്ടാം ലോകമഹായുദ്ധത്തില്‍ കൊല്ലപ്പെട്ടുവെന്നും ഇപ്പോള്‍ ആനകളൊന്നുമില്ലെന്നും അതിനാല്‍ ഇന്ത്യയില്‍ നിന്ന് ഒരാനയെ നല്‍കണമെന്നുമായിരുന്നു കത്തിലെ ആവശ്യം.

നെഹ്റുവും ഇന്ദിരയും ജപ്പാനിൽ വെച്ച് ആനയോടൊത്ത്| INC ഇൻസ്റ്റഗ്രാം

മൂന്ന് ആനകളായിരുന്നു മുമ്പ് ജപ്പാനില്‍ ഉണ്ടായിരുന്നത്. 1924 ല്‍ ഇന്ത്യയില്‍ നിന്ന് എത്തിച്ച ടോങ്കി എന്ന പിടിയാനയും ജോണ്‍ എന്ന കൊമ്പനും തായ്‌ലന്‍ഡില്‍ നിന്നെത്തിച്ച ഹനോക്കോ എന്ന കൊമ്പനും. യുദ്ധത്തിനിടെ ഈ മൂന്ന് ആനകളും ബന്ധനത്തില്‍ പട്ടിണി കിടന്ന് ചെരിഞ്ഞു.

പിന്നീട് യുദ്ധമെല്ലാം അവസാനിച്ചപ്പോള്‍ ജപ്പാനിലെ മൃഗശാലകളില്‍ ആനകളില്ലെന്നത് ചര്‍ച്ചയായി. ഏഴാം ക്ലാസില്‍ പഠിക്കുന്ന രണ്ട് കുട്ടികള്‍ ചേര്‍ന്ന് ജപ്പാന്‍ പാര്‍ലമെന്റിന് കത്തയച്ചു. തങ്ങള്‍ക്ക് ആനയെ കാണാന്‍ സാധിക്കുന്നില്ലെന്നും ജപ്പാനിലേക്ക് ആനയെ എത്തിക്കണമെന്നുമായിരുന്നു ഇവരുടെ ആവശ്യം. ഇതൊരു പൊതുജനാഭിപ്രായമായി വളര്‍ന്നു. ഇന്ത്യയിലാണെങ്കില്‍ ആനകള്‍ ധാരാളുമുണ്ട്. മുമ്പ് രണ്ടെണ്ണത്തിനെ എത്തിച്ചതും ഇന്ത്യയില്‍ നിന്നാണ്. ഇന്ത്യന്‍ സര്‍ക്കാരിനോട് ആനകളെ ആവശ്യപ്പെടണമെന്ന തരത്തില്‍ ചര്‍ച്ചകളുയര്‍ന്നു. ഇക്കാര്യം ഗൗരവമായി കണ്ട് ജപ്പാന്‍ സര്‍ക്കാര്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിനെ അഭിസംബോധന ചെയ്ത് ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ എഴുതിയ കത്തുകള്‍ ഒന്നിച്ച് ചേര്‍ത്ത് ഇന്ത്യന്‍ സര്‍ക്കാരിന് അയക്കുകയായിരുന്നു. കത്ത് കിട്ടിയ ഉടന്‍ തന്നെ നെഹ്‌റു നടപടിയെടുത്തു. മൈസൂരുവില്‍ നിന്ന് എത്തിച്ച 15 വയസ്സുള്ള ഒരു പിടിയാന ജപ്പാനിലേക്ക് കപ്പല്‍ കയറി. തന്റെ പ്രിയ പുത്രിയായ ഇന്ദിരയുടെ പേരാണ് നെഹ്‌റു ഈ ആനയ്ക്ക് നല്‍കിയത്. രണ്ട് പാപ്പാന്മാരും ഇന്ദിരയെ അനുഗമിച്ചു. വലിയ സ്വീകരണമാണ് ഇന്ദിരയ്ക്ക് ജപ്പാനില്‍ കിട്ടിയത്. ടോക്കിയോയിലെ എനോ മൃഗശാലയിലായിരുന്നു ഇന്ദിരയെ പാര്‍പ്പിച്ചിരുന്നത്.

ജപ്പാനിലാകെ ഇന്ദിര പ്രശസ്തയായി. 1957 ല്‍ ജപ്പാനിലെത്തിയ നെഹ്‌റുവും ഇന്ദിരാ ഗാന്ധിയും ആദ്യമന്വേഷിച്ചത് ആനയെ ആണ്. മൃഗശാലയിലെത്തി ഇരുവരും ആനയെ കാണുകയും ചെയ്തു. 1983 ആഗസ്ത് 11 ന് 49 ാമത്തെ വയസ്സില്‍ ഇന്ദിര ചെരിഞ്ഞു. ഇന്ദിരയുടെ അസ്ഥികള്‍ ചേര്‍ത്തുവെച്ചു കൂട്ടിയിണക്കി ടോക്കിയോയിലെ മ്യൂസിയത്തില്‍ പ്രദര്‍ശനത്തിന് വെച്ചിട്ടുണ്ട്.

മിസ്റ്റര്‍ നെഹ്‌റു, ഒരാനയെ കുഴിച്ചെടുത്ത് കാനഡയിലേക്കയക്കണം

അക്കാലത്ത് ഇന്ത്യയില്‍ നിന്ന് വിദേശ സന്ദര്‍ശനം നടത്തുന്ന ഉദ്യോഗസ്ഥരും മറ്റും ആനയെ നല്‍കാമെന്ന വാഗ്ദാനം നല്‍കിയിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.1953 ആഗസ്തില്‍ ആസൂത്രണ കമ്മീഷനുമായി ബന്ധപ്പെട്ട് കാനഡയിലെ ടൊറാന്റോയിലെ ഗ്രാന്‍ബിയില്‍ സന്ദര്‍ശനം നടത്തിയ രണ്ടു പേര്‍ അവിടുത്തെ മൃഗശാലയ്ക്ക് ഇന്ത്യ ആനയെ നല്‍കാമെന്ന് പ്രസംഗിച്ചുവെന്നും അത് പിന്നീട് വലിയ പ്രശ്‌നമായെന്നും നിഖില്‍ മേനോന്‍ കാരവന്‍ മാഗസിനിലെഴുതിയ ലേഖനത്തില്‍ പറയുന്നു. സംഭവം വാര്‍ത്തയായതോടെ വിദേശകാര്യ വകുപ്പ് ഇടപെട്ടു. ഇത്തരമൊരു വാഗ്ദാനം നല്‍കാന്‍ ഇന്ത്യ ആരേയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും നല്‍കാനാവില്ലെന്നുമായിരുന്നു വിദേശകാര്യ മന്ത്രാലയത്തിന്റെ നിലപാട്. ഇക്കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ട പ്രധാനമന്ത്രി നെഹ്‌റു ഗ്രാന്‍ബിയിലെ കുട്ടികള്‍ ഒരു ആനയെ വേണമെന്ന് ആഗ്രഹിക്കുകയാണെങ്കില്‍ ഒന്നിനെ നല്‍കാന്‍ ശ്രമിക്കുമെന്ന പ്രസ്താവനയിറക്കി. അതേത്തുടര്‍ന്ന് പീറ്റര്‍ മാര്‍മോറെക് എന്ന അഞ്ചു വയസ്സുകാന്‍ ആനയെ ആവശ്യപ്പെട്ട് നെഹ്‌റുവിന് കത്തയച്ചു.

അംബികയുടേതെന്ന് കരുതുന്ന ഫോട്ടോ | City of Calgary Archives

ഞങ്ങളുടെ മൃഗശാലയില്‍ ആനയില്ല. നിങ്ങള്‍ക്ക് ധാരാളം ആനകളുണ്ടെന്ന് കേട്ടിട്ടുണ്ട്. ആനകള്‍ ഭൂമിക്കടിയിലാണ് ജീവിക്കുന്നതെന്ന് എനിക്ക് അറിയില്ലായിരുന്നു, ഇനി കുഴിച്ചെടുക്കുമ്പോള്‍ ഞങ്ങള്‍ക്കും ഒന്ന് തരണം എന്നായിരുന്നു ആ കത്ത്. (നെഹ്‌റുവിന്റേതായി പത്രത്തില്‍ വന്ന പ്രസ്താവന if the children of Granby wanted an elephant for the zoo, he would try to dig one up എന്നായിരുന്നു. ഇതാണ് ആ അഞ്ചു വയസ്സുകാരന് ആനയെ കുഴിച്ചെടുക്കുന്നതാണോ എന്ന സംശയം ഉണ്ടാകാന്‍ കാരണം)

ഇതിന് ശേഷം ഗ്രാന്‍ബിയെ കുട്ടികളെല്ലാം ചേര്‍ന്ന് ഒപ്പുശേഖരണവും നടത്തി. എന്നാല്‍ ഒപ്പുകള്‍ അയക്കുന്നതിന് മുമ്പ് നെഹ്‌റുവിന്റെ സ്വന്തം കൈപ്പടയിലുള്ള മറുപടി പീറ്ററിന് ലഭിച്ചു. ആനയെ നല്‍കാം. എന്നാല്‍ ആനകള്‍ ഭൂമിക്കടിയിലല്ല ജീവിക്കുന്നത്. അവ വളരെ വലിയ ജീവികളാണെന്നും കാട്ടിലാണ് ഉള്ളതെന്നും പിടികൂടുക അത്ര എളുപ്പമല്ലെന്നുമായിരുന്നു നെഹ്‌റുവിന്റെ മറുപടി.

പതിവ് പോലെ ആനയെ നിലമ്പൂര്‍ കാട്ടില്‍ നിന്ന് തന്നെ പിടിച്ചു. മൂന്നു വയസ്സുള്ള പിടിയാനക്കുട്ടി. പേരിട്ടു അംബിക. കൊച്ചിയില്‍ നിന്നാണ് അംബികയെ കാനഡയിലേക്ക് കപ്പല്‍ കയറ്റിയത്. ഇംഗീഷ് അറിയാവുന്ന പാപ്പാനെ കിട്ടാത്തതു കൊണ്ട് ആനയെ കയറ്റി അയക്കാനുള്ള കരാര്‍ ലഭിച്ച ജയ് ഹിന്ദ് ഏജന്‍സിയിലെ ഉദ്യോഗസ്ഥനായ എം.ഒ വര്‍ഗീസ് എന്ന അടൂര്‍ സ്വദേശിയെ ഇതിനായി നിയോഗിച്ചു. 1955 ആഗസ്ത് 11ന് അംബികയും സംഘവും കപ്പല്‍ കയറി. 42 ദിവസത്തെ യാത്രയ്ക്ക് ശേഷമാണ് കാനഡയിലെത്തിയത്. ആനയെ ഏല്‍പ്പിച്ച് കൊടുത്ത് വര്‍ഗീസ് മടങ്ങി. ആന എത്താന്‍ കാരണക്കാരനായ പീറ്റര്‍ മാര്‍മോറെക് ആണ് അംബികയെ ഗ്രാന്‍ബിയില്‍ സ്വീകരിച്ചത്. സ്വീകരണ യോഗത്തില്‍ അന്ന് ഏഴു വയസ്സുകാരനായ പീറ്ററിന്റെ പ്രസംഗവുമുണ്ടായിരുന്നു.

അങ്ങനെ ഗ്രാന്‍ബി മൃഗശാലയിലെത്തിയ ആയിരക്കണക്കിന് കുട്ടികള്‍ക്ക് ആനന്ദം പകര്‍ന്ന് അംബിക അവിടെ ജീവിച്ചു. ആനയെ എത്തിക്കാന്‍ കാരണക്കാരനായ പീറ്റര്‍ ഈ സംഭവങ്ങള്‍ അനുസ്മരിച്ചുകൊണ്ട് 2005 ല്‍ എഴുതിയ ബ്ലോഗില്‍ അംബികയെ പിന്നെ കണ്ടെത്താനായില്ലെന്ന് എഴുതിയിട്ടുണ്ട്. പല സ്ഥലങ്ങളിലായിരുന്ന പീറ്റര്‍ 1995 ല്‍ ഗ്രാന്‍ബി മൃഗശാലയിലെത്തി അംബികയെ അന്വേഷിച്ചു. എന്നാല്‍ അംബിക എവിടെയാണെന്നോ എന്തു സംഭവിച്ചെന്നോ മൃഗശാല അധികൃതര്‍ക്ക് അറിയില്ലെന്നാണ് പീറ്റര്‍ പറയുന്നത്. പീറ്റര്‍ സ്വന്തം നിലയില്‍ അന്വേഷിച്ചെങ്കിലും വിവരമൊന്നും ലഭിച്ചില്ല.

ഹോളണ്ടിലേക്ക് മുരുകന്‍, ' നെഹ്‌റുവിന്റെ മരുമകന്റെ' വാഗ്ദാനം

നെതർലൻഡ്സിലെത്തിയ മുരുകനെ പ്രദർശിപ്പിച്ചപ്പോൾ | Photo Courtesy NATIONAL ARCHIVES OF THE NETHERLAND

നെതര്‍ലന്‍ഡ്‌സിന് ആനയെ കൊടുത്തതും ഇതുപോലൊരു കഥയാണ്. 1953 ലാണ് അതും സംഭവിച്ചത്. പ്രധാനമന്ത്രിയുടെ മരുമകനെന്ന് അവകാശപ്പെട്ട് റാം മോഹന്‍ ദത്താത്രേയ എന്നൊരാള്‍ ഹോളണ്ടിലെ കുട്ടികള്‍ക്ക് ഇന്ത്യ ആനയെ നല്‍കുമെന്ന് അറിയിച്ചിട്ടുണ്ടെന്നും അതേത്തുടര്‍ന്ന് ഒരു കുട്ടി കത്തയച്ചിട്ടുണ്ടെന്നും വിദേശകാര്യ സെക്രട്ടറി പ്രധാനമന്ത്രിയടെ ഓഫീസിനെ അറിയിച്ചു. ആകെ പ്രശ്‌നമായി, തനിക്കങ്ങനെ ഒരു ബന്ധു ഇല്ലെന്ന് നെഹ്‌റു വ്യക്തമാക്കി. ദത്താത്രേയയെ ചോദ്യം ചെയ്തപ്പോളാണ് സംഭവം വ്യക്തമായത്. ആംസ്റ്റര്‍ഡാമിലെ മെഡിക്കല്‍ വിദ്യാര്‍ഥിയായിരുന്നു ദത്താത്രേയ. ഒരു കമ്യൂണിറ്റി സെന്റര്‍ അദ്ദേഹം സന്ദര്‍ശിച്ചപ്പോള്‍ അവിടെ ഒരു ആനയുടെ ചിത്രം കണ്ടു. അപ്പോള്‍ സംസാരം ആനയെക്കുറിച്ചായി. ഒരു ആനയെ കിട്ടണമെങ്കില്‍ ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് കുട്ടികള്‍ കത്തയച്ചാല്‍ മതിയാകുമെന്നും അദ്ദേഹം പറഞ്ഞു. (കുട്ടികള്‍ കത്തയക്കുന്നതും നെഹ്‌റു ആനയെ അയക്കുന്നതും അന്ന വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്ന കാര്യമായിരുന്നു) എങ്ങനെ കത്തയക്കുമെന്ന് ചോദിച്ചപ്പോള്‍ ഇന്ത്യയില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ തന്റെ അമ്മാവനോട് ചോദിച്ച് പറയാമെന്നും ദത്താത്രേയ പറഞ്ഞു. എന്നാല്‍ ദത്താത്രേയയുടെ ഡച്ച് ഭാഷയിലെ പരിമിതി എല്ലാം കുളമാക്കി. കേട്ടവര്‍ നെഹ്‌റു ദത്താത്രേയയുടെ അമ്മാവനാണെന്ന് തെറ്റിദ്ധരിച്ചു. അതാണ് സംഭവിച്ചത്.

എന്തായാലും ഒരു എട്ടു വയസ്സുകാരിയുടെ കത്ത് നെഹ്‌റുവിന്റെ ഓഫീസില്‍ ലഭിച്ചു. പിന്തുണയുമായി 10,000 കുട്ടികള്‍ ഒപ്പിട്ട നിവേദനവും. അങ്ങനെ വീണ്ടും നിലമ്പൂര്‍ക്ക് വിളി വന്നു. 1954 നവംബറില്‍ നിലമ്പൂര്‍ കാടുകളില്‍ മേളിച്ച് നടന്നിരുന്ന ഒരു വയസ്സുള്ള ഒരു ആനക്കുട്ടിയെ പിടികൂടി മുരുകന്‍ എന്ന പേരും ഇട്ട് ആംസ്റ്റര്‍ഡാമിലേക്ക് കപ്പല്‍ കയറ്റി. ആയിരക്കണക്കിന് കുട്ടികള്‍ ഇന്ത്യന്‍ ദേശീയപതാകയും വീശി മുരുകനെ വരവേറ്റു. 2003 ല്‍ 50ാം വയസ്സില്‍ അസുഖം മൂലം ചെരിയുന്നത് വരെ ഇന്ത്യാ-ഡച്ച് ബന്ധത്തിന്റെ ഉദാത്ത മാതൃകയായി മുരുകന്‍ ജീവിച്ചു.

ആഷ്ട്രേ ഡിസൈന് കൂലി കുട്ടിയാന, ദാലിയുടെ വരകള്‍

ദാലിയുടെ ആഷ്ട്രേ

രാജ്യങ്ങള്‍ക്ക് പുറമെ സ്വകാര്യവ്യക്തിക്കും ഇന്ത്യ ഒരു ആനയെ സമ്മാനിച്ചിട്ടുണ്ട്. പ്രശസ്ത കലാകാരനായിരുന്ന സാല്‍വദോര്‍ ദാലിക്കാണ് ഇന്ത്യയില്‍ നിന്ന് ആനയെ ലഭിച്ചത്. എയര്‍ ഇന്ത്യക്ക് വേണ്ടി ചെയ്ത ആഷ്ട്രേ ഡിസൈന് പ്രതിഫലമായിരുന്നു ഈ ആന.

ഉയര്‍ന്ന ക്ലാസുകളിലെ വിമാന യാത്രക്കാര്‍ക്ക് വിലപിടിച്ച മൊമന്റോകള്‍ നല്‍കുന്ന പതിവുണ്ടായിരുന്നു വിമാനക്കമ്പനികള്‍ക്ക്. 1967ല്‍ എയര്‍ ഇന്ത്യ തങ്ങളുടെ ഫസ്റ്റ്ക്ലാസ് യാത്രക്കാര്‍ക്ക് ഇതു പോലുള്ള ഒരു സമ്മാനം നല്‍കാന്‍ തീരുമാനിച്ചു. ആഷ്ട്രേയാണ് മൊമന്റോ ആയി തീരുമാനിച്ചത്.

ഇത് ഡിസൈന്‍ ചെയ്യാന്‍ അക്കാലത്തെ പ്രശസ്ത സര്‍ റിയലിസ്റ്റിക് ചിത്രകാരനായിരുന്ന സാല്‍വദോര്‍ ദാലിയെ തിരഞ്ഞെടുത്തു. സ്‌പെയിന്‍കാരനായ ദാലി ആഷ്ട്രേ ഡിസൈന്‍ ചെയ്യാമെന്ന് സമ്മതിച്ചു. അരയന്നങ്ങള്‍ ചുമന്ന് നില്‍ക്കുന്ന ഒരു സര്‍പ്പം ചുറ്റിയ കക്കത്തോട് പോലുള്ള ആഷ്ട്രേയായിരുന്നു ദാലി ഡിസൈന്‍ ചെയ്തത്. തിരിച്ചു പിടിച്ചാല്‍ അരയന്നങ്ങളെ ആന പോലെയും തോന്നും. ദാലിയുടെ മാസ്മരിക ഡിസൈന്‍. 500 ലിമിറ്റഡ് എഡിഷന്‍ ആഷ്ട്രേകളാണ് കമ്പനിയുടെ ഫസ്റ്റ് ക്ലാസ് യാത്രക്കാര്‍ക്കായി നിര്‍മിച്ചത്.

ആഷ്ട്രേ ഡിസൈന്‍ ചെയ്തതിന് ദാലി പ്രതിഫലമായി ആവശ്യപ്പെട്ടത് ഒരു ആനയെ ആയിരുന്നു. ആനയ്ക്ക് ക്ഷാമമില്ലാത്തതിനാല്‍ സര്‍ക്കാര്‍ എതിരൊന്നും പറഞ്ഞില്ല. അങ്ങനെ ബെംഗ്‌ളൂരു മൃഗശാലയില്‍ നിന്ന് രണ്ടു വയസ്സുള്ള ഒരു ആനക്കുട്ടിയെ സംഘടിപ്പിച്ചു. അതുമായി എയര്‍ ഇന്ത്യ വിമാനം ബെംഗളൂരുവിൽ നിന്ന് ജനീവയിലേക്ക് പറന്നു. അവിടെ നിന്ന് ദാലിയുടെ താമസസ്ഥലമായ സ്‌പെയിനിലെ കാഡക്യൂവ്‌സിലേക്ക് ട്രക്കില്‍. വമ്പന്‍ സ്വീകരണമായിരുന്നു ആനയ്ക്ക് ലഭിച്ചത്. ആനയുടെ വരവ് പ്രമാണിച്ച് മേയര്‍ നഗരത്തിന് മൂന്നു ദിവസത്തെ അവധിയും പ്രഖ്യാപിച്ചു. സുരുസ് എന്നാണ് ദാലി ആനയ്ക്ക് പേരിട്ടത്.

ഹാനിബാളിനെപ്പോലെ ആനപ്പുറത്തിരുന്ന് ആല്‍പ്‌സ് കടന്ന് സവാരി നടത്താനായിരുന്നു തന്റെ ആഗ്രഹമെന്ന് ദാലി പറയുമായിരുന്നു. എന്നാല്‍ ആന വലുതായതോടെ അദ്ദേഹത്തിന് അതിനോടുണ്ടായിരുന്ന ഇഷ്ടം പോയി. 1971 ല്‍ ആനയെ ബാഴ്സലോണ മൃഗശാലയ്ക്ക് നല്‍കി. പിന്നീട് ഇവിടെ നിന്ന് വലന്‍സിയയിലെ മൃഗശാലയിലേക്ക് മാറ്റി. വലന്‍സിയ മൃഗശാലയില്‍ വെച്ച് സുരുസിന്റെ പേര് നൂയി എന്നാക്കി മാറ്റി. 50 വര്‍ഷത്തിന് ശേഷം 2017 ല്‍ നൂയി ചെരിഞ്ഞു.

സാൽവദോർ ദാലി

ഇതിന് പുറമെ ചൈന, സോവിയറ്റ് യൂണിയന്‍,യു.എസ്.എ, ജര്‍മനി, തുര്‍ക്കി, ഇറാന്‍, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങള്‍ക്കും ഇന്ത്യ ആനയെ നല്‍കിയിട്ടുണ്ട്. 1953 ലാണ് ആശ എന്ന ആനയെ ചൈനയ്ക്ക് നല്‍കിയത്. 1973 ലാണ് അഫ്ഗാനിസ്ഥാന് നല്‍കിയ മൂന്ന് വയസ്സുള്ള ഹാത്തി എന്ന ആന 1993 ഏപ്രിലില്‍ മൃഗശാലയ്ക്ക് നേരെയുണ്ടായ ബോംബാക്രമണത്തില്‍ പരിക്കേറ്റ് ചെരിഞ്ഞു. 1961 ല്‍ യു.എസിന് നല്‍കിയ അംബിക എന്ന ആന 2020 മാര്‍ച്ചില്‍ 72ാം വയസിലാണ് ചെരിഞ്ഞത്. വാഷിംഗ്ടണ്‍ മൃഗശാലയ്ക്ക് അശോക്, ശാന്തി എന്നീ ആനകളേയും ഇന്ത്യ നല്‍കിയിട്ടുണ്ട്.

ഏകനായി ശങ്കര്‍, ഇന്ത്യയിലെ ആഫ്രിക്കക്കാരന്‍

മുമ്പ് പറഞ്ഞതെല്ലാം വിദേശത്തേക്ക് പോയ ഇന്ത്യന്‍ ആനകളെക്കുറിച്ചാണ്. എന്നാല്‍ ഇന്ത്യയിലെത്തി ഏകനായി ജീവിക്കുന്ന ഒരു ആഫ്രിക്കന്‍ ആനയുടെ കഥ കൂടി പറയേണ്ടിയിരിക്കുന്നു. ഡല്‍ഹി മൃഗശാലയില്‍ ഉള്ള ശങ്കര്‍ എന്ന ആഫ്രിക്കന്‍ ആനയാണ് ഏകാന്തവാസം കൊണ്ട് വാര്‍ത്തകളില്‍ നിറഞ്ഞത്. സിംബാബ് വെയില്‍ നിന്നാണ് ഇപ്പോള്‍ 26 വയസ്സുള്ള ശങ്കര്‍ ഇന്ത്യയിലെത്തിയത്.

1998 ല്‍ അന്നത്തെ പ്രസിഡന്റായിരുന്ന ശങ്കര്‍ ദയാല്‍ ശര്‍മയ്ക്ക് സിംബാബ്‌വെ സമ്മാനിച്ചതാണ് ഈ ആനയെ. ശങ്കര്‍ ഒറ്റയ്ക്കാകണ്ട എന്നു കരുതി ബോംബായി എന്ന പിടിയാനയേയും ഇന്ത്യയിലെത്തിച്ചിരുന്നു. അന്നത്തെ സിംബാബ്‌വെ സ്ഥാനപതിയുടെ ഭാര്യയുടെ പേരായിരുന്നു അത്. ഡല്‍ഹി മൃഗശാലയിലായിരുന്നു ഇരുവരുടേയും വാസം. 2005 ല്‍ ബോംബായി ചെരിഞ്ഞു. അന്നു മുതല്‍ ശങ്കര്‍ ഏകാന്ത വാസത്തിലാണ്. ഇന്ത്യയില്‍ ആകെയുള്ളത് ശങ്കര്‍ അടക്കം രണ്ട് ആഫ്രിക്കന്‍ ആനകളാണ്. രണ്ടാമത്തേത് മൈസൂരു മൃഗശാലയിലാണ്.

ശങ്കർ ‌| www.change.org/

2021 സെപ്തംബറില്‍ യൂത്ത് ഫോര്‍ ആനിമല്‍സ് എന്ന സംഘടനയുടെ സ്ഥാപക നികിത ധവാന്‍ എന്ന പെണ്‍കുട്ടി ശങ്കറിന്റെ കേസ് കോടതിയിലെത്തിച്ചതോടെയാണ് ഇക്കാര്യം പൊതുജന ശ്രദ്ധയിലേക്ക് വന്നത്. ദേശീയവും അന്തര്‍ദേശീയവുമായി നിരവധി മൃഗസംരക്ഷണ ഗ്രൂപ്പുകളും ചലച്ചിത്ര പ്രവര്‍ത്തകരും നികിതയ്ക്ക് പിന്തുണയുമായി എത്തിയിട്ടുണ്ട്. ആഫ്രിക്കയിലെ ഏതെങ്കിലും വന്യജീവി സങ്കേതത്തതിലേക്ക് ശങ്കറിനെ മാറ്റണമെന്നാണ് മൃഗസ്‌നേഹികളുടെ ആവശ്യം.

എന്നാല്‍ ശങ്കറിനെ കാട്ടിലേക്ക് തിരിച്ചയക്കേണ്ട കാര്യമില്ലെന്നും മൃഗശാലയ്ക്കുള്ളില്‍ തന്നെ പാര്‍പ്പിക്കാനാവശ്യമായ ആവാസ വ്യവസ്ഥ ഒരുക്കുകയാണുത്തമമെന്നുമാണ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം നിയോഗിച്ച മൂന്നംഗ കമ്മിറ്റിയുടെ കണ്ടെത്തല്‍. ശങ്കറിന് കൂട്ടായി ആഫ്രിക്കയില്‍ നിന്ന് രണ്ട് പിടിയാനകളെ എത്തിക്കാനുള്ള ശ്രമവും നടത്തുന്നുണ്ട്.

ചൈനയുടെ പാണ്ട, ഓസ്‌ട്രേലിയയുടെ കോവാള, മംഗോളിയയുടെ കുതിര

മൃഗങ്ങളെ നയന്ത്രബന്ധത്തിനായി പല രാജ്യങ്ങളും ഉപയോഗിക്കാറുണ്ടെങ്കിലും ചൈനയാണ് മുന്‍പന്തിയില്‍. ചൈനയില്‍ മാത്രം കാണുന്ന ജീവി വര്‍ഗമായ ഭീമന്‍ പാണ്ടകളെ ചൈന സൗഹൃദത്തിന്റെ അടയാളമായി ചില രാജ്യങ്ങള്‍ക്ക് കൈമാറ്റം ചെയ്യാറുണ്ട്. 1957 ലാണ് ചൈന ഈ പരിപാടി തുടങ്ങിയത്. പാണ്ടകളുടെ എണ്ണത്തില്‍ കുറവ് വന്നതോടെ സമ്മാനമായി നല്‍കുന്ന പരിപാടി നിര്‍ത്തി പകരം പോറ്റാന്‍ കൊടുക്കുന്ന രീതിയാക്കി. പാണ്ട എന്നും ചൈനയുടേതായിരിക്കും. കുട്ടികളുണ്ടായാല്‍ അവയും. ഒരു നിശ്ചിത കാലയളവിലേയ്ക്കായിരിക്കും പാണ്ടകളെ നല്‍കുക. ഈ കാലത്തിനിടയില്‍ നയതന്ത്ര ബന്ധത്തില്‍ വിള്ളല്‍ വന്നാല്‍ പാണ്ടകളെ തിരിച്ചെടുക്കും.

ചൈനയുടെ പാണ്ടകളെപ്പോലെ നയന്ത്ര ബന്ധത്തിനായി ഓസ്‌ട്രേലിയ ഉപയോഗിക്കുന്ന മൃഗമാണ് കൊവാള. മൃഗങ്ങളെ നയതന്ത്ര ബന്ധ്തനുപയോഗിക്കുന്ന മറ്റൊരു രാജ്യം മംഗോളിയയാണ്. ലോകത്തിലെ മികച്ച കുതിരകളുള്ള മംഗോളിയ നിരവധി രാജ്യങ്ങള്‍ക്ക് കുതിരകളെ സമ്മാനിക്കാറുണ്ട്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മേദിക്കും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിനും മംഗോളിയ കുതിരകളെ നല്‍കിയിരുന്നു. എന്നാല്‍ മൃഗങ്ങളെ സമ്മാനമായി സ്വീകരിക്കുന്നത് 2005 മുതല്‍ ഇന്ത്യ നിര്‍ത്തലാക്കിയതിനല്‍ അവയെ ഇന്ത്യയിലേക്ക് കൊണ്ടുവന്നിരുന്നില്ല.

റഷ്യയുടെ ഫാല്‍ക്കണ്‍ ഡിപ്ലോമസിയും നേപ്പാളിന്റെ കാണ്ഡാമൃഗ ഡിപ്ലോമസിയും ഇക്കൂട്ടത്തില്‍പ്പെടുത്താവുന്നതാണ്. ഏകദേശം 26 ഓളം രാജ്യങ്ങള്‍ക്ക് നേപ്പാള്‍ കാണ്ഡാമൃഗങ്ങളെ നല്‍കിയിട്ടുണ്ട്. 1985 ല്‍ ഇന്ത്യക്ക് കാണ്ഡാമൃഗത്തെ സമ്മാനമായി നല്‍കിയാണ് നേപ്പാള്‍ ഈ പദ്ധതിക്ക് തുടക്കമിട്ടത്.

ഏകാകിയായ കാവൻ

കാവൻ| facebook.com/kaavantheelephant/

ഈ ആധുനിക കാലത്ത് ലോകത്തിലെ ഏറ്റവും ഏകാകിയായ ആന എന്നു പേര് കിട്ടിയ കാവന്റെ കഥ കൂടി പറഞ്ഞ് അവസാനിപ്പിക്കാം. 1985-ല്‍ ശ്രീലങ്കയിലെ പിന്നാവാല എലിഫന്റ് ഓര്‍ഫനേജില്‍ എത്തിപ്പെട്ട ഒരുവയസ്സുതികയാത്ത ഒരാനക്കുട്ടിയായിരുന്നു കലാപകാലത്ത് ശ്രീലങ്കന്‍ സൈന്യത്തെ പിന്തുണച്ചതിനുള്ള സ്‌നേഹോപഹാരമായി അന്നത്തെ പാകിസ്താന്‍ പ്രസിഡന്റ് സിയാ ഉള്‍ഹഖിന് ആ ആനക്കുട്ടിയെ സമ്മാനമായി നല്‍കാന്‍ ശ്രീലങ്കന്‍ ഭരണകൂടം തീരുമാനിച്ചു. അവന് 'കാവന്‍' എന്ന് പേരുവീണു. രണ്ടു രാജ്യങ്ങള്‍തമ്മിലുള്ള നയതന്ത്രബന്ധത്തിന്റെ ഊഷ്മള പ്രതീകമായാണ് കാവന്‍ ശ്രീലങ്കയില്‍നിന്ന് പാകിസ്താനിലെത്തിയത്. കൂട്ടുകാരിയായി 1990-കളില്‍ ബംഗ്ലാദേശില്‍നിന്ന് എത്തിയ സഹേലി 2012-ല്‍ ചരിഞ്ഞതോടെ കാവന്‍ ആകെ ഉലഞ്ഞു. സഹേലിയുടെ മരണം കാവനെ വല്ലാതെ ബാധിച്ചു. തടവിലാക്കപ്പെട്ട മൃഗങ്ങള്‍ക്കുണ്ടാകുന്ന സൂക്കോസിസ് എന്ന വിഷാദാവസ്ഥയിലേക്ക് കാവന്‍ പ്രവേശിച്ചു. ലോകത്തിലെ ഏകാകിയായ ആനയെന്ന പേര് കാവനുമേല്‍ പതിഞ്ഞു. കാവനെ മോചിപ്പിക്കണമെന്ന പ്രചാരണം ചൂടുപിടിച്ചു. 2020 മേയ് 21-ന് ഇസ്ലാമാബാദ് ഹൈക്കോടതി കാവനെ മോചിപ്പിക്കണമെന്ന് വിധിയെഴുതി. കംബോഡിയന്‍ കാട്ടിലെത്തിച്ച് കാവനെ തുറന്നു വിടാനാണ് അധികൃതര്‍ തീരുമാനിച്ചത്. പ്രത്യേകം തയ്യാറാക്കിയ കൂട്ടിനുള്ളിലാണ് കാവനുമായി വിമാനം പാകിസ്താനില്‍ നിന്ന് കംബോഡിയയിലേക്ക് പറന്നത്.

Reference:The pope's elephant,Book by Silvio Bedini, caravanmagazine.in,uhclem.livejournal.com/67499.html,www.elephant.se/database2.php?elephant_id=2859

Content Highlights: india's elephant diplomacy,pope's elephant,salvador dali's elephant,air india


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022

Most Commented