കശ്മീരില്‍ പുകയുന്നതെന്ത്


കേശവ മേനോന്‍

ഭീകരര്‍ നൂറുതവണ പരാജയപ്പെട്ടശേഷം ഒരിക്കല്‍ വിജയിച്ചാലും അത് കാര്യമായ നേട്ടമായി അവര്‍ കരുതുന്നു. എന്നാല്‍, ഓരോ തവണയും സുരക്ഷാസൈന്യത്തിന് വിജയിക്കേണ്ടതുണ്ട്

പ്രതീകാത്മക ചിത്രം

മുന്‍കാല വെടിനിര്‍ത്തല്‍ കരാറുകളെല്ലാം കര്‍ശനമായി പാലിക്കുമെന്ന ഫെബ്രുവരിയിലെ പാകിസ്താന്റെ വാഗ്ദാനം. എന്നാല്‍, ഇന്ത്യന്‍ സുരക്ഷാസംവിധാനം ഇത് ഒട്ടും മുഖവിലയ്‌ക്കെടുത്തിട്ടുണ്ടാവില്ല. അഫ്ഗാനിസ്താനിലെ സാഹചര്യം വ്യക്തമാകുന്നതുവരെ കശ്മീര്‍ മേഖലയില്‍ പ്രത്യേക വെല്ലുവിളികള്‍ നേരിടാതിരിക്കാന്‍ പാകിസ്താന്‍ സ്വീകരിച്ച വെറും തന്ത്രം മാത്രമായിരുന്നു അത്. എന്നാല്‍, ഇന്ത്യയെ സംബന്ധിച്ചിടത്തോളം, ഈ വെടിനിര്‍ത്തല്‍ വേനല്‍ക്കാലത്ത് കശ്മീര്‍ അതിര്‍ത്തിയില്‍ പതിവുള്ള തീവ്രമായ ആക്രമണങ്ങളെ നേരിടുന്നതില്‍നിന്ന് നിയന്ത്രണരേഖയിലെ സൈനികര്‍ക്ക് അല്പമെങ്കിലും വിശ്രമം നല്‍കുന്നതായി.

1972-ല്‍ ഇന്ത്യയ്ക്കും പാക്കധീനകശ്മീരിനും ഇടയിലുള്ള അതിര്‍ത്തി നിയന്ത്രണരേഖയായി പുനര്‍നിര്‍ണയിക്കുന്നതിനു മുന്‍പുതന്നെ വെടിനിര്‍ത്തല്‍ ലംഘനങ്ങള്‍ പതിവു സംഭവങ്ങളായിരുന്നു. അതിര്‍ത്തിക്കടുത്തുള്ള സംഭവവികാസങ്ങള്‍ മാത്രമായിരുന്നു 1989-ന് മുന്‍പ് വെടിവെപ്പുകളിലേക്ക് നയിച്ചിരുന്നത്.

മറുഭാഗത്തുള്ളവര്‍ തങ്ങളുടെ സൈനികവിന്യാസത്തില്‍ മാറ്റംവരുത്തുകയോ സൈനികബലം ശക്തിപ്പെടുത്തുകയോ ചെയ്യുന്നുണ്ടെന്നു തോന്നിയാല്‍ സൈനികര്‍ റൈഫിളുകളും മെഷീന്‍ ഗണ്ണുകളും മോര്‍ട്ടാറുകളും ഉപയോഗിക്കും. അതായിരുന്നു പതിവ്. മറുവശത്ത് പുതിയ യൂണിറ്റുകളെത്തിയാല്‍ നിയന്ത്രണരേഖയില്‍ മാസങ്ങളോളം സേവനമനുഷ്ഠിച്ചിട്ടുള്ള സൈനികര്‍ പുതുതായെത്തിയവരുടെ ശേഷിയറിയാന്‍ ശത്രുസൈന്യത്തിനുനേരെ വെടിയുതിര്‍ത്തിരുന്നു. ഈ ഏറ്റുമുട്ടലുകള്‍ ചിലപ്പോള്‍ ദിവസങ്ങളോളം നീണ്ടുനില്‍ക്കുകയും കനത്ത പീരങ്കി പ്രയോഗം വരെ വളരുകയോ ചെയ്യും. അവസാനം ഇരുഭാഗങ്ങളിലെയും ഉന്നത കമാന്‍ഡര്‍മാര്‍ ഇടപെട്ടാകും സ്ഥിതി ശാന്തമാക്കുക.

നുഴഞ്ഞുകയറ്റവും ഇന്ത്യന്‍ പ്രതിരോധവും

എന്നാല്‍, വ്യാപകമായിരുന്ന ഇത്തരം ഏറ്റുമുട്ടലുകള്‍ക്ക്, 1990-കളില്‍ അസംതൃപ്തരായ കശ്മീരി യുവാക്കളെ പ്രകോപിപ്പിച്ച് മേഖലയില്‍ കലാപാന്തരീക്ഷം സൃഷ്ടിക്കാന്‍ പാകിസ്താന് അവസരം ലഭിച്ചു തുടങ്ങിയതോടെ പുതിയൊരു മാനം കൈവന്നു. അന്നുമുതല്‍ നിയന്ത്രണരേഖയ്ക്കപ്പുറത്തുനിന്നുള്ള വെടിവെപ്പ് ഒരു പ്രത്യേകലക്ഷ്യത്തെ മുന്‍നിര്‍ത്തിക്കൊണ്ടുള്ളതായി. ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ ലക്ഷ്യമാക്കി കനത്ത വെടിവെപ്പു നടത്തി അവരെ തളച്ചിടുക. അതുവഴി കാവലില്ലാത്ത ഇടങ്ങളിലൂടെ ഭീകരര്‍ക്ക് നുഴഞ്ഞുകയറാന്‍ അവസരമൊരുക്കുക. സത്യത്തില്‍ പാക് സൈന്യത്തിന്റെ പത്താം കോര്‍ കഴിഞ്ഞ മൂന്നു പതിറ്റാണ്ടിലേറെയായി അതിര്‍ത്തികടന്നുള്ള ഭീകരവാദത്തെ പിന്തുണയ്ക്കാന്‍ മാത്രമായാണ് പ്രവര്‍ത്തിക്കുന്നത്.

ഇതിന് മറുപടിയായി, ഇന്ത്യന്‍ സൈന്യം നുഴഞ്ഞുകയറ്റ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുകയും അതിനെ പ്രതിരോധിക്കാനുള്ള തന്ത്രങ്ങളും നടപടികളും നിരന്തരം നവീകരിക്കുകയും ചെയ്തു. 700 കിലോമീറ്ററോളം നീളമുള്ള നിയന്ത്രണരേഖയില്‍ മുള്ളുകൊണ്ടുള്ള വേലി നിര്‍മിക്കാനെടുത്ത പരിശ്രമംതന്നെ മികച്ച ഉദാഹരണം. പാക് സൈനിക പോസ്റ്റുകള്‍ക്ക് വ്യക്തമായി കാണാവുന്ന ഇടങ്ങളിലൂടെയായിരുന്നു പലയിടത്തും വേലി കടന്നുപോയത്. പാക് സേനയുടെ വെടിവെപ്പിനെ നേരിട്ടും പ്രതിരോധിച്ചും തന്നെയാണ് സുരക്ഷാവേലിയുടെ നിര്‍മാണം പൂര്‍ത്തിയാക്കിയതും. പൂര്‍ത്തിയായ വേലിയുടെ ഭാഗങ്ങള്‍ തകര്‍ക്കാനുള്ള ഭീകരരുടെ ശ്രമങ്ങളെ കൈകാര്യം ചെയ്യുകയെന്നതും സൈന്യത്തിന് നിരന്തരം വെല്ലുവിളിയൊരുക്കി. എന്നാലിന്ന്, മുന്നില്‍ മൈന്‍ ഫീല്‍ഡുകളും പിന്നില്‍ നിരീക്ഷണ പോസ്റ്റുകളും ശക്തിപ്പെടുത്തിയ സൈനികസാന്നിധ്യവുമായി ഈ വേലിക്കെട്ടുകള്‍ ദൃഢമായിരിക്കുന്നു. സൈനികര്‍ക്ക് രാത്രിക്കാഴ്ച സാധ്യമാകുന്ന കണ്ണടകളും ഇന്‍ ബില്‍ട്ട് സെന്‍സറുകളും തെര്‍മല്‍ ഇമേജിങ് ഉള്‍പ്പെടെ സാധ്യമാകുന്ന അത്യാധുനിക സംവിധാനങ്ങളും മുഴുവന്‍ സമയവും നിയന്ത്രണരേഖയില്‍ സമ്പൂര്‍ണനിരീക്ഷണം സാധ്യമാക്കുന്നുണ്ട്. എന്നിട്ടും പട്രോളിങ്ങും പതിയിരുന്നുള്ള ആക്രമണങ്ങളും പ്രത്യാക്രമണങ്ങളും ഇന്നും സൈനികരുടെ ജീവന് നിത്യേന ഭീഷണിയുയര്‍ത്തുന്നു.

തങ്ങളുടെ നീക്കങ്ങള്‍ എല്ലായ്പ്പോഴും പ്രതിരോധാത്മകമായിരിക്കില്ലെന്ന് നിയന്ത്രണരേഖയില്‍ നിയോഗിക്കപ്പെട്ടിട്ടുള്ള സൈനികര്‍ തന്നെ സമ്മതിക്കുന്ന കാര്യമാണ്. ഉറിയില്‍ അതിര്‍ത്തി കടന്നു നടത്തിയ ആക്രമണം അത്തരത്തിലുള്ള ആദ്യസംഭവമായിരുന്നില്ല. രഹസ്യസ്വഭാവമുള്ള ഇത്തരം ഓപ്പറേഷനുകളെക്കുറിച്ച് പൊതുവേ വെളിപ്പെടുത്താറില്ല.

ഈ വക ഓപ്പറേഷനുകളുടെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതുപോലും നമ്മുടെ സൈന്യത്തിന്റെ കഴിവുകളെക്കുറിച്ച് ശത്രുവിന് ധാരണയുണ്ടാക്കിക്കൊടുക്കും. ദൗര്‍ഭാഗ്യവശാല്‍, ഉറി സംഭവത്തില്‍ പ്രസിദ്ധി മാത്രമാഗ്രഹിക്കുന്ന സര്‍ക്കാരിന് ആവേശം അടക്കിനിര്‍ത്താനായില്ല. ഒട്ടും ജാഗരൂകരല്ലാതിരുന്ന പ്രതിപക്ഷത്തിന് അത് തടയാനും.

ഏതാനും വര്‍ഷങ്ങള്‍ക്കിടെ കശ്മീര്‍ താഴ്വര സന്ദര്‍ശിച്ച നിരീക്ഷണപാടവമുള്ള ഏതൊരുവനും ഇപ്പോള്‍ നിലവിലുള്ള സുരക്ഷാശൃംഖലയുടെ ശക്തിയെക്കുറിച്ച് ഉറപ്പുപറയാനാകും. ടൗണിലും ഹൈവേയിലും റോന്തുചുറ്റുന്ന സംസ്ഥാനപോലീസുദ്യോഗസ്ഥര്‍ തൊട്ടടുത്തുള്ള സി.ആര്‍.പി.എഫ്. പിക്കറ്റിന്റെ നോക്കെത്തുന്ന ദൂരത്തായിരിക്കും. പട്രോളിങ് നടത്തുന്ന സൈന്യത്തിന്റെ പിന്തുണയും അവര്‍ക്കുണ്ടാകും. കശ്മീരിനെ ഗ്രിഡുകളായി തിരിച്ച് ഓരോന്നിന്റെയും ചുമതല രാഷ്ട്രീയ റൈഫിള്‍സിന്റെ ഓരോ ബറ്റാലിയനും നല്‍കിയിട്ടുണ്ടെന്ന് കൂടുതല്‍ അന്വേഷണങ്ങളില്‍ വ്യക്തമായിട്ടുണ്ട്. ലോകത്തിലെ ഏറ്റവും മികച്ച ഭീകരവിരുദ്ധ സേനകളിലൊന്നാണ് രാഷ്ട്രീയ റൈഫിള്‍സ്. ആത്യന്തികമായി ഭീകരരെ വേട്ടയാടി വീഴ്ത്തുകയെന്ന ഉത്തരവാദിത്വം നിര്‍വഹിക്കുക മികവുറ്റ പരിശീലനം നേടിയ പ്രത്യേക സൈനികസംഘത്തിലെ (പാരാ സ്‌പെഷല്‍ ഫോഴ്സ്) പോരാളികളായിരിക്കും.

ഉത്തരം റാവല്‍പിണ്ടിയില്‍

ഇത്രയും വിപുലമായ സുരക്ഷാസജ്ജീകരണങ്ങളുണ്ടായിട്ടും എന്തുകൊണ്ട് ഭീകരാക്രമണങ്ങളുണ്ടാകുന്നുവെന്ന ചോദ്യം നാം ചോദിച്ചേക്കാം. ലഭിക്കുന്ന ഉത്തരത്തെക്കുറിച്ചുള്ള സത്യം മനസ്സിലാക്കുന്നതില്‍ നമ്മളെപ്പോഴും പരാജയപ്പെടുന്നുവെന്നതാണ് ഈ ചോദ്യം ആവര്‍ത്തിച്ചുകൊണ്ടിരിക്കാനുള്ള കാരണം. ഭീകരര്‍ നൂറുതവണ പരാജയപ്പെട്ടശേഷം ഒരിക്കല്‍ വിജയിച്ചാലും അത് കാര്യമായ നേട്ടമായി അവര്‍ കരുതുന്നു. എന്നാല്‍, ഓരോ തവണയും സുരക്ഷാസൈന്യത്തിന് വിജയിക്കേണ്ടതായുണ്ട്. കാരണം ഓരോ പരാജയവും അസ്വീകാര്യമാണ്. ഓരോ ഭീകരാക്രമണത്തിന്റെ ആഘാതവും രാജ്യത്തുടനീളം അനുഭവപ്പെടും. അതു നമ്മളില്‍ അരക്ഷിതാവസ്ഥ തീര്‍ക്കും. അതേസമയം, ഭീകര ഉന്മൂലനവാര്‍ത്തയെ നാം തുലോം നിസ്സംഗമായാണ് സ്വീകരിക്കുക.

ആറുമാസംനീണ്ട ഈ സംതൃപ്തിക്കുശേഷം വീണ്ടും അസ്വസ്ഥതയുടെ വേദനയനുഭവിക്കാന്‍ തുടങ്ങിയിരിക്കുന്നു. പൂഞ്ച് സെക്ടറിലെ വന്‍ നുഴഞ്ഞുകയറ്റശ്രമങ്ങളും ഒക്ടോബറിന്റെ തുടക്കംമുതല്‍ സാധാരണക്കാര്‍ക്കുനേരെ നടന്ന ഭീകരാക്രമണങ്ങളും സ്ഥിതി സങ്കീര്‍ണമാകുന്നതിന്റെ സൂചന നല്‍കുന്നു. പഴയരീതികളിലേക്കുള്ള ഈ തിരിച്ചുപോക്ക് റാവല്‍പിണ്ടിയിലെ പാക് സൈനികാസ്ഥാനത്തുനിന്നുള്ള ഉത്തരവുകളുടെ പിന്‍ബലമില്ലാതെ സാധ്യമാവില്ലെന്ന യാഥാര്‍ഥ്യത്തില്‍ നിന്നുവേണം നാമിതിന്റെ കാരണങ്ങള്‍ ചികഞ്ഞുപോകാന്‍. അഫ്ഗാനിലെ സാഹചര്യം പാകിസ്താന് അനുകൂലമായി ഭവിച്ചാല്‍ കശ്മീര്‍ അതിര്‍ത്തിയില്‍ പ്രവര്‍ത്തിച്ചിരുന്ന ഭീകരര്‍ വീണ്ടും സജീവമാകുമെന്ന സാധ്യത എപ്പോഴും നിലനിന്നിരുന്നതാണ്. വെടിനിര്‍ത്തല്‍ പ്രഖ്യാപനം പടിഞ്ഞാറന്‍ അതിര്‍ത്തിയില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കാന്‍ പാകിസ്താന് സഹായകമായി. തങ്ങള്‍ വളര്‍ത്തുന്ന ഹഖാനി സംഘത്തെ താലിബാന്‍ ഭരണക്രമത്തില്‍ തിരുകാന്‍ വിചാരിച്ചതിലും വേഗത്തില്‍ അവര്‍ക്കുപറ്റി. പാകിസ്താന്‍ അതും ഒരവസരമായി കണ്ടു. കശ്മീരില്‍ ശൈത്യകാലം വന്ന് പര്‍വതപാതകള്‍ അടയ്ക്കും മുമ്പ് ആക്രമണങ്ങള്‍ വര്‍ധിപ്പിക്കാന്‍ അവര്‍ ശ്രമിക്കും.

അഫ്ഗാനിസ്താന്‍ ബന്ധം

താലിബാന്റെ വിജയത്തില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ട് കശ്മീരികള്‍ നടത്തുന്ന ആക്രമണങ്ങളാണ് ഇപ്പോഴുള്ളതെന്ന കെട്ടുകഥകള്‍ നമുക്ക് മാറ്റിവെക്കാം. ഭീകരരില്‍ ഭൂരിഭാഗവും പാക് പഞ്ചാബ് പ്രവിശ്യയുടെ തെക്കന്‍മേഖലകളില്‍നിന്നുള്ളവരും പാക് സൈന്യത്തിന്റെ സഹായത്തോടെ നിയന്ത്രണരേഖയിലേക്കെത്തി നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നവരുമാണ്. പൂഞ്ച് സംഭവത്തില്‍ അഫ്ഗാന്‍ ബന്ധം പ്രത്യക്ഷമാണെങ്കിലും അത് മറ്റൊരു തരത്തിലാണ്.

യു.എസ്. സൈന്യം അഫ്ഗാനിസ്താനില്‍നിന്ന് പിന്‍വാങ്ങുമ്പോള്‍ അവിടെയുപേക്ഷിച്ചുപോയവയില്‍ ഭീകര്‍ക്ക് ഉപയോഗപ്രദമായ കുറെയേറെ വസ്തുക്കളുണ്ട്. രാത്രിക്കാഴ്ച നല്‍കുന്ന കണ്ണടകള്‍, തെര്‍മല്‍ ഇമേജിങ് കിറ്റ്, ലേസര്‍ ടാര്‍ജറ്റിങ് ഉപകരണങ്ങള്‍, കൂടെക്കൊണ്ടുനടക്കാനാകുന്ന ആശയവിനിമയോപാധികള്‍, അണ്ടര്‍ ബാരല്‍ ഗ്രനേഡ് ലോഞ്ചറുകള്‍, ഭാരം കുറഞ്ഞ ബുള്ളറ്റ് പ്രൂഫ് പടച്ചട്ടകള്‍, അത്യാധുനിക ജി.പി.എസ്. സംവിധാനങ്ങള്‍ എന്നിവ. ഇത്തരം സംവിധാനങ്ങള്‍ മുമ്പും അവര്‍ക്ക് ലഭ്യമായിരുന്നെങ്കിലും ഇത്ര വലിയതോതിലുള്ളതായിരുന്നില്ല.

തങ്ങളുടെ ഈ ശേഖരത്തിലുണ്ടായ വലിയ വര്‍ധനയുമായി പൊരുത്തപ്പെടാന്‍ ഭീകരസംഘടനകള്‍ സമയമെടുക്കും. അവരുടെ തന്ത്രങ്ങളില്‍ സുപ്രധാനമായ പരിഷ്‌കരണം ഇനിയുണ്ടായേക്കും. അങ്ങനെയൊരു പരീക്ഷണത്തിന്റെ ഭാഗമായിരിക്കാം ഒരുപക്ഷേ, പൂഞ്ചിലുണ്ടായ നുഴഞ്ഞുകയറ്റം. അങ്ങനെയാണെങ്കില്‍ വരുന്ന വേനല്‍ക്കാലത്തിനുമുന്‍പ് തിരിച്ചടിക്കാന്‍ നമ്മുടെ സൈന്യം തയ്യാറായിരിക്കേണ്ടതുണ്ട്. അധ്യാപകരും തൊഴിലാളികളും മെഡിക്കല്‍ സ്റ്റോറുടമയുമടക്കമുള്ള സാധാരണക്കാരെ ലക്ഷ്യമിട്ട നിലവിലെ ആക്രമണങ്ങളുടെ മറുവശം പക്ഷേ ഇപ്പോഴും വിശദീകരിക്കപ്പെട്ടിട്ടില്ല.

പാകിസ്താനിലെ അധികാര വടംവലി

ഈ സാധാരണക്കാരെ വധിച്ചത് കശ്മീരികളാണെന്നാണ് ആക്രമണത്തിന്റെ സൂത്രധാരന്മാരെന്ന് പറഞ്ഞ് പോലീസ് പുറത്തുവിട്ട പേരുകള്‍ പരിശോധിച്ചാല്‍ വ്യക്തമാകുന്നത്. എന്നാലിതില്‍ അമ്പരപ്പിക്കുന്ന ചില കാര്യങ്ങളുണ്ട്. പാകിസ്താനയക്കുന്ന കൂലിപ്പടയാളികളില്‍നിന്ന് വ്യത്യസ്തമായി, കശ്മീരിലെ ഭീകരര്‍ക്ക് 'സ്വാതന്ത്ര്യപ്പോരാളികള്‍' എന്ന തങ്ങളുടെ പ്രതിച്ഛായ നിലനിര്‍ത്താനും സ്വന്തം താഴ്വരയിലെ ജനങ്ങളില്‍നിന്നുണ്ടായേക്കാവുന്ന അവജ്ഞ ഒഴിവാക്കാനും ഏതെങ്കിലും തരത്തിലുള്ള 'ധാര്‍മിക' നിലപാട് എടുക്കേണ്ടതുണ്ട്. ഈ കൊലപാതകങ്ങളെ കശ്മീരിലെ എല്ലാ രാഷ്ട്രീയസംഘടനകളും ഏകകണ്ഠമായി അപലപിച്ചതോടെ, ജനപിന്തുണയില്ലാതെ അതിജീവനം സാധ്യമല്ലാത്ത കശ്മീര്‍ വിഘടനവാദികള്‍ക്ക് തിരിച്ചടിയായിരിക്കുകയാണ്.

സാധാരണക്കാരെ കൊന്നുതള്ളുന്ന ഈ നീതികെട്ടരീതിക്ക് കലാപവിരുദ്ധ നടപടികളെ ദുര്‍ബലപ്പെടുത്താനാകില്ലെന്നുമാത്രമല്ല കൂടുതല്‍ രോഷം ആളിക്കത്തിക്കാനിടയാക്കുകയും ചെയ്യും. കശ്മീരിലെ നിരപരാധികളായ സാധാരണക്കാരോട് പ്രതികാരം ചെയ്യാന്‍ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലുള്ളവരെ പ്രകോപിപ്പിക്കുകയായിരുന്നു ഉദ്ദേശ്യമെങ്കില്‍ അക്കാര്യം നടക്കാന്‍ പോകുന്നുമില്ല. ഇത്തരം സാഹചര്യങ്ങളിലൂടെ ഇന്ത്യ മുമ്പും കടന്നുപോകുകയും അന്ധമായ പ്രതികരണങ്ങളുടെ വിഡ്ഢിത്തം നിറഞ്ഞ ഫലശൂന്യതയെക്കുറിച്ച് നമ്മള്‍ കൂടുതല്‍ ബോധവാന്മാരാകുകയും ചെയ്തിട്ടുണ്ട്.

നേരത്തേ പറഞ്ഞതുപോലെ, എല്ലാത്തിനുമുള്ള ഉത്തരം ശ്രീനഗറിലല്ല മറിച്ച് റാവല്‍പിണ്ടിയിലെ അതിസങ്കീര്‍ണമായ ഏതോ വ്യക്തിയുടെ മസ്തിഷ്‌കത്തിലാകും ഉണ്ടായിരിക്കുക. പാകിസ്താനില്‍ അധികാരവടംവലിയുടെ ഭാഗമായി ലഫ്. ജനറല്‍ ഫായിസ് ഹമീദിനെ ഇന്റര്‍ സര്‍വീസ് ഇന്റലിജന്‍സ് ഡയറക്ടര്‍ ജനറല്‍ സ്ഥാനത്തുനിന്ന് പുറത്താക്കാനുള്ള സൈനികമേധാവി ജനറല്‍ ഖമര്‍ ബാജ്വയുടെ ശ്രമങ്ങള്‍ നടക്കുന്ന അതേസമയം തന്നെ കശ്മീരില്‍ പ്രശ്‌നങ്ങളുടലെടുത്തത് വെറും യാദൃച്ഛികം മാത്രമായിരിക്കുമോ? കശ്മീരിലെ പുതിയ സ്ഥിതിഗതികളുടെ സാഹചര്യത്തില്‍ ഹമീദിനെ തത്സ്ഥാനത്തുനിന്ന് മാറ്റരുതെന്ന വാദത്തിന് ഉപോദ്ബലകമാകുന്ന തരത്തില്‍ എന്തെങ്കിലും സൃഷ്ടിക്കപ്പെട്ടതാണോ? ഊഹത്തിന്റെ അങ്ങേയറ്റമാണ് അത്തരമൊരു ചിന്തയെന്നറിയാം. എങ്കിലും കൈകാര്യം ചെയ്യേണ്ടത് പാകിസ്താന്‍ സൈന്യത്തെയാകുമ്പോള്‍ ഒരു സാധ്യതയും പരിഗണിക്കപ്പെടാതെ പോകരുത്.


(മാതൃഭൂമി മുന്‍ പത്രാധിപരാണ് ലേഖകന്‍)

Content Highlights: India- Pakistan Conflict

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
nedumbassery airport

1 min

ബാഗില്‍ എന്താണെന്ന വിമാന ജീവനക്കാരിയുടെ ചോദ്യം ഇഷ്ടപ്പെട്ടില്ല, ബോംബെന്ന് മറുപടി; അറസ്റ്റിലായി

Jul 3, 2022


lemon

1 min

കളിയാക്കിയവര്‍ക്ക് മറുപടി; അഷ്ടമുടിക്കായലോരത്ത് ഡോക്ടറുടെ ചെറുനാരങ്ങാവിപ്ലവം

Jul 3, 2022


terrorist

2 min

കശ്മീരില്‍ പിടിയിലായ ലഷ്‌കര്‍ ഭീകരന്‍ താലിബ് ഹുസൈന്‍ ഷാ ബിജെപി ഐടി സെല്‍ മുന്‍ തലവൻ

Jul 3, 2022

Most Commented