കോവിഡിനെതിരായ പ്രതിരോധ കുത്തിവെപ്പ് യഞ്ജത്തിൽ നൂറു കോടിയെന്ന മാന്ത്രികസംഖ്യ തൊട്ട് ഇന്ത്യ. ഇന്ന് (ഒക്ടോബർ 21) രാവിലെ 9.44-നാണ് ഔദ്യോഗികമായി വാക്‌സിനേഷൻ നൂറു കോടി കവിഞ്ഞത്. 29.16 കോടി (29,18,32,226) ജനങ്ങൾ രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ചപ്പോൾ 70.8കോടി (70,83,88,485) പേരാണ് ആദ്യ ഡോസ് വാക്‌സിൻ സ്വീകരിച്ചത്.
ആദ്യഘട്ടത്തിൽ രാജ്യം നേരിട്ട വാക്‌സിൻ ലഭ്യതക്കുറവ്, ചില വിഭാഗം ജനങ്ങളുടെ വാക്‌നിനേഷനോടുള്ള വിമുഖത എന്നിവ തരണം ചെയ്താണ് ഇന്ത്യയുടെ ഈ നേട്ടം. ആരോഗ്യപ്രവർത്തകർ ഉൾപ്പടെയുള്ള മുന്നണി
പോരാളികളുടെ അശ്രാന്തപരിശ്രമത്തിൻറെ ഫലം കൂടിയാണിത്. ഏതാനും മാസങ്ങൾക്ക് മുൻപ് രാജ്യം നേരിട്ട കോവിഡ് അതിവ്യാപനം ഇവിടുത്തെ ആരോഗ്യ സംവിധാനങ്ങളെ അപ്പാടെ പ്രതിസന്ധിയിലാഴ്ത്തിയിരുന്നു. എന്നാൽ മുന്നണി പോരാളികളുടെ അതിജീവനത്തിൻറെ കൈപിടിച്ച് രാജ്യം മുന്നോട്ടു നടന്നു. അവരോരോരുത്തരുടെയും പ്രയത്‌നവും ത്യാഗവുമാണ് ഈ നൂറുകോടി മികവ്.
ഈയവസരത്തിൽ, രാജ്യത്തെ വാക്‌സിനേഷൻ യജ്ഞത്തിൽ പങ്കാളികളായ എല്ലാ ആരോഗ്യ പ്രവർത്തകർക്കും പ്രധാനമന്ത്രി അഭിന്ദനം അറിയിച്ചു.
2021 ജനുവരി 16-ന് ആരോഗ്യപ്രവർത്തകർക്ക് കുത്തിവെപ്പ് നൽകിക്കൊണ്ടാണ് ഇന്ത്യയിൽ കോവിഡിനെതിരായ
വാക്‌സിനേഷൻ യഞ്ജം ആരംഭിച്ചത്. 3006 കുത്തിവെപ്പ് കേന്ദ്രങ്ങളിലൂടെ 165714 പേരാണ് ആദ്യദിനം വാക്‌സിനെടുത്തത്. ഫെബ്രുവരി 2 മുതൽ മറ്റ് മുന്നണിപ്പോരാളികൾക്കും കുത്തിവെപ്പ് നൽകി. തൊട്ടടുത്ത മാസം ഒന്നാം തീയതി മുതലായിരുന്നു മുതിർന്ന പൗരന്മാർക്കും 45 വയസ്സിന് മുകളിൽ പ്രായമുള്ള അസുഖബാധിതർക്കും മുൻഗണനാക്രമത്തിൽ പ്രതിരോധ കുത്തിവയ്പ്പ് നൽകിയത്.
കഴിഞ്ഞ മെയ് 1 മുതൽ 18 വയസ്സിന് മുകളിലുള്ള എല്ലാവർക്കും പ്രതിരോധ കുത്തിവയ്പ്പ് ലഭിച്ചു തുടങ്ങി. കഴിഞ്ഞ 10 മാസം കൊണ്ടാണ്, കൃത്യമായി പറഞ്ഞാൽ 278 ദിവസത്തോളമെടുത്താണ് ഇന്ത്യ നൂറുകോടി ഡോസ് തികയ്ക്കുന്നത്. വാക്‌സിൻ നൂറുകോടി ക്ലബ്ബിലേക്ക് ഇന്ത്യയെത്തുന്നത് ചൈനയ്ക്ക് തൊട്ടുപിറകെയാണ്. മറ്റുള്ള രാജ്യങ്ങളിലെ ജനംസംഖ്യ നൂറു കോടിക്ക് മുകളിൽ ഇല്ലാത്തതിനാൽ ഇന്ത്യയ്ക്കും ചൈനയ്ക്കും പുറമെ മറ്റാരും ഇതിലേക്ക് കടന്നുവരികയുമില്ല.
വാക്‌സസിൻ സംഭരണം, വിതരണം തുടങ്ങി എല്ലാ മേഖലകളിലും രാജ്യം നേരിട്ട വെല്ലുവിളികൾ ചെറുതല്ല. ആരോഗ്യ സംവിധാനങ്ങളുടെ പരിമിതി നേരിടുന്ന രാജ്യത്തെ ഉൾഗ്രാമങ്ങളിൽ വരെ വാക്‌സിനേഷൻ കേന്ദ്രങ്ങളാരംഭിച്ചു.വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ മലനിരകളിലെ ജനവാസ കേന്ദ്രങ്ങളിൽ ഡ്രോൺ സംവിധാനം ഉപയോഗിച്ചാണ് വാക്‌സിനെത്തിച്ചത്. ഒക്ടോബർ 5-ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ ഐ ഡ്രോൺ ക്യാമ്പയിൻ ലോഞ്ച് ചെയ്തു. മേക്ക് ഇന്ത്യ പദ്ധതിയിൽ നിർമ്മിച്ച ഡ്രോണുകളാണ് ഇതിനായി ഉപയോഗിക്കുന്നത്. മണിപ്പൂരിലെ ബിഷ്ണുപൂർ ജില്ലാ ആശുപത്രിയിൽ നിന്നും, കാരങ്ക് ദ്വീപിലേക്ക് ആദ്യമായി ഡ്രോണിൽ വാക്‌സിനെത്തി.
രാജ്യത്ത് നിലവിൽ 74,583 വാക്‌സിൻ വിതരണ കേന്ദ്രങ്ങളാണുള്ളത്. ഇതിൽ 72,396 എണ്ണം സർക്കാർ തലത്തിലും 2,187 എണ്ണം സ്വകാര്യ മേഖലയിലുമാണ്.
നൂറിന്റെ പെരുമ നേടിയവർ
കുത്തിവയ്‌പ്പെടുക്കേണ്ട മുഴുവൻ പേർക്കും ഒരു ഡോസ് വാക്‌സിനെങ്കിലും നൽകി കോവിഡ് പ്രതിരോധത്തിന്റെ 100 ശതമാനം മാതൃക തീർത്തവരാണ് സിക്കിം, ഗോവ, ഹിമാചൽ പ്രദേശ്, ലഡാക്ക്, ചണ്ഡീഗഢ്, ലക്ഷദ്വീപ്, ഉത്തരാഖണ്ഡ്, ദാദ്ര ആൻറ് നഗർ ഹവേലി, ദമൻ ആന്റ് ദിയു എന്നിവ (സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ഉൾപ്പടെ). സംസ്ഥാനങ്ങളിൽ ഈ നേട്ടം ആദ്യം സ്വന്തമാക്കിയത് ഹിമാചൽ പ്രദേശ് ആണ് (ഓഗസ്റ്റ് 29ന്). തുടർന്ന് ഗോവയും സിക്കിമും. കേന്ദ്രഭരണ പ്രദേശങ്ങളിൽ ദാദ്ര ആൻറ് നഗർ ഹവേലി - ദമൻ ആൻറ് ദിയുവും പിന്നെ ലഡാക്കും ലക്ഷദ്വീപും. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ജനസംഖ്യാനുപാതം ഇവിടങ്ങളിൽ കുറവാണ്.
ഗോവ | 20,84,722(ആകെ ഡോസ്) |
ഡോസ് 1 | 12,49,646 |
ഡോസ് 2 | 8,35,076 |
പുരുഷന്മാർ | 1140078 |
സ്ത്രീകൾ | 944438 |
ഹിമാചൽ പ്രദേശ് | 88,03,656(ആകെ ഡോസ്) |
ഡോസ് 1 | 56,93,526 |
ഡോസ് 2 | 31,10,130 |
പുരുഷന്മാർ | 4480099 |
സ്ത്രീകൾ | 4321589 |
ലഡാക്ക് | 3,55,534 |
ഡോസ് 1 | 2,07,873 |
ഡോസ് 2 | 1,47,661 |
പുരുഷന്മാർ | 204342 |
സ്ത്രീകൾ | 151151 |
ചണ്ഡീഗഡ് | 14,33,119 |
ഡോസ് 1 | 9,19,384 |
ഡോസ് 2 | 5,13,038 |
പുരുഷന്മാർ | 818976 |
സ്ത്രീകൾ | 613922 |
ലക്ഷദ്വീപ് | 99,868 |
ഡോസ് 1 | 55,040 |
ഡോസ് 2 | 44,828 |
പുരുഷന്മാർ | 53181 |
സ്ത്രീകൾ | 46682 |
ഉത്തരാഖണ്ഡ് | 1,09,49,558 |
ഡോസ് 1 | 74,38,357 |
ഡോസ് 2 | 35,11,201 |
പുരുഷന്മാർ | 56,36,155 |
സ്ത്രീകൾ | 5309231 |
ദാദ്ര & നാഗർ ഹവേലി | 5,54,703 |
ഡോസ് 1 | 3,85,938 |
ഡോസ് 2 | 1,68,765 |
പുരുഷന്മാർ | 388860 |
സ്ത്രീകൾ | 165763 |
ജസസാന്ദ്രതയേറിയ സംസ്ഥാനങ്ങളായ കേരളം, മധ്യപ്രദേശ്, ഡൽഹി, ഗുജറാത്ത് എന്നിവിടങ്ങളിൽ 90 ശതമാനം പേർക്കും ആദ്യ ഡോസ് വാക്‌സിൻ നൽകിയിട്ടുണ്ട്. വൈകാതെ തന്നെ ഈ സംസ്ഥാനങ്ങളും നൂറ് ശതമാനത്തിലെത്തും. ജനസാന്ദ്രത കുറഞ്ഞ വടക്കു കിഴക്കൻ സംസ്ഥാനങ്ങളായ മേഘാലയ, മണിപൂർ, നാഗാലാൻറ്, കേന്ദ്രഭരണ പ്രദേശമായ പോണ്ടിച്ചേരി എന്നിവ വാക്‌സിനേഷനിൽ അൽപം പിറകിലാണ്. ഇവിടങ്ങളിൽ ഒരു ഡോസ് വാക്‌സിനെടുത്തവർ 60 ശതമാനത്തിലെത്തിയതേയുള്ളൂ.
കൂടുതൽ ജനസംഖ്യയുള്ള വലിയ സംസ്ഥാനമായ ഉത്തർപ്രദേശ്, വെസ്റ്റ് ബംഗാൾ, ബിഹാർ, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ 17-20 ശതമാനം പേരാണ് വാക്‌സിനേഷൻ പൂർത്തീകരിച്ചത്. ആദ്യ ഡോസ് സ്വീകരിച്ചവർ 70 ശതമാനത്തോളവും മാത്രമാണ്. എന്നാൽ, ആകെ കുത്തിവെപ്പുകളുടെ കണക്കെടുക്കുമ്പോൾ യുപിയാണ് മുന്നിൽ 12.2 കോടി (12,21,60,335). എന്നാൽ 24.1 കോടി ജനസംഖ്യയുള്ള യു.പിയിൽ ആദ്യ ഡോസ് വാക്‌സിൻ സ്വീകരിച്ചത് 9.4 കോടി ( 9,43,10,672 )പേരാണ്. പൂർത്തീകരിച്ചവർ 2.7 കോടിയും( 2,78,49,663).
കേരളം | 3,75,68,773 (ആകെ ഡോസ്) |
ഡോസ് 1 | 2,51,30,922 |
ഡോസ് 2 | 1,24,37,851 |
മധ്യപ്രദേശ് | 6,72,29,068 |
ഡോസ് 1 | 4,94,94,922 |
ഡോസ് 2 | 1,77,34,146 |
ഡൽഹി | 1,98,34,406 |
ഡോസ് 1 | 1,28,19,754 |
ഡോസ് 2 | 70,14,652 |
ഗുജറാത്ത് | 6,76,71,476 |
ഡോസ് 1 | 4,41,65,347 |
ഡോസ് 2 | 2,35,06,129 |
2021-നകം ഏവരുടെയും വാക്‌സിനേഷൻ പൂർത്തീകരിക്കണമെന്നാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഈ ലക്ഷ്യം കൈവരിക്കുന്നതിനായി കുറഞ്ഞത് പ്രതിദിന ശരാശരി ഡോസ് 6.8 ദശലക്ഷം ആയിരിക്കണം. എന്നാൽ ഏപ്രിലിൽ (45 വയസ്സിന് മുകളിലുള്ളവരുടെ വാക്‌സിനേഷൻ ആരംഭിച്ച്) വാക്‌സിനേഷൻ നിരക്കിൽ ഇടിവ് സംഭവിച്ചു. മാസത്തെ ആദ്യ ആഴ്ചകളിലെ പ്രതിദിന ശരാശരി ഡോസ് 3.6 ദശലക്ഷം ആയിരുന്നെങ്കിൽ പിന്നീടത് 2.8 ദശലക്ഷമായി കുറഞ്ഞു.
രാജ്യത്ത് 18 വയസ്സിന് മുകളിൽ പ്രായമുള്ള എല്ലാവർക്കും മെയ് ഒന്നു മുതൽ കുത്തിവെപ്പ് നടത്താൻ ആവശ്യമായ വാക്‌സിൻ സംസ്ഥാനങ്ങൾ മരുന്ന് നിർമ്മാണ കമ്പനികളിൽനിന്ന് നേരിട്ട് വാങ്ങണമെന്ന് കേന്ദ്രം നിലപാട് എടുത്തിരുന്നു. എന്നാൽ പിന്നീട് ഇതിൽനിന്ന് പിന്നോട്ട് പോവുകയും യുവജനങ്ങൾക്കുള്ള പ്രതിരോധ കുത്തിവെപ്പ് സൗജന്യമായിരിക്കുമെന്ന് ജൂൺ 8-ന് പ്രഖ്യാപിക്കുകയും ചെയ്തു.
ആകെ 6.1 കോടി ( 6,10,57,003) വാക്‌സിനാണ് മെയ് മാസത്തിൽ നൽകിയത്. പ്രതിദിനം 19.6 ലക്ഷം (19,69,580) പേർക്ക് കുത്തിവെപ്പ് ലഭിച്ചു. മെയ് മാസത്തിൽനിന്ന് ജൂണിലേക്ക് കടന്നപ്പോൾ വാക്‌സിനേഷനിൽ 96 ശതമാനത്തിന്റെ വർധനയാണുണ്ടായത്. ജൂൺ മാസത്തിൽ 11.9 കോടി ഡോസ് വാക്‌സിനാണ് രാജ്യത്ത് നൽകിയത്. സർക്കാർ കണക്കനുസരിച്ച് പ്രതിദിനം 39 ലക്ഷം കുത്തിവെപ്പുകൾ നടന്നു. വാക്‌സിൻ ക്ഷാമത്തിൽനിന്ന് രാജ്യം പൂർണ്ണമായി കരകയറിയത് ഓഗസ്റ്റ് മാസത്തിലാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 71ാം ജന്മദിനത്തിൽ സെപ്തംബർ 17ന് മാത്രം 25 ദശലക്ഷത്തോളം ഡോസ് വാക്‌സിനാണ് രാജ്യത്ത് വിതരണം ചെയ്തത്. ഇതിന് മുൻപ് ഓഗസ്റ്റ് 31നാണ് വാക്‌സിനേഷൻ നിരിക്കിൽ വലിയ മുന്നേറ്റം രേഖപ്പെടുത്തിയത്, 12. 87 ദശലക്ഷം.
ഇന്ത്യയിൽ അംഗീകാരം നൽകിയ വാക്സിനുകൾ
സിറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ കോവിഷീൽഡ്, ഭാരത് ബയോടെക്കിന്റെ കോവാക്സിൻ ഗമേലിയ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സ്പുട്നിക്, മോഡേണ വാക്സിൻ, ജോൺസൺ ആന്റ് ജോൺസന്റെ ഒറ്റ ഡോസ് വാക്സിൻ, സൈഡസ് കാഡിലയുടെ സൈകോവ് ഡി വാക്സിൻ തുടങ്ങിയവയാണ് ഇന്ത്യ അംഗീകരിച്ച വാക്‌സിനുകൾ. രാജ്യത്ത് നിലവിൽ നൽകിക്കൊണ്ടിരിക്കുന്ന വാക്‌സിനുകൾ കോവിഷീൽഡ്, കോവാക്‌സിൻ, സ്പുട്‌നിക് വി എന്നിവയാണ്. ഏറ്റവുമധികം പേർ സ്വീകരിച്ചത് കോവിഷീൽഡ് വാക്‌സിനാണ്, 88 കോടിയോളം (87,95,08,312). കോവാക്‌സിൻ സ്വീകരിച്ചവർ 11.4 കോടിയും (11,40,84,193) വരും.
2-18 വയസ്സുവരെ പ്രായമുള്ള കുട്ടികൾക്ക് കോവിഡ് വാക്‌സിന് (കോവാക്‌സിൻ ) നൽകാൻ ഐ.സി.എം.ആറും ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയും അംഗീകാരം നൽകിയിട്ടുണ്ട്. സർക്കാർ അനുമതി കൂടെ ലഭിച്ചശേഷമാണ് കുട്ടികളിലെ വാക്‌സിനേഷൻ ആരംഭിക്കുക. എന്നാൽ, സമയക്രമം ഇപ്പോൾ വ്യക്തമാക്കാനാകില്ലെന്ന് കോവിഡ് ദൗത്യസേനാ മേധാവി ഡോ. വി.കെ. പോൾ പറഞ്ഞു. വാക്‌സിൻ ലഭ്യതകൂടെ പരിഗണിച്ചുകൊണ്ടായിരിക്കും ഇതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ഇന്ത്യ ലോകത്തിന്റെ ഫാർമസി
കൊറോണ പോരാട്ടത്തിൽ ലോകരാജ്യങ്ങൾക്ക് പ്രതിരോധ വാക്‌സിനെത്തിച്ച് നൽകിയാണ് ഇന്ത്യ പിന്തുണ നൽകിയത്. ഇന്ത്യയിൽ സെറം ഇൻസ്റ്റിറ്റ്യൂട്ട്, ഭാരത് ബയോടെക് എന്നിവ നിർമ്മിച്ച വാക്‌സിനുകൾ ഭൂട്ടാൻ, മാലിദ്വീപ്, ബംഗ്ലാദേശ്, നേപ്പാൾ, മൗറീഷ്യസ്, സെയ്ഷെലസ്, ശ്രീലങ്ക, യു.എ.ഇ., ബ്രസീൽ, മൊറോക്കോ, ബഹ്റൈൻ, ഒമാൻ, ഈജിപ്ത്, അൽജീരിയ, കുവൈറ്റ്, ദക്ഷിണാഫ്രിക്ക, സൗദി, മംഗോളിയ, കാനഡ തുടങ്ങി നിരവധി രാജ്യങ്ങളിലും കരീബിയൻ ദ്വീപുകളിലുമെത്തിച്ചു.
ലോകരാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ രണ്ടു ഡോസ് വാക്സിനേഷനും എടുത്ത ജനങ്ങളുടെ കണക്കിൽ 22-ാം സ്ഥാനത്താണ് ഇന്ത്യ. മൊത്തം ജനസംഖ്യയുടെ 20.6% പേർക്ക് മാത്രമേ രാജ്യത്ത് രണ്ട് ഡോസ് വാക്സിനും നൽകാൻ സാധിച്ചിട്ടുള്ളു.
കഴിഞ്ഞ മൂന്ന് മാസത്തിനിടെ വാക്‌സിനേഷൻ നിരക്കിൽ ഇന്ത്യ വൻ മുന്നേറ്റമാണ് നടത്തിയത്. എന്നാൽ ഈ വർഷം അവസാനിക്കുന്നതിന് മുൻപായി സമ്പൂർണ വാക്‌സിനേഷൻ (രണ്ട് ഡോസ്) പൂർത്തിയാക്കണമെന്ന കടമ്പയാണ് മുന്നിലുളളത്. ഡിസംബർ 31-നകം ലക്ഷ്യം കൈവരിക്കണമെങ്കിൽ മികച്ച രീതിയിൽ വാക്‌സിനേഷൻ ക്യാമ്പയിൻ പുരോഗമിക്കണം. സർക്കാർ കണക്കനുസരിച്ച് എഴുപത് ശതമാനത്തിലധികം പേർക്കാണ് രാജ്യത്ത് ഒരു ഡോസ് വാക്‌സിനെങ്കിലും ലഭിച്ചത്.
രാജ്യത്ത് കോവിഡ് മൂന്നാം തരംഗം പിടിച്ചു നിർത്തുന്നതിലും കൊറോണ പടർന്നു പിടിക്കുന്നത് നിയന്ത്രിക്കുന്നതിലും വാക്‌സിനേഷൻ പ്രധാന പങ്ക് വഹിച്ചുവെന്നാണ് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്. ഇക്കഴിഞ്ഞ 4 മാസത്തിനിടെ കോവിഡ് ബാധിതരുടെ എണ്ണത്തിൽ കാര്യമായ കുറവുണ്ടായി. തുടർച്ചയായ 10 ദിവസങ്ങളിൽ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 20,000-ത്തിൽ കവിഞ്ഞിട്ടില്ല.
ഇസ്രയേൽ, അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങൾ, രണ്ട് ഡോസിന് ശേഷം ബൂസ്റ്റർ ഡോസ് കൂടി നൽകി കൊണ്ടിരിക്കുകയാണ്. എന്നാൽ, ബൂസ്റ്റർ ഡോസിൽ ഇന്ത്യ നിലപാട് വ്യക്തമാക്കിയിട്ടില്ല. നിലവിൽ ബൂസ്റ്റർ ഡോസിനെ കുറിച്ചുള്ള ചർച്ചകൾ പ്രസക്തമല്ല. ഇപ്പോഴത്തെ ആവശ്യം എല്ലാവർക്കും രണ്ട് ഡോസ് വാക്‌സിൻ നൽകുക. അതു തുടർന്നു പോകുകയാണെന്നും ഐ.സി.എം.ആർ. ഡയറക്ടർ ജനറൽ ബൽറാം ഭാർഗവ ഈ മാസം ആദ്യം തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
ഇന്ത്യയിൽ ബെംഗളൂരുവിൽ ഉൾപ്പെടെ ചില പഠനങ്ങൾ നടന്നു. ചില ആശുപത്രികളിലെ പഠനം വ്യക്തമാക്കുന്നത് 95 ശതമാനം ആൻറിബോഡികളും ഒരു വർഷം വരെ നിലനിൽക്കുന്നുവെന്നാണ്. അതിനാൽ ബൂസ്റ്റർ ഡോസെന്ന ചർച്ച പ്രസക്തമല്ലെന്ന് ഭാർഗവ പറഞ്ഞു
പ്രതിരോധ കുത്തിവയ്പ്പ് കോവിഡിൽ നിന്ന് സമ്പൂർണ സുരക്ഷ ഉറപ്പു നൽകുന്നില്ലെങ്കിലും ആശുപത്രിവാസം കുറയ്ക്കുന്നതിന് വലിയൊരു പരിധിവരെ സഹായിക്കും. രോഗം അതിസങ്കീർണമായി ജീവഹാനി സംഭവിക്കാതിരിക്കാനും വാക്‌സിനേഷൻ മാത്രമാണ് നിലവിലെ ഏക പോം വഴി. വാക്‌സിനേഷനിൽ രാജ്യം നൂറ് കോടിയെന്ന മാന്ത്രിക സംഖ്യ തൊടുന്നതിന് മുന്നോടിയായി കേന്ദ്ര സർക്കാർ വാക്‌സിനേഷൻ ഗാനം പുറത്തിറക്കിയിരുന്നു. വാക്‌സിനേഷനിലൂടെ കൊറോണയ്‌ക്കെതിരായ പോരാട്ടത്തിൽ പങ്കുചേരേണ്ടത് ഓരോരുത്തരുടെയും ഉത്തരവാദിത്തമാണെന്ന് ഓർമ്മിപ്പിക്കുന്നതാണ് ഈ ഗാനം.
Content Highlights: India completed 100 crore Covid 19 vaccination | In-Depth
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..