വന്ദേഭാരത് മാത്രമല്ല, പാസഞ്ചര്‍ മുതല്‍ മഹാരാജ വരെ; ഇന്ത്യയിലെ പ്രധാന തീവണ്ടികളിതാ


By എം.എസ്. രാഖേഷ് കൃഷ്ണന്‍

9 min read
Read later
Print
Share

വന്ദേഭാരത്

ന്ത്യന്‍ റെയില്‍വേയുടെ ചരിത്രം രാജ്യത്തെ വികസനത്തിന്റെ ചരിത്രം കൂടിയാണ്. ചരക്കുനീക്കത്തിനായി ബ്രിട്ടീഷുകാര്‍ തുടങ്ങിയ റെയില്‍വേ സംവിധാനം ഇന്ന് രാജ്യത്തിന്റെ അഖണ്ഡതയെയും നാനാത്വത്തെയും സൂചിപ്പിക്കുന്ന പ്രതീകമായി മാറിയിട്ടുണ്ട്. 1853 ഏപ്രില്‍ 16-നാണ് ഇന്ത്യയിലെ ആദ്യ തീവണ്ടി ഓട്ടം തുടങ്ങിയത്. ബോംബെയില്‍നിന്ന് താനെ വരെയായിരുന്നു ആദ്യവണ്ടി. 34 കിലോ മീറ്റര്‍ ദൂരം. 400 യാത്രക്കാര്‍ക്ക് ഇതില്‍ ഒരേസമയം കയറാമായിരുന്നു. ബോംബെ സര്‍ക്കാറില്‍ ചീഫ് എന്‍ജിനീയറായിരുന്ന ജോര്‍ജ് ക്ലാര്‍ക്കിന്റെ മനസ്സില്‍ തോന്നിയ ആശയമാണ് ആദ്യ വണ്ടിയുടെ തുടക്കത്തിലേക്ക് നയിച്ചത്.

കേരളത്തില്‍ തിരൂര്‍ - ബേപ്പൂര്‍ പാതയിലൂടെയാണ് ആദ്യമായി തീവണ്ടി ഓടിയത്. 1861 മാര്‍ച്ച് 12-നാണ് ഈ പാതയിലൂടെ ഓട്ടം ആരംഭിച്ചത്. ഇന്ന് ബേപ്പൂര്‍ റെയില്‍വേ സ്റ്റേഷനില്ല. കൂടുതല്‍ സൗകര്യത്തിനുവേണ്ടി കോഴിക്കോട് റെയില്‍വേ സ്‌റ്റേഷന്‍ പിന്നീട് പണികഴിപ്പിക്കുകയായിരുന്നു. ഇന്ന് ഓരോ ദിവസവും ഏകദേശം 11,000 വണ്ടികളാണ് ഇന്ത്യന്‍ റെയില്‍വേ ഓടിക്കുന്നത്. ഇതില്‍ 7,000 എണ്ണവും പാസഞ്ചര്‍ വണ്ടികളാണ്. പുക തുപ്പി ഓടിയിരുന്ന തീവണ്ടികള്‍ ഡീസല്‍ വണ്ടികളും വൈദ്യുത ട്രെയിനുകളായി മാറി. പൂര്‍ണമായും ഇന്ത്യയില്‍ നിര്‍മിച്ച മേധയും കുതിച്ചുപായുന്ന വന്ദേ ഭാരതും രാജകീയസൗകര്യങ്ങളുള്ള മഹാരാജ എക്‌സ്പ്രസും ആലോചനയിലുള്ള ബുള്ളറ്റ് ട്രെയിനുമൊക്കെ നമ്മുടെ കരുത്തിന്റെ വിളംബരങ്ങളാണ്. ഹൈഡ്രജന്‍ വണ്ടികളും ഉടനെയെത്തും. പ്രധാനമായും രണ്ട് തരത്തിലുള്ള വണ്ടികളാണ് ഇന്ത്യന്‍ റെയില്‍വേക്കുള്ളത്. യാത്രാവണ്ടികളും ചരക്കുവണ്ടികളും.

ടോയ് ട്രെയിന്‍

യാത്രാവണ്ടികള്‍

പാസഞ്ചര്‍: എല്ലാ സ്റ്റേഷനിലും നിര്‍ത്തുന്ന വണ്ടികളാണിവ. വേഗം കുറവായിരിക്കും. ടിക്കറ്റ് നിരക്കും കുറവാണ്. സാധാരണയായി ഇതില്‍ റിസര്‍വേഷന്‍ സൗകര്യമുണ്ടായിരിക്കില്ല.

ജന്‍സാധാരണ്‍: ദീര്‍ഘദൂര സര്‍വീസ് നടത്തുന്ന വണ്ടികളാണിവ. സാധാരണക്കാര്‍ക്ക് ഉപകാരപ്പെടുന്ന രീതിയില്‍ ശതാബ്ദി, രാജധാനി വണ്ടികളോടുന്ന റൂട്ടുകളിലാണ് ഇവ ഓടുന്നത്. റിസര്‍വേഷന്‍ സൗകര്യമുണ്ടാകില്ല.

സൂപ്പര്‍ഫാസ്റ്റും എക്‌സ്പ്രസും: സാധാരണ നമ്മുടെ നാട്ടിലോടുന്ന വണ്ടികളാണ് സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസുകളും എക്‌സ്പ്രസുകളും. സൂപ്പര്‍ഫാസ്റ്റിന് അല്‍പം വേഗത കൂടും. സ്റ്റോപ്പുകളും കുറവാകും. നിരക്ക് താരതമ്യേന കൂടുതലായിരിക്കും. എക്‌സ്പ്രസിന് പാസഞ്ചര്‍ ട്രെയിനുകളെ അപേക്ഷിച്ച് സ്റ്റോപ്പുകള്‍ കുറവാണ്. നിരക്കാകട്ടെ കൂടുതലും.

മെയില്‍: നേരത്തെ തപാല്‍ ഉരുപ്പടികള്‍ കൊണ്ടുപോകാനായി പ്രത്യേക കോച്ചുകളുമായി ഓടിയിരുന്ന വണ്ടികളായിരുന്നു ഇവ. ഇന്ന് പല വണ്ടികളിലും തപാല്‍ ഉരുപ്പടികള്‍ കൊണ്ടുപോകുന്നുണ്ട്. അതിന് സാധാരണ കോച്ചുകള്‍ തന്നെയാണ് ഉപയോഗിക്കുന്നത്.

സബര്‍ബന്‍: ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ചെന്നൈ പോലുള്ള വന്‍ നഗരങ്ങളിലോടുന്ന വണ്ടികളാണ് സബര്‍ബന്‍ ട്രെയിനുകള്‍. എല്ലാ സ്‌റ്റേഷനുകളിലും നിര്‍ത്തുന്ന ഇവയില്‍ റിസര്‍വേഷന്‍ സൗകര്യമുണ്ടായിരിക്കില്ല. നഗരങ്ങളിലെ തിരക്ക് കുറയ്ക്കാന്‍ ഏറെ സഹായിക്കുന്നത് സബര്‍ബന്‍ വണ്ടികളാണ്.

മെമുവും ഡെമുവും: മെയിന്‍ലൈന്‍ ഇലക്ട്രിക് മള്‍ട്ടിപ്പിള്‍ യൂണിറ്റ് (മെമു), ഡീസല്‍ ഇലക്ട്രിക് മള്‍ട്ടിപ്പിള്‍ യൂണിറ്റ് (ഡെമു) എന്നിവ സെമി അര്‍ബന്‍, ഗ്രാമീണ മേഖലകളിലാണ് ഓടുക. എല്ലാ സ്‌റ്റേഷനുകളിലും ഇവ നിര്‍ത്തും.

ഇന്റര്‍സിറ്റി: പ്രധാന നഗരങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഇന്റര്‍സിറ്റി എക്‌സ്പ്രസിന് കുറഞ്ഞ സ്റ്റോപ്പുകളാണുണ്ടാവുക. വേഗത മറ്റ് എക്‌സ്പ്രസുകളേക്കാള്‍ കൂടുതലായിരിക്കും. ബെര്‍ത്ത് സൗകര്യമുണ്ടാകില്ല. മിക്ക ഇന്റര്‍സിറ്റി എക്‌സ്പ്രസുകള്‍ക്കും പ്രത്യേക പേരുകളുണ്ട്. 1906-ല്‍ ആരംഭിച്ച ഫ്‌ളൈയിങ് റാണി സൂറത്തില്‍ നിന്ന് ബോംബെ സെന്‍ട്രലിലേക്കാണ് ആദ്യമായി ഓടിയത്.

അന്ത്യോദയ എക്‌സ്പ്രസ് എന്‍ജിന്‍

രാജ്യറാണി: സംസ്ഥാന തലസ്ഥാനങ്ങളെ സംസ്ഥാനത്തെ പ്രധാന നഗരങ്ങളുമായി ബന്ധിപ്പിക്കുന്ന തീവണ്ടികളാണ് രാജ്യറാണി എക്സ്പ്രസ്. ജയ്പൂര്‍ മഹാറാണിയായിരുന്ന ഗായത്രിദേവിയുടെ സ്മരണാര്‍ഥമാണ് ഈ പേര്. തിരുവനന്തപുരത്ത് നിന്ന് നിലമ്പൂരിലേക്ക് ഓടുന്ന വണ്ടിയാണ് കേരളത്തിലെ ഏക രാജ്യറാണി എക്‌സ്പ്രസ്.

കവിഗുരു: രവീന്ദ്രനാഥ ടാഗോറിന്റെ സ്മരണാര്‍ഥം തുടങ്ങിയ വണ്ടിയാണ് കവി ഗുരു എക്‌സ്പ്രസ്. നാല് വണ്ടികളാണ് ഈ വിഭാഗത്തിലുള്ളത്.

വിവേക്: സ്വാമി വിവേകാനന്ദന്റെ 150-ാം ജന്‍മവാര്‍ഷികത്തിന്റെ ഭാഗമായി 2013-ല്‍ ആരംഭിച്ചതാണ് വിവേക് എക്‌സ്പ്രസ്. ശൃംഖല പോലെ നീളുന്ന റൂട്ടുകളുള്ള നാല് വണ്ടികളാണിവ. അസമിലെ ദിബ്രുഗഢ് മുതല്‍ കന്യാകുമാരി വരെ ഓടുന്ന വിവേക് എക്‌സ്പ്രസാണ് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ദൂരം സഞ്ചരിക്കുന്ന വണ്ടി. 4273 കിലോ മീറ്റര്‍ ദൂരം ഓടാന്‍ ഈ വണ്ടി 79 മണിക്കൂറുകളെടുക്കും.

മഹാമാന: മഹാമാന എന്നറിയപ്പെടുന്ന മദന്‍ മോഹന്‍ മാളവ്യയുടെ സ്മരണാര്‍ഥം തുടങ്ങിയതാണ് മഹാമാന എക്‌സ്പ്രസ്. മികച്ച സൗകര്യങ്ങളും പ്രത്യേക ഡിസൈനുകളുമുള്ള ഈ ട്രെയിന്‍ ചെറിയ നഗരങ്ങളെ ബന്ധിപ്പിക്കാനുദ്ദേശിച്ചുള്ളതാണ്.

ഗരീബ് രഥ്: ലാലു പ്രസാദ് യാദവ് റെയില്‍വേ മന്ത്രിയായിരിക്കെ സാധാരണക്കാര്‍ക്കു വേണ്ടി ആരംഭിച്ച പൂര്‍ണമായും ശീതീകരിച്ച ദീര്‍ഘദൂര വണ്ടികളാണ് ഗരീബ് രഥ് എക്‌സ്പ്രസ്. ഇതിലെ ടിക്കറ്റ് നിരക്ക് സാധാരണ എ.സി. വണ്ടികളിലേതിനേക്കാള്‍ കുറവാണ്. മറ്റ് വണ്ടികളിലെ എ.സി. കോച്ചിനേക്കാള്‍ ബെര്‍ത്തുകളും സീറ്റുകളും ഇതില്‍ കൂടുതലാണ്. സൗകര്യവും പരിമിതമാണ്. 2006 ഒക്ടോബര്‍ അഞ്ചിനാരംഭിച്ച സഹരസ - അമൃത്സര്‍ വണ്ടിയാണ് ആദ്യ ഗരീബ്‌രഥ്.

സുവിധ: റെയില്‍വേയ്ക്ക് ധാരാളം വരവുണ്ടാക്കിക്കൊടുക്കുന്ന വണ്ടിയാണ് സുവിധ അഥവാ പ്രീമിയം എക്‌സ്പ്രസ്. തിരക്കുള്ള റൂട്ടുകളിലാണ് സുവിധ ഓടുക. ഇന്ത്യന്‍ റെയില്‍വേ കാറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍ (ഐ.ആര്‍.സി.ടി.സി.) വെബ്‌സൈറ്റിലൂടെ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് മാത്രമാണ് ഇതില്‍ സഞ്ചരിക്കാനാകുക. 15 ദിവസം മുമ്പ് മാത്രമേ ടിക്കറ്റ് ബുക്ക് ചെയ്യാനാകൂ. സ്ഥിരം ടിക്കറ്റ് നിരക്കിന് പകരം ഡൈനാമിക് നിരക്കാണ് ഇതിനുണ്ടാകുക. അതായത് ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള തിരക്ക് കൂടുന്നതനുസരിച്ച് നിരക്ക് ഉയര്‍ന്നുവരും. സ്ത്രീകള്‍ക്കും മുതിര്‍ന്നവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കുമുള്ള ഇളവുകളോ തത്കാല്‍ ടിക്കറ്റുകളോ ഈ വണ്ടിയില്‍ ലഭിക്കില്ല.

യുവ: മമത ബാനര്‍ജി റെയില്‍വേ മന്ത്രിയായിരിക്കെ യുവാക്കള്‍ക്കായി പ്രഖ്യാപിച്ച വണ്ടിയാണിത്. ട്രെയിനിലെ 60 ശതമാനം സീറ്റുകള്‍ 18 നും 45-നും ഇടയില്‍ പ്രായമുള്ളവര്‍ക്കായി സംവരണം ചെയ്തതാണ്. പൂര്‍ണമായി ശീതികരിച്ചതാണ്. വിജയം അവകാശപ്പെടാനാവാത്ത വണ്ടിയാണിത്. ഹൗറ - ഡല്‍ഹി, ഭാന്ദ്ര ടെര്‍മിനസ് - ഹസ്രത് നിസാമുദീന്‍ റൂട്ടുകളിലോടുന്ന രണ്ട് യുവ എക്‌സ്പ്രസുകള്‍ മാത്രമാണ് നിലവിലുള്ളത്.

അന്ത്യോദയ: 2016-ലെ റെയില്‍വേ ബജറ്റിലെ പ്രഖ്യാപനമായിരുന്നു അന്ത്യോദയ വണ്ടികള്‍. തിരക്കുള്ള റൂട്ടുകളില്‍ രാത്രികാലത്തോടുന്ന അന്ത്യോദയയില്‍ പൂര്‍ണമായും ജനറല്‍ കോച്ചുകളായിരിക്കും ഉണ്ടായിരിക്കുക. എന്നാല്‍, സാധാരണ വണ്ടികളുമായി താരതമ്യം ചെയ്യുമ്പോള്‍ മികച്ച സൗകര്യങ്ങളുണ്ടാകും. നല്ല ഇരിപ്പിടങ്ങളും ബെര്‍ത്തുകളും മൊബൈല്‍ റീചാര്‍ജ് ചെയ്യാനുള്ള സൗകര്യവും ബയോടോയ്‌ലറ്റുകളും കുടിവെള്ളവും ഈ വണ്ടികളിലുണ്ടാകും. സ്റ്റോപ്പുകള്‍ കുറവായിരിക്കും. 2017 മാര്‍ച്ച് നാലിനാരംഭിച്ച ഹൗറ - എറണാകുളം ജങ്ഷന്‍ വണ്ടിയാണ് ആദ്യ അന്ത്യോദയ എക്‌സ്പ്രസ്.

മേധ: പൂര്‍ണമായും ഇന്ത്യന്‍ നിര്‍മിത കോച്ചുകളോടു കൂടിയ വണ്ടികളാണ് മേധ. 2017-ല്‍ ദാദറില്‍നിന്ന് ബോറിവാലിയിലേക്കായിരുന്നു ആദ്യ മേധ വണ്ടിയുടെ ഓട്ടം. മേധയുടെ കോച്ചുകള്‍ നിര്‍മിക്കാന്‍ ഏകദേശം 43.23 കോടി രൂപയാണ് ചെലവ് വരുന്നത്. ജര്‍മനിയില്‍നിന്ന് ഇറക്കുമതി ചെയ്തിരുന്ന കോച്ചുകളേക്കാള്‍ ഒരു കോടി രൂപ കുറവാണിത്.

ചരക്കു തീവണ്ടി

ഡബിള്‍ ഡക്കര്‍: രണ്ട് നിലകളിലുള്ള വണ്ടികളാണ് ഡബിള്‍ ഡെക്കര്‍ എക്‌സ്പ്രസ്. പൂര്‍ണമായി ശീതീകരിച്ച ആറ് വണ്ടികളും അല്ലാത്ത രണ്ട് വണ്ടികളുമാണ് ഈ വിഭാഗത്തിലുള്ളത്. സഞ്ചാരികളെ ആകര്‍ഷിക്കാനും ഒരേസമയം ധാരാളം പേര്‍ക്ക് സഞ്ചരിക്കാനും ഈ വണ്ടികള്‍ സഹായിക്കും. തിരക്കുള്ള റൂട്ടുകളില്‍ രാത്രിയാത്രയ്ക്കായി പ്രഖ്യാപിച്ച ഡബിള്‍ ഡക്കര്‍ വണ്ടിയാണ് ഉദയ് എക്‌സപ്രസ്. ഉത്കൃഷ്ട് ഡബിള്‍ ഡക്കര്‍ എയര്‍ കണ്ടീഷന്‍ഡ് യാത്രി എന്നാണ് ഉദയ് എന്നതിന്റെ പൂര്‍ണരൂപം. പൂര്‍ണമായും ശീതീകരിച്ചതാണിത്. 2018 ജൂണ്‍ 10-ന് തുടങ്ങിയ കെ.എസ്.ആര്‍ ബെംഗളൂരു സിറ്റി ജങ്ഷന്‍ - കോയമ്പത്തൂര്‍ റൂട്ടിലാണ് ഏക ഉദയ് എക്‌സ്പ്രസുള്ളത്.

എ.സി. എക്‌സ്പ്രസ് : പൂര്‍ണമായും ശീതീകരിച്ച എക്‌സ്പ്രസ് തീവണ്ടികളാണിവ. ഭക്ഷണം സൗജന്യമല്ല. ടിക്കറ്റ് നിരക്കും കുറവാണ്. ചെന്നൈ- തിരുവനന്തപുരം എ.സി. സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസാണ് കേരളത്തിലൂടെ ഓടുന്നത്.

ഹംസഫര്‍: പൂര്‍ണമായും ത്രീ ടയര്‍ എ.സി. സ്ലീപ്പര്‍ കോച്ചുകളുള്ള ദീര്‍ഘദൂര വണ്ടികളാണ് ഹംസഫര്‍ എക്‌സ്പ്രസ്. സാധാരണ ത്രീ ടയര്‍ എ.സി. കോച്ചുകളേക്കാള്‍ സൗകര്യം ഇതിലുണ്ട്. ചായ, കാപ്പി, പാല്‍ എന്നിവയ്ക്കുള്ള വെന്‍ഡിങ് മെഷീനുകള്‍, യാത്രാവിവരങ്ങളറിയാനുള്ള എല്‍.ഇ.ഡി. സ്‌ക്രീന്‍, തീപിടിത്തം അറിയാനുള്ള സ്‌മോക്ക് അലാറം, സി.സി. ക്യാമറ, കൈവശമുള്ള ഭക്ഷണം സൂക്ഷിക്കാനുള്ള സൗകര്യം എന്നിവയെല്ലാം ഹംസഫറിലുണ്ട്. എല്ലാ കൂപ്പെകള്‍ക്കും സൈഡ് ബെര്‍ത്തുകള്‍ക്കും കര്‍ട്ടനുണ്ടെന്നതാണ് മറ്റൊരു പ്രത്യേകത. ബെഡ് ഷീറ്റുകള്‍ ഖാദിയുടേതാണ്. 2016 ഡിസംബര്‍ 16-ന് തുടങ്ങിയ ഗോരഖ്പുര്‍ - ആനന്ദ് വിഹാര്‍ വണ്ടിയാണ് ആദ്യ ഹംസഫര്‍ എക്‌സ്പ്രസ്. തിരുനെല്‍വേലി - ഗാന്ധിധാം, കൊച്ചുവേളി - ബാനസ്‌വാടി ഹംസഫര്‍ എക്‌സ്പ്രസുകള്‍ കേരളത്തിലൂടെയാണ് ഓടുന്നത്.

തുരന്തോ: രാജ്യത്തെ പ്രധാന നഗരങ്ങള്‍ക്കിടയില്‍ സര്‍വീസ് നടത്തുന്ന തുരന്തോ എക്‌സപ്രസ് അതിവേഗ വണ്ടിയാണ്. യാത്രക്കാര്‍ക്കും ടിക്കറ്റെടുത്ത് കയറാനും ഇറങ്ങാനും പറ്റിയ സ്റ്റോപ്പുകള്‍ തുരന്തോയിലുണ്ടാകില്ല. എന്നാല്‍ സാങ്കേതികാവശ്യങ്ങള്‍ക്കായി നിര്‍ത്തുന്ന ചില സ്‌റ്റോപ്പുകളുണ്ടാകും. 2009 സെപ്റ്റംബര്‍ 18-ന് യാത്ര തുടങ്ങിയ സിയാല്‍ദഹ് - ന്യൂഡല്‍ഹി ദുരന്തോ എക്‌സപ്രസാണ് ഇക്കൂട്ടത്തില്‍ ആദ്യം തുടങ്ങിയ വണ്ടി.

ശതാബ്ദിയും ജനശതാബ്ദിയും: ജവഹര്‍ലാല്‍ നെഹ്രുവിന്റെ ജന്‍മശതാബ്ദി വര്‍ഷമായ 1988-ല്‍ തുടങ്ങിയതിനാലാണ് ഈ വണ്ടിയ്ക്ക് ശതാബ്ദി എക്‌സ്പ്രസ് എന്ന പേര് വന്നത്. ന്യൂഡല്‍ഹിയ്ക്കും ഝാന്‍സിക്കുമിടയിലായിരുന്നു ആദ്യ ശതാബ്ദി എക്‌സ്പ്രസ്. പ്രധാന നഗരങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ശതാബ്ദി എക്‌സ്പ്രസ് പകല്‍സമയത്താണ് കൂടുതലും ഓടുന്നത്. പൂര്‍ണമായും ശീതീകരിച്ച വണ്ടി ലക്ഷ്യത്തിലെത്തിയാല്‍ അന്ന് തന്നെ തിരിച്ചുപോരുന്ന വിധമാണ് ഓട്ടം ക്രമീകരിച്ചിട്ടുള്ളത്. വൈ ഫൈ, ഭക്ഷണംഎന്നീ സൗകര്യങ്ങളുണ്ട്. ശതാബ്ദിയുടെ അതേ മാതൃകയില്‍ സാധാരണക്കാര്‍ക്കായി 2003-ല്‍ തുടങ്ങിയ വണ്ടികളാണ് ജനശതാബ്ദി എക്‌സ്പ്രസ്. ശതാബ്ദിയില്‍നിന്ന് വ്യത്യസ്തമായി ഇതില്‍ സെക്കന്‍ഡ് സീറ്റിങ് സൗകര്യമുണ്ട്. ഭക്ഷണം സൗജന്യമായി ലഭിക്കില്ല.

രാജധാനി: ഇന്ത്യ ഏറ്റവും പരിഗണന കൊടുക്കുന്നതാണ് രാജധാനി തീവണ്ടികള്‍. രാജ്യതലസ്ഥാനമായ ഡല്‍ഹിയെ പ്രമുഖ നഗരങ്ങളുമായി ബന്ധിപ്പിക്കുന്നതാണ് ഓരോ രാജധാനി വണ്ടിയും. 1969-ലാണ് ആദ്യ രാജധാനി ഓടാന്‍ തുടങ്ങിയത്. ഹൗറയില്‍നിന്ന് ന്യൂഡല്‍ഹിയിലേക്കായിരുന്നു ഈ വണ്ടിയുടെ ഓട്ടം. പൂര്‍ണമായും ശീതീകരിച്ച ആദ്യ വണ്ടിയായിരുന്നു ഇത്. സമയമമനുസരിച്ചുള്ള ഭക്ഷണവും വണ്ടിയില്‍നിന്ന് കിട്ടും. ഇതിനുള്ള തുക കൂടി ടിക്കറ്റ് നിരക്കില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. തിരുവനന്തപുരത്തേക്കുള്ള വണ്ടിയാണ് ഏറ്റവും കൂടുതല്‍ ദൂരം ഓടുന്ന രാജധാനി. 3149 കിലോ മീറ്ററാണ് ഈ വണ്ടി സഞ്ചരിക്കുന്ന ദൂരം.

സമ്പര്‍ക്ക് ക്രാന്തി: നിതീഷ് കുമാര്‍ റെയില്‍വേ മന്ത്രിയായപ്പോഴാണ് സമ്പര്‍ക്ക് ക്രാന്തി എക്‌സ്പ്രസ് ആരംഭിക്കുന്നത്. രാജധാനിയെപ്പോലെ ഡല്‍ഹിയുമായി പ്രധാന നഗരങ്ങളെ കൂട്ടിയിണക്കുന്നതാണ് സമ്പര്‍ക്ക് ക്രാന്തി എക്‌സ്പ്രസുകളും. എന്നാല്‍ രാജധാനിയില്‍ നിന്നുള്ള വ്യത്യാസം ഇത് ശീതീകരിച്ചതല്ല എന്നതാണ്. കുറച്ച് സ്റ്റോപ്പുകള്‍ മാത്രമാണ് ഇവയ്ക്കുണ്ടാകുക. കേരള സമ്പര്‍ക്ക് ക്രാന്തി എക്‌സ്പ്രസ് കൊച്ചുവേളിയില്‍ നിന്ന് ചഢീഗഢ് വരെയാണ് ഓടുന്നത്.

ഗതിമാന്‍: ഇന്ത്യയിലെ രണ്ടാമത്തെ വേഗതയേറിയ തീവണ്ടിയാണ് ഗതിമാന്‍ എക്‌സ്പ്രസ്. ഡല്‍ഹി ഹസ്രത് നിസാമുദീന്‍ സ്‌റ്റേഷനും ഉത്തര്‍പ്രദേശിലെ ഝാന്‍സി സ്‌റ്റേഷനുമിടയില്‍ ഓടുന്ന ഗതിമാന്‍ 2018 ഏപ്രില്‍ ഒന്നിനാണ് സര്‍വീസ് തുടങ്ങിയത്. 403 കിലോമീറ്റര്‍ ദൂരം യാത്ര ചെയ്യാനെടുക്കുന്ന സമയം ഏകദേശം നാലേ മുക്കാല്‍ മണിക്കൂറാണ്.

ആഗ്രയിലേക്കും ഗ്വാളിയോറിലേക്കുമുള്ള ടൂറിസ്റ്റുകളെക്കൂടി ലക്ഷ്യം വെച്ച് മികച്ച സൗകര്യങ്ങളോടെയാണ് ഗതിമാന്‍ ഒരുക്കിയിരിക്കുന്നത്. രണ്ട് എക്‌സിക്യൂട്ടീവ് എ.സി. ചെയര്‍കാര്‍ കോച്ചുകളും എട്ട് എ.സി. ചെയര്‍ കാര്‍ കോച്ചുകളുമാണുള്ളത്. വിമാനത്തിലേതിനു സമാനമായി ട്രെയിന്‍ ഹോസ്റ്റസുകളുണ്ടാകും. ഭക്ഷണം, വൈ ഫൈ, പാസഞ്ചര്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം എന്നിവയുമുണ്ട്.

തേജസ്: രാജ്യത്ത് ഏറ്റവും പരിഗണന കൊടുക്കുന്ന വണ്ടികളിലൊന്നാണ് തേജസ് എക്‌സ്പ്രസ്. 2017 മെയ് 24-നാരംഭിച്ച മുംബൈ സി.എസ്.ടി. - ഗോവ കര്‍മാലി വണ്ടിയാണ് ഇപ്പോഴുള്ള ഏക തേജസ് എക്‌സ്പ്രസ്. ഏകദേശം 551 കിലോ മീറ്റര്‍ ദൂരം എട്ടര മണിക്കൂര്‍ കൊണ്ട് ഓടിയെത്തും. പൂര്‍ണമായും ശീതീകരിച്ച തേജസില്‍ മികച്ച സൗകര്യങ്ങളാണുള്ളത്. എല്ലാ യാത്രക്കാര്‍ക്കും എല്‍.ഇ.ഡി. ടി.വി. സൗകര്യം, മികച്ച ഭക്ഷണം, വൈ ഫൈ, കോഫി വെന്‍ഡിങ് മെഷീന്‍, സി.സി. ക്യാമറ തുടങ്ങിയവയെല്ലാം ഈ തീവണ്ടിയിലുണ്ട്. ഇരിക്കാനുള്ള സൗകര്യവും മികച്ചതാണ്. ടിക്കറ്റ് നിരക്ക് ശതാബ്ദിയേക്കാള്‍ 20 മുതല്‍ 30 ശതമാനം വരെ അധികമാണ്.

വന്ദേഭാരത്: ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ വണ്ടിയാണ് വന്ദേഭാരത് എക്‌സ്പ്രസ്. ട്രെയിന്‍ 18 എന്നറിയപ്പെടുന്ന ഈ വണ്ടി 2019 ഫെബ്രുവരി 15-ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഉദ്ഘാടനം ചെയ്തത്. ഡല്‍ഹി - വാരാണസി റൂട്ടില്‍ ഓടുന്ന വണ്ടിയുടെ വേഗത ഏകദേശം മണിക്കൂറില്‍ 180 കിലോ മീറ്ററാണ്. മേയ്ക്ക ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി നിര്‍മിക്കപ്പെട്ട വന്ദേഭാരതിന്റെ കോച്ചുകള്‍ ചെന്നൈയിലെ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയിലാണ് നിര്‍മിച്ചത്. ശതാബ്ദി ട്രെയിനുകള്‍ക്ക് പകരമായാണ് വന്ദേഭാരത് എക്‌സ്പ്രസുകളെ വിഭാവനം ചെയ്യുന്നത്.

ട്രെയിന്‍ 20: ട്രെയിന്‍ 18-കളുടെ മാതൃകയില്‍ നിര്‍മിക്കാനുദ്ദേശിക്കുന്നതാണ് ട്രെയിന്‍ 20. രാജധാനി എക്‌സ്പ്രസുകള്‍ക്ക് പകരമാണ് ട്രെയിന്‍ 20-കള്‍ എത്തുക.

ബുള്ളറ്റ് തീവണ്ടി: അതിവേഗം കുതിക്കുന്ന ബുള്ളറ്റ് തീവണ്ടികള്‍ ഇന്ത്യയിലുമെത്തും. വേഗത മണിക്കൂറില്‍ 350 കിലോ മീറ്റര്‍. അഹമ്മദാബാദിലെ സാബര്‍മതി സ്റ്റേഷന്‍ മുതല്‍ മുംബൈയിലെ ബാന്ദ്രാ കുര്‍ള കോംപ്ലക്‌സ് വരെയുള്ള 508 കിലോ മീറ്റര്‍ ദൂരം മൂന്ന് മണിക്കൂര്‍ കൊണ്ട് മറികടക്കാമെന്നാണ് പ്രതീക്ഷ. ജപ്പാന്റെ സഹായത്തോടെയാണ് ബുള്ളറ്റ് തീവണ്ടി നിര്‍മിക്കുന്നത്. പദ്ധതി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബേയും ചേര്‍ന്ന് 2017 സെപ്റ്റംബര്‍ 14-ന് ഉദ്ഘാടനം ചെയ്തു. 1.10 ലക്ഷം കോടി രൂപയാണ് ചെലവ്. 88,000 കോടി രൂപ ജപ്പാന്‍ വായ്പ തരും. 50 വര്‍ഷത്തിനുള്ളില്‍ ഒരു ശതമാനം പലിശയോടെ ഇത് തിരിച്ചടക്കണം.

ചരക്കുവണ്ടികള്‍

യാത്രാവണ്ടികളേക്കാള്‍ കൂടുതല്‍ ഇന്ത്യന്‍ റെയില്‍വേക്ക് വരുമാനം നല്‍കുന്നത് ചരക്കുവണ്ടികളാണ്. ഗുഡ്‌സ് ട്രെയിന്‍ എന്ന് ഇവ പൊതുവേ അറിയപ്പെടുന്നു.
കൊങ്കണ്‍ റെയില്‍വേ ചരക്കുനീക്കം സുഗമമാക്കന്‍ തുടങ്ങിയ പദ്ധതിയാണ് റോ - റോ(Rollon/Rolloff)ട്രെയിന്‍. 1999 ജനവരി 26-നായിരുന്നു ഇതിന്റെ തുടക്കം. ചരക്കുകള്‍ കയറ്റിയ ലോറികളും ട്രക്കുകളും നേരിട്ട് വിവിധ സ്ഥലങ്ങളിലെത്തിക്കുന്ന പദ്ധതിയാണിത്.

രാജ്യാന്തര തീവണ്ടികള്‍

ഇന്ത്യയില്‍ നിന്ന് അയല്‍രാജ്യങ്ങളിലേക്കും ചില തീവണ്ടികളോടുന്നുണ്ട്. യാത്രക്കാരുടെ ആവശ്യത്തിനപ്പുറം അയല്‍രാജ്യങ്ങളുമായുള്ള സൗഹൃദം, വാണിജ്യം, വിനോദസഞ്ചാരം തുടങ്ങിയവ കൂടി ലക്ഷ്യം വെച്ചാണ് ഈ വണ്ടികള്‍.

രാജ്യാന്തര വണ്ടികളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് താര്‍ ലിങ്ക് എക്‌സ്പ്രസ്. ജോധ്പുരില്‍ നിന്ന് മുനബാവോ വരെ ഓടുന്ന താര്‍ ലിങ്ക് എക്‌സ്പ്രസ് ഇന്ത്യന്‍ റെയില്‍വേക്ക് കീഴിലാണ്. മുനബാവോയില്‍ നിന്ന് ഇന്ത്യയുടെയും അതിര്‍ത്തിയിലെ സീറോ പോയിന്റ് സ്‌റ്റേഷനില്‍ പാകിസ്താന്റെയും കസ്റ്റംസ് പരിശോധനയുണ്ടാകും. പിന്നീട് പാകിസ്താന്‍ റെയില്‍വേയുടെ കീഴിലുള്ള താര്‍ എക്‌സ്പ്രസിലാണ് യാത്ര ചെയ്യേണ്ടത്. കറാച്ചി വരെയാണ് ഈ വണ്ടി.
സിന്ധ് മെയില്‍ എന്ന പേരില്‍ മുമ്പ് ഓടിയിരുന്ന ഈ സര്‍വീസ് 1965-ല്‍ നിര്‍ത്തിവെച്ചിരുന്നു. 2006 ഫിബ്രവരി 18-ന് വീണ്ടും ഓടിത്തുടങ്ങി.

ഇന്ത്യയിലെ അട്ടാരി, പാകിസ്താനിലെ വാഗാ സ്റ്റേഷനുകളെ ബന്ധിപ്പിച്ച് 42 കിലോമീറ്റര്‍ ദൂരം ഓടുന്ന വണ്ടിയാണ് സംഝോതാ എക്സ്പ്രസ്. 1976-ലാണ് ആരംഭിച്ചത്. 2001-ലും 2007 ലും ഇത് നിര്‍ത്തിവെച്ചു. ആഴ്ചയില്‍ രണ്ട് ദിവസമാണിത് ഓടുന്നത്. വാഗയിലാണ് പരിശോധന നടക്കുക.

മൈത്രി എക്സ്പ്രസ് കൊല്‍ക്കത്തയെയും ബംഗ്ലാദേശിലെ ധാക്കയെയും തമ്മില്‍ ബന്ധിപ്പിക്കുന്നു. ആഴ്ചയില്‍ ആറ് ദിവസമാണ് സര്‍വീസ് നടത്തുന്നത്. ഇന്ത്യയില്‍ഗേഡേ സ്‌റ്റേഷനിലും ബംഗ്ലാദേശില്‍ ദര്‍ശാനാ സ്‌റ്റേഷനിലുമാണ് പരിശോധനയുണ്ടാകുക. 2008 ഏപ്രിലിലാണ് മൈത്രി എക്‌സപ്രസ് ഓട്ടം തുടങ്ങിയത്.
2017 നവംബര്‍ ഒമ്പതിനാരംഭിച്ച വണ്ടിയാണ് ബന്ധന്‍ എക്‌സ്പ്രസ്. കൊല്‍ക്കത്തയില്‍ നിന്ന് ബംഗ്ലാദേശിലെ ഖുലാനയിലേക്ക് ആഴ്ചയിലൊരിക്കലാണിത് ഓടുന്നത്. പ്രത്യേക പരിശോധനയൊന്നും ഇടയ്ക്കുണ്ടാകില്ല. ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ തന്നെ വിസയുടെയും പാസ്‌പോര്‍ട്ടിന്റെയും വിവരങ്ങള്‍ നല്‍കണം.

ടൂറിസ്റ്റ് വണ്ടികള്‍

ഫെയറി ക്വീന്‍: ന്യൂഡല്‍ഹിക്കും ആല്‍വാറിനും മധ്യേയാണ് ഫെയറി ക്വീന്‍ ഇപ്പോള്‍ ഓടുന്നത്. ഇപ്പോഴും ഓടുന്ന ലോകത്തിലെ ഏറ്റവും പഴയ ആവിയന്ത്ര വണ്ടിയാണിത്. 1855-ലാണ് സര്‍വീസ് തുടങ്ങിയത്. 1895-ല്‍'ഫെയറി ക്വീന്‍' എന്ന പേര് നല്‍കി. 1908-ല്‍ സര്‍വീസ് നിര്‍ത്തിയെങ്കിലും പുനര്‍നിര്‍മാണം നടത്തി 1997-ല്‍ വീണ്ടും പുറത്തിറക്കി.
മഹാരാജ എക്‌സ്പ്രസ്: ലോകത്തിലെ ഏറ്റവും ചെലവേറിയ ആഡംബര തീവണ്ടിയാണ് മഹാരാജ എക്‌സ്പ്രസ്. ഐ.ആര്‍.സി.ടി.സി. ആണ് ഈ വണ്ടിയുടെ പ്രവര്‍ത്തനം ഏറ്റെടുത്തിരിക്കുന്നത്. രാജസ്ഥാന്‍, ഡല്‍ഹി, ആഗ്ര എന്നീ സ്ഥലങ്ങളെ ബന്ധപ്പെടുത്തി അഞ്ച് സര്‍ക്യൂട്ടുകളാണ് ഇതിനുള്ളത്.
പാലസ് ഓണ്‍ വീല്‍സ്: രാജസ്ഥാനിലെ ആഡംബര ടൂറിസ്റ്റ് തീവണ്ടി. രാജസ്ഥാന്‍ ടൂറിസം ഡവലപ്‌മെന്റ് കോര്‍പ്പറേഷനും ഇന്ത്യന്‍ റെയില്‍വേയും സഹകരിച്ചാണ് ഇതിന്റെ പ്രവര്‍ത്തനം.
ഡെക്കാണ്‍ ഒഡീസി: മഹാരാഷ്ട്രയിലെയും ഗോവയിലെയും ടൂറിസ്റ്റ് കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന ആഡംബര തീവണ്ടി.
ഗോള്‍ഡന്‍ ചാരിയട്ട്: കര്‍ണാടക സ്റ്റേറ്റ് ടൂറിസം ഡവലപ്‌മെന്റ് കോര്‍പ്പറേഷനും റെയില്‍വേയും സഹകരിച്ച് നടത്തുന്ന ആഡംബര തീവണ്ടി. കര്‍ണാടക, കേരളം, തമിഴ്‌നാട് സംസ്ഥാനങ്ങളെയും പോണ്ടിച്ചേരി കേന്ദ്രഭരണപ്രദേശത്തെയും വിനോദസഞ്ചാരകേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്നു.
റോയല്‍ ഓറിയന്റ് ട്രെയിന്‍: ഗുജറാത്ത്, രാജസ്ഥാന്‍ എന്നിവിടങ്ങളിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളിലൂടെ ഓടുന്നു.
റോയല്‍ രാജസ്ഥാന്‍ ഓണ്‍ വീല്‍സ്: രാജസ്ഥാന്‍ വിനോദസഞ്ചാര വികസന വകുപ്പുമായി സഹകരിച്ച് ഇന്ത്യന്‍ റെയില്‍വേ നടത്തുന്ന ടൂറിസ്റ്റ് ട്രെയിന്‍.
മഹാ പരിനിര്‍വാണ്‍ സ്പെഷല്‍ ട്രെയിന്‍: ബുദ്ധമത തീര്‍ഥാടനകേന്ദ്രങ്ങളിലൂടെയുള്ള ടൂറിസ്റ്റ് ട്രെയിന്‍.
ജനം ഭൂമി ഗൗരവ് എക്സ്പ്രസ് : വിനോദസഞ്ചാരികള്‍ക്കായി 2011-12-ല്‍ അന്നത്തെ റെയില്‍വേ മന്ത്രി മമതാ ബാനര്‍ജി പ്രഖ്യാപിച്ച തീവണ്ടി. ചരിത്രപരമായും വിദ്യാഭ്യാസപരമായും പ്രാധാന്യമുള്ള സ്ഥലങ്ങളെ ബന്ധിപ്പിക്കുന്നതാണിത്.
ടോയ് ട്രെയിന്‍: നാരോ ഗേജ് ലൈനിലൂടെ വളരെ പതുക്കെ മാത്രം സഞ്ചരിക്കുന്ന വണ്ടികളാണിവ. കുന്നിന്‍മുകളിലേക്ക് കയറാനായി ഉപയോഗിക്കുന്ന ഇവയെ സാധാരണ യാത്രയ്ക്കായി നാട്ടുകാര്‍ ആശ്രയിക്കില്ല. റോഡ് സൗകര്യം വര്‍ധിച്ചതിനാല്‍ ടോയ് ട്രെയിനിനേക്കാള്‍ എളുപ്പത്തില്‍ സ്ഥലത്തെത്താം.വിനോദസഞ്ചാരികളാണ് ടോയ് ട്രെയിനുകള്‍ കൂടുതലായി ഉപയോഗിക്കുക. കല്‍ക്ക - ഷിംല, ന്യൂ ജല്‍പായ്ഗുരി - ഡാര്‍ജിലിങ്, നേരാല്‍ - മത്തേരാന്‍, മേട്ടുപാളയം - ഉദഗമണ്ഡലം, പത്താന്‍കോട്ട് - ജോഗീന്ദര്‍ നഗര്‍ എന്നീ റൂട്ടുകളിലാണ് ടോയ് ട്രെയിനുകളുള്ളത്.

പ്രത്യേക തീവണ്ടികള്‍

ലൈഫ് ലൈന്‍ എക്സ്പ്രസ്: ഗ്രാമീണമേഖലകളില്‍ വൈദ്യസഹായം എത്തിക്കാനായി ആരംഭിച്ച തീവണ്ടിയാണ് ലൈഫ് ലൈന്‍ അല്ലെങ്കില്‍ ജീവരേഖ എക്‌സ്പ്രസ്. ഇംപാക്ട് ഇന്ത്യ ഫൗണ്ടേഷനും ഇന്ത്യന്‍ റെയില്‍വേയും കേന്ദ്ര ആരോഗ്യമന്ത്രാലയവും ചേര്‍ന്നാണ് തീവണ്ടിയുടെ പ്രവര്‍ത്തനം നടത്തുന്നത്. 1991 ജൂലൈ 16-നാണ് സര്‍വീസ് ആരംഭിച്ചത്.
റെഡ് റിബണ്‍ എക്സ്പ്രസ്: എയ്ഡ്സ് ബോധവത്കരണ തീവണ്ടി. 2007 ഡിസംബര്‍ ഒന്നിനായിരുന്നു ആദ്യഓട്ടം.
സയന്‍സ് എക്‌സ്പ്രസ്: കുട്ടികള്‍ക്ക് ശാസ്ത്രാവബോധം ഉണ്ടാക്കാനായി ഓടുന്ന വണ്ടി. ശാസ്ത്ര-സാങ്കേതിക വകുപ്പും റെയില്‍വേയും സഹകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. 2017-ല്‍ കാലാവസ്ഥാവ്യതിയാനം സംബന്ധിച്ച പ്രദര്‍ശനങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കിയത്.

ഓര്‍മിക്കാന്‍

* ഇന്ത്യയില്‍ ആദ്യമായി തീവണ്ടി ഓടിയത് - 1853 ഏപ്രില്‍ 16
* ആദ്യമായി തീവണ്ടി ഓടിയ പാത - ബോംബെ - താന
* കേരളത്തില്‍ ആദ്യമായി തീവണ്ടി ഓടിയത് - 1861 മാര്‍ച്ച് 12
* കേരളത്തിലെ ആദ്യ തീവണ്ടിപ്പാത - തിരൂര്‍ - ബേപ്പൂര്‍
* ഏറ്റവും വേഗംകുറഞ്ഞ തീവണ്ടി - നീലഗിരി മൗണ്ടന്‍ ട്രെയിന്‍
* ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ദൂരം ഓടുന്ന യാത്രാവണ്ടി - ദിബ്രൂഗഢ് - കന്യാകുമാരി വിവേക് എക്‌സ്പ്രസ്


(മാതൃഭൂമി തൊഴില്‍വാര്‍ത്തയ്‌ക്കൊപ്പമുള്ള ഹരിശ്രീ സപ്ലിമെന്റില്‍ പ്രസിദ്ധീകരിച്ചത്)

Content Highlights: important trains in India

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
train accident

5 min

ആർഭാടത്തിൽ കുതിച്ചാൽ മതിയോ? ലക്ഷ്യസ്ഥാനത്ത് സുരക്ഷിതമായി എത്തുകയും വേണ്ടേ?

Jun 3, 2023


ബാഗ്മതി ട്രെയിന്‍ ദുരന്തം
Premium

4 min

അഴുകിയ ജഡങ്ങള്‍ക്കായി വല വിരിച്ച ബാഗ്മതി; 42 വര്‍ഷം കഴിഞ്ഞിട്ടും ട്രാക്ക് തെറ്റാതെ ദുരന്തസ്മരണ

Jun 3, 2023


അഞ്ചല്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച അച്ഛനും അമ്മയ്ക്കും ഒപ്പമുളള ചിത്രം

5 min

പെയിന്റ് പണിക്കാരന്റെ മകനും എംബിബിഎസുകാരനാകാം, ഇത് അഞ്ചലിന്റെ പ്രതികാരം

Nov 30, 2022

Most Commented