.
*അവന് ഭാഷ വേണ്ട വിധം ഉപയോഗിക്കാന്‍ പറ്റുന്നില്ല. *ധാര്‍ഷ്ട്യക്കാരി എന്നു മറ്റുള്ളവര്‍ വിളിച്ചു കേള്‍ക്കുന്നതില്‍ അഭിമാനമാണ്. *കുഞ്ഞിന് വേണ്ടി, പാതിജയിച്ച മത്സരപ്പരീക്ഷകള് അവിടിട്ടു. സ്വന്തം വക്കീലോഫീസ് അടച്ചിട്ടു. ലീഗല്‍ അഡൈ്വസര്‍ ആയിരുന്ന സ്ഥാപനങ്ങള്‍, ഒഴിഞ്ഞു. *സംസ്ഥാനത്തെ എല്ലാ സാധാരണ സ്ക്കൂളുകളിലും ഒക്യുപ്പേഷന്, സ്പെഷ്യല്‍, സ്പീച്ച് അധ്യാപകരെ നിയമിച്ചാല്‍ ഇത്തരം കുഞ്ഞുങ്ങളെ മുഖ്യധാരയിലെത്തിക്കാന്‍ ഒരു പരിധിയിലേറെ നമുക്ക് സാധിക്കും- അഡ്വ. സ്മിതാ ഗിരീഷ് എഴുതുന്നു.
ആദ്യ കുഞ്ഞ് ഗര്‍ഭത്തില്‍ നഷ്ടപ്പെട്ടതിനു ശേഷം, അതിവൈഷമ്യം പിടിച്ച ഒരു ഡിപ്രഷന് കാലം ഉണ്ടായിട്ടുണ്ട് എനിക്ക്. പാനിക്ക് അറ്റാക്ക്, ആങ്സൈറ്റി(Anxiety) ഡിസോര്‍ഡര്‍, ഹൈപ്പോ കോണ്‍ട്രിയ തുടങ്ങി,ജീവിതം, ശാരീരികവും മാനസികവുമായ അനവധി പ്രതിസന്ധികളില്‍ കുരുങ്ങിപ്പേടിച്ച, തടഞ്ഞു നിന്നു പോയ അവസ്ഥ. പക്ഷേ പ്രഗത്ഭ സൈക്കോളജിസ്റ്റിന്റെ സഹായം കൊണ്ടും തീവ്രമായ സ്വന്തം ശ്രമങ്ങളാലും ആ അവസ്ഥകളെ തരണം ചെയ്യാന്‍ കഴിഞ്ഞു. ശേഷമാണ് മകന് പിറന്നത്.
രണ്ടര വയസ്സുവരെ അവന് എന്തെങ്കിലും പ്രശ്നങ്ങളുള്ളതായി അറിഞ്ഞിട്ടില്ല. പക്ഷേ കുട്ടിയ്ക്ക് കമ്മ്യൂണിക്കേഷന്‍ പ്രശ്നങ്ങളും ഹൈപ്പര്‍ ആക്ടിവിറ്റിയുമുണ്ട്. അത് ട്രെയിനിങ്ങ് കൊണ്ട് കാലക്രമേണ ശരിയായിക്കൊള്ളും എന്ന് വിദഗ്ധര്‍ പറഞ്ഞു. അവന് ഏറ്റവും നല്ല പരിശീലന കേന്ദ്രവും, സ്ക്കൂളും തേടിക്കണ്ടെത്തുന്ന ശ്രമങ്ങളായി പിന്നീട്. ലേശം പ്രശ്നമുള്ള കുഞ്ഞുങ്ങളെ ബുദ്ധിമാന്ദ്യമുള്ളവരായും, അവരുടെ മാതാപിതാക്കളെ കുറ്റവാളികളും, പീഡിതരുമായിട്ടാണ് ഭൂരിഭാഗം കേരള സമൂഹവും കാണുന്നത് എന്ന് ഈ ദീര്‍ഘ യാത്രയുടെ തുടക്കത്തില്‍ത്തന്നെ മനസിലായി. അധ്യാപകരില്‍ നിന്നും, വ്യക്തികളില്‍ നിന്നും നിന്ദ്യവും ക്രൂരവുമായ അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഭൂരിപക്ഷസമൂഹത്തിന് കരുണയും സാമാന്യ ബോധവും എത്ര കുറവാണ് എന്ന് ബോധ്യപ്പെട്ടിട്ടുണ്ട്.
മകനിലൂടെ മറ്റൊരു ലോകം കണ്ടെത്തുകയായിരുന്നു. അവന്റെ കുഞ്ഞിക്കൈ വിടാതെ പിടിച്ചുള്ള ഈ യാത്രയില്‍, എത്രയോ ഭിന്നശേഷികുഞ്ഞുങ്ങളെ കണ്ടു, അവരുടെ അമ്മമാരുടെ പ്രതിസന്ധികളില്‍ നൊന്തു. ഇത്തരം മക്കളുള്ളവരുടെ കഠിനമായ ജീവിത സാഹചര്യങ്ങള്‍ സ്വന്തം അനുഭവത്തിലൂടെ വേദനയോടെ മനസിലാക്കാന്‍ കഴിഞ്ഞു. കുഞ്ഞിന് വേണ്ടി, പാതിജയിച്ച മത്സരപ്പരീക്ഷകള് അവിടിട്ടു. സ്വന്തം വക്കീലോഫീസ് അടച്ചിട്ടു. ലീഗല്‍ അഡൈ്വസര്‍ ആയിരുന്ന സ്ഥാപനങ്ങള്‍, ഒഴിഞ്ഞു.
കുഞ്ഞുങ്ങള്‍ക്ക് ഇത്തരം പ്രതിസന്ധികള്‍ വരുമ്പോള്‍, എപ്പോഴും ഒപ്പം വേണ്ടത് അമ്മമാരാണ്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, ഉന്നത വിദ്യാഭ്യാസമോ, ഉയര്‍ന്ന ജോലിയോ ഉള്ളവര്‍ക്ക്, അതുപേക്ഷിച്ച് കുട്ടികളുടെ കൂടെ അവരുടെ ഹൃദയവും കണ്ണുംകാതുമായി ജീവിക്കേണ്ടി വരുന്നു. ഈ സാഹചര്യത്തില്‍, സ്വഭാവികമായും അമ്മയുടെ ചുമതല വലുതാണ്. കുടുംബത്തിന്റെയും സമൂഹത്തിന്റേയും പിന്തുണ ഒരമ്മയ്ക്ക് ആവശ്യമാണ്. അമ്മയുടെ മാനസികാരോഗ്യം വിലപ്പെട്ടതാണ്. ഒട്ടും ലളിതമല്ലാത്ത ഈ യാത്രയിലെ വഴികള്‍ ദുര്‍ഘടം പിടിച്ചതാണ്. ജീവിതം പാതി നിര്‍ത്തി ഓടിപ്പോവാന്‍ ആഗ്രഹിക്കാത്തവരുണ്ടാവില്ല.
ഇത്തരം കുട്ടികളുമായി ജോലിയോ, വരുമാനമോ, കുടുംബ പിന്തുണയോ ഇല്ലാതെ, കുറ്റപ്പെടുത്തലുകള്‍ മാത്രം കേട്ട് നിരാശയില്‍ ജീവിക്കുന്ന അനവധി അമ്മമാരെ പരിചയപ്പെട്ടിട്ടുണ്ട്.
എന്റെ കഥയിലേയ്ക്ക് വന്നാല്‍, കുഞ്ഞിന്റെ അവസ്ഥ, വളരെ വലിയ പ്രശ്നങ്ങളൊന്നുമായിരുന്നില്ല. അവന് ഭാഷ വേണ്ട വിധം ഉപയോഗിക്കാന്‍ പറ്റുന്നില്ല, എന്നതാണ് ഏറ്റവും വലിയ പ്രതിസന്ധി. എത്രയേറെ പരിശീലനം കൊടുത്താലും ഓരോ കുട്ടിയുടേയും തലച്ചോറിന്റെ പ്രവര്‍ത്തനം വ്യത്യസ്തമാണ്. ചില മക്കള്‍ വേഗം ശരിയാവും. ചിലര്‍ തുടങ്ങിയിടം നില്ക്കും.
മകന്റെ അവസ്ഥ, എന്റെ ജീവിതവും മാറ്റിമറിച്ചു. എന്റെ സ്വാതന്ത്ര്യത്തിനും കരിയര്‍ സ്വപ്നങ്ങള്‍ക്കും ഇഷ്ടങ്ങള്ക്കുമൊപ്പമായിരുന്നു കുടുംബ ജീവിതവും. ജീവിതത്തിലെ വലിയ സ്വപ്നം, ഒരു ജുഡീഷ്യല്‍ ഓഫീസര്‍ ആവുക എന്നതായിരുന്നു. കുഞ്ഞിന് വേണ്ടി, പാതിജയിച്ച മത്സരപ്പരീക്ഷകള് അവിടിട്ടു. സ്വന്തം വക്കീലോഫീസ് അടച്ചിട്ടു. ലീഗല്‍ അഡൈ്വസര്‍ ആയിരുന്ന സ്ഥാപനങ്ങള്‍, ഒഴിഞ്ഞു.
മാനസികമായി ഞാന്‍ വീണ്ടും തകര്ന്നുതരിപ്പണമായിക്കൊണ്ടിരുന്നു. പക്ഷേ ആര്‍ക്കുമത് മനസിലാക്കാന്‍ ഇട കൊടുത്തില്ല. കുഞ്ഞിന്റെ അവസ്ഥയേക്കാള്‍ പരിതാപകരമായിരുന്നു, വളരെ സെന്‍സിറ്റീവായ, എന്റെ കാര്യങ്ങള്‍. തളര്‍ന്നാല്‍ ഞാന്‍ തീര്‍ന്നുപോകുമെന്ന് ഉറപ്പായി. ലോകത്തേയ്ക്കും എനിക്ക് സുന്ദരമായ മകന്റെ മുഖത്തേയ്ക്ക് നോക്കുമ്പോള്‍ തോറ്റുകൊടുക്കില്ല എന്നുറപ്പിച്ചു. സ്വയം രക്ഷിക്കാന്‍ ആത്മപ്രണയമല്ലാതെ മാര്‍ഗ്ഗമില്ല എന്നു മനസിലായി.. മകന് വരുന്ന കാലം വരെ ഞാന്‍ മനുഷ്യരെ അത്രയധികം അടുപ്പിച്ചിരുന്നില്ല. ഉറ്റ സുഹൃത്തുക്കളോടല്ലാതെ ഫലിതം പറഞ്ഞിട്ടില്ല. വലിയ ഗൗരവക്കാരിയെന്ന നടിപ്പിലാണ് ജീവിതം. എല്ലാ മുഖംമൂടിയും മാറ്റിവെച്ചു. ജീവിതത്തെ ഏറ്റവും ലളിതമായി കാണുകയാണ് വേണ്ടത്, സ്വയം സന്തോഷിപ്പിക്കുന്ന കൊച്ചുകാര്യങ്ങള്‍ ചെയ്യുകയാണ് വഴി എന്നു മനസിലായി.
ഒരു ശ്രമവുമില്ലാതെ ചെയ്യാന്‍ പറ്റുന്ന ഒരേയൊരു കാര്യം എഴുത്ത് ആയിരുന്നു. കുട്ടിക്കാലം മുതലേ അറച്ചും, നാണിച്ചും, എഴുതാന്‍ മടിച്ചും മാറ്റി വെച്ച എഴുത്താണ് പ്രതിസന്ധിയില്‍ എന്നെ രക്ഷിച്ചത്. എഴുത്തിന്റെ അപരലോകം എന്നെ മാറ്റിമറിച്ചു. എത്രയേറെ കവിതകള്‍, കഥകള്‍, ലേഖനങ്ങള്‍, കുറിപ്പുകള്‍, ഈ ദിനവും എഴുത്തുകാരിയാവാനിഷ്ടപ്പെടാത്ത ഞാന്‍ എഴുതിക്കൊണ്ടിരിക്കുന്നു. സോഷ്യല്‍ മീഡിയയും, ആനുകാലികങ്ങളും എഴുത്തിന് വളമായി. അക്ഷര സൗഹൃദങ്ങള്‍, അര്ഹതയ്ക്കുപരി അംഗീകാരങ്ങള്‍ എന്നിവ എഴുത്ത് നേടിത്തന്നു,.
ചെറുപ്പം മുതല്ക്കേ അനീതികള്‍ താങ്ങാന്‍ പറ്റാത്ത വിപ്ളവകാരി ഉള്ളിലുണ്ട്. സോഷ്യല്‍ മീഡിയ വലിയ അനുഭവങ്ങള്‍ തന്നു. വളരെ ബുദ്ധിപൂര്‍വം അവിടം ഉപയോഗിക്കുന്നത് കൊണ്ട്, വ്യക്തിപരമായി പ്രശ്നങ്ങളൊന്നും കാര്യമായി ഇതുവരെ ഉണ്ടായിട്ടില്ല.
പക്ഷേ കുറേ സ്ത്രീ സുഹൃത്തുക്കള്‍, വക്കീല്‍ എന്ന നിലയില്‍ കൂടി അനുഭവങ്ങള്‍ പങ്കുവെയ്ക്കാറുണ്ട്.. സോഷ്യല്‍ മീഡിയയിലെ സ്ത്രീയോടുള്ള കപട സമീപനം രോഷം തോന്നിപ്പിച്ചിട്ടുണ്ട്. പതിവ്രത, കുലസ്ത്രീസങ്കല്പ്പങ്ങളാണ് മലയാളിയുടെ മനസില്‍. രഹസ്യമായി എന്തുമാവാം. അവിഹിതത്തിന് പോലും, കാമുകിയ്ക്ക് മുന്‍കാല ബന്ധങ്ങള്‍ പാടില്ല. തനിക്ക് എന്തുമാവാം. അന്യസ്ത്രീകളെ കുഴപ്പത്തിലാക്കി ഭാര്യാ പ്രണയം, കുടുംബ സ്നേഹം പറഞ്ഞു ഓടിപ്പോകുന്ന കുല പുരുഷന്മാരുമുണ്ട്. സോഷ്യല്‍ മീഡിയയില്‍ ലിബറലായ, സിനിമാപ്പാട്ടും, ചിത്രങ്ങളുമിടുന്ന സ്ത്രീലൈംഗിക/പ്രണയദാരിദ്ര്യം നേരിടുന്നവളാണെന്ന് ആദ്യം ധരിക്കുന്നതും പരത്തുന്നതും കൂടുതലും മറ്റു സ്ത്രീകളാണ്. ഇതിനൊക്കെയെതിരെയുള്ള സമരം എന്ന നിലയിലും, സ്വയം സന്തോഷിപ്പിക്കാനും സോഷ്യല്‍ മീഡിയയില്ധാരാളം ചിത്രങ്ങള്‍ ഇടാറുണ്ട്.
ഒരുപാട് തിരക്കുകള്‍ക്കും, അലച്ചിലുകള്‍ക്കുമിടയില്‍ തുടര്‍ച്ചയായി എഴുതുന്നതിനും, ഉല്ലാസവതിയായിരിക്കുന്നതിനും, ചിത്രങ്ങള്‍ ഇടുന്നതിനും രഹസ്യ വിമര്‍ശകരുണ്ട്. ഇത്തരം കുട്ടികളുടെ അമ്മമാര്‍ക്ക് ഇതിനൊക്കെ സമയമുണ്ടോ? ഇവര്‍ കുട്ടിയെ നോക്കാതെ ആടിപ്പാടി നടക്കുന്നു. എന്നൊക്കെ ആരോപണങ്ങളുണ്ട്. എന്റെ ജീവിതത്തെ ഞാന്‍ നേരിടുന്ന വിധം എന്നെ മനസിലാക്കുന്ന വളരെക്കുറച്ചു പേര്‍ക്ക് കൃത്യമായി അറിയാം. എനിക്കത് മറ്റാരേയും ബോധിപ്പിക്കേണ്ടതില്ല. കുടുംബത്തിനകത്തും പുറത്തുമുള്ള വിമര്‍ശനങ്ങളെ അവഗണിക്കും. ധാര്‍ഷ്ട്യക്കാരി എന്നു മറ്റുള്ളവര്‍ വിളിച്ചു കേള്‍ക്കുന്നതില്‍ അഭിമാനമാണ്. കാരണം, ഈ ലോകത്ത് സ്വന്തം വഴികളുള്ള സ്ത്രീകളെ സമൂഹം അംഗീകരിക്കാന്‍ കൂട്ടാക്കാറില്ല.
എന്നിരുന്നാലും, ദിനേന സംസാരിക്കുന്ന, എല്ലാ കാര്യങ്ങളുമറിയുന്ന എപ്പോഴും കൂടെയുണ്ടാകുമെന്ന് ധരിച്ച സത്യസന്ധതയെ ചൂഷണം ചെയ്ത ഒന്നു രണ്ടു സുഹൃത്തുക്കള്‍ ചതിച്ചപ്പോള്‍ താങ്ങാനാവാത്ത ഷോക്കായിപ്പോയി. മകനൊപ്പമുള്ള യാത്രയില്‍ എഴുതിയ പുസ്തകം' കോട്ടയം ഡയറി 'ബെസ്റ്റ് സെല്ലറായത് അടുപ്പമുള്ള മറ്റു ചിലര്‍ക്ക് പ്രശ്നമായി. ഒറ്റപ്പെടുത്താനും, അപവാദങ്ങള്‍ പറയാനും കൂടെ നിന്ന ചിലര്‍ ഒറ്റക്കെട്ടായി സംഘം ചേര്‍ന്നു.
പ്രശ്നങ്ങളുള്ള ഒരു കുട്ടിയുമായി ജീവിതം മറികടക്കാന്‍ ഓടുന്ന വ്യക്തിയാണ്, അവര്‍ ജീവിക്കാന്‍ നടത്തുന്ന ശ്രമങ്ങളെ മാനിക്കണമെന്ന്, ഉപദ്രവിക്കാതെ വിടണമെന്ന് അത്തരക്കാര്‍ക്ക് തോന്നിയില്ല. സമീപകാലത്ത് മനസിലെ തളര്‍ത്തിയ ഇത്തരം അനുഭവങ്ങള്‍ ഉണ്ടായി. പക്ഷേ കുറച്ച് സൗഹൃദങ്ങളുണ്ട്. ലോകം നന്മയാണെന്നും വെളിച്ചമാണെന്നും പ്രവൃത്തിയാലും, സ്നേഹത്താലും, സ്ഥൈര്യത്താലും കാണിച്ചുതരുന്നവര്‍.. ഏതൊരവസ്ഥയിലും കൈവിടാതെ, ചേര്‍ത്തു പിടിക്കുന്നവര്‍, കൂടെ നില്ക്കുന്നവര്, തേടി വരുന്നവര്‍. എക്കാലവുംഒപ്പമുള്ളവര്. അവരാണ് ജീവോര്‍ജ്ജം. വെളിച്ചം.
മകനൊപ്പമുള്ള യാത്രയില്‍, അനേകം ഉപദേശകരെ കാണാറുണ്ട്. കുട്ടിയുടെ പ്രശ്നം നമ്മുടെ കഴിവുകേടും അശ്രദ്ധയുമെന്ന് സ്ഥാപിച്ച് ഉപദേശം തരാന്‍ വരുന്നവര്‍ക്ക് മുഖമടച്ച് മറുപടി കൊടുക്കാറുണ്ട്. ഒരോ അമ്മമാരുടേയും പ്രതിസന്ധി വ്യത്യസ്തമാണ്. ഞാന്‍ എല്ലാ ഭിന്നശേഷി മക്കളുടെ അമ്മമാരേയും ദൈവത്തെപ്പോലെ കാണുന്നു. അവരെ കേള്‍ക്കുകയും സമാധാനിപ്പിക്കുകയുമാണ് മുഖ്യം. സഹതാപമല്ല, ആശ്വാസവും ആത്മവിശ്വാസം പകരലുമാണ് വേണ്ടത്. ഓരോ മാത്രയും അവരുടെ ജീവിതം എത്ര വേദനയും ആകുലതയും അധ്വാനവുമാണെന്ന്, അതനുഭവിക്കുന്ന എനിക്കറിയാം.
സമൂഹത്തെ ഗൗനിക്കാതെ, സ്വന്തം മാനസികാരോഗ്യത്തിന് ഊന്നല്‍ നല്കി, ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്ത്, കുഞ്ഞുങ്ങള്‍ക്ക് വേണ്ടി ജീവിക്കുക എന്നതാണ് മാര്‍ഗ്ഗം. നമ്മുടെ അവസ്ഥയെ അംഗീകരിക്കാതെ മാര്‍ഗ്ഗമില്ല. നിരാശപ്പെടരുത്. മറ്റു കുഞ്ഞുങ്ങളുമായി താരതമ്യം പാടില്ല. ഏറ്റവും മികച്ച വ്യക്തികള്‍ക്കേ, പ്രകൃതി, ഇത്തരം ഏറ്റം മികച്ച മക്കളെക്കൊടുക്കൂ എന്നത് വിശ്വസിക്കണം. കുഞ്ഞുങ്ങളെ സ്വയംപര്യാപ്തരാക്കാനുള്ള ശ്രമമാണ് വേണ്ടത്. ഈ അനുഭവങ്ങള്‍ മാറ്റിമറിച്ച ജീവിത പ്രതിസന്ധികള്‍ വാക്കുകള്ക്കുപരിയാണ്. എഴുതാനോ പകര്‍ത്താനോ എളുപ്പമല്ല.. പക്ഷേ ഈ ജീവിതം നല്കിയ നല്ല പാഠങ്ങളും, നന്മയുമാണ് ഓര്‍ക്കാനിഷ്ടം. കൂടുതല്‍ മികച്ച വ്യക്തിയാക്കി എന്നെ ഉരച്ചു തേച്ചു കഴുകിവെടുപ്പാക്കുന്ന ഇത്തരം ജീവിതാനുഭവങ്ങളോട് നന്ദി.
മകനൊപ്പം ട്രെയിനിങ്ങ് സെന്ററുകളിലും, സ്ക്കൂളിലും, ഡോക്ടേഴ്സിനടുത്തും അലയുമ്പോഴും, ഏതു നിരാശയ്ക്കും, ഏതു മനുഷ്യര്‍ക്കും തകര്‍ത്തിടാന്‍ പറ്റാത്തത്ര ഉറപ്പുള്ള, സ്വന്തം ലോകമുള്ള ഒരു വ്യക്തിയായി എന്നെ മാറ്റിമറിക്കാന്‍ എനിക്ക് സാധിച്ചു എന്നതാണ് നേട്ടം. അത് മകന് തന്നതാണ്. അവനിലൂടെ പഠിച്ച ജീവിത പാഠങ്ങള്‍ സമ്മാനിച്ചതാണ്..
എന്റെ ഈ ജീവിതത്തെ ഞാന്‍ സ്നേഹിക്കുന്നു.
മകനെ മെച്ചപ്പെട്ടവനായി വളര്‍ത്താന്‍ കഴിയും എന്നതാണ് പ്രതീക്ഷയും പ്രതിജ്ഞയും.
വിദേശ രാജ്യങ്ങളിലൊക്കെ ഭിന്നശേഷി മക്കള്‍ക്ക് പ്രത്യേക പരിശീലനവും സംരക്ഷിത വിദ്യാഭ്യാസ രീതികളുമുണ്ട്. ഇക്കാലത്ത് ജനിക്കുന്ന 50% കുട്ടികള്‍ക്കും ബുദ്ധിക്ക് പ്രശ്നങ്ങളില്ല. പക്ഷേ കമ്മ്യൂണിക്കേഷന്‍ ബുദ്ധിമുട്ടുകള്‍, ബിഹേവിയര്‍ ഡിസോര്‍ഡര്‍ എന്നിവ സാധാരണമാണ്. ഈ കുട്ടികള്‍ക്ക് ഒക്യുപ്പേഷന്, ബിഹേവിയര്‍ തെറാപ്പികള്‍ക്കും പരീശിലനങ്ങള്ക്കും വന്‍ സാമ്പത്തിക ചെലവുണ്ട്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ പരിമിതമാണ്. സംസ്ഥാനത്തെ എല്ലാ സാധാരണ സ്ക്കൂളുകളിലും ഒക്യുപ്പേഷന്, സ്പെഷ്യല്‍, സ്പീച്ച് അധ്യാപകരെ നിയമിച്ചാല്‍ ഇത്തരം കുഞ്ഞുങ്ങളെ മുഖ്യധാരയിലെത്തിക്കാന്‍ ഒരു പരിധിയിലേറെ നമുക്ക് സാധിക്കും. ഒരമ്മ എന്ന നിലയില്‍ സര്‍ക്കാറിനോടുള്ള അഭ്യര്‍ത്ഥന അതാണ്. അങ്ങനെയൊരു വിദ്യാഭ്യാസ സംവിധാനം നിലവില്‍ വരുന്ന കേരളമാണ് ഏറ്റവും വലിയ സ്വപ്നം.
സമൂഹത്തില്‍നിന്നും സ്വന്തം കുടുംബത്തില്‍നിന്നും ഒറ്റപ്പെട്ടു പോകുന്ന ഭിന്നശേഷിക്കാരായ കുട്ടികളുടെ അമ്മമാര്‍ക്ക് അവരുടെ സാമൂഹിക ജീവിതം നഷ്ടപ്പെട്ടു പോകില്ലെന്ന് ഉറപ്പു നല്‍കേണ്ടതുണ്ട്. കുട്ടികളെ അനുഭാവപൂര്‍വം പരിചരിക്കാന്‍ കഴിയുന്ന ക്ഷമയും സ്നേഹവും നിറഞ്ഞ ഭിന്നശേഷിസൗഹാര്‍ദമായ ഇടങ്ങള്‍ സൃഷ്ടിക്കുകയാണ് അതിനുളള ആദ്യചുവടുവെയ്പ്. ഈ ആവശ്യത്തിലൂന്നിക്കൊണ്ട് പൊതുജനങ്ങളുടെയും സര്‍ക്കാരിന്റെയും ശ്രദ്ധ ക്ഷണിക്കുന്നതിനായി മാതൃഭൂമി ഡോട് കോം മുന്നോട്ടുവെക്കുന്നു; ' ഇടം നല്‍കാം മക്കള്‍ക്ക്, അമ്മയ്ക്ക് ജീവിതവും'.
ലോകം തന്നിലേക്കും ഭിന്നശേഷിക്കാരായ കുഞ്ഞിലേക്കും ചുരുങ്ങിയ, വീടിന്റെ നാലുചുമരുകള്‍ക്ക് ഇടയില്‍ ജീവിതം കുരുങ്ങിപ്പോയ, തങ്ങളുടെ കാലശേഷം മക്കളെ ആരു നോക്കുമെന്ന് ആലോചിച്ച് നീറിപ്പുകയുന്ന ഒരുപാട് അമ്മമാര്‍ നമുക്ക് ചുറ്റും ഉണ്ട്. നിങ്ങള്‍ക്ക് ചുറ്റുമുളള ഇത്തരം അതിജീവനങ്ങളുടെ നൊമ്പരക്കാഴ്ചകള്‍ ഞങ്ങളോട് പറയാം..നിങ്ങളുടെ വിലയേറിയ നിര്‍ദേശങ്ങള്‍ പങ്കുവെക്കാം..
Email-feedbackmathrubhumi.com@gmail.com
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..