വിഷവാതക പ്രയോഗത്തെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട കുട്ടികൾ | Photo: Twitter.com/IrnaEnglish
ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാന് തെക്ക് ഭാഗത്തുള്ള ഖൂം നഗരത്തിലെ നൗര്‍ ടെക്‌നിക്കല്‍ സ്‌കൂളില്‍ കുട്ടികള്‍ പഠനത്തിരക്കിലാണ്. അതിനിടയിലെപ്പഴോ ഒരു പൊട്ടിത്തെറി ശബ്ദം കേട്ടതായി അവര്‍ക്ക് തോന്നി. പിന്നാലെ അത്ര സുഖകരമല്ലാത്തൊരു ഗന്ധം അന്തരീക്ഷത്തില്‍ വ്യാപിച്ചു. അതോടെ കുട്ടികളില്‍ ചിലര്‍ക്ക് അസ്വസ്ഥതകള്‍ അനുഭവപ്പെട്ടു തുടങ്ങി. ചിലര്‍ക്ക് തലകറങ്ങുന്നത് പോലെ തോന്നി. ശ്വാസതടസ്സവും ഛര്‍ദ്ദിയും ഉണ്ടായി, ഒപ്പം ശരീരം തളരുന്നത് പോലെയുള്ള അനുഭവം. നൗര്‍ സ്‌കൂളിലെ 18 പെണ്‍കുട്ടികള്‍ക്കാണ് ആരോഗ്യപ്രശ്‌നങ്ങളുണ്ടായത്. അസ്വസ്ഥതകള്‍ അനുഭവപ്പെട്ട കുട്ടികളെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. ചിലരുടേത് ചെറിയ അരോഗ്യ പ്രശ്‌നങ്ങളായിരുന്നതിനാല്‍ പ്രഥമശുശ്രൂഷ നല്‍കി. മറ്റു ചില പെണ്‍കുട്ടികളുടേത് കുറച്ചുകൂടി ഗുരുതരമായ പ്രശ്‌നങ്ങളായിരുന്നു. അവരെ നിരീക്ഷണ വിഭാഗത്തിലേക്ക് മാറ്റി. പിന്നാലെ രാജ്യത്തെ മറ്റ് നഗരങ്ങളിലെ പല സ്‌കൂളുകളിലും സമാനമായ സംഭവങ്ങള്‍ ആവര്‍ത്തിച്ചു. അതിലധികവും ബാധിക്കപ്പെട്ടത് പെണ്‍കുട്ടികളെയാണ് എന്നതാണ് വിഷയത്തെ ഗുരുതരമാക്കിയത്.
രാജ്യത്തെ പെണ്‍കുട്ടികളെ ലക്ഷ്യംവെച്ചുകൊണ്ടുള്ള വിഷവാതക ആക്രമണമാണ് ഇതെന്ന റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചു തുടങ്ങി. നവംബര്‍ മാസത്തിന്റെ അവസാനത്തില്‍ തുടങ്ങിയ വിഷവാതക ആക്രമണത്തില്‍ 21 പ്രവിശ്യകളിലായി 830 കുട്ടികള്‍ക്ക് ഇതുവരെ വിഷബാധയേറ്റെന്നാണ് സ്ഥിരീകരിക്കാത്ത വിവരം. എന്നാല്‍, സംഖ്യ ഇതിലും കൂടുതലാണെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. 1200 പെണ്‍കുട്ടികള്‍ വിഷവാതക പ്രയോഗത്തിനിരയായെന്നാണ് ഒരു പാര്‍ലമെന്റംഗം വെളിപ്പെടുത്തിയത്. പക്ഷേ, എന്തുകൊണ്ട് പെണ്‍കുട്ടികളെ ലക്ഷ്യമിട്ട് ഇത്തരത്തിലൊരു ആക്രമണം? ആ ചോദ്യമാണ് ഇറാനിലെ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ഉയര്‍ത്തിയത്. നിയമാനുസൃതം തല മറയ്ക്കാത്തതിന് മതകാര്യ പോലീസ് അറസ്റ്റുചെയ്ത മഹ്‌സ അമീനി കസ്റ്റഡിയില്‍ മരിച്ചതിനെത്തുടര്‍ന്ന് ഇറാനില്‍ സെപ്റ്റംബര്‍ മുതല്‍ സ്ത്രീകളുടെ നേതൃത്വത്തില്‍ പ്രക്ഷോഭങ്ങള്‍ നടക്കുകയാണ്. ഇതിന് പിന്നാലെയാണ് പെണ്‍കുട്ടികളെ ലക്ഷ്യംവെച്ചുള്ള വിഷവാതകപ്രയോഗം. ഇതിനെ രണ്ടിനേയും കൂട്ടിവായിക്കുകയാണ് മനുഷ്യാവകാശപ്രവര്‍ത്തകര്‍.
അയല്‍രാജ്യമായ അഫ്ഗാനിസ്താനിലെ പോലെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം മുടക്കാന്‍ മതതീവ്രവാദികള്‍ ശ്രമിക്കുന്ന സംഭവം ഇറാന്റെ ചരിത്രത്തില്‍ ഇതുവരെ ഉണ്ടായിട്ടില്ല. എന്നാലിപ്പോള്‍ മാസങ്ങളായി ഹിജാബ് വിരുദ്ധ പ്രക്ഷോഭങ്ങള്‍ നടക്കുന്ന ഇറാനിലെ സ്‌കൂളുകളില്‍ വിഷവാതകം പ്രയോഗിച്ച് പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം തടയുന്നതിനുള്ള ശ്രമമാണിതെന്നാണ് സംശയിക്കപ്പെടുന്നത്. സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധത്തോടുള്ള പ്രതികാരമെന്നോണമാണ് വിഷവാതക ആക്രമണമെന്നാണ് കുട്ടികളും മാതാപിതാക്കളും അടക്കം ആരോപിക്കുന്നത്. സ്‌കൂളുകള്‍ പൂട്ടിച്ച് പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം മുടക്കുക എന്ന ലക്ഷ്യത്തോടെ തീവ്രമതസംഘങ്ങളാണ് വിഷം പ്രയോഗിക്കുന്നതെന്നാണ് മനുഷ്യാവകാശ സംഘടനകള്‍ ആരോപിക്കുന്നത്. എന്നാല്‍, സര്‍ക്കാര്‍ ഇത് തള്ളിക്കളയുകയാണ് ചെയ്തത്. ആദ്യം പ്രതികരിക്കാതിരുന്ന ഇറാന്‍ സര്‍ക്കാര്‍ വിശദാന്വേഷണത്തില്‍ വിഷവാതക ആക്രമണം സംശയിക്കുന്നതായി സമ്മതിച്ചു. പിന്നാലെ വിഷയത്തില്‍ കാര്യക്ഷമമായ അന്വേഷണം പ്രഖ്യാപിക്കുകയും അറസ്റ്റിലേയ്ക്ക് നീങ്ങുകയും ചെയ്തു.
തുടക്കം ഖൂം നഗരത്തില്‍
നവംബറില്‍ 30-ന് ഖൂം നഗരത്തിലെ നൂര്‍ ടെക്നിക്കല്‍ സ്‌കൂളിലാണ് ആദ്യത്തെ സംഭവം റിപ്പോര്‍ട്ട് ചെയ്യുന്നത്. 18 കുട്ടികള്‍ക്കാണ് അന്ന് ശാരീരിക അസ്വസ്ഥതകള്‍ റിപ്പോര്‍ട്ട് ചെയ്തത്. അതിനുശേഷം, എട്ട് പ്രവിശ്യകളിലെ കുറഞ്ഞത് 58 സ്‌കൂളുകളെങ്കിലും സമാന സംഭവങ്ങള്‍ ഉണ്ടായതായാണ് റിപ്പോര്‍ട്ട്. ബോറുജെര്‍ഡ് നഗരത്തിലെ നാല് സ്‌കൂളുകളില്‍ ഒരാഴ്ചയ്ക്കിടെ 194 പെണ്‍കുട്ടികള്‍ക്ക് വിഷബാധയേറ്റിരുന്നു. മിക്ക കേസുകളും റിപ്പോര്‍ട്ട് ചെയ്തത് പെണ്‍കുട്ടികളുടെ സ്‌കൂളുകളിലാണ്. നവംബര്‍ മുതല്‍ 1000-ത്തിലധികം വിദ്യാര്‍ഥികള്‍ക്കാണ് വിഷവാതക പ്രയോഗത്തില്‍ പ്രശ്‌നങ്ങള്‍ അനുഭവപ്പെട്ടത്. തലവേദന, ശ്വാസതടസ്സം, ഛര്‍ദ്ദി, തലകറക്കം എന്നിവയാണ് കുട്ടികളില്‍ പലര്‍ക്കും അനുഭവപ്പെട്ടത്. ഇതിന് പുറമേ ചില വിദ്യാര്‍ഥികള്‍ക്ക് കൈകാലുകള്‍ക്ക് തളര്‍ച്ചയും അനുഭവപ്പെട്ടു.
.jpg?$p=e3bab8c&&q=0.8)
ആരോഗ്യപ്രശ്‌നങ്ങളുണ്ടാകുന്നതിന് മുമ്പ് പലപ്പോഴും അന്തരീക്ഷത്തില്‍ ദുര്‍ഗന്ധം വ്യാപിക്കാറുണ്ടെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. ചീഞ്ഞ ഓറഞ്ചിന്റെ മണമോ കടുത്ത പെര്‍ഫ്യൂമിന്റെ മണമോ ആണ് അനുഭവപ്പെടുക. ചിലര്‍ക്ക് ചീഞ്ഞ മത്സ്യത്തിന്റെ മണമാണ് അനുഭവപ്പെട്ടത്. ഇതിന് മുമ്പ് വിചിത്രമായ വസ്തുക്കള്‍ സ്‌കൂള്‍ മുറ്റത്തേക്ക് വലിച്ചെറിയുന്നത് കണ്ടതായി വിദ്യാര്‍ഥികളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 'സ്‌കൂളില്‍നിന്ന് പൊട്ടിത്തെറി പോലെ എന്തോ ശബ്ദം കേട്ടുവെന്ന് മകള്‍ പറഞ്ഞതെന്ന് പേര് വെളിപ്പെടുത്താത്ത ഒരു സ്ത്രീ പറഞ്ഞിരുന്നു. രൂക്ഷഗന്ധം അന്തരീക്ഷത്തില്‍ വ്യാപിച്ചു. കുട്ടികളോട് ക്ലാസ് മുറി വിട്ട് പുറത്ത് പോകാന്‍ അധ്യാപകര്‍ ആവശ്യപ്പെട്ടു. സ്‌കൂള്‍ മുറ്റത്ത് കുട്ടികളില്‍ പലരും കുഴഞ്ഞുവീണു. എന്റെ മകളുടെ ക്ലാസില്‍ ആസ്ത്മയും ഹൃദയ സംബന്ധമായ പ്രശ്‌നങ്ങളുമുള്ള കുട്ടികളുണ്ടായിരുന്നു. പെട്ടന്ന് തന്നെ പോലീസും ആംബുലന്‍സും സ്ഥലത്തെത്തി. ആംബുലന്‍സ് ഡ്രൈവര്‍ കുട്ടികള്‍ക്ക് കുടിക്കാന്‍ പാല്‍ നല്‍കി.' ആ സ്ത്രീ സംഭവത്തേക്കുറിച്ച് വിവരിച്ചു.
ഇറാനിലെ 15 നഗരങ്ങളിലെ കുട്ടികളെ വിഷവാതക ആക്രമണം ബാധിച്ചിട്ടുണ്ടാകുമെന്നാണ് ഒരു ജനപ്രതിനിധി വ്യക്തമാക്കിയത്. ഏതെല്ലാം നഗരങ്ങളാണെന്നത് അടക്കമുള്ള കൂടുതല്‍ വ്യക്തതയിലേയ്ക്ക് പോകാന്‍ അദ്ദേഹം തയ്യാറായില്ല. ബാധിക്കപ്പെട്ട വിദ്യാര്‍ഥികളുടെ എണ്ണത്തെ സംബന്ധിച്ചും സ്ഥിരീകരിച്ച കണക്കുകളില്ല. എന്നാല്‍ ഇത്തരം സംഭവങ്ങള്‍ മാസങ്ങളായി തുടരുകയും ഒരേ സ്‌കൂളുകളില്‍ തന്നെ ഒന്നില്‍ കൂടുതല്‍ തവണ ഇത് റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തതിനാല്‍ വലിയ കണക്കുകളാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഖൂമിലെ ഒരു സ്‌കൂള്‍ വിദ്യാര്‍ഥിനി വിഷബാധയേറ്റ് മരിച്ചതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍, സര്‍ക്കാര്‍ ഇത് തള്ളിക്കളഞ്ഞിരുന്നു. സര്‍ക്കാര്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ കുട്ടി ഗുരുതരമായ അണുബാധ മൂലമാണ് മരിച്ചതെന്നും വിഷം ശ്വസിച്ചല്ലെന്നുമാണ് പെണ്‍കുട്ടിയുടെ പിതാവും ഡോക്ടറും വ്യക്തമാക്കിയത്.
ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തിന്റെ പ്രതികാരമോ?
ഖൂമിലെ സംഭവത്തിന് പിന്നാലെ പെണ്‍കുട്ടികള്‍ മാത്രം പഠിക്കുന്ന പൊതുവിദ്യാലയങ്ങള്‍ക്ക് നേരെയാണ് ആക്രമണങ്ങൾ അധികവും ഉണ്ടായത്. പൊതുവിദ്യാലയങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ഥിനികളാണ് അധികവും സമാനലക്ഷണങ്ങളോടെ ആശുപത്രികളില്‍ ചികിത്സ തേടിയത്. എന്നാല്‍ പരിശോധന നടത്തിയിട്ടും കുട്ടികള്‍ക്ക് അസ്വസ്ഥതകള്‍ ഉണ്ടാകുന്നതിന്റെ യഥാര്‍ഥ കാരണം കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ലെന്നാണ് അധികൃതരുടെ ഭാഷ്യം. വിദ്യാര്‍ഥികളില്‍ നിന്ന് ശേഖരിച്ച രക്തസാമ്പിളുകളില്‍ ബാക്ടീരിയയുടേയോ വൈറല്‍ അണുബാധകളൊന്നും സാന്നിധ്യവും ആരോഗ്യവകുപ്പ് അധികൃതര്‍ക്ക് കണ്ടെത്തിയിട്ടില്ല. വിദ്യാര്‍ഥികള്‍ ക്ലാസ് മുറികളില്‍ വിചിത്രമായ ദുര്‍ഗന്ധം അനുഭവപ്പെട്ടുവെന്ന് വ്യക്തമാക്കിയതാണ് വിഷവാതക ആക്രമണമായിരിക്കാം ഇതിന് കാരണമെന്ന വിലയിരുത്തലിലേയ്ക്ക് എത്തിയത്. ഈ സാധ്യത തുടക്കത്തില്‍ സ്ഥരീകരിച്ചില്ലെങ്കിലും അധികൃതര്‍ തള്ളിക്കളഞ്ഞിരുന്നില്ല. എന്നാല്‍ പെണ്‍കുട്ടികളെ ലക്ഷ്യമിട്ട് നടക്കുന്ന വിഷവാതക ആക്രമണങ്ങള്‍ ആസൂത്രിതമാണോയെന്ന് സര്‍ക്കാര്‍ ഇതുവരെ വ്യക്തമാക്കിയിട്ടുമില്ല.
സംഭവങ്ങള്‍ ബോധപൂര്‍വമായിരിക്കാമെന്നാണ് ഇറാന്റെ ചീഫ് പ്രോസിക്യൂട്ടര്‍ മുഹമ്മദ് ജാഫര്‍ സംശയം പ്രകടിപ്പിച്ചത്. ഫെബ്രുവരിയില്‍ ഖൂമിലെ സ്റ്റേറ്റ് പ്രോസിക്യൂട്ടര്‍ക്ക് അയച്ച കത്തില്‍ സ്‌കൂളുകളിലെ വിഷബാധ മനപ്പൂര്‍വം സൃഷിടിച്ചതാകാമെന്നാണ് അദ്ദേഹം സൂചിപ്പിച്ചത്. പെണ്‍കുട്ടികളുടെ സ്‌കൂളുകള്‍ അടച്ചുപൂട്ടാനുള്ള ബോധപൂര്‍വമായ ശ്രമമാണ് വിഷബാധയെന്ന സംശയമാണ് വിവിധ കോണുകളില്‍ നിന്ന് തുടക്കം മുതല്‍ ഉയര്‍ന്നുകേട്ടത്. പല ഇറാനികളും അങ്ങനെ തന്നെയാണ് വിശ്വസിക്കുന്നതും. കുട്ടികളിലും മാതാപിതാക്കളിലും ഭയം സൃഷ്ടിക്കാനും പെണ്‍കുട്ടികള്‍ സ്‌കൂളില്‍ പോകുന്നത് തടയാനുമുള്ള ശ്രമത്തിന്റെ ഭാഗമായി മതതീവ്രവാദികളാണ് സംഭവത്തിന് പിന്നിലെന്നും ചിലര്‍ അനുമാനിക്കുന്നു. എന്നാല്‍ എന്തിന്? ഇറാനില്‍ അടുത്തിടെ നടന്ന സര്‍ക്കാര്‍ വിരുദ്ധ സമരങ്ങളില്‍ പങ്കെടുത്തതിനുള്ള പ്രതികാരമെന്നോണം സ്‌കൂള്‍ വിദ്യാര്‍ഥിനികളെ ലക്ഷ്യമിടുന്നതെന്നാണ് വിദ്യാര്‍ഥികളും രക്ഷിതാക്കളും അഭിപ്രായപ്പെടുന്നത്. ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തിന്റെ പ്രതികാരമെന്നോണം പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം തടസപ്പെടുത്താനുള്ള ശ്രമമാണെന്നാണ് വിലയിരുത്തല്‍.
.jpg?$p=c0d0d29&&q=0.8)
കത്തിപ്പടര്‍ന്ന ഹിജാബ് വിരുദ്ധ പ്രക്ഷോഭം
ശിരോവസ്ത്രം ശരിയായി ധരിച്ചില്ലെന്ന് ആരോപിച്ച് മോറല്‍ പോലീസ് അറസ്റ്റ് ചെയ്ത മാഹ്സ അമിനിയെന്ന 22 വയസ്സുകാരിയുടെ കസ്റ്റഡി മരണമാണ് ഇറാനിലെ പ്രതിഷേധങ്ങള്‍ക്ക് തുടക്കം കുറിച്ചത്. നീതിനിഷേധത്തിനും അവകാശലംഘനങ്ങള്‍ക്കുമെതിരേ സ്ത്രീകളും കുട്ടികളുമടക്കമുള്ളവര്‍ തെരുവുകളില്‍ അണിനിരന്നു. സര്‍ക്കാരിനെതിരേ മുദ്രാവാക്യം മുഴക്കി. സെപ്തംബര്‍ 13-നായിരുന്നു സംഭവം. ഹിജാബ് ധരിക്കാത്തതിന്റെ പേരില്‍ സ്ത്രീകള്‍ക്കെതിരായ നടപടി ഇറാനില്‍ പുതിയ കാര്യമല്ല. 1979-ലെ ഇസ്ലാമിക വിപ്ലവത്തിനുശേഷം സ്ത്രീകള്‍ക്ക് പ്രത്യേക വസ്ത്രധാരണനിയമമുണ്ട് ഇറാനില്‍. അത് പ്രകാരം, സ്ത്രീകള്‍ പൊതുസ്ഥലത്ത് തലയും കഴുത്തും ചുമലും മറയ്ക്കുന്ന വസ്ത്രമണിയണം. തലമുടി പുറത്തുകാണരുത്, അയഞ്ഞ വസ്ത്രമേ ധരിക്കാവൂ, പാന്റിന്റെ ടോപ്പ് മുട്ടിനുതാഴെ നില്‍ക്കണം തുടങ്ങിയ നിര്‍ദേശങ്ങളുണ്ട്. ഇത് പാലിക്കുന്നുണ്ടോ എന്ന് ഉറപ്പാക്കലാണ് മോറല്‍ പോലീസിന്റെ ജോലി. നിയമലംഘകര്‍ക്ക് പിഴയും തടവും ചാട്ടയടിയുമെല്ലാം ശിക്ഷയായി ലഭിക്കാം. ശിരോവസ്ത്രം ധരിച്ചില്ലെന്ന് ആരോപിച്ച് കസ്റ്റഡിയിലെടുത്ത മഹ്‌സ മരിച്ചതോടെയാണ് പ്രതിഷേധം അണപൊട്ടിയത്.
മഹ്സ അമിനിയുടെ മരണത്തില്‍ പ്രതിഷേധിച്ച് സര്‍ക്കാരിനെതിരേ മുദ്രാവാക്യം വിളികളുമായി സ്ത്രീകളും വിദ്യാര്‍ഥിനികളും രംഗത്തിറങ്ങി. ശിരോവസ്ത്രം അഴിച്ചുമാറ്റിയാണ് യുവജനങ്ങള്‍ പ്രതിഷേധത്തില്‍ പങ്കുചേര്‍ന്നത്. ഇതോടെ പ്രതിരോധവുമായി സര്‍ക്കാരും രംഗത്തിറങ്ങി. നിയമം ലംഘിച്ചവര്‍ക്കെതിരേ വ്യാപക നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. നിരവധി വിദ്യാര്‍ഥികളാണ് സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധത്തില്‍ കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍. സെപ്റ്റംബറില്‍ ആരംഭിച്ച പ്രക്ഷോഭത്തില്‍ ഇതുവരെ അഞ്ഞൂറോളം പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് അനൗദ്യോഗികവിവരം. 18,200-ലധികം പേരെയെങ്കിലും തടവിലാക്കിയിട്ടുമുണ്ട്. മനുഷ്യാവകാശ പ്രവര്‍ത്തകരുടെ വാര്‍ത്താ ഏജന്‍സിയായ എച്ച്.ആര്‍.എ.എന്‍.എ.യുടെ കണക്കുകള്‍ പ്രകാരം മരിച്ചവരുടെ എണ്ണം 500-ലധികമാണ്. ഇതില്‍ എഴുപതോളം പേര്‍ കുട്ടികളാണ്. രണ്ട് പേരെ ഇതിനകം വധശിക്ഷയ്ക്ക് ഇരയാക്കിയപ്പോള്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടത് 26 പേരാണ്. വധശിക്ഷാക്കുറ്റം നേരിടുന്നവരില്‍ ഭൂരിഭാഗത്തിനും കാര്യമായ നിയമസഹായം ലഭിക്കുന്നില്ലെന്നാണ് രാജ്യത്ത് നിന്ന് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.
1979-ലെ ഇസ്ലാമിക വിപ്ലവത്തിനുശേഷം ഇറാനില്‍നടന്ന ഏറ്റവും ദൈര്‍ഘ്യമേറിയ പ്രക്ഷോഭമായിരുന്നു കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ആരംഭിച്ച ഹിജാബ് വിരുദ്ധ പ്രക്ഷോഭം. പ്രതിഷേധക്കാരെ അടിച്ചമര്‍ത്താനുള്ള ശ്രമം അന്താരാഷ്ട്രതലത്തില്‍ ഇറാനെ ഒറ്റപ്പെടുത്തുന്നതിലേക്കാണ് നയിച്ചത്. ഐക്യരാഷ്ട്രസഭയില്‍ ഇറാനെതിരേ പ്രമേയം പാസാക്കി. 'സ്വന്തം രാജ്യത്തെ സ്ത്രീകളെ സംരക്ഷിക്കാന്‍ കഴിയാത്ത ഇറാന് സമിതിയില്‍ തുടരാന്‍ യോഗ്യതയില്ല' എന്ന് വ്യക്തമാക്കിക്കൊണ്ട് ഐക്യരാഷ്ട്രസഭയുടെ വനിതാ അവകാശസമിതിയില്‍നിന്ന് ഇറാനെ പുറത്താക്കുന്നതിലേക്ക് വരെ എത്തി കാര്യങ്ങള്‍. ശിരോവസ്ത്രം വലിച്ചെറിയുന്ന പുതുതലമുറയുടെ പ്രതിഷേധമാര്‍ഗം ശ്രദ്ധനേടിയതോടെ പ്രതിഷേധത്തില്‍ അറസ്റ്റ് ചെയ്ത രണ്ട് പേരെ ഇറാന്‍ വധശിക്ഷയ്ക്ക് വിധേയരാക്കി. ഇത് ഇറാനെ കൂടുതല്‍ പ്രതിരോധത്തിലാക്കി.
.jpg?$p=c521eaf&&q=0.8)
ആശങ്ക ഒഴിയാതെ മാതാപിതാക്കള്‍
സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധങ്ങളില്‍ പങ്കെടുത്തതുകൊണ്ടാണോ തങ്ങള്‍ ആക്രമിക്കപ്പെടുന്നതെന്ന ചിന്തയാണ് പെണ്‍കുട്ടികള്‍ മുന്നോട്ട് വെയ്ക്കുന്നത്. പ്രശ്‌നത്തില്‍ സര്‍ക്കാര്‍ കാര്യക്ഷമമായി ഇടപെടുന്നില്ലെന്ന പരാതിയാണ് പലരും ഉയര്‍ത്തുന്നത്. വിദ്യാഭ്യാസം മുടങ്ങുമെന്ന ഭയപ്പെട്ടതോടെ അബാന്‍ സ്‌കൂളിന് പുറത്ത് ഒരു കൂട്ടം പെണ്‍കുട്ടികള്‍ പരസ്യപ്രതിഷേധവുമായെത്തി. 'സ്ത്രീ, ജീവിതം, സ്വാതന്ത്ര്യം', 'കുട്ടികളെ കൊലപ്പെടുത്തുന്ന സര്‍ക്കാരിന്റെ അന്ത്യം' തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയാണ് പെണ്‍കുട്ടികള്‍ പ്രതിഷേധിച്ചത്. അശങ്കയോടെയും സങ്കടത്തോടെയുമാണ് കുട്ടികളെ സ്‌കൂളിലേക്ക് അയക്കുന്നതെന്നാണ് മാതാപിതാക്കളും പറയുന്നത്. ആക്രമണങ്ങളെക്കുറിച്ച് സത്യസന്ധമായ അന്വേഷണം നടക്കുമെന്ന് പലര്‍ക്കും വിശ്വാസമില്ല. 'സര്‍ക്കാര്‍ സംവിധാനത്തില്‍ എനിക്ക് യാതൊരു പ്രതീക്ഷയുമില്ല. എന്നാല്‍ ലോകം ഞങ്ങളുടെ ശബ്ദം കേള്‍ക്കുമെന്നും ഈ കൊലയാളികളെ പിന്തുണയ്ക്കുന്നത് സര്‍ക്കാര്‍ അവസാനിപ്പിക്കുമെന്നും ഞാന്‍ പ്രതീക്ഷിക്കുന്നു', ഒരു രക്ഷിതാവ് രോഷത്തോടെ പ്രതികരിച്ചു.
'രക്ഷിതാക്കളുമായും സ്‌കൂള്‍ പ്രിന്‍സിപ്പലുമായും ആശയവിനിമയം നടത്തിയപ്പോള്‍ സ്‌കൂളില്‍ നിന്ന് പകുതിയിലധികം വിദ്യാര്‍ഥികളെ ആശുപത്രിയിലേക്ക് കൊണ്ടുപോയതായി അറിയാന്‍ കഴിഞ്ഞു. ഏതാണ്ട് 200 വിദ്യാര്‍ഥികളെയെങ്കിലും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ആ കുട്ടികളില്‍ ഒരാള്‍ കോമയിലായിരുന്നു', ഒരു മാതാവ് തന്റെ അനുഭവം പങ്കുവെച്ചു. 'ചില മാതാപിതാക്കളെങ്കിലും തങ്ങളുടെ കുട്ടികളെ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ പോലും വിസമ്മതിച്ചു. അവരെ ഒരുതരം ഭയം പിടികൂടിയിരുന്നു. ഉദ്യോഗസ്ഥരെ പോലും അവര്‍ വിശ്വസിക്കുന്നില്ല. എനിക്ക് രണ്ട് പെണ്‍മക്കളുണ്ട്, എന്റെ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാന്‍ നിങ്ങള്‍ ബാധ്യസ്ഥനാണ്. സര്‍ക്കാര്‍ അത് ചെയ്യുന്നില്ലെങ്കില്‍ പിന്നെ എനിക്ക് ചെയ്യാന്‍ കഴിയുന്നത് അവരെ സ്‌കൂളില്‍ അയക്കാതിരിക്കുക എന്നത് മാത്രമാണ്', ഒരു പിതാവ് വേദനയോടെ പറഞ്ഞു.
ഇതൊരു യുദ്ധമാണ് എന്നാണ് മറ്റൊരു വിദ്യാര്‍ഥിനിയുടെ മാതാവ് പറഞ്ഞത്. 'ഞങ്ങളെ വീട്ടില്‍ ഇരിക്കാന്‍ നിര്‍ബന്ധിക്കുന്നതിനാണ് അവര്‍ പെണ്‍കുട്ടികളുടെ വിദ്യാലയങ്ങളില്‍ ഇത് ചെയ്യുന്നത്. പെണ്‍കുട്ടികള്‍ വീട്ടിലിരിക്കണമെന്ന് അവര്‍ ആഗ്രഹിക്കുന്നു', അവര്‍ തന്റെ കാഴ്ച്ചപ്പാട് പങ്കുവെച്ചു. വിഷവാതകം ശ്വസിച്ച് ആഴ്ചകളോളം തങ്ങളുടെ കുട്ടികള്‍ അസുഖബാധിതരായിരുന്നുവെന്ന് ചില മാതാപിതാക്കള്‍ പറഞ്ഞു. 'ഞാന്‍ ഒരു കുട്ടിയുടെ മാതാവാണ്. എന്റെ കുട്ടി ആശുപത്രി കിടക്കയിലാണ്, അവളുടെ കൈകാലുകള്‍ തളര്‍ന്നിരിക്കുന്നു. അവള്‍ പ്രതികരിക്കുന്നില്ല. ദയവായി നിങ്ങളുടെ കുട്ടികളെ സ്‌കൂളില്‍ അയക്കരുത്', ആശുപത്രിയില്‍ ഒരു കൗമാരക്കാരിയായ പെണ്‍കുട്ടിക്ക് സമീപമിരുന്ന അവളുടെ അമ്മ വിലപിച്ചു.
.jpg?$p=7e4c243&&q=0.8)
കുറ്റം തെളിഞ്ഞാല്‍ വധശിക്ഷയെന്ന് ഖമേനി
സര്‍ക്കാര്‍ സംവിധാനങ്ങള്‍ നിഷ്‌ക്രിയമാണെന്ന് രക്ഷിതാക്കളും പൊതുസമൂഹവും ആരോപിക്കുമ്പോഴും കുറ്റം തെളിഞ്ഞാല്‍ കടുത്ത നടപടി സ്വീകരിക്കുമെന്നാണ് ഇറാന്‍ വ്യക്തമാക്കുന്നത്. വിദ്യാര്‍ഥിനികള്‍ക്കുനേരെയുള്ള വിഷവാതകപ്രയോഗം തെളിഞ്ഞാല്‍ കുറ്റക്കാര്‍ക്ക് വധശിക്ഷ നല്‍കുമെന്ന് ഇറാന്റെ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമേനി പറഞ്ഞു. സംഭവത്തില്‍ അധികാരികള്‍ ശക്തമായി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ക്ഷമിക്കാനാകാത്ത കുറ്റമാണ് ഇതെന്ന് വ്യക്തമാക്കിക്കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. നേരത്തെ സ്‌കൂളുകളില്‍ ആക്രമണത്തിന് ഉപയോഗിച്ച വിഷവാതകം സൈനിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതല്ലെന്നും പൊജുജനങ്ങള്‍ക്ക് ലഭ്യമാകുന്നതാണെന്നും ആരോഗ്യവകുപ്പ് സഹമന്ത്രി യൂനസ് പനാഹി പറഞ്ഞിരുന്നു. എല്ലാ സ്‌കൂളുകളും പ്രത്യേകിച്ച് പെണ്‍കുട്ടികളുടെ സ്‌കൂകള്‍ അടച്ചുപൂട്ടണമെന്ന് ചിലര്‍ ആഗ്രഹിക്കുന്നുവെന്ന് വ്യക്തമാണെന്ന് തുറന്നു പറയുകയും ചെയ്തു മന്ത്രി.
വിഷവാതകത്തില്‍ നൈട്രജന്‍ അടങ്ങിയിട്ടുണ്ടെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഏതെങ്കിലും തരത്തിലുള്ള പ്രത്യേക രാസവസ്തു കണ്ടെത്തിയതായി പറയുന്ന റിപ്പോര്‍ട്ടുകള്‍ ആഭ്യന്തരമന്ത്രി തള്ളിക്കളഞ്ഞു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും അധികൃതര്‍ പ്രഖ്യാപിച്ചിരുന്നു. ഇതിനിടെ വിഷവാതകപ്രയോഗവുമായി ബന്ധപ്പെട്ട് ഏതാനുംപേരെ അറസ്റ്റ് ചെയ്തതായി ഇറാന്‍ അറിയിച്ചു. അഞ്ചു പ്രവിശ്യകളില്‍നിന്നാണ് അറസ്റ്റെന്നും നിര്‍ദിഷ്ട ഏജന്‍സികള്‍ അന്വേഷണം നടത്തുന്നുണ്ടെന്നും ആഭ്യന്തരവകുപ്പ് ഉപമന്ത്രി മജീദ് മിറഹ്‌മദിയാണ് അറിയിച്ചത്. അറസ്റ്റിലായവരുടെ വിശദവിവരങ്ങള്‍ അദ്ദേഹം പറഞ്ഞില്ല. 2022 നവംബറില്‍ തുടങ്ങിയ ഈ സംഭവത്തിന്റെ പേരിലുള്ള ആദ്യ അറസ്റ്റാണിത്. സര്‍ക്കാര്‍ ഇതെല്ലാം വ്യക്തമാക്കുമ്പോഴും ചോദ്യങ്ങള്‍ അവശേഷിക്കുകയാണ്. എന്താണ് കുട്ടികള്‍ക്ക് മേല്‍ ഉപയോഗിച്ച വിഷം? ആരാണ് ഇതിനെല്ലാം പിന്നില്‍? എന്താണ് അവരുടെ യഥാര്‍ത്ഥ ഉദ്ദേശം. ചോദ്യങ്ങള്‍ മറുപടിയില്ലാതെ അവശേഷിക്കുന്നു.
Content Highlights: Hundreds of Iranian schoolgirls fall victim of mysterious poisonings
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..