ആനയ്ക്ക് വേണ്ടി നടത്തിയ ചരിത്രത്തിലെ ആദ്യ നരബലി;പച്ചയ്ക്ക് കഴുത്തറുത്തുകൊന്ന് 'ഐശ്വര്യം' നേടുന്നവര്‍


ശ്രുതി ലാല്‍ മാതോത്ത്In-Depth

പ്രതീകാത്മക ചിത്രം

ന്ത്രവാദത്തിന്റെ ഭീകര താണ്ഡവം ഈ നൂറ്റാണ്ടിലും നമ്മുടെ കുടുംബങ്ങളില്‍ അവസാനിച്ചിട്ടില്ല എന്ന് പത്തനംതിട്ടയിലുണ്ടായ നരബലികള്‍ പറഞ്ഞ് തരുന്നു. രണ്ട് സ്ത്രീകളെ കടത്തി കൊണ്ട് പോയ ശേഷം ശിരഛേദം നടത്തിയിരിക്കുന്നത് ഉത്തരേന്ത്യന്‍ ഗ്രാമങ്ങളിലല്ല, സാമൂഹികമുന്നേറ്റത്തില്‍ ഏറെ മുന്നിലെന്ന് അവകാശപ്പെടുന്ന കേരളത്തിലാണ്. ശാസ്ത്ര ചിന്തയും നവോത്ഥാന ആശയങ്ങളും കൂടുതല്‍ ജാഗ്രതയോടെ പ്രചരിപ്പിക്കണ്ടതിന്റെ രാഷ്ട്രീയ ഉത്തരവാദിത്വത്തിലേക്കാണ് ഇത്തരം സംഭവങ്ങള്‍ വിരല്‍ ചൂണ്ടുന്നത്. കാരണം ഒറ്റപ്പെട്ടവയെന്ന് പറഞ്ഞ് തള്ളാവുന്ന തലത്തില്‍ നിന്ന് അവ മുന്നോട്ട് പോയികഴിഞ്ഞെന്ന് കേരളത്തിലെ തന്നെ നരബലി കേസുകളുടെ ചരിത്രം പരിശോധിച്ചാല്‍ മനസിലാവും 2021 ഫെബ്രുവരിയിലാണ് ഇതിന് മുമ്പ് നരബലി സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. പാലക്കാട് പുതുപ്പള്ളി തെരുവില്‍ ആറുവയസുകാരനെ വീട്ടിലെ കുളിമുറിയില്‍ കാല്‍ കൂട്ടി കെട്ടിയ ശേഷം കഴുത്തറുത്ത് കൊലപ്പെടുത്തിയത് മാതാവ് തന്നെയായിരുന്നു. എഫ്.ഐ.ആറില്‍ പോലിസ് നരബലിയെന്ന് രേഖപ്പെടുത്തിയിരിക്കുന്ന കേസില്‍ മകന്‍ ആമിലിനെ ദൈവത്തിന് വേണ്ടി ബലി നല്‍കിയെന്നാണ് പ്രതിയായ മാതാവ് ഷാഹിദ നല്‍കിയ മൊഴി. ഷാഹിദ മദ്രസാ അധ്യാപികയായിരുന്നു. കേസിന്റെ വിചാരണ നടന്നുകൊണ്ടിരിക്കുകയാണ്.

ആനയ്ക്ക് വേണ്ടി നടത്തിയ ചരിത്രത്തിലെ ആദ്യ നരബലി
സ്വാതന്ത്ര്യാനന്തര കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആദ്യ നരബലി നടന്നത് 1955 ഏപ്രില്‍ 23നാണ്. തിരുവനന്തപുരം കാട്ടക്കടയില്‍ കഴുത്തില്‍ കുരുക്കിട്ട് 15കാരനെ ബലികഴിപ്പിക്കുകയായിരുന്നു. മൃതദേഹം മറവു ചെയ്യാനായി ചാക്കിലാക്കി കൊണ്ടുപോകുമ്പോഴാണ് പ്രതികള്‍ പോലിസ് പിടിയിലാവുന്നത്. മന്ത്രാവാദിയെയും കൂട്ടാളിയെയും നാടുകടത്താനായിരുന്നു അന്ന് രണ്ടാം സെഷന്‍സ് കോടതിയുടെ വിധി. തൊട്ടടുത്ത വര്‍ഷം തന്നെ അടുത്ത കേസ് വാര്‍ത്തകളില്‍ നിറഞ്ഞു. ആനയ്ക്ക് വേണ്ടി നടത്തിയ ചരിത്രത്തിലെ ആദ്യ നരബലിയായിരുന്നു അത്. 1956 സെപ്തംബർ 29ന് ഗുരുവായൂരില്‍ രാധ എന്ന പേരുള്ള ആനയുടെ അസുഖം മാറാനായി ആന പ്രേമിയായ അപ്പസാമിയെന്ന കൃഷ്ണന്‍ ചെട്ടി അമ്പലത്തിന്റെ കിഴക്കെനടയില്‍ കിടന്നുറങ്ങിയ സുഹൃത്ത് കൂടിയായ കാശി എന്നയാളെ വെട്ടുകത്തികൊണ്ട് കൊലപ്പെടുത്തുകയായിരുന്നു. ഒരു വര്‍ഷത്തെ വിചാരണയ്ക്ക് ശേഷം അപ്പസ്വാമിയെ കോഴിക്കോട്ടെ തെക്കെ മലബാര്‍ സെഷന്‍സ് കോടതി ജീവപര്യന്തം ശിക്ഷയ്ക്ക് വിധിച്ചു. വിചാരണ സമയത്ത് കുറ്റകൃത്യം സമ്മതിച്ച പ്രതി, ആന വലിയ ജീവിയാണെന്നും കൊല്ലപ്പെട്ട കാശി ഒരു മനുഷ്യനാണെന്നും ഒരു മനുഷ്യന്‍ ജീവിച്ചിട്ട് കാര്യമില്ലെന്നുമുള്ള വിചിത്രവാദമാണ് ഉയര്‍ത്തിയത്. ചുരുക്കത്തില്‍ താന്‍ നടത്തിയ കൊലയില്‍ ഒരുതരത്തിലുള്ള പശ്ചാത്താപവും അയാള്‍ക്കുണ്ടായിരുന്നില്ല. അന്ധവിശ്വാസ മാനസികാവസ്ഥ കുറേക്കാലം നിലനില്‍ക്കുന്നവര്‍, ആര്‍ക്കെതിരേയും ക്രൂരമായ കുറ്റകൃത്യങ്ങള്‍ ചെയ്യാന്‍ മടി കാണിക്കില്ലെന്ന പഠന റിപ്പോര്‍ട്ടുകള്‍ അപ്പസ്വാമിയുടെ കേസുമായി ചേര്‍ത്ത് വായിക്കേണ്ടതാണ്. 1983ല്‍ വയനാട്ടിലും നരബലി ശ്രമം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. എരുമാട് പ്രൈമറി സ്‌കൂള്‍ അധ്യാപകനായ കേളപ്പന്‍ മാസ്റ്ററെ ബലികഴിപ്പിക്കാന്‍ ശ്രമിച്ചതിന് ആറന്‍മുള സ്വദേശിയായ ലക്ഷ്മി, മകന്‍ രാമചന്ദ്രന്‍ എന്നിവര്‍ ശിക്ഷിക്കപ്പെട്ടു. ഇരയാക്കപ്പെട്ട കേളപ്പന്‍ മാസ്റ്റര്‍ പരിക്കുകളോടെ രക്ഷപ്പെട്ടെങ്കിലും, വിദ്യാസമ്പന്നന്‍ ആയിരുന്നു അദ്ദേഹം എന്നത് അത്ഭുതപ്പെടുത്തുന്നതാണ്. സാക്ഷരതയുള്ളൊരു സമൂഹം തന്നെയാണ് യുക്തിഭദ്രതയില്ലാതെ പെരുമാറുന്നത് എന്നിടത്താണ് അത്ഭുതം. 1981 ഡിസംബര്‍ 17ന് ഇടുക്കി കൊന്നത്തടി പഞ്ചായത്തിലെ പനംകുട്ടിയില്‍ കുളമാവ് മുത്തിയുരുണ്ടയാര്‍ തച്ചിലേത്ത് വര്‍ഗീസിന്റെ മൂന്നാമത്തെ മകള്‍ സോഫിയയെയാണു നിധി കിട്ടാന്‍ വേണ്ടി ഭര്‍ത്താവ് പനംകുട്ടി ചുരുളിപ്പറമ്പില്‍ മോഹനനും വീട്ടുകാരും ചേര്‍ന്നു നരബലി നടത്തി വീട്ടിനുള്ളില്‍ കുഴിച്ചിട്ടത്. മോഹനന്‍, പിതാവ് കറുപ്പന്‍, അമ്മ രാധ, മോഹനന്റെ സഹോദരന്മാരായ ഉണ്ണി, ബാബു, മന്ത്രവാദി കാലടി മാണിക്കമംഗലം ഭാസ്‌കരന്‍ എന്നിവര്‍ ചേര്‍ന്നാണു കൃത്യം നടത്തിയത്. നരബലി നടന്നാല്‍ കോടിക്കണക്കിനു രൂപയുടെ മൂല്യമുള്ള നിധി കിട്ടുമെന്നു മന്ത്രവാദി പറഞ്ഞതാണ് കൊലയ്ക്ക് കാരണമായത്. എന്നാല്‍ അത്തരത്തില്‍ ആര്‍ക്കെങ്കിലും പണം കിട്ടയതായി അറിവിലുണ്ടോ ? അത്തരത്തിലൊന്ന് മുന്‍പ് കേട്ടിരുന്നോ ? ഇത്തരം സാധാരണ ചോദ്യങ്ങള്‍ പോലും ഇവരുടെ ഉള്ളില്‍ ഉണ്ടാവുന്നില്ല. അത്രത്തോളം തീവ്രമായി അന്ധവിശ്വാസം ഇത്തരം ആളുകളില്‍ വേരാഴ്ത്തിയിട്ടുണ്ടാവും. കേസില്‍ പ്രതികള്‍ക്കെല്ലാം ജീവപര്യന്തം ശിക്ഷ ലഭിച്ചു. ഉണ്ണി ശിക്ഷ പൂര്‍ത്തിയാവും മുന്‍പു ജയിലില്‍ മരിച്ചു.ഇരകളാവുന്ന കുഞ്ഞുങ്ങള്‍
മൂത്രനാളി മുതല്‍ ചുണ്ട് വരെ, ശരീരമാസകലം ചട്ടുകം പഴിപ്പിച്ച് വച്ച് പൊള്ളിച്ച് നാലുവയസുകാരിയെ ആഭിചാര കര്‍മ്മത്തിനിടെ കൊലപ്പെടുത്തി. 1997 സപ്തംബറില്‍ പിതൃക്കളെ പ്രീതിപ്പെടുത്താന്‍ മാതാപിതാക്കള്‍ നടത്തിയ ആഭിചാരത്തിന് സ്വന്തം വീട്ടില്‍ തന്നെ കുരിതിക്കിരയായത് അശ്വനിയെന്ന കുഞ്ഞാണ്. അമ്മയായ സുമയുടെ അന്ധവിശ്വാസം മുതലെടുത്ത് ഡോക്ടറായ പിതാവ് ശശി രാജപണിക്കരും അയാളുടെ മൂന്നാം ഭാര്യയായ സീനയും കൂടെയാണ് കുഞ്ഞിനെ ബലിനല്‍കിയത്. ജില്ലയിലെ ഇലന്തൂര്‍ പരിയാരം പൂക്കോടാണ് സംഭവം നടന്നത്. 1970കള്‍ക്ക് ശേഷം ആഭിചാര കര്‍മ്മത്തിനിടെ ഏറ്റവും ക്രൂരമായി കൊലചെയ്യപ്പെട്ട കുഞ്ഞുങ്ങളിലൊരാളാണ് ഈ നാലുവയസുകാരി. മറ്റൊരു പ്രധാനസംഗതി, 70കള്‍ക്ക് ശേഷം കേരളത്തിലുണ്ടായ നരബലികള്‍ക്ക് കൂടുതലായും ഇരകളായിട്ടുള്ളത് കുഞ്ഞുങ്ങളാണെന്നതാണ്. അതും പത്ത് വയസില്‍ താഴെ പ്രായമുള്ളവര്‍. ഇതില്‍ ആദ്യത്തേത് 1973 മെയ് 29ാം തിയ്യതി കൊല്ലത്ത് ശങ്കരോദയം എല്‍ പി സ്‌കൂളിലെ ആറുവയസുകാരനായ ദേവദാസന്റെ മരണമാണ്. പ്രദേശവാസിയായ അഴകേശന്‍ ദേവ പ്രീതിയ്ക്കായി കൈവശം സൂക്ഷിച്ചിരുന്ന വിഗ്രഹത്തിനുമുന്നിലിട്ട് കുഞ്ഞിനെ ശിരഛേദം നടത്തി കൊല്ലുകയായിരുന്നു. കേസില്‍ ഇയാള്‍ക്ക് വധശിക്ഷ വിധിച്ച് കൊല്ലം സെഷന്‍സ് കോടതിയും വിധി ശരിവച്ച് ഹൈക്കോടതിയും ദൈവപ്രീതിക്കായി മനുഷ്യരെ കൊല ചെയ്യുന്ന പ്രാകൃതവൃത്തിയിലേര്‍പ്പെടുന്നവര്‍ക്ക് കൃത്യമായ മുന്നറിയിപ്പ് നല്‍കി എന്നത് ആശ്വാസകരമായിരുന്നു. 1983 ജൂണ്‍ 29ന് ഇടുക്കി രാമക്കല്‍മേട്ടില്‍ സഹോദരിയുടെ പ്രേതബാധ അകറ്റാനായി വീട്ടുകാര്‍ തന്നെ പതിനഞ്ചുവയസ്സുകാരനെ കണ്ണുകളും മൂക്കും കുത്തിക്കീറി നരബലി നല്‍കി. മുണ്ടിയെരുമ ഗവ. ഹൈസ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയായിരുന്ന റഹ്മത്താണ് കൊല്ലപ്പെട്ടത്. കേസില്‍ റഹ്മത്തിന്റെ മാതാവ്, പിതാവ്, സഹോദരി എന്നിവരുള്‍പ്പെടെ 6 പേര്‍ക്ക് ജീവപര്യന്തം ശിക്ഷ ലഭിച്ചു. 1996ല്‍ കായകുളം കുഴിത്തറയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട നരബലിയുടെ ഇര ആറുവയസുകാരി അജിതയാണ്. നരബലി നടത്തിയ ദമ്പതിമാരായ വിക്രമനും തുളസിയും കൃത്യം നടത്തിയതാവട്ടെ സന്താനലബ്ധിക്കും. ആ വര്‍ഷം ഡിസംബര്‍ 31 അര്‍ധരാത്രിയിലായിരുന്നു ക്രൂരകൃത്യം. സ്‌കൂളില്‍ നിന്ന് മടങ്ങിവരവെയാണ് അജിതയെ പല വാഗ്ദാനങ്ങള്‍ നല്‍കി ദമ്പതികള്‍ വീട്ടിലെത്തിച്ചത്. അര്‍ധരാത്രി മന്ത്രവാദിയുടെ സഹായത്തോടെ കുട്ടിയുടെ ദേഹത്ത് മുറിവുണ്ടാക്കി രക്തം ഊറ്റിയെടുക്കുകയായിരുന്നു. രക്തം വാര്‍ന്ന് അലറികരയാന്‍ ശ്രമിച്ച കുഞ്ഞിന്റെ വായില്‍ തുണി തിരുകി കയറ്റിവയ്ക്കുകയായിരുന്നു. രക്തമെടുത്ത് പൂജ നടത്തിയ ശേഷം മൃതദേഹം കുളത്തിലെറിഞ്ഞു. എന്നാല്‍ കുഞ്ഞിന്റെ ശരീരത്തില്‍ കണ്ട മുറിവ് ബന്ധുക്കളില്‍ സംശയമുണ്ടാക്കി. പിന്നാലെ സാമൂഹ്യ- രാഷ്ട്രീയ കക്ഷികള്‍ വലിയ പ്രതിഷേധങ്ങളുമായി രംഗത്തെത്തിയതോടെ കേരളക്കര ചര്‍ച്ച ചെയ്യുന്ന കേസായി മാറി ഇത്. അന്വേഷണത്തിനൊടുവില്‍ ദമ്പതികളെയും നരബലി നിര്‍ദേശിച്ച മന്ത്രവാദി 28കാരനായ മുരുകനും അറസ്റ്റിലാവുകയായിരുന്നു.

ദുരുഹത ബാക്കി നില്‍ക്കുന്ന നാടോടി ബാലന്റെ കൊല

രണ്ടര പതിറ്റാണ്ട് പിന്നിടുമ്പോഴും നരബലിയെന്ന് സംശയിക്കുന്ന കൊലയ്ക്ക് ഉത്തരം കിട്ടാത്ത സംഭവും കേരളക്കരയിലുണ്ടായിട്ടുണ്ട്. പട്ടാമ്പിയില്‍ 2004 ഡിസംബറില്‍ ആണ് റെയില്‍വേസ്റ്റേഷനില്‍ മാതാപിതാക്കള്‍ക്കൊപ്പം കിടന്നുറങ്ങിയ നാലുവയസുകാരനെ ഭാരതപുഴയോട് ചേര്‍ന്ന് കിടക്കുന്ന കുളത്തില്‍ നിന്ന് കൈകാലുകള്‍ അറുത്തുമാറ്റിയ നിലയില്‍ കണ്ടെത്തിയത്. കുളത്തിന് സമീപത്തെ റെയില്‍വേ ലൈനില്‍ മഞ്ഞള്‍ കൊണ്ട് കളം വരച്ച് പൂജ നടത്തിയതിന്റെ അവശിഷ്ടങ്ങള്‍ പോലിസ് കണ്ടെത്തിയെങ്കിലും ഇന്നുവരെ പ്രതികളെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. നരബലിയില്‍ എത്തിയില്ലെങ്കിലും അത്രതന്നെ ഗൗരവമായി കാണേണ്ട നിരവധി സംഭവങ്ങള്‍ക്കും കേരളം സാക്ഷിയായിട്ടുണ്ട്. കോട്ടയം കാഞ്ഞിരപ്പിള്ളിയില്‍ മന്ത്രവാദിയുടെ മര്‍ദ്ദനമേറ്റ് പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍ എന്നൊരു വാര്‍ത്ത വന്നിട്ട് അധികകാലമൊന്നുമായിട്ടില്ല. പൊലീസുകാരനായ പിതാവായിരുന്നു സ്വന്തം മകളെ ഏതോ മന്ത്രവാദിക്കു മുന്നില്‍ ഇട്ടുകൊടുത്തത്. തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ അമ്മയും മകളും തീകൊളുത്തി മരിച്ച വാര്‍ത്ത കേരളം മറന്നു കാണില്ല. ബാങ്ക് ജപ്തി ഭയന്നാണ് അമ്മയും മകളും ജീവനൊടുക്കിയത്. ആ ദുരന്തത്തിനു പിന്നിലും വില്ലന്‍ മന്ത്രവാദങ്ങളും അന്ധവിശ്വാസങ്ങളുമായിരുന്നു. ലോണെടുത്ത പണം തിരിച്ചടയ്ക്കാതെ ബാങ്കില്‍ നിന്നും വരുന്ന നോട്ടീസുകള്‍ ആല്‍ത്തറയില്‍ കൊണ്ടുവച്ച് പൂജ നടത്തിയിരുന്ന ഭര്‍ത്താവും ഭര്‍തൃമാതാവുമായിരുന്നു ആ അമ്മയുടെയും മകളുടെയും ജീവനെടുത്തവര്‍.

സ്വത്ത് മുതല്‍ സ്വര്‍ഗ പ്രവേശം വരെ.

ദൈവപ്രീതിക്കായി മനുഷ്യരെ കൊല ചെയ്യുന്ന പ്രാകൃതമായ അനുഷ്ഠാനം ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും ഉണ്ടായിട്ടുണ്ട്. കടം വീട്ടാന്‍, സ്വത്ത് വര്‍ധിപ്പിക്കുക, ഭൂമിയുടെ ഫലപുഷ്ടി വര്‍ദ്ധിപ്പിക്കുക, നിധി സ്വന്തമാക്കുക, അമാനുഷികശക്തി കരസ്ഥമാക്കുക, സ്വര്‍ഗ്ഗപ്രവേശം ഉറപ്പു വരുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ക്കായാണത്രേ നരബലി നടത്താറുള്ളത്. ചരട് ജപിച്ചുകെട്ടിയും ചൂരലിനടിച്ചും, ഓതിയ വെള്ളം കുടിപ്പിച്ചും മാതാവിനു മുന്നില്‍ ഉടമ്പടിയെടുപ്പിച്ചുമൊക്കെ ഏതു മാറാരോഗവും മാറ്റിയെടുക്കാം എന്ന് അന്ധവിശ്വാസങ്ങളുടെ അതിക്രൂരമായ പിടിയില്‍ പെട്ട യുക്തിബോധം നശിച്ച് ഭ്രാന്തമായി തീര്‍ന്ന ഒരു ജനത ഇപ്പോഴും ഇവിടെയുണ്ട്. ഇനിയും കൊല ചെയ്യപ്പെടുന്നതും ഇരകളാക്കപ്പെടുന്നതും നമ്മുടെയൊക്കെ ആരെങ്കിലുമായിരിക്കാം. ഇത്തരം സാഹചര്യങ്ങള്‍ ഉണ്ടാക്കുന്ന അപകടവും വലുതാണ്. വിശ്വാസികളെ ഇല്ലാതാക്കാന്‍ നമുക്കാകില്ല. എന്നാല്‍ ആ വിശ്വാസത്തിന്റെ കാഠിന്യം എവിടെ വരെ ആകാം എന്നുള്ളതില്‍ പരിധി വേണ്ടതാണ്.

ദുര്‍മൂര്‍ത്തികള്‍ക്ക് മനുഷ്യരെ കുരുതികൊടുക്കുന്ന ഇന്ത്യക്കാര്‍

അന്ധവിശ്വാസത്തിന്റെ പേരില്‍, ദുര്‍മൂര്‍ത്തികള്‍ക്ക് മനുഷ്യരെ കുരുതികൊടുക്കുന്ന സംഭവങ്ങള്‍ രാജ്യമൊട്ടാകെ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. 2006ല്‍ ഉത്തര്‍പ്രദേശില്‍നിന്ന് ചെയ്യപ്പെട്ട കേസ് ഇങ്ങനെയാണ്-സൗഭാഗ്യം തേടിവരുന്നതിനായി അമ്മയും സഹോദരങ്ങളും ചേര്‍ന്ന് കുഞ്ഞിനെ വെട്ടിനുറുക്കി നരബലി നല്‍കി. 2009ല്‍ മഹാരാഷ്ട്രയിലെ വിദര്‍ഭയില്‍ സന്താനസൗഭാഗ്യം നേടാന്‍ മന്ത്രവാദിയുടെ നിര്‍ദേശപ്രകാരം ദമ്പതികള്‍ 5 കുട്ടികളെയാണ് കുരുതി കൊടുത്തത്. കുട്ടികളെ തട്ടിക്കൊണ്ടുപോയ ശേഷമായിരുന്നു കൊലപ്പെടുത്തിയത്. കഴിഞ്ഞ പതിനഞ്ച് വര്‍ഷത്തിനിടെ ആഭിചാരത്തിന്റെ പേരില്‍ 3000ത്തോളം പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് കണക്ക്. പോലീസ് കേസെടുത്ത റിപ്പോര്‍ട്ടുകള്‍ മാത്രമേ പത്രത്തില്‍ വരുന്നുള്ളൂ. സത്യത്തില്‍, അന്ധവിശ്വാസങ്ങളുടെ പേരില്‍ നടക്കുന്ന കൊലകളിലും ബലികളിലും മഹാഭൂരിപക്ഷവും പുറത്തറിയുന്നില്ല. അങ്ങനെ നോക്കുമ്പോള്‍ ഇന്ത്യയില്‍ ഓരോ വര്‍ഷവും അന്ധവിശ്വാസത്തിന്റെ ബലിയാടുകള്‍ ആയിരക്കണക്കിന് വരുമെന്ന കാര്യത്തില്‍ സംശയമില്ല.

കേരളത്തിന് പിന്തുടരാം മഹാരാഷ്ട്രയുടെ മാതൃക

2013 ഡിസംബര്‍ 18-ന് മഹാരാഷ്ട്ര നിയമസഭ പാസ്സാക്കിയ അന്ധവിശ്വാസ നിര്‍മൂലന ബില്‍ പ്രതീക്ഷ നല്‍കുന്ന ഒന്നാണ്. 18 വര്‍ഷം നീണ്ട ബോധവത്കരണ പ്രക്ഷോഭ പരമ്പരകള്‍ക്കും ആ നിയമനിര്‍മാണത്തിന് വേണ്ടി ധീരമായി നിലകൊണ്ട ഡോ. നരേന്ദ്ര ധബോല്‍ക്കറുടെ രക്തസാക്ഷിത്വത്തിനും ശേഷമാണ് മഹാരാഷ്ട്രയില്‍ നിയമം പ്രാബല്യത്തില്‍ വന്നത്. 2013 ഡിസംബര്‍ 18നാണ് നിയമം പ്രാബല്യത്തില്‍ വന്നത്. മന്ത്രവാദം, പിശാചുബാധ, മാന്ത്രികക്കല്ലുകള്‍, തകിടുകള്‍, ആകര്‍ഷണയന്ത്രങ്ങള്‍, ദിവ്യചികിത്സ തുടങ്ങി പ്രചാരത്തിലുള്ള മിക്ക അന്ധവിശ്വാസങ്ങളെയും നേരിടാന്‍ ശക്തമാണ് ഈ നിയമം. ഇതില്‍ ചൂണ്ടിക്കാട്ടിയ കുറ്റകൃത്യങ്ങള്‍ക്ക് 6 മാസം മുതല്‍ 7 വര്‍ഷം വരെ തടവും 5000 മുതല്‍ 50,000 രൂപവരെ പിഴയും ചുമത്താന്‍ വകുപ്പുകള്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഈ നിയമത്തിന്റെ ചുവടുപിടിച്ച് കര്‍ണാടകയും അന്ധവിശ്വാസ നിര്‍മൂലന നിയമം കൊണ്ടുവരാനുള്ള ശ്രമം നടത്തുന്നുണ്ട്. ബീഹാറിലും ഝാര്‍ഖണ്ഡിലും 1999 മുതല്‍ കൂടോത്രം തടയുന്നതിനുള്ള നിയമം നിലവിലുണ്ട്. 2005 മുതല്‍ ഛത്തീസ്ഗഡിലും സമാന നിയമമുണ്ട്. പ്രേതവേട്ടയുടെ പേരില്‍ സ്ത്രീകള്‍ക്കെതിരെ നടക്കുന്ന കയ്യേറ്റം തടയാന്‍ 2012 മുതല്‍ രാജസ്ഥാന്‍ നിയമം പാസാക്കിയിട്ടുണ്ട്. മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് സര്‍ക്കാറാണ് അന്ധവിശ്വാസങ്ങള്‍ക്കെതിരെയുള്ള വിപ്ലവകരമായ ഈ നിയമം നടപ്പാക്കാന്‍ ആര്‍ജവം കാണിച്ചത്. ആ മാതൃക കേരളത്തിലെ സര്‍ക്കാരും പിന്തുടരേണ്ടതുണ്ട്. അന്ധവിശ്വാസ നിര്‍മാര്‍ജനം ലക്ഷ്യമിട്ട് നിയമനിര്‍മാണത്തിന് ആലോചിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ആശാവഹമാണ്. കേരളത്തിന്റെ നവോത്ഥാന പാരമ്പര്യത്തെക്കുറിച്ചുള്ള അവകാശവാദങ്ങള്‍, ആത്മാര്‍ഥമാണോ എന്ന് തെളിയിക്കാനുള്ള അവസരമായാണ് അന്ധവിശ്വാസ നിര്‍മാര്‍ജന നിയമ നിര്‍മാണം എന്ന ആശയത്തെ കേരളീയസമൂഹം കാണേണ്ടത്.

Content Highlights: human sacrifice cases in kerala history In-Depth elanthoor murder


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


perod abdul rahman saqafi,abdul muhsin aydeed

1 min

താരങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും ഓടിയാല്‍ കോടികള്‍; ഫുട്‌ബോള്‍ ആവേശത്തിനെതിരെ കൂടുതല്‍ മതപണ്ഡിതര്‍

Nov 26, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022

Most Commented