ഫോട്ടോ:മാതൃഭൂമി
മലയോര നിവാസികൾ കഴിഞ്ഞ കുറച്ചുകാലമായി നേരിടുന്ന ഏറ്റവും വലിയ സാമൂഹിക പ്രശ്നമാണ് കാട്ടുപന്നി ശല്യം. കാര്‍ഷിക വിളകള്‍ നശിപ്പിക്കുന്നതിനൊപ്പം മനുഷ്യന് തന്നെ ഭീഷണിയായി കാട്ടുപന്നി മാറിയിട്ടും മനുഷ്യ ജീവന് പുല്ലുവിലയാണ് കേരളത്തില്‍. കാട്ടുപന്നിയുടെ അക്രമം കൊണ്ട് ജീവനും സ്വത്തും നഷ്ടപ്പെട്ട് ഓടിയൊളിച്ച നിരവധിപേരുണ്ട് മലയോരങ്ങളില്‍. കാടെന്നും നാടെന്നുമില്ലാതെ നഗര പ്രദേശങ്ങളില്‍ പോലും കാട്ടുപന്നികള്‍ വിഹരിക്കുമ്പോള്‍ കണ്ടില്ലെന്ന് നടിക്കുകയാണ് അധികാരികള്‍.
ജീവനും സ്വത്തിനും ഭീഷണിയായ കാട്ടുപന്നികളെ നിയന്ത്രിക്കാന്‍ നിയമം കൊണ്ടുവരണമെന്ന് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ട് കാലമേറെയായെങ്കിലും പൂര്‍ണമായ പരിഹാരമുണ്ടാക്കാന്‍ നടപടിയായിട്ടില്ല. ഒടുവില്‍ രക്ഷയില്ലാതെ മനുഷ്യ ജീവന് അപകടമുണ്ടാക്കുന്ന കാട്ടുപന്നികളെ കൊല്ലാനുള്ള അധികാരം തദ്ദേശ സ്ഥാപന മേധാവികള്‍ക്ക് നല്കി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറിക്കിയിട്ടുണ്ട്. പക്ഷെ മേനകാ ഗാന്ധിയെ പോലുള്ള പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകര്‍ വലിയ എതിര്‍പ്പാണ് കേരളത്തിന്റെ തീരുമാനത്തിനെതിരേ ഉയര്‍ത്തിയത്.

കേരളത്തിലുള്ളത് കാട്ടുപന്നിയല്ലെന്നും ഫാമില്‍ വളര്‍ത്തുന്ന പന്നികള്‍ ഓടി രക്ഷപ്പെട്ട് വന്ന് കൃഷി നശിപ്പിക്കുകയാണെന്നും മേനകാ ഗാന്ധി വിചിത്രമായി കണ്ടെത്തിയിരിക്കുന്നു. ഇത്തരം പ്രസ്താവനകള്‍ കേരളത്തിന്റെ യഥാര്‍ഥ സാഹചര്യമറിഞ്ഞല്ല എന്നതാണ് സത്യമെന്ന് കഴിഞ്ഞ കുറച്ചുകാലത്തെ കാട്ടുപന്നി അക്രമത്തിന്റെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ വ്യക്തമാവും.
മൂന്ന് തവണയാണ് പ്രത്യേക സാഹചര്യം കണക്കിലെടുത്ത് കാട്ടുപന്നികളെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാർ കേന്ദ്രത്തെ സമീപിച്ചത്. വന്യമൃഗ സംരക്ഷണ നിയമത്തിന്റെ ഷെഡ്യൂള്‍ മൂന്നിലാണ് ഇപ്പോള്‍ കാട്ടുപന്നികള്‍ വരുന്നത്. പുള്ളിമാന്‍, കഴുതപ്പുലി, തുടങ്ങിയവയുടെ കൂട്ടത്തിലാണ് കാട്ടുപന്നിയുമുള്ളത്. ഈ വിഭാഗത്തില്‍ പെടുന്ന മൃഗങ്ങളെ കൊല്ലുന്നതും ഉപദ്രവിക്കുന്നതും ശിക്ഷാര്‍ഹമാണ്. കാട്ടുപന്നികളെ ഷെഡ്യൂള്‍ മൂന്നില്‍ നിന്നും അഞ്ചിലേക്ക് മാറ്റി ഇവയെ തുരത്താനുള്ള നടപടിയെടുക്കണമെന്നാണ് സര്‍ക്കാര്‍ ആവശ്യം. പക്ഷെ കേന്ദ്രം ഇതിനെതിരേ കണ്ണടയ്ക്കുകയാണ്.
.jpg?$p=53dba3b&w=610&q=0.8)
മേനകയുടെ വാദം
പരിസ്ഥിതി സന്തുലനാവസ്ഥ നിലനിര്‍ത്തുന്നതിന് കാട്ടുപന്നിക്ക് അവരുടേതായ പങ്കുണ്ട്. കേരളത്തില്‍ എന്നല്ല, എവിടെയുമുള്ള കര്‍ഷകര്‍ക്ക് കാട്ടുപന്നിയെ കൊല്ലണം എന്ന് ആഗ്രഹമുണ്ടെന്ന് തോന്നുന്നില്ല. സത്യത്തില്‍ വേട്ടക്കാരാണ് ഇതിന് പിന്നില്‍. അവര്‍ കര്‍ഷകരെ ഒരു മറയായി ഉപയോഗിക്കുകയാണ്. കേരളം പോലെ സുന്ദരമായ ഒരു ഭൂമി അല്ലെങ്കില്‍ത്തന്നെ വെള്ളപ്പൊക്കം പോലുള്ള പ്രകൃതി ദുരന്തങ്ങള്‍ അനുഭവിക്കുകയാണ്. ദുരന്തങ്ങള്‍ കൂട്ടാനേ ഇത്തരം നിയമങ്ങള്‍ സഹായിക്കൂ. കേരളത്തില്‍ പന്നിയിറച്ചിക്കുവേണ്ടി നിരവധി ഫാമുകളുണ്ട്. അവിടെനിന്നും രക്ഷപ്പെടുന്ന പന്നികള്‍ എങ്ങോട്ട് പോവണമെന്നറിയാതെ കാടിന്റെ സമീപത്തേക്ക് എത്തുന്നു. അവയാണ് കൃഷി നശിപ്പിക്കുന്നത്. കേരളത്തിലെ ആളുകള്‍ക്ക് പന്നികളെയും കാട്ടുപന്നികളെയും തിരിച്ചറിയാന്‍ പറ്റുന്നില്ല എന്നാണ് തോന്നുന്നത്. രണ്ടും വ്യത്യസ്തയിനം ജീവിയാണ്. ഫാമുകള്‍ക്ക് കൂടുതല്‍ സുരക്ഷ ഏര്‍പ്പെടുത്തുകയാണ് വേണ്ടത്.
ജീവനെടുത്തത് 21 പേരെ മൃതപ്രായരാക്കിയതിന് കണക്കില്ല
കഴിഞ്ഞ 2018 മുതലുള്ള കാട്ടുപന്നി അക്രമണത്തിന്റെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ കേരളത്തില്‍ മനുഷ്യ ജീവനെടുത്ത് 21 പേരെയാണ്. ഇതേ കാലയളവില്‍ 515 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കൃഷിനാശം സംഭവിച്ചതായി കാണിച്ച് ലഭിച്ച 10,669 അപേക്ഷകളില്‍ ഇതുവരെ നഷ്ടപരിഹാരമായി നല്‍കിയത് 5.65 കോടി രൂപ മാത്രമാണ്. നഷ്ടപരിഹാരത്തിനാണെങ്കില്‍ സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങി സംഭവം കാട്ടുപന്നി ആക്രമണമാണെന്ന് ബോധ്യപ്പെടുത്തണമെങ്കില്‍ ചെറിയ പണിയൊന്നുമല്ലയുള്ളത്.
കാട്ടുപന്നിയാല്‍ നേരിട്ട് അക്രമിക്കപ്പെട്ടവരുടെ കണക്കു മാത്രമാണിത്. ഇതിന് പുറമെ കാട്ടുപന്നി വാഹനത്തിന് കുറുകെ ചാടി വാഹനത്തിന്റെ നിയന്ത്രണം വിട്ടും മുറ്റുമുണ്ടായ അപകടമൊന്നും കാട്ടുപന്നി ആക്രമണത്തിന്റെ പരിധിയില്‍ വരില്ല എന്നതും വിചിത്രമായ നിയമമാണ്. ഇത്തരത്തില്‍ അംഗവൈകല്യം സംഭവിച്ചതും ജോലിക്കും മറ്റും പോവാനാവാതെ ജീവിതം ദുരിതത്തിലായവരുമുണ്ട്. ഇവരെ ആരും ഗൗനിക്കുന്നതുപോലുമില്ല.
പുതിയ നിബന്ധന ഇങ്ങനെ
തദ്ദേശസ്ഥാപനങ്ങളുടെ തലവന്മാരായിരക്കും പുതിയ നിര്‍ദേശ പ്രകാരം ഓണററി വൈല്‍ഡ്ലൈഫ് വാര്ഡന്. പുതിയ ഉത്തരവ് പ്രകാരം പന്നികളെ വിഷപ്രയോഗത്തിലൂടെയോ ഷോക്കേല്‍പ്പിച്ചോ സ്ഫോടകവസ്തുക്കള്‍ ഉപയോഗിച്ചോ കൊല്ലാനാകില്ല. അതത് പ്രദേശങ്ങളിലെ സാഹചര്യമനുസരിച്ച് പന്നിയെ വെടിവെച്ചിടാന്‍ ഉത്തരവിടാം. ഇതിന് തോക്ക് ലൈസന്‍സുള്ള ഒരാളെ ചുമതലപ്പെടുത്തണം. പോലീസിനോടും ആവശ്യപ്പെടാം. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാകണം വെടിവെക്കേണ്ടത്. കാട്ടുപന്നികളെ കൊല്ലുന്നവേളയില് മനുഷ്യജീവനും സ്വത്തിനും വളര്‍ത്തുമൃഗങ്ങള്‍ക്കും ഇതരവന്യമൃഗങ്ങള്ക്കും ഹാനിയുണ്ടാകില്ലെന്ന് ഉറപ്പുവരുത്തണം. കൊന്നശേഷം വനംവകുപ്പ് ഉദ്യോഗസ്ഥര്‍ മഹസ്സര്‍ തയ്യാറാക്കി പോസ്റ്റുമോര്‍ട്ടം നടത്തണം. കൊല്ലുന്ന കാട്ടുപന്നിയുടെ ജഡം ശാസ്ത്രീയമായി സംസ്കരിക്കണം. കാട്ടുപന്നികളെ കൊല്ലാനും ജഡം സംസ്കരിക്കാനും ജനജാഗ്രതാ സമിതികളുടെ സേവനവും പ്രയോജനപ്പെടുത്താം.

വെടിവെക്കാം പക്ഷെ പാടില്ല
ശല്യക്കാരായ കാട്ടുപന്നികളെ വെടിവെക്കാന്‍ അനുമതി നല്‍കാനുള്ള അധികാരം തദ്ദേശസ്ഥാപന അധികാരികള്‍ക്ക് നല്കാന് മന്ത്രിസഭായോഗം തീരുമാനിച്ചെങ്കിലും കര്‍ഷകരുടെ ആധി ഒഴിഞ്ഞിട്ടില്ല എന്നതാണ് സത്യം. അധികാരികളെ അറിയിച്ച് വെടിവെക്കുംവരെ കാട്ടുപന്നികള്‍ കാത്തുനില്ക്കുമോ എന്നതാണ് പ്രധാന ചോദ്യം. പന്നി ഗര്‍ഭിണിയാണോ എന്ന് പരിശോധിക്കാനും മറ്റും പന്നികള്‍ നിന്നുതരുമോ എന്നും കര്ഷകന് ചോദിക്കുന്നു. 2011-ല്‍ നടത്തിയ കണക്കെടുപ്പുപ്രകാരം 48,034 കാട്ടുപന്നികള്‍ സംസ്ഥാനത്തൊട്ടാകെയുണ്ടെന്നാണ് കണ്ടെത്തിയത്. 11 വര്‍ഷങ്ങള്‍ക്കിപ്പുറം ഇത് ഇരട്ടിയായിട്ടുണ്ടാകുമെന്നാണ് വനംവകുപ്പ് അധികൃതരും സമ്മതിക്കുന്നത്. കേരളത്തിലെ 406 വില്ലേജുകള്‍ രൂക്ഷമായ കാട്ടുപന്നി ശല്യം നേരിടുന്നുണെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു. കാട്ടുപന്നികളെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കുന്നതിന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ആവശ്യപ്പെട്ട പ്രകാരം കേന്ദ്രത്തിന് സമര്‍പ്പിച്ച 'ഹോട്ട് സ്പോട്ട്' ആയി കണക്കാക്കാവുന്ന വില്ലേജുകളുടെ പട്ടികയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
നാല് മാര്‍ഗങ്ങള്‍ പാടില്ല
കുരുക്ക് സ്ഥാപിച്ചാല്‍, അതില്‍ കടുവയും പുലിയും പോലുള്ള ഷെഡ്യൂള്‍ ഒന്നില്‍പെട്ട സംരക്ഷിത മൃഗങ്ങളും പെട്ട് പരുക്കേല്ക്കുമെന്നാണ് സര്‍ക്കാര്‍ വാദം. വയനാട്ടിലെ കുറുക്കന്മൂലയില് ഏറെ നാള് നാട്ടിലിറങ്ങി ഭീതി വിതച്ച കടുവയുടെകഴുത്തില് ഇത്തരം കുരുക്കില്‍പെട്ട ദയനീയ മുറിവ് ഉണ്ടായിരുന്നു. വനം വകുപ്പിന്റെ രണ്ട് ക്യാമറ ടാപ്പുകളില്‍ നിന്നു ലഭിച്ച ചിത്രങ്ങളിലും മുറിവ് വ്യക്തമാണ്. ഈ കടുവയെ കുറിച്ച് പിന്നീട് വിവരങ്ങളൊന്നും കിട്ടിയിട്ടില്ല. വൈദ്യുതി ഷോക്ക് ഏല്പിക്കാനുള്ള കെണികള്‍ വച്ചാല്‍ അത് മനുഷ്യര്‍ക്കു
തന്നെയാണ് ഭീഷണി. വലിയ അപകടം ഇത്തരം ഷോക്കുകള്‍ മൂലം മനുഷ്യര്‍ക്ക് ഉണ്ടായതിന്റെ തെളിവു സര്‍ക്കാര്‍ നിരത്തുന്നു. മുട്ടിക്കുളങ്ങര പോലീസ് ക്യാമ്പിന് സമീപം കഴിഞ്ഞ മാസമായിരുന്നു രണ്ട് പോലീസുകാര്‍ ഷോക്കേറ്റ് മരിച്ചത്. ഇത് കാട്ടുപന്നിയെ പിടികൂടാന്‍ വെച്ച വൈദ്യുത വേലിയില്‍ നിന്നും ഷോക്കേറ്റുള്ള മരണമായിരുന്നുവെന്നാണ് കണ്ടെത്തിയത്. പന്നിപ്പടക്കം പോലുള്ള കെണികള്‍ വച്ചാല്‍ ആന ഉള്‍പ്പെടെയുള്ള മൃഗങ്ങള്‍ക്ക് ഭീഷണിയാകും. മണ്ണാര്‍ക്കാട് പന്നിപ്പടക്കം കടിച്ച ഗര്‍ഭിണിയായ ആന ദിവസങ്ങള്‍ കഴിഞ്ഞ് ചരിഞ്ഞത് ദേശീയതലത്തില്‍ തന്നെചര്ച്ചയായിരുന്നു. ഈ കാരണങ്ങള്‍ കൊണ്ടാണ് നാലു മാര്‍ഗങ്ങള്‍ പാടില്ലെന്ന് വനം വകുപ്പ് നിഷ്കര്‍ഷിക്കുന്നത്.
ഇവ കുറ്റകരം
- ഷെഡ്യൂള്‍ എ-വന്യമൃഗങ്ങളെയോ വളര്‍ത്തുമൃഗങ്ങളെയോ വിഷം കൊടുത്തുന്നത്
- ഷെഡ്യൂള്‍ ബി-വന്യമൃഗങ്ങളെ ബന്ധനത്തിലാക്കല്, കുരുക്കിടല്‍, കെണിവെക്കല്‍, ചൂണ്ടയിടല്‍
- ഷെഡ്യൂള്‍ സി-വന്യമൃഗങ്ങളെ പരിക്കേല്‍പ്പിക്കുന്നതോ അവയുടെ ശരീര ഭാഗങ്ങള്‍ എടുക്കുന്നതോ ഭക്ഷിക്കുന്നതോ

വെടിവെച്ചത് 69 പന്നികളെ കിട്ടിയത് 17000 രൂപ
കോഴിക്കോട് കോടഞ്ചേരി പഞ്ചായത്തിലെ പന്നിയെ വെടിവെക്കാനുള്ള എംപാനല്‍ ലൈസന്‍സിയാണ് കുന്നുംപുറത്ത് തങ്കച്ചന്. ലൈസന്‍സിയായി ഫോറസ്റ്റിന് കീഴില്‍ രജിസ്റ്റര്‍ ചെയ്ത കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ 69 കാട്ടുപന്നികളെയാണ് ഇതുവരെ വെടിവെച്ചുകൊന്നത്.ഒരു പന്നിക്ക് ആയിരം രൂപ കൂലി നിശ്ചയിച്ചത്. എന്നാല്‍ ഇക്കാലയളവിനിടെ ആകെ തന്റെ അക്കൗണ്ടിലേക്ക് വന്നത് 17000 രൂപ മാത്രമാണെന്ന് പറയുന്നു തങ്കച്ചന്. പുതിയ സര്‍ക്കാര്‍ ഉത്തരവ് വന്ന ശേഷം ഇനി കിട്ടാനുള്ള പണത്തിനായി ആരെ സമീപിക്കണമെന്ന് ചോദിക്കുന്നു തങ്കച്ചന്. ഇതുവരെ ഫോറസ്റ്റില്‍ നിക്ഷിപ്തമായ നിയമം പഞ്ചായത്ത് തലങ്ങളിലേക്ക് മാറിയതോടെ നിയമം കൂടുതല്‍ സങ്കീര്‍ണമാവുകയാണ് ചെയ്തത്. നിലവില്‍ ഓരോ ഫോറസ്റ്റ് റെയ്ഞ്ചിന് കീഴിലേയും എവിടേയും പോയി വെടിവെക്കാനുള്ള അധികാരം ലൈസന്സിമാര്ക്കുണ്ടായിരുന്നു. എന്നാല്‍ അത് പഞ്ചായത്ത് തലത്തിലേക്ക് ഒതുങ്ങുകയാണ് ചെയ്തത്. മാത്രമല്ല ലൈസന്‍സികള്‍ക്ക് ആര് പണം കൊടുക്കുമെന്നോ ആര് ഉത്തരവാദിത്തമേറ്റെടുക്കുമെന്നോ വ്യക്തത വന്നിട്ടുമില്ല. ഇതോടെ തല്‍ക്കാലത്തേക്ക് ഇത് നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ പൂര്‍ണമായും കയ്യൊഴിഞ്ഞ നിലയിലാണിപ്പോള്‍
നൂറ് ചുവട് കപ്പയും പന്നി വിളവെടുത്തു
ഒടുവില്‍ തോക്ക് ലൈസന്‍സ് നേടി സിസ്റ്റര്‍ ജോഫി
പന്നിശല്യം രൂക്ഷമായതോടെ ഒടുവില്‍ തോക്ക് ലൈസന്‍സെടുത്ത ഒരു കന്യാസ്ത്രീയുണ്ട് കോഴിക്കോട് പേരാമ്പ്ര സി.എം.സി കോണ്‍വെന്റില്‍. സിസ്റ്റര്‍ ജോഫി. കൃഷിയിടത്ത് പ്രവേശിക്കുന്ന കാട്ടുപന്നികളെ വെടിവെക്കാന്‍ ഹൈക്കോടതി അനുവാദം കൊടുത്ത കോഴിക്കോട് ജില്ലയിലെ 12 കര്‍ഷകരില്‍ ഒരാളാണ് സിസ്റ്റര്‍ ജോഫി. നൂറ് ചുവട് കപ്പ, ചേമ്പ്, വാഴ, ജാതി, കാച്ചില് എന്നിവയെല്ലാം കൊണ്ട് സമ്പുഷ്ടമായിരുന്നു സി.എം.സി കോണ്‍വെന്റ്. ഒന്നും പുറത്തു നിന്ന് വിലകൊടുത്ത് വാങ്ങാത്ത ഒരു കാലവുമുണ്ടായിരുന്നു. പക്ഷേ, കാട്ടില്‍ നിന്നും പന്നിയിറങ്ങാന് തുടങ്ങിയോടെ വിളവെടുക്കല്‍ പന്നിയുടെ ജോലിയായെന്ന് പറയുന്നു സിസ്റ്റർ ജോഫി. കിണറില്‍ നിന്ന് വെള്ളം കോരിയൊഴിച്ച് നനച്ച് വളര്‍ത്തിയതായിരുന്നു. പക്ഷേ, ഒരു നേരത്തേക്ക് പോലും ബാക്കിവെക്കാതെ എല്ലാം പന്നികൊണ്ടുപോയി. വലിയ റിസ്ക്കെടുത്തും പണം ചിലവിട്ടും നടത്തിയ കൃഷിയെല്ലാം നശിച്ചതോടെ ഒടുവില്‍ പന്നിയെ കൊല്ലാന്‍ എന്തെങ്കിലും വഴി തേടുകയെന്നത് മാത്രമായിരുന്നു സിസ്റ്റര്‍ക്ക് മുന്നിലുള്ളത്.തുടര്‍ന്നായിരുന്നു ഹൈക്കോടതിയെ സമീപിക്കല്‍.കൃഷി നശിച്ച് നഷ്ടപരിഹാരത്തിന് കാത്തിരിക്കുന്നതിന് പകരം അധ്വാനിക്കുന്നതിന്റെ വേദന അറിയുന്നവര്‍ കോടതിയെ സമീപിക്കണമെന്ന് പറയുന്നു ജോഫി. കൃഷിയിടത്ത് ഇറങ്ങുന്ന കാട്ടുപന്നിയെ ഏതുവിധേനയും കൊല്ലാനുള്ള അനുമതിയാണ് സിസ്റ്റർ ജോഫിയടക്കമുള്ളവര്ക്ക് ലഭിച്ചിരിക്കുന്നത്.
പുതിയ ഉത്തരവ് കര്‍ഷകരുടെ കണ്ണില്‍ പൊടിയിടല്‍ നടപടികള്‍ നിര്‍ത്തണം; അലക്സ് ഒഴുകയില്‍ (കിഫ)
നാട്ടിലിറങ്ങുന്ന കാട്ടുപന്നികളെ നശിപ്പിക്കാന്‍ പഞ്ചായത്തുകള്‍ക്കും മറ്റ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കും അധികാരം നല്‍കിക്കൊണ്ട് വന്ന ക്യാബിനറ്റ് തീരുമാനം തികച്ചും നിരാശാജനകവും, കാട്ടുപന്നി ശല്യം നേരിടുന്ന മുഴുവന്‍ ആളുകളെയും കളിയാക്കുന്നതിനു തുല്യമാണെന്ന് കേരള ഇന്‍ഡിപെന്‍ഡന്‍ഡ് ഫാര്‍മേഴ്സ് അസോസിയേഷന് (കിഫ) ചെയര്മാന് അലക്സ് ഒഴുകയില്‍. കൃഷിയിടത്തില്‍ ഇറങ്ങി ശല്യമുണ്ടാക്കുന്ന കാട്ടുപന്നികളെ നശിപ്പിക്കുന്നതിന് ഉപാധികളോടെ നല്കുന്ന അനുവാദം കഴിഞ്ഞ ഒന്നര വര്‍ഷമായി സംസ്ഥാനത്ത് നിലവിലുണ്ട്. അതാതു റേഞ്ച് ഓഫീസുകളില്‍ അപേക്ഷ കൊടുത്താല്‍ 24 മണിക്കൂറിനകം ഉപാധികളോടെ കൂടിയ അനുമതി ജനങ്ങള്‍ക്ക് ലഭിക്കുന്നുണ്ട്. ആ അനുവാദം കിട്ടിയ ആയിരക്കണക്കിന് കര്‍ഷകര്‍ നിലവില്‍ കേരളത്തിലുണ്ട്. തികച്ചും അപ്രായോഗികമായ ഉപാധികളോടെയുള്ള ആ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ കാട്ടുപന്നികളെ നേരിടാന്‍ ജനത്തിനു കഴിയാത്തതുകൊണ്ടാണ് കാട്ടുപന്നി ശല്യം ഇത്രയും രൂക്ഷമായി തുടരുന്നത്. പ്രസ്തുത ഉത്തരവിലെ അപ്രയോഗികമായ ഉപാധികള്‍ മാറ്റി, ഉപാധിരഹിതമായി നാട്ടിലിറങ്ങുന്ന കാട്ടുപന്നികളെ കൊല്ലാനുള്ള അനുമതിയാണ് വേണ്ടത് എന്ന കൃത്യമായ ബോധ്യമുണ്ടായിട്ടും നിലവില്‍ റേഞ്ച് ഓഫീസര്‍ 24 മണിക്കൂറിനകം നല്കുന്ന പെര്മിഷന് നല്‍കാനുള്ള അധികാരം പഞ്ചായത്തുകള്‍ക്ക് കൊടുക്കുന്നത് കൊണ്ട് പ്രായോഗികമായി ഈ വിഷയത്തില്‍ ഒരുമാറ്റവും ഉണ്ടാക്കില്ല. എന്ന് മാത്രമല്ല നിലവില്‍ റേഞ്ച് ഓഫീസര്‍ കൊടുക്കുന്ന ഉത്തരവില്‍ കാടിന്റെ രണ്ടു കിലോമീറ്റർ പരിധിക്കു പുറത്തു കുടുക്ക് ഉപയോഗിക്കാം എന്ന് പറയുമ്പോള്‍ പുതിയ മാര്‍ഗനിര്‍ദേശം പറയുന്നത് എവിടെയും കുടുക്ക് ഉപയോഗിക്കാന്‍ പാടില്ല എന്നാണ്.

ഉത്തരവ് താല്‍ക്കാലികം ഒരു വര്‍ഷത്തിന് ശേഷം
പുനപരിശോധിക്കും-എ.കെ ശശീന്ദ്രന്
കാട്ടുപന്നിയെ വെടിവെച്ച് കൊല്ലാന്‍ തദ്ദേശ സ്ഥാപന അധ്യക്ഷന്മാര്ക്ക് നല്കി സര്‍ക്കാര്‍ ഉത്തരവിട്ടത് താല്‍ക്കാലികമാണെന്നും ഒരു വര്‍ഷത്തിന് ശേഷം പുനഃപരിശോധിക്കുമെന്നും വനം മന്ത്രി എ.കെ ശശീ്ന്ദ്രന്‍ വ്യക്തമാക്കി. മറ്റ് മാര്‍ഗമില്ലാത്തത് കൊണ്ടാണ് ഇങ്ങനെയൊരു ഉത്തരവ് ഇറക്കേണ്ടി വന്നത്. ഇതുവരെ ചീഫ് വൈല്‍ഡ് ലൈഫുമാരില് നിക്ഷിപ്തമായ അധികാരം തദ്ദേശ സ്ഥാപന അധ്യക്ഷന്മാരിലേക്ക് മാറ്റി ലളിതവല്‍ക്കരിക്കുകയാണ് ചെയ്തത്.ഒന്നിനേയും കൊന്നൊടുക്കി തീര്‍ക്കാനല്ല, പകരം മനുഷ്യ ജീവന് അപകടമുണ്ടാക്കുന്നത് തുടര്‍ക്കഥയാവുന്നതിനാല്‍ മറ്റുമാര്‍ഗമില്ലാത്ത സ്വീകരിച്ച നടപടിയാണിത്. വന വിസ്തൃതി വര്‍ധിപ്പിച്ച് കൊണ്ട് വന്യമൃഗങ്ങളെ കാട്ടില്‍ തന്നെ നിര്‍ത്താനുള്ള വലിയൊരു പദ്ധതിക്ക് സര്‍ക്കാര്‍ കേന്ദ്രത്തിന് മുന്നില്‍ മാര്‍ഗ നിര്‍ദേശം സമര്‍പ്പിച്ചിട്ടുണ്ട്. ഇതിനായി വനത്തിനുള്ളിലെ ഒഴിഞ്ഞ സ്ഥലങ്ങളില്‍ കൂടുതല്‍ മരങ്ങള്‍ വെച്ചു പിടിപ്പിക്കും.വിദേശ മരങ്ങളെ ഒഴിവാക്കി വനത്തിന്റെ സ്വാഭാവിക വീണ്ടെടുത്ത് മൃഗങ്ങള്‍ക്ക് സൈ്വര്യ വിഹാരം നടത്താനുള്ള സാഹചര്യമുണ്ടാക്കും. പക്ഷേ, ഇതിന് കുറച്ച് കാലതാമസമുണ്ടാകുമെന്നതിനാലും മനുഷ്യരുടെ സംക്ഷണത്തിനും വേണ്ടിയാണ് പുതിയ താല്‍ക്കാലിക ഉത്തരവ്. മേനകാഗാന്ധിയെ പോലുള്ള പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തക കേരളത്തിന്റെ സാഹചര്യം മനസ്സിലാക്കാതെയാണ് പ്രതികരണം നടത്തിയത്. ഇതില്‍ സര്‍ക്കാര്‍ വിശദീകരണം നല്‍കിയിട്ടുണ്ട്.
More Read - വിയര്‍പ്പ് എന്ന പ്രിവിലജ് ഇല്ലാത്തവന്, വൃത്തികെട്ട ജീവിയെന്ന വിളിപ്പേര്, മാറണം പന്നിയോടുള്ള മനോഭാവം
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..