ഞങ്ങള്‍ പ്രണയത്തിലല്ല, സിറ്റുവേഷൻഷിപ്പിലാണ്‌; ഫ്രണ്ട്സ് വിത്ത് ബെനഫിറ്റ്സില്‍ പ്രണയമുണ്ടോ?


അഖില സെല്‍വംപ്രണയമെന്ന ഒറ്റസമസ്യയില്‍നിന്ന് കാതങ്ങള്‍ മുന്നോട്ട് സഞ്ചരിച്ചുകഴിഞ്ഞു ബന്ധങ്ങളുടെ പുതുപദാവലി. 

.

പ്രണയമോ ബ്രേക്കപ്പോ? ഏതാണ് കൂടുതൽ മധുരതരം. പ്രണയം എന്നാണ് അടുത്ത ശ്വാസത്തിലുള്ള മറുപടിയെങ്കിൽ നിങ്ങൾക്ക് പ്രായം മുപ്പത് കഴിഞ്ഞെന്ന് സാരം. GenZ ആയ ഇരുപതുകാർക്ക് പ്രണയവും ബ്രേക്കപ്പും രണ്ടറ്റങ്ങളല്ല. രണ്ട് സാധ്യതകൾ മാത്രം. ബന്ധങ്ങളെ അത്രമേൽ തിരുത്തിയെഴുതി കഴിഞ്ഞു പുതുതലമുറ. മാനസമൈന കേട്ട് മടുക്കാത്തവർക്ക്, ഇപ്പോഴും രമണന്റെ പ്രണയം വായിച്ചു മതിമറക്കുന്നവർക്ക്, എന്തിനേറെ, സെക്‌സ് ഈസ് നോട്ട് എ പ്രോമിസ് എന്ന മാത്തനിസം കൊണ്ടുനടക്കുന്നവർക്ക് പോലും ഉൾക്കൊള്ളാവുന്നതിന്റെ അപ്പുറത്തേയ്ക്ക് വളർന്നു കഴിഞ്ഞു ബന്ധങ്ങളുടെ അർഥതലങ്ങൾ. ഫ്രണ്ട്സ് വിത്ത് ബെനിഫിറ്റ്സ്, സിറ്റ്വേഷൻഷിപ്പ്‌, റീബൗണ്ട് റിലേഷൻഷിപ്പ്‌..... ഡേറ്റിങ്ങും തേപ്പും ബ്രേക്കപ്പും ഹാർട്ട് ബ്രേക്കുമെല്ലാം വിട്ട് പ്രണയമെന്ന ഒറ്റസമസ്യയിൽനിന്ന് കാതങ്ങൾ മുന്നോട്ട് സഞ്ചരിച്ചുകഴിഞ്ഞു ബന്ധങ്ങളുടെ പുതുപദാവലി.

എല്ലാം കാഷ്വലാണ്

എന്താണ് പ്രേമത്തിന് പുറമേയുള്ള ബന്ധങ്ങൾ? എന്തുകൊണ്ടാണ് അതിനെയൊക്കെ പ്രേമമായി തെറ്റിദ്ധരിക്കുന്നത്? ഇത്രയും ചിൽ ആയിരിക്കുന്നവർക്കിടയിൽ എന്താണ് പ്രേമം ഇല്ലാത്തത്? ഈ എല്ലാ ചോദ്യങ്ങൾക്കുമുള്ള ഒറ്റ മറുപടിയാണ് കാഷ്വൽ റിലേഷൻഷിപ്പ് എന്ന താൽക്കാലിക ബന്ധം. കാഴ്ചയിൽ പ്രേമമെന്നു തോന്നും. പക്ഷേ, കമ്മിറ്റ്‌മെന്റുകൾ ഉണ്ടാവണമെന്നില്ല. ചിലതിനൊക്കെ പരസ്പരം ബോധിപ്പിക്കാനുള്ള കമ്മിറ്റ്‌മെന്റുകൾ ഉണ്ടായെന്നും വരും. പ്രണയമെന്ന പരമ്പരാഗത സങ്കൽപത്തിന്റെ ഊഷ്മളത ഇവിടെ ഉണ്ടാവണമെന്നില്ല. കുറച്ച് കാലം മനസ്സിനും ശരീരത്തിനും സുഖം നൽകുന്ന ചില ബന്ധങ്ങൾ. ഇതിനെ അങ്ങനെ വിശേഷിപ്പിക്കുന്നതാവും ഉചിതം. ഇത്തരം കാഷ്വൽ റിലേഷൻഷിപ്പുകളിൽ ശാരീരികബന്ധവും അതിൽനിന്ന് ലഭിക്കുന്ന സുഖവുമാവും അടിസ്ഥാനം.

ഇതൊക്കെ പറയുമ്പോള്‍ കാഷ്വൽ റിലേഷനുകളെ അങ്ങേയറ്റം പുച്ഛിക്കുന്നതായി തോന്നാം. തീർച്ചയായുമല്ല. വ്യക്തിസ്വാതന്ത്ര്യത്തിന് വളരെയധികം പ്രധാന്യം നൽകുന്ന സമൂഹമാണെങ്കിൽ ഇത്തരം വിഷയങ്ങൾ ചർച്ചയാകില്ലല്ലോ. അതൊക്കെ തെറ്റോ ശരിയോ എന്ന് പറയാനുള്ള അവകാശം ആർക്കും തന്നെ ഇല്ല. കാരണം അവരുടെ ജീവിതം അവരുടെ ഇഷ്ടം അതു മാത്രമേ പറയാനാകൂ. വെറുതെ മറ്റുള്ളവരുടെ കാര്യങ്ങളിൽ തലയിടുമ്പോഴാണല്ലോ വിവാദങ്ങൾ ഉരുത്തിരിയുന്നത്. രണ്ട് വ്യക്തികൾക്ക് അവർ തമ്മിലുള്ള ബന്ധമെങ്ങനെയാവണമെന്ന്‌ തീരുമാനിക്കുന്ന അവകാശം ഭരണഘടന തന്നെ നൽകുന്നുണ്ട്.

ഇപ്പോള്‍ സര്‍വസാധാരണമാണെങ്കിലും പല കാഷ്വല്‍ റിലേഷന്‍ഷിപ്പുകളും പലപ്പോഴും ഏകപക്ഷീയമായി പോകുമ്പോള്‍ വലിയ പ്രശ്നങ്ങളുണ്ടാകും. ഇത്തരം അവസ്ഥ മാനസികമായി ഒരു വ്യക്തിയെ ഉടച്ചുകളയുമെന്ന കാര്യത്തില്‍ സംശയമില്ല. പ്രണയത്തിലുണ്ടാകുന്ന ബ്രേക്കപ്പുകള്‍ പോലെ തന്നെ വണ്‍ സൈഡ് കാഷ്വല്‍ റിലേഷന്‍ഷിപ്പുകളിലും സംഭവിക്കാറുണ്ട്. ഇത് സംഭവിക്കുന്നതിന്റെ പ്രധാന കാരണം എല്ലാ കാഷ്വല്‍ റിലേഷന്‍ഷിപ്പുകളും പരസ്പരധാരണയില്‍ തുടങ്ങുന്നതാണ്. പരസ്പരം യാതൊരു വൈകാരിക കെട്ടുപാടുകളുമില്ലാതെ മുന്നോട്ടു പോകാനാണ് തീരുമാനിക്കുന്നത്. പക്ഷേ, ഇത്തരത്തില്‍ മുന്നോട്ടു പോകുമ്പോള്‍ ചിലര്‍ക്കൊക്കെ അറിയാതെ തന്നെ ഒരു വൈകാരിക അടുപ്പം ഉടലെടുക്കും. ഇത് മാനസിക സംഘര്‍ഷങ്ങള്‍ക്ക് വഴിവെക്കും. വേറൊരു ഭാഗത്ത് ചിലര്‍ കാഷ്വല്‍ എന്നു പേരിട്ട് വിളിക്കില്ലെങ്കിലും മറ്റെയാളെ ഉപയോഗിക്കുന്നതും സാധാരണമാണ്. പണ്ട് വിദേശരാജ്യങ്ങളില്‍ ഇതൊരു പൊതുസമ്പ്രദായമായിരുന്നെങ്കില്‍, ഇന്ന് നമ്മുടെ നാട്ടിലും ട്രെന്‍ഡായി കഴിഞ്ഞു. അതിന് ഏറ്റവും മികച്ച ഉദാഹരണമാണ് കുറച്ചുകാലമെങ്കിലും കേരളത്തിലെ ട്രോള്‍ ഗ്രൂപ്പുകളെ ഭരിച്ചിരുന്ന 'ബെസ്റ്റികള്‍'. കാമുകിയുടെ സൂഹൃത്തെന്ന ടൈറ്റിലില്‍ കാമുകന്‍മാരുടെ ഉറക്കം കളയുന്ന ചിലരെയാണ് ബെസ്റ്റിയെന്ന കുടക്കീഴില്‍ കൊണ്ട് വന്നത്. മറ്റൊരര്‍ഥത്തില്‍ ടോക്സിക്ക് കാമുകന്‍മാര്‍ക്ക് കാമുകിയെ ചീത്ത വിളിക്കാനുള്ള മറയാകുന്ന പാവം ആണ്‍സുഹൃത്തുകളെയും ഈ പേരില്‍ വിശേഷിപ്പിക്കാം.

ഫ്രണ്ട്സ് വിത്ത് ബെനഫിറ്റ്‌സ്‌

എന്താ നിങ്ങള്‍ സെറ്റായോ? ഒരു വാക്ക് പറഞ്ഞില്ലല്ലോ? എപ്പോഴാണ് ചെലവ്? ഏയ് അങ്ങനെയൊന്നുമില്ല, ഞങ്ങള്‍ ഫ്രണ്ട്സാണ്. നിങ്ങള്‍ തെറ്റിദ്ധരിച്ചതാണ്. പക്ഷേ, നിങ്ങളെ കണ്ടാല്‍ പറയില്ലല്ലോ? ശരിക്കും കപ്പിളിനെ പോലെ. അതെ. പ്രണയമല്ല പക്ഷേ... ഈ പക്ഷേയാണ് ഫ്രണ്ട്സ് വിത്ത് ബെനഫിറ്റ്സ് എന്ന കാഷ്വല്‍ റിലേഷന്റെ അടിസ്ഥാനം. സിമ്പിളായി പറഞ്ഞാല്‍ ഈ ബന്ധങ്ങളിലെ രണ്ട് പേരും സുഹൃത്തുക്കളാണ്. ഗേള്‍ഫ്രണ്ട്/ബോയ്ഫ്രണ്ട് എന്ന ടാഗ്‌ലൈന്‍ ഇവര്‍ക്കില്ല. പലപ്പോഴും സുഹൃത്തുകളായി തന്നെ കിടക്ക പങ്കിടുന്നു. ഇവര്‍ക്ക് തീയേറ്റേറില്‍ സിനിമ കാണുന്നത് പോലെ, ഔട്ട് ഡോര്‍ ഗെയിമുകള്‍ പോലെ, ഒരു വിനോദം മാത്രമാണ് പരസ്പര ബന്ധവും. സ്ട്രെസ്സ്ബസ്റ്ററായാണ് ഫ്രണ്ട്സ് വിത്ത് ബെനഫിറ്റ്സിലുള്ള ആളുകള്‍ ഈ ബന്ധത്തെ കണക്കാക്കുന്നത്. ഒരു സീരിയസ് റിലേഷന്‍ഷിപ്പില്‍ പോകാതെ തന്നെ തങ്ങളുടെ ലിബിഡോയെ തൃപ്തിപ്പെടുത്താനാണ് ഇത്തരം ബന്ധങ്ങളിലൂടെ ആളുകള്‍ ലക്ഷ്യമിടുന്നത്. ''നത്തിങ്ങ് സീരിയസ് ഒണ്‍ലി കാഷ്വല്‍'' ഇതാണ് ഫ്രണ്ട്സ് വിത്ത് ബെനഫിറ്റ്സ്.

പരസ്പരം വൈകാരിക അടുപ്പങ്ങളില്ലാതെ മുന്നോട്ടുപോകാമെന്ന കരാറില്‍ ഈ ബന്ധങ്ങള്‍ തുടങ്ങുമെങ്കിലും ഇതില്‍ പലരും പ്രണയത്തിലാകാറുണ്ട്. ഭൂരിഭാഗം പേര്‍ അപരിചിതരെ പോലെ ബൈ പറഞ്ഞ് പോകാറുമുണ്ട്. മാത്രമല്ല, വളരെ ചെറിയ സമയമാണ് ഈ ബന്ധങ്ങളുടെ ആയുസ്സ്. പലപ്പോഴും ഇത്തരം ബന്ധങ്ങള്‍ നേരത്തെ അവസാനിക്കുന്നത് ഇവരില്‍ ഒരാള്‍ക്ക് പ്രണയം തോന്നിത്തുടങ്ങുമ്പോഴാണ്. ഇമോഷൻ ഉടലെടുത്താല്‍ അപ്പോള്‍ തീരും ഈ ബന്ധത്തിന്റെ ആയുസ്സ്.

'ലോങ് ടേം കമ്മിറ്റ്‌മെന്റുകള്‍ അത്രത്തോളം ഇഷ്ടമല്ലാത്ത വ്യക്തിയാണ് ഞാന്‍. പഴയ പല ബന്ധങ്ങളും പകുതിയില്‍വെച്ച് നിന്നുപോയ ഇമോഷണല്‍ ട്രോമയാണ് എന്നെ അത്തരത്തില്‍ ആക്കിയതെന്നും പറയാം. അതുകൊണ്ട് തന്നെ ഒന്നിലും സീരിയസ്നെസ് കൊടുക്കാതെ, ഹാപ്പി ഗോ ലക്കി കണ്‍സെപ്പ്റ്റിലായിരുന്നു എന്റെ മുന്നോട്ടുള്ള യാത്ര. പക്ഷേ വികാരങ്ങള്‍ മാനസികമായുള്ളത് മാത്രമല്ലല്ലോ. അങ്ങനെയാണ് ഞാന്‍ അവളെ പരിചയപ്പെടുന്നത്. അത്രമേല്‍ അടുത്ത സുഹൃത്തുക്കളല്ലെങ്കിലും ഒരു വിധം നല്ല പരിചയം. പി.ജി. കംപ്ലീറ്റ് ചെയ്യുന്നത് വരെ പരസ്പരം ശാരീരിക താത്പര്യങ്ങള്‍ തൃപ്തിപ്പെടുത്താനുള്ള ബന്ധം.

ഞങ്ങള്‍ പരസ്പരം നോ കമ്മിറ്റ്‌മെന്റ്‌ എന്ന ആശയത്തില്‍ തന്നെയാണ് മുന്നോട്ട് പോകാന്‍ തീരുമാനിച്ചത്. ഒരുവിധത്തില്‍ എന്നെക്കാളും അവളായിരുന്നു ഇമോഷ്ണല്‍ അറ്റാച്ച്മെന്റുകള്‍ വേണ്ടെന്ന ശാഠ്യത്തില്‍ ഉറച്ചുനിന്നത്. പരസ്പരം വലുതായി ഒരു പേഴ്‌സണല്‍ കാര്യങ്ങളും അറിയില്ല. ഇറ്റ്സ് കംപ്ലീറ്റ്‌ലി ഓള്‍ എബൗട്ട് സെക്സ്. നല്ല രീതിയില്‍ തന്നെ തുടര്‍ന്നുപോയി. പക്ഷേ, ഒരു പോയിന്റില്‍ ഞാന്‍ മറ്റു പെണ്‍ക്കുട്ടികളുമായി സംസാരിക്കുന്നതിലും അടുക്കുന്നതിലും അവള്‍ക്ക് പ്രശ്നങ്ങള്‍ വന്നുതുടങ്ങി. പതിയേ പതിയേ ഈ ബന്ധം ഒരു വണ്‍ സൈഡഡ് റൊമാന്‍സിലേക്ക് തെന്നി വീഴുന്നത് ഞാന്‍ മനസ്സിലാക്കി.

ഞാനില്ലാതെ ജീവിക്കാന്‍ പറ്റില്ല ,കല്ല്യാണം കഴിക്കാം എന്നൊക്കെയുള്ള പറച്ചിലുകളും ഭീഷണിപ്പെടുത്തലുകളുമായി. പരമാവധി പറഞ്ഞു മനസ്സിലാക്കി. വളരെ കഠിനമായിരുന്നു അവള്‍ക്കും എനിക്കും ആ സമയം. പക്ഷേ, കുറച്ച് കാലം പോയെങ്കിലും അവള്‍ക്ക് കാര്യങ്ങള്‍ മനസ്സിലായി. പരസ്പരം സമ്മതിച്ച് മുന്നോട്ട് പോയ കാഷ്വല്‍ റിലേഷനിൽ പ്രണയം കൊണ്ടുവന്നത് അവള്‍ക്കും വേണ്ടാത്തതായി തോന്നിത്തുടങ്ങി. ഇനി ഒരിക്കലും വീണ്ടും കാണില്ലെന്നും കോണ്ടാക്ടില്ലെന്നും പറഞ്ഞുകൊണ്ടാണ് ഞങ്ങള്‍ ആ ബന്ധത്തിന് വിരാമമിട്ടത്. സമൂഹത്തിന് മുന്നില്‍ ഒരു തരത്തില്‍ അവള്‍ അനുഭവിച്ചിരുന്ന മാനസികാവസ്ഥ മോശമായി തോന്നുമെങ്കിലും എല്ലാം പറഞ്ഞുറപ്പിച്ച് തുടങ്ങിയ ബന്ധത്തില്‍നിന്ന് വഴുതി മാറുമ്പോള്‍ ഞാന്‍ അനുഭവിച്ചിരുന്ന ഒരു തരം ട്രോമ ഇന്നും നിലനില്‍ക്കുന്നുവെന്നതാണ് വാസ്തവം.' മൊബൈല്‍ ടെക്‌നീഷ്യനായ അശ്വഥ് പറയുന്നു.

ഇങ്ങനെയാണ് പലരും. കോൺട്രാക്ട് അടിസ്ഥാനത്തില്‍ മുന്നോട്ടു പോകുന്ന ബന്ധമായതു കൊണ്ടുതന്നെ താനുമായി ഈ ബന്ധത്തിലുള്ള വ്യക്തി മറ്റു ബന്ധങ്ങളില്‍ ഏര്‍പ്പെടുന്നതില്‍ യാതൊരു തരത്തിലുള്ള പ്രശ്നങ്ങളും ഉണ്ടാകരുതെന്നത് അലിഖിതനിയമമാണ്. പലപ്പോഴും ഫ്രണ്ട്സ് വിത്ത് ബെനഫിറ്റ്സില്‍ പോകുന്നവര്‍ വൈകാരിക ബന്ധങ്ങള്‍ നിലനിര്‍ത്തി അതില്‍ തകര്‍ന്നവരും അതുപോലെ, കമ്മിറ്റ്‌മെന്റ്‌ ഫോബിയ ഉണ്ടാകുന്നവരുമാണ്. ഇതൊക്കെ പരസ്പരധാരണയില്‍ തുടങ്ങുന്നതാണെങ്കിലും മറ്റു ചില ബന്ധങ്ങളില്‍ ഒരാള്‍ക്ക് ഫ്രണ്ട്ഷിപ്പും മറ്റൊരാള്‍ക്ക് ബെനഫിറ്റ്സും മാത്രമായി മാറാറുണ്ട്. സുഹൃദ്ബന്ധങ്ങളുടെ പുറമേയുള്ള ഇമോഷണല്‍ മാനിപ്പുലേഷനില്‍ വീണ് പ്രണയമെന്ന്‌ തെറ്റിദ്ധരിച്ച് നിന്നുകൊടുക്കുമ്പോള്‍ ഏയ് നമ്മള്‍ ഫ്രണ്ട്സല്ലെ അതിനപ്പുറമൊന്നുമില്ലെന്ന പറച്ചിലില്‍ പലരും തകര്‍ന്നു പോകാറുണ്ട്.

ഒരാളുടെ ആവശ്യത്തിനായി മറ്റൊരാളെ ഉപയോഗിക്കുന്ന ആ ഒരു അവസ്ഥയ്ക്ക് ഈ ടാഗ്‌ലൈന്‍ നല്‍കാനാവില്ല. തീര്‍ത്തും വിശ്വാസവഞ്ചനയുടെ കാറ്റഗറിയില്‍ അതിനെ കൂട്ടാം. കാരണം എത്ര തന്നെ സമൂഹത്തിന്റ കണ്ണില്‍ ഈ ബന്ധങ്ങള്‍ തെറ്റാകുന്നുണ്ടെങ്കിലും ആരെയും ചതിച്ചു കൊണ്ട് മുന്നോട്ടു പോകാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. കൂടാതെ ഇത്തരം ബന്ധത്തില്‍ ഏര്‍പ്പെടുന്ന രണ്ട് വ്യക്തികള്‍ തീര്‍ത്തും വൈകാരികമായി വളരെയധികം ശക്തരായിരിക്കേണ്ടത് അത്യാവശ്യമാണ്. പക്ഷേ, പലരും ഇതൊന്നും കണക്കാക്കാതെ എടുത്തു ചാടുന്നതാണ് വലിയ പ്രശ്നങ്ങള്‍ക്ക് വഴിവെക്കുന്നത്.

" ടെക്സ്റ്റിങ്ങും സെക്സ്റ്റിങ്ങും വര്‍ധിച്ചു വരുന്ന ഒരു കാലമാണിത്. ടെമ്പററി റിലേഷന്‍ഷിപ്പെന്ന് പറഞ്ഞ് തുടങ്ങുന്നത് പലപ്പോഴും അതിനെ കുറിച്ച് യാതൊരു അറിവുമില്ലാതെയാണ്. വിദേശ സിനിമകളും വെബ് സീരിസകളും കണ്ട് കോപ്പികാറ്റ് മെന്റാലിറ്റിയില്‍ ചലിക്കുമ്പോള്‍ വികാരങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് കാര്യം പലര്‍ക്കും അറിയാതെ ഇത്തരം ബന്ധങ്ങളില്‍ അകപ്പെടുന്നു. കാരണം ഈ ബന്ധം പിരിയുമ്പോള്‍ ഒരാള്‍ക്ക് അത് ട്രോമയും ഗ്രീഫും ഉണ്ടാകുന്നതായാണ് കാണപ്പെടുന്നത്. ഇത്തരം ബന്ധങ്ങള്‍ കൃത്യമായ വ്യവസ്ഥകളുടെ അടിസ്ഥാനത്തിലാണ് തുടങ്ങുന്നത്. മാത്രമല്ല, ഈ ബന്ധങ്ങളുടെ ട്രോമയില്‍നിന്ന് പുറത്തുവരാന്‍ വീണ്ടും ഇതേ പാറ്റേണിലെ ബന്ധങ്ങളില്‍ ചാടുന്നതും ഒരു തരം പ്രവണതയാണ്. പക്ഷേ, ഹ്യൂമന്‍ ഇമോഷണ്‍സ് ആര്‍ നോട്ട് സിമ്പിള്‍. മിക്‌സ്‌ ആന്റ് മാച്ച് അടിസ്ഥാനത്തില്‍ വികാരങ്ങളെ മറിക്കടക്കാനവില്ലെന്ന കാര്യം പലരും മറന്നുപോകുന്നു. ഈ ബന്ധങ്ങള്‍ തുടരാനും അവസാനിപ്പിക്കാനും അത്രമേല്‍ ഉള്‍ക്കരുത്തും സ്ഥിരോത്സാഹവും പുതുതലമുറയില്‍ അധികം കാണുന്നില്ലെന്നതാണ് സത്യം. ഇങ്ങനെയുള്ള ബന്ധങ്ങള്‍ തീരുമ്പോള്‍ എനിക്ക് ഒരാളെ എന്നോടൊപ്പം നിര്‍ത്താനുള്ള കഴിവില്ലെന്ന വിചാരത്തില്‍ കോണ്‍ഫിഡന്‍സ് നശിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച പല കേസുകളുമറിയാം. ഷോര്‍ട്ട് ടേമെന്ന് പറഞ്ഞു തുടങ്ങുന്ന പല ബന്ധങ്ങളും എടുത്തുചാട്ടത്തിലൂടെ അവരെ തന്നെ ബാധിക്കുന്ന അവസ്ഥ കണ്ടുവരുന്നു. ഈ മാനസിക സംഘര്‍ഷം അധികകാലം നീണ്ടുനില്‍ക്കുന്നില്ലെങ്കിലും ഇവ അവരുടെ ദിനചര്യകളെയും മൂഡിനെയും പോലും കാര്യമായി ബാധിക്കുന്നുണ്ട്. സ്‌പോട്‌സ്‌ പാറ്റേണില്‍ ബന്ധങ്ങളെ കാണുന്നവര്‍ക്ക് പിരിയാന്‍ എളുപ്പമാണ്. അതുകൊണ്ട് തന്നെ ഓരോ മനുഷ്യരുടടെയും പ്രകൃതം ഇത്തരം ബന്ധങ്ങളുടെ നിലനില്‍പ്പിനെയും ആധികാരികതയെയും സ്വാധീനിക്കുന്നതില്‍ വലിയ പങ്ക് വഹിക്കുന്നുണ്ട്". -

(ജി. സൈലേഷ്യ, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്)

സിറ്റുവേഷന്‍ഷിപ്പ്

'സ്നേഹം എന്നു പറയുന്നതിലുപരി ഞങ്ങള്‍ തമ്മില്‍ പരസ്പരം വളരെ കംഫര്‍ട്ടബിളായിരുന്നുവെന്ന് വേണം പറയാന്‍. വളരെ കുറച്ച് സമയമാണ് ഞങ്ങള്‍ ഒന്നിച്ച് ചെലവഴിച്ചിരുന്നതെങ്കിലും എനിക്ക് ഓരോ നിമിഷവും പ്രിയപ്പെട്ടതായിരുന്നു. ഫോണ്‍വിളിയും സംസാരവുമൊന്നും അധികമില്ലെങ്കിലും രാത്രി 10 മണി മുതല്‍ തുടങ്ങുന്ന വാട്ട്സാപ്പ് ചാറ്റ് മൂന്ന് മണിവരെയൊക്കെ നീണ്ടുപോകാറുണ്ട്. ഞങ്ങള്‍ ഒറ്റയ്ക്കാവുന്നുവെന്ന്‌ തോന്നി തുടങ്ങുന്ന സമയങ്ങളിലെല്ലാം കമ്പാനിയന്‍ഷിപ്പില്‍ മുന്നോട്ടുപോയി. ചില സുഹൃത്തുകള്‍ക്ക് മാത്രം അറിയാം ഞങ്ങളുടെ ബന്ധം. എല്ലാവരോടും പറയാന്‍ താത്പര്യമില്ലായിരുന്നു. പേഴ്സണല്‍ കാര്യങ്ങളില്‍ ഇടപ്പെടുന്നതും കുറവായിരുന്നു. പക്ഷേ, കുറെയേറ നല്ല നിമിഷങ്ങള്‍ ഞങ്ങള്‍ക്കുണ്ടായിരുന്നു. നിങ്ങളെന്നാണ് കല്ല്യാണം കഴിക്കുന്നത്. എന്തൊക്കെയാണ് ഫ്യൂച്ചര്‍ പ്ലാന്‍, ഫാമിലിക്ക് പരിചയപ്പെടുത്തിയായിരുന്നോ നിന്റെ പാര്‍ട്ടണറെ? പലപ്പോഴും ഇത്തരത്തിലുള്ള ചോദ്യങ്ങള്‍ കൂട്ടുകാര്‍ ഉയര്‍ത്തിയപ്പോള്‍ ഉത്തരം പറയാന്‍ എനിക്കായില്ല. എല്ലാം സാഹചര്യങ്ങള്‍ക്ക് അനുസരിച്ചായിരിക്കും. ഇതായിരുന്നു എന്റെ മറുപടി. ഞാനും അവനും ഇതിനെ പറ്റി സംസാരിച്ചു. എനിക്കുള്ള അതേ മാനസികാവസ്ഥയാണ് അവനുമുള്ളതെന്ന്‌ അറിഞ്ഞപ്പോള്‍ ഈ ബന്ധത്തെ എങ്ങനെ വിലയിരുത്തണമെന്ന് മനസ്സിലായില്ല. പിന്നെയും കുറച്ച് കാലം ഒന്നിച്ച് തന്നെ ചെലവഴിച്ചു. ഇപ്പോള്‍ രണ്ട് പേരും രണ്ട് വഴിക്കാണ്. അവന്‍ ഈ ബന്ധത്തില്‍ തുടര്‍ന്നുപോകുമ്പോള്‍ തന്നെ വേറൊരു പ്രണയബന്ധത്തിലായി. അത് എന്നോട് തുറന്നു പറഞ്ഞുകൊണ്ട് തന്നെ ഞങ്ങള്‍ പിരിഞ്ഞു. ഇതൊന്നും രണ്ട് പേരെയും വലുതായി ബാധിച്ചിരുന്നില്ല. ഇത്ര സ്മൂത്തായി അവസാനിച്ചത് ഒന്നും സീരിയസാവില്ലെന്ന ഞങ്ങളുടെ പരസ്പരധാരണ കൊണ്ടാവാം...'

കൊച്ചിയില്‍ ഐ.ടി. പ്രൊഫഷണലായി ജോലി തുടങ്ങിയ ആതിരയുടെ ഈ അനുഭവത്തിന് വിളിക്കാവുന്ന പേരാണ് സിറ്റുവേഷന്‍ഷിപ്പ്. റൊമാന്റിക്ക് റിലേഷന്‍ഷിപ്പിന്റെ വേറൊരു വേര്‍ഷനായി സിറ്റുവേഷന്‍ഷിപ്പിനെ പറയാം. പക്ഷേ, പങ്കാളിക്ക് പരസ്പരം അല്ലെങ്കില്‍ അതിലൊരാള്‍ക്ക് നിങ്ങള്‍ തമ്മിലുള്ള ബന്ധം വ്യക്തമാക്കാനാവില്ലെന്നതാണ് വാസ്തവം. ഇത്തരം ബന്ധത്തില്‍ സാധാരണയുള്ള പ്രണയബന്ധങ്ങളുടെ പോലെയുള്ള അധിക കമ്മിറ്റ്‌മെന്റോ
വൈകാരികതയോ കാണില്ല. ചുരുക്കത്തില്‍ പറഞ്ഞാല്‍ ഇവര്‍ കമിതാക്കളല്ല, സുഹൃത്ബന്ധത്തേക്കാള്‍ വലുതാണ് ഇവരുടെ ബന്ധം. ഫ്രണ്ട്സ് വിത്ത് ബെനിഫിറ്റ്‌സാണോന്ന് ചോദിച്ചാല്‍ അതുമല്ല. കേള്‍ക്കുന്നവര്‍ക്കുള്ളതിനേക്കാള്‍ കണ്‍ഫ്യൂഷനിലാണ് ഈ ബന്ധവും മുന്നോട്ടുപോകുന്നത്. ചിലപ്പോഴൊക്കെ ശാരീരിക മാനസിക ഒറ്റപ്പെടലുകള്‍ അകറ്റാന്‍ രണ്ട് വ്യക്തികള്‍ അല്ലെങ്കില്‍ അവരില്‍ ഒരാള്‍ സ്ഥാപിക്കുന്ന ബന്ധമാണിത്.

എന്നിരുന്നാലും പലപ്പോഴുമിവിടെ ഒരാള്‍ റിലേഷന്‍ഷിപ്പിലും മറ്റൊരാള്‍ സിറ്റുവേഷന്‍ഷിപ്പിലുമായിരിക്കും. പലപ്പോഴും വൈകാരിക അടുപ്പത്തെ പൂര്‍ത്തികരിക്കുന്ന പല കാര്യങ്ങള്‍ക്കും ഇവിടെ സ്ഥാനമുണ്ടാകാറില്ല. ആഴത്തിലൂന്നിയ പോസിറ്റീവ് ബന്ധമല്ല സിറ്റുവേഷന്‍ഷിപ്പ്. പല ആളുകളും റിലേഷന്‍ഷിപ്പിലേക്ക് കടക്കുന്നത് ഒറ്റപ്പെടല്‍ എന്ന ചിന്തയെ മറിക്കടക്കാനാണ്. തങ്ങളുടേതായ കാര്യങ്ങള്‍ പങ്കുവെയ്ക്കാന്‍ ഒരാള്‍. പക്ഷേ, ഇത്തരത്തില്‍ ഒരാളെ തിരഞ്ഞെടുക്കുന്നത് യൂസ് ആന്റ് ത്രോ തിയറിയില്‍ ആകരുതെന്ന് മാത്രം. അവരുടെ വൈകാരിക ശൂന്യതയിലേക്ക് നിങ്ങളെ കുത്തിനിറയ്ക്കുന്നില്ല. മറിച്ച് വേറാരുടെയെങ്കിലും സ്ഥാനത്തേക്ക് നിങ്ങളെ കണക്കാക്കുന്നുവെന്ന് മാത്രം.

ഫ്രണ്ട്സ് വിത്ത് ബെനഫിറ്റില്‍ നിന്നും ഇവയെ വ്യത്യസ്തമാക്കുന്നത് ഇവര്‍ തമ്മിലുള്ള ചെറിയ വൈകാരിക അടുപ്പമാണ്. പൊതുവേയുള്ള പ്രണയബന്ധങ്ങളില്‍ പങ്കാളിയെ കൂട്ടുകാര്‍ക്ക് മുന്നില്‍ അവതരിപ്പിക്കാന്‍ വളരെ എക്സൈറ്റ്മെന്റാണ് ആളുകള്‍ക്ക്. പ്രണയത്തില്‍ വീട്ടുകാര്‍ വില്ലന്‍മാരാണെന്ന യൂണിവേഴ്സല്‍ തിയറി നിലനില്‍ക്കുന്നത് കൊണ്ട് തന്നെ കുടുംബത്തിന് മുന്നില്‍ അവരെ പരിചയപ്പെടുത്താറില്ല. പക്ഷേ, സിറ്റുവേഷന്‍ഷിപ്പില്‍ ഇത് രണ്ടും നടക്കുന്നില്ല. ഇവരുടെ കൂട്ടുകാര്‍ക്കും കുടുംബത്തിനും ഇങ്ങനെ ഒരു വ്യക്തി അവരുടെ ജീവിതത്തിലുണ്ടെന്ന് പോലും അറിയാന്‍ വഴിയില്ല. ഫെയ്‌സ്ബുക്കില്‍ പരസ്യമായി സിംഗിളില്‍നിന്നും കമ്മിറ്റഡ് സ്റ്റാറ്റസാക്കുന്നതും കുറച്ചധികം പൈങ്കിളിയാണെങ്കിലും പങ്കാളിയെ മെന്‍ഷന്‍ ചെയ്ത് സ്റ്റോറി ഷെയര്‍ ചെയ്യുന്നതെല്ലാം സിറ്റുവേഷന്‍ഷിപ്പില്‍ ആപ്ലിക്കബിളല്ല. സത്യത്തില്‍ സീരിയസായി ബന്ധത്തിനെ പറ്റിയുള്ള ചിന്തകള്‍ക്കിവിടെ സ്ഥാനമില്ല.

എന്തിനേറെ, അവരുമായുള്ള ഭാവിജീവിതവും ചര്‍ച്ച ചെയ്യില്ല. കല്ല്യാണം എപ്പോള്‍ കഴിക്കാം കുട്ടികളെത്ര വേണം തുടങ്ങിയ ചോദ്യങ്ങള്‍ അകലെയാണ്. സിറ്റുവേഷന്‍ഷിപ്പില്‍ നിന്നുകൊണ്ട് മറ്റു ലോങ് ടേം റിലേഷണ്‍ഷിപ്പ് അന്വേഷിക്കുന്നവരും വിരളമല്ല. പരസ്പരം കാണാനായി മീറ്റിങ്ങ് ക്രമീകരിക്കുമ്പോള്‍ സംസാരിക്കാനായി അധികമുണ്ടാകാറില്ല. പലപ്പോഴും ഒന്നു ചുറ്റിക്കറങ്ങാനും ചിലപ്പൊഴൊക്കെ ശാരീരിക ഇന്റിമസിയിലുമാണ് മീറ്റിങ്ങുകള്‍ അവസാനിക്കുന്നത്. പരസ്പരമുള്ള മനസ്സു തുറന്നുള്ള സംഭാഷണങ്ങളെ അവോയിഡ് ചെയ്യുന്ന തരത്തില്‍ ഫോണ്‍കോള്‍, വീഡിയോ കോള്‍ എന്നിവയ്ക്ക് പ്രധാന്യം കൊടുക്കുന്നതിനേക്കാള്‍ ടെക്സ്റ്റ് മേസ്സേജുകളിലുടെയാവും സന്ദേശങ്ങള്‍.

ഇവിടെയും ഏറ്റവും വലിയ വില്ലന്‍ വണ്‍ സൈഡ് പ്രതിഭാസമാണ്. സിറ്റുവേഷന്‍ഷിപ്പില്‍ നിന്ന് കൊണ്ട് മുന്നോട്ടു പോകുന്നവരില്‍ ഭൂരിഭാഗം പേരും ഒരാള്‍ ആത്മാര്‍ത്ഥമായ പ്രണയബന്ധത്തെ ഉറ്റുനോക്കിക്കൊണ്ടാണ് പോകുന്നത്. പക്ഷേ, മറുവശത്ത് ജസ്റ്റ് എക്സ്പ്ലോര്‍ ചെയ്യുകയെന്ന മനോഭവത്തോടെയുള്ള വ്യക്തിയാണെങ്കില്‍ തീര്‍ച്ചയായും അത് ബന്ധം തുടങ്ങുന്നതിന് മുമ്പ് പങ്കാളിയെ അറിയിക്കുന്നതാവും ഉചിതം. ആന കൊടുത്താലും ആശ കൊടുക്കാന്‍ പാടില്ലല്ലോ.

'പലവിധ മാറ്റങ്ങളിലൂടെ കടന്നുപോയിക്കൊണ്ടിരിക്കുകയാണല്ലോ നമ്മുടെ സമൂഹം. അതുകൊണ്ട് തന്നെ ഈ മാറ്റങ്ങള്‍ ബന്ധങ്ങളിലും പ്രതിഫലിക്കുന്നുണ്ട്. ഉദാഹരണത്തിന് വിവാഹബന്ധങ്ങള്‍ തന്നെയെടുക്കാം പഴയ കാലത്തുള്ളതുപോലെ ഒരു സ്ത്രീ എല്ലാം അടയറവുവെച്ച് പുരുഷനു വേണ്ടി ജീവിക്കുന്നതില്‍നിന്നു പാര്‍ട്ട്ണര്‍ഷിപ്പില്‍ ഒത്തൊരുമിച്ച് പോകേണ്ട ഒരു തലത്തില്‍ പുതിയ തലമുറയില്‍ എത്തിയില്ലേ? സമൂഹഘടനയിലുണ്ടായ മാറ്റങ്ങള്‍ വ്യക്തി ബന്ധങ്ങളിലും പ്രതിഫലിക്കുന്നു. ആ മാറ്റം അനിവാര്യമാണ്. പക്ഷേ, അടിസ്ഥാനപരമായി സ്നേഹം എന്നൊരു ആശയമുണ്ട്. അത് ചിലയിടങ്ങളില്ലെങ്കിലും നിലനിന്ന് പോകുന്നുണ്ട്. ന്യൂജെന്‍ കുട്ടികളില്‍ ഈ നിലനില്‍പ്പുണ്ടോയെന്ന് എനിക്ക് വലിയ ധാരണകളില്ല. കാരണം ഞാന്‍ വേറെ തലമുറയില്‍ പെട്ടയാളാണ്. സാമൂഹിക നിര്‍മിതികള്‍ക്ക് പുറമേ അവരിലും ഗാഢമായ സനേഹബന്ധങ്ങളുണ്ടെന്നാണ് എന്റെ വിശ്വാസം. ഇപ്പോള്‍ നമ്മുടെ സമൂഹം കണ്‍സ്യൂമറിസ്റ്റ് തലത്തില്‍ നീങ്ങുന്നത് കൊണ്ട് എല്ലാം ഉപയോഗിക്കണം എന്ന ചിന്ത കടന്നുകൂടിയിട്ടുണ്ട്. ഈ ബന്ധം കൊണ്ടെനിക്കെന്ത് പ്രയോജനം? ഈ ബന്ധം കൊണ്ട് എനിക്കെന്തൊക്കെ പ്രയോജനമുണ്ടാക്കാമെന്നൊക്കെ ചില പ്രയോജനവാദങ്ങളും ഉയര്‍ന്നു വരുന്നുണ്ട്. ആരും ഇംബോസ് ചെയ്യുന്നതല്ല. ഇത് സ്വയം രൂപപ്പെട്ടു വരുന്ന ഒരു കാര്യമാണ്. ബന്ധങ്ങള്‍ കുറച്ച് മുന്നോട്ട് പോകുമ്പാള്‍ ആളുകള്‍ക്ക് മടുക്കുന്നു കെട്ടുപാടുകളൊന്നും പണ്ടത്തെ പോലെയില്ലാതെ വരുന്നു. ഇതൊക്കെ ഒരര്‍ത്ഥത്തില്‍ പുരോഗമനപരമാണ്. പക്ഷേ, ഇതിലൊന്നും സ്നേഹമില്ലെങ്കില്‍ ഇതൊക്കെ ഉപഭോഗ സംസ്‌കാരത്തിന്റെ ഭാഗങ്ങളാവാം. ഇതൊക്കെ ഒരു തരത്തില്‍ സ്വാതന്ത്ര്യമാണ്. ഒരാളെ ജീവിതക്കാലം മുഴുവന്‍ സഹിക്കേണ്ട കാര്യമില്ല. ചില സ്നേഹബന്ധങ്ങള്‍ ജീവിതക്കാലം മുഴുവന്‍ നിലനിന്ന് പോകണമെന്നില്ല. അഭിപ്രായ വ്യത്യാസങ്ങള്‍ വരാം മടുക്കാം പിരിയാം എന്തു വേണമെങ്കിലും സംഭവിക്കാം. എന്നിരുന്നാലും സ്നേഹം, അനുകമ്പ, അണ്ടര്‍സ്റ്റാന്റിങ്ങ് പോലുള്ള മാനുഷിക വികാരങ്ങളും സമൂഹത്തില്‍ നിലനിന്ന് പോകണം''.-

(റഫീക്ക് അഹമ്മദ്, കവി, ഗാനരചയിതാവ്‌)

റീബൗണ്ട് റിലേഷണ്‍ഷിപ്പുകള്‍

'ഹൃദയം' സിനിമ കണ്ടിറങ്ങിയപ്പോള്‍ എല്ലാവരുടെയും മനസ്സില്‍ ചെറിയ നൊമ്പരം സൃഷ്ടിച്ച ഒരു കഥാപാത്രമാണ് മായ. ഒരാളുടെ വാശിക്ക് അല്ലെങ്കില്‍ അയാളുടെ വ്യക്തിഗത ആവശ്യങ്ങള്‍ക്കു ബലിയാകേണ്ടി വന്ന പെണ്‍ക്കുട്ടി. ദര്‍ശനയെ മറക്കാന്‍ അവളില്‍ പൊസസീവ്നെസിന്റെ വിത്ത് പാകാന്‍ അരുണിന് മായ വേണ്ടി വന്നു. പക്ഷേ, ഇങ്ങനെയൊരു ബന്ധത്തില്‍നിന്ന് വളരെ ധൈര്യത്തോടെ ഇറങ്ങിയ മായ ആത്മവിശ്വാസത്തിന്റെ മറ്റൊരു രൂപമായിരുന്നു. എന്തായിരുന്നു മായയും അരുണും തമ്മിലുണ്ടായിരുന്ന ബന്ധം, അത് പ്രേമം തന്നെയായിരുന്നോ? അങ്ങനെയായിരുന്നെങ്കില്‍ അവരുടെ ബന്ധത്തിന് എന്തേ അത്രമേല്‍ ആഴം ഉണ്ടായിരുന്നില്ല? എന്ന പല ചോദ്യങ്ങളും ആ സിനിമയെ ചുറ്റിപ്പറ്റി നമ്മുടെ മനസ്സിലുയര്‍ന്നതാണ്.

ശരിക്കും അവര്‍ തമ്മിലുണ്ടായിരുന്നത് പ്രണയമെന്ന് പറയാന്‍ പറ്റില്ല. അതൊരു റീബൗണ്ട് റിലേഷന്‍ഷിപ്പാണ്. വളരെക്കാലം തുടര്‍ന്നു പോയിക്കൊണ്ടിരുന്ന പ്രണയബന്ധം ബ്രേക്കപ്പില്‍ കാലാശിക്കുമ്പോള്‍ അതില്‍നിന്ന് കരകയറാനായി തിരഞ്ഞെടുക്കുന്ന ഒരു മാര്‍ഗം. അതാണ് റീബൗണ്ട്. പക്ഷേ, നിര്‍ഭാഗ്യകരമായ കാര്യമെന്താണെന്നാല്‍ പലപ്പോഴും ഇത്തരം റീബൗണ്ട് ബന്ധങ്ങളില്‍ ഏര്‍പ്പെടുന്ന വ്യക്തികളില്‍ ഒരാള്‍ പൂര്‍ണമായും വഞ്ചിക്കപ്പെടുയായിരിക്കും. മറുഭാഗത്ത് പഴയ ബന്ധത്തില്‍ നിന്നിറങ്ങി പുതിയ ബന്ധത്തില്‍ ഉടന്‍ കാലെടുത്തു വെക്കുന്ന ആളാകട്ടെ താന്‍ ഇത്തരം ബന്ധത്തിലേക്കാണ് പോകുന്നതെന്ന് അറിയാതെ നിലനില്‍ക്കുന്നു.

പ്രണയേതര ബന്ധങ്ങളില്‍ ഏറ്റവും വേദനിപ്പിക്കുന്നത് റീബൗണ്ട് റിലേഷന്‍ഷിപ്പുകളാണ്. കാരണം, ഇതില്‍ നില്‍ക്കുന്ന രണ്ട് പേര്‍ക്കും ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ മുറിവുകൾ ഉണ്ടാകുന്നുണ്ട്. ആദ്യം ഈ ബന്ധത്തില്‍ പ്രവേശിക്കുമ്പോള്‍ വളരെ എക്‌സൈറ്റ്‌മെന്റും അതിനോടൊപ്പം ഡോപ്പെമെയിന്റെ അളവും ഒരുപോലെ വര്‍ധിക്കുന്നു. തീര്‍ച്ചയായും ഇവരുടെ ആദ്യത്തെ കുറച്ചുകാലം വളരെ വൈകാരികവും മനോഹരവുമായിരിക്കും. പരസ്പരം വളരെ സമയം ചെലവഴിക്കും. ഒറ്റ നോട്ടത്തില്‍ സോള്‍മേറ്റ്സായി വരെ തോന്നിപ്പോകും. പരിചയപ്പെട്ട് കുറച്ചുകാലമേ ആയിട്ടുള്ളുവെങ്കിലും വളരെ കാലത്തെ അടുപ്പം ഇത്തരം ബന്ധങ്ങളില്‍ തോന്നിപ്പോകും. മറ്റു പ്രണയങ്ങളെ അപേക്ഷിച്ച് വളരെ വേഗത്തിലുള്ള ചക്രമാണ് ഇവിടെ കറങ്ങുന്നത്. കോര്‍ട്ട്ഷിപ്പെന്ന ആശയത്തിന് ഇവിടെ വലിയ സ്ഥാനമില്ല. മാനസിക അടുപ്പത്തേക്കാളും ഇവരില്‍ ചിലരുടെയെങ്കിലും ഇടയില്‍ ശാരീരിക അടുപ്പമാണ് ഏറെയുണ്ടാകുക.

പങ്കാളിയെ എല്ലാവര്‍ക്കും മുന്നില്‍ കൊണ്ട് നടക്കുന്ന ഒരു തരത്തിലുള്ള ഷോ ഓഫുകളും ഇവിടെ കാണാം. പക്ഷേ, ചെറിയ ആയുസ്സ് മാത്രമേ ഈ സന്തോഷങ്ങള്‍ക്ക് കാണുകയുള്ളൂ. പ്രണയബന്ധങ്ങളില്‍ നിന്ന് റിബൗണ്ട് റിലേഷൻഷിപ്പുകളെ തരംതിരിക്കാനുള്ള ചില കാര്യങ്ങളുണ്ട്. പഴയ പങ്കാളിയുമായി പിരിഞ്ഞ കാരണം കൃത്യമായി പറയാന്‍ ഇവര്‍ക്കാവില്ല കൂടാതെ അവരെ കുറിച്ച് ചര്‍ച്ച ചെയ്യുന്നത് പാടെ അവഗണിക്കുകയും ചെയ്യുന്നു. ചിലത് കുറഞ്ഞാല്‍ തെറ്റ് എന്ന് പറയുന്നത് പോലെ ചിലത് കൂടിയാലും പ്രശ്നമാണ്. എക്സിനെ കുറിച്ച് വാ തോരാതെ പറയുന്നതും റീബൗണ്ടിന്റെ ഭാഗമാണ്.

ആ ബന്ധത്തില്‍ നിന്നിറങ്ങിയതില്‍ വളരെ സന്തോഷിക്കുന്നതായി അടിക്കടി പറയുന്നത് അവരുടെ ഉള്ളില്‍ എക്സിനെ കുറിച്ചുള്ള ചിന്തകള്‍ ഇപ്പോഴുമുണ്ടെന്നതിന് തെളിവാണ്. മാത്രമല്ല, പല കാര്യങ്ങളിലും പുതിയ പങ്കാളിയെ പഴയാളുമായി താരതമ്യപ്പെടുത്തുകയും ചെയ്യുന്നു. ഇത് ചിലപ്പോഴൊക്കെ പോസിറ്റീവും നെഗറ്റീവുമാകാറുണ്ട്. എക്സിന്റെ ചിന്തകളില്‍നിന്നു ശ്രദ്ധ തിരിക്കാനായി ഈ ബന്ധത്തില്‍ കുറെയെറെ ഇന്‍വെസ്റ്റ് ചെയ്യുന്നത് കൊണ്ട് തന്നെ വളരെ ആഴമേറിയ ബന്ധമാണെന്ന് ചിലപ്പോഴൊക്കെ തോന്നിപ്പോകും. സത്യത്തില്‍ ഇതും വെറും മായയാണ്. അതുകൊണ്ടാവും ഹൃദയത്തിലെ ആ കഥാപാത്രത്തിനും ഈ പേരു തന്നെ സംവിധായകന്‍ നല്‍കിയത്.

പതിയെപ്പതിയെ ഈ ബന്ധത്തിന് മങ്ങലേല്‍ക്കാൻ തുടങ്ങുന്നു. എടുത്തുചാടിയെന്ന ചിന്ത ഒരാള്‍ക്കും തന്നെ ഉപയോഗിക്കുകയാണെന്ന ചിന്ത മറ്റൊരാളെയും പിടികൂടുന്നു. പഴയ ബന്ധത്തിന്റെ ഓര്‍മകളും പുതിയ ബന്ധത്തിലെ പോരായ്മകളും നീറുമ്പോള്‍, മറുഭാഗത്ത് ചതിക്കപ്പെട്ടുവെന്ന ചിന്ത പുതിയ പങ്കാളിക്ക് തോന്നുന്നു. വളരെ വേദനാജനകമാവും ഈ അവസ്ഥ. പച്ചവെള്ളത്തില്‍നിന്നു തിളച്ച വെള്ളത്തില്‍ ചാടിയ അവസ്ഥ. കുറ്റബോധം, ഒറ്റപ്പെടല്‍, മാനസിക പിരിമുറുക്കം അങ്ങനെ കുറെയെ പ്രശ്നങ്ങള്‍ ഉരുത്തിരിയുന്നതോടൊപ്പം ഈ ബന്ധവും അവസാനിക്കുന്നു. ഒരാള്‍ക്ക് ഒരിക്കലും മറ്റൊരാളാവാന്‍ പറ്റില്ലല്ലോ. അതുകൊണ്ട് തന്നെ മായയെന്ന നേര്‍ചിത്രം വീണ്ടും വീണ്ടും സമൂഹത്തില്‍ തെളിയുന്നു.

പ്ലേറ്റോണിക് റിലേഷൻഷിപ്പ്

ചില ആളുകളോട് നമുക്ക് ഒറ്റ വാക്കില്‍ നിര്‍വചിക്കാന്‍ പറ്റാത്ത ചില ബന്ധമുണ്ടാകും. പ്രണയമാണോയെന്ന് ആരാഞ്ഞാല്‍ അതല്ല, കാമമാണോയെന്ന് ചോദിച്ചാല്‍ അതുമല്ല. അവരെ അപേക്ഷിച്ച് ഈ ലോകത്ത് അവര്‍ തമ്മിലുള്ള ബന്ധത്തെ ടാഗ്‌ലൈനില്‍ ഒതുക്കാനാവില്ല. സ്വാര്‍ത്ഥമായ ലോകത്തിന്റെ കെട്ടുകള്‍ പൊട്ടിച്ച് നിസ്വാര്‍ത്ഥമായി ഒഴുകുന്ന ബന്ധം. പക്ഷേ ,നമ്മുടെ സമൂഹത്തില്‍ ടാഗ്‌ലൈനില്ലാതെ ഒരു ബന്ധങ്ങള്‍ക്കും വില നല്‍കാറില്ലല്ലോ. അതുകൊണ്ട് തന്നെ ഇത്തരം ബന്ധങ്ങളെ പ്ലേറ്റോണിക് റിലേഷണ്‍ഷിപ്പെന്ന് വിളിക്കാം. ഉദാഹരണത്തിന്, 'നിറം' എന്ന മലായാള ചിത്രത്തിന്റെ ഫസ്റ്റ് ഹാഫിലെ എബിയുടെയും സോനയുടെയും ബന്ധം. അവര്‍ക്കും ചുറ്റും നമ്മള്‍ നമ്മളായിരിക്കും. ഒരു തരത്തിലുള്ള മറകളും ഉണ്ടാകാറില്ല. സത്യസന്ധതയിലും വിശ്വാസത്തിലും ഊന്നിയ ബന്ധമായത് കൊണ്ട് തന്നെ, എല്ലാ കാര്യങ്ങളിലും അവര്‍ നമുക്കൊപ്പമുണ്ടായിരിക്കും.

രണ്ടു പേര്‍ തമ്മിലുള്ള കാര്യങ്ങള്‍ താറുമാറാക്കുന്ന മൂന്നാമതൊരു വ്യക്തിയുടെ ആവശ്യം ഈ ബന്ധങ്ങളിലില്ല. പക്ഷേ, ഒരു സ്ത്രീയും പുരുഷനും പ്രണയിതാക്കള്‍ മാത്രമായേ ഇരിക്കാന്‍ പാടുള്ളൂവെന്ന സമൂഹത്തിന്റെ സോ കോള്‍ഡ് കണ്‍സപ്റ്റ് നിലനില്‍ക്കുന്നത് കൊണ്ടുതന്നെ, ഇവരുടെ പ്ലേറ്റോണിക് റിലേഷൻ കണ്ടുനില്‍ക്കുന്ന പലര്‍ക്കും ഒട്ടും താങ്ങാന്‍ പറ്റാത്ത അസ്വാരസ്യങ്ങൾ ഉളവാക്കുന്നു. ഇങ്ങനെ ഒന്നിച്ചിരുന്നാല്‍ അവര്‍ തമ്മില്‍ പ്രണയത്തിലായാലോ എന്ന ചോദ്യങ്ങള്‍ നിരന്തരം അഭിമുഖീകരിക്കേണ്ടി വരുന്നു.

അതിരു വിടുമ്പോഴാണ് പല ബന്ധങ്ങളും മറ്റു പല പ്രശന്ങ്ങളിലേക്കും വഴിവെക്കുന്നത്. പ്ലേറ്റോണിക്ക് ബന്ധങ്ങളില്‍ അതിര്‍വരമ്പുകളുണ്ട്. ഇതില്‍നിന്ന് വ്യതിചലിച്ചാല്‍ ആ ബന്ധം മറ്റൊരു ബന്ധത്തിലേക്ക് വഴിത്തിരിയുന്നു. അത് കൊണ്ടാവാം രണ്ടാം പാദത്തില്‍ എബിക്ക് സോനയോട് പ്രേമം തോന്നി തുടങ്ങിയത്. പ്രതീക്ഷകള്‍ക്ക് വലിയ പ്രധാന്യം നല്‍കി മുന്നോട്ട് പോയാല്‍ ചില ബന്ധങ്ങള്‍ പ്രണയത്തിലേക്ക് വഴിമാറുന്നത് പോലുള്ള പ്രതിഭാസം സംഭവിക്കുന്നില്ല. പരസ്പരം അംഗീകരിച്ചുകൊണ്ട് ഒരു ഭാരങ്ങളും അടിച്ചേല്‍പ്പിക്കാതെ സഞ്ചരിച്ച് നല്ല രീതിയല്‍ ഒഴുകുന്ന ഇത്തരം ബന്ധങ്ങള്‍ വളരെ മനോഹരമാണ്. എന്നിരുന്നാലും എല്ലാം ബാലന്‍സ് ചെയ്ത് പോകുമ്പോഴാണല്ലോ തികഞ്ഞ മനുഷ്യരാകുന്നത്. അതുകൊണ്ട് തന്നെ പ്ലേറ്റോണിക് ബന്ധങ്ങളില്‍ നില്‍ക്കുന്നവര്‍ക്ക് പ്രണയബന്ധങ്ങൾ ഉണ്ടെങ്കില്‍ സന്തുലിതപ്പെടുത്തി, ചതിയെന്ന വാക്കിന് ഇടം നല്‍കാതെ മുന്നോട്ട് പോയാല്‍ തന്നെ മാനസിക സംഘര്‍ഷങ്ങള്‍ ഒരു പരിധി വരെ തടയാം. തമിഴ് സിനിമയായ ' പ്രിയമാന തോഴി' തെലുങ്ക് സിനിമയായ 'ഓ മൈ ഫ്രണ്ട്' എന്നിവയൊക്കെ ഇത്തരം ബന്ധങ്ങളുടെ ആഴം എത്രത്തോളമാണെന്ന് വരച്ചു കാട്ടുന്നു.

ട്രോമ ബോണ്ടിങ്ങ്

നിനക്കീ ബന്ധം ശരിയാവില്ല. എന്നും ഇങ്ങനെ സഹിച്ചും പൊറുത്തും മുന്നോട്ട് പോകാന്‍ നിനക്ക് ഭ്രാന്തുണ്ടോ? ദേഹോപദ്രവവും തുടങ്ങി. അയ്യോ.. അത് ഏട്ടായിക്ക് ഏന്നോടുള്ള സ്നേഹം കൊണ്ടല്ലേ. എന്റെ ഭാഗത്താണ് തെറ്റ്, ഞാന്‍ അത് ശരിയാക്കിക്കോളാം.. ഹോ.. സമൂഹമാധ്യമങ്ങളില്‍ നിറയുന്ന ടിപ്പിക്കല്‍ കലിപ്പിന്‍ കാന്താരി റീല്‍സൊക്കെ ഒരേ സമയം പുച്ഛത്തോടെയും അതേസമയം, രസകരമായും നമ്മള്‍ വിലയിരുത്താറുണ്ട്. കൊന്നാല്‍ പോലും അതെന്റെ ഏട്ടായി അല്ലേ, സന്തോഷത്തോടെ മരിക്കാമെന്നൊക്കെ പറഞ്ഞു, ചിരിയും അതിനോടൊപ്പം ചിന്തയും നിറയ്ക്കുന്ന ഒരു വിഷയത്തിലേക്കാണ് ഇത്തരം റീല്‍സുകള്‍ തള്ളിവിടുന്നത്.

താന്‍ കടന്നുപോകുന്നത് ഒരു തരത്തിലും മാനസികശാന്തി നല്‍കാത്ത ബന്ധത്തിലാണെങ്കിലും അത് തുടര്‍ന്നു കൊണ്ടു പോകുന്നത് കാണുന്നവര്‍ക്ക് ഒരു തരം അമര്‍ഷം ഉളവാക്കുന്നതാണ്. ടോക്സിക്ക് അബ്യൂസിവ് എന്ന കുടക്കീഴില്‍ തന്നെയാണ് ഇത്തരം ബന്ധങ്ങളെ വിലയിരുത്തേണ്ടത്. പക്ഷേ, അതില്‍ കൂട്ടിച്ചേർക്കേണ്ട ഒരു പോയിന്റ്, ടോക്സിസിറ്റിയാണെന്ന് അറിഞ്ഞിട്ടും അവരെ വിട്ടുപോകാന്‍ പറ്റാത്തതാണ്. ഇതാണ് ട്രോമ ബോണ്ടിങ്ങ്. തങ്ങളെ ചൂഷണം ചെയ്യുന്നവരോട് തോന്നുന്ന ഒരു തരത്തിലുള്ള ഡീപ്പ് ഇമോഷണല്‍ അറ്റാച്ച്മെന്റാണിത്. ആത്മാര്‍ത്ഥമായ പ്രണയമായും കമ്മിറ്റ്‌മെന്റായും ഇത് തെറ്റിദ്ധരിക്കെപ്പടാറുണ്ട്.

അബ്യൂസിവാണെന്ന് മന:പൂര്‍വം മനസ്സിലാക്കി കൊണ്ടല്ല ഇത്തരം ബന്ധങ്ങളിലേക്ക് കാലെടുത്തു വെക്കുന്നത്. തുടക്കത്തില്‍ വളരെ കെയറും അഫക്ഷനും സ്നേഹവുമെല്ലാം കാണിച്ച് വശത്താക്കി തന്റേതായി കഴിഞ്ഞെന്നു ഉറപ്പായാല്‍ ഒരു തരം ആധിപത്യം സ്ഥാപിച്ച് തുടങ്ങും. 'ഉയരെ' എന്ന സിനിമയിലെ ഗോവിന്ദിനെ പോലെയാണ് ഇവര്‍. അറിവുപോലും ഉറയ്ക്കാത്ത പ്രായത്തില്‍ തന്നോട് കാണിച്ച ദയയിലും കെയറിലും വീണ് ഗോവിന്ദിനെ പല്ലവി സ്നേഹിക്കുമ്പോള്‍ പിന്നീടാണ് മാലാഖയ്ക്കുള്ളില്‍ നിറച്ചുവെച്ച ചെകുത്താനെ മനസ്സിലാക്കുന്നത്. പലപ്പോഴും നമുക്ക് തന്നെ തോന്നാറുണ്ട് ഇത്രയും അണ്‍ഹെല്‍തിയായ ഒരു ബന്ധത്തില്‍നിന്ന് എന്താണ് ഇറങ്ങിപോരാത്തതെന്ന്.

പല്ലവിക്കറിയാമായിരുന്നു, തനിക്ക് വേണ്ടാത്ത ഒരു ബന്ധത്തിലാണ് കടന്നുപോകുന്നതെന്ന്. ഗോവിന്ദിനെ പറ്റി പലരും പറഞ്ഞിട്ടും ആ ബന്ധം തുടര്‍ന്നു പല്ല,വി മുന്നോട്ട് പോയെതെന്തിന്? ഇങ്ങനെയൊക്കെ പറഞ്ഞ് ഇവരെ ജഡ്ജ് ചെയ്യുമെങ്കിലും മനസിലാക്കേണ്ട ഒരു കാര്യം, പുറത്തുനിന്ന് പറയാന്‍ എളുപ്പമാണ് പക്ഷേ അതില്‍നിന്ന് പുറത്തുവരാന്‍ പറ്റാത്ത തരത്തില്‍ അവര്‍ പങ്കാളിയെ ഇമോഷ്യണലി മാനിപ്പുലേറ്റ് ചെയ്യുമെന്നതാണ് വാസ്തവം. നീ ഒരു പങ്കാളിയെന്ന നിലയില്‍ ഒട്ടും ശരിയല്ല, എനിക്ക് മാച്ചല്ല എന്ന് പറഞ്ഞു കുറ്റപ്പെടുത്തുമ്പോള്‍ ഞാന്‍ മാറിക്കോളാം ശരിയാകാം എന്ന മറുപടിയില്‍ സ്വയം ചതിച്ച് മുന്നോട്ട് പോകേണ്ടി വരുന്നു. പലരോടുള്ള വിദേഷ്വം തീര്‍ക്കാന്‍ ഒരു പാവയായി ഇവിടെ ഒരാള്‍ മാറികൊടുക്കേണ്ടി വരുന്നു. നീയെന്റെയാണ് ആരോടും സംസാരിക്കരുത്.. മറ്റു ആള്‍ക്കാരുമായി ഇടപ്പഴകരുതെന്നൊക്കെ പറയുമ്പോള്‍, എന്റെ പങ്കാളിക്ക് എന്നോട് എന്ത് സ്നേഹമാണ്. അമിതമായ സ്നേഹം കൊണ്ടാണ് പൊസ്സസീവ്നെസ്സ് ഉണ്ടാകുന്നതെന്ന ചിന്ത ഒരാളില്‍ വന്നു തുടങ്ങുന്നു.

സ്നേഹം പ്രകടിപ്പിക്കുന്നതില്‍നിന്ന് പുറംലോകവുമായുള്ള ബന്ധത്തില്‍, പങ്കാളിയെ കേന്ദ്രീകരിച്ച് മാറ്റിനിര്‍ത്തുന്നതില്‍ നിന്നുള്ള ദൂരം മനസ്സിലാക്കുന്നതില്‍ പലരും പരാജയപ്പെടുന്നു. മാത്രമല്ല പങ്കാളിയെന്ത് ചെയ്താലും ന്യായികരിക്കുകയും തങ്ങളുടെ തെറ്റ് മൂലമാണ് ഇതൊക്കെ സംഭവിക്കുന്നതെന്ന് കുറ്റസമ്മതം നടത്തുകയും ചെയ്യുന്നത് ചിലപ്പോള്‍ മുറിഞ്ഞ നെറ്റിയും അടികൊണ്ട് ചുവന്ന മുഖവുമായെന്നൊക്കെ കാണുന്നത് തീര്‍ത്തും നിര്‍ഭാഗ്യകരമാണ്. അതൊന്നും അത്ര കാര്യമല്ല, സ്നേഹമുള്ളിടത്തെ വഴക്കുള്ളൂ എന്ന ക്ലിഷേ ഡയലോഗില്‍ ഇത് ഒതുക്കിത്തീര്‍ക്കുന്നത് ഒട്ടും നല്ലതല്ല. സ്വന്തം വ്യക്തിത്വത്തെ പണയംവെച്ച് വികാരങ്ങളെയൊക്കെ താഴിട്ടു പൂട്ടുന്ന അവസ്ഥ ഇത്തരം ബന്ധങ്ങള്‍ പതിപ്പിക്കുന്ന മുഖമുദ്രയാണ്. നിര്‍ഭാഗ്യമെന്തെന്ന് വെച്ചാല്‍ പല്ലവിയെ പോലെ ഇറങ്ങിവരാന്‍ ആരും തന്നെ ധൈര്യം കാണിക്കുന്നില്ല. അങ്ങനെ ധൈര്യം കാണിച്ച പല്ലവി നേരിടേണ്ടി വന്നത് വളരെ ദൗര്‍ഭാഗ്യകരമായ അനുഭവമാണെങ്കിലും പുറത്ത് വരാന്‍ കാണിക്കുന്ന ആ ദൃഢനിശ്ചയമാണ് സ്വാഭിമാനത്തെ ഉയര്‍ത്തികെട്ടുന്നത്.

'എന്നെ സംബന്ധിച്ചിടത്തോളം സ്നേഹമെന്നത് എല്ലാ തരത്തിലുള്ള ബന്ധങ്ങള്‍ക്കും അപ്പുറമാണെന്നാണ് തോന്നുന്നത്. സ്നേഹമില്ലാത്ത ബന്ധങ്ങളുണ്ടാകാം. അങ്ങനെയുള്ള ബന്ധങ്ങള്‍ അഡ്ജസ്റ്റ്‌മെന്റുകളിലൊക്കെയാവും നിന്നുപോകുന്നത്. ആര്‍ക്കും ആരോടും സ്നേഹം തോന്നാം. അതില്‍തന്നെ കരുണ എന്ന അംശവുമുണ്ട്‌. ഞാന്‍ ഒറ്റയായി ജീവിക്കുന്ന മനുഷ്യനാണ്. സോ കോള്‍ഡ് റിലേഷന്‍ഷിപ്പിനെ കുറിച്ച് പറയുമ്പോള്‍ പുറത്തുനിന്ന് പറയുന്ന തരത്തില്‍ പരിമിതികളുണ്ടാകും. രണ്ട് പേര്‍ തമ്മിലുള്ള ബന്ധത്തില്‍ അവര്‍ തമ്മിലുള്ള കംഫര്‍ട്ട് സോണ്‍, വിശ്വാസം അവര്‍ നിശ്ചയിക്കുന്ന ഒരു കാലത്ത് നിലനില്‍ക്കാം. ഇതിനെ സോഷ്യല്‍ ഓഡിറ്റില്‍ ഒരു പേര് നല്‍കാതെ കംഫര്‍ട്ട് സോണിലുള്ള കാര്യമായി കാണാം. ഉഭയസമ്മതത്തോടെ രണ്ടു പേര്‍ തമ്മിലുള്ള കാര്യമായി കണക്കാക്കുക. ഏതൊരു ബന്ധമായാലും ഒരു കണക്ഷനിലാണ് നിലനില്‍ക്കുന്നതെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. സംസ്‌കാരം, ശൈലികള്‍ എന്നിവയില്‍ വലിയ മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട്. ചിലരെ സ്നേഹമാവാം കണ്ക്ട് ചെയ്യുന്നത്, ചിലരെ കാമമാവാം. ഞാന്‍ എഴുതിയത് പോലെ 'അനുകമ്പ തന്‍ കുഞ്ഞ് കണിക പോല്‍ വരില്ല അനുരാഗമേ നിന്‍ മഹാസമുദ്രം' എന്ന പോലെ കരുണയാവാം കണക്ട് ചെയ്യുന്നത്. അതെന്ത് തന്നെ ആയാലും അവിടെ ഒരു സ്വാതന്ത്ര്യം ഉണ്ടാകട്ടെ സുതാര്യത ഉണ്ടാകട്ടെ എന്ന് മാത്രമേ എനിക്ക് പറയാനുള്ളൂ' -

(ബി.കെ.ഹരിനാരായണന്‍, ഗാനരചയിതാവ്‌)

ഏതു ബന്ധങ്ങള്‍ ആയാലും സന്തോഷകരമായ ഓര്‍മ്മകള്‍ക്കും നിമിഷങ്ങള്‍ക്കൊപ്പം തന്നെ വേദനയുടെ ഭാരങ്ങളും പ്രധാനം ചെയ്യാറുണ്ട്. ഇത്തരം വേദനകള്‍ മാനസിക പിരിമുറുക്കത്തിലേക്കും നയിച്ചേക്കാം. പ്രണയേതര ബന്ധങ്ങളില്‍ നിലനില്‍ക്കുന്ന ഭൂരിഭാഗം പേര്‍ക്കും ഒരു ഘട്ടം കഴിയുമ്പോള്‍ പശ്ചാത്താപത്തിന്റെ നീറ്റല്‍ പിടിപ്പെടാറുണ്ട്. ആദ്യമൊക്കെ ആസ്വദിച്ചു മുന്നോട്ട് പോകുമെങ്കിലും പിന്നീട് തങ്ങള്‍ ചെയ്തത് ശരിയാണോ, എടുത്തു ചാടിയോ? വ്യക്തിത്വം നഷ്ടപ്പെടുത്തിയോ? മറ്റൊരാളെ വേദനിപ്പിച്ചോ സ്വയം മറന്നു പോയോ? എന്നിങ്ങനെ പലതരം ചിന്തകളും ചോദ്യങ്ങളും മനസ്സില്‍ കടന്നുകൂടുന്നു. പഴയത് മറക്കാന്‍ പുതിയ ബന്ധങ്ങള്‍ തേടിപ്പോയി ഡിപ്രഷനിലേക്ക് വഴുതി വീഴുന്നവരും വിരളമല്ല. ഈ അവസ്ഥ രണ്ട് പേര്‍ക്കും ബാധകമാണെങ്കിലും ഏറ്റവും മാനസികമായി തളര്‍ത്തുന്നത് സ്ത്രീകളെയാണ്.

ശാരീരിക ബന്ധത്തിൽ ഏര്‍പ്പെടുന്നവരുമായി വൈകാരിക അടുപ്പവും തോന്നിത്തുടങ്ങുന്നത് പലരെയും മാനസികമായി തളര്‍ത്തും. കാരണം, അവര്‍ക്കുണ്ടാകുന്ന ഫീലിങ്‌സ് മറ്റേയാള്‍ക്ക് ഉണ്ടാകുന്നില്ല. അങ്ങനെ താത്കാലിക കാഷ്വല്‍ ബന്ധങ്ങളില്‍ പോലും ഹാര്‍ട്ട് ബ്രേക്കുണ്ടാകുന്ന സാഹചര്യങ്ങളുണ്ടാകുന്നു. മാത്രമല്ല റീബൗണ്ട് പോലുള്ള ബന്ധങ്ങളില്‍ ഒരു തരത്തില്‍ ചതിക്കപ്പെടുന്നുവെന്ന് മനസ്സിലാക്കാതെ പൂര്‍ണമായും ഡിപ്പന്റഡ് ആകുന്നത് കൊണ്ട് സ്വാഭിമാനത്തിന്റെ കെട്ടുകള്‍ എവിടെയോ നഷ്ടമാകുന്നത് അവര്‍ പോലും മനസ്സിലാക്കുന്നില്ല.

എല്ലാവര്‍ക്കും മായയെ പോലെയും പല്ലവിയെ പോലെയും പെട്ടെന്ന് തിരിച്ചറിവുണ്ടാകണമെന്നില്ല... കാലം മാറുമ്പോള്‍ കോലം മാത്രം മാറിയാല്‍ പോരല്ലോ. കുപ്പായങ്ങള്‍ പോലെ മാറാവുന്നതേയുള്ളൂ ബന്ധങ്ങളുമെന്നാണ് പുതുതലമുറ പകരുന്ന ഒരു പാഠം. അത് തള്ളുകയോ കൊള്ളുകയോ ചെയ്യാം. പക്ഷേ, ബാധ്യതയാവുന്ന ബന്ധങ്ങളേക്കാള്‍, ആസിഡ് ഏറിനേക്കാള്‍, കഴുത്തില്‍ കുത്തിയിറക്കുന്ന കത്തിയേക്കാള്‍ മെച്ചമാണല്ലോ ബന്ധങ്ങളുടെ ഈ നിസാരവത്കരണം.

Content Highlights: how is romance changing for new generation

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

04:45

റുഷ്ദിയിലേയ്ക്കു മാത്രമല്ല, പരിഭാഷകരിലേയ്ക്കും നീണ്ട പതിറ്റാണ്ടിന്റെ പക

Aug 16, 2022


satheesan-riyas

2 min

'കുതിരകയറാന്‍ നോക്കരുത്, തിരിച്ച് കിട്ടുമ്പോള്‍ കിടന്ന് മോങ്ങുന്നു'; സതീശനെതിരെ ആഞ്ഞടിച്ച് റിയാസ്

Aug 16, 2022


AN Shamseer/ Rahul Gandhi

1 min

മാനന്തവാടിയില്‍ വരിക പഴംപൊരി തിന്നുക, ബത്തേരിയില്‍ വരിക ബോണ്ട തിന്നുക; രാഹുലിനെ പരിഹസിച്ച് ഷംസീര്‍ 

Aug 16, 2022

Most Commented