വഴിയിലേക്ക്‌ വലിച്ചെറിയില്ല, മാലിന്യത്തില്‍നിന്ന് സി.എന്‍.ജി.; കേരളം കണ്ട് പഠിക്കണം ഇന്ദോര്‍ മാതൃക


അഖില്‍ ശിവാനന്ദ് | akhilsivanand@mpp.co.in



Premium

ഇന്ദോറിലെ മെറ്റീരിയൽ റിക്കവറി കേന്ദ്രത്തിൽ മാലിന്യങ്ങൾ വേർതിരിക്കുന്നു | Photo: Screengrab video posted on from sbmurban.org

വിഷപ്പുകയില്‍ ശ്വാസമെടുക്കാന്‍ പാടുപെടുകയാണ് കൊച്ചി നഗരം. നഗരത്തിന്റെ മാലിന്യം ഇക്കാലമത്രയും പേറിയിരുന്ന ബ്രഹ്‌മപുരത്തെ മാലിന്യമലയ്ക്ക് പിടിച്ച തീ ദിവസങ്ങളോളം പുകഞ്ഞു കത്തിയതോടെ ഗ്യാസ് ചേംബറില്‍ അകപ്പെട്ട അവസ്ഥയിലാണ് കൊച്ചിയിലെ ജനങ്ങള്‍. പ്ലാന്റ് സ്ഥിതിചെയ്യുന്ന ബ്രഹ്‌മപുരവും പരിസരപ്രദേശങ്ങളും മാത്രമല്ല, കൊച്ചി നഗരത്തിലേക്കും ജില്ലാ അതിര്‍ത്തി കടന്നും വിഷപ്പുക എത്തി. പ്ലാസ്റ്റിക് കത്തിയതിനെ തുടര്‍ന്നുണ്ടായ വിഷപ്പുക ശ്വസിക്കുക്കന്നതു കൊണ്ടുള്ള ആരോഗ്യ പ്രശ്‌നങ്ങളും ജനങ്ങളെ ബുദ്ധിമുട്ടിച്ചു. ശ്വാസതടസ്സം, ചുമ, കണ്ണെരിയല്‍, തൊലിപ്പുറത്തെ ചൊറിച്ചില്‍ എന്നിങ്ങനെ പലവിധമാണ് ആരോഗ്യപ്രശ്‌നങ്ങള്‍. പുകമൂലം സ്വന്തം വീട്ടില്‍ പോലും കഴിയാനാകാത്ത അവസ്ഥയിലായിരുന്നു നഗരത്തിലെ ജനങ്ങള്‍. മാലിന്യനീക്കം നിലച്ചതായിരുന്നു മറ്റൊരു പ്രതിസന്ധി. റോഡുകളില്‍ പലയിടത്തും മാലിന്യം കുന്നുകൂടി. മാലിന്യം ശേഖരിക്കാന്‍ ലോറി എത്തിയിരുന്ന സ്ഥലങ്ങളിലെല്ലാം മാലിന്യം നിറഞ്ഞു. പല സ്ഥലങ്ങളിലും മൂക്കുപൊത്താതെ നടക്കാന്‍ പറ്റാതായി. ചെറു ഫ്‌ളാറ്റുകളിലും മറ്റും കഴിയുന്നവര്‍ ഏറെ ബുദ്ധിമുട്ടി. മാലിന്യം എവിടെ കൊണ്ടുകളയുമെന്ന് അറിയാത്ത അവസ്ഥ.

ബ്രഹ്‌മപുരത്ത് മാലിന്യമലക്ക് തീപിടിച്ചതുമൂലം ഉണ്ടായ ദുരിതം മാത്രമാണോ നമ്മുടെ പ്രശ്‌നം? മാലിന്യ സംസ്‌ക്കരണത്തിന്റെ കാര്യത്തില്‍ കൊള്ളാവുന്ന ഒരു മാതൃകയെങ്കിലും നമുക്കുണ്ടോ? ഇല്ല എന്നു തന്നെയാണ്‌ ഉത്തരം. മാലിന്യം സംസ്‌ക്കരിക്കാനാകാത്ത പ്രശ്‌നമായി നമുക്ക് മുന്നില്‍ മല പോലെ വളര്‍ന്നുകിടക്കുകയാണ്. ബ്രഹ്‌മപുരവും ലാലൂരും ഞെളിയന്‍പറമ്പും വിളപ്പില്‍ശാലയുമെല്ലാം നമ്മുടെ തീരാത്ത തലവേദനകളാണ്. ആരോഗ്യ, സാമൂഹിക സൂചികകളില്‍ ഏറെ മുന്നിലുള്ള കേരളത്തിലെ ഒരു നഗരം പോലും രാജ്യത്തെ വൃത്തിയുള്ള നഗരങ്ങളുടെ പട്ടികയില്‍ ആദ്യ 150-ല്‍ പോലുമില്ല. പക്ഷേ, കാര്യക്ഷമമായ മാലിന്യ സംസ്‌ക്കരണത്തിന് രാജ്യത്തുതന്നെ നമുക്ക് മാതൃകകളുണ്ട്. മധ്യപ്രദേശിലെ ഇന്ദോറും ഗുജറാത്തിലെ സൂറത്തും കര്‍ണാടകയിലെ മൈസൂരുവുമെല്ലാം മികച്ച മാതൃകകളാണ്. മധ്യപ്രദേശിലെ ഏറ്റവും ജനസംഖ്യയുള്ള നഗരമാണ് ഇന്ദോര്‍. പക്ഷേ, ചുരുങ്ങിയ വര്‍ഷങ്ങള്‍ക്കൊണ്ടാണ് ഇന്ദോര്‍ സമ്പൂര്‍ണ മാലിന്യസംസ്‌കരണം എന്ന ലക്ഷ്യം കൈവരിച്ചത്. ഇന്ന് കാര്യക്ഷമമായി നഗരമാലിന്യം സംസ്‌ക്കരിക്കുന്ന അവര്‍ അതില്‍നിന്ന് വരുമാനവുമുണ്ടാക്കുന്നു. 35 ലക്ഷം ജനങ്ങള്‍ താമസിക്കുന്ന ഇന്ദോര്‍ മാലിന്യക്കാര്യത്തില്‍ രാജ്യത്തിനുതന്നെ മാതൃകയാണ്. മാലിന്യപ്രശ്‌നത്താല്‍ നട്ടംതിരിയുന്ന നമുക്കും പകര്‍ത്താവുന്ന വലിയ മാതൃക.

ബ്രഹ്‌മപുരം പ്ലാന്റില്‍നിന്നുള്ള കാഴ്ച | ഫോട്ടോ: വി.കെ. അജി/ മാതൃഭൂമി

ഇന്ദോര്‍, രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗരം

എല്ലാ പ്രഭാതത്തിലും ബോളിവുഡ് ഗായകന്‍ ഷാന്‍ ആലപിച്ച 'ഇന്ദോര്‍ ഹുവാ ഹേ നമ്പര്‍ വണ്‍' എന്ന സ്വച്ഛതാ ഗാനത്തിന്റെ അകമ്പടിയില്‍ വീട്ടുപടിവാതിക്കല്‍ വന്ന് നില്‍ക്കുന്ന മാലിന്യശേഖരണ വണ്ടികള്‍... അതില്‍ കൃത്യമായി മാലിന്യം നിക്ഷേപിക്കുന്ന ജനങ്ങള്‍... രാജ്യത്തെ ഏറ്റവും വൃത്തിയേറിയ നഗരമായ ഇന്ദോറിലെ നിത്യേനയുളള കാഴ്ച. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വച്ഛഭാരത് ദൗത്യത്തെ ഇരുകൈയും നീട്ടി സ്വീകരിക്കുകയും നടപ്പാക്കുകയും ചെയ്ത ഇന്ദോര്‍, തുടര്‍ച്ചയായ ആറാം വര്‍ഷവും സ്വച്ഛ് സര്‍വേക്ഷ(ശുചിത്വ സര്‍വേ)ണില്‍ ഒന്നാമതെത്തിയിരുന്നു. വെളിയിട വിസര്‍ജ്ജനമുള്‍പ്പെടെ എല്ലാത്തരം മാലിന്യങ്ങളും നഗരത്തിലെവിടെയുമില്ലെന്ന് ഉറപ്പാക്കുന്നതില്‍ ജാഗരൂകരാണ് ഇന്ദോര്‍ മുന്‍സിപ്പല്‍ കോര്‍പറേഷന്‍ (ഐ.എം.സി). ജനങ്ങളാകട്ടെ ഇതിനോട് പൂര്‍ണമായും സഹകരിക്കുകയും ചെയ്യുന്നു. നഗരത്തിലെ പ്രധാന നിരത്തുകളിലെല്ലാം ചവറ്റുകുട്ടകള്‍ സ്ഥാപിച്ചിട്ടുണ്ട്. ജൈവവും അജൈവവുമായ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതിന് വെവ്വേറെ കുട്ടകളുണ്ട്. ജനങ്ങള്‍ മാലിന്യം ഇതില്‍ മാത്രം കൃത്യമായി നിക്ഷേപിക്കുന്നു. ദിവസത്തില്‍ മൂന്ന് നേരം മാലിന്യങ്ങള്‍ നഗരസഭ നീക്കംചെയ്യും. നടപ്പാതകളും റോഡുകളും അടിച്ചുവൃത്തിയാക്കും. ഒപ്പം വീടുകളില്‍നിന്നും സ്ഥാപനങ്ങളില്‍ നിന്നുമുള്ള മാലിന്യങ്ങളും കൃത്യമായി ശേഖരിക്കും.

രാജ്യത്തെ ആദ്യത്തെ സെവന്‍ സ്റ്റാര്‍ മാലിന്യവിമുക്ത നഗരമാണ് ഇന്ദോര്‍. പൊതുവിടത്തിലെ വിസര്‍ജ്ജനം പൂര്‍ണമായി ഇല്ലാതാക്കാന്‍ ഐ.എം.സിക്ക് സാധിച്ചു എന്നതാണ് മറ്റൊരുനേട്ടം. നഗരത്തിലും പ്രാന്തപ്രദേശത്തും ശൗചാലയങ്ങള്‍ സ്ഥാപിച്ചാണ് നഗരസഭ ഇക്കാര്യം നടപ്പാക്കിയത്. ഇന്ന് ഇന്ദോറിലാരും പൊതുവിടത്ത് വിസര്‍ജ്ജനം നടത്താറില്ല. ദേവ്ഗാര്‍ഡിയനിലെ 150 ഏക്കര്‍ വിസ്തൃതിയുള്ള ട്രഞ്ചിങ് ഗ്രൗണ്ടിലാണ് നഗരത്തിലെ മാല്യങ്ങള്‍ സംസ്‌ക്കരിക്കുന്നത്. മാലിന്യനീക്കത്തിനായി ആയിരത്തിലേറെ വാഹനങ്ങളാണ് ഉപയോഗിക്കുന്നത്. 2016-ല്‍ വൃത്തിയുടെ കാര്യത്തില്‍ രാജ്യത്ത് 25-ാം സ്ഥാനത്തായിരുന്നു ഇന്ദോര്‍. എന്നാല്‍, അടുത്ത വര്‍ഷം അവര്‍ ഒന്നാമതെത്തി. പിന്നീട് തുടര്‍ച്ചയായ വര്‍ഷങ്ങളില്‍ അവര്‍ തന്നെയാണ് ഒന്നാം സ്ഥാനത്ത്. എന്നാല്‍, എങ്ങനെയാണ് അവര്‍ ഒരു വര്‍ഷം കൊണ്ട് ഒന്നാം സ്ഥാനത്തേക്ക് എത്തിയത്? ഉത്തരം ലളിതമാണ്, നടപ്പാക്കാന്‍ ബുദ്ധിമുട്ടും. 100 ശതമാനം ഉറവിടത്തില്‍ തന്നെ മാലിന്യം തരംതിരിച്ചതാണ്‌ അവരുടെ മാലിന്യസംസ്‌കരണത്തിന്റെ വിജയകാരണം. ഇത് മാലിന്യസംസ്‌കരണത്തിന്റെ തുടര്‍ന്നുള്ള ഘട്ടങ്ങളിലും പിന്തുടര്‍ന്നു.

ഇന്ദോറിലെ ശുചീകരണ തൊഴിലാളികൾ | Photo: Screengrab video posted on from sbmurban.org

മാലിന്യ സംസ്‌ക്കരണത്തിലെ ഇന്ദോര്‍ മാതൃക

35 ലക്ഷം ജനസംഖ്യയുള്ള ഇന്ദോര്‍ പ്രതിദിനം 1900 ടണ്‍ മാലിന്യമാണ് ഉത്പാദിപ്പിക്കുന്നത്. നിലവില്‍ ഈ മാലിന്യം മുഴുവന്‍ സംസ്‌ക്കരിക്കപ്പെടുകയാണ്. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇതായിരുന്നില്ല സ്ഥിതി. ഇന്ത്യയിലെ മറ്റേതൊരു സാധാരണ നഗരത്തേയും പോലെ മാലിന്യസംസ്‌ക്കരണം വലിയ പ്രശ്‌നമായിരുന്നു ഇന്ദോറിലും. തുടക്കത്തില്‍ നഗരത്തിലെ മാലിന്യം ദിവസേന ശേഖരിക്കുന്ന പതിവുണ്ടായിരുന്നില്ല. മാലിന്യ സംസ്‌ക്കരണം ഒരു ചീഞ്ഞുനാറുന്ന പ്രശ്‌നം തന്നെയായിരിന്നു. വഴിനീളെ മാലിന്യം കുന്നുകൂടിക്കിടന്നു. തെരുവുനായകള്‍ മാലിന്യം വലിച്ചുകൊണ്ട് നടക്കുന്നത് സ്ഥിരം കാഴ്ചയായിരുന്നു. ഇതുകണ്ട് സഹികെട്ടാണ് മാലിന്യസംസ്‌ക്കരണത്തിന് ഐ.എം.സി ഇറങ്ങിപ്പുറപ്പെടുന്നത്.

താഴേത്തട്ടിലെ ജനങ്ങളെ ബോധവല്‍ക്കരിച്ചുകൊണ്ട് മാത്രം വിജയിക്കുന്ന പദ്ധതിയായതിനാല്‍ വീടുകളില്‍നിന്നു തന്നെ തുടക്കംകുറിച്ചു. ചെറിയ തോതില്‍ മാലിന്യം സംസ്‌ക്കരിക്കുന്ന പദ്ധതിയുമായാണ് കോര്‍പറേഷന്‍ രംഗത്തെത്തിയത്. തുടക്കത്തില്‍ രണ്ട് വാര്‍ഡുകളിലായിരുന്നു പദ്ധതി. തിരഞ്ഞെടുത്ത രണ്ട് വാര്‍ഡുകളിലെ 100 ശതമാനം മാലിന്യവും ശേഖരിക്കാനായിരുന്നു പദ്ധതി. തരംതിരിച്ച് മാലിന്യം ശേഖരിക്കാനും ശ്രദ്ധിച്ചു. ഇത് വിജയിച്ചതോടെ രണ്ട് മാസത്തിന് ശേഷം 10 വാര്‍ഡുകളിലേക്ക് പദ്ധതി വ്യാപിപ്പിച്ചു. എട്ട് മാസത്തിനുള്ളില്‍ നഗരസഭയിലിലെ 85 വാര്‍ഡുകളിലും പദ്ധതി നിലവില്‍ വന്നു.

മാലിന്യങ്ങള്‍ ഉറവിടത്തില്‍ തന്നെ വേര്‍തിരിക്കുന്നതില്‍ പൊതുജനപങ്കാളിത്തം വലിയ പ്രാധാന്യമര്‍ഹിക്കുന്നതാണ്. ഇതിനായി എങ്ങനെ മാലിന്യം തരംതിരിക്കും എന്നത് പറഞ്ഞുകൊടുക്കാന്‍ പ്രത്യേകസംഘം ഓരോ വീടുകളിലും കയറിയിറങ്ങി. മാലിന്യരഹിത മാര്‍ക്കറ്റ് പ്രചാരണത്തിലൂടെ മാര്‍ക്കറ്റില്‍നിന്നുള്ള മാലിന്യങ്ങള്‍ കുറച്ചു. ജനങ്ങള്‍ ഇതിനോട് പൂര്‍ണമായും സഹകരിച്ചു. ഓരോ വാര്‍ഡും മാലിന്യമുക്തമാക്കാന്‍ അവര്‍ ശ്രദ്ധിച്ചു. ഭക്ഷണ മാലിന്യങ്ങള്‍ പല വീടുകളും കംപോസ്റ്റാക്കിയും മാറ്റി. കുപ്പികളും പാത്രങ്ങളും പരമാവധി പുനരുപയോഗിക്കാന്‍ തുടങ്ങി. വീടുകളില്‍നിന്ന് ഉണങ്ങിയതും നനവുള്ളതുമായ മാലിന്യങ്ങള്‍ എന്നതിന് പുറമേ ഭക്ഷണമാലിന്യങ്ങള്‍, ഖരമാലിന്യങ്ങള്‍, പ്ലാസ്റ്റിക് മാലിന്യം, സാനിറ്ററി മാലിന്യം, ഹാനികരമായ മാലിന്യം, ഇ മാലിന്യം എന്നിങ്ങനെ ആറു രീതിയില്‍ തരംതിരിച്ചാണ് മാലിന്യങ്ങള്‍ ശേഖരിക്കുന്നത്. തരംതിരിച്ച മാലിന്യങ്ങള്‍ മുന്‍സിപ്പാലിറ്റിയുടെ വാഹനത്തില്‍ പ്രത്യേകം പ്രത്യേകമായി തന്നെ നിക്ഷേപിക്കണം. 50 കിലോയില്‍ താഴെ ഉത്പാദിപ്പിക്കുന്ന മാലിന്യം കോര്‍റേഷന്‍ വീടുകളിലെത്തി ശേഖരിക്കും. വലിയ തോതിലുള്ള മാലിന്യങ്ങള്‍ പ്രത്യേക സംവിധാനത്തിലൂടെയും ശേഖരിച്ചു.മാലിന്യശേഖരണത്തിന് പിന്തുണ നല്‍കാന്‍ മൂന്ന് ഷിഫ്റ്റുകളിലായി 8500 ശുചീകരണ തൊഴിലാളികളെയാണ് കോര്‍പറേഷന്‍ നിയമിച്ചിരിക്കുന്നത്.

ഇന്ദോറിലെ ശുചീകരണ തൊഴിലാളികൾ | Photo: Screengrab from youtube.com/ BBC News Hindi

സംസ്‌ക്കരിക്കാന്‍ കാര്യക്ഷമമായ മാര്‍ഗങ്ങള്‍

മാലിന്യങ്ങള്‍ വിവിധ കേന്ദ്രങ്ങളില്‍നിന്ന് ശേഖരിക്കാനായി കോര്‍പറേഷന് ആയിരത്തോളം വാഹനങ്ങളാണുള്ളത്. മാലിന്യം ശേഖരിക്കാന്‍ എത്തുന്ന വാഹനത്തിനും ആറ് പ്രത്യേക ഭാഗങ്ങളുണ്ട്. ഇതില്‍ തരംതിരിച്ചാണ് വീടുകളില്‍നിന്ന് മാലിന്യം ശേഖരിക്കുക. ദിവസവും വാഹനം വീട്ടുപടിക്കലെത്തുമ്പോള്‍ സ്വച്ഛതാ ഗാനം മുഴങ്ങും. വീടുകളില്‍നിന്ന് ആളുകള്‍ കൃത്യമായി സജ്ജീകരിച്ചിട്ടുള്ള അറകളില്‍ മാത്രം മാലിന്യം നിക്ഷേപിക്കും. വീടിന്‌ പുറത്ത് ഇത് പ്രത്യേകം വേര്‍തിരിച്ച് വെച്ചാല്‍ ശുചീകരണ തൊഴിലാളികള്‍ തന്നെ മാലിന്യം വാഹനത്തിലേക്ക് മാറ്റും. ഈ വാഹനങ്ങളില്‍ ശേഖരിക്കുന്ന മാലിന്യങ്ങള്‍ ഗാര്‍ബേജ് ട്രാന്‍സ്ഫര്‍ സ്റ്റേഷനുകളിലേ(ജി.ടി.എസ്)ക്കാണ് എത്തിക്കുക. പ്രതിദിനം ടണ്‍ കണക്കിനു മാലിന്യമാണ് ഓരോ ജി.ടി.എസും കൈകാര്യം ചെയ്യുന്നത്. ഇത്തരത്തില്‍ നിരവധി കേന്ദ്രങ്ങള്‍ നഗരത്തിലങ്ങോളമിങ്ങോളമുണ്ട്. ഇവിടെനിന്നാണ് മാലിന്യങ്ങള്‍ ജൈവ, അജൈവ മാലിന്യങ്ങള്‍ വേര്‍തിരിച്ച് സംസ്‌കരണ കേന്ദ്രത്തിലേക്ക് അയയ്ക്കുന്നത്. ഖരമാലിന്യം മെറ്റീരിയല്‍ റിക്കവറി ഫെസിലിറ്റി കേന്ദ്രത്തില്‍ എത്തിക്കും. ജൈവ മാലിന്യങ്ങള്‍ ബയോഗ്യാസ് പ്ലാന്റുകളിലേക്കും മാറ്റും. മാലിന്യങ്ങള്‍ തൂക്കി തിട്ടപ്പെടിത്തിയശേഷം കംപ്രസ് ചെയ്താണ് മെറ്റീരിയല്‍ റിക്കവറി കേന്ദ്രത്തിലേക്കോ കംപോസ്റ്റ് പ്ലാന്റിലേക്കോ മാറ്റുന്നത്. ഇതിനായി ഉപയോഗിക്കുന്ന എല്ലാ വാഹനങ്ങളും ജി.പി.എസ്. സംവിധാനമുണ്ട്. ഇതുവഴി വാഹനങ്ങള്‍ കൃത്യമായി ട്രാക്ക് ചെയ്യും.

രാജ്യത്തെ മറ്റ് നഗരസഭകള്‍ മാലിന്യമലകള്‍കൊണ്ട് കഷ്ടപ്പെടുമ്പോഴാണ് ഇന്ദോര്‍ കാര്യക്ഷമമായി മെറ്റീരിയല്‍ റിക്കവറി സംവിധാനം കൊണ്ടുപോകുന്നത്. ഇവിടെ മാലിന്യത്തിന്റെ പുനരുപയോഗ സാധ്യത മുന്‍നിര്‍ത്തി ഇതിനെ കൃത്യമായി വേര്‍തിരിക്കുന്നു. മെറ്റീരിയല്‍ റിക്കവറി കേന്ദ്രത്തിലെത്തിക്കുന്ന മാലിന്യങ്ങള്‍ ആദ്യം ഭാരനിര്‍ണയം നടത്തും. തുടര്‍ന്ന് വലിപ്പം, മെറ്റീരിയല്‍, ഉപയോഗസാധ്യത എന്നിവയെല്ലാം പരിഗണിച്ച് അവയെ 18 വിഭാഗങ്ങളായി തരംതിരിക്കും. പ്ലാസ്റ്റിക്, കടലാസ്, ലോഹം, റബര്‍ തുടങ്ങി ഉപയോഗ സാധ്യതയുള്ള ഖരമാലിന്യങ്ങള്‍ വേര്‍തിരിച്ചു വിവിധ കമ്പനികള്‍ക്കു പുനരുപയോഗത്തിനു കൈമാറും. ബാക്കി വരുന്നവ റെഫ്യൂസ് ഡിറൈവ്ഡ് ഫ്യുവല്‍ (ആര്‍.ഡി.എഫ്.) ആയി സിമന്റ് കമ്പനികളിലും വൈദ്യുതി പ്ലാന്റുകളിലും ഇന്ധനമായി ഉപയോഗിക്കുന്നു. ഇതിനായി ഭാരത് സിമിന്റ് ഉള്‍പ്പെടെയുള്ള കമ്പനികളുമായി ഇന്ദോര്‍ മുന്‍സിപ്പല്‍ കോര്‍പറേഷന്‍ കരാറിലേര്‍പ്പെട്ടിട്ടുണ്ട്. ജൈവമാലിന്യങ്ങള്‍ സംസ്‌ക്കരിക്കുന്നതിനായി 550 ടണ്‍ ശേഷിയുള്ള പ്ലാന്റും ഇന്ദോര്‍ മുന്‍സിപ്പല്‍ കോര്‍പറേഷനുണ്ട്. അതുവഴി മാലിന്യത്തില്‍നിന്ന് ഊര്‍ജ്ജം നിര്‍മിക്കുന്ന പദ്ധതിയും വിജയകരമായി നടപ്പാക്കുന്നു.

ഗോവര്‍ധന്‍ ബയോ സി.എന്‍.ജി. പ്ലാന്റ് | Photo: twitter.com/SwachhBharatGov

മാലിന്യത്തില്‍നിന്ന് ഊര്‍ജം, വരുമാനം

ചോയിത്രം മാര്‍ക്കറ്റിലെ ജൈവമാലിന്യങ്ങള്‍ സംസ്‌കരിക്കുന്ന പ്ലാന്റാണ് ഇന്ദോര്‍ മുന്‍സിപ്പല്‍ കോര്‍പറേഷന്‍ ആദ്യം ആരംഭിച്ചത്. നഗരത്തിലെ പഴങ്ങളുടെയും പച്ചക്കറികളുടെയും ഏറ്റവും വലിയ മാര്‍ക്കറ്റാണ് ചോയിത്രം മാര്‍ക്കറ്റ്. ദിവസേന 20 ടണ്‍ മാലിന്യമാണ് ഇവിടെ ഉത്പാദിപ്പിക്കപ്പെട്ടിരുന്നത്. മാര്‍ക്കറ്റിന് സമീപത്താണ് ആദ്യം സി.എന്‍.ജി. പ്ലാന്റ് കോര്‍പറേഷന്‍ സ്ഥാപിച്ചത്. ഇന്ദോര്‍ കോര്‍പറേഷനും മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുമായി ചേര്‍ന്നു പി.പി.പി. മാതൃകയില്‍ സ്ഥാപിച്ച പ്ലാന്റിലൂടെ പ്രതിദിനം 800 കിലോ ബയോ സി.എന്‍.ജി. ഉല്‍പാദിപ്പിക്കാനുള്ള ശേഷിയായിരുന്നു ഉണ്ടായിരുന്നത്. നഗരത്തിലെ 22 ബസുകള്‍ക്ക് ഇന്ധനമായിരുന്നത് ഈ സി.എന്‍.ജിയാണ്. ഇതെല്ലാം വലിയ മാറ്റമാണ് നഗരത്തില്‍ കൊണ്ടുവന്നത്. മാലിന്യം വലിയ ആദായം നല്‍കുമെന്ന തിരിച്ചറിവായിരുന്നു അതില്‍ പ്രധാനം. അത് മുന്നില്‍കണ്ടാണ് പദ്ധതി വിപുലീകരിക്കാന്‍ ഇന്ദോര്‍ മുന്‍സിപ്പല്‍ കോര്‍പറേഷന്‍ തീരുമാനിച്ചത്. 70 വര്‍ഷത്തോളം ഇന്ദോറിന്റെ മാലിന്യ നിക്ഷേപകേന്ദ്രമായിരുന്ന ദേവഗുരാഡിയയിലാണ് ബയോ സി.എ.ന്‍.ജി. പ്ലാന്റ് സ്ഥാപിച്ചത്. 150 കോടി മുതല്‍ മുടക്കില്‍ നിര്‍മിച്ച ഗോവര്‍ദ്ധന്‍ പ്ലാന്റ് 2022 ഫെബ്രുവരിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഉദ്ഘാടനം ചെയ്തത്.

15 ഏക്കറില്‍ സ്ഥിതി ചെയ്യുന്ന പ്ലാന്റ് ജൈവമാലിന്യത്തില്‍നിന്ന് സി.എന്‍.ജി. നിര്‍മിക്കുന്ന ഏഷ്യയിലെ തന്നെ ഏറ്റവും വലിയ പ്ലാന്റും ഈ രീതിയിലുള്ള ഇന്ത്യയിലെ ആദ്യത്തെ പ്ലാന്റുമാണ്. സ്വകാര്യ കമ്പനിയായ എവര്‍ എന്‍വിറോ റിസോഴ്‌സ് മാനേജ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡുമായി ചേര്‍ന്നാണ് ഇന്ദോര്‍ മുന്‍സിപ്പാലിറ്റി ഗോവര്‍ദ്ധന്‍ പ്ലാന്റ് സ്ഥാപിച്ചത്. പ്രതിദിനം 550 ടണ്‍ മാലിന്യം സംസ്‌ക്കരിക്കാനുള്ള ശേഷിയുള്ള പ്ലാന്റില്‍ 17,000 കിലോ സി.എന്‍.ജിയും 10 ടണ്‍ ജൈവവളവും ഉത്പാദിപ്പിക്കാനാകും. പ്ലാന്റ് പ്രവര്‍ത്തിക്കുന്നതിനാവശ്യമായ ജൈവ മാലിന്യം കോര്‍പറേഷന്‍ കമ്പനിക്ക് നല്‍കും. പകരമായി പ്രതിവര്‍ഷം കമ്പനി 2.5 കോടി രൂപയാണ് റോയല്‍റ്റിയായി നഗരസഭയ്ക്ക് നല്‍കുക. പ്ലാന്റില്‍ ഉത്പാദിപ്പിക്കുന്ന സി.എന്‍.ജിയുടെ പാതി നഗരസഭ തിരികെ വാങ്ങും. വിപണിവിലയില്‍ അഞ്ച് രൂപ കുറവിലാണ് കമ്പനി നഗരസഭയ്ക്ക് സി.എന്‍.ജി. വില്‍ക്കുന്നത്. നഗരത്തിലെ 146 ബസുകളില്‍ ഈ ഇന്ധനമാണ് ഉപയോഗിക്കുന്നത്. പ്ലാന്റില്‍ നിര്‍മിക്കുന്ന സി.എന്‍.ജിയുടെ പകുതി വാങ്ങുന്നത് മേഖലിലെ ഗ്യാസ് വിതരണക്കാരായ സ്വകാര്യ കമ്പനികളാണ്. പ്ലാന്റില്‍ ഉത്പാദിപ്പിക്കപ്പെടുന്ന കംപോസ്റ്റ് കമ്പനി വില്‍ക്കുകയും ചെയ്യുന്നു.

ഇന്ദോറില്‍ ശേഖരിച്ച ജൈവമാലിന്യം പ്ലാന്റിലേക്ക് മാറ്റുന്നു | Photo : Gagan NAYAR / AFP

ശുചിത്വ റാങ്കിങ്ങില്‍ നമ്മള്‍ എവിടെ?

ആരോഗ്യ വിദ്യാഭ്യാസ മേഖലയില്‍ രാജ്യത്ത് തന്നെ മുന്നില്‍ നില്‍ക്കുന്ന നമ്മുടെ സംസ്ഥാനം പക്ഷേ ,വൃത്തിയുടെ കാര്യത്തില്‍ വളരെ പിന്നിലാണ്. 2022-ലെ സ്വച്ഛതാ സര്‍വേയില്‍ 1650 പോയിന്റുമായി ആറാം സ്ഥാനത്തായിരുന്നു കേരളം.100 താഴെ തദ്ദേശ സ്ഥാപനങ്ങളുള്ള സംസ്ഥാനങ്ങളുടെ പട്ടികയില്‍ ത്രിപുരയാണ് ഒന്നാം സ്ഥാനത്ത്. ജാര്‍ഖണ്ഡും ഉത്തരാഖണ്ഡും ഹിമാചല്‍ പ്രദേശുമെല്ലാം നമുക്ക് മുന്നിലാണ്. പത്തു ലക്ഷംവരെ ജനസംഖ്യയുള്ള നഗരങ്ങളില്‍ ആദ്യത്തെ 200-നുള്ളില്‍ കേരളത്തില്‍നിന്നുള്ളത് ഒരു നഗരം മാത്രമാണ്, ആലപ്പുഴ. പട്ടികയില്‍ 190-ാം സ്ഥാനത്താണ് ആലപ്പുഴ. പട്ടികയില്‍ കൊച്ചിയുടെ സ്ഥാനം 298-ആണ്. തിരുവനന്തപുരം (305), തൃശ്ശൂര്‍ (313), പാലക്കാട് (319), കോഴിക്കോട് (336) കൊല്ലം (366) എന്നിങ്ങനെയാണ് തുടര്‍ന്നുള്ള സ്ഥാനങ്ങള്‍. ഈ പട്ടികയില്‍ ആന്ധ്രാപ്രദേശിലെ തിരുപ്പതിയാണ് ഒന്നാം സ്ഥാനത്ത്. മൈസൂരു രണ്ടാമതും ന്യൂഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പറേഷന്‍ മൂന്നാംസ്ഥാനത്തുമാണ്.

നമുക്ക് എന്താണ് ചെയ്യാന്‍ സാധിക്കുക?

കേരളത്തില്‍ പ്രതിദിനം ഏകദേശം 1800 ടണ്‍ അജൈവ പാഴ്‌വസ്തുക്കള്‍ രൂപപ്പെടുന്നുണ്ടെന്നാണ് ശുചിത്വ മിഷന്റെ കണക്കുകള്‍ പറയുന്നത്. ഇതില്‍ പുനഃചംക്രമണ യോഗ്യമായതും അല്ലാത്തതുമായ വസ്തുക്കളുണ്ട്. വീടുകളില്‍ രൂപപ്പെടുന്ന മുഴുവന്‍ അജൈവിക പാഴ്വസ്തുക്കളും വീടുകളില്‍നിന്നും സ്ഥാപനങ്ങളില്‍നിന്നും വൃത്തിയായി തരംതിരിച്ച് ശേഖരിച്ച് പുനഃചംക്രമണത്തിനോ പുനരുപയോഗത്തിനോ വിധേയമാക്കുക എന്നതാണ് പ്രായോഗികമായ മാര്‍ഗം. ഇക്കാര്യം വിജയകരമായി നടപ്പാക്കിയ മറ്റു മാതൃകകള്‍ പിന്തുടരാവുന്നതാണ്. ഉറവിടത്തില്‍ തന്നെ പരമാവധി വേര്‍തിരിക്കാന്‍ ബോധവത്കരണം നല്‍കിയാല്‍ ഇത് വിജയകരമായി നടപ്പാക്കാം.

കൃത്യമായി വേര്‍തിരിക്കുന്ന മാലിന്യം ശേഖരിച്ച്, റീസൈക്കിള്‍ ചെയ്യണം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സ്വഭാവമനുസരിച്ച് വികേന്ദ്രീകൃതമായോ കേന്ദ്രീകൃതമായോ ഇത് ചെയ്യണം. നിലവില്‍ കട്ടിയുള്ള വസ്തുക്കള്‍ പാഴ്വസ്തു വ്യാപാരികള്‍ ശേഖരിക്കുകയും പരമാവധി റീസൈക്ലിങ്ങിന് വിധേയമാക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ കട്ടികുറഞ്ഞ പ്ലാസ്റ്റിക് വസ്തുക്കള്‍ ആരും ശേഖരിക്കുന്നില്ല. ബാക്കിയുള്ളവ അശാസ്ത്രീയമായി വീടുകളിലും സ്ഥാപനങ്ങളിലും കത്തിച്ചുകളയുകയോ, അലക്ഷ്യമായി വലിച്ചെറിയുകയോയാണ് ചെയ്യുന്നത്. 100 ശതമാനം ഇത് ശേഖരിക്കുകയും പുനരുപയോഗിക്കുകയും ചെയ്താല്‍ മാത്രമേ ഈ പ്രശ്‌നത്തിന് പരിഹാരം കണാന്‍ സാധിക്കുകയുള്ളൂ.

ബ്രഹ്മപുരം മാലിന്യ പ്ലാന്റിൽ ഉണ്ടായ തീപിടിത്തത്തെ തുടർന്ന് മാലിന്യങ്ങൾ നീക്കം ചെയ്യാനാവാതെ കൊച്ചി നഗരത്തിൽ കുന്നുകൂടിയ മാലിന്യങ്ങൾ | ഫോട്ടോ: മാതൃഭൂമി

സംസ്ഥാനത്തെ മാലിന്യത്തില്‍ 49 ശതമാനവും ഗാര്‍ഹിക മാലിന്യമാണെന്നാണ് ശുചിത്വ മിഷന്റെ കണക്കുകള്‍. വീടുകളില്‍നിന്നും കച്ചവടസ്ഥാപനങ്ങളില്‍നിന്നുമുള്ള ജൈവ- അജൈവ മാലിന്യങ്ങള്‍ വേര്‍തിരിക്കാതെ ഒരു പ്രദേശത്ത് കേന്ദ്രീകൃതമായി കൊണ്ടുതള്ളുകയാണ് ഒട്ടുമിക്ക തദ്ദേശസ്ഥാപനങ്ങളും ചെയ്തിരുന്നത്. ബ്രഹ്‌മപുരത്തും വിളപ്പില്‍ശാലയിലും ലാലൂരിലും ഞെളിയന്‍പറമ്പിലും വടവാതൂരിലുമെല്ലാം ഇങ്ങനെയാണ് മാലിന്യങ്ങള്‍ കുന്നുകൂടിയതും. എന്നാല്‍, ഇതിനെതിരേ വലിയ ജനകീയ പ്രതിഷേധം ഉയര്‍ന്നതോടെ ഇവയില്‍ പലതും അടച്ചു. പകരം ജൈവ മാലിന്യം ഉറവിടത്തില്‍ തന്നെ സംസ്‌കാരിക്കാനുള്ള പദ്ധതികള്‍ പല തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിലും നടപ്പിലാക്കി. ജൈവമാലിന്യ സംസ്‌കരണത്തിനായി പല തദ്ദേശസ്ഥാപനങ്ങളും ബയോഗ്യാസ് പ്ലാന്റുകളും കമ്പോസ്റ്റ് യൂണിറ്റുകളും വിതരണം ചെയ്തിരുന്നു. ജൈവ മാലിന്യങ്ങള്‍ മുഴുവന്‍ ഉറവിടത്തില്‍ തന്നെ കമ്പോസ്റ്റും ബയോഗ്യാസുമാക്കി മാറ്റുകയോ, ഒരു കേന്ദ്രീകൃത സംവിധാനത്തില്‍ ബയോഗ്യാസ് ആക്കിമാറ്റുകയോയാണ് പ്രായോഗികമാര്‍ഗം. ഹരിതകര്‍മ സേനയുടെ നേതൃത്വത്തിലാണ് പദ്ധതി മുന്നോട്ട് പോകുന്നത്. വലിയ പ്രശ്‌നമില്ലാത്ത രീതിയില്‍ മുന്നോട്ട് പോകുന്ന തദ്ദേശ സ്ഥാപനങ്ങളുണ്ട്. എന്നാല്‍ ചുരുക്കം ചില നല്ല മാതൃകകള്‍ ഒഴിച്ചാല്‍ വലിയ നഗരപ്രദേശങ്ങളില്‍ ഈ പദ്ധതികള്‍ പലതും ഫലപ്രദമായില്ല.

കൃത്യമായ ആസൂത്രണത്തോടെയും കാര്യമായ മേല്‍നോട്ടത്തോടെയും നടപ്പാലാക്കിയാല്‍ മാത്രമേ കേരളത്തില്‍ ഇത്തരം പദ്ധതികള്‍ നടപ്പാകൂ എന്നതാണ് യാഥാര്‍ത്ഥ്യം. ഒപ്പം ജനങ്ങളുടെ സഹകരണവും. പൊതുജനപങ്കാളിത്തമില്ലാതെ ഒരു മാലിന്യസംസ്‌കരണ പദ്ധതിയും വിജയിച്ചിട്ടില്ല.

Content Highlights: How Indore Became India’s Cleanest City And How Others Can Follow this model

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
food

1 min

ബ്രെഡ് ഫ്രിഡ്ജില്‍ സൂക്ഷിക്കല്ലേ ; അറിഞ്ഞിരിക്കാം ഇവ

Mar 29, 2023


innocent actor driver vishnu p unnikrishnan about actor loksabha election

1 min

ഡ്രെെവർ വിഷ്ണുവിനോട് ഇന്നസെന്റ് പറയും 'ഓവർടൈം നീയല്ല, ഞാൻ നിശ്ചയിക്കും'

Mar 28, 2023


Rahul Gandhi
Premium

6 min

1977, 2004 ആവർത്തിച്ചാൽ 2024-ൽ ബി.ജെ.പി. പ്രതിപക്ഷത്ത് ഇരിക്കേണ്ടി വരും | പ്രതിഭാഷണം

Mar 29, 2023

Most Commented