അറബ് ലീഗ് ഉച്ചകോടിക്ക് ജിദ്ദയിൽ എത്തിയ സിറിയൻ പ്രസിഡന്റ് ബാഷർ അൽ അസദിനെ സ്വാഗതം ചെയ്യുന്ന മക്ക ഡെപ്യൂട്ടി അമീർ പ്രിൻസ് ബദർ ബിൻ സുൽത്താൻ ബിൻ അബ്ദുൽ അസീസ് | Photo : SPA / AFP
'നമുക്കിടയിലെ ഐക്യത്തിനും നമ്മുടെ മേഖലയിലെ യുദ്ധത്തിനും വിനാശത്തിനും പകരം സമാധാനത്തിനും വികസനത്തിനും സമൃദ്ധിക്കും വേണ്ടിയുള്ള ഒരു പുതിയ ഘട്ടത്തിന്റെ തുടക്കമാകും ഇതെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. വിദേശ ഇടപെടലുകള്‍ അധികമില്ലാതെ തന്നെ നമ്മുടെ കാര്യങ്ങള്‍ പുനഃക്രമീകരിക്കാനുള്ള ചരിത്രപരമായ അവസരമാണ് ഇത്.' സൗദി അറേബ്യയിലെ ജിദ്ദയില്‍ 32-ാമത് അറബ് ലീഗ് ഉച്ചകോടിയെ അഭിസംബോധന ചെയ്തുകൊണ്ട് സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദ് പറഞ്ഞ വാക്കുകളാണിത്. നീണ്ട പതിമൂന്ന് വര്‍ഷത്തിന് ശേഷമാണ് ബാഷര്‍ അല്‍ അസദ് ഒരു പ്രധാന അറബ് ലീഗ് യോഗത്തില്‍ പങ്കെടുക്കുന്നത്. പിണക്കം പറഞ്ഞുതീര്‍ത്ത് സൗദിയിലെത്തിയ അസദിന് ഊഷ്മളമായ വരവേല്‍പ്പാണ് ലഭിച്ചത്. സൗദി രാജകുമാരന്‍ ബദർ ബിൻ സുൽത്താൻ ബിൻ അബ്ദുൽ അസീസ്, അറബ് ലീഗ് സെക്രട്ടറി ജനറല്‍ അഹമ്മദ് അബോ അൽ ഗെയ്ത് (Ahmed Abo Al Ghait) അടക്കമുള്ളവര്‍ നേരിട്ട് ജിദ്ദയിലെ കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയതാണ് അസദിനെ ഔദ്യോഗികമായി സ്വീകരിച്ചത്. അറബ് ലീഗിലേയ്ക്ക് സിറിയയെ തിരിച്ചെടുക്കുകയും സിറിയയും മറ്റ് അറബ് രാജ്യങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ സൗദി അറേബ്യയുടെ നേതൃത്വത്തില്‍ വിപുലമായ ശ്രമങ്ങള്‍ നടക്കുകയും ചെയ്യുന്നതിനിടയിലാണ് ഉച്ചകോടിയില്‍ അസദിന്റെ പങ്കാളിത്തം.
വെള്ളിയാഴ്ച ജിദ്ദയില്‍ നടന്ന ഉച്ചകോടിയില്‍ അറബ് ലീഗിലെ എല്ലാ അംഗ രാജ്യങ്ങളുടെയും രാഷ്ട്രത്തലവന്‍മാര്‍ പങ്കെടുത്തു. പ്രാദേശിക പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ അറബ് ഐക്യമെന്ന പ്രഖ്യാപനത്തോടെയാണ് ഇത്തവണത്തെ അറബ് ലീഗ് ഉച്ചകോടി ജിദ്ദയില്‍ സമാപിച്ചത്. അറബ് രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ വിദേശ ഇടപെടല്‍ തള്ളിയ ഉച്ചകോടി പ്രതിസന്ധി നേരിടാന്‍ സിറിയയെ സഹായിക്കുന്നതിനുള്ള പാന്‍-അറബ് ശ്രമങ്ങള്‍ ശക്തമാക്കുമെന്നും പ്രതിജ്ഞയെടുത്തു. അറബ് ലീഗിലേക്കുള്ള സിറിയയുടെ പുനഃപ്രവേശനത്തെ ഉച്ചകോടി ഔദ്യോഗികമായി സ്വാഗതം ചെയ്തു. അറബ് ലീഗ് ഉച്ചകോടിയിലേക്ക് അസദിനെ സ്വാഗതം ചെയ്യുന്നതില്‍ സന്തോഷമുണ്ടെന്നും സിറിയ സ്ഥിരത കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും പറഞ്ഞു. നേരത്തെ അറബ് ലീഗിലേക്ക് സിറിയയുടെ തിരിച്ചുവരവിനെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു എന്നാണ് ഉച്ചകോടിയുടെ തയ്യാറെടുപ്പ് യോഗത്തില്‍ നടത്തിയ പ്രസംഗത്തില്‍ സൗദി വിദേശകാര്യമന്ത്രി ഫൈസൽ ബിൻ ഫർഹാൻ അൽ സൗദ് രാജകുമാരന്‍ പറഞ്ഞത്.
സൗദി അറേബ്യ നിലപാട് മാറ്റിയതോടെയാണ് അറബ് ലീഗിലേക്കുള്ള സിറിയയുടെ തിരിച്ചുവരവ് സാധ്യമായത്. ഈവര്‍ഷമാദ്യം സൗദി അറേബ്യയും സിറിയയുമായി അനുരജ്ഞന ചര്‍ച്ചകള്‍ ആരംഭിച്ചതോടെയാണ് അറബ് ലോകവുമായുള്ള സിറിയയുടെ പുനഃസംയോജനത്തിന് വഴി തെളിഞ്ഞത്. ഫെബ്രുവരി ആറിലെ ഭൂകമ്പവും മാര്‍ച്ച് പത്തിലെ സൗദി-ഇറാന്‍ നയതന്ത്ര കരാറും ബാഷര്‍ അല്‍ അസദിന്റെ ഭരണകൂടവുമായുള്ള ബന്ധം പുനഃസ്ഥാപിക്കുന്നതിനുള്ള റിയാദിന്റെ നീക്കത്തെ ത്വരിതപ്പെടുത്തി.
.jpg?$p=3878d6b&&q=0.8)
എന്താണ് അറബ് ലീഗ് ?
പശ്ചിമേഷ്യ, വടക്കന്‍ ആഫ്രിക്ക, വടക്ക് കിഴക്കന്‍ ആഫ്രിക്ക എന്നിവിടങ്ങളിലെ അറബ് രാജ്യങ്ങളുടെ പ്രാദേശിത കൂട്ടായ്മയാണ് അറബ് ലീഗ് എന്ന് അറിയപ്പെടുന്ന ലീഗ് ഓഫ് അറബ് സ്റ്റേറ്റ്‌സ്. 1945 മാര്‍ച്ച് 22 ഈജിപ്തിന്റെ തലസ്ഥാനമായ കെയ്‌റോവിലാണ് അറബ് ലീഗ് സ്ഥാപിതമായത്. ഈജിപ്ത്, ഇറാഖ്, ജോര്‍ദാന്‍, ലെബനന്‍, സൗദി അറേബ്യ, സിറിയ എന്നീ ആറ് രാജ്യങ്ങളായിരുന്നു തുടക്കത്തില്‍ സംഘടനയിലെ അംഗരാജ്യങ്ങള്‍. ആ വര്‍ഷം തന്നെ യെമന്‍ അംഗമായി ചേര്‍ന്നു. നിലവില്‍ അറബ് ലീഗില്‍ 22 അംഗങ്ങളുണ്ട്. അല്‍ജീരിയ, ബഹ്‌റൈന്‍, കൊമറോസ്, ജിബൂട്ടി, ഈജിപ്ത്, ഇറാഖ്, ജോര്‍ദാന്‍, കുവൈത്ത്, ലെബനന്‍, ലിബിയ, മൗറിറ്റാനിയ, മൊറോക്കോ, ഒമാന്‍, പലസ്തീന്‍, ഖത്തര്‍, സൗദി അറേബ്യ, സൊമാലിയ, സുഡാന്‍, സിറിയ, ടുണീഷ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, യെമന്‍ എന്നിവരാണ് അംഗരാജ്യങ്ങള്‍. ഇന്ത്യ, ബ്രസീല്‍, അര്‍മേനിയ, എറിത്രിയ, വെനസ്വേല എന്നീ രാജ്യങ്ങള്‍ക്ക് നിരീക്ഷണ പദവിയുണ്ട്.
അറബ് രാജ്യങ്ങള്‍ക്കിടയിലെ പ്രാദേശിക സഹകരണം പ്രോത്സാഹിപ്പിക്കുന്നതിനും തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനുമായാണ് സംഘടന രൂപീകരിച്ചത്. അംഗരാജ്യങ്ങള്‍ക്കിടയിലെ പരസ്പരബന്ധം മെച്ചപ്പെടുത്തുക, സഹകരണം വര്‍ധിപ്പിക്കുക, തര്‍ക്കങ്ങളില്‍ സമവായമുണ്ടാക്കുക, അംഗരാജ്യങ്ങളുടെ സ്വാതന്ത്ര്യവും പരമാധികാരവും കാത്തുസൂക്ഷിക്കുക എന്നിവയാണ് അറബ് ലീഗിന്റെ മുഖ്യലക്ഷ്യങ്ങള്‍. എന്നാല്‍, അറബ് രാഷ്ട്രങ്ങളില്‍ കാലാകാലത്തുണ്ടായ ആഭ്യന്തര- രാഷ്ട്രീയ സംഘര്‍ഷങ്ങളില്‍ കാര്യമായി ഒന്നും ചെയ്യാന്‍ ലീഗിന് സാധിച്ചിരുന്നില്ല. അംഗരാജ്യങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ സംഘടന പലപ്പോഴും പരാജയപ്പെടുന്ന കാഴ്ചയാണ് കണ്ടത്. പ്രത്യേകിച്ച് സിറിയ, യെമന്‍, ലിബിയ എന്നിവിടങ്ങളിലെ യുദ്ധങ്ങളും സമീപകാലത്ത് മറ്റ് ഗള്‍ഫ് രാജ്യങ്ങളും ഖത്തറും തമ്മിലുള്ള പ്രശ്‌നവും പരിഹരിക്കാന്‍ സംഘടനയ്ക്ക് സാധിച്ചിരുന്നില്ല.
ഇസ്രയേലുമായി ഈജിപ്ത് ഉണ്ടാക്കിയ സമാധാന കരാര്‍ ഉണ്ടാക്കിയതിനേത്തുടര്‍ന്ന് 1979-ല്‍ ഈജിപ്തിനെ സംഘടനയില്‍നിന്നു സസ്‌പെന്‍ഡ് ചെയ്തിരുന്നു. പിന്നീട് 1987-ലാണ് അറബ് ലീഗ് രാജ്യങ്ങള്‍ ഈജിപ്തുമായുള്ള നയതന്ത്രബന്ധം പുനഃസ്ഥാപിക്കുന്നത്. 1989 മെയ് മാസത്തില്‍ രാജ്യം വീണ്ടും ലീഗിന്റെ ഭാഗമായി. 1990-91-ലെ പേര്‍ഷ്യന്‍ ഗള്‍ഫ് യുദ്ധവും സംഘടനയില്‍ വിള്ളലുകള്‍ സൃഷ്ടിക്കുകയുണ്ടായി. ലിബിയന്‍ ആഭ്യന്തരയുദ്ധത്തേ തുടര്‍ന്ന് 2011 ഫെബ്രുവരി 22-ന് ലിബിയയെ സസ്‌പെന്‍ഡ് ചെയ്തു. എന്നാല്‍, അതേ വര്‍ഷം ഓഗസ്റ്റില്‍ ഇടക്കാല സര്‍ക്കാരിനെ അംഗീകരിച്ചുകൊണ്ട് അംഗത്വം പുനഃസ്ഥാപിച്ചു.
.jpg?$p=b0941b7&&q=0.8)
സിറിയയെ എന്തിന് സസ്‌പെന്റ് ചെയ്തു?
2011-ലാണ് അറബ് ലീഗ് സിറിയയുടെ അംഗത്വം സസ്‌പെന്‍ഡ് ചെയ്തത്. അസദിന്റെ ഭരണത്തിനെതിരായ ജനകീയ പ്രതിഷേധങ്ങളെ ഭരണകൂടം ക്രൂരമായി അടിച്ചമര്‍ത്തിയതിനേത്തുടര്‍ന്നായിരുന്നു ഇത്. 2010-ല്‍ ടുണീഷ്യയിലും ഈജിപ്തിലും അരങ്ങേറിയ അറബ് വസന്ത പ്രക്ഷോഭങ്ങള്‍ക്ക് പിന്നാലെ സിറിയയിലും ബഹ്റൈനിലും പ്രതിഷേധങ്ങള്‍ ആരംഭിച്ചു. അസദിന്റെ ഭരണത്തിനെതിരായി രൂപപ്പെട്ട കലാപം പെട്ടെന്നുതന്നെ ആഭ്യന്തരയുദ്ധത്തിലേക്ക് നീങ്ങുകയായിരുന്നു. സിറിയയില്‍ ഭരണകൂടം സ്വന്തം പൗരന്മാര്‍ക്കെതിരേ ക്രൂരമായ അടിച്ചമര്‍ത്തല്‍ ആരംഭിച്ചപ്പോള്‍, പ്രതിഷേധം ശമിപ്പിക്കാനുള്ള ബഹ്റൈന്റെ നടപടികളെ പിന്തുണയ്ക്കുകയാണ് സൗദി അറേബ്യ ചെയ്തത്. ഖത്തറും തുര്‍ക്കിയും പോലുള്ള ചില രാജ്യങ്ങള്‍ സിറിയന്‍ വിമതരെയാണ് പിന്തുണച്ചത്. പിന്നലെ തീവ്രവാദ ഗ്രൂപ്പുകള്‍ വിമതരെ കൂട്ടുപിടിക്കുകയും പ്രതിഷേധങ്ങളെ വഴിതിരിച്ചുവിടുകയും ചെയ്തു. ഐ.എസും അല്‍ ഖ്വായ്ദയുടെ പ്രാദേശിക ഗ്രൂപ്പുകളും സിറിയയുടെ ചില ഭാഗങ്ങളില്‍ വിമതരില്‍നിന്ന് പ്രതിഷേധങ്ങള്‍ ഏറ്റെടുക്കുകയും ഇത് പിന്നീട് വലിയ ഭീഷണിയായി മാറുകയും ചെയ്തു.
റഷ്യയും ഇറാനും അസദിന് വലിയ പിന്തുണ നല്‍കിയപ്പോള്‍ അദ്ദേഹത്തെ അട്ടിമറിക്കാന്‍ ശ്രമിച്ച സായുധരായ വിമത ഗ്രൂപ്പുകള്‍ക്ക് ഖത്തറും സൗദി അറേബ്യയും മറ്റ് അറബ് രാജ്യങ്ങളും പിന്തുണ നല്‍കി. ഇതോടെ രാജ്യത്തെ സ്ഥിതിഗതികള്‍ അന്ത്യന്തം രൂക്ഷമായി. 2012-ലാണ് ഷിയാ ഭൂരിപക്ഷ രാഷ്ട്രമായ ഇറാന്‍ സിറിയയില്‍ ഇടപെടുന്നത്. ബാഷര്‍ അല്‍ അസദിനെ ഇറാന്‍ പിന്തുണച്ചപ്പോള്‍ വിമതരായ സുന്നി ഗ്രൂപ്പുകള്‍ക്കാണ് സൗദി പിന്തുണ നല്‍കുന്നത്. 2015-ല്‍ റഷ്യ രാജ്യത്ത് ഇടപെട്ടു. ഇതോടെ കിഴക്കന്‍ സിറിയയിലേക്ക് യു.എസ്. സൈന്യത്തെ അയച്ചു. 2016-ല്‍ തുര്‍ക്കി സിറിയയില്‍ അധിനിവേശം നടത്തി. അഫ്രിന്‍ പോലുള്ള പ്രദേശങ്ങള്‍ കൈവശപ്പെടുത്തിയ തുര്‍ക്കി പ്രദേശത്തുനിന്ന് കുര്‍ദുകളെ പുറത്താക്കുകയും അറബ് വിമത ഗ്രൂപ്പുകളെ പുനരധിവസിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ആഭ്യന്തര സംഘര്‍ഷങ്ങളില്‍ 500,000-ത്തിലധികം ആളുകള്‍ കൊല്ലുകയും ലക്ഷക്കണക്കിന് ആളുകള്‍ ഭവനരഹിതരാകുകയും ചെയ്തു. ഇത് രാജ്യത്തിന്റെ അടിസ്ഥാന സൗകര്യങ്ങളെയും വ്യവസായത്തെയും അമ്പേ തകര്‍ത്തുകളയുകയും ചെയ്തു. ഒരു യുദ്ധമായി പിന്നീടു മാറിയ പ്രതിഷേധങ്ങളെ അസദ് ഗവണ്‍മെന്റിന്റെ അടിച്ചമര്‍ത്തലിനേത്തുടര്‍ന്നാണ് അറബ് ലീഗ് 2011 നവംബറിലാണ് സിറിയയെ സസ്‌പെന്‍ഡ് ചെയ്തത്.
.jpg?$p=6b85d3a&&q=0.8)
ചര്‍ച്ചകള്‍ക്ക് പിന്നാലെ മഞ്ഞുരുകുന്നു
ഒരു പതിറ്റാണ്ടിലധികം നീണ്ടുനിന്ന ആഭ്യന്തരയുദ്ധത്തിലൂടെ അസദ് സര്‍ക്കാരിന് രാജ്യത്തിന്റെ മിക്ക ഭാഗങ്ങളും പ്രത്യേകിച്ച് പ്രധാന നഗരങ്ങള്‍ വിമതരില്‍ നിന്ന് പിടിച്ചെടുക്കാന്‍ സാധിച്ചിട്ടുണ്ട്. എന്നാല്‍ വടക്കന്‍, കിഴക്കന്‍ ഭാഗങ്ങള്‍ ഭൂരിഭാഗവും നിയന്ത്രിക്കുന്നത് പ്രതിപക്ഷ ഗ്രൂപ്പുകളോ യു.എസ്. പിന്തുണയുള്ള കുര്‍ദിഷ് സൈന്യമോ ആണ്. നിലവിലെ സാഹചര്യത്തിന് ഇതിന് മാറ്റം വരാനും സാധ്യതയില്ല. ഫലത്തില്‍ അസദിനെ അട്ടിമറിക്കുക എന്നത് അസാധ്യമാണെന്ന് വിമതഗ്രൂപ്പുകള്‍ക്കും അവരെ പിന്തുണയ്ക്കുന്നവര്‍ക്കും വ്യക്തമാകുകയും ചെയ്തു. അസദ്ദിനെ വേഗത്തില്‍ സ്ഥാനഭ്രഷ്ടനാക്കാം എന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും ആഭ്യന്തരയുദ്ധം നീണ്ടുപോകുകയാണുണ്ടായത്. ഇത് മേഖലയിലെ രാജ്യങ്ങളെ ഒന്നാകെ മാറിചിന്തിക്കാന്‍ പ്രേരിപ്പിച്ചു. നിലവിലെ സാഹചര്യം ഉയര്‍ത്തുന്ന വെല്ലുവിളിയും സിറിയന്‍ പ്രശ്‌നം എങ്ങുമെത്താതെ പോകുന്നതുമാണ് ഒരു മാറ്റത്തിലേക്ക് നയിച്ചത്. സംഘര്‍ഷം എപ്പോള്‍ അവസാനിക്കുമെന്ന് പറയാന്‍ സാധിക്കാത്ത സാഹചര്യത്തില്‍, സിറിയന്‍ ഭരണകൂടത്തെ ബഹിഷ്‌കരിക്കുന്നത് ഒരു പരിഹാരത്തിലേക്ക് നയിക്കില്ലെന്ന ബോധ്യത്തിലേക്ക് പല അറബ് രാജ്യങ്ങളുമെത്തി. ഇതോടെ സമീപ വര്‍ഷങ്ങളില്‍ പല അറബ് രാജ്യങ്ങളും സിറിയയുമായി നയതന്ത്രബന്ധം പുനഃസ്ഥാപിക്കാന്‍ ചര്‍ച്ചകള്‍ ആരംഭിച്ചിരുന്നു.
2018-ല്‍ യു.എ.ഇ. സിറിയയുമായുള്ള ബന്ധം പുനഃസ്ഥാപിച്ചു. 2021-ല്‍ ജോര്‍ദാനും സിറിയയും തങ്ങളുടെ അതിര്‍ത്തികള്‍ വീണ്ടും തുറന്നു. കഴിഞ്ഞ മാസം സൗദി അറേബ്യയും സിറിയയും എംബസികള്‍ വീണ്ടും തുറക്കാനും വിമാന സര്‍വീസുകള്‍ ആരംഭിക്കാന്‍ പോകുന്നതായും പ്രഖ്യാപിച്ചു. ഈ വര്‍ഷം ഫെബ്രുവരിയില്‍ സിറിയയിലുണ്ടായ ഭൂകമ്പത്തില്‍ 6,000-ത്തിലധികം ആളുകള്‍ കൊല്ലപ്പെടുകയും ലക്ഷക്കണക്കിന് ആളുകള്‍ക്ക് വീടുകള്‍ നഷ്ടപ്പെടുകയും ചെയ്തു. ഇത് സിറിയയോട് സഹതാപം കൊണ്ടുവന്നു. അകന്നുനിന്നിരുന്ന രാജ്യങ്ങളില്‍ നിന്നടക്കമുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഒരു പതിറ്റാണ്ടിന് ശേഷം ആദ്യമായി സിറിയ സന്ദര്‍ശിക്കുകയും സഹായങ്ങള്‍ എത്തിക്കുകയും ചെയ്തു. സൗദി അറേബ്യയും എതിരാളികളായ ഇറാനും തമ്മില്‍ പ്രശ്‌നം പറഞ്ഞുതീര്‍ത്ത് നയതന്ത്രബന്ധം പുനസ്ഥാപിച്ചതും ഇതിന് വളമായി. ചൈനയുടെ നേതൃത്വത്തില്‍ സൗദിയും ഇറാനും പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ധാരണയിലെത്തിയപ്പോള്‍ തന്നെ ഇത് സിറിയ, യെമന്‍ വിഷയങ്ങളില്‍ പരിഹാരമുണ്ടാക്കിയേക്കുമെന്ന് വിലയിരുത്തലുണ്ടായിരുന്നു.

സൗദി നിലപാട് മയപ്പെടുത്തുന്നു
സൗദി അറേബ്യയും സിറിയയും തങ്ങളുടെ നയതന്ത്ര ബന്ധം പുനരാരംഭിക്കാനും വിമാനങ്ങള്‍ പുനരാരംഭിക്കാനുമുള്ള നീക്കത്തിലാണ്. 2012-ല്‍ അസദ് സര്‍ക്കാരുമായുള്ള ബന്ധം വിച്ഛേദിച്ച സൗദി അറേബ്യ, സിറിയയുമായി ബന്ധം പുനഃസ്ഥാപിക്കുന്ന ആദ്യത്തെ അറബ് രാജ്യമല്ല. പക്ഷേ, നിലവിലെ നയതന്ത്ര നീക്കങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് സൗദിയാണ്. ഇത് കാര്യമായ ഫലങ്ങള്‍ ഉണ്ടാക്കാന്‍ സാധ്യതയുണ്ടെന്നാണ് നിരീക്ഷകര്‍ വിശ്വസിക്കുന്നത്. ഈജിപ്ത്, യു.എ.ഇ., ബഹ്റൈന്‍ തുടങ്ങിയ രാജ്യങ്ങള്‍ ഇതിനകം തന്നെ സിറയുമായുള്ള ബന്ധം സാധാരണ നിലയിലാക്കിയിരുന്നു. അവരൊന്നും സൗദിയുടെ പിന്തുണയോടെയല്ല അതിന് മുതിര്‍ന്നത്. എന്നാല്‍, മേഖലയില്‍ ഏറ്റവും വലിയ രാഷ്ട്രീയ സാമ്പത്തിക ശക്തിയെന്ന നിലയിലും വലിയ സ്വാധീനമുള്ള ഗള്‍ഫ്-അറബ് രാഷ്ട്രമെന്ന നിലയിലും സിറയുമായുള്ള ബന്ധം സാധാരണ നിലയിലാക്കാന്‍ സൗദിയുടെ ഇടപെടല്‍ സഹായിക്കും. നയതന്ത്രത്തിലൂടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്ന സമാധാനദൂതന്‍ എന്ന നിലയില്‍ സൗദി അറേബിയക്കും നേട്ടമാണ്. ദീര്‍ഘകാലാടിസ്ഥാനത്തില്‍ സിറിയയുടെ പുനര്‍നിര്‍മാണത്തിന് സഹായിക്കുന്നതിനൊപ്പം അവിടെ സ്വാധീനം വളര്‍ത്തിയെടുക്കാനും സൗദിക്ക് സാധിക്കും.
ലോകം ഇന്ന് ഒരു വഴിത്തിരിവിലാണ് നില്‍ക്കുന്നതെന്നാണ് സൗദി വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍ വ്യക്തമാക്കിയത്. ഇറാന്‍-സൗദി അനുരഞ്ജനത്തിന്റെ പശ്ചാത്തലത്തില്‍ മേഖല പുതിയ നയതന്ത്ര യുഗത്തിലേക്ക് പ്രവേശിക്കുകയാണെന്നാണ് ഒരു വ്യാഖ്യാനം. ഇറാന്‍-സൗദി ഇടപാടില്‍ മധ്യസ്ഥത വഹിക്കുകയും ഗള്‍ഫില്‍ മേഖലയില്‍ കൂടുതല്‍ താല്പര്യത്തോടെ ഇടപെടുകയും ചെയ്യുന്ന ചൈനയുടെ നീക്കങ്ങള്‍ വലിയ മാറ്റമാണ് മേഖലയില്‍ കൊണ്ടുവരുന്നത്. ഒപ്പം ഇറാനും റഷ്യയും പുതിയ വ്യാപാര പാതയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുകയും ബന്ധം ശക്തമാക്കുകയും ചെയ്യുന്നുണ്ട്. അതേസമയം, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് ചൈനയുമായും റഷ്യയുമായുമുള്ള അടുപ്പം അടുത്തകാലത്ത് വര്‍ധിച്ചുവരുന്നുണ്ട്. ഷാങ്ഹായ് കോ-ഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ പോലുള്ള അന്താരാഷ്ട്ര കൂട്ടായ്മകളെ വലിയ പ്രാധാന്യത്തോടെയാണ് അവര്‍ നോക്കിക്കാണുന്നതും. ഇത് ഇത് ഈ മേഖലയിലെ പടിഞ്ഞാറന്‍ രാജ്യങ്ങളുടെ സ്വാധീനം കുറയുന്നതിന്റെ വ്യക്തമായ സൂചനയാണ്.
എതിര്‍പ്പുമായി ഖത്തറും കുവൈത്തും
ആഭ്യന്തരയുദ്ധം അനന്തമായി നീണ്ടതിന് പിന്നാലെ സിറിയയോടുള്ള അറബ് ലോകത്തിന്റെ എതിര്‍പ്പ് പതിയെ ദുര്‍ബലമായിരുന്നു. ഖത്തര്‍, കുവൈത്ത്, മൊറോക്കോ എന്നിവര്‍ മാത്രമാണ് സിറിയയെ അറബ് ലീഗിലേക്ക് പുനപ്രവേശിക്കുന്നതിനെ എതിര്‍ത്തത്. ഖത്തറിന്റെ എതിര്‍പ്പ് കൂടുതലും യു.എസിനെ അനുകൂലിക്കാനുള്ള ശ്രമത്തില്‍ നിന്നാണന്നതായിരുന്നു ഒരു ആക്ഷേപം. അതേസമയം, മൊറോക്കോയുടെ എതിര്‍പ്പ് പശ്ചിമ സഹാറയിലെ വിഘടനവാദ പ്രസ്ഥാനത്തിന് സിറിയയുടെ പിന്തുണ നല്‍കുന്നു എന്ന വാദം ഉയര്‍ത്തിയാണ്. ഖത്തര്‍, കുവൈത്ത്, മൊറോക്കോ എന്നിവര്‍ സിറിയയുമുള്ള ബന്ധം പുനഃസ്ഥാപിച്ചിട്ടുമില്ല. രാജ്യത്ത് വിദേശ സൈനികരുടെ സാന്നിധ്യവും അവിടെ ഉല്‍പ്പാദിപ്പിക്കുന്ന സിന്തറ്റിക് മരുന്നുകളുടെ വ്യാപനവും സിറിയ കൈകാര്യം ചെയ്യണമെന്ന് അറബ് ലീഗിന്റെ മറ്റ് രാജ്യങ്ങള്‍ നിര്‍ബന്ധിച്ചു. സിറിയയില്‍ ഉടനടി വെടിനിര്‍ത്തലിനും രാഷ്ട്രീയ പരിവര്‍ത്തനത്തിനും ആഹ്വാനം ചെയ്യുന്ന യു.എന്‍. സെക്യൂരിറ്റി കൗണ്‍സില്‍ പ്രമേയം അനുസരിച്ച് പ്രതിസന്ധി പരിഹരിക്കാനും അംഗങ്ങള്‍ സിറിയയോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തിലൊന്നും വ്യക്തമായ ഒരു ധാരണയിലേക്ക് എത്തിയിട്ടില്ല.
സിറിയയെ അറബ് ലീഗിലേക്ക് തിരികെ കൊണ്ടുവരാന്‍ സൗദി അറേബ്യ മുന്‍കൈ എടുത്തപ്പോള്‍ വിഷയത്തില്‍ ഖത്തര്‍ വലിയ എതിര്‍പ്പാണ് ഉന്നയിച്ചത്. സിറിയന്‍ പ്രശ്‌നം പരിഹരിക്കാന്‍ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അസദിന്റെ സര്‍ക്കാരുമായുള്ള ബന്ധം പുനഃസ്ഥാപിക്കുന്നതില്‍നിന്ന് ഖത്തര്‍ വിട്ടുനിന്നത്. എന്നാല്‍, അറബ് ലീഗിലേക്കുള്ള സിറിയയുടെ തിരിച്ചുവരവിന് ഖത്തറോ കുവൈത്തോ തടസം നിന്നതുമില്ല. സിറിയയുമായി അറബ് രാജ്യങ്ങള്‍ സമവായത്തിലെത്തുന്നത് ഗള്‍ഫ് മേഖലയിലും അറബ് ലോകത്തുമുള്ള രാജ്യങ്ങളുമായുള്ള ഖത്തറിന്റെ ബന്ധത്തെ എങ്ങനെ ദുര്‍ബലപ്പെടുത്തുമെന്ന് ആശങ്ക അവര്‍ക്കുണ്ട്. സിറിയയെ തിരിച്ചെടുക്കാനുള്ള തീരുമാനം വന്നതോടെ അറബ് ഐക്യത്തിന് തങ്ങള്‍ ഒരു തടസ്സമാകില്ലെന്നാണ് ഖത്തര്‍ പ്രസ്താവനയില്‍ പറഞ്ഞത്. സിറിയയെ ഒറ്റപ്പെടുത്താനുള്ള അമേരിക്കയുടെയും മറ്റ് പാശ്ചാത്യ ശക്തികളുടെയും നിലവിലെ തന്ത്രം പൊളിക്കണമെന്ന അഭിപ്രായമാണ് പല അറബ് സര്‍ക്കാരുകളും മുന്നോട്ട് വെയ്ക്കുന്നത്.
.jpg?$p=5556451&&q=0.8)
അറബ് ലീഗില്‍ സിറിയയെ തിരിച്ചെടുക്കാനുള്ള തീരുമാനത്തെ വിമര്‍ശിച്ച് യു.എസും രംഗത്തെത്തിയിരുന്നു. 12 വര്‍ഷം ആഭ്യന്തരയുദ്ധത്തിലേര്‍പ്പെട്ട സിറിയയുടെ പ്രസിഡന്റ് ബാഷര്‍ അല്‍ അസദിനെ അറബ് ലീഗില്‍ തിരിച്ചെടുക്കുന്നത് തന്ത്രപരമായി വലിയ അബദ്ധമാണെന്നാണ് യു.എസ്. വിദേശകാര്യസമിതി പറഞ്ഞത്. പൗരരെ കൊലപ്പെടുത്തുന്നതും പശ്ചിമേഷ്യയെ അസ്ഥിരമാക്കുന്നതും തുടരാന്‍ അസദിനും സഖ്യകക്ഷികളായ റഷ്യക്കും ഇറാനും അത് കരുത്തേകും. അസദ് ഭരണകൂടവുമായുള്ള ബന്ധം സാധാരണനിലയിലാക്കാന്‍ കാലമായെന്ന് യു.എസ്. കരുതുന്നില്ല. യു.എസിന്റെ സഖ്യകക്ഷികളും പങ്കാളികളും അങ്ങനെ ചെയ്യുന്നതിനെ പിന്തുണയ്ക്കുന്നുമില്ലെന്നുമാണ് സമിതി വ്യക്തമാക്കിയത്.
സിറിയ അറബ് ലീഗിലേക്ക് മടങ്ങിവരുമ്പോള്‍
സിറിയയുടെ അറബ് ലീഗിലേക്കുള്ള തിരിച്ചുവരവ് സൗദിയുടെ നയതന്ത്രത്തിന്റെ വ്യക്തമായ വിജയമാണ്. അറബ് ലീഗിലേക്ക് സിറിയയുടെ തിരിച്ചുവരവിനെ മറ്റ് രാജ്യങ്ങള്‍ തടസപ്പെടുത്താതിരിക്കാന്‍ അറബ്, ഇസ്ലാമിക ലോകത്തെ ഒരു നേതാവെന്ന നിലയില്‍ സൗദി അതിന്റെ സ്വാധീനം വ്യക്തമായി ഉപയോഗിച്ചിരുന്നു. നിലവിലെ സാഹചര്യത്തില്‍ സിറയന്‍ സര്‍ക്കാരിന് മറ്റ് രാജ്യങ്ങളുടെ പിന്തുണയും സാമ്പത്തിക സഹായവും ആവശ്യമാണ്. സൗദി അറേബ്യയുമായും മറ്റ് സമ്പന്ന അറബ് രാജ്യങ്ങളുമായും ഔപചാരികമായ ബന്ധം പുനഃരാരംഭിക്കുന്നതിലൂടെ ഇത് സാധ്യമാകുമെന്ന് അവര്‍ വിശ്വസിക്കുന്നു. പ്രായോഗികതയുടെ വക്താവാണ് അസദ് എന്നും പണം എവിടെ നിന്നാണ് വരുന്നത് അവിടേക്ക് ചായുമെന്നും വിമര്‍ശനമുണ്ട്. പണം എത്തുന്നത് സൗദിയില്‍ നിന്നോ ഇറാനില്‍ നിന്നോ റഷ്യക്കാരില്‍ നിന്നോ എന്നൊന്നും പ്രശ്‌നമല്ലെന്നും അതിനനുസരിച്ച് സ്വന്തം താല്‍പര്യങ്ങള്‍ക്കനുസരിച്ചുള്ളതെല്ലാം ചെയ്യുമെന്നുമാണ് വിമര്‍ശകര്‍ പറയുന്നത്. ഇക്കാര്യം നിലനില്‍ക്കുമ്പോള്‍ തന്നെ അറബ് ലീഗിലേയ്ക്ക് സിറിയ തിരികെ എത്തുന്നത് അന്താരാഷ്ട്ര തലത്തില്‍ അസദ് സര്‍ക്കാരിന് പിന്തുണയുണ്ട് എന്ന വ്യക്തമായ സൂചനയാണ് വിമതര്‍ക്ക് ലഭിക്കുന്നത്.
സര്‍ക്കാര്‍ അധീനതയിലുള്ള പ്രദേശങ്ങളിലെ സിറിയന്‍ ജനത അറബ് ലോകവുമായുള്ള ബന്ധം പുനഃസ്ഥാപിക്കുന്നതില്‍നിന്ന് വലിയ നേട്ടം പ്രതീക്ഷിക്കുന്നുണ്ട്. അത് സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാന്‍ സഹായിക്കുമെന്നും അവര്‍ വിശ്വസിക്കുന്നു. രാജ്യത്ത് സ്ഥിരതയുണ്ടായാല്‍ ഗള്‍ഫ് നിക്ഷേപത്തിന്റെയും വ്യാപാരത്തിന്റെയും കുത്തൊഴുക്ക് ഉണ്ടായേക്കും. ആഭ്യന്തര സംഘര്‍ഷങ്ങള്‍ പരിഹരിക്കാത്ത പശ്ചാത്തലത്തില്‍ യുഎസും യൂറോപ്യന്‍ ഉപരോധവും ഏര്‍പ്പെടുത്തിയിരിക്കുന്ന ഉപരോധങ്ങള്‍ തുടരും എന്നതാണ് സിറിയ നേരിടുന്ന മറ്റൊരു വെല്ലുവിളി. ഇത് ഭാവിയില്‍ രാജ്യത്തിന്റെ പുനര്‍നിര്‍മ്മാണത്തില്‍ നിക്ഷേപം നടത്തുന്നതില്‍ നിന്ന് അറബ് രാജ്യങ്ങളെ തടയും. സിറിയയില്‍ പാശ്ചാത്യര്‍ ഏര്‍പ്പെടുത്തിയ ഉപരോധങ്ങള്‍ നിലവില്‍ സൗദി അറേബ്യയും യുഎഇയും മറ്റ് അറബ് രാജ്യങ്ങളും നടത്തുന്ന നിക്ഷേപങ്ങള്‍ക്ക് ഏറ്റവും വലിയ തടസ്സമാണ്. ഇത്തരം ഒരു സാഹചര്യത്തില്‍ ജി.സി.സി രാജ്യങ്ങള്‍ക്ക് സിറിയയില്‍ നിക്ഷേപം നടത്താന്‍ കഴിയാതെ വന്നാല്‍ സിറിയ അകന്നുപോകുന്നതും ഇറാനിയന്‍ ചേരിയോട് വീണ്ടും അടക്കുന്നതും സൗദി അടക്കമുള്ളവര്‍ക്ക് വലിയ വെല്ലുവിളിയായേക്കും.
Content Highlights: How important is Syria’s return to the Arab League?
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..