ഫിന്‍ലന്‍ഡിനെ ഒപ്പം കൂട്ടി നാറ്റോ മസിൽ പെരുപ്പിക്കുമ്പോൾ; സ്വീഡനെ എന്ന് ചേർക്കും?


അശ്വതി അനിൽ

5 min read
Read later
Print
Share

Photo: Reuters

ര്‍ഷങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കും തര്‍ക്കങ്ങള്‍ക്കും ഒടുവില്‍ 'നാറ്റോ' സഖ്യത്തിന്റെ ഭാഗമാകാനൊരുങ്ങി ഫിന്‍ലന്‍ഡ്. തുര്‍ക്കിക്ക് ഉണ്ടായിരുന്ന എതിര്‍പ്പ് പരിഹരിക്കപ്പെട്ടതോടെയാണ് 'നാറ്റോ'യിലേക്ക് ഫിന്‍ലഡിന് വഴിതുറന്നത്. ഫിന്‍ലന്‍ഡിന്റെ അപേക്ഷ തുര്‍ക്കി പാര്‍ലമെന്റ് ഔദ്യോഗികമായി അംഗീകരിച്ചു. ജൂലായില്‍ ലിത്വാനിയയില്‍ നടക്കുന്ന നാറ്റോ യോഗത്തിലാണ് ഔദ്യോഗിക അംഗത്വത്തിന്റെ നടപടികള്‍ പൂര്‍ത്തിയാവുക. ഫിന്‍ലന്‍ഡ് വിദേശകാര്യമന്ത്രി രേഖകള്‍ കൈമാറിയാല്‍ നാറ്റോ ആസ്ഥാനത്ത് ഫിന്‍ലന്‍ഡിന്റെ പതാകയും മുപ്പത്തിയൊന്നാമതായി ഉയരും.

ആദ്യം തുര്‍ക്കിയുടെ ചുവപ്പുകൊടി; ഒടുവില്‍ സമവായം

റഷ്യ-യുക്രൈന്‍ യുദ്ധം ആരംഭിച്ചതിന് പിന്നാലെ കഴിഞ്ഞ മേയിലാണ് ഫിന്‍ലന്‍ഡും സ്വീഡനും നാറ്റോ സഖ്യത്തില്‍ ചേരാന്‍ അപേക്ഷ നല്‍കിയത്. മുഴുവന്‍ അംഗരാജ്യങ്ങളുടെയും അനുമതിയുണ്ടെങ്കിലേ അംഗത്വം ലഭിക്കുകയുള്ളൂ. മറ്റ് 29 രാജ്യങ്ങളും ഫിന്‍ലഡിന്റേയും സ്വീഡന്റേയും നാറ്റോ പ്രവേശത്തെ പിന്തുണച്ചപ്പോള്‍ തുര്‍ക്കി മാത്രം എതിര്‍പ്പ് അറിയിക്കുകയായിരുന്നു. തുര്‍ക്കി ഭീകരവാദികളായി പ്രഖ്യാപിച്ചിട്ടുള്ള കുര്‍ദുകള്‍ക്ക് ഫിന്‍ലന്‍ഡും സ്വീഡനും സുരക്ഷിത താവളമൊരുക്കുന്നു എന്നതായിരുന്നു തുര്‍ക്കിയുടെ ഭിന്നാഭിപ്രായത്തിനു പിന്നിൽ.

സ്വതന്ത്രരാഷ്ട്രം എന്ന ആവശ്യമുന്നയിച്ച് കാലങ്ങളായി തുര്‍ക്കിയില്‍ സായുധപോരാട്ടം നടത്തുന്നവരാണ് കുര്‍ദുകള്‍(കുര്‍ദിസ്ഥാന്‍ വര്‍ക്കേര്‍സ് പാര്‍ട്ടി/പി.കെ.കെ.). തുര്‍ക്കിയും യൂറോപ്യന്‍ യൂണിയനും ഭീകരസംഘടനകളുടെ പട്ടികയില്‍പെടുത്തിയ പി.കെ.കെയിലെ അംഗങ്ങള്‍ക്ക് ഫിന്‍ലന്‍ഡും സ്വീഡനും സഹായം നല്‍കുന്നുവെന്നാണ് തുര്‍ക്കി ആരോപിച്ചത്. 2019-ല്‍ വടക്കന്‍ സിറിയയ്ക്ക് മേല്‍ തുര്‍ക്കി അധിനിവേശം നടത്തിയപ്പോള്‍ സ്വീഡനും ഫിന്‍ലന്‍ഡും ഉള്‍പ്പെടെയുള്ള യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ തുര്‍ക്കിക്കെതിരേ ഉപരോധം പ്രഖ്യാപിച്ചതും എതിര്‍പ്പിന് കാരണമായിട്ടുണ്ട്. എന്നാല്‍, നിര്‍ന്തരമായ ചര്‍ച്ചകളിലൂടെ ഭിന്നത പരിഹരിച്ച് ഫിന്‍ലന്‍ഡിനെ പിന്തുണയ്ക്കാന്‍ തുര്‍ക്കി തയ്യാറാവുകയായിരുന്നു.

ഇതിനായി നാറ്റോ മേധാവികള്‍ നിരവധി തവണ തുര്‍ക്കിയുമായി ചര്‍ച്ച നടത്തി. നാറ്റോ അംഗത്വത്തെ പിന്തുണയ്ക്കുന്നതിന് പകരമായി കുര്‍ദ് പോരാളികളെ വിട്ടുനല്‍കാമെന്ന് ഫിന്‍ലന്‍ഡും സ്വീഡനും ഉറപ്പ് നല്‍കി കരാര്‍ ഒപ്പിട്ടതിനെ തുടര്‍ന്നാണ് തുര്‍ക്കി പിന്തുണച്ചത്. ഇതോടെ നാറ്റോയുടെ ഐക്യത്തെത്തന്നെ ചോദ്യംചെയ്ത പ്രശ്‌നത്തിനാണ് പരിഹാരമാവുകയും ഫിന്‍ലഡിന് നാറ്റോയിലേക്ക് വഴിതെളിയുകയും ചെയ്തു. 1952 ഫെബ്രുവരി മുതല്‍ നാറ്റോയുടെ ഭാഗമാണ് തുര്‍ക്കി. അതേസമയം, സ്വീഡന്റെ അംഗത്വത്തിനെതിരെ തുര്‍ക്കിക്കുള്ള എതിര്‍പ്പ് തുടരുകയാണ്.

നാറ്റോയിലേക്ക് ഫിന്‍ലന്‍ഡ് എത്തുമ്പോള്‍

രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ഫിന്‍ലന്‍ഡ് ഒരു സഖ്യത്തിന്റേയും ഭാഗമാവാതെ നിഷ്പക്ഷ നിലപാടില്‍ തുടരുകയായിരുന്നു. യുക്രൈനിലെ റഷ്യന്‍ അധിനിവേശത്തിന് ശേഷമാണ് നിഷ്പക്ഷ നിലപാട് അവസാനിപ്പിച്ച് ഫിന്‍ലന്‍ഡ് നാറ്റോയില്‍ ചേരാന്‍ അപേക്ഷ നല്‍കിയത്. ബദ്ധശത്രുക്കളായ റഷ്യയുമായി 1,340 കിലോ മീറ്റര്‍ അതിര്‍ത്തി പങ്കിടുന്ന ഫിന്‍ലന്‍ഡിന് നാറ്റോ അംഗത്വം നല്‍കുന്ന ആശ്വാസം ചെറുതായിരിക്കില്ല. യുക്രൈനിലെ റഷ്യന്‍ അധിനിവേശത്തിനു ശേഷം നടത്തിയ അഭിപ്രായ സര്‍വേകളില്‍ നാറ്റോ അംഗത്വത്തിനുള്ള ജനപിന്തുണ വലിയ തോതില്‍ കൂടിയതായി കണ്ടെത്തിയിരുന്നു.

റഷ്യയുമായി അതിര്‍ത്തി പങ്കിടുന്ന, നാറ്റോയില്‍ അംഗമല്ലാത്ത ഏക യൂറോപ്യന്‍ യൂണിയന്‍ രാജ്യമാണ്‌ ഫിന്‍ലാന്‍ഡ്. സായുധശക്തിയില്‍ മുന്നിട്ടുനില്‍ക്കുന്ന ഫിന്‍ലന്‍ഡ് കഴിഞ്ഞവര്‍ഷം പ്രതിരോധ ബജറ്റിലേക്ക് മാറ്റിവെച്ചത് 5.8 ബില്ല്യണ്‍ യൂറോയാണ് (51,776 കോടി). 2.5 ലക്ഷമാണ് ആകെ ട്രൂപ്പുകള്‍. ഇതിന് പുറമേ രാജ്യത്തെ പുരുഷന്മാര്‍ക്ക് നിര്‍ബന്ധിത സൈനിക നിയമനവും നിലവിലുണ്ട്. 18-29 വയസ്സ് പ്രായമുള്ള യുവാക്കള്‍ ചുരുങ്ങിയത് 165 ദിവസം സൈനികവൃത്തിയില്‍ ഏര്‍പ്പെടണം. സ്ത്രീകള്‍ക്ക് സന്നദ്ധസേവനത്തിനും അവസരമുണ്ട്.

സൈനിക സഖ്യത്തിന് തയാറാണെങ്കില്‍ ഫിന്‍ലന്‍ഡിനെ ഇരുകൈയും നീട്ടി സ്വീകരിക്കുമെന്നും ഔദ്യോഗിക അംഗത്വം ലഭിക്കുന്നതുവരെ റഷ്യയില്‍നിന്ന് ഫിന്‍ലഡിന് സുരക്ഷയൊരുക്കുമെന്നും നാറ്റോ സെക്രട്ടറി ജനറല്‍ ജെന്‍സ് സ്റ്റോള്‍ട്ടെന്‍ബര്‍ഗ് നേരത്തെ പറഞ്ഞിരുന്നു. റഷ്യയ്‌ക്കെതിരേയുള്ള കൂട്ടായ പ്രതിരോധം ഇരട്ടിയാക്കി വര്‍ധിപ്പിക്കാന്‍ നാറ്റോയ്ക്ക് കഴിയും.

അംഗത്വത്തിനുള്ള തുടര്‍ നടപടികള്‍ പൂര്‍ത്തിയാകുന്നതുവരെ റഷ്യയില്‍നിന്ന് ഇരുരാജ്യങ്ങള്‍ക്കും സംരക്ഷണം ഒരുക്കുമെന്ന് സ്റ്റോള്‍ട്ടെന്‍ബര്‍ഗ് വ്യക്തമാക്കി. ഫിന്‍ലന്‍ഡിലേക്ക് റഷ്യ നേരിട്ട് ആക്രമിക്കാന്‍ സാധ്യതയില്ലെങ്കിലും കടന്നുകയറ്റത്തിന്റെ സാധ്യത തളളിക്കളയാനാവില്ല. അത്തരമൊരു സാഹചര്യം ഉണ്ടായാല്‍ നാറ്റോയുടെ പൂര്‍ണസഹായം ഫിന്‍ലന്‍ഡിന് ലഭിക്കും.

ഫിന്‍ലന്‍ഡിനോട് ചേര്‍ന്നുകിടക്കുന്ന രാജ്യമാണ് സ്വീഡന്‍. രാജ്യത്ത് നടത്തിയ അഭിപ്രായ സര്‍വേയില്‍ 61% സ്വീഡിഷ് പൗരന്മാരും നാറ്റോയില്‍ ചേരുന്നതിനെ അനുകൂലിച്ചിരുന്നു. യുക്രൈന്‍ - റഷ്യ യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് സ്വീഡന്‍ നാറ്റോയുടെ സുരക്ഷിതത്വം തേടിയത്. റഷ്യയുമായി സ്വീഡന്‍ അതിര്‍ത്തി പങ്കിടുന്നില്ല. എന്നാല്‍, കഴിഞ്ഞ വര്‍ഷം റഷ്യയുടെ യുദ്ധവിമാനം സ്വീഡന്റെ വ്യോമപരിധിയില്‍ അതിക്രമിച്ചുകടന്നിരുന്നു.

നാറ്റോ സെക്രട്ടറി ജനറല്‍ സ്‌റ്റോള്‍ട്ടന്‍ബെര്‍ഗ് ഫിന്നിഷ് പ്രധാനമന്ത്രി സന്ന മാരിനൊപ്പം

രാജ്യ സുരക്ഷ, സൈനിക പിന്തുണ.. നാറ്റോ അംഗങ്ങള്‍ക്ക് നല്‍കുന്നത് ഇവയെല്ലാം

അമേരിക്കയുടെ നേതൃത്വത്തിലുള്ള സൈനികസഖ്യമാണ് നോര്‍ത്ത് അറ്റ്ലാന്റിക് ട്രീറ്റി ഓര്‍ഗനൈസേഷന്‍ (The North Atlantic Treaty Organization) എന്ന നാറ്റോ. നോര്‍ത്ത് അറ്റ്ലാന്റിക് അലയന്‍സ് എന്നും ഈ സഖ്യം അറിയപ്പെടുന്നുണ്ട്. 27 യൂറോപ്യന്‍ രാജ്യങ്ങളും രണ്ട് വടക്കേ അമേരിക്കന്‍ രാജ്യങ്ങളും ഒരു യൂറേഷ്യന്‍ രാജ്യവും ഉള്‍പ്പെടെ 30 അംഗങ്ങളാണ് നാറ്റോയിലുള്ളത്. ബെല്‍ജിയത്തിന്റെ തലസ്ഥാനമായ ബ്രസല്‍സ് ആണ് നാറ്റോയുടെ ആസ്ഥാനം.

രണ്ടാം ലോകയുദ്ധത്തിനു ശേഷമാണ് നാറ്റോ സഖ്യം രൂപീകരിക്കപ്പെട്ടത്. യുദ്ധത്തിനു ശേഷം 1947 മാര്‍ച്ച് നാലിന് ഫ്രാന്‍സും യു.കെയും ചേര്‍ന്ന് ഡാന്‍കിർക്ക്‌ ഉടമ്പടിയില്‍ ഒപ്പുവെച്ചു. ജര്‍മനിയില്‍നിന്നോ സോവിയറ്റ് യൂണിയനില്‍നിന്നോ ആക്രമണമുണ്ടായാല്‍ സംയുക്തമായി നേരിടുക എന്നതായിരുന്നു ലക്ഷ്യം. 1948-ല്‍ ബെല്‍ജിയം, നെതര്‍ലന്‍ഡ്‌സ്, ലക്സംബര്‍ഗ് എന്നീരാജ്യങ്ങളും ഇതില്‍ ചേര്‍ന്നു. പിന്നീട് അമേരിക്ക ഉള്‍പ്പെടെ ബാക്കി രാജ്യങ്ങള്‍ കൂടിച്ചേര്‍ന്നാണ് നാറ്റോ ഉണ്ടായത്.

യുദ്ധത്തിനു ശേഷം സാമ്പത്തികമായും സൈനികമായും രാഷ്ട്രീയമായും യൂറോപ്യന്‍ രാജ്യങ്ങള്‍ തകര്‍ച്ചയിലായിരുന്നു. ഈ സാഹചര്യം മുതലാക്കി യൂറോപ്പിലേക്ക് സോവിയറ്റ് യൂണിയന്റെ കടന്നുകയറ്റം തടയുകയായിരുന്നു നാറ്റോ രൂപവത്കരണത്തിന്റെ മുഖ്യലക്ഷ്യം. 12 രാജ്യങ്ങളാണ് നാറ്റോയിലെ സ്ഥാപകാംഗങ്ങള്‍. 'വാഷിങ്ടണ്‍ ട്രീറ്റി' എന്നും അറിയപ്പെടുന്ന നോര്‍ത്ത് അറ്റ്ലാന്റിക് ട്രീറ്റി എന്ന ചരിത്രപ്രസിദ്ധമായ ഉടമ്പടിയാണ് നാറ്റോയുടെ രൂപവത്കരണത്തിന് അടിസ്ഥാനമായത്.

യു.എസും ബ്രിട്ടനും കാനഡയും അടക്കം 12 രാജ്യങ്ങളായിരുന്നു 1949-ല്‍ നാറ്റോ സഖ്യസേന രൂപവത്കരിച്ചപ്പോള്‍ അംഗങ്ങള്‍. 1997-നുശേഷം നാറ്റോ വിപുലീകരണത്തിന്റെ വേഗം കൂടി. എസ്‌തോണിയ, ലാത്വിയ, ലിത്വാനിയ, പോളണ്ട്, ചെക്ക് റിപ്പബ്ലിക്, സ്ലൊവാക്യ, ഹംഗറി, റൊമാനിയ, സ്ലൊവേനിയ, ക്രൊയേഷ്യ, മൊണ്ടിനെഗ്രോ, അല്‍ബേനിയ, നോര്‍ത്ത് മാസിഡോണിയ, ബള്‍ഗേറിയ എന്നീ രാജ്യങ്ങള്‍ കൂട്ടായ്മയില്‍ അംഗമായി. ഒടുവില്‍, 2020 മാര്‍ച്ച് 27-ന് മുപ്പതാമത് രാജ്യമായി നാറ്റോയില്‍ അംഗമായത് നോര്‍ത്ത് മാസിഡോണിയയാണ്.

30 നാറ്റോ രാജ്യങ്ങള്‍ ചേരുമ്പോള്‍ 24.57 മില്യണ്‍ ചതുരശ്ര കിലോമീറ്റര്‍ പ്രദേശം വരും. ഭൂമിയില്‍ വാസയോഗ്യമായ ആകെ വിസ്തൃതിയുടെ 16.27 ശതമാനമാണിത്. നാറ്റോ അംഗങ്ങളുടെ ആകെ ജനസംഖ്യയാകട്ടെ 946.50 മില്യണും. ലോക ജനസംഖ്യയുടെ 12.2 ശതമാനം വരുമിത്. ഏതെങ്കിലും അംഗരാജ്യത്തിനെതിരേ ആക്രമണം ഉണ്ടാവുന്ന പക്ഷം പരസ്പരം സഹായിക്കാന്‍ അംഗങ്ങള്‍ പ്രതിജ്ഞാബദ്ധരാണ് എന്നതാണ് ഉടമ്പടിയുടെ കാതല്‍. അംഗരാജ്യങ്ങള്‍ പരസ്പരം ആക്രമിക്കുകയില്ല. ഒരു പൊതു സുരക്ഷാനയത്തില്‍ പ്രവര്‍ത്തിക്കുക എന്നതാണ് നാറ്റോയുടെ ലക്ഷ്യം. ഏതെങ്കിലും നാറ്റോ രാജ്യത്തിന് നേരെ പുറംരാജ്യം ആക്രമണം നടത്തിയാല്‍, അത് മറ്റ് അംഗരാജ്യങ്ങളുടെ നേരെയുള്ള ആക്രമണമായി കണക്കാക്കുകയും എല്ലാ രാജ്യങ്ങളും അതിനെ സംരക്ഷിക്കാന്‍ സഹായിക്കുകയും ചെയ്യും.

നാറ്റോ ആളെക്കൂട്ടുമ്പോള്‍ റഷ്യയ്ക്ക് ആശങ്കയോ?

ഫിന്‍ലന്‍ഡിന് നാറ്റോ അംഗത്വം ലഭിക്കുമ്പോള്‍ സ്വാഭാവികമായും അത് അലോസരപ്പെടുത്തുന്നത് റഷ്യയെ ആണെന്നതില്‍ തര്‍ക്കമില്ല. തങ്ങളുമായി 1300 കിലോ മീറ്റർ അതിര്‍ത്തി പങ്കിടുന്ന ഫിന്‍ലന്‍ഡില്‍ 1939-ല്‍ സോവിയറ്റ് യൂണിയന്‍ അധിനിവേശം നടത്തിയ ചരിത്രം പിന്നിലുണ്ട് താനും.

റഷ്യയ്‌ക്കെതിരേയുള്ള നാറ്റോ രാജ്യങ്ങളുടെ എണ്ണം കുറയ്ക്കുക എന്നായിരുന്നു യുക്രൈനെ ആക്രമിക്കുമ്പോള്‍ പുതിന്റെ ഉദ്ദേശം. എന്നാല്‍ അതിന്റെ നേര്‍വിപരീതമാണ് ഇപ്പോള്‍ സംഭവിക്കുന്നത്. അത് തന്നെയാണ് റഷ്യയുടെ ആശങ്കയും. യൂറോപ്പിലെ തന്നെ ഏറ്റവും മികച്ച സൈനിക ശക്തികളിലൊന്നായ ഫിന്‍ലന്‍ഡിനൊപ്പം നാറ്റോയിലെത്തുന്നത്. 2,80,000 സൈനികരാണ്‌. ഫിന്‍ലന്‍ഡിന്റെ യുദ്ധകാല സൈനിക ട്രൂപ്പിന്റെ എണ്ണം.

അതിര്‍ത്തിയിലെത്തിയ നാറ്റോയെ തുരത്താനായാണ് റഷ്യ അപ്രതീക്ഷിതമായി യുക്രൈനെ ആക്രമിച്ചത് പോലും. എന്നാല്‍ യുദ്ധം അവസാനിക്കുന്നതിന് മുന്‍പ് തന്നെ തങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന ഫിന്‍ലന്‍ഡ് ഉള്‍പ്പെടെ രണ്ട് നോര്‍ഡിക് രാജ്യങ്ങള്‍ നാറ്റോ അംഗത്വം തേടിപ്പോയെന്നത് റഷ്യയ്ക്കും പുതിനും തിരിച്ചടിയായി. നാറ്റോയില്‍ ചേരാനുള്ള ഫിന്‍ലന്‍ഡിന്റെ തീരുമാനത്തിനെതിരേ റഷ്യ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള നീണ്ടകാല സൗഹൃദത്തെ ദോഷകരമായി ബാധിക്കുമെന്നാണ് റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുതിന്റെ പരോക്ഷ ഭീഷണി.

റഷ്യയുമായി അതിര്‍ത്തി പങ്കിടുന്ന ബാള്‍ട്ടിക് രാജ്യങ്ങളായ എസ്‌തോണിയ, ലാത്വിയ, ലിത്വാനിയ, തുര്‍ക്കി എന്നിവ നാറ്റോയില്‍ അംഗങ്ങളാണ്. യുക്രൈനും ഫിന്‍ലന്‍ഡും സ്വീഡനും യുക്രൈനും നാറ്റോയില്‍ അംഗമായാല്‍ റഷ്യയുടെ വടക്ക് പടിഞ്ഞാറാന്‍ അതിര്‍ത്തിയില്‍ പൂര്‍ണ്ണമായും നാറ്റോ സാന്നിധ്യമുണ്ടാകും. അത് റഷ്യയ്ക്ക് ചെറുതല്ലാത്ത ഭീഷണിയാണ് ഉയര്‍ത്തുന്നത്.

ഇന്ത്യയുമായി സഹകരിക്കാന്‍ തയ്യാര്‍- നാറ്റോ

നാറ്റോയിലേക്ക് ഇന്ത്യ എത്തുമോ? ഇല്ല, അംഗത്വം നല്‍കിക്കൊണ്ട് വിശാലമായ ആഗോള സൈനിക സഖ്യത്തിലേക്ക് വ്യാപിപ്പിക്കാന്‍ നിലവില്‍ ഉദ്ദേശമില്ലെങ്കിലും ഇന്ത്യയുമായി സഹകരിക്കാന്‍ തയ്യാറാണെന്നാണ് യുഎസ്സിലെ നാറ്റോ അംബാസഡര്‍ ജൂലിയാനെ സ്മിത്ത് പറഞ്ഞത്. ഇന്ത്യയുമായി കൂടുതല്‍ ബന്ധം പുലര്‍ത്താന്‍ തയാറാണ്‌. സഹകരണം ശക്തമാക്കാനും ആഗ്രഹിക്കുന്നു. ലോകത്തെമ്പാടുമായി 40 രാജ്യങ്ങളുമായി നാറ്റോ സഹകരിക്കുന്നുണ്ട്. വിവിധ രാജ്യങ്ങള്‍ വ്യത്യസ്ത തലത്തിലുള്ള രാഷ്ട്രീയ ഇടപെടലുകള്‍ തേടി വരുന്നുണ്ട്. ഇന്ത്യക്ക് താല്‍പര്യമുണ്ടെങ്കില്‍ വാതിലുകള്‍ തുറന്നു കിടക്കുന്നു, പ്രതികരിക്കേണ്ടത് ഇന്ത്യയാണെന്നായിരുന്നു സ്മിത്ത് പറഞ്ഞത്.

ഇന്തോ-പസഫിക്, ഏഷ്യ-പസഫിക് മേഖലയിലേക്ക് സഖ്യം വ്യാപിക്കാന്‍ നാറ്റോയ്ക്ക് ഉദ്ദേശമില്ല. നാറ്റോ സഖ്യം യൂറോ അറ്റ്‌ലാന്റിക് സൈനിക സഖ്യമായി തുടരും. ആ മേഖലയിലെ രാജ്യങ്ങള്‍ക്ക് മുന്നില്‍ നാറ്റോയുടെ വാതില്‍ തുറന്നിരിക്കുകയാണ്. ആഗോള സൈനിക സഖ്യത്തിലേക്ക് വ്യാപിപ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ലെങ്കിലും നാറ്റോ രാഷ്ട്രീയ സാമ്പത്തിക സഖ്യത്തെ സ്വാഗതം ചെയ്യുന്നുണ്ടെന്നും അവര്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഇന്ത്യ ഇതിനോട് പ്രതികരിച്ചിട്ടില്ല.

ജൂലിയാന്നെ സ്മിത്ത് വാര്‍ത്താസമ്മേളനം നടത്തിയ അതേദിവസമാണ് ഇന്ത്യയെ മികച്ച പങ്കാളി ആയാണ് കണക്കാക്കുന്നതെന്ന് റഷ്യ അവരുടെ വിദേശനയതന്ത്രത്തില്‍ വ്യക്തമാക്കിയത്. പങ്കാളിത്തം ശക്തിപ്പെടുത്തേണ്ടത് റഷ്യയ്ക്കും ഇന്ത്യയ്ക്കും ഗുണം ചെയ്യും. അടുത്ത സുഹൃത്തായാണ് ഇന്ത്യയെ കണക്കാക്കുന്നതെന്ന് റഷ്യ വിദേശനയതന്ത്രത്തില്‍ വ്യക്തമാക്കി. യുക്രൈന്‍ യുദ്ധത്തില്‍ ഇന്ത്യ നിഷ്പക്ഷ നിലപാട് സ്വീകരിച്ചെന്നും നിര്‍ണായക വിഷയങ്ങളില്‍ ഇന്ത്യയുമായി കൂടിയാലോചന നടത്താറുണ്ടെന്നും ജി-20 സമ്മേളനത്തിലും റഷ്യ വ്യക്തമാക്കിയിരുന്നു.

Content Highlights: How Finland Joining Boosts NATO Defenses Against Russia

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
adithya l1
Premium

8 min

സൂര്യരഹസ്യം കണ്ടെത്തുമോ ആദിത്യ എല്‍1?; ISRO സൂര്യനിൽ തേടുന്ന രഹസ്യങ്ങൾ

Sep 2, 2023


Paramjit Singh Panjwar
Premium

8 min

രണ്ട് മാസം, കൊല്ലപ്പെട്ടത് മൂന്ന് നോട്ടപ്പുള്ളികള്‍; ഖലിസ്താന്‍ ഭീകരരെ വേട്ടയാടുന്ന അജ്ഞാതൻ ആര്?

Jul 8, 2023


.
Premium

7 min

സെക്സ് പിസ്റ്റളും കീറിയ ജീന്‍സും; വിവിയന്‍ വെസ്റ്റ്‌വുഡ്, കല കൊണ്ട് വിപ്ലവമെഴുതിയവള്‍

Jan 22, 2023


Most Commented