രുചി മാത്രമല്ല, ശമ്പളവും ഔഷധവും സോഷ്യല്‍ സ്റ്റാറ്റസുമായിരുന്നു ഉപ്പ്


മേഘ ആൻ ജോസഫ്ഉപ്പിന്റെ ചരിത്രവും ഉപ്പുമായി ബന്ധപ്പെട്ട സമരങ്ങളും രസകരമായ ചില കഥകളും..

.

ശാബ്ദങ്ങളോളം ഒരു ഉപ്പ് ഖനിക്കകത്ത് ഒരു ആശുപത്രി വാർഡ് സ്ഥിതി ചെയ്തിരുന്നു എന്ന് പറഞ്ഞാൽ അവിശ്വസനീയമായി തോന്നിയേക്കാം. പക്ഷേ ഇതിന് പിന്നിൽ വിശ്വസനീയമായ കാരണങ്ങളുണ്ടെങ്കിലോ?

യുക്രൈനിലെ സോളോത്വീനോ ഉപ്പുഖനിയിലേക്കാണ് ആസ്തമയും മറ്റ് മാരക ശ്വാസകോശ രോഗങ്ങളുമുള്ളവരെ ഡോക്ടർമാർ അയച്ചിരുന്നത്. അണുബാധയ്ക്ക് കാരണമാകുന്ന സൂക്ഷ്മ ജീവികളെ നശിപ്പിക്കാനുള്ള കഴിവ് ഉപ്പിനുണ്ടായിരുന്നു എന്ന കണ്ടെത്തലിന് പുറകേയായിരുന്നു ഇത്തരത്തിലൊരു ചികിത്സാരീതി നിലവിൽ വന്നത്. 1950ൽ പോളണ്ടിൽ നടന്ന ഒരു പഠനത്തിൽ ഉപ്പുഖനികളിൽ ജോലി ചെയ്തിരുന്ന ആളുകൾക്ക് ക്ഷയം പോലുള്ള ശ്വാസകോശരോഗങ്ങൾ കുറവായിരുന്നു എന്നും കണ്ടെത്തിയിട്ടുണ്ട്. അങ്ങനെ സ്പീലിയോതെറാപ്പി എന്ന ചികിത്സാശാഖ തന്നെ ഉരുത്തിരിഞ്ഞുവന്നു. രോഗശാന്തി മുതൽ ചരിത്രയുദ്ധങ്ങൾക്കുവരെ വെടിമരുന്നിട്ട ഉപ്പിനു പിന്നിൽ ഇങ്ങനെ ധാരാളം കഥകളുണ്ട്.

പൊടിയുപ്പ്

ഉപ്പില്ലാതെ ഒരു ദിവസം പോലും നമ്മുടെ ജീവിതത്തിലൂടെ കടന്നുപോകുന്നില്ല. ഉപ്പിനെപ്പറ്റി എന്താണിത്ര പറയാൻ എന്ന് ഒരുപക്ഷേ നമുക്ക് തോന്നാം. ഒന്നാലോചിക്കുമ്പോ കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്ന, നമ്മുടെയൊക്കെ വീടുകളിലെ അടുക്കളയിലേക്കുള്ള ഒരു വസ്തു മാത്രമാണ് ഉപ്പ്. ടൈം മാഗസിനിൽ അത്തരമൊരു ആർട്ടിക്കിൾ കണ്ടാണ് ഉപ്പിന്റെ ഉപ്പിലിട്ട കഥകൾ തേടിപ്പോയത്.

ചരിത്രം ആരംഭിക്കുന്നത് ശിലായു​ഗത്തിൽ നിന്നാണ്. അന്നത്തെ ആളുകൾ വേട്ടയാടി ഭക്ഷണം കണ്ടെത്തുന്ന പതിവിന്റെ ആളുകളാണല്ലോ. മാസാംഹാരം കഴിച്ചിരുന്ന അക്കാലത്തൊന്നും പ്രാചീനമനുഷ്യർ ഉപ്പ് ഉപയോഗിച്ചിരുന്നില്ല. മനുഷ്യരുടെ ജീവിതത്തിൽ ഉപ്പിന്റെ കടന്നുവരവുണ്ടാകുന്നത് ബി.സി പതിനായിരത്തോട് അടുപ്പിച്ചാണ്. മണ്ണിലിറങ്ങി, ധാന്യങ്ങളും വിളകളുമൊക്കെ കൃഷി ചെയ്ത് അത് തിന്ന് ജീവിക്കാൻ തുടങ്ങിയപ്പോഴാണ് മനുഷ്യൻ ഉപ്പ് ഉപയോഗിക്കാൻ തുടങ്ങിയത്.

മത്സ്യം കേടുവരാതിരിക്കാനായി ഉപ്പിലിട്ടുവെച്ചിരിക്കുന്നു

ഭക്ഷണം കേടുകൂടാതെ സംഭരിക്കാൻ ഉപ്പിലിട്ടുവെയ്ക്കുക എന്ന വിദ്യയാണ് ഏറ്റവും ഉചിതമെന്നും അവർ മനസ്സിലാക്കുന്നത് അപ്പോഴാണ്. ലോകത്താദ്യമായി ഉപ്പ് നിർമിച്ചുതുടങ്ങിയത് ചൈനാക്കാരാണ്. ബി.സി ആറായിരാമാണ്ടിൽ ചൈനയിലെ ഉപ്പ്തടാകമായ യുൻചെങ്ങിൽ സോൾട്ട് ഹാർവെസ്റ്റിങ് നടന്നിരുന്നതായി ചരിത്രം പറയുന്നു!

ഉപ്പെന്ന വാക്ക്

ഉപ്പിന്റെ ഇംഗ്ലീഷ് വാക്ക്, സോൾട്ടിന് പിന്നിലും നമ്മള്‍ മാസാമാസം വാങ്ങുന്ന സാലറിക്ക് പിന്നിലും ഒരു കഥയുണ്ട്. പണ്ടുപണ്ട് പുരാതന റോമൻ ആർമിയിലെ പട്ടാളക്കാർക്ക് ദിവസക്കൂലി ആയിരുന്ന കാലത്ത് അവർക്ക് കൂലിയായി ലഭിച്ചിരുന്നത് നല്ലൊന്നാന്തരം കല്ലുപ്പാണ്! സാൽ എന്നായിരുന്നു ലാറ്റിനിൽ ഉപ്പിന്റെ പേര്. കൂലിയായി സാൽ വാങ്ങുന്നതുകൊണ്ട് അവരുടെ ശമ്പളത്തെ സാലേറിയം എന്നു വിളിച്ചു. ലാറ്റിന്റെ ചുവടു പിടിച്ച് പോയാൽ ഫ്രഞ്ചിൽ പ്രതിഫലത്തിന് സലെയ്റി എന്നു പറഞ്ഞിരുന്നുവെന്ന് കാണാം. ഇംഗ്ലീഷുകാർ ആ വാക്ക് ഏറ്റെടുത്താണ് സാലറിയായത് എന്നാണ് കഥ. അങ്ങനെ ഉപ്പുപുരണ്ട ഒരു ചരിത്രമുണ്ട് നമ്മൾ വാങ്ങുന്ന സാലറിക്കു പിന്നിൽ.

ഉപ്പ് പാടം​

ഉപ്പിന്റെ കച്ചവടം

പണ്ട് ഉപ്പ് ലോകത്തിലെ പ്രധാന ചരക്കുകളിൽ ഒന്നായിരുന്നു. ആറാം നൂറ്റാണ്ടിൽ സഹാറയിലെ മൂറിഷ് വ്യാപാരികൾ ഒരു ഔൺസ് സ്വർണത്തിന് പകരമായി നൽകിയിരുന്നത് ഉപ്പായിരുന്നു! മദ്ധ്യ ആഫ്രിക്കയുടെ പല ഭാഗങ്ങളിലും ഉപ്പ് ഒരു കാലത്ത് പണമായി ഉപയോഗിച്ചിരുന്നു. ഏഷ്യയിലെ സുഗന്ധവ്യഞ്ജനങ്ങൾക്ക് പകരമായി വെനീസിലെ ആളുകൾ നൽകിയിരുന്നത് ഉപ്പായിരുന്നു. അങ്ങനെയാണ് ഉപ്പിനെ വെളുത്ത സ്വർണം എന്ന് വിളിക്കാൻ തുടങ്ങിയത്.

ഉപ്പറിഞ്ഞ നാടുകൾ

യൂറോപ്പിലെ ബൾഗേറിയയിൽ 'സോൾനിസാട്ട' എന്ന് പേരുള്ള ഒരു അതിപ്രാചീന പട്ടണമുണ്ടായിരുന്നു. ആ പ്രദേശത്തിന് ഇങ്ങനെയൊരു പേര് ലഭിക്കാൻ തന്നെ കാരണമായത് ആയിരക്കണക്കിന് വർഷങ്ങൾക്ക് മുൻപ് അവിടെ ഉപ്പിന്റെ നിർമാണം നടന്നിരുന്നു എന്ന കാരണം കൊണ്ടാണ്. ഉപ്പ് ഉത്പാദനത്തെയായിരുന്നു സോൾനിസാട്ടയുടെ സമ്പദ് വ്യവസ്ഥ മുഴുവനായും ആശ്രയിച്ചിരുന്നത്.

ലോകത്തെ ചില വിപ്ലവങ്ങൾക്കും ഉപ്പ് സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഉപ്പ് നികുതി,ഗവൺമെന്റുകൾ താഴെയിറങ്ങാനും അവരുടെ അധികാരം കൂടുതൽ ശക്തിപ്പെടാനും കാരണമായി. ഫ്രാൻസിലെ ആളുകൾ നൂറ്റാണ്ടുകളോളം റോയൽ ഡിപ്പോകളിൽ നിന്നും ഉപ്പ് വാങ്ങാൻ നിർബന്ധിതരായിരുന്നു. ലൂയി 16-ാമന്റെ ഭരണകാലത്ത് ഉപ്പ് നികുതി അടയ്ക്കാത്തത് കൊടുംകുറ്റമായാണ് കണ്ടിരുന്നത്.ഫ്രഞ്ച് വിപ്ലവമുണ്ടാകാൻ ഈ സാഹചര്യവും ഒരു കാരണമായെന്ന് ചുരുക്കം. എല്ലാ ഇന്ത്യാക്കാരന്റേയും അടിസ്ഥാന ആവശ്യമായ, എന്നാൽ അന്ന് ബ്രിട്ടീഷുകാർ കുത്തകയാക്കിയ ഉപ്പ് കുറുക്കിയെടുത്താണ് ഗാന്ധിജി 1930ൽ ഉപ്പു സത്യാഗ്രഹത്തിന് തുടക്കമിട്ടത്. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലെ ഇന്നും ജ്വലിക്കുന്ന ആ ഏടും ഉപ്പിനെ കേന്ദ്രമാക്കിയായിരുന്നു.

ഉപ്പ് പുരണ്ട ആചാരങ്ങൾ

മദ്ധ്യകാലഘട്ടങ്ങളിൽ ഉപ്പിനെ ചുറ്റിപ്പറ്റി ധാരാളം അന്ധവിശ്വാസങ്ങളും നിലവിലുണ്ടായിരുന്നു. ഉപ്പ് താഴെ വീണാല്‍ അതൊരു ഭാഗ്യക്കേടായാണ് കണക്കാക്കിയിരുന്നത്. താഴെ വീഴ്ത്തിയാൽ അയാൾ ഒരു നുള്ള് ഉപ്പെടുത്ത് ഇടതുതോളിൽ വിതറണമെന്നായിരുന്നു വിശ്വാസം. ദുഷ്ടശക്തികളും നെഗറ്റീവ് എനർജിയുമൊക്കെ നമ്മുടെ ഇടതുവശത്താണ് സ്ഥിതി ചെയ്യുന്നതെന്നാണ് പറയപ്പെടുന്നത്. മേൽപ്പറഞ്ഞ ആചാരത്തിന് പിന്നിലെ വിശ്വാസം ഇതായിരുന്നു.

പതിനെട്ടാം നൂറ്റാണ്ടിൽ ഉപ്പ് സാമൂഹ്യ പദവിയുടെ ഒരു അടയാളമായിരുന്നു. മേശപ്പുറത്ത് ഉപ്പ് ഇട്ടുവെച്ചിരിക്കുന്ന വെള്ളിപ്പാത്രത്തിന്റെ സ്ഥാനം കണക്കാക്കിയാണ് വിരുന്നിനെത്തുന്ന അതിഥികളുടെ സാമൂഹികപദവി അളന്നിരുന്നത്. ആതിഥേയരും വിശിഷ്ടാതിഥികളും മേശയുടെ തലയ്ക്കഭാഗത്ത്, ഉപ്പുപാത്രം വെച്ചിരിക്കുന്നതിന് മുകളിലായിട്ടാണ് ഇരുന്നിരുന്നത്. അതിന് താഴേയ്ക്ക് ഇരിക്കുന്ന ആളുകൾ രണ്ടാം തരക്കാരായിരുന്നു.

പണ്ടുകാലത്തെ ഉപ്പുഖനി

ഉപ്പ് പാതകൾ

ഉപ്പുള്ള നാട്ടിൽ നിന്ന് ഉപ്പില്ലാത്ത സ്ഥലങ്ങളിലേക്ക് അതു കൊണ്ടുപോയിരുന്ന സ്ഥിരം പാതകളായിരുന്നു ഉപ്പുപാതകൾ അഥവാ സോൾട്ട് റൂട്ട്സ്. ഉപ്പുവഴികൾ ഈ ഭൂഗോളം മുഴുവൻ ഇങ്ങനെ കെട്ടുപിണഞ്ഞുകിടക്കുകയാണ്. റോമിലേക്കുള്ള വഴികളിൽ വെച്ച് ഏറ്റവും തിരക്കേറിയ ഒരു പാതയായിരുന്നു 'വിയ സലേറിയ' എന്ന സോൾട്ട് റൂട്ട്. റോമൻ പട്ടാളക്കാർ മാർച്ച് ചെയ്തുപോകുന്ന ഈ വഴിയിൽ ഓസ്റ്റിയയിലെ ഉപ്പുപാടങ്ങളിൽ നിന്ന് ശേഖരിക്കുന്ന വിലയേറിയ ഉപ്പുപരലുകൾ കാളവണ്ടികളിൽ നിറച്ച് കച്ചവടക്കാർ വന്നിരുന്നത്രേ! സഹാറയ്ക്കും തെക്കുള്ള മൊറോക്കോയിൽ നിന്നും മാലിയിലെ ടിംബക്ടു വരെയുള്ള ഉപ്പുപാതയാണ് ഏറ്റവും കൂടുതൽ സജീവമായിരുന്നത്. മെഡിറ്ററേനിയൻ കടലൊക്കെ കടന്ന് ഈജിപ്തിൽനിന്നും ഗ്രീസിലേക്ക് ഉപ്പുംകൊണ്ട് എത്രയോ കപ്പലുകൾ കടന്നുപോയിരിക്കുന്നു.

ചരിത്രം മാത്രമല്ല, ഉപ്പുമായി ബന്ധപ്പെട്ട ചില വസ്തുതകളും പറയേണ്ടതായുണ്ട്.

സ്വർണം, ഇരുമ്പ് എന്നൊക്കെ പറയുന്നത് പോലെ ഉപ്പും പ്രകൃതിയുടെ ഒരു വരദാനമാണല്ലോ. കാലങ്ങൾക്ക് മുൻപ് വറ്റി വരണ്ട കടലും, ഇപ്പോൾ ഉപ്പുവെള്ളം കൊണ്ട് സമൃദ്ധമായ കടലും ഭൂ​ഗർഭശേഖരങ്ങളുമൊക്കെയാണ് ലോകത്താകമാനം ഉത്പാദിപ്പിക്കപ്പെടുന്ന ഉപ്പിന്റെ ഉറവിടങ്ങൾ. ഒന്നുകിൽ ഉപ്പുവെള്ളം വറ്റിച്ചോ അല്ലെങ്കിൽ ഭൂഗർഭ ശേഖരത്തിൽ നിന്ന് ഖനനം ചെയ്‌തോ ഒക്കെയാണ് ഉപ്പ് നമ്മൾ കാണുന്ന വെള്ളത്തരികളായി മാറുന്നത്.

ചൈനയും അമേരിക്കയും കഴിഞ്ഞാൽ ഇന്ത്യയാണ് ലോകത്ത് ഏറ്റവും കൂടുതൽ ഉപ്പ് ഉത്പാദിപ്പിക്കുന്നത്. ഉപ്പുനിർമാണത്തിന് വേണ്ട വിഭവങ്ങളെല്ലാം ഉണ്ടായിട്ടും മുൻപ് സൂചിപ്പിച്ചതുപോലെ 1930കൾ വരെ ബ്രിട്ടീഷുകാരുടെ കയ്യിൽ നിന്ന് പണം കൊടുത്ത് ഉപ്പ് വാങ്ങേണ്ട അവസ്ഥയായിരുന്നു നമുക്ക്. ഇപ്പോൾ വർഷം 230 മില്യൺ ടണ്ണോളം ഉപ്പാണ് കടൽവെള്ളത്തിൽ നിന്നും ഉപ്പുപാറകളിൽ നിന്നുമൊക്കെയായി രാജ്യത്ത് നിർമിക്കപ്പെടുന്നത്.

കല്ലുപ്പ്

ഭൂപ്രകൃതിയും കാലാവസ്ഥയുമൊക്കെയാണ് ഉപ്പുനിർമാണത്തെ ബാധിക്കുന്ന പ്രധാന ഘടകങ്ങൾ. രാജ്യത്ത് 76 ശതമാനവും ഉപ്പ് ഉത്പാദിപ്പിക്കപ്പെടുന്നത് ഗുജറാത്തിലാണ്. ഗുജറാത്തിലെ റാൻ ഓഫ് കച്ച് ലോകത്തെ ഏറ്റവും വലിയ ഉപ്പ് മരുഭൂമികളിലൊന്നാണ്. തമിഴ്നാട്, രാജസ്ഥാൻ, മഹാരാഷ്ട്ര, ആന്ധ്ര പ്രദേശ് എന്നീ സംസ്ഥാനങ്ങളാണ് മറ്റ് ഉപ്പ് നിർമാണ കേന്ദ്രങ്ങൾ.

ഇന്ത്യയിലെ ഉപ്പുനിർമാണത്തപ്പറ്റി പറയുമ്പോൾ കൂട്ടിച്ചേർക്കേണ്ട മറ്റൊരു കാര്യം കൂടിയുണ്ട്. വെളുത്ത് പരന്നുകിടക്കുന്ന ഉപ്പുപാടങ്ങളിൽ കൊടുംവെയിലത്ത് നിന്ന് പണിയെടുക്കേണ്ടി വരുന്ന തൊഴിലാളികളുടെ ദുരവസ്ഥ. തലമുറകളായി ഉപ്പ്നിർമാണത്തിൽ ഏർപ്പെട്ടിരിക്കുന്ന ഇവർക്ക് ലഭിക്കുന്ന ദിവസ വേതനം അമ്പതോ നൂറോ ഒക്കെയാണ്.

മാരകമായ ചർമ്മരോഗങ്ങളും ഹൈപ്പോതൈറോയ്ഡിസവും അനീമിയയുമൊക്കെ ഇവരുടെ സന്തസഹചാരികളാണ്. അതിതീവ്ര ജോലി സാഹചര്യങ്ങളിൽ പണിയെടുക്കുന്ന ഇവർക്കുള്ള സുരക്ഷാ ഹെൽമെറ്റുകളും ബൂട്ടുകളും മറ്റ് സുരക്ഷാഉപകരണങ്ങളുമൊക്കെ നിയമങ്ങളിൽ ഉണ്ടെങ്കിലും അതൊന്നും പലപ്പോഴും പ്രാവർത്തികമാകാറില്ലെന്നതാണ് സത്യം.

കല്ലുപ്പ്, പൊടിയുപ്പ്, ഇന്തുപ്പ് തുടങ്ങി ഉപ്പുകൾ പല വലുപ്പത്തിലും പല രുചിയിലുമായി പലതരമുണ്ട്. നമ്മുടെ വീടുകളിലെ അടുക്കളകളിലൊക്കെ ഈ പൊടിയുപ്പും കൂടിപ്പോയാൽ ആ ഭരണിയോട് ചേർന്ന് കല്ലുപ്പും കാണാൻ പറ്റുമായിരിക്കും.

സ്മോക്ക്ഡ് സോൾട്ട്

പക്ഷേ അതിനമപ്പുറത്തേക്ക് കോഷർ സോൾട്ട്, ഗ്രേ സോൾട്ട്, ഫ്‌ലേക്ക് സോൾട്ട്, ഹിമാലയൻ സോൾട്ട്, സ്‌മോക്ക്ഡ് സോൾട്ട് എന്നിങ്ങനെ ഉപ്പിന്റെ പല വെറൈറ്റികളുമുണ്ട്. ഓരോരോ ഭക്ഷണ പദാർത്ഥത്തിന്റേയും സ്വഭാവവും ചേരുവകളുമൊക്കെ അനുസരിച്ച് ഇതുപോലെ വ്യത്യസ്തങ്ങളായ ഉപ്പുകൾ ഉപയോഗിക്കുന്നത് പടിഞ്ഞാറൻ രാജ്യക്കാരാണ്.

ഒരു നുള്ളിൽ ഒരു കടലോളം ഉപ്പുരസമൊളിപ്പിച്ച ഉപ്പിന്റെ ചരിത്രവും വസ്തുതകളുമൊക്കെ ഇതാണ്. സാമ്രാജ്യങ്ങളുടെ കെട്ടിപ്പടുക്കലിനും കൂപ്പുകുത്തലിനും ലോകോത്തര വാണിജ്യവിപണനങ്ങൾക്കും ഈ പൊടിത്തരികൾ സാക്ഷ്യം വഹിച്ചത് ഇങ്ങനെയൊക്കെയാണ്.

Content Highlights: history of salt,salt stories,salt explainer,salt production in India,different types of salt

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
manoram

3 min

ഭാര്യയുടെ മൃതദേഹം ചുടുകട്ടകെട്ടി കിണറ്റില്‍; ഹൃദയംപൊട്ടി ദിനരാജ്, അന്യസംസ്ഥാന തൊഴിലാളിയെ കാണാനില്ല

Aug 8, 2022


K Surendran

2 min

'ദിലീപിന് സിനിമയിലഭിനയിക്കാം; ശ്രീറാമിന് കളക്ടറാകാന്‍ പാടില്ലേ?'; അതെന്ത് ന്യായമെന്ന് സുരേന്ദ്രന്‍

Aug 7, 2022


10:51

പട്ടാളമില്ലെങ്കിലും സേഫായ രാജ്യം, ഉയര്‍ന്ന ശമ്പളം, വിശേഷദിനം ഓഗസ്റ്റ് 15 | Liechtenstein

Jul 25, 2022

Most Commented