പാര്‍ട്ടിയുടെ ഔദ്യോഗിക സ്ഥാനാര്‍ഥിയെ ഇന്ദിര തന്നെ അടിതെറ്റിച്ച ചരിത്രവുമുണ്ട്


ശ്രുതി ലാല്‍ മാതോത്ത്ചിലപ്പോഴെങ്കിലും വാശിയേറിയ പോരാട്ടത്തിന് കൂടി തട്ടകമായിട്ടുണ്ട് രാഷ്ട്രപതി തിരഞ്ഞെടുപ്പുകൾ.

in Depth

രാഷ്ട്രപതി ഭവൻ

ദ്രൗപതി മുര്‍മുവോ യശ്വന്ത് സിന്‍ഹയോ? ആരായാലും രാഷ്ട്രപതി ഭവനിലേയ്ക്കിനി ചെറുചുവടുകളുടെ അകലമേയുള്ളൂ. ദ്രൗപതി മുര്‍മുവാണെങ്കില്‍ അതൊരു പുതുചരിത്രമാവും. രാഷ്ട്രപതിയാവുന്ന ആദ്യ ഗോത്രവനിത എന്നത് ഒരു ചെറിയ ബഹുമതിയല്ല. സിവില്‍ സര്‍വീസിന്റെയും ജനതാദളില്‍ തുടങ്ങി ബി.ജെ.പിയിലൂടെ തൃണമൂലിലെത്തിയ സംഭവബഹുലമായ രാഷ്ട്രീയ പാരമ്പര്യത്തിന്റെയും പിന്‍ബലമുണ്ട് യശ്വന്ത്‌സിന്‍ഹയ്ക്ക്. ദ്രൗപതി മുര്‍മുവിന് വലിയ വെല്ലുവിളി ഉണ്ടാവാനുള്ള സാധ്യത കുറവാണെങ്കിലും പലതുകൊണ്ടും ഏറെ ശ്രദ്ധ പിടിച്ചുപറ്റിക്കഴിഞ്ഞു രാഷ്ട്രപതി തിരഞ്ഞെടുപ്പ്. പലപ്പോഴും ഏകപക്ഷീയമായിരുന്നെങ്കിലും ചിലപ്പോഴെങ്കിലും വാശിയേറിയ പോരാട്ടത്തിന് കൂടി തട്ടകമായിട്ടുണ്ട് രാഷ്ട്രപതി തിരഞ്ഞെടുപ്പുകൾ.

1947 ഓഗസ്റ്റ് 15ന് സ്വാതന്ത്രം നേടുമ്പോള്‍ ബ്രിട്ടിഷ് കോമണ്‍വെല്‍ത്തിനു കീഴിലുള്ള പുത്രികാരാജ്യം ആയിരുന്നു ഇന്ത്യ. സ്വതന്ത്രമായെങ്കിലും അന്ന് രാഷ്ട്രനേതാവെന്ന പദവിയിലുണ്ടായിരുന്നത് ജോര്‍ജ് ആറാമന്‍ രാജാവാണ്. അദ്ദേഹത്തിന്റെ ഭാരതത്തിലെ പ്രതിനിധിയായിരുന്ന ബ്രിട്ടിഷ് ഗവര്‍ണര്‍ ജനറലാണ് അന്ന് രാജ്യത്തിന്റെ ഭരണം നിയന്ത്രിക്കുന്നത്. പിന്നീട് 1949 നവം 26ന് ഭരണഘടനയ്ക്ക് അംഗീകാരം നല്‍കിയതോടെ ബ്രിട്ടീഷ് കോമണ്‍വെല്‍ത്തിലെ പുത്രികാരാജ്യം ആയിരുന്ന ഇന്ത്യ പൂര്‍ണ സ്വതന്ത്രരാഷ്ട്രമായി. അതനുസരിച്ച് ഗവര്‍ണര്‍ ജനറല്‍ പദവി നിര്‍ത്തലാക്കി.രാജാവിന്റെ അധികാരങ്ങള്‍ ഇല്ലാതായി. പകരം പ്രസിഡന്റായി രാഷ്ട്രത്തലവന്‍. അതിന് മുന്നോടിയായി ഇന്ത്യാക്കാരനായ ആദ്യത്തെയും അവസാനത്തെയും ഗവര്‍ണ്ണര്‍ ജനറല്‍ സി. രാജഗോപാലാചാരി രാജിവെയ്ക്കുകയും ജനു 24ന് രാജേന്ദ്രപ്രസാദിനെ ആദ്യ രാഷ്ട്രപതിയായി തെരഞ്ഞെടുക്കുകയും ചെയ്തു. റിപ്പബ്‌ളിക് ദിനത്തില്‍ രാജേന്ദ്ര പ്രസാദ് അധികാരമേറ്റു. 1950 ജനുവരി 26ന് ഡോ. രാജേന്ദ്രപ്രസാദ് ആദ്യ രാഷ്ട്രപതിയായി ചുമതലയേറ്റതു മുതല്‍ 14 രാഷ്ട്രപതിമാര്‍ ഭാരതത്തിനുണ്ടായി. രാഷ്ട്രപതി സ്ഥാനത്തേക്ക് ഇതുവരെ 66 പേര്‍ മത്സരിച്ചു. ഒന്‍പതു പേര്‍ ഉപരാഷ്ട്രപതി സ്ഥാനത്തേക്കും മത്സരിച്ചവരാണ്. ഉപരാഷ്ട്രപതിമാരായിരുന്നവരെ രാഷ്ട്രപതിയാക്കുക എന്ന കീഴ്​വഴക്കമായിരുന്നു തുടക്കകാലത്ത് നാം പിന്തുടര്‍ന്നിരുന്നത്. ഡോ. എസ്. രാധാകൃഷ്ണനും ഡോ. സാക്കിര്‍ ഹുസൈനും വി.വി ഗിരിയുമെല്ലാം ആദ്യം ഉപരാഷ്ട്രപതിയായി, പിന്നീട് ഇന്ത്യയുടെ അത്യുന്നത സ്ഥാനത്ത് എത്തിയവരാണ്. ഡോ. ഫക്രുദീന്‍ അലി അഹമ്മദിന് ഇന്ദിരാഗാന്ധി രാഷ്ട്രപതി കസേര നല്‍കിയതോടെയാണ് ആ പതിവ് തെറ്റിയത്. ഇന്ദിരയുടെ കാലം കഴിഞ്ഞതോടെ ആ ട്രെന്‍ഡ് വീണ്ടും തിരിച്ചുവന്നു. ആര്‍. വെങ്കട്ടരമാനും ശങ്കര്‍ ദയാല്‍ ശര്‍മയും കെ.ആര്‍ നാരായണനും ആദ്യം ഉപരാഷ്ട്രപതിയും പിന്നീട് രാഷ്ട്രപതിയുമായി. എ.പി.ജെ അബ്ദുല്‍ കലാം രാഷ്ടപതിയായതോടെ ആ പതിവ് വീണ്ടും തെറ്റി. രാഷ്ട്രപതി തിരഞ്ഞെടുപ്പ് പലപ്പോഴും ഭരിക്കുന്ന പാര്‍ട്ടിക്ക് അനുകൂലമായാണ് വരാറുള്ളതെന്നതാണ് മറ്റൊരു പ്രത്യേകത. സ്വാതന്ത്ര്യം കിട്ടിയ ശേഷം 2002 വരെ ഇന്ത്യ കണ്ട എല്ലാ രാഷ്ട്രപതിമാരും കോണ്‍ഗ്രസ് പശ്ചാത്തലമുള്ളവരായിരുന്നു. കോണ്‍ഗ്രസിന് ദേശീയ രാഷ്ട്രീയ രംഗത്തുണ്ടായിരുന്ന ആധിപത്യമായിരുന്നു ഇതിന് കാരണം. എങ്കിലും ഭരണകക്ഷി സ്ഥാനാര്‍ഥി പരാജയപ്പെട്ട ഒരു ചരിത്രവുമുണ്ട്. 1969ല്‍ കോണ്‍ഗ്രസിന്റെ ഔദ്യോഗിക സ്ഥാനാര്‍ത്ഥി നീലം സഞ്ജീവ റെഡ്ഡി, ഇന്ദിരാഗാന്ധിയുടെ പിന്തുണയോടെ മത്സരിച്ച വിവി ഗിരിയോട് പരാജയപ്പെട്ടിരുന്നു. റാംനാഥ് കോവിന്ദും എ.പി.ജെ അബ്ദുല്‍ കലാമുമാണ് ബിജെപി പിന്തുണയോടെ രാഷ്ട്രപതിയായവര്‍. കലാം സജീവ രാഷ്ട്രീയക്കാരനായിരുന്നില്ലെങ്കിലും ബിജെപിയുടെ സ്ഥാനാര്‍ഥി എന്ന നിലയിലാണ് രാഷ്ട്രപതിയായത്.

ഡോ. രാജേന്ദ്ര പ്രസാദ്

ഡോ. രാജേന്ദ്രപ്രസാദും ജനാധിപത്യത്തിന്റെ പ്രാധാന്യം വ്യക്തമാക്കിയ സ്വതന്ത്രരും

1950 മെയ് രണ്ടിനാണ് രാഷ്ട്രത്തിന്റെ പ്രഥമരാഷ്ട്രപതിക്കായുള്ള പ്രഥമ തിരഞ്ഞെടുപ്പ് നടന്നത്. രാജേന്ദ്ര പ്രസാദായിരുന്നു കോണ്‍ഗ്രസിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥി. അദ്ദേഹത്തിനെതിരെ ഒരു പാര്‍ട്ടിയും സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയില്ല. എങ്കിലും നാല് സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ മത്സരരംഗത്തുണ്ടായിരുന്നു. ഇക്കുട്ടത്തിലെ പ്രധാനി ഭരണഘടനാ നിര്‍മാണസഭയില്‍ അംഗമായിരുന്ന, ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പേരെടുത്ത കെ.ടി.ഷാ ആയിരുന്നു. ബിഹാറില്‍ നിന്നുള്ള പ്രശസ്ത സാമ്പത്തിക വിദഗ്ധനും അഭിഭാഷകനുമായ ഷാ ഭരണഘടനാ നിര്‍മാണ ചര്‍ച്ചകളില്‍ വലിയ സംഭാവന നല്‍കുകയും മൗലികാവകാശങ്ങള്‍ക്കായുള്ള ഉപദേശക സമിതിയിലും ഉപസമിതിയിലും അംഗമാവുകയും ചെയ്ത വ്യക്തിയാണ്. അദ്ദേഹത്തിന്റെ രാഷ്ട്രപതി സ്ഥാനാര്‍ഥിത്വത്തിന് ഇടത് പാര്‍ട്ടി അനൗദ്യോഗിക പിന്തുണ നല്‍കിയിരുന്നെന്നും പറയപ്പെടുന്നു. അഞ്ച് സ്ഥാനാര്‍ഥികളുമായി നടന്ന വോട്ടെടുപ്പിന്റെ ഫലം വന്നതാകട്ടെ നാല് ദിവസം കഴിഞ്ഞ് മെയ് ആറിനാണ്. 4056 പേരാണ് അന്ന് വോട്ടുചെയ്തത്. അന്നത്തെ എംപി വോട്ടിന്റെ മൂല്യം 494. മൊത്തം 605386 വോട്ടുകളില്‍ 5,07,400 വോട്ടുകളാണ് പ്രഥമരാഷ്ട്രപതിയായ രാജേന്ദ്രപ്രസാദിന് ലഭിച്ചത്. 92,827 വോട്ട് ഷാ നേടി. മറ്റ് സ്ഥാനാര്‍ത്ഥികളില്‍ ലക്ഷ്മണ്‍ ഗണേഷ് തട്ടേ 2,672 വോട്ടും ഹരി റാം 1954 വോട്ടും കൊല്‍ക്കത്ത സ്വദേശി കൃഷ്ണ കുമാര്‍ ചാറ്റര്‍ജി 533 വോട്ടുമാണ് നേടിയത്. ഇതില്‍ റോഹ്തക്കില്‍ നിന്നുള്ള ചൗധരി ഹരിറാമാണ് ഏറ്റവും കൂടുതല്‍ തവണ രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിച്ചത്. ആദ്യത്തെ അഞ്ചു തിരഞ്ഞെടുപ്പുകളിലും അദ്ദേഹം മല്‍സരിച്ചിട്ടുണ്ട്. രണ്ടു തവണ ലോക്സഭാ തിരഞ്ഞെടുപ്പിലും മത്സരിച്ച് പരാജയപ്പെട്ടിട്ടുള്ള ഹരി റാം 1923ല്‍ രൂപീകരിച്ച ജമീന്ദാര്‍ പാര്‍ട്ടിയുടെ സ്ഥാപകനാണ്. ലക്ഷ്മണ്‍ ഗണേഷ് താട്ടെ ഹിന്ദു മഹാസഭയുമായി ബന്ധപ്പെട്ട വ്യക്തിയായിരുന്നു. ഡോ. രാജേന്ദ്രപ്രസാദ് വിജയിക്കുമെന്ന് ഉറപ്പായിരുന്നെങ്കിലും ജനാധിപത്യത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളും തിരഞ്ഞെടുപ്പും പ്രധാനമാണെന്ന് സ്വതന്ത്രർ തങ്ങളുടെ സ്ഥാനാര്‍ത്ഥിത്വത്തിലൂടെ തെളിയിച്ച അവസരം കൂടിയാണിത്. ഡോ. രാജേന്ദ്രപ്രസാദ് രണ്ട്ത വണകളിലായി (1950 ജനുവരി മുതല്‍ 1962 മെയ് വരെ) 12 വര്‍ഷത്തോളം പദവിയിലിരുന്നു.

രണ്ടാമത്തെ തിരഞ്ഞെടുപ്പ് 1957 മേയ് ആറിനാണ് നടന്നത്. പദവിയില്‍ തുടരാനുള്ള ആഗ്രഹം രാജേന്ദ്രപ്രസാദ് പാര്‍ട്ടിയെ അറിയിക്കുകയായിരുന്നു. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അന്നത്തെ പ്രസിഡന്റ് യു.എന്‍.ധേബാര്‍ ഉള്‍പ്പെടെയുള്ളവര്‍ രാജേന്ദ്ര പ്രസാദിന് വീണ്ടും ചുമതല നല്‍കുന്നതിന് അനുകൂലമായിരുന്നു. എന്നാല്‍ ഇതിനോട് അന്നത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന് താല്‍പര്യമില്ലായിരുന്നുവത്രേ. വിവാഹം, സ്വത്തവകാശം, വനിതാ അവകാശം തുടങ്ങിയവ പ്രതിപാദിച്ച ഹിന്ദു കോഡ് ബില്‍ പോലെയുള്ള കാര്യങ്ങളില്‍ തികച്ചും യാഥാസ്ഥിതികമായ നിലപാടെടുത്ത രാജേന്ദ്രപ്രസാദിനെ നെഹ്റു ഇഷ്ടപ്പെടാതിരിക്കുക സ്വാഭാവികമാണല്ലോ. പിന്നീട് മൗലാനാ അബുല്‍ കലാമുമായി കൂടിയാലോചിച്ച ശേഷം മനസ്സില്ലാമനസ്സോടെ നെഹ്റുവും എല്ലാവരുടെയും ആഗ്രഹത്തിന് വഴങ്ങി. രാജേന്ദ്രപ്രസാദിന്റെ സ്ഥാനാര്‍ത്ഥിത്വം കോണ്‍ഗ്രസ് പ്രഖ്യാപിച്ചപ്പോള്‍, മുന്‍ ടേം പോലെ ഒരു പാര്‍ട്ടിയും അദ്ദേഹത്തിനെതിരെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയില്ല. രണ്ട് സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ മാത്രമാണ് അദ്ദേഹത്തിനെതിരെ മത്സരിച്ചത്. ഒരാള്‍ ഹരിയാനയില്‍ നിന്നുള്ള ജനകീയ കര്‍ഷക നേതാവായിരുന്ന ചൗധരി ഹരി റാം, മറ്റേയാള്‍ നാഗേന്ദ്ര നാരായണ്‍ ദാസ്. ആദ്യത്തെ നാല് കാലാവധിയിലെ രാഷ്ട്രപതി തിരഞ്ഞെടുപ്പും നടന്നത് മെയ് മാസത്തിലായിരുന്നു. ശേഷമത് ജൂലായ് മാസത്തിലേക്ക് മാറി.

ആകെ വോട്ട്464370
ഡോ.രാജേന്ദ്ര പ്രസാദ്4,59,698
നാഗേന്ദ്ര നാരായണ്‍ ദാസ്2000
ചൗധരി ഹരി റാം2,672
എംപി വോട്ടിന്റെ മൂല്യം496
ഇത്തവണയും ഫലം അറിയുന്നത് നാല് ദിവസം കഴിഞ്ഞ് മെയ് പത്തിനായിരുന്നു. സാധുവായ വോട്ടുകളില്‍ ഏറ്റവും ഉയര്‍ന്ന ശതമാനം (99.24) നേടിയാണ് 1957ല്‍ രാജേന്ദ്രപ്രസാദ് വിജയിച്ചതെന്ന പ്രത്യേകതയുമുണ്ട്. രണ്ട് തവണ രാഷ്ട്രപതിയായ ഏക വ്യക്തി, ഭാരതരത്‌നം നേടിയ ആദ്യ രാഷ്ട്രപതി, ബീഹാര്‍ ഗാന്ധി എന്നീ വിശേഷണങ്ങള്‍ക്കുടമയാണ് ഡോ. രാജേന്ദ്രപ്രസാദ്. സ്വതന്ത്യസമര സേനാനിയും മഹാത്മാഗാന്ധിയുടെ അടുത്ത അനുയായിയായിരുന്നു. ഇന്ത്യ ഭരണഘടനക്ക് രൂപം നല്‍കിയ ഭരണഘടനാ നിര്‍മ്മാണ സഭയുടെ സ്ഥിരം അദ്ധ്യക്ഷനായിരുന്ന അദ്ദേഹം ഇന്ത്യയ്ക്കുവേണ്ടി ദേശീയ പതാക തിരഞ്ഞെടുക്കാന്‍ ചേര്‍ന്ന കമ്മിറ്റിയുടെ അദ്ധ്യക്ഷനുമായിരുന്നു. 1961ല്‍ ഇന്ത്യയിലെ പ്രഥമ പാര്‍ലമെന്റ് സംയുക്ത സമ്മേളനം വിളിച്ചുകൂട്ടിയതും അദ്ദേഹമാണ്. കേരള നിയമസഭയില്‍ ആദ്യമായി അനാച്ഛാദനം ചെയ്യപ്പെട്ട രാഷ്ട്രപതി ചിത്രവും രാജേന്ദ്ര പ്രസാദിന്റെതാണ്. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ സര്‍ക്കാരില്‍ കൃഷി, ഭക്ഷ്യവകുപ്പ് ക്യാബിനറ്റ് മന്ത്രിയുമായിരുന്നു. ബാപ്പുവിന്റെ പാദങ്ങളില്‍, വിഭക്തഭാരതം, ചമ്പാരനിലെ ഗാന്ധിജി, ആത്മകഥ എന്നിവയാണ് അദ്ദേഹത്തിന്റെ പ്രസിദ്ധ ഗ്രന്ഥങ്ങള്‍. ബീഹാറിലെ പാട്‌നയ്ക്കടുത്തുള്ള സിവാന്‍ ജില്ലയിലെ സെരാദേയിയിലാണ് രാജേന്ദ്ര പ്രസാദിന്റെ ജനനം. വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍തന്നെ രാഷ്ട്രീയത്തില്‍ താത്പര്യമുണ്ടായിരുന്ന അദേഹം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിലൂടെയാണ് രാഷ്ട്രീയരംഗത്ത് എത്തുന്നത്. എം.എ. പാസ്സായശേഷം മുസഫര്‍പുർ ഗ്രിയര്‍ കോളജില്‍ അദ്ധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. തുടര്‍ന്ന് നിയമബിരുദം സമ്പാദിക്കുകയും കല്‍ക്കത്താ ഹൈക്കോടതിയില്‍ പ്രാക്ടീസ് ആരംഭിക്കുകയും ചെയ്തു. 1915ല്‍ എം.എല്‍. പരീക്ഷകൂടി പാസ്സായശേഷം പട്ന ഹൈക്കോടതിയില്‍ പ്രാക്ടീസ് തുടര്‍ന്നു. പേരെടുത്ത അഭിഭാഷകനായിരിക്കെ നിയമനിഷേധപ്രസ്ഥാനത്തിലും നിസ്സഹകരണപ്രസ്ഥാനത്തിലും ഊര്‍ജസ്വലനായി പങ്കെടുത്തു. അതോടെ എന്നെന്നേക്കുമായി വക്കീല്‍പണി ഉപേക്ഷിക്കുകയും ബീഹാര്‍ വിദ്യാപീഠം സ്ഥാപിക്കുകയും ചെയ്തു. 1917 ലെ ചമ്പാരന്‍ സത്യാഗ്രഹകാലത്താണ് അദ്ദേഹം ഗാന്ധിജിയെ പരിചയപ്പെട്ടത്. ഉപ്പുസത്യാഗ്രഹം (1930), വിദേശവസ്ത്ര ബഹിഷ്‌കരണം, മദ്യനിരോധന പ്രചരണം തുടങ്ങിയ ഗാന്ധിയന്‍ പരിപാടികളില്‍ സജീവമായി പങ്കെടുത്തു.1942ല്‍ ക്വിറ്റിന്ത്യാ സമരകാലത്ത് ബങ്കിംപൂര്‍ ജയിലില്‍ തടവിലാക്കപ്പെട്ടു. അവിടെവച്ച് രചിച്ച അവിഭക്ത ഭാരതം 1946ല്‍ പ്രസിദ്ധപ്പെടുത്തി. ബോംബെയില്‍ 1934ല്‍ നടന്ന കോണ്‍ഗ്രസ് സമ്മേളനത്തില്‍ പാര്‍ട്ടി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം സുഭാഷ് ചന്ദ്രബോസ് രാജിവെച്ചതിനെ തുടര്‍ന്ന് 1939ലും പാര്‍ട്ടിയുടെ പ്രസിഡന്റ് പദവിയിലെത്തിയിരുന്നു. തൂലികയിലൂടെയും സ്വാതന്ത്രത്തിനു വേണ്ടിയുള്ള പോരാട്ടത്തില്‍ പങ്കുചേര്‍ന്ന രാജേന്ദ്രപ്രസാദ് ആരംഭിച്ചതാണ് ദേശ് എന്ന ഹിന്ദി വാരിക. രാഷ്ട്രപതി പദവി ഒഴിഞ്ഞ ശേഷം പട്‌നയിലെ സദാഖത്ത് ആശ്രമത്തില്‍ കഴിഞ്ഞ അദ്ദേഹം 1963ല്‍ അന്തരിച്ചു.

ഡോ. എസ്.രാധാകൃഷ്ണൻ. ഫോട്ടോ: മാതൃഭൂമി ആർക്കൈവ്സ്

സര്‍വസമ്മതനായി ഡോ. സാര്‍വേപള്ളി രാധാകൃഷ്ണന്‍

ഡോ. രാജേന്ദ്രപ്രസാദിന് ശേഷം ആരെന്ന ചോദ്യത്തിന് ഒട്ടും ആലോചിക്കാതെ തന്നെ കോണ്‍ഗ്രസില്‍ ഉയര്‍ന്നുവന്ന പേരായിരുന്നു ഡോ. സാര്‍വേപള്ളി രാധാകൃഷ്ണന്റേത്. പാര്‍ട്ടിഭേദമന്യേ എല്ലാവരിലും മതിപ്പുളവാക്കിയ രീതിയില്‍ 1952 മുതല്‍ ഉപരാഷ്ട്രപതി പദത്തില്‍ രാജ്യസഭയെ നയിച്ചു എന്നതാണ് അതിന്റെ മുഖ്യകാരണം. അദ്ദേഹത്തോടുള്ള ബഹുമാനം കൊണ്ട് ഭരണ-പ്രതിപക്ഷ അംഗങ്ങളെല്ലാം സഭയില്‍ ആ വാക്കുകള്‍ കേള്‍ക്കുകയും അനുസരിക്കുകയും ചെയ്തിരുന്നു. അങ്ങനെ വലിയ ബഹളങ്ങളില്ലാതെ തന്നെ സഭയെ 10 വര്‍ഷകാലത്തോളം നയിച്ചു. അതുകൊണ്ട് തന്നെ അദ്ദേഹം സ്ഥാനാര്‍ഥിയായതോടെ എതിര്‍ സ്ഥാനാര്‍ഥിയെ പ്രതിപക്ഷം പ്രഖ്യാപിച്ചില്ല. എങ്കിലും ചൗധരി ഹരിറാം അടക്കം രണ്ട് സ്വതന്ത്രർര്‍ മത്സരരംഗത്തുണ്ടായിരുന്നു. എസ് രാധാകൃഷ്ണന് 5,53,067 വോട്ട് നേടിയപ്പോള്‍ മൂന്നാം തവണയും സ്വതന്ത്രസ്ഥാനാര്‍ത്ഥിയായെത്തിയ ചൗധരി ഹരിറാം- 6,341 വോട്ട് നേടി. മൂന്നാം സ്ഥാനത്ത് യമുന പ്രസാദ് ത്രിശ്ലിയ-353 വോട്ട്. അത്തവണ എംപി വോട്ടിന്റെ മൂല്യം- 493 ആയിരുന്നു. മെയ് ഏഴിന് നടന്ന മല്‍സരത്തിന്റെ ഫലം 11ാം തിയ്യതിയാണ് പ്രഖ്യാപിച്ചത്. 1962 മെയ് മുതല്‍ 1967 മെയ് വരെ അദ്ദേഹം രാഷ്ട്രപതി സ്ഥാനം വഹിച്ചു. നെഹ്‌റു, ലാല്‍ ബഹാദൂര്‍ ശാസ്ത്രി എന്നീ പ്രധാന മന്ത്രിമാരുടെ വിയോഗവും ഇന്ദിരാഗാന്ധിയുടെ സത്യപ്രതിജ്ഞയും രാധാകൃഷ്ണന്‍ രാഷ്ട്രപതി പദവിയിലിരിക്കവെ ആയിരുന്നു. രണ്ടാം രാഷ്ട്രപതി തിരഞ്ഞെടുപ്പ് സമയത്ത് നെഹ്‌റു രാജേന്ദ്രപ്രസാദിന് പകരം കണ്ടെത്തിയ സ്ഥാനാര്‍ത്ഥിയും രാധാകൃഷ്ണനായിരുന്നു. രാജേന്ദ്രപ്രസാദ് തന്നെ സ്ഥാനാര്‍ഥിയായതോടെ രാധാകൃഷ്ണന്‍ ഉപരാഷ്ട്രപതിപദം ഒഴിയാന്‍ ശ്രമിച്ചിരുന്നെന്നും പിന്നീട് നെഹ്‌റുവിന്റെ നിര്‍ബന്ധപ്രകാരമാണ് തുടര്‍ന്നതെന്നും പറയുന്നു.

രാധാകൃഷ്ണന്‍ ഉപരാഷ്ട്രപതിയായിരുന്ന ഘട്ടത്തിലാണ് ആസൂത്രണം, പഞ്ചവല്‍സര പദ്ധതി, പൊതു മേഖല, സോഷ്യലിസ്റ്റ് പാറ്റേണ്‍ ഓഫ് സൊസൈറ്റി തുടങ്ങിയ രൂപം കൊണ്ടത്. ഉപരാഷ്ട്രപതിയായശേഷം രാഷ്ട്രപതിയായ ആദ്യ വ്യക്തിയാണ് ഡോ. സാര്‍വേപള്ളി രാധാകൃഷ്ണന്‍. തത്വശാസ്ത്രജ്ഞരുടെ രാജാവ് എന്ന് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് കെന്നഡി വിശേഷിപ്പിച്ച ദാര്‍ശനിക പ്രതിഭയാണ്. ബ്രിട്ടന്‍ സന്ദര്‍ശിച്ച ആദ്യത്തെ രാഷ്ട്രപതി, 1962 ഒക്ടോബര്‍ 26ന് ഇന്ത്യയിലാദ്യമായി അടിയന്തരാവസ്ഥ പ്രഖ്യാപിച്ച പ്രഥമ പൗരന്‍, ദക്ഷിണേന്ത്യയില്‍ നിന്നുള്ള ആദ്യത്തെ രാഷ്ട്രപതി, രണ്ട് തവണ ഉപരാഷ്ട്രപതിയായ ആദ്യ വ്യക്തി, രാജ്യസഭയുടെ പ്രഥമാധ്യക്ഷന്‍ എന്നീ വിശേഷണങ്ങളും അദ്ദേഹത്തിനുണ്ട്. 1952-62ലാണ് ഇന്ത്യയുടെ ഉപരാഷ്ട്രപതി പദത്തിലെത്തിയത്. അധ്യാപകന്‍, കവി ഭരണാധികാരി എന്നീ നിലകളില്‍ പ്രശസ്തിയാര്‍ജിച്ച ഡോ. എസ്. രാധാകൃഷ്ണന്‍ രണ്ടാം വിവേകാനന്ദന്‍ എന്നാണ് രാജ്യത്ത് അറിയപ്പെട്ടത്. 1888 സെപ്റ്റംബര്‍ അഞ്ചാം തിയ്യതി ആന്ധ്രാപ്രദേശിലെ തിരുത്തണി ഗ്രാമത്തില്‍ ജനിച്ചു. രാജ്യം ദേശീയ അധ്യാപകദിനമായി ആചരിക്കുന്നത് ഡോ.എസ്.രാധാകൃഷ്ണന്റെ ജന്മദിനമായ സെപ്റ്റംബര്‍ 5 ആണ്. വെല്ലൂരിലും മദിരാശിയിലുമായിരുന്നു വിദ്യാഭ്യാസം. 1909ല്‍ മദിരാശിയിലെ പ്രസിഡന്‍സി കോളേജിലും പിന്നീട് കല്‍ക്കത്ത സര്‍വകലാശാലയിലും ഓക്‌സ്‌ഫോര്‍ഡില്‍ മാഞ്ചസ്റ്റര്‍ കോളേജിലും പ്രൊഫസറായി. ആന്ധ്ര സര്‍വകലാശാലയുടെ വൈസ് ചാന്‍സലര്‍ ആയും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1936ല്‍ ഓക്‌സ്‌ഫോര്‍ഡിലെ പൗരസ്ത്യപഠനങ്ങള്‍ക്കുള്ള സ്പാള്‍ഡിങ് പ്രൊഫസര്‍ ആയിരുന്നു. 1931-36 കാലയളവില്‍ ലീഗ് ഓഫ് നേഷന്‍സിന്റെ ബൗദ്ധിക സഹകരണസമിതി അംഗം, ബനാറസ് സര്‍വ്വകലാശാലയുടെ വൈസ് ചാന്‍സലര്‍, ഇന്ത്യന്‍ സര്‍വകലാശാല കമ്മീഷന്റെയും തുടര്‍ന്ന് യുനെസ്‌കോയുടേയും ചെയര്‍മാന്‍, 1942-52ല്‍ സോവിയറ്റ് യൂണിയനിലെ ഇന്ത്യന്‍ സ്ഥാനപതി എന്നീ പദവികളും അലങ്കരിച്ചു. മുപ്പതിലേറെ സര്‍വകലാശാലകള്‍ ഒണററി ബിരുദങ്ങള്‍ നല്‍കി ആദരിച്ച അദ്ദേഹത്തിന് 1954ല്‍ രാജ്യം ഭാരതരത്‌നയും നല്‍കി. മുപ്പതില്‍പരം ഗ്രന്ഥങ്ങളുടെ കര്‍ത്താവാണ് ഡോ.എസ്.രാധാകൃഷ്ണന്‍. 1971 ല്‍ പുറത്തിറങ്ങിയ അദ്ദേഹത്തിന്റെ ആദ്യ പുസ്തകമായ ദി ഫിലോസഫി ഓഫ് രവീന്ദ്രനാഥ ടാഗോര്‍ ആണ് ഇന്ത്യന്‍ തത്വശാസ്ത്രത്തിന് ലോകഭൂപടത്തില്‍ സ്ഥാനം നേടിക്കൊടുത്തത്.

ഡോ. സാക്കിർ ഹുസൈൻ. ഫോട്ടോ: മാതൃഭൂമി ആർക്കൈവ്സ്

ആദ്യമായി ഉപരാഷ്ട്രപതി രാഷ്ട്രപതിയായി

ഡോ. രാധകൃഷ്ണന് ശേഷം, രാഷ്ട്രീയക്കാരന്‍ എന്നതിലുപരി പണ്ഡിതനും വിജ്ഞാനിയുമായി ഇന്ത്യന്‍ സമൂഹം അംഗീകരിച്ച രാഷ്ട്രപതി നാമമായിരുന്നു ഡോ. സാക്കിര്‍ ഹുസൈന്‍. ഉപരാഷ്ട്രപതിയെ രാഷ്ട്രപതി സ്ഥാനത്തേക്ക് നിര്‍ദേശിക്കുകയെന്ന കീഴ്‌വഴക്കത്തിന് കോണ്‍ഗ്രസ് തുടക്കമിട്ടത് അദ്ദേഹത്തിന്റെ വരവോടെയാണ്. 1967ല്‍ പ്രഥമ പൗരന്റെ പദത്തിലേക്ക് അന്നത്തെ ഉപരാഷ്ട്രപതി സക്കീര്‍ ഹുസൈനെ കോണ്‍ഗ്രസ് നിര്‍ദേശിച്ചു. പ്രതിപക്ഷ സ്ഥാനാര്‍ഥി മുന്‍ ചീഫ് ജസ്റ്റിസ് കോട്ട സുബ്ബറാവു ആയിരുന്നു. അതുവരെയുള്ളതില്‍ വച്ച് ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ത്ഥികളുണ്ടായതും 67ലാണ്. പതിനേഴ് സ്ഥാനാര്‍ഥികള്‍. സക്കീര്‍ ഹുസൈന് 4,71,244 ഉം കോട്ട സുബ്ബറാവുവിന് 3,63,971ഉം വോട്ട് ലഭിച്ചു. ഒന്‍പത് പേര്‍ക്ക് ഒരു വോട്ട് പോലും ലഭിച്ചില്ല. ഇക്കൂട്ടത്തില്‍ ഒരു ചരിത്രം കൂടി പിറന്നു. രാജ്യത്തിന്റെ പ്രഥമ പൗരയാവാന്‍ ഭോപ്പാലിലെ ഹോള്‍ക്കര്‍ രാജകുടുംബാംഗമായ മനോഹര നിര്‍മല ഹോള്‍ക്കര്‍ എന്ന വനിത മത്സരരംഗത്തെത്തി. നിര്‍ഭാഗ്യവശാല്‍ പൂജ്യം വോട്ട് കിട്ടിയ ഒന്‍പത് പേരിലായിരുന്നു അവരുടേയും സ്ഥാനം.

സ്ഥാനാർഥിവോട്ട്
സക്കീര്‍ ഹുസൈന്4,71,244
കോട്ട സുബ്ബറാവു3,63,971
ഖുബി റാം1,369
യമുനാ പ്രസാദ് ത്രിസുലിയ750
ബംബുര്‍ക്കര്‍ ശ്രീനിവാസ് ഗോപാല്‍232
ബ്രഹ്മ ദേവ്232
കൃഷ്ണ കുമാര്‍ ചാറ്റര്‍ജി125
കുമാര്‍ കമല സിങ്125

1962 മുതല്‍ 1967 വരെ രാഷ്ട്രപതിയായിരുന്ന സാക്കിര്‍ ഹുസൈന്‍ പദവിയിലെത്തുന്ന ആദ്യ മുസ്ലിമും ആ സ്ഥാനത്തിരുന്നു മരണപ്പെടുന്ന ആദ്യ വ്യക്തിയുമാണ്. 1963ല്‍ ഭാരതരത്ന നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചു. കാലാവധി തികയ്ക്കാത്ത ആദ്യ രാഷ്ട്രപതി, രാജ്യസഭാംഗവും ഗവര്‍ണറുമായശേഷം രാഷ്ട്രപതി ആയ ആദ്യ വ്യക്തി എന്നീ വിശേഷണങ്ങള്‍ക്കുമുടമ. 1897ഫെബ്രുവരി എട്ടിന്, ഹൈദരാബാദില്‍ അഫ്രീദി ഗോത്രത്തില്‍ പെട്ട പസൂന്‍ കുടുംബത്തിലാണ് ജനനം. ഇറ്റാവയിലെ ഇസ്ലാമിയ സ്‌കൂള്‍, മുഹമ്മദന്‍ ആംഗ്ലോ ഓറിയന്റല്‍ കോളേജ്, അലിഗഡ് മുസ്ലിം യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍ ആയിരുന്നു വിദ്യാഭ്യാസം. 1926ല്‍ ബെര്‍ലിന്‍ സര്‍വ്വകലാശാലയില്‍ നിന്നും സാമ്പത്തികശാസ്ത്രത്തില്‍ ഡോക്ടറേറ്റ് സമ്പാദിച്ചു. ഇന്ത്യയിലേക്ക് തിരിച്ചെത്തിയപ്പോള്‍ അടച്ചുപൂട്ടുന്ന സ്ഥിതിയിലായ ജാമിയ ഇസ്ലാമിയ സര്‍വ്വകലാശാലയുടെ നേതൃത്വപദവി ഏറ്റെടുത്ത് പ്രതിമാസം നൂറ് രൂപ ശമ്പളത്തില്‍ 20 വര്‍ഷം സ്ഥാനത്ത് തുടര്‍ന്നു. പ്‌ളേറ്റോയുടെ റിപ്പബ്‌ളിക് ഉറുദുവിലേക്ക് വിവര്‍ത്തനം ചെയ്ത അദ്ദേഹം രചിച്ചതാണ് ആന്‍ എസ്സേ ഇന്‍ അണ്ടര്‍ സ്റ്റാന്‍ഡിംഗ്, എ ഡൈനാമിക് യൂണിവേഴ്‌സിറ്റി എന്നിവ. 1948-1956ല്‍ അലിഗഢ് സര്‍വ്വകലാശാലയുടെ വൈസ് ചാന്‍സിലറായി. 1956ല്‍ ഇന്ത്യന്‍ പാര്‍ലമെന്റിലേക്ക് ക്ഷണം ലഭിച്ചു. 1957 മുതല്‍ 1962 വരെ ബീഹാര്‍ ഗവര്‍ണ്ണര്‍ പദവിയില്‍ ഇരുന്നു. 1962ല്‍ ഇന്ത്യയുടെ ഉപരാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടു. രാഷ്ട്രപതിപദവിയില്‍ തുടരവേ 1969 മേയ് 3ന് തന്റെ 72ാം വയസ്സില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു.

പാര്‍ട്ടി സ്ഥാനാര്‍ഥിയെ അടിതെറ്റിച്ച വിവി ഗിരി

വി.വി.ഗിരി. ഫോട്ടോ: മാതൃഭൂമി ആർക്കൈവ്സ്

രാഷ്ട്രപതി തിരഞ്ഞെടുപ്പ് ചരിത്രത്തിലെ പ്രധാനപ്പെട്ട ഒരു അധ്യായമാണ് 1969ലെ തിരഞ്ഞെടുപ്പ്. ഡോ. സാക്കിര്‍ ഹുസൈന്‍ മരണപ്പെട്ടപ്പോള്‍ ഉപരാഷ്ട്രപതിയായിരുന്നു വി.വി ഗിരി ആക്ടിങ് പ്രസിഡന്റായി. പിന്നാലെ 1969 ജൂലൈ 14ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ രാഷ്ട്രപതി തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. നാമനിര്‍ദ്ദേശ പത്രികകള്‍ ജൂലായ് 24-നും വോട്ടെടുപ്പ് ഓഗസ്റ്റ് 16-നും നടത്തണം. അതോടെ ജനകീയ തൊഴിലാളി യൂണിയന്‍ നേതാവായി പേരെടുത്ത വി.വി. ഗിരി ഉപരാഷ്ട്രപതി സ്ഥാനം രാജി വെച്ചു. രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ സ്വതന്ത്രനായി മത്സരിക്കാന്‍ വേണ്ടിF ആയിരുന്നു ആ രാജി. ലോക്സഭാ മുന്‍ സ്പീക്കറായിരുന്ന നീലം സഞ്ജീവ റെഡ്ഡിയെ കോണ്‍ഗ്രസ് പാര്‍ട്ടി ഔദ്യോഗിക സ്ഥാനാര്‍ഥിയാക്കി. അതേസമയം, സ്വതന്ത്ര പാര്‍ട്ടിയും ജനസംഘവും മറ്റ് പ്രതിപക്ഷ സ്ഥാനാര്‍ത്ഥികളും നെഹ്റുവിന്റെ കാലത്ത് ധനമന്ത്രിയായിരുന്ന ചിന്താമന്‍ ദ്വാരകാനാഥ് ദേശ്മുഖിനെ തങ്ങളുടെ സ്ഥാനാര്‍ഥിയാക്കി രംഗത്തിറക്കി. ഇതിനൊപ്പം പാര്‍ട്ടി പാരമ്പര്യവും അച്ചടക്കവും ലംഘിച്ച് ഇന്ദിരാഗാന്ധി വി വി ഗിരിയെ പിന്തുണയ്ക്കുമെന്ന് തീരുമാനിച്ചു. എന്നാല്‍, ഈ തീരുമാനം പരസ്യമാക്കിയില്ല. പകരം ആ സന്ദേശം വിശ്വസ്തരെ അറിയിക്കുകയും വിവി ഗിരിയെ പിന്തുണയ്ക്കാന്‍ രാജ്യത്തെ യുവ എംപിമാരോട് ആവശ്യപ്പെടാനും പറഞ്ഞു. തന്റെ അപ്രമാദിത്വത്തിന് റെഡ്ഡി ഭീഷണിയാകും എന്ന് ഇന്ദിര ഭയന്നിരുന്നതാണ് ഈ ചുവടുമാറ്റത്തിന് കാരണമായി കരുതുന്നത്. ഒപ്പം ഇന്ദിരയ്‌ക്കെതിരായ മൊറാള്‍ജി ദേശായി സിന്‍ഡിക്കേറ്റിന്റെ സ്ഥാനാര്‍ത്ഥിയാണ് റെഡ്ഡിയെന്നതും കാരണമായി. ഇന്ദിര എന്താണ് ചെയ്യുന്നതെന്ന് പാര്‍ട്ടിക്ക് മനസ്സിലായി. പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി നീലം സഞ്ജീവ റെഡ്ഡിയെ പരസ്യമായി പിന്തുണയ്ക്കാന്‍ പാര്‍ട്ടി പ്രസിഡന്റ് എസ് നിജലിംഗപ്പ സമ്മര്‍ദ്ദം ചെലുത്തിയെങ്കിലും ഇന്ദിരാഗാന്ധി അത് നിരസിച്ചു.

1969 ആഗസ്റ്റ് 16ന്, രാഷ്ട്രപതി തിരഞ്ഞെടുപ്പിന് വെറും നാല് ദിവസം ശേഷിക്കെ ഇന്ദിരാഗാന്ധി തന്റെ നിലപാട് പരോക്ഷമായി പ്രഖ്യാപിച്ചു. പാര്‍ട്ടി എംപിമാരും എംഎല്‍എമാരും മനസാക്ഷിയുടെ ശബ്ദത്തില്‍ വോട്ട് ചെയ്യണമെന്നായിരുന്നു ആ വാക്കുകള്‍. ആ പ്രസ്താവനയ്ക്ക് പിന്നിലെ നിലപാട് എല്ലാവര്‍ക്കും മനസിലായി. ഇന്ദിരാഗാന്ധി ആഗ്രഹിച്ചത് സംഭവിച്ചു. പാര്‍ട്ടി എംപിമാരും എംഎല്‍എമാരും വിവി ഗിരിക്ക് പിന്തുണയുമായി എത്തി. റെഡ്ഡിക്കെതിരെ ഒരു ശതമാനത്തിലധികം വോട്ടുകള്‍ക്കാണ് വി വി ഗിരിയുടെ ജയം കണ്ട ത്. രണ്ടാം മുന്‍ഗണനാ വോട്ടിലൂടെ സ്ഥാനാര്‍ത്ഥികളുടെ വിധി നിര്‍ണയിച്ചതും അന്നായിരുന്നു. കൂടാതെ, ആദ്യമായി വോട്ടിങില്‍ കര്‍ശനമായ രഹസ്യാത്മകത ഉറപ്പാക്കി. ബാലറ്റ് പേപ്പറുകളുടെ പിന്‍ഭാഗത്തുള്ള സീരിയല്‍ നമ്പറുകള്‍ നാല് മൂലകളില്‍ ഒട്ടിച്ച നിറമുള്ള കടലാസുകള്‍ കൊണ്ട് മറച്ചു. എംഎല്‍എമാര്‍ക്ക് സംസ്ഥാന തലസ്ഥാനങ്ങള്‍ക്ക് പകരം പാര്‍ലമെന്റ് ഹൗസില്‍ വോട്ട് ചെയ്യാന്‍ അനുവാദം ലഭിച്ചതും 69ലായിരുന്നു. കോണ്‍ഗ്രസ് അധികാരത്തിലുണ്ടായിരുന്ന 12ല്‍ 11 സംസ്ഥാനത്തും ഗിരി നേട്ടമുണ്ടാക്കി. മൊത്തം 15 സ്ഥാനാര്‍ഥികളാണ് അന്നുണ്ടായിരുന്നത്. ഇതില്‍ അഞ്ചു പേര്‍ക്ക് ഒരു വോട്ടുപോലും ലഭിച്ചില്ല.

സ്ഥാനാർഥിവോട്ട്
വി.വി.ഗിരി4,01,515
നീലം സഞ്ജീവ റെഡ്ഡി3,13,548
സി.ഡി.ദേശ്മുഖ്1,12,769
ചന്ദ്രദത്ത് സേനാനി5,814
ഫുര്‍ചരണ്‍ കൗര്‍ (വനിത)940
രാജഭോജ് പാണ്ഡുരംഗ് നാഥോജി831
പണ്ഡിറ്റ് ബാബു ലാല്‍ മാഗ്576
ചൗധരി ഹരി റാം125
ശര്‍മ്മ മനോവിഹാരി അനിരുദ്ധ്125
ഖുബി റാം94
ജയത്തോടെ വി.വി.ഗിരി എന്നറിയപ്പെടുന്ന വരാഹ ഗിരി വെങ്കട ഗിരി രാഷ്ട്രപതിയായും താത്കാലിക രാഷ്ട്രപതിയായും സേവനമനുഷ്ഠിച്ചിട്ടുള്ള ഒരേയൊരു വ്യക്തിയെന്ന വിശേഷണം സ്വന്തമാക്കി. ഇന്ത്യയുടെ കേന്ദ്രതൊഴില്‍ മന്ത്രിയായും സിലോണിലേയ്ക്കുള്ള (ശ്രീലങ്ക) ഹൈക്കമ്മീഷണറായും പ്രവര്‍ത്തിച്ചിട്ടുണ്ട് അദ്ദേഹം. ഇദ്ദേഹമാണ് ഏറ്റവും കുറഞ്ഞ ഭൂരിപക്ഷത്തില്‍ ഇന്ത്യന്‍ രാഷ്ട്രപതിയായത്. 1971ലെ അടിയന്തരാവസ്ഥ സമയത്തെ രാഷ്ട്രപതിയുമായിരുന്നു. ഉത്തര്‍ പ്രദേശ്(1957-1960), കേരളം (1960-1965) എന്നീ സംസ്ഥാനങ്ങളുടെയും, മൈസൂരിന്റെയും (1965-1967) ഗവര്‍ണറായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 1894 ഓഗസ്റ്റ് 10ന് ഒറീസയിലെ ഗന്‍ജാം ജില്ലയിലെ ബെഹ്‌റാം പൂരിലാണ് വി.വി.ഗിരി ജനിച്ചത്. മദ്രാസിലായിരുന്നു ആദ്യകാല വിദ്യാഭ്യാസം. പിന്നീട് നിയമം പഠിക്കാന്‍ ഗിരി അയര്‍ലണ്ടിലേക്ക് പോയി. എ.ഐ.ടി.യു.സി, അഖിലേന്ത്യാ റയില്‍വേ വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ എന്നിവയുടെ അഖിലേന്ത്യാ പ്രസിഡന്റായിരുന്ന ഗിരി മികച്ച എഴുത്തുകാരനും പ്രാസംഗികനുമായിരുന്നു. 1914ല്‍ ലണ്ടനില്‍ വച്ച് ഗാന്ധിജിയെ കണ്ടുമുട്ടിയതോടെ സ്വാതന്ത്ര്യസമരത്തില്‍ ആകൃഷ്ടനായി. 1921ല്‍ ബെഹ്‌റാംപൂരിൽ മദ്യഷാപ്പ് പിക്കറ്റ് ചെയ്ത് അറസ്റ്റ് വരിച്ചു. ബംഗാള്‍-നാഗ്പുര്‍ റയില്‍വേ മെന്‍സ് യൂണിയന്‍ സ്ഥാപിച്ച അദ്ദേഹം 1927ല്‍ സമരം നയിച്ച് തൊഴിലാളികളുടെ അവകാശങ്ങള്‍ നേടിയെടുക്കുന്നതിലും പങ്ക് വഹിച്ചു. 1967ലാണ് ഗിരിയെ ഉപരാഷ്ട്രപതിയായി തിരഞ്ഞെടുത്തത്. 1975ല്‍ ഭാരതരത്‌നം നല്‍കി രാജ്യം ആദരിച്ചു. കൃതികള്‍: വോയ്‌സ് ഒഫ് കോണ്‍ഷ്യന്‍സ്, ലേബര്‍ പ്രോബ്‌ളംസ് ഇന്‍ ഇന്ത്യന്‍ ഇന്‍ഡസ്ട്രി, മൈ ലൈഫ് ആന്‍ഡ് ടൈംസ്, 1980ല്‍ അന്തരിച്ചു.

ഫക്രുദ്ദീൻ അലി അഹമ്മദ് പത്നിക്കൊപ്പം. ഫോട്ടോ: മാതൃഭൂമി ആർക്കൈവ്സ്

ഫക്രുദ്ദീന്‍ അലി, അടിയന്തരാവസ്ഥ കാലത്തെ രാഷ്ട്രപതി

ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ അവസാന കാലത്തു നേരിയ തോതില്‍ ആരംഭിച്ച കോണ്‍ഗ്രസിലെ ഗ്രൂപ്പിസം 1969 ആയപ്പോഴേക്കും പൊട്ടിത്തറിയുടെ വക്കിലായിരുന്നു. അതിന് തീ പകരുന്നതായിരുന്നു ഇന്ദിരയുടെ പിന്തുണയോടെയുള്ള വിവി ഗിരിയുടെ രാഷ്ട്രപതി പദം. ഗിരി പ്രഥമപൗരനായി ചുമതലയേറ്റ് രണ്ട് മാസം കഴിഞ്ഞ് 1969 നവംബര്‍ 12ന് അന്നത്തെ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയെ കോണ്‍ഗ്രസില്‍ നിന്നു പ്രസിഡന്റ് എസ്. നിജലിംഗപ്പയുടെ നേതൃത്വത്തിലുള്ള പ്രവര്‍ത്തക സമിതി പുറത്താക്കി. അതോടെ പാര്‍ട്ടി പിളര്‍ന്നു. നിജലിംഗപ്പ വിഭാഗം സംഘടനാ കോണ്‍ഗ്രസ് അഥവാ പ്രതിപക്ഷ കോണ്‍ഗ്രസ് എന്നും ഇന്ദിരാ വിഭാഗം ഭരണ കോണ്‍ഗ്രസ് എന്നും അറിയപ്പെട്ടു. ഇക്കാലത്ത് ഇന്ദിരയുടെ വിശ്വസ്തന്‍മാരില്‍ ഒരാളായിരുന്നു ഫക്രുദ്ദീന്‍ അലി. 1905മേയ് 13ന് ഡല്‍ഹിയിലെ സമ്പന്നകുടുംബത്തിലാണ് ജനനം. 1931ല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന് സജീവരാഷ്ട്രീയത്തില്‍ പ്രവര്‍ത്തിച്ചുതുടങ്ങിയ അദ്ദേഹം 1937ല്‍ അസം നിയമസഭാംഗവും 1952ല്‍ രാജ്യസഭാംഗവും 1966ല്‍ കേന്ദ്രമന്ത്രിയുമായി. 1974ലെ രാഷ്ട്രപതി പദത്തിലേക്ക് ഇന്ദിര നിര്‍ദേശിച്ചതും ഫക്രുദ്ദീന്‍ അലിയുടേ പേരായിരുന്നു. ആര്‍എസ്പി സ്ഥാപകാംഗമായ ത്രിദിബ് ചൗധരിയായിരുന്നു പ്രതിപക്ഷ സ്ഥാനാര്‍ഥി. ഫക്രുദ്ദീന്‍ അലി: 7,65,587. ത്രിദിബ് ചൗധരി: 1,89,196 എന്നിങ്ങനെയായിരുന്നു വോട്ട് നില. തിരഞ്ഞെടുക്കപ്പെടാന്‍ നേരിയ സാധ്യതപോലുമില്ലാത്തവര്‍ സ്ഥാനാര്‍ഥിയാവുന്നത് അടക്കമുള്ള കാര്യങ്ങള്‍ നിയന്ത്രിക്കാന്‍ 1952ലെ രാഷ്ട്രപതി, ഉപരാഷ്ട്രപതി നിയമവും ചട്ടങ്ങളും 1974ല്‍ പാര്‍ലമെന്റ് ഭേദഗതി ചെയ്ത ശേഷം നടന്ന തിരഞ്ഞെടുപ്പായിരുന്നു ഇത്. പത്രികയില്‍ 10 വോട്ടര്‍മാര്‍ രാഷ്ട്രപതി സ്ഥാനാര്‍ഥിയുടെ പേര് നിര്‍ദ്ദേശിക്കുകയും 10 പേര്‍ പിന്താങ്ങുകയും വേണമെന്ന് വ്യവസ്ഥ വന്നു. കരുതല്‍ ധനമായി 2500 രൂപ നിശ്ചയിക്കപ്പെട്ടു. സ്ഥാനാര്‍ഥിക്ക് 20 വോട്ടര്‍മാരെ കൂടെ ഹര്‍ജിക്കാരാക്കി മാത്രമേ സുപ്രീം കോടതിയില്‍ രാഷ്ട്രപതി തിരഞ്ഞെടുപ്പ് മാത്രം ചോദ്യം ചെയ്യാനുവെന്ന വ്യവസ്ഥയും പ്രാബല്യത്തില്‍ വന്നു. 1974 ആഗസ്റ്റ് 24നാണ് ഫക്രുദ്ദീന്‍ അലി അഹ്മദ് ഇന്ത്യയുടെ രാഷ്ട്രപതിയാകുന്നത്. ഏകദേശം ഒരുവര്‍ഷം കഴിഞ്ഞ്, 1975 ജൂണ്‍ 12ന് 1971ലെ തെരഞ്ഞെടുപ്പില്‍ ഇന്ദിരാജിയോട് തോറ്റ രാജ്നാരായണന്‍ നല്‍കിയ തെരഞ്ഞെടുപ്പ് കേസിന്റെ കോടതി വിധി വന്നു. ഇന്ദിരയെക്കെതിരായ വിധി, ആറ് വര്‍ഷത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട ഏതെങ്കിലും സ്ഥാനം വഹിക്കുകയോ അതിന് മത്സരിക്കുകയോ ചെയ്യരുതെന്ന് വ്യക്തമാക്കി. ഈ അവസരം കോണ്‍ഗ്രസിലെ മുന്‍ സിന്‍ഡിക്കേറ്റ് വിഭാഗവും സോഷ്യലിസ്റ്റ് പാര്‍ട്ടിക്കാരും പ്രയോജനപ്പെടുത്തി. രാജ്യത്ത് ഇന്ദിരാ വിരുദ്ധ പ്രതിഷേധങ്ങള്‍ ശക്തമാക്കി. അതോടെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയുടെ ഉപദേശം അനുസരിച്ച് രാഷ്ട്രപതി ആയിരുന്ന ഫക്രുദ്ദീന്‍ അലി അഹമ്മദ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. എല്ലാ ആറുമാസം തോറും അടിയന്തരാവസ്ഥ തുടരുവാനുള്ള അനുമതിയും നല്‍കി. ഇത് 1977ല്‍ തിരഞ്ഞെടുപ്പ് നടക്കുന്നതുവരെ തുടര്‍ന്നു. രാഷ്ട്രപതിയായിരിക്കെ ഫക്രുദ്ദീന്‍ അലി 1977 ഫെബ്രുവരി 11ന് 71ാം വയസ്സില്‍ അന്തരിച്ചു. പദവിയിലിരിക്കെ മരിക്കുന്ന രണ്ടാമത്തെ രാഷ്ട്രപതിയാണ് അദ്ദേഹം.

നീലം സഞ്ജീവ റെഡ്ഡി. ഫോട്ടോ: മാതൃഭൂമി ആർക്കൈവ്സ്

എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട നീലം സഞ്ജീവ റെഡ്ഡി

ഇന്ദിരാഗാന്ധിക്കും അടിയന്തരാവസ്ഥക്കുമെതിരെ ഉള്ള ഒരു വിധിയെഴുത്ത് ആയിരുന്നു 1977ലെ ലോക്‌സഭ തിരഞ്ഞെടുപ്പ്. ഇന്ദിര ദയനീയമായി തോറ്റു. ഈ സമയത്ത് തന്നെയാണ് ഫക്രുദ്ദീന്‍ അലിയുടെ മരണത്തെ തുടര്‍ന്നുള്ള രാഷ്ട്രപതി തിരഞ്ഞെടുപ്പ് നടക്കുന്നത്. മൊറാര്‍ജി ദേശായിയുടെ ജനതാ ഗവണ്മന്റ് നീലം സഞ്ജീവ റെഡ്ഡിയെ തന്നെ കളത്തിലിറക്കി. ജൂലൈ 21നു നടന്ന തെരഞ്ഞെടുപ്പില്‍ 37 പേര്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചെങ്കിലും 1974ലെ ഭേദഗതി നിയമപ്രകാരം റെഡ്ഡിയുടേതൊഴികെ മറ്റെല്ലാം സ്ഥാനാര്‍ത്ഥികളുടെയും പത്രിക തള്ളിപ്പോയി. തുടര്‍ന്ന്, അദ്ദേഹം എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട ആദ്യ രാഷ്ട്രപതിയായി. ലോക്സഭയിലെ 524ഉം രാജ്യസഭയിലെ 232ഉം 22 സംസ്ഥാന നിയമസഭകളിലെ 3,776ഉം ഉള്‍പ്പെടെ 4,532 പേരാണ് അന്ന് വോട്ടര്‍മാരായിരുന്നത്. എംപി വോട്ടിന്റെ മൂല്യം- 702ആയിരുന്നു. സമ്പന്നനും ഭൂവുടമയുമായ അദ്ദേഹം തന്റെ 60 ഏക്കര്‍ ഭൂമിയാണ് അക്കാലത്ത് സര്‍ക്കാരിന് വിട്ട് നല്‍കിയത്. രാഷ്ട്രപതിയെന്ന നിലയില്‍ തനിക്ക് ലഭിച്ച ശമ്പളത്തിന്റെ 30% മാത്രമാണ് റെഡ്ഡി എടുത്തിരുന്നത്. ബാക്കി 70% തുക സര്‍ക്കാര്‍ ഫണ്ടിലേക്ക് നല്‍കി. 1982ല്‍ സഞ്ജീവ റെഡ്ഡിയുടെ രാഷ്ട്രപതി കാലാവധി അവസാനിച്ചു. ആന്ധ്രയിലെ അനന്തപൂര്‍ ജില്ലയിലെ ഇല്ലൂരിലാണ് റെഡ്ഡി ജനിച്ചത്. ബിരുദധാരിയല്ലാത്ത ആദ്യത്തെ രാഷ്ട്രപതിയായിരുന്നു അദ്ദേഹം. ഒരിക്കല്‍ തോറ്റ് പിന്നീട് രാഷ്ട്രപതിയായ വ്യക്തി, മുഖ്യമന്ത്രി, ലോക്സഭ സ്പീക്കര്‍ എന്നീ പദവികള്‍ വഹിച്ചശേഷം രാഷ്ട്രപതിസ്ഥാനം അലങ്കരിച്ചു എന്നീ പ്രത്യേകതളും അദ്ദേഹത്തിനുണ്ട്. ആന്ധ്ര സംസ്ഥാനം രൂപവത്കരിച്ചശേഷം ആദ്യമുഖ്യമന്ത്രിയായി. 1959ല്‍ കോണ്‍ഗ്രസ് പ്രസിഡന്റായി. 1962ല്‍ വീണ്ടും മുഖ്യമന്ത്രിയായി. 1964ല്‍ സ്ഥാനം രാജിവെച്ചു. തുടര്‍ന്ന്, ലാല്‍ ബഹദൂര്‍ ശാസ്ത്രി, ഇന്ദിര ഗാന്ധി മന്ത്രിസഭകളില്‍ മന്ത്രിയായി. 1967ലാണ് ലോക്സഭാസ്പീക്കറാകുന്നത്. 1969ല്‍ സ്പീക്കര്‍സ്ഥാനം രാജിവെച്ചാണ് അദ്ദേഹം രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ മത്സരിച്ചത്. വി.വി. ഗിരിയായിരുന്നു എതിര്‍സ്ഥാനാര്‍ഥി. എന്നാല്‍, റെഡ്ഡി നേരിയ ഭൂരിപക്ഷത്തിന് തോറ്റു. ഇടവേളക്കുശേഷം 1975ല്‍ ജനതാപാര്‍ട്ടിയില്‍ ചേര്‍ന്നു. ആന്ധ്രയില്‍നിന്ന് വീണ്ടും ലോകസഭയിലെത്തി സ്പീക്കറായി. പിന്നീട്, ഫക്രുദ്ദീന്‍ അലി അഹ്മദിന്റെ മരണത്തെതുടര്‍ന്നു നടന്ന തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ രാജി വച്ചു.1996ല്‍ ജൂണ്‍ ഒന്നിനാണ് സഞ്ജീവറെഡ്ഡി അന്തരിച്ചത്.

സെയിൽ സിങ്ങും ഇന്ദിരാഗാന്ധിയും. ഫോട്ടോ: മാതൃഭൂമി ആർക്കൈവ്സ്

പോക്കറ്റ് വീറ്റോ പ്രായോഗിച്ച ഗ്യാനി സെയില്‍ സിങ്

1982ലാണ് ഗ്യാനി സെയില്‍ സിങ് രാഷ്ട്രപതി പദവിയിലെത്തുന്നത്. അടിയന്തരാവസ്ഥയെ ചോദ്യം ചെയ്ത് സുപ്രീംകോടതിയില്‍ വന്ന കേസില്‍ അന്നത്തെ ചീഫ് ജസ്റ്റീസും ബഞ്ചിലെ മറ്റ് ജഡ്ജിമാരും വഴങ്ങിയിട്ടും (ഹേബിയസ് കോര്‍പസ് കേസുകളില്‍) ഇന്ദിരാഗാന്ധിയ്‌ക്കെതിരേ ഉറച്ചു നിന്ന മുന്‍ സുപ്രീംകോടതി ജഡ്ജി എച്ച് ആര്‍ ഖന്നയോടായിരുന്നു അദ്ദേഹത്തിന്റെ ഏറ്റുമുട്ടല്‍. ഈ കേസിന്റെ പേരില്‍ സുപ്രിംകോടതി ചീഫ് ജസ്റ്റിസ് പദവി വരെ നഷ്ടമായ ഖന്ന അന്താരാഷ്ട്രതലത്തില്‍ പോലും പ്രശസ്തനായിരുന്നു. അന്ന് അസംബ്ലിയിലേയും മെമ്പര്‍മാരുടേയുമെല്ലാം വോട്ടുകള്‍ കൂട്ടിനോക്കുമ്പോള്‍ കോണ്‍ഗ്രസ്സിനാണ് മേല്‍ക്കോയ്മ. എന്നാല്‍ തോല്‍ക്കുമെന്നറിഞ്ഞിട്ടും അദ്വാനിയുടേയും ചരണ്‍സിങ്ങിന്റേയും നിര്‍ബന്ധത്തിനു വഴങ്ങി, ഒമ്പത് പ്രതിപക്ഷ പാര്‍ട്ടിയുടെ സംയുക്ത സ്ഥാനാര്‍ഥിയായി ഖന്ന. സെയില്‍ സിങ് വിജയിച്ചപ്പോള്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ കുടുംബസമേതം ഖന്ന പങ്കെടുക്കുകയും ചെയ്തു. ആ വര്‍ഷം ജൂലൈ 12ന് നടന്ന തിരഞ്ഞെടുപ്പില്‍ ലോക്സഭയിലെ 524ഉം, രാജ്യസഭയിലെ 232ഉം 22 സംസ്ഥാന നിയമസഭകളിലെ 3827 അംഗങ്ങളുമായി 4583 പേര്‍ വോട്ടവകാശം വിനിയോഗിച്ചു. എംപി വോട്ടിന്റെ മൂല്യം- 702ആയിരുന്നു. സെയില്‍ സിങ്: 7,54,113. എച്ച് ആര്‍ ഖന്ന: 2,82,685 വോട്ടും ലഭിച്ചു. രാജ്യത്ത് ആദ്യമായി പോക്കറ്റ് വീറ്റോ പ്രയോഗിച്ച രാഷ്ട്രപതിയായിരുന്നു സിങ്. 1986ല്‍ ആയിരുന്നു പൗരന്‍ അയക്കുന്ന കത്തുകള്‍ തടഞ്ഞ് വെക്കാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് അധികാരം നല്‍കുന്നപോസ്റ്റ് ഓഫീസ് ഭേദഗതി ബില്‍ പാര്‍ലമെന്റ് പാസാക്കിയത്. പക്ഷേ ഈ ബില്ലില്‍ ഒപ്പ് വയ്ക്കാന്‍ അന്നത്തെ രാഷ്ട്രപതി ഗ്യാനി സെയില്‍ സിങ് തയ്യാറായില്ല. ബില്‍ പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പാര്‍ലെമെന്റിലേക്ക് തിരിച്ചയക്കാനും അദ്ദേഹം തയ്യാറായില്ല. തിരിച്ചയാക്കാതെ ഇരിക്കാന്‍ ഒരു കാരണമുണ്ട്. രാഷ്ട്രപതി പുനഃപരിശോധന ആവശ്യപ്പെട്ട് തിരിച്ചയച്ച ബില്‍ പാര്‍ലമെന്റ് വീണ്ടും പാസ്സാക്കിയാല്‍, ആ ബില്ലില്‍ രാഷ്ട്രപതി നിര്‍ബന്ധമായും ഒപ്പ് വെക്കണം എന്നാണ് നിയമം. ആ ബില്ലില്‍ ഒരു നടപടിയും എടുക്കാതെ സിങ് അത് പോക്കറ്റ് വീറ്റോ ചെയ്തു. ഇന്ത്യയില്‍ പോക്കറ്റ് വീറ്റോ പ്രായോഗികപെട്ട ഏക അവസരവും ഇതാണ്. 1987 വരെ രാഷ്ട്രപതി പദവിയിലിരുന്ന അദ്ദേഹത്തിന്റെ കാലത്താണ് 1984ല്‍ മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടതിനെ തുടര്‍ന്നുള്ള ഓപറേഷന്‍ ബ്ലൂ സ്റ്റാര്‍ എന്ന രാഷ്ട്രീയ നടപടിയും 1984ലെ സിഖ് കലാപവും നടന്നത്. രാജീവ് ഗാന്ധിയെ പ്രധാനമന്ത്രിയായി പ്രഖ്യാപിച്ചതും അദ്ദേഹമാണ്.പഞ്ചാബിലെ ഫരീദ്കോട്ടിലെ സന്താപനില്‍ 1916 മേയ് അഞ്ചിനാണ് സെയില്‍ സിങ്ങിന്റെ ജനനം. കോണ്‍ഗ്രസിലൂടെ ദേശീയസ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായിമാറിയ അദ്ദേഹം ഫരീദ്കോട്ട് രാജാവിനെ ധിക്കരിച്ച് രാഷ്ട്രീയത്തിലിറങ്ങിയതിന്റെ പേരില്‍ 22ാം വയസ്സില്‍ തടവറയില്‍ അടയ്ക്കപ്പെട്ടു. അതോടെ ജയില്‍ സിങ് എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങി. ഇതാണ് പിന്നീട് പരിഷ്‌കരിച്ച് സെയില്‍ സിങ് എന്നാക്കിയത്. പഞ്ചാബില്‍ മന്ത്രി, രാജ്യസഭാംഗം, പഞ്ചാബ് മുഖ്യമന്ത്രി, ലോക്സഭാംഗം, കേന്ദ്രമന്ത്രി തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചു. 78ാം വയസില്‍ ചണ്ഡിഗഢില്‍ കാറപകടത്തില്‍ കൊല്ലപ്പെടുകയായിരുന്നു.

ആർ.വെങ്കിട്ടരാമൻ. ഫോട്ടോ: മാതൃഭൂമി ആർക്കൈവ്സ്

നാല് പ്രധാനമന്ത്രിമാര്‍ക്കൊപ്പം പ്രവര്‍ത്തിച്ച ആര്‍ വെങ്കിട്ടരാമന്‍

കോണ്‍ഗ്രസിനകത്ത് അഭിപ്രായ ഭിന്നതകള്‍ ശക്തമായിരുന്ന കാലത്താണ് ആര്‍ വെങ്കിട്ടരാമന്‍ പ്രഥമ പൗരന്റെ പദം അലങ്കരിക്കുന്നത്. രാജീവ് ഗാന്ധിയുടെ പ്രധാനമന്ത്രി പദം തെറിക്കുമെന്ന ആശങ്ക അക്കാലത്ത് ശക്തമായിരുന്നു. ഒപ്പം സെയില്‍ സിങിന് ഒരുതവണ കൂടി മത്സരിക്കാന്‍ താല്‍പര്യവുമുണ്ടായി. പക്ഷെ ഇത് രാജീവ് ഗാന്ധിക്ക് സമ്മതമായില്ല. അപ്പോഴാണ് കോണ്‍ഗ്രസിലെ എല്ലാവരെയും തൃപ്തിപ്പെടുത്തുന്നതിനായി വെങ്കിട്ടരാമന്റെ പേര് രാജീവ് നിര്‍ദേശിക്കുന്നത്. പ്രതീക്ഷിച്ചത് പോലെ സ്ഥാനാര്‍ത്ഥിത്വം അംഗീകരിക്കപ്പെട്ടു. എംപിമാരുടെയും എംഎല്‍എമാരുടെയും വോട്ടുകള്‍ കൂട്ടിനോക്കുമ്പോള്‍ കോണ്‍ഗ്രസ്സിനാണ് മേല്‍ക്കോയ്മ എന്നതിനാല്‍ പാര്‍ട്ടി തിരഞ്ഞെടുപ്പ് സുഗമമായിരിക്കുമെന്നും അദ്ദേഹം പ്രതീക്ഷിച്ചു. അപ്പോഴും പ്രതിപക്ഷത്തിന് സമ്മതനായ ഒരു സ്ഥാനാര്‍ത്ഥിയെ ലഭിച്ചിരുന്നില്ല. എങ്കിലും കോണ്‍ഗ്രസിലെ ഭിന്നത, പിളര്‍പ്പിലെത്തിക്കാനായിരുന്നു പ്രതിപക്ഷ ശ്രമം.

കോണ്‍ഗ്രസ് (ഐ)യില്‍ പിളര്‍പ്പ് കൊണ്ടുവരാന്‍ ഏറ്റവും സാധ്യതയുള്ള വ്യക്തി മറ്റാരുമല്ല, നിലവിലെ രാഷ്ട്രപതി സെയില്‍ സിങാണെന്ന തിരിച്ചറിവായിരുന്നു ഇതിന് കരുത്ത് പകര്‍ന്നത്. പ്രതിപക്ഷം ഒന്നിച്ചുനിന്ന് പിന്തുണച്ചാല്‍ മത്സരിക്കാന്‍ സെയില്‍ സിങിന് സമ്മതമായിരുന്നു. ഇതിനുള്ള നീക്കങ്ങള്‍ നടക്കുന്നതിനിടയിലാണ് മലയാളി ഇടത് നേതാവ് ഇ എം എസും മറ്റും ചേര്‍ന്ന് മലയാളിയായ കൃഷ്ണയ്യരെ ഏകപക്ഷീയമായി രംഗത്തിറക്കിയത്. ബിജെപിക്ക് കൃഷ്ണയ്യരെ പിന്താങ്ങുകയല്ലാതെ മറ്റുമാര്‍ഗങ്ങള്‍ ഇല്ല എന്നതായിരുന്നു ഇടതുകക്ഷികളുടെ നിലപാട്. പക്ഷെ അതിനു ബിജെപി വഴങ്ങിയില്ല. ഒരു പഴയ കമ്മ്യൂണിസ്റ്റ് സഹയാത്രികന്‍ എന്നമട്ടില്‍ അദ്ദേഹത്തെക്കുറിച്ച് അന്ന് എല്‍ കെ അദ്വാനി സംസാരിക്കുകയും ചെയ്തു. അവസാനം മലയാളിയായ കൃഷ്ണയ്യര്‍ പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയായി. എന്നാല്‍ ഈ രണ്ട് പേരേക്കാളും മാധ്യമങ്ങളില്‍ ഇടം പിടിച്ചത് മൂന്നാമത്തെ സ്ഥാനാര്‍ത്ഥി അഭിഭാഷകനായ മിഥിലേഷ് കുമാറാണ്. കോണ്‍ഗ്രസിനെ നേരിടാന്‍ പ്രതിപക്ഷം ഡമ്മിയായി നിര്‍ത്തിയ സ്ഥാനാര്‍ത്ഥിയായാണ് മിഥിലേഷ് കുമാര്‍ അറിയപ്പെട്ടത്. ഒപ്പം മിഥിലേഷ് പ്രായമായ ആളാണെന്നും ശാരീരികമായി ദുര്‍ബലനായ വ്യക്തിയാണെന്നും സര്‍ക്കാരിലും ഇന്റലിജന്‍സ് ലോബികളിലും കഥ പ്രചരിച്ചു. മിഥിലേഷ് മരണപ്പെടുകയോ മറ്റോ ചെയ്താല്‍ രാഷ്ട്രപതി തിരഞ്ഞെടുപ്പ് റദ്ദാവും. അതോടെ സെയില്‍ സിങ് അധികാരത്തില്‍ തുടരുകയും രാജീവ് ഗാന്ധി സര്‍ക്കാരിനെ പിരിച്ചുവിടുമെന്ന ഭീഷണി നടപ്പാക്കുമെന്നും പ്രചരിച്ചു. പിന്നാലെ മിഥിലേഷിന് 300 പോലിസുകാരുടെ സുരക്ഷയും വിഷമയമില്ലാത്ത ഭക്ഷണവും മുഴുവന്‍ സമയ ഡോക്ടറുടെ സേവനവും സര്‍ക്കാര്‍ ഏര്‍പ്പെടുത്തി കൊടുത്തു. ഇയാളുടെ സ്ഥാനാര്‍ത്ഥിത്വം റദ്ദാക്കാന്‍ വലിയ സമ്മര്‍ദ്ദമുണ്ടായതായി അന്നത്തെ റിട്ടേണിങ് ഓഫിസര്‍ പില്‍ക്കാലത്ത് വെളിപ്പെടുത്തിയിരുന്നു. തിരഞ്ഞെടുപ്പിനു മുന്‍പ് തങ്ങള്‍ക്ക് ജനത്തെ ഓള്‍ ഇന്ത്യ റേഡിയോയിലൂടെയും ദൂരദര്‍ശനിലൂടെയും അഭിസംബോധന ചെയ്യാന്‍ അവസരം നല്‍കണമെന്ന് (കൃഷ്ണയ്യരും മിഥിലേഷ് കുമാറും) സ്ഥാനാര്‍ത്ഥികള്‍ അഭ്യര്‍ഥിച്ചതും കേന്ദ്രം അത് തള്ളിയ സംഭവവും അന്നുണ്ടായി.

സ്ഥാനാർഥിവോട്ട്
ആര്‍.വെങ്കട്ടരാമന്‍7,40,148
വി.ആര്‍.കൃഷ്ണയ്യര്‍2,81,550
മിഥിലേഷ് കുമാര്‍2,223
1987 ജൂലായ് 25ന് ഇന്ത്യയുടെ എട്ടാമത്തെ പ്രസിഡന്റായി ആര്‍. വെങ്കിട്ടരാമന്‍ സത്യപ്രതിജ്ഞ ചെയ്തു. 1992 ജൂലൈ 25 ന് അവസാനിച്ച അദ്ദേഹത്തിന്റെ ഭരണകാലത്ത്, നരസിംഹറാവു, ചന്ദ്രശേഖര്‍, വിശ്വനാഥ് പ്രതാപ് സിംഗ്, രാജീവ് ഗാന്ധി എന്നീ നാല് പ്രധാനമന്ത്രിമാരുടെ മാറി മാറിയുള്ള ഭരണവും ഇന്ത്യ കണ്ടു. തമിഴ്നാട്ടിലെ തഞ്ചാവൂരില്‍ രാജമഠം ഗ്രാമത്തില്‍ 1910 ഡിസംബര്‍ 10നാണ് ആര്‍ വെങ്കിട്ടരാമന്റെ ജനനം. സ്വാതന്ത്ര്യസമര സേനാനി, രാജ്യതന്ത്രഞ്ജന്‍, സുപ്രീംകോടതി അഭിഭാഷകന്‍, ഭരണാധികാരി, ട്രേഡ് യൂനിയന്‍ നേതാവ്, പത്രാധിപര്‍ എന്നീ നിലകളിലെല്ലാം പ്രശസ്തനായിരുന്നു. 1952ല്‍ ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1955മുതല്‍ 1999വരെ യു.എന്‍ അഡ്മിനസ്ട്രേറ്റിവ് ട്രൈബ്യൂണല്‍ അംഗമായിരുന്ന അദ്ദേഹം 77ല്‍ വീണ്ടും പാര്‍ലമെന്റ് അംഗമായി. തുടര്‍ന്ന്, കേന്ദ്രമന്ത്രിയും ഉപരാഷ്ട്രപതിയുമായി.

നാലു പ്രധാനമന്ത്രിമാരെ സത്യപ്രതിജ്ഞ ചെയ്യിച്ച ഡോ.ശങ്കര്‍ ദയാല്‍ ശര്‍മ്മ

1992 ജുലായ് 13ന് നടന്ന തിരഞ്ഞെടുപ്പില്‍ നാല് സ്ഥാനാര്‍ത്ഥികളാണ് ഉണ്ടായിരുന്നത്. കോണ്‍ഗ്രസിനായി ശങ്കര്‍ ദയാല്‍ ശര്‍മ്മയും ബിജെപി- നാഷണല്‍ ഫ്രണ്ട് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മേഘാലയയില്‍ നിന്നുള്ള രാജ്യസഭാംഗം ജോര്‍ജ് ഗില്‍ബര്‍ട്ട് സ്വെലും രംഗത്തിറങ്ങിയപ്പോള്‍ അഭിഭാഷകനായ രാം ജഠ് മലാനിയും ഉത്തര്‍ പ്രദേശിലെ ടെക്സ്റ്റയില്‍സ് ഉടമസ്ഥനും ഇന്ത്യയിലെ 14 സംസ്ഥാനങ്ങളില്‍ നിന്ന് 300ഓളം തിരഞ്ഞെടുപ്പുകളില്‍ മല്‍സരിച്ച് തോറ്റ കാക ജോഗിന്ദര്‍ സിങും മല്‍സരത്തിനിറങ്ങി.

സ്ഥാനാർഥിവോട്ട്
ഡോ.ശങ്കര്‍ ദയാല്‍ ശര്‍മ്മ6,75,804
ജോര്‍ജ് ഗില്‍ബര്‍ട്ട് സ്വെല്‍3,46,485
റാം ജഠ്മലാനി2,704
കാക്കാ ജൊഗീന്ദര് സിങ് ഉര്‍ഫ് ധര്‍ത്തി പകട്1,135
നരസിംഹരാവു, വാജ്‌പേയ്, ദേവഗൗഡ, ഗുജ്‌റാള്‍ എന്നിങ്ങനെ നാലു പ്രധാനമന്ത്രിമാര്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്ത രാഷ്ട്രപതിയാണ് ശര്‍മ്മ. ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളില്‍ ഗവര്‍ണര്‍ ആയിരുന്നു. മധ്യപ്രദേശ് മുഖ്യമന്ത്രി സ്ഥാനവും വഹിച്ച അദ്ദേഹം 1992 ജൂലായ് മുതല്‍ 1997 ജൂലൈ വരെ രാഷ്ട്രപതിയായി തുടര്‍ന്നു. ആര്‍. വെങ്കിട്ടരാമന്‍ രാഷ്ട്രപതിയായിരിക്കെ അദ്ദേഹം ഉപരാഷ്ട്രപതിയായിരുന്നു. 1918ല്‍ ജനിച്ച അദ്ദേഹം 1999ലാണ് അന്തരിച്ചത്.

കെ. ആർ.നാരായണനും ഗുജ്​റാളും. ഫോട്ടോ: മാതൃഭൂമി ആർക്കൈവസ

പദവിയിലെ വിവേചനാധികാരം ക്രിയാത്മകമായി ഉപയോഗിച്ച കെആര്‍ നാരായണന്‍

സ്വാതന്ത്ര്യത്തിന്റെ സുവര്‍ണ ജൂബിലി വര്‍ഷത്തിലും ഇന്ത്യയെ നയിച്ച രാഷ്ട്രപതിയായിരുന്നു കെആര്‍ നാരായണന്‍. ഉപരാഷ്ട്രപതിയില്‍ നിന്നും നേരിട്ട് രാഷ്ട്രപതിയിലേക്ക് നാമനിര്‍ദ്ദേശം ലഭിക്കുമ്പോള്‍ അദ്ദേഹത്തിന്റെ നോമിനേഷനെ എതിര്‍ക്കാന്‍ പ്രബല ശക്തികള്‍ ആരുമില്ലായിരുന്നു ഭരണകക്ഷിയായ യുണൈറ്റഡ് ഫ്രണ്ട് സ്ഥാനാര്‍ഥി കെ ആര്‍ നാരായണനെ കോണ്‍ഗ്രസും ബിജെപിയുമടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളും പിന്തുണച്ചു. ശിവസേനയും ചില സ്വതന്ത്ര എംഎല്‍എമാരുടെയും പിന്തുണയോടെ മുന്‍ തിരഞ്ഞെടുപ്പുകമീഷണറായിരുന്ന ടിഎന്‍ ശേഷന്‍ മത്സരിച്ചു. അദ്ദേഹത്തിന് കെട്ടിവച്ച കാശ് നഷ്ടമായി. കെ ആര്‍ നാരായണന്‍: 9,56,290, ടി എന്‍ ശേഷന്‍: 50,361 ഇങ്ങനെയായിരുന്നു വോട്ട് നില. 97 ജൂലായില്‍ കെആര്‍ രാജ്യത്തെ ആദ്യ ദലിത് രാഷ്ട്രപതിയായി. ഇന്ത്യ, രാഷ്ട്രീയമായി പ്രക്ഷുബ്ധമായ ഘട്ടത്തിലൂടെ സഞ്ചരിക്കുമ്പോഴാണ് അദ്ദേഹം ഉപരാഷ്ട്രപതിയും രാഷ്ട്രപതിയുമായിരുന്നത്. 1992 മുതല്‍ 2002 വരെ. ഇക്കാലം 8 തവണ ഭരണം മാറി. ഒരു സര്‍ക്കാരിനും ഒറ്റയ്ക്കു വ്യക്തമായ ഭൂരിപക്ഷമുണ്ടായിരുന്നില്ല. 97ല്‍ കെ.ആര്‍.നാരായണന്‍ രാഷ്ട്രപതിയായ ശേഷം കോണ്‍ഗ്രസും ബിജെപിയും മൂന്നാം മുന്നണിയുമൊക്കെ പലവട്ടം സര്‍ക്കാര്‍ രൂപീകരിക്കാനുള്ള നീക്കങ്ങള്‍ നടത്തി. വ്യക്തമായ ഭൂരിപക്ഷം രേഖാമൂലം തെളിയിക്കാതെ ഒരു മുന്നണിയെയും ഭരണമേറാന്‍ കെ ആര്‍ നാരായണന്‍ അനുവദിച്ചില്ല. രാഷ്ട്രപതി പദവിയില്‍ അദ്ദേഹം തന്റെ വിവേചനാധികാരം ക്രിയാത്മകമായി ഉപയോഗിച്ച പല സന്ദര്‍ഭങ്ങളും ഉണ്ടായി.സംസ്ഥാന സര്‍ക്കാരുകളെ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം നടപ്പാക്കാനുള്ള രണ്ട് ശുപാര്‍ശകള്‍ തിരിച്ചയച്ചതാണ് അതിലൊന്ന്. ഉത്തര്‍ പ്രദേശിലെ കല്യാണ്‍ സിംഗ് മന്ത്രിസഭയെ പിരിച്ചുവിടാനുള്ള ഐ.കെ ഗുജ്റാള്‍ സര്‍ക്കാരിന്റെ ശുപാര്‍ശ ആയിരുന്നു അതില്‍ ആദ്യത്തേത്. കെ.ആര്‍ നാരായണന്‍ അതില്‍ ഒപ്പ് വെക്കാതെ തിരിച്ചയച്ചതോടെ ഗുജ്റാള്‍ സര്‍ക്കാര്‍ ആ തീരുമാനത്തില്‍ നിന്ന് പിന്മാറി. ബിഹാറിലെ റാബ്രി ദേവി മന്ത്രിസഭയെ പിരിച്ചുവിടാനുള്ള വാജ്‌പേയ് സര്‍ക്കാരിന്റെ ശുപാര്‍ശയായിരുന്നു രണ്ടാമത്തേത്. വാജ്‌പേയ് സര്‍ക്കാര്‍ പുനഃപരിശോധനക്ക് ശേഷം റാബ്രി ദേവി മന്ത്രിസഭയെ പിരിച്ചുവിടണമെന്ന് വീണ്ടും ശുപാര്‍ശ നല്‍കി. അതോടെ ആ ശുപാര്‍ശയില്‍ വിമുഖതയോടെ ഒപ്പുവെക്കാന്‍ രാഷ്ട്രപതി നിര്‍ബന്ധിതനാവുകയായിരുന്നു. കരുണാനിധിയുടെ അര്‍ധരാത്രി അറസ്റ്റിനു പിന്നാലെ തമിഴ്‌നാട് ഗവര്‍ണറെ തിരിച്ചുവിളിച്ച ചരിത്രവും അദ്ദേഹത്തിനുണ്ട്. രാഷ്ട്രപതി സ്ഥാനത്തിരിക്കെ ആദ്യമായി തിരഞ്ഞെടുപ്പില്‍ വോട്ടു ചെയ്തതും അദ്ദേഹമാണ്.

എ.പി.ജെ.അബ്ദുൾ കലാമും എ.ബി.വാജ്പെയിയും. ഫോട്ടോ: മാതൃഭൂമി ആർക്കൈവ്സ്

എപിജെ അബ്ദുള്‍ കലാം-ഇന്ത്യയെ പ്രചോദിപ്പിച്ച രാഷ്ട്രപതി

10 ജൂണ്‍ 2002ല്‍ അന്നത്തെ ഭരണകക്ഷിയായിരുന്ന ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യം പ്രതിപക്ഷപാര്‍ട്ടിയായിരുന്ന കോണ്‍ഗ്രസ്സിനോട് തങ്ങള്‍ രാഷ്ട്രപതി സ്ഥാനത്തേക്ക് അബ്ദുള്‍ കലാമിനെ നിര്‍ത്തുന്ന കാര്യം ഔദ്യോഗികമായി അറിയിച്ചു. പിന്നാലെ യുപിയിലെ സമാജ് വാദി പാര്‍ട്ടിയും കലാമിനുള്ള പിന്തുണ പ്രഖ്യാപിച്ചു. കെ.ആര്‍. നാരായണന് രണ്ടാം വട്ട അവസരം നല്‍കണമെന്നായിരുന്നു കോണ്‍ഗ്രസിനുണ്ടായിരുന്നത്. എന്നാല്‍ ഇനി രാഷ്ട്രപതിയായി മത്സരിക്കാനില്ല എന്നു പറഞ്ഞ് കെ ആര്‍, കലാമിനുള്ള വഴി സുഗമമാക്കി. അതോടെ കോണ്‍ഗ്രസും കലാമിനെ പിന്തുണച്ചു. ഇടതു പാര്‍ടികള്‍ ക്യാപ്റ്റന്‍ ലക്ഷ്മിയെ സ്ഥാനാര്‍ഥിയാക്കി. ജൂലൈ പതിനെട്ടിനായിരുന്നു വോട്ടെണ്ണല്‍. വോട്ട് നില- അബ്ദുള്‍ കലാം: 9,22,884. ക്യാപ്റ്റന്‍ ലക്ഷ്മി: 1,07,366. അങ്ങനെ അബ്ദുള്‍ കലാം ഇന്ത്യയുടെ പതിനൊന്നാമത്തെ രാഷ്ട്രപതിയായി മാറി. പൊതുരംഗത്ത് നിന്നല്ലാതെ ഇന്ത്യയുടെ പ്രഥമപൗരനായ പ്രഥമ വ്യക്തിത്വം. രാഷ്ട്രപതിയാകുന്ന ആദ്യ അവിവാഹിതനും. രാഷ്ട്രപതിയായിരിക്കുമ്പോഴും ഗവേഷകനും അധ്യാപകനുമെന്ന നിലയിലുള്ള കലാമിന്റെ വ്യക്തിത്വം സജീവമായി. കുട്ടികളോടൊപ്പം സമയംചെലവഴിക്കാന്‍ അദ്ദേഹത്തിന് ഏറെ ഇഷ്ടമായിരുന്നു. ഇന്ത്യയുടെ സമൃദ്ധമായ ഭാവിയാണ് അദ്ദേഹം കുട്ടികളില്‍ കണ്ടത്. രാഷ്ട്രപതി സ്ഥാനത്തെത്തുന്ന ആദ്യത്തെ ശാസ്ത്രജ്ഞന്‍ കൂടിയായിരുന്നു കലാം. രാഷ്ട്രപതി ഭവനിലും വളരെ ലാളിത്യം നിറഞ്ഞ ജീവിതമായിരുന്നു അദ്ദേഹം പിന്തുടര്‍ന്നു പോന്നത്. രാഷ്ട്രപതിക്ക് നിയമം മൂലം അനുവദിച്ചുകിട്ടിയിരിക്കുന്ന പല സൗജന്യ സഹായങ്ങളും സ്വീകരിക്കുവാന്‍ കലാം തയ്യാറായിരുന്നില്ല. പാദരക്ഷകള്‍ പോലും സ്വയം അണിയുകയും അഴിച്ചുമാറ്റുകയും ചെയ്തിരുന്നു. ഇത്തരം കാര്യങ്ങള്‍ ചെയ്യാന്‍ രാഷ്ട്രപതി ഭവനില്‍ ജോലിക്കാര്‍ ഉള്ളപ്പോളായിരുന്നു ഇത്. ഭാരതരത്‌ന പുരസ്‌കാരം ലഭിക്കുന്ന മൂന്നാമത്തെ രാഷ്ട്രപതി എന്ന ബഹുമതി കൂടി അബ്ദുള്‍ കലാമിനുണ്ട്. ഡോക്ടര്‍.എസ്.രാധാകൃഷ്ണനും ഡോക്ടര്‍.സക്കീര്‍ ഹുസ്സൈനുമായിരുന്നു കലാമിനു മുമ്പ് ഈ ബഹുമതിക്ക് അര്‍ഹരായവര്‍. ശേഷം പ്രണബ് മുഖര്‍ജിക്കും ഭാരതരത്‌ന ലഭിച്ചു.2015 ജൂലൈ 27 ന് 84ാം വയസ്സില്‍ അദ്ദേഹം അന്തരിച്ചു. ഷില്ലോങ്ങില്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റില്‍ പ്രസംഗിക്കുന്നതിനിടെ ഉണ്ടായ ഹൃദയാഘാതത്തെത്തുടര്‍ന്ന് കുഴഞ്ഞുവീഴുകയായിരുന്നു.

പ്രതിഭാ പാട്ടിൽ. Photo: PTI

ആദ്യ വനിതാ രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍

ഇന്ത്യയുടെ ചരിത്രത്തിലെ ആദ്യ വനിതാ രാഷ്ട്രപതിയായിരുന്നു പ്രതിഭാ ദേവീ സിങ് പാട്ടീല്‍. 2007 ജൂലൈ 25 മുതല്‍ 2012 ജൂലൈ 24 വരെ അവര്‍ രാഷ്ട്രപതിസ്ഥാനം വഹിച്ചു. 2007 ജുലൈ 19ന് നടന്ന തിരഞ്ഞെടുപ്പില്‍ബിജെപി പിന്തുണയില്‍ അന്നത്തെ ഉപരാഷ്ട്രപതി ഭൈറോണ്‍ സിങ് ഷെഖാവത്ത് മത്സരിച്ചു. വോട്ട് നില-പ്രതിഭ പാട്ടീല്‍: 6,38,116. ഷെഖാവത്ത്: 3,31,306. മൂന്ന് പതിറ്റാണ്ടിനിടെ ഇന്ത്യ കണ്ട ഏറ്റവും ദയാലുവായ രാഷ്ട്രപതിയെന്ന് പ്രതിഭാ പാട്ടീലിനെ വിശേഷിപ്പിക്കാം. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട 23 പേരുടെ ദയാഹര്‍ജികള്‍ പരിഗണിച്ച്, അവ ജീവപര്യന്തമാക്കി കുറയ്ക്കാന്‍ മനസ്സ് കാണിച്ചു. അതേസമയം, അഞ്ച് ദയാഹര്‍ജികള്‍ അവര്‍ തള്ളിയിരുന്നു. മുന്‍ പ്രധാനമന്ത്രി രാജീവ്ഗാന്ധി വധക്കേസിലെ മൂന്ന് പ്രതികള്‍, ഗുവാഹത്തി ട്രക്ക് ഡ്രൈവേഴ്സ് അസോസിയേഷന്‍ സെക്രട്ടറി ഹരകാന്ത് ദാസിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ ദവീന്ദര്‍ പാല്‍ സിംഗ്, മഹേന്ദ്രനാഥ് ദാസ് എന്നിവരുടെ ദയാഹര്‍ജികളാണിവ. 1934 ഡിസംബര്‍ 19ന് മഹാരാഷ്ട്രയിലെ ജല്‍ഗാവോണ്‍ ജില്ലയിലായിരുന്നു പ്രതിഭാ പാട്ടീലിന്റെ ജനനം. ഒരു അഭിഭാഷകയായിരുന്ന പ്രതിഭ രാഷ്ട്രപതി സ്ഥാനത്തെത്തുന്നതിനു മുന്‍പ് രാജസ്ഥാന്റെ ഗവര്‍ണര്‍ ആയിരുന്നു. രാജസ്ഥാനിലെ ആദ്യ വനിതാ ഗവര്‍ണര്‍ കൂടിയായിരുന്നു പ്രതിഭ. 1986 മുതല്‍ 1988 വരെ രാജ്യസഭാ ഉപാദ്ധ്യക്ഷയായിരുന്നു. 1962 മുതല്‍ 1985 വരെ പ്രതിഭാ പാട്ടില്‍ മഹാരാഷ്ട്ര നിയമസഭാംഗം ആയിരുന്നു. ജല്‍ഗാവോണ്‍ ജില്ലയിലെ നിയോജക മണ്ഡലങ്ങളില്‍ നിന്നായിരുന്നു പ്രതിഭ മഹാരാഷ്ട്ര നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. 1991 മുതല്‍ 1996 വരെ ലോക്സഭാംഗമായി. മത്സരിച്ച ഒരു തിരഞ്ഞെടുപ്പില്‍ പോലും പ്രതിഭാ പാട്ടീല്‍ തോല്‍വി നേരിട്ടിട്ടില്ല.

പ്രണബ് മുഖർജി. Photo: PTI

കേന്ദ്രമന്ത്രിസഭയില്‍ നിന്ന് രാഷ്ട്രപതി ഭവനിലേയ്ക്ക് പ്രണബ് മുഖര്‍ജി

2007ല്‍ ഇടതുപക്ഷമാണ് ആദ്യമായി പ്രണബിന്റെ പേര് രാഷ്ട്രപതി പദത്തിലേക്ക് നിര്‍ദേശിക്കുന്നത്. അന്ന് പക്ഷേ, യുപിഎ ക്യാബിനറ്റില്‍ തന്നെ അദ്ദേഹത്തെ നിര്‍ത്തി. 2012ല്‍ രാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്ന സമയം വന്നപ്പോള്‍ അദ്ദേഹത്തിന് തന്നെ നറുക്ക് വീണു. ആ വര്‍ഷത്തെ തിരഞ്ഞെടുപ്പ് വലിയ രാഷ്ട്രീയ മത്സരങ്ങള്‍ക്കുള്ള വേദി കൂടിയായിരുന്നു. മമതാ ബാനര്‍ജി, മുലായം സിംഗ് യാദവ്, സോമനാഥ് ബാനര്‍ജി, ടി ആര്‍ ബാലു, ശരദ് പവാര്‍, പി എം സാങ്മ എന്നിങ്ങനെ പലരുടെയും പേരുകള്‍ ഉയര്‍ന്ന് കേട്ടു. അവസാനം എപിജെ അബ്ദുല്‍ കലാമിനെ വീണ്ടും മല്‍സരിപ്പിക്കാന്‍ വരെ ശ്രമം നടന്നു.അഭിപ്രായ സമന്വയമില്ലാതെ താന്‍ അതിനു മുതിരില്ല എന്ന് കലാം പറഞ്ഞതോടെ ആ സാധ്യത മങ്ങി. ഒടുവില്‍ തിരഞ്ഞെടുപ്പ് നടന്നു. ഇടതുപക്ഷവും അവസാന നിമിഷം വരെ ഇടഞ്ഞു നിന്ന മമതയും പിന്തുണച്ചതോടെ പ്രണബ് മുഖര്‍ജി രാഷ്ട്രപതിയായി. ജൂലായ് 19ന് നടന്ന തിരഞ്ഞെടുപ്പില്‍ എതിര്‍ സ്ഥാനാര്‍ഥി ബിജെപിയുടെ പിഎ സാങ്മ ആയിരുന്നു.

സ്ഥാനാർഥിവോട്ട്
പ്രണബ്7,13,763
സാങ്മ3,15,987
ഉത്തരാഖണ്ഡിലെ രാഷ്ട്രപതി ഭരണത്തിന്റെ ഒരു തീരുമാനം ഒഴിച്ചാല്‍, ഏറെക്കുറെ ശാന്തമായിരുന്നു രാഷ്ട്രപതി എന്ന നിലയിലുള്ള പ്രണബ് മുഖര്‍ജിയുടെ പ്രസിഡന്റ് കാലം. പദവിയിലെത്തിയപ്പോള്‍ രാഷ്ട്രപതിഭവനെ ജനങ്ങള്‍ക്ക് പരിചിതമാക്കുന്നതിലാണ് പ്രണബ് ശ്രദ്ധിച്ചത്. 340 മുറികളുള്ള രാഷ്ട്രപതിഭവന്റെ ഉപയോഗിക്കാത്ത മുറികള്‍ അദ്ദേഹം സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുത്തു. അവിടത്തെ പഴയ കാഴ്ചബംഗ്ലാവുകള്‍ നവീകരിച്ചു. രാഷ്ട്രപതിഭവന്‍ വളപ്പിലെ താമസക്കാര്‍ക്കായി വായനശാല തുറന്നു. വിദ്യാഭ്യാസത്തിന്റെയും ഗവേഷണത്തിന്റെയും പ്രാധാന്യം ഊന്നിപ്പറഞ്ഞിരുന്ന രാഷ്ട്രപതിയാണ് അദ്ദേഹം. ഏറ്റവുമധികം ദയാഹര്‍ജികള്‍ തള്ളിയ രാഷ്ട്രപതി എന്ന പേരു കൂടി പ്രണബിനുണ്ട്. പാര്‍ലമെന്റ് ആക്രമണക്കേസ് പ്രതി അഫ്സല്‍ ഗുരുവിന്റേതും മുംബൈ ഭീകരാക്രമണക്കേസ് പ്രതി അജ്മല്‍ കസബിന്റേതുമുള്‍പ്പെടെ 30 ദയാഹര്‍ജികളാണ് അദ്ദേഹം നിരാകരിച്ചത്. നാലെണ്ണം അനുവദിച്ചു.

രാംനാഥ് കോവിന്ദും നരേന്ദ്ര മോദിയും

അപ്രതീക്ഷിതമായി രാംനാഥ് കോവിന്ദ്

കെ.ആര്‍ നാരായണന് ശേഷം രാഷ്ട്രപതിയാവുന്ന ദലിത് വിഭാഗക്കാരനാണ് രാംനാഥ് കോവിന്ദ്. 2017 ജൂലായില്‍ നടന്ന തിരഞ്ഞെടുപ്പില്‍ മുന്‍ ലോക്സഭാ സ്പീക്കര്‍ മീരാകുമാറായിരുന്നു പ്രതിപക്ഷ സ്ഥാനാര്‍ഥി.

സ്ഥാനാർഥിവോട്ട്
രാംനാഥ് കോവിന്ദ്7,02,044
മീരാ കുമാര്‍3,67,314

Content Highlights: president election, rashtrprathi, draupadi murmu, yashwant sinha

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
IN DEPTH

11:43

ഷെയര്‍ മാര്‍ക്കറ്റിലെ വിജയമന്ത്രം; ഓഹരി രാജാവ് വിടപറയുമ്പോള്‍ | Rakesh Jhunjunwala

Aug 14, 2022


നരേന്ദ്രമോദി, നിതീഷ് കുമാര്‍

2 min

ചിലത് കാണാനിരിക്കുന്നതേയുള്ളൂവെന്ന് നിതീഷ് കുമാര്‍; മോദിയെ തളര്‍ത്തുമോ 2024?

Aug 12, 2022


priya varghees

1 min

റിസര്‍ച്ച് സ്‌കോര്‍ ഏറ്റവും കുറവ്; പ്രിയ വര്‍ഗീസിന്റെ വിവാദ നിയമനത്തില്‍ നിര്‍ണായക രേഖ പുറത്ത്

Aug 13, 2022

Most Commented