കലഹിക്കുന്ന ക്യാപ്റ്റന്മാര്‍ വായിക്കണം മാന്‍ സിങ്ങിനെ; 83 കണ്ട് ഓര്‍ക്കണം കപിലിനെയും ലതയെയും


ബി.കെ.രാജേഷ്

15 min read
Read later
Print
Share

Image Courtesy: 83thefilm|Twitter

83-ല്‍ കപിലും കൂട്ടരും ലണ്ടനില്‍നിന്ന് കപ്പുമായി മടങ്ങുമെന്ന് ഒരാളേ പരസ്യമായി പറഞ്ഞിട്ടുള്ളൂ നമ്മുടെ അറിവില്‍, രാംസിങ് അഗര്‍വാള്‍. മുംബൈ ക്രിക്കറ്റ് ക്ലബിലെ തൊപ്പിവച്ച, സിഗാര്‍ ഊതുന്ന അരിസ്റ്റോക്രാറ്റിക് ക്രിക്കറ്റ് പണ്ഡിറ്റായിരുന്നില്ല അഗര്‍വാള്‍. ജയ്പൂരിലെ അധോലോകം വാഴുന്ന വാതുവെപ്പുമാഫിയക്കാരനുമല്ല, സെക്കന്ദരബാദിലെ സാദാ കച്ചവടക്കാരന്‍. ഒരു ജൂണ്‍ മാസത്തിലയാള്‍ കടയിലെ ജോലിക്കാരോട് പറഞ്ഞു: 'അലമാരകളില്‍ നല്ലതൊന്ന് ഒഴിച്ചിടണം. ലണ്ടനില്‍ പോയ മകന്‍ തിരിച്ചുവരുമ്പോള്‍ കപ്പുവെക്കാനൊരു ഇടം വേണം.'

വിവ് റിച്ചാര്‍ഡ്‌സിനെയോ ക്ലൈവ് ലോയ്ഡിനെയും മാല്‍ക്കം മാര്‍ഷലിനെയോ കേട്ടുകേള്‍വി പോലുമില്ലെങ്കിലും ജോലിക്കാര്‍ മുതലാളിയെ നോക്കി നെറ്റിചുളിച്ചു. അലമാരയിലെ സാധനങ്ങള്‍ അടുക്കിപ്പെറുക്കിവയ്ക്കുന്നതിനിടെ തമ്മില്‍ അടക്കം പറഞ്ഞു.'ഈ മുതലാളിക്ക് ഇതെന്തു പറ്റി. എന്ത് കിറുക്കാണ് ഈ പറയുന്നത്.'

എന്ത് കിറുക്കാണ് കാട്ടുന്നതെന്ന് പരസ്യമായി ചോദിച്ച ഒരാള്‍ കൂടിയുണ്ടായിരുന്നു. വിഖ്യാത ക്രിക്കറ്റ് ലേഖകന്‍ ഡേവിഡ് ഫ്രിത്ത്. ചരിത്രത്തിലും കളിയെഴുത്തിലും ഒരുപോലെ കൈവച്ച ഫ്രിത്തിന്റെ പരിഹാസത്തില്‍ പൊതിഞ്ഞ ചോദ്യം ഐ.സി.സിയോടായിരുന്നെന്ന് മാത്രം. മാര്‍ഷലിനെയും റിച്ചാര്‍ഡ്‌സിനെയും മാത്രമല്ല, ഗവാസ്‌ക്കറെയും അമര്‍നാഥിനെയുമെല്ലാം അകംപുറം അറിയുന്ന ഫ്രിത്ത് വലിയ വെണ്ടക്കയില്‍ തന്നെ എഴുതി ക്രിക്കറ്റിന്റെ അക്കാലത്തെ ബൈബിളായ വിസ്ഡനില്‍. 'ഏകദിന ക്രിക്കറ്റ് എന്താണെന്ന് പോലും അറിയാതെ ഇന്ത്യ ഇംഗ്ലണ്ടില്‍ വന്നിട്ട് എന്തു കാണിക്കാന്‍. സത്യത്തില്‍ ഇന്ത്യയെയൊന്നും ലോകകപ്പില്‍ കളിപ്പിക്കുക പോലും ചെയ്യരുത്. വേണമെങ്കില്‍ അവര്‍ ശ്രീലങ്കയെ പോലുള്ള അസോസിയേറ്റ് രാജ്യങ്ങള്‍ക്കൊപ്പം യോഗ്യതാമത്സരം കളിച്ചു വരട്ടെ.' അര്‍ഥശങ്കയ്ക്കിടയില്ലാതെ വിസ്ഡന്റെ സ്ഥാപക പത്രാധിപര്‍ കുറിച്ചു.

Indian Team

വലിയ ചരിത്രബോധമൊന്നുമില്ലെങ്കിലും രാംസിങ്ങിന് പിഴച്ചില്ല. ലോര്‍ഡ്‌സില്‍ അവിശ്വസനീയമായൊരു ലോകാത്ഭുതം തന്നെ സംഭവിച്ചു. പ്രുഡന്‍ഷ്യല്‍ ലോകകപ്പിനൊപ്പം മകന്‍ കൊണ്ടുവന്ന മെഡലുകളും പാരിതോഷികങ്ങളും വയ്ക്കാന്‍ അന്നത്തെ ആ കൊച്ച് അലമാരയില്‍ ഇടം തികയാതെ വന്നു. ഉപഹാരങ്ങള്‍ക്കും സ്മരണികകള്‍ക്കുമൊപ്പം ഓര്‍മകള്‍ കൂടി വന്നുനിറഞ്ഞതോടെ കടയിലും ഇടമില്ലാതായി. അതിനുവേണ്ടി മാത്രം രാംസിങ്ങിന് വീടിന്റെ മുകളില്‍ ഒരു മുറി കൂടി പണിയേണ്ടിവന്നു. ഇന്ന് ഇന്ത്യയില്‍ ഏറ്റവും അറിയപ്പെടുന്ന സ്വകാര്യ ക്രിക്കറ്റ് മ്യൂസിയമാണ് സെക്കന്ദരബാദിലെ ഈ വീട്.

.
മാന്‍ സിങ്‌

രാംസിങ്ങിന്റെ മകന്‍ പി.ആര്‍. മാന്‍ സിങ് ഇന്ത്യയ്ക്കുവേണ്ടി കളിച്ചിട്ടില്ല. ഇന്നത്തെപ്പോലെ കോടികളുടെ പ്രൈസ്ടാഗുള്ള കോച്ചും മാനേജരുമൊന്നുമില്ലാതിരുന്ന കാലത്ത് ലോകകപ്പിന്റെ പേരില്‍ വെറും വിനോദയാത്രയ്ക്ക് ലണ്ടനിലേയ്ക്ക് പോയ ടീമിന്റെ മേല്‍നോട്ടക്കാരനായിരുന്നു ടീമംഗങ്ങള്‍ സ്‌നേഹപൂര്‍വം മാന്‍ സാഹിബ് എന്നു വിളിക്കുന്ന മാന്‍ സിങ്. അനുഭവങ്ങളും സ്മരണികകളും ശേഖരിക്കുന്നതിനിടയില്‍ ലണ്ടനില്‍വച്ച് മറ്റൊന്ന് കൂടി ചെയ്തു ടീമിന്റെ നട്ടെല്ലെന്ന് പില്‍ക്കാലത്ത് കളിക്കാര്‍ ഒരേസ്വരത്തില്‍ വിശേഷിപ്പിച്ചുപോന്ന മാന്‍ സിങ്. ഒരു കടുംകൈ. ലോകകപ്പ് കഴിഞ്ഞ് നേരെ അമേരിക്കയിലേയ്ക്ക് പോയ മാന്‍സിങ് രൂക്ഷമായ ഭാഷയില്‍ വിസ്ഡന് ഒരു കത്തെഴുതി. 'പത്രാധിപര്‍ ഇന്ത്യയെക്കുറിച്ചെഴുതിയ വാക്കുകള്‍ പിന്‍വലിക്കണം.' ഒന്നുകൂടി ചേര്‍ത്തു, കോപം തെല്ലും ചൂടുചോരാതെ വാക്കുകളില്‍ പകര്‍ത്തിയ മാന്‍സിങ്. 'വെറുതെ വാക്ക് കൊണ്ട് ക്ഷമാപണം നടത്തിയാല്‍ പോരാ ഫ്രിത്ത് അക്ഷരാര്‍ഥത്തില്‍ തന്റെ വാക്കുകള്‍ വിഴുങ്ങണം. വേണമെങ്കില്‍ എഴുത്ത് തൊണ്ടയില്‍ നിന്നിറങ്ങാന്‍ താന്‍ ഏതെങ്കിലുമൊരു പാനീയം സമ്മാനിക്കാം.'

വിസ്ഡന്‍ എന്തായാലും മര്യാദകാണിച്ചു. ചരിത്രത്തില്‍ അതിന് മുന്‍പോം പിന്‍പോ കേട്ടുകേള്‍വിയില്ലാത്ത ഒരു കാര്യം. തൊട്ടടുത്ത ലക്കത്തില്‍ മാന്‍സിങ്ങിന്റെ കത്തിനൊപ്പം ഒരു ചിത്രം കൂടി പ്രസിദ്ധീകരിച്ചു അവര്‍. മറ്റൊന്നുമല്ല. ലോകപ്രശസ്തനായ അവരുടെ എഡിറ്റര്‍ തന്റെ ലേഖനം പ്രസിദ്ധീകരിച്ച പേജ് ഒരു ഗ്ലാസ് വൈനിനൊപ്പം ചവച്ചരച്ച് കഴിക്കുന്നു. ലോര്‍ഡ്‌സില്‍ ഹാഡ്‌ലിയിലെ കാര്‍ പ്രഭുവില്‍നിന്ന് കപില്‍ ലോകകപ്പ് ഏറ്റുവാങ്ങുന്ന ഫോട്ടോ പോലെ തന്നെ ഹിറ്റായി ഈ ചിത്രവും. ഇന്ത്യ ടെസ്റ്റ് ക്രിക്കറ്റില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നത് കണ്ട് സഹികെട്ടാണ് അന്നതെഴുതിയതെന്ന് പില്‍ക്കാലത്ത് ഒരു അഭിമുഖത്തില്‍ കുമ്പസാരം നടത്തുകയും ചെയ്തു ഫ്രിത്ത്.

വിസ്ഡന്‍ എന്നല്ല, ഇന്ത്യന്‍ ക്രിക്കറ്റിനെക്കുറിച്ച് അങ്ങനെയൊന്ന് എഴുതിപ്പിടിപ്പിക്കാനുള്ള ചങ്കുറപ്പ് കാട്ടിയിട്ടില്ല പിന്നീടൊരാളും. ഇന്ത്യ അതിന് അവസരം ഉണ്ടാക്കിയില്ല എന്നതിന് കഴിഞ്ഞ നാലു പതിറ്റാണ്ട് സാക്ഷി. ആ ഒരൊറ്റ ലോകകപ്പ് അത്രമേല്‍ മാറ്റിമറിച്ചുകളഞ്ഞു ഇന്ത്യന്‍ കായികരംഗത്തെ. ഹോക്കിയുടെയും ഫുട്‌ബോളിന്റെയും അസ്തമയം കണ്ട് നെടുവീര്‍പ്പിട്ടു കഴിയുന്ന ഒരു ജനതയ്ക്ക് എല്ലാ അര്‍ഥത്തിലും പ്രാണവായുവായിരുന്നു '83-ലെ ലോകകപ്പ് ജയം. സകല ലക്ഷണവുമൊത്തൊരു വിപ്ലവം. എന്നാല്‍, ഹോക്കിക്കും ഫുട്‌ബോളിനും വോളിബോളിനും എന്നുവേണ്ട രാജ്യത്തെ മറ്റ് സകലമാന കായികവിനോദങ്ങള്‍ക്കും ദയാവധം വിധിച്ചതിന്റെ പാപഭാരം കൂടിയുണ്ട് ലോര്‍ഡ്‌സിലെ ആ വിപ്ലവത്തിന്റെ ക്രെഡിറ്റില്‍ എന്നത് മറ്റൊരു കാര്യം.

.

ലോര്‍ഡ്‌സില്‍ നിന്ന് മടങ്ങിയെത്തി വര്‍ഷങ്ങള്‍ക്കുശേഷം ക്രിക്കറ്റ് മ്യൂസിയം ഒരുക്കുന്നതിനിടയില്‍ മാന്‍സിങ് മറ്റൊരു കാര്യം കൂടി ചെയ്തിരുന്നു. വിപ്ലവകരമായ ആ യാത്രയുടെ ഓര്‍മകളെല്ലാം പെറുക്കിക്കൂട്ടിവച്ച് ഒരു പുസ്തകമാക്കി. സ്പിന്‍ വിസ്മയം ബിഷന്‍ സിങ് ബേദി ആമുഖക്കുറിപ്പെഴുതിയ'എഗണി ആന്‍ഡ് എക്സ്റ്റസി'. എണ്‍പത്തിമൂന്ന് ലോകകപ്പിലെ ഇന്ത്യയുടെ വേദനയും ഉന്മാദവും വള്ളിപുള്ളി വിടാതെ അഞ്ഞൂറില്‍പ്പരം വരുന്ന താളുകളില്‍ പകര്‍ത്തിയിട്ടുണ്ട് മാന്‍സിങ്. അതിലെ ഫാന്റസിക്കഥകളില്‍ പലതും പുതിയ കാലത്തെ ക്രിക്കറ്റ് ആരാധകര്‍ക്ക് ഉള്‍ക്കൊള്ളാന്‍ പ്രയാസം തോന്നിയേക്കാം. പക്ഷേ, സിനിമയായും പുസ്തകമായുമുള്ള അതിന്റെ പുനര്‍വായന നല്ലതാണ്. ചുരുങ്ങിയ പക്ഷം ക്യാപ്റ്റനെയും കോച്ചിനെയും ടീം സെലക്ഷനെയും ചൊല്ലിയുള്ള കലഹങ്ങള്‍ കൊടുമ്പിരികൊണ്ട കലങ്ങി മറിഞ്ഞ വര്‍ത്തമാനകാലത്ത്.

Kapil and Ranveer

കപിലിന്റെ ടേണ്‍ബ്രിഡ്ജ് വെല്‍സ് ഇന്നിങ്‌സിനും കിരീടധാരണത്തിനും പിന്നെ എണ്ണിയാല്‍ത്തീരാത്ത അണിയറകഥകള്‍ക്കുമൊപ്പം ഇക്കഥകള്‍ക്കൊക്കെ മൂകസാക്ഷിയായ മാന്‍ സിങ്ങിനെയും പുന:സൃഷ്ടിക്കുന്നുണ്ട് '83 എന്ന ബോളിവുഡ് ഫ്‌ളാഷ്ബാക്കില്‍ സംവിധായകന്‍ കബീര്‍ ഖാന്‍, പങ്കജ് ത്രിപാഠിയിലൂടെ. സെലക്ഷന്‍ കമ്മിറ്റിയിലും ക്യാപ്റ്റനെ തീരുമാനിച്ച സമിതിയിലും അംഗമായിരുന്ന മാന്‍സിങ് പറയുന്ന അണിയറക്കഥകള്‍ കൂടി ചേര്‍ത്തുവെച്ചാലേ '83-ലെ ഇന്ത്യയുടെ കന്നി ലോകകപ്പ് വിജയത്തിന്റെ കഥ പൂര്‍ണമാവൂ. ആ വിജയത്തിന് മറ്റെന്തിനേക്കാളും മാറ്റ് കൂടൂ. എം.എല്‍. ജയസിംഹയും അബ്ബാസ് അലി ബെയ്ഗും ഹബീബ് അഹമ്മദുമെല്ലാം ഫോമില്‍ വാഴുന്ന കാലത്ത് ഹൈദരാബാദ് രഞ്ജി ടീമിന്റെ പന്ത്രണ്ടാമനായി മുഷിഞ്ഞിരിക്കുന്ന കാലത്താണ് ഗുലാം അഹമ്മദ് കളി നടത്തിപ്പില്‍ ഒരു കൈനോക്കുന്നോ എന്ന ചോദ്യമെറിയുന്നത്. അങ്ങനെ ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷനില്‍ ഗുലാം അഹമ്മദിന്റെ വലംകൈയായി മാന്‍സിങ്. ഗുലാം അഹമ്മദ് ബി.സി.സി.ഐ. സെക്രട്ടറിയായതോടെ മാന്‍സിങ് ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേന്റെ മുഴുവന്‍ സമയ ചുമതലക്കാരനായി. ഗുലാം അഹമ്മദ് തന്നെയാണ് 1978-ലെ പാക് പര്യടനത്തില്‍ അസിസ്റ്റ് മാനേജരായി മാന്‍സിങ്ങിനെ നിയോഗിച്ചത്. ബറോഡ മഹാരാജാവായിരുന്നു മാനേജര്‍.

ഇതേ ബറോഡ മഹാരാജാവിന്റെയും ഗുലാം അഹമ്മദിന്റെയും സ്വാധീനമാണ് 1983-ലെ ടീമിലും മാന്‍സിങ്ങിനെ എത്തിച്ചത്. പതിനാല് കളിക്കാരുടെ കാര്യങ്ങള്‍ നോക്കാന്‍ ചുമതലപ്പെട്ട പതിനഞ്ചാമന്‍. പേര് മാനേജര്‍. അന്ന് ടീമിന് ഒരു പരിശീലകനോ ഫിസിയോയോ ഇല്ല. അല്‍പം കൂടുതല്‍ പരിചയസമ്പത്തുള്ള മൊഹീന്ദര്‍ അമര്‍നാഥിനായിരുന്നു പാര്‍ട് ടൈം പരിശീലകന്റെ ചുമതല. മാനേജരുടെ ചുമതല ആദ്യം വന്നു വീണത് ഹനുമന്ത് സിങ്ങിനായിരുന്നു. എന്നാല്‍, സിങ് താത്പര്യപ്പെട്ടത് വിന്‍ഡീസ് പര്യടനത്തില്‍ മാനേജരാവാന്‍. ചരിത്രംകുറിച്ച നിയോഗം അങ്ങനെ മാന്‍സിങ്ങിനായി.

മാനേജര്‍ എന്നാല്‍ ടീമംഗങ്ങള്‍ വഴിപിഴയ്ക്കുന്നത് നിരീക്ഷിക്കാന്‍ ചുമതലപ്പെട്ട ബി.സി.സി.ഐ.യുടെ ചാരനാണെന്ന ധാരണ നിലനിന്ന കാലം. ഈ ധാരണ തിരുത്തുകയാണ് താന്‍ ആദ്യം ചെയ്തതെന്ന് മാന്‍സിങ് പറയുന്നു. ബി.സി.സി.ഐയുടെ അന്നത്തെ വിലക്കുകള്‍ തെറ്റിച്ച് കളിക്കാര്‍ക്ക് ഭാര്യമാരെ ഒപ്പം കൂട്ടാനുള്ള സൗകര്യം ഒരുക്കിയത് മാന്‍സിങ്ങാണ്. അവര്‍ക്കു വേണ്ടി ഭക്ഷണമൊരുക്കുന്ന കാര്യത്തിലെല്ലാം ഒരു കാരണവരെപ്പോലെ അതീവ ശ്രദ്ധ പുലര്‍ത്തിയിരുന്നു സിങ്ങെന്ന് കളിക്കാര്‍ പലവട്ടം ആവര്‍ത്തിച്ചിട്ടുണ്ട്.

Indian Team

കളിക്കുന്നത് ലോകകപ്പായിരുന്നെങ്കിലും ആര്‍ക്കുംതന്നെ അതിന്റെ ഗൗരവമൊന്നും അന്നുണ്ടായിരുന്നില്ലെന്ന് പില്‍ക്കാലത്ത് വിസ്ഡന് നല്‍കിയ അഭിമുഖത്തില്‍ തുറന്നു പറഞ്ഞിരുന്നു മാന്‍സിങ്. കിഴക്കന്‍ ആഫ്രിക്കയ്ക്കും പാകിസ്താനും പേരിന് വെസ്റ്റിന്‍ഡീസിനുമെതിരേ നേടിയ വിജയങ്ങള്‍ മാത്രം കൈമുതലായവര്‍ക്ക് എന്ത് പ്രതീക്ഷ, എന്ത് ആശങ്ക. പേരിനെങ്കിലും ശുഭാപ്തിവിശ്വാസമുണ്ടായിരുന്നത് കളിക്കാത്ത മാന്‍സിങ്ങിന് മാത്രമായിരിക്കും. അക്കാലത്ത് ആകാശവാണിക്ക് നല്‍കിയ അഭിമുഖത്തില്‍ സിങ് അര്‍ഥശങ്കയ്ക്കിടയില്ലാതെ ഒരു കാര്യം പറഞ്ഞു: 'ഏതെങ്കിലും ടീം സെമിഫൈനലിലെത്തുന്നുണ്ടെങ്കില്‍ അത് ഇന്ത്യയായിരിക്കും.' എന്നാല്‍, അതായിരുന്നില്ല കളിക്കുന്നവരുടെ കാര്യം.

അക്ഷരാര്‍ഥത്തില്‍ ലണ്ടനിലേയ്‌ക്കൊരു വിനോദയാത്രയായിരുന്നു പലര്‍ക്കും. ബി.സി.സി.ഐയുടെ ചെലവില്‍ ഓക്ഫഡ് സ്ട്രീറ്റിലും ബോണ്ട് സ്ട്രീറ്റിലുമെല്ലാം ഒന്ന് ചുറ്റണം. പിന്നെ അമര്‍നാഥ് പറഞ്ഞതുപോലെ കുറച്ച് നയനസുഖവും. കബീര്‍ ഖാന്റെ 83-ന് ഒരു രണ്ടാം ഭാഗം വരുന്നെങ്കില്‍ അന്നത്തെ ലണ്ടന്‍ ജീവിതം കൂടി വേണം. പക്ഷേ, സെന്‍സര്‍ ബോര്‍ഡ് അനുമതി കൊടുക്കുമോ എന്ന് പില്‍ക്കാലത്ത് ചോദിച്ചത് കപില്‍ തന്നെയാണ്.

ലോകകപ്പിന് തൊട്ടുമുന്‍പ് മാര്‍ച്ച് മുപ്പതിനായിരുന്നു ഓപ്പണര്‍ കൃഷ്ണമചാരി ശ്രീകാന്തിന്റെ കല്ല്യാണം. അതുകൊണ്ടു തന്നെ ഭാര്യ വിദ്യയ്‌ക്കൊപ്പം മധുവിധുവിന് അമേരിക്കയിലേയ്ക്കുള്ള യാത്രയ്ക്കിടയിലെ ഒരു സ്റ്റോപ്പ് ഓവര്‍ മാത്രമായിരുന്നു ലണ്ടനിലെ ലോകകപ്പെന്ന് തുറന്നു പറഞ്ഞിട്ടുണ്ട് ശ്രീകാന്ത്. തുടക്കത്തില്‍ തന്നെ തോറ്റ് പുറത്താകുമെന്ന് ഉറപ്പുള്ളതിനാല്‍ ഫൈനല്‍ നടക്കുന്ന ജൂണ്‍ ഇരുപത്തിയഞ്ചിന് കാത്തുനില്‍ക്കാതെ അമേരിക്കയിലേയ്ക്കുള്ള ടിക്കറ്റെടുക്കുക എന്നൊരു കടുംകൈ കൂടി ചെയ്തു ക്രിഷ്. ഒടുവില്‍ അതൊക്കെ ക്യാന്‍സല്‍ ചെയ്ത് ഇന്ത്യയിലേയ്ക്ക് തിരിച്ചുവന്ന് പ്രധാനമന്ത്രിയുടെ സ്വീകരണച്ചടങ്ങും കഴിഞ്ഞാണ് നവദമ്പതികള്‍ക്ക് മധുവിധു ആഘോഷിക്കാനായത്. ടിക്കറ്റ് ക്യാന്‍സല്‍ ചെയ്ത വകയില്‍ അന്ന ചെലവായ പതിനായിരം രൂപ പലിശസഹിതം കപില്‍ തിരിച്ചുതരണമെന്നാണ് ശ്രീകാന്ത് ഒരു ചടങ്ങില്‍ പൊട്ടിച്ചിരിക്ക് വഴിവച്ചുകൊണ്ട് പറഞ്ഞത്.

അതിനൊരു ന്യായമുണ്ടായിരുന്നു ശ്രീകാന്തിന്. കാരണം കപിലാണ് ഈ ലോകകപ്പ് ഇന്ത്യയ്ക്ക് നേടിത്തന്നത്. ഒട്ടും അതിശയോക്തിയില്ലാതെ നമുക്ക് കൈയടിച്ചു പാസാക്കാവുന്ന ന്യായം. എല്ലാ അര്‍ഥത്തിലും അത് ക്യപ്റ്റന്‍ കപിലിന്റെ ലോകകപ്പ് തന്നെയായിരുന്നു. ടേണ്‍ബ്രിഡ്ജ് വെല്‍സിലെ വെടിക്കെട്ടും ലോര്‍ഡ്സിലെ റിച്ചാര്‍ഡ്സിന്റെ ക്യാച്ചുമില്ലായിരുന്നെങ്കില്‍ ലോകകപ്പിന്റെ, ഒരു പക്ഷേ ഇന്ത്യന്‍ ക്രിക്കറ്റിന്റെ തന്നെ ഭാഗധേയം മറ്റൊന്നാകുമായിരുന്നില്ലേ. ഇക്കഥകളൊക്കെ പലകുറി ആവര്‍ത്തിച്ച് വിരസമായി കഴിഞ്ഞതാണ്. എന്നാല്‍, ഈ രണ്ട് വഴിത്തിരിവുകള്‍ക്കും പിന്നില്‍ എത്ര കേട്ടാലും മടുക്കാത്ത ചില അറിയാക്കഥകളുണ്ട്. നമ്മള്‍ നിശ്ചയം കേട്ടിരിക്കേണ്ട കഥകള്‍. മാന്‍ സിങ്ങിന്റെ പുസ്തകവും കബീര്‍ ഖാനുമെല്ലാ വെളിച്ചം വീശുന്നത് ഇക്കഥകളിലേയ്ക്കാണ്.

ടീം മുംബൈയില്‍നിന്ന് യാത്രതിരിക്കുമ്പോള്‍ കൗണ്ടിയില്‍ കളിക്കുന്ന കപില്‍ ലണ്ടനിലായിരുന്നു. ഒപ്പം മദന്‍ലാലും കീര്‍ത്തി ആസാദും മൊഹീന്ദര്‍ അമര്‍നാഥുമുണ്ട്. അങ്ങനെ പതിനാല് പേരുടെ ബാഗേജുമായാണ് പത്ത് പേരെയും കൊണ്ട് മാന്‍സിങ് യാത്ര തിരിച്ചത്. അതുകൊണ്ട് തന്നെ സഹര്‍ വിമാനത്താവളത്തില്‍ പിടിവീണു. അമിത ലഗേജിന് പിഴയടയ്ക്കാതെ വിടില്ലെന്നായി എയര്‍ ഇന്ത്യ. ചാമ്പ്യന്മാരുടെ ആകെ സമ്മാനത്തുക ഇരുപതിനായിരം പൗണ്ടും ദിനബത്തയും മാച്ച്ഫീസുമടക്കം കളിക്കാര്‍ക്ക് 2100 രൂപയും കിട്ടുന്ന കാലം. കളിക്കാരുടെയൊന്നും കൈയില്‍ പിഴസംഖ്യയായ നാലായിരം രൂപയില്ല. ഒടുവില്‍ എയര്‍ ഇന്ത്യ ഉദ്യോഗസ്ഥരുടെ കാലു പിടിച്ച് പിഴ പിറ്റേ ദിവസം ഒടുക്കാമെന്ന ധാരണയിലാണ് ടീം ലണ്ടനിലേയ്ക്ക് പറന്നത്.

ലണ്ടനിലും കാത്തിരുന്നത് തിരിച്ചടികള്‍. കളിച്ച നാല് സന്നാഹമത്സരങ്ങളില്‍ മൂന്നിലും തോറ്റു. ബക്കിങ്ഹാം കൊട്ടാരം സന്ദര്‍ശനവും ചില്ലറ ഷോപ്പിങ്ങും ആസ്വദിച്ചുനടന്ന ടീമിന് ഇതിലൊന്നും വലിയ ആശങ്കയോ നിരാശയോ ഉണ്ടായിരുന്നില്ല. വെറുതെ കുറച്ചു കളിക്കണം. വന്നപോലെ മടങ്ങണം. നാട്ടില്‍ നിന്നില്ല വിളിയും അന്വേഷണവും. കഥയാകെ മാറ്റിമറിച്ചത്‌ കപില്‍ എന്ന ഇരുപത്തിനാലുകാരന്‍ ക്യാപ്റ്റനാണ്. മാന്‍സിങ്ങിന്റെ വാക്കുകള്‍ അനുസരിച്ച് എങ്ങനെയാവണം ഒരു ക്യാപ്റ്റന്‍ എന്ന് നയിച്ചു തെളിയിക്കുകയായിരുന്നു കപില്‍. പുതിയ കാലത്തെ സെലിബ്രിറ്റി ക്യാപ്റ്റന്മാര്‍ക്കുള്ള ഉത്തമ പാഠപുസ്തകം.

നായകപദവിയിലെത്തുമ്പോള്‍ താരതമ്യേന ജൂനിയറായിരുന്നു കപില്‍ എന്ന തനി ഗ്രാമീണന്‍. മുംബൈയില്‍നിന്നും ഡെല്‍ഹിയില്‍ നിന്നുമുള്ള മറ്റുള്ളവരുമായി നേരാംവണ്ണം ഇംഗ്ലീഷില്‍ ആശയവിനിമയം നടത്താന്‍ പോലും അറിയാത്ത, മുഖം മിനുക്കാത്ത തനി ഹരിയാണക്കാരന്‍. ഡ്രസ്സിങ് റൂമിലെ ഏറ്റവും വലിയ നേരംപോക്കായിരുന്നു കപിലിന്റെ സ്ഥാനത്തും അസ്ഥാനത്തുമുളള ഇംഗ്ലീഷെന്ന് പലരും പിന്നീട് പറഞ്ഞിട്ടുണ്ട്. ഇവരൊക്കെ നഗരങ്ങളില്‍നിന്ന് വന്നവര്‍. ഞാന്‍ പാടത്ത് നിന്നു വന്നതല്ലെ എന്നായിരുന്നു എന്നും സ്വയം ട്രോളിക്കൊണ്ടുള്ള കപിലിന്റെ ന്യായം.

ഇടയ്ക്ക് കപിലും ഗവാസ്‌ക്കറും തമ്മില്‍ പിണങ്ങിയെന്നൊരു ശ്രുതിയുണ്ടായിരുന്നു. തന്റെ ഏച്ചുകൂട്ടിയ ഇംഗ്ലീഷ് ഗവാസ്‌ക്കര്‍ തെറ്റിദ്ധരിച്ചതാണ് പ്രശ്‌നകാരണമെന്ന് കപില്‍ തന്നെ പിന്നീടൊരിക്കല്‍ വെളിപ്പെടുത്തി. എങ്കിലും വലിയ ഈഗോ ക്ലാഷില്ലാതെ ടീമിനെ കൊണ്ടുനടക്കാന്‍ കപിലിന് കഴിഞ്ഞു. ഉത്തരവാദിത്തം സ്വന്തം ചുമലിലേറ്റി ക്യാപ്റ്റന്‍ ഇന്നിങ്‌സ് കളിച്ചു. അണിയറക്കഥകള്‍ കൂടി കേട്ടാലേ സിംബാബ്വെയ്‌ക്കെതിരായ ഇന്നിങ്‌സും ഫൈനലിലെ ക്യാച്ചും ബൗളിങ് ചെയ്ഞ്ചുമെല്ലാം വെറും ഒറ്റയക്ക ലോട്ടറിയായിരുന്നില്ലെന്ന് തിരിച്ചറിയൂ.

'ക്യാപ്റ്റനാക്കിയപ്പോള്‍ ഞാനത് അര്‍ഹിച്ചിരുന്നില്ല എന്നു തന്നെയായിരുന്നു വിശ്വാസം. ഞാന്‍ തീരേ ചെറുപ്പം. ടീമില്‍ ഒരുപാട് സീനിയര്‍ താരങ്ങളും. ടീമിനെ ഒന്നിച്ച് കൊണ്ടുപോവുക എന്നൊരു ലക്ഷ്യം മാത്രമേ എനിക്കുണ്ടായിരുന്നുളളൂ. ടീമിലെ മുതിര്‍ന്ന അംഗങ്ങളെയും വേണ്ടപോലെ പരിഗണിച്ച് കൂടെ കൂട്ടണം. ഗവാസ്‌ക്കറോടും അമര്‍നാഥിനോടും മദന്‍ലാലിനോടും കിര്‍മാനിയോടുമെല്ലാം എങ്ങനെ കളിക്കണം എന്ന് ഞാന്‍ പറയേണ്ട കാര്യമില്ല. എല്ലാവരെയും പ്രചോദിപ്പിച്ച് ഒപ്പം കൂട്ടുക അതേ വേണ്ടിയിരുന്നുള്ളൂ. ദൈവാനുഗ്രഹം കൊണ്ട് അതൊക്കെ നന്നായി നടന്നു.'- കപില്‍ ഇയ്യിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞു.

ലോര്‍ഡ്‌സിലെ ആദ്യ പരിശീലനത്തിന് മുന്‍പ് കപില്‍ ഒരു ടീം മീറ്റിങ് വിളിച്ചു. 'നമുക്ക് നമ്മുടെ കഴിവിന്റെ പരമാവധി പുറത്തെടുക്കാം. നന്നായി ആസ്വദിച്ചുതന്നെ കളിക്കാം. എന്തായാലും നമ്മുടെ രാജ്യത്തിന് ചീത്തപ്പേര് ഉണ്ടാക്കരുത്. നമുക്ക് ഒന്നുംതന്നെ നഷ്ടപ്പെടാനില്ല. കഴിവിന്റെ നൂറു ശതമാനവും ഇതിനുവേണ്ടി വിനിയോഗിക്കാം.' അതൊരു തീപ്പൊരിയായിരുന്നു. ആദ്യമത്സരത്തിന് മാഞ്ചസ്റ്ററിലേയ്ക്കുള്ള നാലു മണിക്കൂര്‍ യാത്രയ്ക്കിടെ ബസില്‍ നടത്തിയ അടുത്ത യോഗത്തില്‍ അത് വീണുകത്തി. എതിരാളി ഹാട്രിക് കിരീടം തേടിയെത്തിയ വിന്‍ഡീസ്. പരാജയം സുനിശ്ചിതം. അവിടെയും ശുഭാപ്തിവിശ്വാസം ഒരാള്‍ക്കേ ഉണ്ടായിരുന്നുള്ളൂ. ക്യാപ്റ്റന്. പൊട്ടിച്ചിരികള്‍ക്കിടയില്‍ കപില്‍ പറഞ്ഞു: 'നമ്മള്‍ ഒരിക്കലവരെ തോല്‍പിച്ചതാണ്. രണ്ടാമതൊരിക്കല്‍ക്കൂടി തോല്‍പിക്കുക അസാധ്യമല്ല.' ഗവാസ്‌ക്കര്‍ അടക്കമുള്ളവര്‍ക്ക് ക്യാപ്റ്റന്റെ ആത്മവിശ്വാസത്തില്‍ തെല്ലൊരു സംശയം ഇല്ലാതിരുന്നില്ല. ആരും പക്ഷേ, ക്യാപ്റ്റനെ നിരാശപ്പെടുത്തിയില്ല. ഒരുപക്ഷേ, ഇന്ത്യ മറ്റൊരു ഇന്ത്യയായത് അതു മുതലാവണം.

.

ഇന്ത്യ തോല്‍ക്കുമെന്ന് നൂറു ശതമാനം ഉറപ്പുള്ളതിനാല്‍ താന്‍ ഓള്‍ഡ് ട്രാഫോഡിലേയ്ക്ക് കളി കാണാന്‍ പോയിരുന്നില്ലെന്ന് 1975 മുതലുള്ള ലോകകപ്പുകളെല്ലാം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള അയാസ് മേമന്‍ ഒരിക്കല്‍ തുറന്നെഴുതിയിട്ടുണ്ട്. മേമനെ മാത്രമല്ല, പലരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് സംഭവിച്ചത് മറ്റൊന്ന്. ആദ്യ മത്സരത്തില്‍ തന്നെ ഗോലിയാത്തിനെ ദാവീദ് വീഴ്ത്തി. വിന്‍ഡീസ് പേസ് വെടിയുണ്ട വർഷിച്ച മത്സരത്തില്‍ ഇന്ത്യയ്ക്ക് 34 റണ്‍സിന്റെ അത്ഭുതജയം. ബാറ്റ് കൊണ്ട് യശ്പാല്‍ ശര്‍മയും പന്ത് കൊണ്ട് റോജര്‍ ബിന്നിയും തിളങ്ങിയ മത്സരം. ഒരു കൈ നോക്കാം എന്ന ആത്മവിശ്വാസം വിനോദയാത്രാ സംഘത്തിന്റെ മനസിലുദിച്ചതും അതുമുതലാവണം. കപില്‍ തൂവിയ തീപ്പൊരി ആളിപ്പടര്‍ന്നു. അടുത്ത മത്സരത്തില്‍ സിംബാബ്‌വെയെയും വീഴ്ത്തി. പിന്നീടെല്ലാം ചരിത്രം. വിന്‍ഡീസിനോടും ഓസ്‌ട്രേലിയയോടും അടിയറവ് പറഞ്ഞ് തളര്‍ന്നുപോയവരെ സിംബാബ്‌വെയ്ക്കതിരേ ട്രെന്‍ഡ്ബ്രിഡ്ജ് വെല്‍സില്‍ കപില്‍ ഒറ്റയ്ക്ക് അമാനുഷികമായി തിരിച്ചുകൊണ്ടുവന്നു. ഇതിന്റെ ഊര്‍ജത്തിലാണ് ചെംസ്‌ഫോര്‍ഡില്‍ ഓസ്‌ട്രേലിയയെ വീഴ്ത്തി നോക്കൗട്ടിലെത്തിയത്.

175 നോട്ടൗട്ട് എന്ന കപിലിന്റെ അത്ഭുതകരമായ ഇന്നിങ്‌സ് ഹൃദിസ്ഥമാണ് ക്രിക്കറ്റ് പ്രേമികള്‍ക്ക്. രസകരമായ ചില അറിയാക്കഥകള്‍ കൂടിയുണ്ട് അതിന്. ജീവനക്കാരുടെ പണിമുടക്ക് കാരണം ബിബിസിക്ക് ആ കളി സംപ്രേഷണം ചെയ്യാന്‍ കഴിഞ്ഞില്ല എന്നാണ് പൊതുവേ പ്രചരിക്കുന്ന കഥ. എന്നാല്‍, ഇത് മുഖവിലയ്‌ക്കെടുക്കുന്നില്ല മാന്‍സിങ്. ഇന്ത്യ സിംബാബ്‌വെയെ നേരിട്ട ജൂണ്‍ പതിനെട്ടിന് മറ്റ് മൂന്ന് കളികള്‍ കൂടിയുണ്ടായിരുന്നു. ഗ്രൂപ്പ് എയില്‍ മാഞ്ചസ്റ്ററില്‍ പാകിസ്താനും ഇംഗ്ലണ്ടും തമ്മിലും ഡെര്‍ബിയില്‍ ശ്രീലങ്കയും ന്യൂസീലന്‍ഡും തമ്മിലും ഇന്ത്യ ഉള്‍പ്പെടുന്ന ഗ്രൂപ്പ് ബിയില്‍ ലോര്‍ഡ്‌സില്‍ ഓസ്‌ട്രേലിയയും വെസ്റ്റിന്‍ഡീസും തമ്മിലും. ബിബിസി സ്വാഭാവികമായും പാകിസ്താന്‍-ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ-വിന്‍ഡീസ് മത്സരത്തിന് താത്പര്യം കാണിച്ചു അവ രണ്ടും സംപ്രേഷണം ചെയ്തു. ദുര്‍ബലരായ ഇന്ത്യയെയും സിംബാബ്‌വെയെയും തമ്മിലുള്ള മത്സരം ആര്‍ക്കുവേണം. നഷ്ടം ബി.ബി.സിക്ക് മാത്രമല്ല. ഫുട്‌ബോളില്‍ ഡീഗോ മാറഡോയുടെ നൂറ്റാണ്ടിന്റെ ഗോളിന് ഒപ്പംവയ്ക്കാവുന്ന ഒരു മുഹൂര്‍ത്തമാണ് ക്രിക്കറ്റിന് നഷ്ടമായത്. 'പിന്നീട് കാണാത്തതുകൊണ്ട് എന്നോ തന്നെ ആ കളി മറന്നുപോയി' എന്നാണ് കപില്‍ പറയുന്നത്. സിനിമ വരട്ടെ. അതില്‍ കാണാമെന്നും കൂട്ടുചേര്‍ക്കുന്നു ക്യാപ്റ്റന്‍. കപിലിന്റെ കാത്തിരിപ്പ് വെറുതെയാവില്ല. അന്നത്തെ കമന്ററിയെ ആശ്രയിച്ചും നൂറുകണക്കിന് കാഴ്ചക്കാരെ ചെന്നു കണ്ടുമാണ് കബീര്‍ ഖാന്‍ 83'നുവേണ്ടി ആ ഇന്നിങ്‌സ് പുനരാവിഷ്‌കരിച്ചിരിക്കുന്നത്.

Kapil

സിംബാബ്‌വെയ്‌ക്കെതിരേ ടോസ് കിട്ടിയാല്‍ എന്തു ചെയ്യണമെന്ന് വിഖ്യാത ക്രിക്കറ്റ് ലേഖകന്‍ ആര്‍. മോഹനോട് ചോദിച്ചിരുന്നു കപില്‍. മോഹനാണ് ഉപദേശിച്ചത് ബാറ്റിങ് തിരഞ്ഞെടുക്കാന്‍. പക്ഷേ, പിച്ചില്‍ പിന്നെ കണ്ടത് മറ്റൊന്നാണ്. വിക്കറ്റുകള്‍ ഒന്നൊന്നായി കടപുഴകുന്നു. അഞ്ചാമനായി കപില്‍ ക്രീസില്‍ വരുമ്പോള്‍ ഒന്‍പത് റണ്‍സായിരുന്നു ബോര്‍ഡില്‍. വൈകാതെ യശ്പാല്‍ ശര്‍മയും മടങ്ങി. ഇന്ത്യ 17/5. കളി സംപ്രേഷണം ചെയ്യാന്‍ കാശു ചെലവിടാതിരുന്നത് നന്നായെന്ന് ബി.ബി.സിക്കാര്‍ക്ക് തോന്നിയ നിമിഷം. ആറാമനായി പാഡണിഞ്ഞുവരുമ്പോള്‍ മൈതാനത്തിന്റെ പാതിവഴിവരെ വന്ന് എതിരേറ്റ് ഒരൊറ്റ ഉപദേശമേ കപില്‍ നല്‍കിയുള്ളൂ ഓള്‍റൗണ്ടര്‍ റോജര്‍ ബിന്നിക്ക്. 'പന്ത് യഥേഷ്ടമുണ്ട്. ധൃതി ഒട്ടും വേണ്ട. സമയമെടുത്തു കളിച്ചോളു. കുറച്ചു പന്ത് മാത്രം കളിക്കുക. സിംഗള്‍സ് മാത്രം മതി. ബൗണ്ടറികള്‍ വേണ്ട.'

സ്‌കോര്‍ 77-ല്‍ എത്തിച്ച് ബിന്നി മടങ്ങുംവരെ ഒരൊറ്റ ബൗണ്ടറി പോലും നേടിയില്ല കപില്‍. അറുപത്‌ റണ്‍സിന്റെ കൂട്ടുകെട്ടു മുഴുവന്‍ സിംഗിള്‍സിലും ഡബിള്‍സിലും നിന്നു മാത്രം. പിന്നെയും വീണു രണ്ട് വിക്കറ്റ്. അല്‍പം ആശ്വാസം മദന്‍ലാലായിരുന്നു. ഒന്‍പതാമനായി കിര്‍മാനി വരുമ്പോള്‍ സകലരും സകല പ്രതീക്ഷയും കൈവിട്ടിരുന്നു. ഒരാളൊഴികെ. കിര്‍മാനിയോടും ഒന്നേ പറയാനുണ്ടായിരുന്നുള്ളൂ കപിലിന്. 'ധൃതി വേണ്ട. ആവേശം വേണ്ട.' ഒരു പ്രലോഭനത്തിലും ഒരു പ്രകോപനത്തിനും കിരി വീണില്ല. മറുഭാഗത്തുള്ള ക്യാപ്റ്റന് പിന്തുണയുമായി ക്ഷമയുടെ ആള്‍രൂപമായി നിന്നു. കളി അവസാന ഓവറുകളിലേയ്ക്ക് എത്തിയപ്പോള്‍ കപില്‍ ആളാകെ മാറി. അര്‍ധശതകം തികയ്ക്കാന്‍ ഇരുപത്തിയാറാം ഓവര്‍ വരെ കാത്തിരുന്ന കപില്‍ അടുത്ത അമ്പത് റണ്‍സെടുത്ത് കേവലം പതിമൂന്ന് ഓവറിലാണ്. അടുത്ത അമ്പത് വെറും പത്തോവറിലും. എത്രമാത്രം കണക്കുകൂട്ടിയതായിരുന്നു ആ ഇന്നിങ്‌സ് എന്നതിന് വേറെ സാക്ഷ്യം വേണോ. കെവിന്‍ കുറാനും ഡങ്കന്‍ ഫ്‌ളെച്ചറും ആ കൈക്കരുത്ത് ശരിക്കും അറിഞ്ഞു. പന്ത് ഗ്രൗണ്ടില്‍ തലങ്ങും വിലങ്ങും പറന്നു. ചിലത് സ്റ്റേഡിയത്തിന്റെ പുറത്തേയ്ക്ക്. ഒന്ന് പവലിയന്റെ ഗ്ലാസ് തകര്‍ത്ത് അകത്തേയ്ക്ക്. കാഴ്ചക്കാര്‍ കപിലിന്റെ സിക്‌സ് മഴ പേടിച്ച് തലമൂടിയെന്നാണ് അന്ന് ഗാര്‍ഡിയന്‍ എഴുതിയത്.മറുഭാഗത്ത് അക്ഷോഭ്യനായിരുന്നു കിര്‍മാനി. കപിലിന്റെ ഷോട്ട് പോലെ തന്നെ വിലപ്പെട്ടതാണ് തന്റെ വിക്കറ്റെന്ന തിരിച്ചറിവുണ്ടായിരുന്നു ഈ വാലറ്റക്കാരന്. ഒന്‍പതാം വിക്കറ്റിലെ 126 റണ്‍സിന്റെ റെക്കോഡ് കൂട്ടുകെട്ടില്‍ എണ്‍പത് ശതമാനം പന്തും നേരിട്ടത് കപിലായിരുന്നു. അതായിരുന്നു ചങ്കൂറ്റം. യഥാര്‍ഥ ക്യാപ്റ്റന്‍സി.

കാണാത്ത കളി കമന്ററിയിലൂടെ കേട്ട ജനം പുലര്‍ച്ചെ തന്നെ തെരുവിലിറങ്ങി. ഇന്ത്യന്‍ ക്രിക്കറ്റിനുവേണ്ടിയുള്ള ആദ്യ ആഘോഷം എന്നു വേണമെങ്കില്‍ അല്‍പം അതിശയോക്തി കലര്‍ത്തി പറയാം. സ്വാതന്ത്ര്യലബ്ധിക്കുശേഷമുള്ള ഇന്ത്യയുടെ ആദ്യത്തെ ആഘോഷം എന്നാണ് ചിലര്‍ അന്ന് എഴുതിയത്. കപിലിനെ പ്രധാനമന്ത്രി ഇന്ദിര നേരിട്ട് വിളിച്ചു. ഇന്ത്യയ്ക്ക് ഇത് സാധ്യമാണ്. ആ പ്രതീക്ഷയ്‌ക്കൊത്തുയര്‍ന്നതിന് നന്ദി എന്നായിരുന്നു ഇന്ദിരയുടെ സന്ദേശം.

ഇന്നിങ്‌സ് കഴിഞ്ഞ് കപില്‍ മടങ്ങിയെത്തുമ്പോള്‍ ശൂന്യമായിരുന്നു ഇന്ത്യന്‍ ഡ്രസ്സിങ് റൂം. റണ്ണെടുക്കാതെയും ഒന്നും രണ്ടുമെടുത്തും പുറത്തായവര്‍ ക്യാപ്റ്റന്റെ കോപം പേടിച്ച് ഓടിയൊളിച്ചു. ക്യാപ്റ്റന് ടവല്‍ കൊടുക്കാനോ ഒരു ഗ്ലാസ് വെള്ളം കൊടുക്കാന്‍ പോലും ആരുമുണ്ടായില്ല മുറിയില്‍. ഒടുവില്‍ കപില്‍ തന്നെയാണ് ആളെ വിട്ട് എല്ലാവരെയും തിരിച്ചുകൊണ്ടുവന്നത്. ടീമിലുണ്ടായിട്ടും അന്നാ ഇന്നിങ്‌സ് കാണാനാവാത്ത ഒരാളുണ്ടായിരുന്നു. ദിലീപ് വെങ്‌സാര്‍ക്കര്‍. വിന്‍ഡീസ് പേസിനെ ഏറ്റവും ഫലപ്രദമായി നേരിടുന്നയാള്‍ എന്ന ഖ്യാതിയുള്ള വെങ്സാര്‍ മാല്‍ക്കം മാര്‍ഷലിന്റെ ബൗണ്‍സര്‍ താടിയെല്ല് ഇടിച്ചുതകര്‍ത്ത് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അന്ന്. ലൈവായി ആരും കണ്ടില്ലെങ്കിലും ആ ഒരൊറ്റ ഇന്നിങ്‌സാണ് ലോകകപ്പില്‍ ഇന്ത്യയുടെ ലൈഫ് നീട്ടിനല്‍കിയത്. ഇന്ത്യന്‍ കായികരംഗത്തിന്റെ തന്നെ ഭാഗധേയം തിരുത്തിക്കുറിച്ചത്.

ഇന്ത്യയ്ക്ക് കപ്പ് സമ്മാനിച്ച മറ്റൊരു വഴിത്തിരിവും ലൈവായി കാണാനുള്ള യോഗമുണ്ടായില്ല ഇന്ത്യക്കാര്‍ക്ക്. ഫൈനലിനെ ഇന്ത്യയ്ക്ക് അനുകൂലമായി തിരിച്ച റിച്ചാര്‍ഡ്‌സിന്റെ ക്യാച്ച്. ഇരുപത് വാര പിറകോട്ട് ഓടി കപില്‍ ആ ക്യാച്ചെടുത്ത നിമിഷം ദൂരദര്‍ശന് ഇംഗ്ലണ്ടില്‍ നിന്നുള്ള സിഗ്‌നല്‍ നഷ്ടപ്പെട്ടുപോയിരുന്നു.

റേഡിയോ കമന്ററിയിലാണ് ആ ചരിത്രമുഹൂര്‍ത്തം ഇന്ത്യ അറിഞ്ഞത്. കണ്ടത് പിന്നീട് റീപ്ലേയിലും. മദന്‍ലാലിന്റെ പന്തില്‍ ടോപ് എഡ്ജ് ചെയ്ത റിച്ചാര്‍ഡ്‌സിനെ കൈപ്പിടിയിലൊതുക്കാന്‍ മിഡ് വിക്കറ്റില്‍ നിന്ന് പിറകോട്ട് ഓടുമ്പോള്‍ കപിലിന്റെ മുഖത്ത് അനിതരസാധാരണമായ ഒരു ആത്മവിശ്വാസത്തിന്റെ ചിരി വ്യക്തമായിരുന്നുവെന്ന് പണ്ട് ഹിന്ദുവില്‍ എഴുതിയിട്ടുണ്ട് ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ. 'ഞാനിതാ ലോകത്തെ ഏറ്റവും അപകടകാരിയെ പുറത്താക്കുകയാണ്. ഒരു സാധ്യതയുമില്ലാതിരുന്ന നമുക്ക് ഇപ്പോഴിതാ ചാമ്പ്യന്മാരെ വീഴ്ത്താന്‍ ഒരു അവസരം കൈവന്നിരിക്കുന്നു' എന്നു വേണമെങ്കില്‍ ആ ചിരിയെ തര്‍ജമ ചെയ്യാമെന്നും കുറിച്ചു ഗുഹ. ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ക്യാച്ച് എന്നാണ് ഗുഹ അതിനെ വിശേഷിപ്പിച്ചത്. എന്നാല്‍, ക്യാച്ചെടുക്കാന്‍ ഓടുമ്പോള്‍ മറ്റൊന്നും തന്റെ മനസില്‍ ഉണ്ടായിരുന്നില്ലെന്ന് കപില്‍ തന്നെ പിന്നീടൊരിക്കല്‍ പറഞ്ഞു. ഞാന്‍ ചിരിക്കുകയായിരുന്നില്ല അത് ഉന്തിനില്‍ക്കുന്ന എന്റെ പല്ലിന്റെ പ്രശ്‌നമായിരുന്നു. ചിരിക്കുന്ന പോലെ തോന്നുകയായിരുന്നു-ഗുഹയെ വേദിയിലിരുത്തി പൊട്ടിച്ചിരികള്‍ക്ക് വഴിവച്ച് കപില്‍ നിഷ്‌കളങ്കമായി ഒരിക്കല്‍ തിരുത്തി.

കപില്‍ ക്യാച്ചെടുക്കാന്‍ ഓടുമ്പോള്‍ മറുഭാഗത്ത് നിന്ന് യശ്പാല്‍ ശര്‍മയും ഓടുന്നുണ്ടായിരുന്നു. ഇരുവരും കൂട്ടിയിടിക്കുമോ എന്ന പേടിയിലായിരുന്നു ടീം മുഴുവന്‍. നില്‍ക്കൂ യഷ് എന്ന് ആര്‍ത്തുവിളിക്കുകയായിരുന്നു തൊട്ടുമുന്‍പത്തെ രണ്ടു പന്തിലും പ്രഹരം വാങ്ങിയ മദന്‍ലാല്‍. 'മികച്ച ഫീല്‍ഡറായിരുന്ന കപില്‍ ക്യാച്ചെടുക്കുമെന്ന് ഉറപ്പായിരുന്നു എനിക്ക്. യശ്പാല്‍ ശര്‍മയുമായി കൂട്ടിയിടിക്കരുതേ എന്ന് പ്രാര്‍ഥിച്ചുകൊണ്ടിരിക്കുകയാരുന്നു ഞാനപ്പോള്‍'-ഓര്‍മകള്‍ അയവിറക്കി ഒരിക്കല്‍ മദന്‍ലാല്‍ പറഞ്ഞു. കോടിക്കണക്കിന് ഇന്ത്യക്കാര്‍ നാളിതുവരെ എണ്ണിയാല്‍ തീരാത്തത്ര തവണ റീവൈന്‍ഡ് ചെയ്തു കണ്ട ആ ഒരൊറ്റ ക്യാച്ചോടെ തന്നെ ലോകകപ്പ് ഇന്ത്യയക്ക് സ്വന്തമായിക്കഴിഞ്ഞിരുന്നു. ഗ്രീനിഡ്ജിന്റെ വിക്കറ്റെടുത്ത ബല്‍വീന്ദര്‍ സന്ധുവിന്റെ പന്ത് കൂടിയായതോടെ ചിത്രം പൂര്‍ണം. സന്ധു-ഗ്രീനിഡ്ജ് വൈരം പ്രശസ്തമായിരുന്നു കാലങ്ങളോളം. വര്‍ഷങ്ങള്‍ക്കുശേഷം നാട്ടില്‍ ഒരു ചാരിറ്റിമത്സരത്തിന് സന്ധുവിന്റെ സ്‌നേഹക്ഷണം നിരസിക്കാന്‍ കഴിഞ്ഞില്ല ഡെസ്മണ്ട് ഹെയ്ന്‍സിനൊപ്പം വിന്‍ഡീസിന്റെ എക്കാലത്തെയും മികച്ച ഓപ്പണിങ് ജോഡി സൃഷ്ടിച്ച ഗ്രീനിഡ്ജിന്.

എന്നാല്‍, ഈയൊരു അട്ടിമറി സാധ്യത നേരത്തെ മുന്‍കൂട്ടി കണ്ട ഒരാള്‍ കൂടിയുണ്ടായിരുന്നു. ഒരു ഇതിഹാസം. ഒരു പതിറ്റാണ്ട്കാലം വിന്‍ഡീസ് ടീമിനെ നയിച്ച സര്‍ ഗാരിഫീല്‍ഡ് സോബേഴ്‌സ്. ലോകകപ്പിന് മുന്നോടിയായി ലെസ്റ്ററില്‍ അന്ന് അസോസിയേറ്റ് അംഗമായ ശ്രീലങ്കയ്‌ക്കെതിരേ സന്നാഹമത്സരം കളിക്കുകയാണ് ഇന്ത്യ. കളി കാണാന്‍ ആദ്യ ലോകകപ്പിന് ഒരു പതിറ്റാണ്ട് മുന്‍പ് കളിയോട് വിടപറഞ്ഞ, ഒരൊറ്റ ഏകദിനം മാത്രം കളിച്ച ചരിത്രമുള്ള സോബേഴ്‌സും എത്തിയിരുന്നു. പച്ചവിരിച്ച പിച്ചില്‍ കപിലും സന്ധുവും അടിച്ചുകളിച്ച് ഇന്ത്യ 285 റണ്‍സെടുക്കുന്നത് കണ്ട് സോബേഴ്‌സ് അര്‍ഥശങ്കയ്ക്കിടയില്ലാതെ പറഞ്ഞു. 'ഇവര്‍ ദുര്‍ബലരായിരിക്കാം. പക്ഷേ, ഈ ലോകകപ്പില്‍ ഇവരെ ഒന്ന് കരുതിക്കോളു.' സോബേഴ്‌സിന്റെ വാക്ക് അച്ചട്ടായി. ആ പ്രവചനത്തിന്റെ ചൂടറിഞ്ഞത് സോബേഴ്‌സിന്റെ തന്നെ വിന്‍ഡീസായത് യാദൃച്ഛികതയുമായി.

കിരീടവിജയം ഇന്ത്യയിലുണ്ടാക്കിയ വിസ്‌ഫോടനത്തിന്റെ കഥ ആവര്‍ത്തിക്കേണ്ട കാര്യമില്ല. കായികരംഗത്തെ മാത്രമല്ല, രാഷ്ട്രീയത്തിലെയും സാമ്പത്തികരംഗത്തെയും മുഴുവന്‍ ഇച്ഛാഭംഗത്തിനുമുള്ള ഒരു ജനതയുടെ ആലംബമായി, ഒറ്റ ക്ഷണത്തില്‍ ക്രിക്കറ്റ്. നഗരങ്ങളും ഗ്രാമങ്ങളും ഒരുപോലെ അതിന് അടിപ്പെട്ടു. മറ്റ് സകല കളികളും തലകുമ്പിട്ട് വഴിമാറിക്കൊടുത്തു. പുതിയ വിഗ്രഹങ്ങള്‍ ഉയര്‍ന്നുവന്നു. ബോളിവുഡ് പോലും അതിന്റെ പ്രതാപത്തില്‍ ഗ്രഹണിയിലായി. ക്രിക്കറ്റിലേയ്ക്ക് പണം കണക്കില്ലാതെ ഒഴുകിത്തുടങ്ങി. ഐ.പി.എല്‍ ലേലത്തുകയുമായി മൂന്ന് ദിവസത്തേയ്ക്ക് 600 രൂപയെന്ന ദിനബത്തയും 1500 രൂപയെന്ന പ്രൈസ്മണി 1983-ലെ പേ സ്ലിപ്പുമായി ഒരു താരതമ്യം ചെയ്യുകയേ വേണ്ടു, ഈ വിപ്ലവത്തിന്റെ പൊരുളറിയാന്‍.

കളിക്കാര്‍ മാത്രമല്ല, ഒട്ടും മോശമായിരുന്നില്ല അന്ന് ബി.സി.സി.ഐയും. ചരിത്രം കുറിച്ച് മടങ്ങുന്ന കപിലിന്റെ ചെകുത്താന്മാര്‍ക്ക് ഒരു സമ്മാനത്തുക നല്‍കാന്‍ തീരുമാനിച്ചു ബി.സി.സി.ഐ. പക്ഷേ, ഒരു പ്രശ്‌നം. കളിക്കാര്‍ക്ക് സമ്മാനിക്കാന്‍ കാല്‍ക്കാശ് നീക്കിയിരിപ്പില്ല കൈയില്‍. അധ്യക്ഷന്‍ എന്‍.കെ.പി.സാല്‍വെയുടെ നേതൃതിലുളള ബി.സി.സി.ഐ. സംഘം തല പുകയ്ക്കുന്നതിനിടയില്‍ പില്‍ക്കാലത്ത് അധ്യക്ഷപദവി അലങ്കരിച്ച രാജ്‌സിങ് ദുംഗാപുരിന്റെ തലയിലാണ് ആ ആശയം ഉദിച്ചത്. ഡെല്‍ഹിയില്‍ ലത മങ്കേഷ്‌കറുടെ ഒരു സംഗീതവിരുന്ന് ഒരുക്കുക. വാനമ്പാടിയോട് സംസാരിക്കുന്ന കാര്യം ചെറുപ്പകാലം മുതല്‍ മങ്കേഷ്‌കര്‍ കുടുംബവുമായി അടുപ്പമുണ്ടായിരുന്ന ദുംഗാപുര്‍ തന്നെ ഏറ്റു. കഥ കേട്ടപ്പോള്‍ സമ്മതംമൂളാന്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നില്ല ലതയ്ക്ക്. പാടാമെന്ന് ഏല്‍ക്കുക മാത്രമല്ല, വിശ്വവിജയികളായ ടീമിനുവേണ്ടി ഒരു പുതിയ ഗാനം തന്നെ ഒരുക്കാനും ലത മുന്‍കൈയെടുത്തു.

പാട്ടെഴുതിയത് ഖുര്‍ബാനിയിലെ ആപ് ജെയ്‌സെ കോയി മേരെയും കലാകാറിലെ നിലെ നിലെ അംബറും ഉപ്കാറിലെ കസ്‌മെ വാദയുമെല്ലാം എഴുതി ഹിറ്റാക്കിയ ഇന്ദീവര്‍ എന്ന ശ്യാംലാല്‍ ബാബു റായ്. ചിട്ടപ്പെടുത്തിയത് ലതയുടെ സഹോദരന്‍ ഹൃദയനാഥ് മങ്കേഷ്‌കര്‍. അങ്ങനെ പിറന്ന ഗാനമാണ് തലമുറകള്‍ പലവുരു ആവേശത്തോടെ ഏറ്റുചൊല്ലിയ ഭാരത് വിശ്വ വിജേത. ഇന്ത്യയുടെ ചരിത്രവിജയത്തിന്റെ ആവേശം തെല്ലും ചോരാത്ത ഈണവും വരികളും. ഡെല്‍ഹിയില്‍ ഇന്ദ്രപ്രസ്ഥ സ്റ്റേഡിയത്തില്‍ നടന്ന വര്‍ണശബളായ ചടങ്ങില്‍ ലതയ്‌ക്കൊപ്പം ഇന്ത്യന്‍ ടീമംഗങ്ങളും അണിനിരന്നു. ലതയ്ക്കൊപ്പം ഭാരത് വിശ്വവിജേത ആവേശപൂര്‍വം ആലപിച്ചു. ഒരൊറ്റ രാത്രി കൊണ്ട് ഇരുപത് ലക്ഷം രൂപയാണ് ലത ബി.സി.സി.ഐയ്ക്ക് നേടിക്കൊടുത്തത്. പകരം ഒരൊറ്റ ചില്ലിക്കാശ് പ്രതിഫലമായി വാങ്ങിയുമില്ല. ഈ തുക വച്ചാണ് ബി.സി.സി.ഐ. ഓരോ കളിക്കാര്‍ക്കും ഒരു ലക്ഷം രൂപ വീതം സമ്മാനം നല്‍കിയത്. ഇന്നും അവിശ്വസനീയമായിരുന്നു ആ സമ്മാനത്തുകയെന്ന് തുറന്നു സമ്മതിക്കും കപിലിന്റെ ചെകുത്താന്മാര്‍.

ലതയുടെ സ്വരത്തിന്റെ രാശിയാവും. പിന്നീട് ഇന്നോളം കാശിനുവേണ്ടി കൈനീട്ടേണ്ടി വന്നിട്ടില്ല ക്രിക്കറ്റിന്റെ കൈകാര്യക്കാര്‍ക്ക്. സമ്പാദ്യം പെരുകി പ്രളയമായെങ്കിലും ബി.സി.സി.ഐ വന്നവഴി മറന്നില്ല. ലതയെയും മറന്നില്ല. ഏതാണ്ട് രണ്ട് പതിറ്റാണ്ടിനു ശേഷം അച്ഛന്‍ ദീനാനാഥ് മങ്കേഷ്‌കറുടെ സ്മരണാര്‍ഥം പുണെയിലെ ആതുരാലയത്തിന് ഫണ്ട് തേടി നടന്നപ്പോള്‍ സഹായഹസ്തം നീട്ടാന്‍ രണ്ടാമതൊന്ന് ആലോചിച്ചില്ല ബി.സി.സി.ഐ. ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ഒരു പ്രദര്‍ശനമത്സരമായിരുന്നു പ്രത്യുപകാരം. ഇന്ത്യ റണ്ണറപ്പായ 2003-ലെ ലോകകപ്പിനു തൊട്ടു പിറകെയായിരുന്നു മുംബൈയിലെ പ്രദര്‍ശനമത്സരം. വര്‍ഷങ്ങള്‍ക്കുമുന്‍പ് ആശുപത്രി സന്ദര്‍ശിച്ച സച്ചിനും ഗാംഗുലിയും അന്നേ വാക്ക് കൊടുത്തതായിരുന്നു വാനമ്പാടിക്ക്. മത്സരത്തില്‍ നിന്ന് ലഭിച്ച തുക പൂര്‍ണമായും ആശുപത്രിക്കുവേണ്ടി സംഭാവന ചെയ്തു. ഇതിനും ചുക്കാന്‍ പിടിച്ചത് ലതയുടെ സുഹൃത്ത് ദുംഗാപുര്‍ തന്നെ. വാംഖഡേ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 124 റണ്‍സിന്റെ കൂറ്റന്‍ വിജയമാണ് ഇന്ത്യ ഇലവന്‍ നേടിയത്. സച്ചിനും സെവാഗും ഗാംഗുലിയും ജയസൂര്യയും സംഗക്കാരയുമെല്ലാം അണിനിരന്ന ഡേ ആന്‍ഡ് നൈറ്റ് മത്സരത്തില്‍ 108 പന്തില്‍ നിന്ന് 116 റണ്‍സെടുത്ത ദിനേഷ് മോംഗിയയയായിരുന്നു ഇന്ത്യയുടെ വിജയശില്‍പി.

.

ഇന്ത്യയില്‍ ക്രിക്കറ്റ് പഴയ ക്രിക്കറ്റല്ല. ബി.സി.സി.ഐ പഴയ ബി.സി.സി.ഐയും. ഇന്ന് കോടികള്‍ വാരിവിതറാന്‍ ഒരു ചാരിറ്റി മത്സരത്തിന്റെയും കൈസഹായം ആവശ്യമില്ല ഗാംഗുലിക്കും കൂട്ടര്‍ക്കും. 1983-ലെ ലോകകപ്പ് ഫൈനലിന് അന്ന് ഒരേസമയം ബി.സി.സി.ഐ. അധ്യക്ഷനും ഇന്ദിരാ മന്ത്രിസഭയില്‍ അംഗവുമായിരുന്നു എന്‍.കെ.പി. സാല്‍വേയ്ക്ക് പാസ് ലഭിച്ചിരുന്നില്ല. ലോകകപ്പിനെ തന്നെ ആദ്യമായി ഇംഗ്ലണ്ടില്‍ നിന്ന് ചാടിച്ചായിരുന്നു സാല്‍വെ കണക്കുതീര്‍ത്തത്. അങ്ങനെ നാലു വര്‍ഷത്തിനുശേഷം ഇന്ത്യ ആദ്യമായി ലോകകപ്പിന് വേദിയായി. പത്ത് ലക്ഷം ഡോളറായിരുന്നു ആ ലോകകപ്പിന്റെ സ്‌പോണ്‍സര്‍ഷിപ്പിനുവേണ്ടി റിലയന്‍സ് ഇഡസ്ട്രീസ് വാരിയെറിഞ്ഞത്.

ബി.സി.സി.ഐ. സാമ്പത്തികമായി ചുവടുറപ്പിക്കാന്‍ ശ്രമിച്ചുതുടങ്ങിയത് അത് മുതലാണ്. 1992-ല്‍ സംപ്രേഷണത്തിന് ദൂരദര്‍ശന് അഞ്ച് ലക്ഷം രൂപ അങ്ങോട്ട് കൊടുക്കേണ്ടിവന്നവര്‍ തൊട്ടടുത്ത വര്‍ഷം മുതല്‍ സംപ്രേഷണാവകാശം കോടികള്‍ക്ക് വിറ്റുതുടങ്ങി. 92-ല്‍ കളി കാണിക്കാന്‍ അഞ്ചു ലക്ഷം ചോദിച്ച ദൂരദര്‍ശന് 93-ല്‍ ടിഡബ്ല്യു ഐയ്ക്ക് പത്ത് ലക്ഷം ഡോളറാണ് സംപ്രേഷണാവകാശമായി കൊടുക്കേണ്ടിവന്നത്. ബി.സി.സി.ഐ.യുടെ കീശ വീര്‍ത്തു തുടങ്ങിയതോടെ ഐ.സി.സി.യില്‍ ഇംഗ്ലണ്ടിന്റെയും ഓസ്‌ട്രേലിയയുടെയും പിടി അയഞ്ഞു. സച്ചിനെയും ധോനിയെയും കോലിയെയും പോലെ പിറന്നുവീഴുന്ന ഓരോ വിഗ്രഹവും ഇന്ത്യന്‍ ക്രിക്കറ്റിന്റെ വിപണിമൂല്യം കൂട്ടിക്കൊണ്ടിരുന്നു. ബി.സി.സി.ഐയുടെ പിടി മുറുക്കിക്കൊണ്ടിരുന്നു. വിപണി ജയിക്കുമ്പോള്‍ കളി തോല്‍ക്കുന്നത് സ്വാഭാവികം. 83-ന്റെ ഹീറോ കപിലിനെ വാതുവെപ്പിന്റെ വിചാരണക്കൂട്ടില്‍ നിഷ്‌കരുണം കയറ്റി നിര്‍ത്തി നാണംകെടുത്തി അത്. കരണ്‍ ഥാപ്പര്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ കപിലിന്റെ ചിത്രം മായ്ച്ചുകളയാന്‍ ഇനിയെത്ര 83-കള്‍ വന്നുപോവണം തിരശ്ശീലയില്‍.

കപിലിനെപ്പോലൊരാളെ ഇരുപത്തിമൂന്നാം വയസ്സില്‍ ഇനി ക്യാപ്റ്റനായി വാഴിക്കാനാവുമോ ഇന്ത്യന്‍ ക്രിക്കറ്റിന്. കപിലും കൂട്ടരും പോയതു പോലെ സമ്മര്‍ദമില്ലാതെ ഇനി ഇന്ത്യയ്ക്ക് ഒരു ലോകകപ്പ് കളിക്കാനാവുമോ. ഇല്ല എന്ന് വിളിച്ചുപറയുന്നുണ്ട് ഇക്കഴിഞ്ഞ ലോകകപ്പില്‍ പാകിസ്താനോടേറ്റ തോല്‍വി. കോലി-രോഹിത് ക്യാപ്റ്റന്‍സി തര്‍ക്കം തുറന്നുകാണിച്ചതും മറ്റൊന്നല്ല. തിരിച്ചുപോക്ക് അസാധ്യമാണ് ചരിത്രത്തില്‍. പക്ഷേ, മുന്നോട്ടുള്ള യാത്രയില്‍ ചുവടുപിഴയ്ക്കാതിരിക്കാന്‍ തിരിഞ്ഞുനോട്ടം നല്ലതാണ്. തിരിച്ചറിവും. അതുതന്നെയാണ് കബീര്‍ഖാന്‍-രണ്‍വീര്‍ കൂട്ടുകെട്ടിന്റെ 83-ന്റെയും മാന്‍സിങ്ങിന്റെ ഓര്‍മകളുടെയും ലതയുടെ ഗാനോപഹാരത്തിന്റെയും കാലിക പ്രസക്തി. ഓര്‍മകള്‍ ഉണ്ടായിരിക്കണം. മനുഷ്യനായാലും ക്രിക്കറ്റിനായാലും.

Content Highlights: History Of India's 1983 Cricket World Cup Victory Kapil Dev, Gavaskar, PR Man Singh, Richards, 175 Not Out 83 Movie Ranveer Singh Lata Mangeshkar BCCI Indira Gandhi

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Garlic
Premium

7 min

തക്കംപാര്‍ത്ത് ചൈനയിറക്കിയ വെളുത്തുള്ളിതന്ത്രം; ചെലവുകുറയ്ക്കാന്‍ ജയില്‍പുള്ളികളും അടിമകളും

Oct 2, 2023


nandini milk
Premium

6 min

'നന്ദിനി'യുടെ നാട്ടിലേക്ക് 'അമുല്‍' വരുമ്പോള്‍; പാലില്‍ തിളയ്ക്കുന്ന കര്‍ണാടക രാഷ്ട്രീയം

Apr 17, 2023


indira Gandhi, Dhirendra Brahmachari
Premium

9 min

അധികാരത്തിന്റെ അകത്തളങ്ങളിൽ വിരാജിച്ച യോഗ ഗുരു; ആരായിരുന്നു ധീരേന്ദ്ര ബ്രഹ്‌മചാരി...?

Mar 13, 2023

Most Commented