പിങ്ക് ടൈഡില്‍ കൊളംബിയയും ചുവന്നു, മുന്‍ ഗറില്ലാ പോരാളി പ്രസിഡന്റ് പദത്തില്‍


സ്വന്തം ലേഖിക 

ഗുസ്താവോ പെത്രോ| Photo: AFP

ലാറ്റിന്‍ അമേരിക്കയുടെ വടക്കുപടിഞ്ഞാറേ കോണില്‍ ഉദിച്ച ചുവന്ന നക്ഷത്രം. കൊളംബിയയുടെ ചരിത്രത്തിലെ ആദ്യ ഇടതുപക്ഷക്കാരനായ പ്രസിഡന്റായി ഗുസ്താവോ പെത്രോ എന്ന 62-കാരന്‍ നടന്നുകയറുന്നതിനെ അങ്ങനെ തന്നെ വേണം വിശേഷിപ്പിക്കാന്‍. ചിലിക്കും പെറുവിനും ഹോണ്ടുറാസിനും ശേഷം ഇടതുപക്ഷ പ്രസിഡന്റിനെ തിരഞ്ഞെടുത്തിരിക്കുകയാണ് കൊളംബിയയും. ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ തിരയടിക്കുന്ന പിങ്ക് ടൈഡിന്റെ ഏറ്റവും പുതിയ അനുരണനം കൂടിയാണ് കൊളംബിയയിലെ ഈ രാഷ്ട്രീയമാറ്റമെന്ന് വിലയിരുത്താം. ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങള്‍ നിയോലിബറല്‍ സാമ്പത്തികമാതൃകകളോട് വിടപറഞ്ഞ് ഇടതുസര്‍ക്കാരുകളിലേക്ക് തിരിയുന്ന പ്രവണതയെയാണ് പിങ്ക് ടൈഡ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.

ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍, ജനസംഖ്യയുടെ കാര്യത്തില്‍ മൂന്നാമതുള്ള രാജ്യമാണ് കൊളംബിയ. മയക്കുമരുന്നു വ്യാപാരം, കൊലപാതകം ഉള്‍പ്പെടെയുള്ള സംഘടിത കുറ്റതകൃത്യങ്ങള്‍, മാഫിയാ വിളയാട്ടം, പണപ്പെരുപ്പം അങ്ങനെ നൂറുകൂട്ടം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന തലവേദനയും പേറിയാണ് ഈ രാജ്യത്തിന്റെ നില്‍പ്. അവിടേക്കാണ് ഇടതുപക്ഷ പ്രതിനിധിയായി പെത്രോ അധികാരത്തിലെത്തുന്നത്. റൊഡോള്‍ഫോ ഹെര്‍ണാണ്ടസായിരുന്നു പ്രസിഡന്റ് പദത്തിലേക്കുള്ള പെത്രോയുടെ എതിരാളി. അതിസമ്പന്നനും റിയല്‍ എസ്റ്റേറ്റ് ഭീമനും കൂടിയാണ് ഹെര്‍ണാണ്ടസ്. ടിക് ടോക്ക് വീഡിയോകളിലൂടെയും മറ്റ് സാമൂഹികമാധ്യമങ്ങളിലൂടെയുമായിരുന്നു ഹെര്‍ണാണ്ടസിന്റെ പ്രചാരണം. ഏതെങ്കിലും ഒരു പാര്‍ട്ടിയുമായി സഹകരിക്കാനും അദ്ദേഹം തയ്യാറായിരുന്നില്ല. അഴിമതിവിരുദ്ധതിയിലൂന്നിയ പ്രചാരണമായിരുന്നു അദ്ദേഹം നയിച്ചത്. ഞായറാഴ്ച നടന്ന വാശിയേറിയ തിരഞ്ഞെടുപ്പില്‍ തിരഞ്ഞെടുപ്പില്‍ 50.47 ശതമാനം വോട്ടു നേടി പെത്രോ ചരിത്രത്തിലേക്ക് വിജയിച്ചു കയറി. 77-കാരനായ ഹെര്‍ണാണ്ടസിന് നേടാനായത് 47.27 ശതമാനം വോട്ടുകള്‍ മാത്രമായിരുന്നു.

ജനങ്ങളെ അലട്ടുന്ന നിരവധി പ്രശ്‌നങ്ങള്‍ക്ക് പരിഹാരമെന്ന വമ്പന്‍ വാഗ്ദാനമായിരുന്നു പ്രചാരണത്തിലെ പെത്രോയുടെ ട്രംപ് കാര്‍ഡ്. ദാരിദ്ര്യം, അസമത്വം തുടങ്ങി കൊളംബിയ നേരിടുന്ന വിഷയങ്ങളെ അനുഭാവപൂര്‍ണം പരിഹരിക്കുമെന്ന് പെത്രോ ഉറപ്പുനല്‍കി. ജനസംഖ്യയില്‍ പകുതിയോളം പേര്‍ ദാരിദ്ര്യത്തില്‍ കഴിയുന്നയിടമാണ് കൊളംബിയ. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയില്‍ സമൂലപരിഷ്‌കാരം കൊണ്ടുവരുമെന്ന സര്‍വകലാശാല വിദ്യാഭ്യാസം സൗജന്യമാക്കും, മയക്കുമരുന്നിനെതിരായ പോരാട്ടത്തിന് നവീന മാര്‍ഗങ്ങള്‍ കണ്ടെത്തും തുടങ്ങിയവയും പെത്രോയുടെ വാഗ്ദാനങ്ങളില്‍ ഉള്‍പ്പെട്ടിരുന്നു. 3.9 കോടി ജനങ്ങളുള്ള കൊളംബിയയില്‍ 58 ശതമാനം പേര്‍ മാത്രമാണ് വോട്ട് രേഖപ്പെടുത്തിയതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തില്‍ പെത്രോയും ഹെര്‍ണാണ്ടസും ഉള്‍പ്പെടെ നാലു സ്ഥാനാര്‍ഥികളായിരുന്നു ഉണ്ടായിരുന്നത്. ഇതില്‍ ഇന്‍ഗ്രിഡ് ബെറ്റന്‍കോര്‍ട്ട് മത്സരത്തിന് ഒന്‍പതു ദിവസം മുന്‍പ് സ്ഥാനാര്‍ഥിത്വത്തില്‍നിന്ന് പിന്‍വാങ്ങി. പ്രസിഡന്റ് മത്സരത്തിനുണ്ടായിരുന്ന ഏക വനിതയായിരുന്നു ഇവര്‍. റെവല്യൂഷണറി ആംഡ് ഫോഴ്‌സസ് ഓഫ് കൊളംബിയയുടെ ഇടതുപക്ഷവിമതര്‍ 2002-ല്‍ ഇന്‍ഗ്രിഡിനെ തട്ടിക്കൊണ്ടുപോയിരുന്നു. ആറുകൊല്ലത്തിനുശേഷമാണ് ഇവരെ വിട്ടയച്ചത്. മറ്റൊരാള്‍ വലതുപക്ഷമായ കൊളംബിയ സഖ്യത്തിന്റെ സ്ഥാനാര്‍ഥി ഫെഡെറിക്കോ ഫിക്കോ ഗുട്ടറസ് ആയിരുന്നു. ഇദ്ദേഹം ആദ്യഘട്ടത്തില്‍ പരാജയപ്പെട്ടതോടൊണ് മത്സരം പെത്രോയും ഹെര്‍ണാണ്ടസും തമ്മിലായത്.

ശരിക്കും ആരാണ് ഗുസ്താവോ പെത്രോ

മുന്‍ ഗറില്ലാ പോരാളിയായിരുന്ന പെത്രോയുടെ ജനനം 1960-ലായിരുന്നു. ഇറ്റിലിയന്‍വംശജരായ കര്‍ഷകരായിരുന്നു അദ്ദേഹത്തിന്റെ മാതാപിതാക്കള്‍. നിലവില്‍ സജീവമല്ലാത്ത, 19th ഓഫ് ഏപ്രില്‍ മൂവ്‌മെന്റ് അഥവാ എം-19 മൂവ്‌മെന്റിന്റെ ഭാഗമായിരുന്നു പെത്രോ. പതിനേഴാം വയസ്സില്‍ സംഘടനയില്‍ ചേര്‍ന്ന പെത്രോ പത്തുവര്‍ഷത്തോളം ഇതിന്റെ സജീവപ്രവര്‍ത്തകനായിരുന്നു. പിന്നീട് ആയുധങ്ങള്‍ അനധികൃതമായി കൈവശംവെച്ചെന്ന കുറ്റത്തിന് പെത്രോ ജയിലിലായി. 18 മാസത്തെ ജയില്‍ജീവിതത്തിനു ശേഷം പൊതുമാപ്പ് നേടിയാണ് അദ്ദേഹം പിന്നീട് പുറത്തെത്തുന്നത്.

തുടര്‍ന്നായിരുന്നു പെത്രോയുടെ സജീവരാഷ്ട്രീയപ്രവേശം. മുഖ്യധാരാ രാഷ്ട്രീയത്തിലേക്ക് കടന്ന പെത്രോ സെനറ്ററായും കോണ്‍ഗ്രസ്മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കൊളംബിയയുടെ തലസ്ഥാനമായ ബോഗോത്തയിലെ മേയറുമായിരുന്നു. നിലവില്‍ കൊളംബിയയെ വലയ്ക്കുന്ന പ്രശ്‌നങ്ങളെയൊക്കെ പരിഹരിക്കുമെന്ന വാഗ്ദാനമാണ് പെത്രോ മുന്നോട്ടുവെച്ചിരുന്നത്. പെന്‍ഷന്‍, നികുതി, കൃഷി, ആരോഗ്യം തുടങ്ങിയ മേഖലകളിലെ സമഗ്രപരിഷ്‌കരണമായിരുന്നു പ്രചാരണവേളയില്‍ പെത്രോ മുന്നോട്ടുവെച്ചിരുന്ന വിഷയങ്ങള്‍.

മൂന്നാമത്തെ ശ്രമത്തിലാണ് കൊളംബിയന്‍ പ്രസിഡന്റ് പദത്തിലേക്ക് പെത്രോ എത്തിപ്പെടുന്നത്. മുന്‍പ് 2010-ലും 2018-ലും മത്സരിച്ചിരുന്നെങ്കിലും പരാജയമായിരുന്നു ഫലം. 2010-ല്‍ നാലാമനായി പിന്തള്ളപ്പെട്ടു. 2018-ല്‍ രണ്ടാം റൗണ്ടു വരെ എത്തിയെങ്കിലും നിലവിലെ പ്രസിഡന്റ് ഇവാന്‍ ഡ്യൂക്കെയോട് പരാജയപ്പെട്ടു. എന്നാല്‍ തോല്‍വി സമ്മതിച്ച് പിന്മാറാന്‍ പെത്രോ തയ്യാറായിരുന്നില്ല. 2022-ല്‍ മൂന്നാംവട്ടം പെത്രോ വിജയം കണ്ടു. അങ്ങനെ മിതവാദികളും യാഥാസ്ഥിതികവാദികളും മാത്രം ഭരിച്ച കൊളംബിയയുടെ വാതില്‍ ഇടതുപ്രസിഡന്റിനായി മലര്‍ക്കെ തുറക്കപ്പെട്ടു. ഇടതുപക്ഷ പാര്‍ട്ടികളുടെ സഖ്യമായ ഹിസ്റ്റോറിക് പാക്ടിന്റെ പ്രതിനിധിയായാണ് ഹ്യൂമന്‍ കൊളംബിയ പാര്‍ട്ടി നേതാവായ പെത്രോ മത്സരിച്ചത്.

പ്രസിഡന്റ് മാത്രമല്ല വൈസ് പ്രസിഡന്റും ചരിത്രം സൃഷ്ടിക്കുന്നു

ഫ്രാന്‍സിയ മാര്‍ക്കേസ് എന്ന ആഫ്രോ-കൊളംബിയന്‍ വംശജ വൈസ് പ്രസിഡന്റ് പദത്തിലേക്ക് എത്തുന്നതും ചരിത്രം സൃഷ്ടിച്ചാണ്. കൊളംബിയയിലെ അറിയപ്പെടുന്ന പരിസ്ഥിതിപ്രവര്‍ത്തകയാണ് ഫ്രാന്‍സിയ. മുന്‍പ് ശുചീകരണത്തൊഴിലാളിയായും ജോലി ചെയ്തിട്ടുണ്ട്‌ ഫ്രാന്‍സിയ. അസമത്വം മറനീക്കി നില്‍ക്കുന്ന കൊളംബിയയുടെ സാമൂഹികസാഹചര്യത്തില്‍ പിന്നാക്കാവസ്ഥയില്‍നിന്നുള്ള വൈസ് പ്രസിഡന്റ് പദംവരെയെത്തിയ ഫ്രാന്‍സിയയ്ക്ക് അനുമോദനവര്‍ഷമാണ് എല്ലായിടത്തുനിന്നും ലഭിക്കുന്നത്. നാല്‍പ്പതുകാരിയായ ഫ്രാന്‍സിയ അഭിഭാഷകയുമാണ്.

ഫ്രാന്‍സിയ മാര്‍ക്കേസ്| Photo: AFP

നേരത്തെ, 2014-ല്‍ രാജ്യത്തെ അനധികൃത സ്വര്‍ണഖനനത്തിനെതിരേ ഫ്രാന്‍സിയ പോരാട്ടം നയിച്ചിരുന്നു. ഫ്രാന്‍സിയയും നൂറോളം വനിതകളും ചേര്‍ന്ന് ബൊഗോത്ത മേഖലയിലേക്ക് മാര്‍ച്ചും നടത്തി. സര്‍ക്കാര്‍ അടിയന്തരമായി നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു അത്. തുടര്‍ന്ന് 2015-ല്‍ കൊളംബിയന്‍ സര്‍ക്കാര്‍ അനധികൃത സ്വര്‍ണഖനനം തടയാനുള്ള ദൗത്യസംഘത്തിന് രൂപം നല്‍കുകയും ചെയ്തിരുന്നു. തിരഞ്ഞെടുപ്പില്‍ വനിതകള്‍, ഗ്രാമീണര്‍, അരികുവത്കരിക്കപ്പെട്ടവര്‍ തുടങ്ങിയവരെ ആകര്‍ഷിക്കാന്‍ ഫ്രാന്‍സിയയുടെ സാന്നിധ്യത്തിനായെന്നാണ് വിലയിരുത്തപ്പെടുന്നത്. ആഫ്രോ-കൊളംബിയന്‍ വംശജയെ തന്നെയായിരുന്നു ഹെര്‍ണാണ്ടസും തന്റെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയായി തിരഞ്ഞെടുത്തിരുന്നത്. മരെലെന്‍ കാസ്റ്റിലോ എന്നായിരുന്നു അവരുടെ പേര്. എന്നാല്‍ ഇവര്‍ പ്രചാരണപരിപാടികളില്‍ പോലും സജീവസാന്നിധ്യമായിരുന്നില്ല.

Content Highlights: Gustavo Petro becomes columbia's first ever left president

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Thalassery Overbury's Foley

1 min

തലശ്ശേരി പാര്‍ക്കിലെ കമിതാക്കളുടെ ഒളിക്യാമറ ദൃശ്യം പോണ്‍ സൈറ്റുകളില്‍; അപ്‌ലോഡ് ചെയ്തവരെ തേടി പോലീസ്

Jul 4, 2022


ashraf tharasseri

2 min

'ബാധ്യതയെല്ലാം തീര്‍ത്തപ്പോള്‍ വേണ്ടപ്പെട്ടവര്‍ക്ക് ഞാനൊരു ബാധ്യതയായി'; അറംപറ്റിയതുപോലെ ആ വാക്കുകള്‍

Jul 5, 2022


pinarayi and saji cheriyan

1 min

അപ്രതീക്ഷിത വിവാദം; മന്ത്രി സജി ചെറിയാനെ മുഖ്യമന്ത്രി വിളിപ്പിച്ചു, തിരക്കിട്ട ചര്‍ച്ചകള്‍

Jul 5, 2022

Most Commented