ഗുജറാത്തില്‍ ഏകമുഖമായി മോദി; മുഖമില്ലാതെ കോണ്‍ഗ്രസ്, വരവറിയിച്ച് എ.എ.പി


സ്വന്തം ലേഖകന്‍

നരേന്ദ്രേമോദിയും അമിത്ഷായും അരവിന്ദ് കെജ്രിവാളുമെല്ലാം മണ്ഡലങ്ങള്‍ നിറഞ്ഞാടിയപ്പോള്‍ രാഹുല്‍ഗാന്ധി താടിനീട്ടി ചെണ്ട കൊട്ടി പ്രാര്‍ഥന നടത്തി പല തെരുവിലൂടെ നടക്കുകയായിരുന്നു

നരേന്ദ്രമോദി,രാഹുൽഗാന്ധി

രണവിരുദ്ധ വികാരം ഏറെയുണ്ടായിരുന്നു ഗുജറാത്തില്‍. മോര്‍ബി ദുരന്തം, ബില്‍ക്കിസ് ബാനു കേസിലെ പ്രതികളുടെ മോചനം, വിലക്കയറ്റം, ജി.എസ്.ടി അങ്ങനെയങ്ങനെ അനവധി വിവാദ വിഷയങ്ങളും. പക്ഷെ, പ്രധാനമന്ത്രി നരേന്ദ്രമോദി ഗുജറാത്തില്‍ ഏകമുഖമായി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വംനല്‍കിയപ്പോല്‍ കോണ്‍ഗ്രസിന് മുഖമില്ലാതായി. മോദി പ്രഭാവത്തില്‍ ഒരു ചലനം പോലുമുണ്ടാക്കാനാവാതെ കോണ്‍ഗ്രസ് ഒരു തിരഞ്ഞെടുപ്പുകൂടി നേരിട്ടു. മറുവശത്ത് എക്‌സിറ്റ് പോള്‍ ഫലങ്ങളെ ശരിവെച്ച് ബിജെപിക്ക് 99 സീറ്റില്‍ നിന്ന് 158 സീറ്റെന്ന അവിസ്മരണീയ വിജയം. മൂന്നാംകക്ഷിയായി എഎപിയുടെ വരവ് വലിയ തളര്‍ച്ചയാണ് കോണ്‍ഗ്രസിനുണ്ടാക്കിയിരിക്കുന്നത്.

77 സീറ്റില്‍ നിന്ന് 16 സീറ്റിലേക്കാണ് കോണ്‍ഗ്രസ് ഒതുങ്ങിയത്. എന്നാല്‍, എ.എ.പി യുടെ മുന്നേറ്റം ബി.ജെ.പിക്കുണ്ടാക്കുന്ന ആശങ്ക ചെറുതല്ലതാനും. ഇത് മുന്നില്‍ കണ്ടുതന്നെയായിരുന്നു എ.എ.പിയെ അവഗണിച്ച് ബി.ജെ.പിയും-കോണ്‍ഗ്രസും തമ്മിലാണ് മത്സരമെന്ന് പ്രധാനമന്ത്രിയും ബിജെപി നേതാക്കളുമെല്ലാം ആവര്‍ത്തിച്ച് പറഞ്ഞുകൊണ്ടിരുന്നത്. സംസ്ഥാനത്ത് ഏറെ നേരത്തെ പ്രചാരണത്തിനിറങ്ങിയ എ.എ.പി ലക്ഷ്യമിട്ടതും അതുതന്നെയായിരുന്നു. ഡല്‍ഹി, പഞ്ചാബ് ഭരണം പറഞ്ഞ് പ്രചാരണം കൊഴുപ്പിച്ചു. ലക്ഷ്യം ഭരണത്തിലേറുക എന്നതിനപ്പുറം ശക്തമായ സാന്നിധ്യമായി തുടക്കമിടുക എന്നതായിരുന്നു. അത് സാധ്യമായി. അഞ്ചു സീറ്റിന്റെ മികച്ച തുടക്കമാണ് എഎപിക്ക് ലഭിച്ചിരിക്കുന്നത്.

1995 മുതല്‍ ബി.ജെ.പിക്ക് പരാജയമറിയേണ്ടിവന്നിട്ടില്ല ഗുജറാത്തില്‍. രാജ്യം ഞെട്ടിയ 2002-ലെ ഗുജറാത്ത് കലാപത്തിന് ശേഷം പോലും നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ബി.ജെ.പി ഭരണത്തിലേറി. പക്ഷെ ഭൂരിപക്ഷം കുറഞ്ഞുവരുന്നതില്‍ പാര്‍ട്ടി ഭീതിയിലുമായിരുന്നു. പക്ഷെ 27 വര്‍ഷത്തിന് ശേഷവും ഗുജറാത്തില്‍ ബി.ജെ.പി ഭരണത്തുടര്‍ച്ചയുണ്ടാക്കുമ്പോള്‍ അത് ചരിത്രം തിരുത്തുക കൂടിയാണ്. 1985-ല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിലെ മാധവ് സിങ് സോളങ്കിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നേടിയ 149 സീറ്റെന്ന ഒറ്റകക്ഷി ഭൂരിപക്ഷമാണ് ഭരണവിരുദ്ധ വികാരത്തിനിടയിലും ഇത്തവണ ബി.ജെ.പി കടത്തിവെട്ടിയിരിക്കുന്നത്. 127 സീറ്റായിരുന്നു ബി.ജെ.പിക്ക് ഇവിടെ ഇതുവരെയുണ്ടായിരുന്ന റെക്കോര്‍ഡ് ഭൂരിപക്ഷം.

ജോഡോ യാത്രപോലും കടക്കാത്ത ഗുജറാത്ത്


ഏറെക്കാലത്തിന് ശേഷം കോണ്‍ഗ്രസില്‍ വലിയ ഓളമുണ്ടാക്കിയ, രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഭാരത് ജോഡോ യാത്ര പോലും ഈ തിരഞ്ഞെടുപ്പ് കാലത്ത് ഗുജറാത്ത് കടന്നിരുന്നില്ലെന്നതാണ് അത്ഭുതം. നരേന്ദ്രേമോദിയും അമിത്ഷായും അരവിന്ദ് കെജ്രിവാളുമെല്ലാം മണ്ഡലങ്ങള്‍ നിറഞ്ഞാടിയപ്പോള്‍ രാഹുല്‍ഗാന്ധി താടിനീട്ടി, ചെണ്ട കൊട്ടി, പ്രാര്‍ഥന നടത്തി പല തെരുവിലൂടെ നടക്കുകയായിരുന്നു. പുതിയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗേ, അശോക് ഗെഹ്‌ലോത്, ഭൂപേഷ് ബാഗേല്‍,രമേശ് ചെന്നിത്തല എന്നിവര്‍ക്കൊക്കെയായിരുന്നു പ്രധാന ചുമതല. യാത്ര സംസ്ഥാനത്തേക്ക് കടന്നാല്‍ പ്രവര്‍ത്തകരുടെ ശ്രദ്ധ മുഴുവന്‍ ജാഥയിലായിരിക്കുമെന്നും അത് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തെ ബാധിക്കുമെന്നുമുള്ള വിചിത്ര വിശദീകരണമായിരുന്നു ഇതിന് കോണ്‍ഗ്രസ് നേതാക്കള്‍ നല്‍കിയത്. ഇത് പ്രവര്‍ത്തകരെ ഏറെ നിരാശരാക്കി. ഒപ്പം, ജയിച്ചാല്‍ നേതാക്കള്‍ മറുകണ്ടംചാടുമെന്നതിന്റെ നിരവധി ഉദാഹരണങ്ങളും പ്രവര്‍ത്തകര്‍ക്ക് മുന്നിലുണ്ടായിരുന്നു. അല്‍പേഷ് ഠാക്കൂര്‍, ഹാര്‍ദിക്ക് പട്ടേല്‍, എന്നിവരൊക്കെ കണ്‍മുന്നിലെ തെളിവുകളുമായി. മറുവശത്ത് താരപ്രചാരകര്‍ അണിനിരന്നപ്പോള്‍ ശരിക്കും മുഖമില്ലാത്തവരായി കോണ്‍ഗ്രസ് മാറുന്ന കാഴ്ചയാണ് ഗുജറാത്തിലുണ്ടായത്. തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പുണ്ടായ 135 പേര്‍ മരിച്ച മോര്‍ബി ദുരന്തം പോലും രാഷ്ട്രീയ ആയുധമാക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞില്ലെന്നതും യാഥാര്‍ഥ്യമാണ്.

യുവതുര്‍ക്കികളെ കൈവിട്ട കോണ്‍ഗ്രസ്

2017-ലെ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ ജിഗ്നേഷ്, അല്‍പേഷ്, ഹാര്‍ദിക് സഖ്യം കോണ്‍ഗ്രസിന് നല്‍കിയ സംഭാവന ചെറുതായിരുന്നില്ല. മുഖ്യ വോട്ടുബാങ്കെന്നറിയിപ്പെടുന്ന പട്ടേല്‍, ഒ.ബി.സി. വോട്ടുകളെ കോണ്‍ഗ്രസിന്റെ അക്കൗണ്ടിലേക്കെത്തിക്കാന്‍ ഹാര്‍ദികും അല്‍പേഷും പ്രധാന പങ്കുവഹിച്ചപ്പോള്‍ പുരോഗമന ശബ്ദമുയര്‍ത്തി ദളിത്, മുസ്ലിം വോട്ടുകളെ കോണ്‍ഗ്രസിലെത്തിക്കുകയായിരുന്നു അന്ന് മേവാനിയുടെ ജോലി. അത് ബി.ജെ.പിക്കുണ്ടാക്കിയ പ്രതിസന്ധി ചെറുതായിരുന്നില്ല. ആകെയുള്ള 182 സീറ്റില്‍ 99 സീറ്റ് നേടി ബി.ജെ.പി. അധികാരത്തിലെത്തിയെങ്കിലും നേരിയ മാര്‍ജിനിലേക്ക് ബി.ജെ.പി മിക്ക മണ്ഡലങ്ങളിലും ഒതുങ്ങിപ്പോയി.

നോര്‍ത്ത് ഗുജറാത്തില്‍ അന്ന് സ്ഥാനാര്‍ഥികളെ വെക്കാതെ മേവാനിയെ കോണ്‍ഗ്രസ് സഹായിച്ചപ്പോള്‍ രാധന്‍പുര്‍ മണ്ഡലത്തില്‍നിന്ന് അല്‍പേഷ് കോണ്‍ഗ്രസ് ടിക്കറ്റില്‍ തന്നെ മത്സരിച്ച് ജയിച്ചു. 25 വയസ്സ് പൂര്‍ത്തിയാവാത്തതിനാല്‍ ഹാര്‍ദിക് പട്ടേലിന് മത്സരിക്കാനുമായില്ല. 2017-ല്‍ രാധന്‍പുര്‍ മണ്ഡലത്തില്‍ നിന്ന് അല്‍പേഷ് കോണ്‍ഗ്രസ് ടിക്കറ്റില്‍ വിജയിച്ചെങ്കിലും ബി.ജെ.പിയിലേക്ക് ചേക്കേറിയപ്പോള്‍ രാജിവെച്ച് ഉപതിരഞ്ഞെടുപ്പില്‍ വീണ്ടും മത്സരിക്കുകയായിരുന്നു. പക്ഷെ, പരാജയമായിരുന്നു ഫലം. പിന്നീട്, തന്റെ സമുദായത്തെ കോണ്‍ഗ്രസ് അവഗണിക്കുന്നുവെന്നും രാഹുല്‍ ഗാന്ധി ഒന്നും ചെയ്യുന്നില്ലെന്നുമാരോപിച്ച് അല്‍പേഷ് കൂറുമാറുകയായിരുന്നു.

2017-ല്‍ നിന്ന് 2022-ലേക്കെത്തമ്പോള്‍ അല്‍പേഷും ഹാര്‍ദിക്കും കാവിക്കൊടിയേന്തി. മേവാനി ഔദ്യോഗിക കോണ്‍ഗ്രസുകാരനായി. മൂന്നുപേരും ഇത്തവണയും മത്സരിച്ചുവെങ്കിലും അല്‍പേഷും ഹാര്‍ദിക്കും ബിജെപി ടിക്കറ്റില്‍ വന്‍ ഭൂരിപക്ഷത്തിൽ വിജയിച്ചുകയറി. ജിഗ്നേഷ് മേവാനി മണ്ഡലത്തിൽ ലീഡ് നിലനിർത്തുകയും ചെയ്തു. ത്രിമൂര്‍ത്തികളില്‍ അവസാനം കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്ന ഹാര്‍ദിക് പട്ടേല്‍ വീരംഗം മണ്ഡലത്തില്‍ 51000-ല്‍ അധികം ഭൂരിപക്ഷത്തിനാണ് വിജയിച്ചുകയറിയത്. കഴിഞ്ഞ രണ്ട് തവണ മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്ന കോണ്‍ഗ്രസിലെ ലാഘ ഭര്‍വാദാണ് മത്സരിച്ചിരുന്നതെങ്കിലും രണ്ടാംസ്ഥാനത്ത് പോലും എത്താന്‍ കഴിഞ്ഞില്ല. പകരം എ.എ.പി സ്ഥാനാര്‍ഥി അമര്‍സിങ് ഠാക്കൂറാണ് രണ്ടാം സ്ഥാനത്തെത്തിയത്.

രാധന്‍പുര്‍ മണ്ഡലത്തില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ച് വിജയിക്കുകയും ബി.ജെ.പിയിലേക്ക് മാറിയപ്പോള്‍ ഉപതിരഞ്ഞെടുപ്പില്‍ പരാജയപ്പെടുകയും ചെയ്ത അല്‍പേഷ് ഠാക്കൂര്‍ ഇത്തവണ ഗാന്ധിനഗര്‍ സൗത്തില്‍ നിന്നും ജനവിധി തേടിയപ്പോഴും വന്‍ഭൂരിപക്ഷത്തിന് വിജയിച്ച് കയറി. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ നാല്‍പതിനായിരത്തോളമാണ് ഭൂരിപക്ഷം. ഇന്ത്യന്‍ നാഷണണല്‍ കോണ്‍ഗ്രസിന്റെ ഹിമാന്‍ഷു പട്ടേലാണ് രണ്ടാംസ്ഥാനത്തുള്ളത്. മണ്ഡലം നിലവില്‍ വന്ന 2018 ന് ശേഷം ബി.ജെ.പിയുടെ ശംഭൂജി ഠാക്കൂറായിരുന്നു ഇവിടെ വിജയിച്ചിരുന്നത്. ത്രിമൂര്‍ത്തികളില്‍ മൂന്നാമാനായ ജിഗ്നേഷ് മേവാനിക്ക് ഇത്തവണയും വഡ്ഗാം മണ്ഡലത്തില്‍ ലീഡ് നേടാനായിട്ടുണ്ട്. ഒടുവിൽ വിവരം ലഭിക്കുമ്പോൾ 3930 വോട്ടിന്റെ ലീഡാണ് ജിഗ്നേഷിനുള്ളത്. പട്ടേല്‍, ഒ.ബി.സി വോട്ടുകള്‍ നിര്‍ണായകമായ ഗുജറാത്തില്‍ 2017-ലെ യുവ മുഖങ്ങളായ അല്‍പേഷ്, ഹാര്‍ദിക് എന്നിവരെ മുന്നില്‍ നിര്‍ത്തി ഇത്തവണ ബിജെപിക്ക് അനുകൂലമാക്കാന്‍ കഴിഞ്ഞൂവെന്നതാണ് നേട്ടം. മുന്‍മുഖ്യമന്ത്രി വിജയ് രൂപാണിയെ മാറ്റി ഭൂപേന്ദ്രപട്ടേലിനെ മുഖ്യമന്ത്രിയാക്കിയത് ഈ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടായിരുന്നു. പട്ടേല്‍ സമുദായത്തെ ചേര്‍ത്തുനിര്‍ത്താന്‍ ലക്ഷ്യമിട്ട് ഭൂപേന്ദ്രപട്ടേല്‍ തന്നെയാണ് ഇത്തവണയും ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായതും. ഗഢ്ലോദിയ മണ്ഡലത്തില്‍ നിന്നു മത്സരിച്ച ഭൂപേന്ദ്രപട്ടേല്‍ ഒരു ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജിയച്ചുകയറിയത്.

ഗുജറാത്തില്‍ ആകെയുള്ള ജനസംഖ്യയുടെ 15 ശതമാനം പട്ടേലുമാരാണ്. അതുകൊണ്ടു തന്നെ ഗുജറാത്ത് നിയമസഭാ ചരിത്രത്തിലൂടനീളം പട്ടേല്‍ സ്വാധീനം അങ്ങോളമിങ്ങോളം കാണാം. പട്ടേല്‍പ്രക്ഷോഭവും മറ്റും ബി.ജെ.പിക്ക് ഇവരുടെ ഇടയിലുള്ള സ്വാധീനം നഷ്ടമാക്കിയിരുന്നുവെങ്കിലും ഇത്തവണ അത് തിരിച്ചുപിടിക്കാനാവുമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി മത്സരത്തിനിറങ്ങിയത്. അത് സാധിക്കുകയും ചെയ്തു. ഹാര്‍ദിക് പട്ടേല്‍ അടക്കമുള്ളവരെ തുറുപ്പുചീട്ടാക്കി പട്ടേല്‍ വിഭാഗക്കാര്‍ക്ക് മുന്തിയ പരിഗണന നല്‍കി ബി.ജെ.പി. തിരഞ്ഞടുപ്പ് പ്രചാരണം മുന്നോട്ടുപോയത് ഈയൊരു തന്ത്രത്തിന്റെ ഭാഗമായിക്കൂടിയായിരുന്നു. ഹാര്‍ദിക്കിന്റേയും അല്‍പേഷിന്റേയും കൂറുമാറ്റത്തോടെ പട്ടേലുമാർക്കിടയില്‍ സ്വാധീനം നഷ്ടപ്പെട്ട കോണ്‍ഗ്രസ് ഒ.ബി.സി. വോട്ടുകള്‍ ലക്ഷ്യമിട്ടാണ് ഇത്തവണ പ്രചാരണം കൊഴുപ്പിച്ചതെങ്കിലും ഒന്നും നടന്നില്ലെന്നതാണ് സത്യം. പകരം എ.എ.പി സ്വാധീനമുറപ്പിക്കയും ചെയ്തു.

മോര്‍ബി ദുരന്തം, ബില്‍ക്കിസ് ബാനു കേസ്

130-ലേറെ പേരുടെ ജീവന്‍ നഷ്ടപ്പെട്ട മോര്‍ബി ദുരന്തം ബി.ജെ.പിക്ക് തിരിച്ചടിയുണ്ടാക്കുമെന്നാണ് കരുതിയിരുന്നതെങ്കിലും ബി.ജെ.പിയെ കൈവിടാത്ത തിരഞ്ഞെടുപ്പ് ഫലമാണ് ഗുജറാത്ത് സമ്മാനിച്ചത്. അഞ്ചുതവണ മണ്ഡലത്തെ പ്രതിനിധീകരിച്ച കാന്തിഭായ് അമൃതീയ വിജയിച്ച് കയറുകയും ചെയ്തു. അപകടത്തില്‍ വെള്ളത്തിലിറങ്ങി രക്ഷാപ്രവര്‍ത്തനം നടത്തിയ കാന്തിലാല്‍ അമൃതീയയുടെ വീഡിയോ സമൂഹമ മാധ്യമങ്ങളില്‍ വൈറലായിരുന്നു. തുടര്‍ന്നാണ് ബി.ജെ.പിയുടെ സീറ്റ് പരിഗണനയിലേക്ക് പോലും വരുന്നത്. ഈ തന്ത്രം വിജയിക്കുയും ചെയ്തു. 62079 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് മോര്‍ബിയില്‍ കാന്തിഭായ് അമൃതീയ വിജയിച്ചത്. ഇതിനൊപ്പം ബില്‍ക്കിസ് ബാനുകേസ് പ്രതികളെ പുറത്തുവിട്ടതും കോണ്‍ഗ്രസ് വലിയ തിരഞ്ഞെടുപ്പ് ആയുധമാക്കി.

ബില്‍ക്കീസ് ബാനു ഗുജറാത്തിന്റെ മകളാണെന്നും ഹിന്ദുവോ മുസ്ലിമോ അല്ലെന്നുമായിരുന്നു ജിഗ്‌നേഷ് മേവാനി മണ്ഡലത്തിലുടനീളം പ്രസംഗിച്ചിരുന്നത്. 'ഗര്‍ഭിണിയായിരിക്കെ കൂട്ടബലാത്സംഗം ചെയ്യപ്പെട്ട് അവരുടെ കുഞ്ഞിനെ അടിച്ചുകൊന്നവരെയാണ് മോദി വെറുതെ വിട്ടത്. എന്താണ് മോദിക്ക് സംഭവിച്ചതെന്ന് മനസ്സിലാകുന്നില്ല. ഇത് സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ ഗുജറാത്താണോ, രവിശങ്കര്‍ മഹാരാജിന്റെ ഗുജറാത്താണോ, ഇന്ദുലാല്‍ യാഗ്‌നിക്കിന്റെ ഗുജറാത്താണോ, ഇത് അംബേദ്കറുടെ ഇന്ത്യയാണോ?'- ഇങ്ങനെ മണ്ഡലങ്ങളിലുടെനീളം ജിഗ്‌നേഷ് പ്രസംഗത്തിലൂടെ കത്തിക്കയറിയുന്നുവെങ്കിലും ഇതൊന്നു തിരഞ്ഞെടുപ്പിനെ സ്വാധീനിച്ചില്ലെന്നതാണ് സത്യം. അങ്ങനെ ചരിത്രത്തിലില്ലാത്ത വിജയത്തിലേക്ക് ബി.ജെ.പി എത്തിച്ചേരുകയും ചെയ്തു.

Content Highlights: gujarath election 2022


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
kt jaleel, madani

3 min

മഅദനിയെക്കണ്ടു, കണ്ണുനിറഞ്ഞു; ഈ കൊല്ലാക്കൊല കൊടിയ അനീതിയെന്ന് കെ.ടി. ജലീല്‍ 

Jan 28, 2023


chintha jerome jayarajan

2 min

തെറ്റുപറ്റാത്തവരായി ആരെങ്കിലും ഉണ്ടോ? യുവനേതാവിനെ തളർത്തിക്കളയാമെന്ന് ആരും വ്യാമോഹിക്കണ്ട- ഇ.പി

Jan 30, 2023


chintha jerome

2 min

വാഴക്കുലയില്‍ കുടുങ്ങിയ ചിന്ത; നന്ദി പിണറായിക്ക്, ഡോക്ടറേറ്റ് റദ്ദാക്കാന്‍ വകുപ്പുണ്ട്

Jan 30, 2023

Most Commented