ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ
ഒട്ടേറെ സന്ദിഗ്ധതകള്‍ക്കും തര്‍ക്കങ്ങള്‍ക്കും വിവാദങ്ങള്‍ക്കും ശേഷമാണ് സര്‍ക്കാരിന്റെ നയപ്രഖ്യാപനത്തില്‍ ഒപ്പിടാന്‍ ഗവര്‍ണര്‍ തയ്യാറായത്. അതോടെ തത്കാലം ഒരു ഭരണഘടനാ പ്രതിസന്ധി ഒഴിഞ്ഞെന്നത് ആശ്വാസകരമാണ്. എന്നാല്‍, ഗവര്‍ണറുടെ ഭാഗത്തുനിന്നുണ്ടാകുന്ന ഇത്തരം സമീപനം നല്ലപ്രവണതയല്ല. പൊതുഭരണവകുപ്പ് സെക്രട്ടറിയെ ആ വകുപ്പില്‍നിന്നു മാറ്റിക്കൊണ്ടുള്ള ഒരു 'ഒത്തുതീര്‍പ്പുഫോര്‍മുല' ഇതിനായി സര്‍ക്കാര്‍ മുന്നോട്ടുവെച്ചതായി വാര്‍ത്തകളില്‍ കാണാനിടയായി. ഏതായാലും നയപ്രഖ്യാപനത്തില്‍ ഒപ്പിടുന്നതിന് എന്തെങ്കിലും ഉപാധിവെക്കാനോ, അത്തരം ഉപാധികള്‍ നടപ്പാക്കണമെന്ന് ശഠിക്കാനോ ഗവര്‍ണര്‍ക്ക് അധികാരമില്ല.
ഭരണഘടനയുടെ 163-ാം അനുച്ഛേദമനുസരിച്ച് മന്ത്രിസഭയുടെ തീരുമാനങ്ങളും ഉപദേശങ്ങളും അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ ഗവര്‍ണര്‍ക്ക് ബാധ്യതയുണ്ട്. നയപരമായ കാര്യങ്ങളില്‍ മന്ത്രിസഭാ തീരുമാനത്തെ അപ്പടി അംഗീകരിക്കാന്‍മാത്രമേ ഗവര്‍ണര്‍ക്ക് അധികാരമുള്ളൂ എന്ന് ഷംസീര്സിങ്ങിന്റെ കേസില്‍ (1974) സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് വ്യക്തമാക്കിയതാണ്. മന്ത്രിമാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും മറ്റും എതിരേയുള്ള ക്രിമിനല്‍ പ്രോസിക്യൂഷന് അനുമതിപോലുള്ള ചുരുക്കം ചില കാര്യങ്ങളില്‍ മാത്രമാണ് ഗവര്‍ണര്‍ക്ക് വിവേചനാധികാരമുള്ളത്. (മധ്യപ്രദേശ് സ്പെഷ്യല്‍ പോലീസ് എസ്റ്റാബ്ളിഷ്മെന്റ് കേസ്, 2004). നയപ്രഖ്യാപനം, തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന്റെ അധികാരവും ബാധ്യതയുമാണ്. അതിനൊപ്പം നില്‍ക്കാനും അത് അംഗീകരിക്കാനും മാത്രമേ ഗവര്‍ണര്‍ക്ക് കഴിയൂ. അക്കാര്യത്തില്‍ എന്തെങ്കിലും വിസമ്മതം താത്കാലികമായിപ്പോലും പ്രകടിപ്പിക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ല. നയപ്രഖ്യാപനത്തില്‍ ഗവര്‍ണര്‍ ഒപ്പിടാന്‍ വിസമ്മതിച്ചാല്‍ ഗവര്‍ണരുടെ നടപടി ഭരണഘടനാവിരുദ്ധമാകും എന്നതില്‍ ഒരു സംശയവുമില്ല. സ്വാഭാവികമായി നടക്കേണ്ട ഭരണഘടനാപരമായ ദൗത്യങ്ങളെ വിവാദവിഷയമാക്കുന്നത് അഭിലഷണീയവുമല്ല.
യഥാര്‍ഥത്തില്‍ ഇന്ത്യയുടെ ഭരണഘടനാ പശ്ചാത്തലത്തില്‍ ഗവര്‍ണര്‍ക്ക് കാര്യമായ അധികാരങ്ങളൊന്നും കൈയാളാനില്ലെന്ന് ഡോ. അംബേദ്കര്‍തന്നെ സൂചിപ്പിച്ചിട്ടുണ്ട്. അന്ധ്ര സര്‍വകലാശാലയിലെ പ്രൊഫസര്‍ ആര്. വെങ്കട്ടറാവു ഗവര്‍ണറുടെ തസ്തികയെക്കുറിച്ച് പറഞ്ഞതിങ്ങനെ: 'പ്രവര്‍ത്തിക്കാതിരിക്കുമ്പോള്‍ ഉപയോഗശൂന്യം, പ്രവര്‍ത്തിച്ചാലോ അപകടകരം.' സമീപകാലത്ത് രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങള്‍ക്ക് സംഭവിച്ച തകര്‍ച്ച ഉത്കണ്ഠ ഉളവാക്കുന്നതാണ്. പലയിടങ്ങളില്‍ പലസമയങ്ങളില്‍, പല രീതികളില്‍ ഈ തകര്‍ച്ചയുടെ സൂചനകള്‍ മറനീക്കി പുറത്തുവരുകയാണ്. ഈ അവസ്ഥ നിര്‍ഭാഗ്യകരമാണ്.
സുപ്രീംകോടതിയിലും കേരള ഹൈക്കോടതിയിലും അഭിഭാഷകനാണ് ലേഖകന്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..