പ്രതീകാത്മക ചിത്രം
മകന്റെ വിവാഹത്തോടനുബന്ധിച്ച് വീട് നവീകരിക്കുന്നതിനായി തല്ക്കാലം വീടും സ്ഥലവും ഈടുവെച്ച് വായ്പയെടുക്കാനായിരുന്നു മാസങ്ങള്‍ക്ക് മുമ്പ് കോഴിക്കോട് കാട്ടിലപീടികയിലെ തോട്ടോളിയില്‍ ശ്രീജയും കുടുംബവും നഗരത്തിലെ കനറാബാങ്ക് ശാഖയെ സമീപിച്ചത്. പക്ഷെ വീടും സ്ഥലവുമുണ്ടായിട്ടും സമീപത്ത് സില്‍വര്‍ലൈന്‍ പദ്ധതിക്കായി അതിരടയാള കല്ലുകളിടാന്‍ രേഖപ്പെടുത്തിയിരിക്കുന്നുവെന്നതിന്റെ പേരില്‍ വായ്പ നല്കാനാവില്ലെന്നായിരുന്നു ബാങ്കിന്റെ മറുപടി. പദ്ധതിയുടെ ആദ്യ ഘട്ടം മുതല്‍ തന്നെ ഭൂമി ക്രയവിക്രയം നടത്തുന്നതിന് ഒരു തടസ്സവുമുണ്ടാവില്ലെന്നായിരുന്നു സര്‍ക്കാര്‍ പറഞ്ഞതെങ്കിലും യഥാര്‍ഥത്തില്‍ സംഭവിച്ചത് മറിച്ചായിരുന്നു. വായ്പ കിട്ടാതായതോടെ മറ്റ് വഴികള്‍ തേടി വീടുപണി നടത്തിയെങ്കിലും സില്‍വര്‍ ലൈന്‍ പദ്ധതി ജനങ്ങളെ എങ്ങനെ ബാധിക്കുമെന്നതിന്റെ നേര്ക്കാഴ്ചകൂടിയായി ശ്രീജയുടെ അനുഭവം.

സമാന സംഭവമാണ് ആലുവയിലെ ആന്വിന് ജയിംസ് എന്ന ബിരുദ വിദ്യാര്ഥിക്കുമുണ്ടായത്. വിദേശത്ത് ഉന്നത പഠനം നടത്തുന്നതിന് വിദ്യാഭ്യാസ വായ്പയ്ക്കായി ആന്വിന് കയറിയിറങ്ങിയത് എസ്.ബി.ഐ, കനറാ അടക്കമുള്ള നിരവധി ബാങ്കുകളിലാണ്. ആദ്യം വിദ്യാഭ്യാസ വായ്പ അനുവദിക്കുമെന്ന് അറിയിച്ചിരുന്നുവെങ്കിലും സമീപത്ത് കെ റെയില്‍ അതിരടയാളക്കല്ല് സ്ഥാപിച്ചുവെന്നതിന്റെ പേരില്‍ മാത്രം വായ്പ നിഷേധിച്ചു. ഇതോടെ താന്‍ ഇഷ്ടപ്പെട്ട കോഴ്സിലേക്കുള്ള ഉന്നതപഠന ആഗ്രഹം ആന്വിന് ഉപേക്ഷിച്ചു. ഇതൊരു ആന്വിന്റേയോ ശ്രീജയുടേയോ അനുഭവമല്ല. കേന്ദ്രത്തിന്റെ അനുമതി പോലും ലഭിക്കാതെ കേരളം മുന്നിട്ടിറങ്ങിയ ഒരു വന്‍കിട പദ്ധതിയുടെ പ്രാഥമിക ഇരകളില്‍ ചിലര്‍ മാത്രമാണ്. പദ്ധതിക്ക് തുടക്കമിട്ട് രണ്ട് വര്‍ഷത്തിനിപ്പുറം കേന്ദ്ര അനുമതി ലഭിക്കുന്നത് വരെ മരവിപ്പിക്കുന്നുവെന്ന് പറഞ്ഞ് സര്‍ക്കാര്‍ പിന്‍വാങ്ങുമ്പോള്‍ ഇതുവരെ അതിരടയാള കല്ലിട്ട ഭൂമിയും അവിടെയുളള ജനങ്ങളുമാണ് പ്രതിസന്ധിയിലായിരിക്കുന്നത്.

അനുമതികിട്ടാത്ത പദ്ധതി; അടികൊണ്ടത് ജനങ്ങള്‍
അടിവയറ്റില്‍ പോലീസിന്റെ ബൂട്ടിട്ട് ചവിട്ടല്‍, കണ്ണീര്‍വാതക പ്രയോഗവും പട്ടിയെ പോലെ തല്ലിച്ചതക്കലും അറസ്റ്റും കേസും തീവ്രവാദ മുദ്രകുത്തലും. അടുക്കളയിലും വീട്ടുമുറ്റത്തും ഉയര്‍ന്ന മഞ്ഞക്കല്ലുകള്‍ ഉറക്കം കെടുത്തിയ നാളുകള്‍. കിടപ്പാടം പോലും നഷ്ടപ്പെടുമെന്ന് കരുതി അലമുറയിട്ട് കരഞ്ഞ ചോറ്റാനിക്കര കിടങ്ങയം സ്വദേശിനി ശ്രീദേവിയും പാചകവാതക സിലിണ്ടര്‍ തുറന്നിട്ട് ആത്മഹത്യാഭീഷണി മുഴക്കിയ കൊല്ലം കൊട്ടിയത്തെ അജയകുമാറും നാഭിക്കിട്ട് പോലീസിന്റെ ചവിട്ടുകൊണ്ട പള്ളിപ്പുറം സ്വദേശിയായ ജോയിയുമെല്ലാം അന്നത്തെ നേര്‍ക്കാഴ്ചകളാണ്.
2022 അവസാനിക്കാറാവുമ്പോള്‍ സില്‍വര്‍ലൈന്‍ പദ്ധതിയുടെ കേരളത്തിന് മറക്കാന്‍ പറ്റാത്ത സംഭവബഹുലമായ ഏടുകളായി മാറി കേരളത്തിലെ പോലീസ് നടപടി. സര്‍ക്കാരിന്റെ സ്വപ്നപദ്ധതിയെന്ന പേരില്‍ തുടക്കമിടുകയും ഒടുവില്‍ കേന്ദ്ര അനുമതി ലഭിക്കുന്നില്ലെന്ന് പറഞ്ഞ് പദ്ധതിയില്‍ നിന്ന് യുടേണ്‍ അടിക്കാന്‍ ഒരുങ്ങുകയും ചെയ്യുമ്പോള്‍ നിരവധി ചോദ്യങ്ങളാണ് ബാക്കിയാവുന്നത്. എന്തിനായിരുന്നു തിടുക്കം? ഇരകളാക്കപ്പെട്ടവരുടെ ഭാവിയെന്ത്?
പദ്ധതി ഇങ്ങനെ
തിരുവനന്തപുരത്തു നിന്ന് കാസര്‍കോട് വരെ 530 കിലോമീറ്ററാണ് നിര്‍ദിഷ്ട സില്‍വര്‍ലൈന്‍ അര്‍ധ അതിവേഗ പാതയുടെ ദൂരം. പതിനൊന്ന് സ്റ്റോപ്പുകളുള്ള ഈ പാതയില്‍ കാസര്‍കോട് നിന്ന് തിരുവനന്തപുരത്തെത്താന്‍ മൂന്ന് മണിക്കൂര്‍ 54 മിനിറ്റു മതി. 200 കി.മി ആണ് വേഗം. ആകെ ചെലവ് 63940.67 കോടി വരുമെന്നാണ് കണക്ക്.

വിവാദമായ കല്ലിടല്‍ ചടങ്ങ്
2019- സെപ്റ്റംബര്‍ 19-ന് ആണ് സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരേ കേരളത്തില്‍ സമരം തുടങ്ങുന്നത്. കോട്ടയം മുളക്കുളത്തായിരുന്നു ആദ്യ സമരം.
പിന്നീട് കോഴിക്കോട് ജില്ലയിലെ കാട്ടില്‍പീടികയില്‍ 2020 ഒക്ബോര്‍ രണ്ടിനും സമരം തുടങ്ങി. ഇതാണ് പിന്നീട് വളര്‍ന്ന് പന്തലിച്ച് കെ-റെയില്‍ സില്‍വര്‍ ലൈന്‍ വിരുദ്ധ ജനകീയസമിതിയായത്. സമരസമിതിക്ക് മുന്നൂറ് യൂണിറ്റുകളുണ്ടായി. ശരാശരി 30-40 വീടുകള്‍ കേന്ദ്രീകരിച്ച് ഏകദേശം പതിനായിരത്തോളം കുടുംബാംഗങ്ങള്‍ സമരത്തിന്റെ ഭാഗമായി. 2021 ഡിസംബറില്‍ കല്ലിടല്‍ ആരംഭിച്ച അന്ന് മുതല്‍ വലിയ വിമര്‍ശനമാണ് പദ്ധതിക്കെതിരേ എല്‍.ഡി.എഫ് മുന്നണിക്കുള്ളില്‍ നിന്ന് പോലും ഉയര്‍ന്ന് വന്നത്. കേന്ദ്ര അനുമതി ലഭിക്കാതെ സാമൂഹികാഘാത പഠനം കൃത്യമായി നടത്താതെ ഒരു സുപ്രഭാതത്തില്‍ വന്ന് കല്ലിടാന്‍ തുടങ്ങിയത് വലിയ രീതിയിലാണ് എതിര്‍ക്കപ്പെട്ടത്.
നിശ്ചലാവസ്ഥയിലായ സില്‍വര്‍ലൈന്‍ പദ്ധതിക്കായി 1221 ഹെക്ടര്‍ ഭൂമിയോളം ഏറ്റെടുക്കുന്നതിനുള്ള നടപടികളിലേക്ക് ഇതിനോടകം സര്‍ക്കാര്‍ കടന്നിട്ടുണ്ട്. ജീവിതകാലം മുഴുവന്‍ സമ്പാദിച്ചും കടംവാങ്ങിയും ഉണ്ടാക്കിയ പാര്‍പ്പിടങ്ങളുടെ നടുവിലടക്കം 6744 സര്‍വേ കല്ലുകള്‍ ഇതുവരെ സ്ഥാപിച്ചു കഴിഞ്ഞു. നിലവില്‍ ഭൂമിയേറ്റെടുക്കാനുള്ള ചുമതലയുള്ള ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ തിരിച്ചുവിളിച്ചുവെങ്കിലും ഇത്രയും ഭൂമി നിര്‍ദിഷ്ട പാതയ്ക്കായി ഏറ്റെടുക്കേണ്ടിവരുമെന്ന് കാണിച്ച് സര്‍വേ നമ്പറുകള്‍ ഉള്‍പ്പെടെ സര്‍ക്കാര്‍ പുറപ്പെടുവിച്ച വിജ്ഞാപനം മരവിപ്പിച്ചിട്ടില്ലെന്നതാണ് പ്രധാന പ്രശ്നം. അതുകൊണ്ട് തന്നെ പദ്ധതിക്കായി സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ ഉദ്ദേശിക്കുന്ന ഭൂമികളില്‍ താമസിക്കുന്ന നിയന്ത്രണങ്ങളുണ്ട്. ബാങ്കുകാര് വായ്പ കൊടുക്കുന്നില്ല.

സഹകരണമേഖലയിലും സമാനപ്രശ്നം ഉണ്ടായിരുന്നെങ്കിലും രജിസ്ട്രാറുടെ നിര്‍ദേശം ഒക്ടോബറില്‍ വന്നതോടെ അവിടെ തടസ്സം ഒഴിവായി.പൊതുമേഖലാ ബാങ്കുകള്‍ ഇനിയും തീരുമാനം അറിയിച്ചിട്ടില്ല. ബാങ്കേഴ്സ് സമിതിയോ റിസര്‍വ് ബാങ്കോ വേണം ഇക്കാര്യത്തില്‍ തീരുമാനം അറിയിക്കാന്‍. പക്ഷേ, അത്തരം കീഴ്വഴക്കം ഇല്ലെന്നാണ് ബാങ്ക് അധികൃതര്‍ പറയുന്നത്. ഈടായി സ്വീകരിക്കാന്‍ പാടില്ലെന്ന് ഒരു അറിയിപ്പും നല്‍കിയിട്ടില്ലെന്നാണ് അവരുടെ വാദം. അതേസമയം, മാനേജര്‍മാര്‍ ഭൂമി പരിശോധിച്ച് നിയമവശം പരിശോധിച്ച് തീരുമാനം എടുക്കണമെന്നുള്ള വ്യവസ്ഥ പലപ്പോഴും പ്രശ്നമാകുന്നുണ്ടെന്ന് പദ്ധതിക്കെതിരേ നിയമപോരാട്ടം നടത്തുന്നവർ ചൂണ്ടിക്കാട്ടുന്നു.
സമാനമായ നിലപാടുകള്‍ വില്ലേജ് അധികാരികളും സ്വീകരിക്കുന്നുണ്ട്. ഭൂസംബന്ധമായ അന്വേഷണങ്ങളില്‍ അവിടെ പദ്ധതിക്ക് ഉദ്ദേശിക്കുന്നതാണ് എന്ന് വില്ലേജ് ഓഫീസര്‍ സൂചിപ്പിച്ചാല്‍ അതുമായി ബന്ധമുള്ള എല്ലാ ഇടപാടുകളും നിയന്ത്രണവിധേയമാകും. ഏറ്റെടുക്കല്‍ ആശങ്ക നിലനില്‍ക്കുന്നതിനാല്‍ ഇത്തരം ഭൂമികളുടെ വില്‍പ്പനയും ഏതാണ്ട് നിലച്ചിട്ടുണ്ട്.
കോവിഡ് കാലമായതോടെ വീട് നിര്‍മാണത്തിനായി എടുത്ത ബാങ്ക് ലോണ്‍ മുടങ്ങിയത് കൊണ്ടായിരുന്നു കോഴിക്കോട് മീഞ്ചന്ത സാഹിറ മന്‍സിലില്‍ മുഹമ്മദ് മദനി തന്റെ മൂന്നര സെന്റ് ഭൂമിയും വീടും വില്‍പ്പനയ്ക്ക് വെച്ചത്. കണ്ണായ സ്ഥലത്തെ ഭൂമിയായതിനാല്‍ നിരവധി പേരാണ് മദനിയെ തേടിയെത്തിയത്. പക്ഷെ സില്‍വര്‍ലൈന്‍ അതിരടയാളക്കല്ല് സ്ഥാപിച്ചുവെന്നതിന്റെ പേരില്‍ മാത്രം വില്‍പ്പന നടക്കുന്നില്ല. തന്റെ സ്ഥലത്ത് പോലുമല്ല കല്ലിട്ടത്, സമീപത്താണ്. പക്ഷെ വാങ്ങാനെത്തുന്നവര്‍ക്ക് പേടിയാണെന്ന് പറയുന്നു ഇദ്ദേഹം. സാമ്പത്തിക പ്രതിസന്ധി വന്നപ്പോഴായിരുന്നു വീടും സ്ഥലവും വില്‍പ്പന നടത്തി ബാധ്യത തീര്‍ക്കാന്‍ ഇദ്ദേഹം തയ്യാറായത്. വില്‍പ്പന നടക്കാതായതോടെ ലോണിപ്പോള് ജപ്തിയിലേക്ക് നീങ്ങിയിരിക്കുകയാണെന്നും ബാങ്കുകാർ നിരന്തരം വിളിച്ചുകൊണ്ടിരിക്കുന്നുവെന്നും മദനി ചൂണ്ടിക്കാട്ടുന്നു.

വിജ്ഞാപനം റദ്ദാക്കാത്തതിനാല്‍ ഏറ്റെടുത്ത ഭൂമിയുടെ അവകാശം ഇപ്പോഴും റവന്യൂവകുപ്പിന് തന്നെയാണ്. ഏറ്റെടുത്ത സ്ഥലത്തിന്റെ ഇരുവശത്തുമായി പത്ത് മീറ്റര്‍ വീതിയിലാണ് ബഫര്‍സോണ്‍ നിശ്ചയിച്ചിരിക്കുന്നത്. ഇതിന്റെ അഞ്ചുമീറ്ററില്‍ ഒരു നിര്‍മാണ പ്രവര്‍ത്തനങ്ങളും അനുവദിക്കില്ല. ബാക്കി അഞ്ചുമീറ്ററിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രത്യേക അനുമതിയും വേണം. ചുരുക്കിപ്പറഞ്ഞാല്‍ ഭൂമി നഷ്ടപ്പെടുകയും നഷ്ടപരിഹാരം ലഭിക്കുകയുമില്ല. ഇതിന് പുറമെ ഈ ഭൂമി മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനും കഴിയില്ല എന്ന അവസ്ഥയിലുമായി.
2022 ജനുവരി 12 ന് കേരള ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവിനെ തുടര്‍ന്ന് കല്ലിടല്‍ തല്‍ക്കാലത്തേക്ക് നിര്‍ത്തിയെങ്കിലും ഫെബ്രുവരി 14-ന് വീണ്ടും പുന:രാരംഭിച്ചു. വ്യാപക പ്രതിഷേധവുമായി യു.ഡി.എഫും, ബി.ജെ.പിയുമെല്ലാം രംഗത്ത് വന്നെങ്കിലും അതിശക്തമായ പോലീസ് നടപടിയിലൂടെ കല്ലിടലുമായി മുന്നോട്ട് പോവുകയായിരുന്നു സര്‍ക്കാര്‍. ഇതിനിടെയാണ് തൃക്കാക്കര ഉപതിരഞ്ഞെടുപ്പെത്തിയത്. ഇതോടെ രാഷ്ട്രീയ തിരിച്ചടിയുണ്ടാവുമെന്ന് വിലയിരുത്തലില്‍ കല്ലിടല്‍ നിര്‍ത്തിവെക്കുകയും ചെയ്തു.

കാസര്‍കോട് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ കല്ലുകള്‍ സ്ഥാപിച്ചത്. 14 വില്ലേജുകളിലായി 42.6 കിലോമീറ്റര്‍ ദൂരത്തില്‍ 1651 കല്ലുകളിട്ടു. തിരുവനന്തപുരം (803), കൊല്ലം (721), പത്തനംതിട്ട (0), ആലപ്പുഴ (208), കോട്ടയം (439), എറണാകുളം (947), തൃശ്ശൂര്‍ (68), മലപ്പുറം (311), കോഴിക്കോട് (322), കണ്ണൂര്‍ (1267), കാസര്‍കോട് (1651) എന്നിങ്ങനെയാണ് ഇതിന്റെ കണക്ക്.
പദ്ധതി തല്ക്കാലം മരവിപ്പിക്കുകയും ഉദ്യോഗസ്ഥരെ തിരിച്ചുവിളിക്കാനും ധാരണയായെങ്കിലും സമരവുമായി ബന്ധപ്പെട്ട് അതിരടയാള കല്ലുകള്‍ പിഴുതുമാറ്റിയതിനും മറ്റും നിരവധി കേസുകളാണ് നിലവിലുള്ളത്. 11 ജില്ലകളിലായി ആയിരത്തിലേറ പേര് പ്രതികളാണ്. കോഴിക്കോട് ജില്ലയില്‍ മാത്രം 300 പേരാണ് പ്രതികള്‍. പലര്‍ക്കും 25,000 രൂപയോളമാണ് പിഴയിട്ടിരിക്കുന്നത്. പദ്ധതി തല്ക്കാലം മുടങ്ങിയെങ്കിലും കേസുകള്‍ പിന്‍വലിക്കുന്ന കാര്യത്തിലോ മറ്റോ നിര്‍ദേശമൊന്നും ലഭിച്ചിട്ടില്ലെന്നാണ് പോലീസില്‍ നിന്നും ലഭിക്കുന്ന വിവരം. ഇതോടെ ഇക്കാര്യം ഉന്നയിച്ച് തുടര്‍ സമരങ്ങള്‍ ശക്തമാക്കാനുള്ള നീക്കത്തിലാണ് സമരസമിതികള്‍. പലയിടത്തും ഉദ്യോഗസ്ഥരെത്തി നീട്ടിപ്പോയ കല്ലുകള്‍ പരിസര നിവാസികളും ഉടമകളും പിഴുതെറിഞ്ഞിട്ടുണ്ട്. എങ്കിലും റവന്യൂ വകുപ്പിന്റെ അടുത്ത് കൃത്യമായ കണക്കുള്ളതിനാല്‍ ഈ ഭൂമി പദ്ധതി വരുന്ന കാലം വരെ റവന്യൂവകുപ്പിന്റെ ഭൂമി തന്നെയായി നിലനില്ക്കുകയും ചെയ്യും.
ഇതുവരെ ചെലവിട്ടത് 56.69 കോടി
സില്‍വര്‍ലൈന്‍ പദ്ധതിക്കായി സര്‍ക്കാര്‍ ഇതുവരെ ചിലവിട്ടത് 56.69 കോടി രൂപയാണ്. കേന്ദ്രസര്‍ക്കാരില്‍നിന്ന് അനുകൂലനിലപാടുണ്ടാകാതെ വന്നതോടെയാണ് പദ്ധതിയില്‍നിന്ന് താത്കാലികമായി പിന്മാറാന് സര്‍ക്കാര്‍ നിര്‍ബന്ധിതമായത്. സാമൂഹികസുരക്ഷാ പെന്ഷന് വിതരണംപോലും നടത്താനാവാത്തവിധം സാമ്പത്തികപ്രതിസന്ധി രൂക്ഷമായതും കാരണമായി. അഞ്ചു സ്വകാര്യ കമ്പനികള്‍ക്കാണ് കല്ലിടുന്നതിനും സാമൂഹികാഘാത പഠനം നടത്തുന്നതിനും ചുമതല നല്‍കിയിരുന്നത്.
ഭൂമി ഏറ്റെടുക്കുന്നതിന് 11 ജില്ലകളില്‍ പ്രത്യേകം ഓഫീസുകള്‍ പ്രവര്‍ത്തിച്ചു. 121 ഹെക്ടര്‍ ഏറ്റെടുക്കാനുള്ള നടപടികളിലേക്കു കടന്നു. 18 ജീവനക്കാര്‍ വീതമുള്ള 11 സ്പെഷ്യല്‍ തഹസില്‍ദാര്‍ യൂണിറ്റുകളും ഏഴു ജീവനക്കാരെ ഉള്‍പ്പെടുത്തി ഒരു ഡെപ്യൂട്ടി തഹസില്‍ദാര്‍ ഓഫീസുമാണ് ജില്ലകളില്‍ ക്രമീകരിച്ചത്. ഭൂമി ഏറ്റെടുക്കല്‍ ഓഫീസുകളുടെ പ്രവര്‍ത്തനത്തിന് എസ്റ്റാബ്ലിഷ്മെന്റ് ചാര്ജിനത്തില്മാത്രം വര്‍ഷം വേണ്ടിവന്നത് 13.5 കോടി രൂപയാണ്. കല്ലിടുന്നതിനുവേണ്ടി മാത്രം കെ-റെയില്‍ കോര്പ്പറേഷന് ചെലവാക്കിയത് - 1.33 കോടിരുപ. ആകെ 19,738 കുറ്റികള്‍ വാങ്ങുകയും 6744 എണ്ണം സ്ഥാപിക്കുകയും ചെയ്തു. കെ-റെയിലിന്റെ മൂലധന ഫണ്ടില്‍നിന്നും സര്‍ക്കാര്‍ അനുവദിച്ച പ്ലാന്‍ ഫണ്ടില്‍നിന്നാണ് ഇതുവരെ തുക ചെലവഴിച്ചത്.
ഒറ്റച്ചവിട്ടിൽ ഞാന്‍ വീണ് പോയി, പിന്നോട്ടു പോയതില്‍ സന്തോഷം-ജോയ് പള്ളിപ്പുറം

അപ്രതീക്ഷിതമായിട്ടാണ് സമരത്തിനിടെ മംഗലപുരം പോലീസ് സ്റ്റേഷനിലെ സി.പി.ഒ ഷബീര്‍ തന്നെ ആഞ്ഞ് ചവിട്ടിയത്. ഞങ്ങളുടെ പ്രദേശത്ത് കല്ലിടാനായി ഉദ്യോഗസ്ഥരെത്തിയത് പോലീസ് അകമ്പടിയോടെയായിരുന്നു. നിയമം നടപ്പിലാക്കാനാവാതെ പോവാനാവില്ലെന്ന് ഉദ്യോഗസ്ഥര്‍ നിലപാടെടുത്തപ്പോള്‍ അതിനെ പറ്റി സമാധാനപരമായി സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഇതിനിടെയായിരുന്നു വൈരാഗ്യമുളളതുപോലെ മര്‍ദിച്ചത്. ആദ്യം തലയ്ക്കിട്ടടിച്ചു, പിന്നെ ഷര്‍ട്ട് വലിച്ച് കീറി. എന്നിട്ടും പിന്‍വാങ്ങിയില്ല. തുടര്‍ന്നായിരുന്നു ബൂട്ടിട്ട കാല് കൊണ്ട് ആഞ്ഞ് നാഭിക്കിട്ട് ചവിട്ടിയത്. അതില്‍ പിടിച്ച് നില്ക്കാനായില്ല, വീണ് പോയി.
സില്‍വര്‍ലൈന്‍ സമരത്തിനിടെ പോലീസുകാരന്റെ ചവിട്ടേറ്റ് വീണ പള്ളിപ്പുറം സ്വദേശി ജോയ് ആ ദിവസം ഓര്‍ത്തെടുക്കുകയാണ്. പ്രാഥമികാരോഗ്യ കേന്ദ്രത്തിലും പിന്നീട് മെഡിക്കല്‍ കോളേജിലുമായിരുന്നു ചികിത്സ. അത് ഇപ്പോഴും തുടരുന്നു. മനുഷ്യാവകാശ കമ്മീഷനും പോലീസ് സ്റ്റേഷനിലുമടക്കം നിരവധിയിടങ്ങളില്‍ തന്നെ ആക്രമിച്ച പോലീസുകാരനെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പരാതി നല്‍കിയിരുന്നുവെങ്കിലും ഇതുവരെ ഒരു നടപടിയുമുണ്ടായിട്ടില്ലെന്ന് ജോയ് മാതൃഭൂമി ഡോട്കോമിനോട് പറഞ്ഞു. 'സമരം ചെയ്യുന്നവരെ തീവ്രവാദികളെ നേരിടുന്ന പോലെയാണ് അന്ന് സര്‍ക്കാര്‍ നേരിട്ടത്. എങ്കിലും താല്ക്കാലികമായിട്ടെങ്കിലും ഇപ്പോള്‍ പിന്നോട്ടുപോയതില്‍ സന്തോഷമുണ്ട്.' ജോയ് കൂട്ടിച്ചേര്‍ത്തു.
കെ.റെയിലിന്റെ വിശദീകരണം
നിര്‍ദിഷ്ട കാസര്‍കോട് -തിരുവനന്തപുരം അര്‍ധ അതിവേഗ റെയില്‍വേ പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന് കേരള റെയില്‍ ഡെവലപ്മെന്റ് കോര്പ്പറേഷന്(കെ.റെയിൽ) വ്യക്തമാക്കി. കേന്ദ്ര സര്‍ക്കാരോ സംസ്ഥാന സര്‍ക്കാരോ അങ്ങനെയൊരു തീരുമാനമെടുത്തിട്ടില്ല. കേന്ദ്ര സര്‍ക്കാര്‍ പദ്ധതിക്ക് തത്വത്തില്‍ അംഗീകാര നല്‍കിയതിനെതുടര്‍ന്ന് ആരംഭിച്ച പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നു വരികയാണ്. റെയില്‍വേ ബോര്‍ഡിന്റെ അന്തിമാനുമതി കിട്ടുന്ന മുറയ്ക്ക്, കേരളത്തിന്റെ അമ്പതു വര്‍ഷത്തെ വികസനം മുന്നില്‍ കണ്ട് ആവിഷ്കരിച്ച സില്‍വര്‍ലൈന്‍ പദ്ധതിയുടെ തുടര്‍ നടപടികളിലേക്ക് കടക്കും.
അന്തിമാനുമതിക്കു മുന്നോടിയായി, ഡി.പി.ആറുമായി ബന്ധപ്പെട്ട് കേന്ദ്ര റെയില്‍വേ ബോര്‍ഡ് ആവശ്യപ്പെട്ട വിശദാംശങ്ങള്‍ കെ-റെയില്‍ കോര്പറേഷന് ദക്ഷിണ റെയില്‍വേ അധികൃതര്‍ക്ക് സമര്‍പ്പിച്ചിട്ടുണ്ട്. പദ്ധതിയുമായി ബന്ധപ്പെട്ട ഹൈഡ്രോളജിക്കല്‍ പഠനം, സമഗ്ര പാരിസ്ഥിതികാഘാത വിലയിരുത്തല്‍ പഠനം, കണ്ടല്‍ക്കാടുകളുടെ സംരക്ഷണം, തീരദേശ പരിപാലനം തുടങ്ങിയ വിവിധ പഠനങ്ങള്‍ വിവിധ ഏജന്‍സികള്‍ക്ക് പൂര്‍ത്തിയാക്കി വരികയാണ്.
സില്‍വര്‍ലൈന്‍ അലൈന്മെന്റില് വരുന്ന റെയില്‍വേ ഭൂമിയുടേയും നിലവിലുള്ള റെയില്‍വേ കെട്ടിടങ്ങളുടേയും റെയില്‍വേ ക്രോസുകളുടേയും വിശദമായ രൂപരേഖ സമര്‍പ്പിക്കാന്‍ റെയില്‍വേ ബോര്‍ഡ് കെ-റെയിലിനോട് ആവശ്യപ്പെട്ടിരുന്നു. ഈ വിവരങ്ങളാണ് ദക്ഷിണ റെയില്‍വേ അധികൃതര്‍ക്ക് കൈമാറിയത്. 2020 സെപ്റ്റംബര്‍ ഒമ്പതിനാണ് സില്‍വര്‍ലൈന്‍ ഡി.പി.ആര് റെയില്‍വേ ബോര്‍ഡിന് സമര്‍പ്പിച്ചത്. ഡി.പി.ആര് പരിശോധിച്ച് ബോര്‍ഡ് ഉന്നയിച്ച മറ്റ് സംശയങ്ങള്‍ക്കെല്ലാം കെ-റെയില്‍ നേരത്തെ തന്നെ മറുപടി നല്‍കിയിരുന്നു.
റെയില്‍വേ ഭൂമിയുടേയും ലെവല്‍ ക്രോസുകളുടേയും വിശദാംശങ്ങള്‍ക്കായി കെ-റെയിലും സതേണ്‍ റെയില്‍വേയും നടത്തിയ സംയുക്ത പരിശോധനയിലാണ് സില്‍വര്‍ലൈനിനു ഏറ്റെടുക്കേണ്ടി വരുന്ന ഇന്ത്യന്‍ റെയില്‍വേയുടെ ഉമടസ്ഥയിലുള്ള ഭൂമിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിച്ചത്. പദ്ധതി കടന്നു പോകുന്ന ഒമ്പത് ജില്ലകളില്‍ ഇന്ത്യന്‍ റെയില്‍വേയുടെ ഭൂമി സില്‍വര്‍ലൈനിന് ആവശ്യമായി വരുന്നുണ്ട്.
വിവിധ ജില്ലകളില്‍ സില്‍വര്‍ലൈന്‍ കടന്നുപോകുന്ന വില്ലേജുകള്‍

1. തിരുവനന്തപുരം ജില്ല
ചിറയിന്‍കീഴ് താലൂക്ക്-ആറ്റിങ്ങല്‍, അഴൂര്‍, കരാവാരം, കീഴാറ്റിങ്ങല്‍, കുണ്ടല്ലൂര്‍. തിരുവനന്തപുരം താലൂക്ക്: ആറ്റിപ്ര, കടകംപള്ളി, കഠിനംകുളം, കഴക്കൂട്ടം, പള്ളിപ്പുറം, വെയിലൂര്‍. വര്‍ക്കല താലൂക്ക്-മണമ്പൂര്‍, നാവായിക്കുളം, പള്ളിക്കല്‍.
2. കൊല്ലം ജില്ല
കൊല്ലം താലൂക്ക്-അദിച്ചനല്ലൂര്‍, ചിറക്കര, ഇളമ്പല്ലൂര്‍, കല്ലുവാതുക്കല്‍, കൊറ്റന്‍കര, മീനാട്, മുളവന, പാരിപ്പള്ളി, തഴുതല, തൃക്കോവില്‍വട്ടം, വടക്കേവിള. കൊട്ടാരക്കര: താലുക്ക്പവിത്രേശ്വരം. കുന്നത്തൂര്‍ താലൂക്ക് കുന്നത്തൂര്‍, പോരുവഴി, ശാസ്താംകോട്ട
3. പത്തനംതിട്ട ജില്ല
അടൂര്‍ താലൂക്ക്-കടമ്പനാട് പള്ളിക്കല്‍, പന്തളം, കോഴഞ്ചേരി താലൂക്ക്- ആറന്മുള. മല്ലപ്പള്ളി താലൂക്ക് കല്ലൂപ്പാറ, കുന്നന്താനം. തിരുവല്ല താലൂക്ക്-ഇരവിപേരൂര്‍ കവിയൂര്‍,കോയിപ്രം.
4.ആലപ്പുഴ ജില്ല
ചെങ്ങന്നൂര്‍ താലൂക്ക്മുളക്കുഴ, വെണ്മണി, മാവേലിക്കര താലുക്ക്, നൂറനാട്, പാലമേല്‍.
5.കോട്ടയം ജില്ല
ചങ്ങനാശ്ശേരി താലൂക്ക്: മാടപ്പള്ളി,തോട്ടക്കാട്,വാകത്താനം,കോട്ടയം താലുക്ക്-ഏറ്റുമാനൂര്‍,മുട്ടമ്പലം,നാട്ടകം,പനച്ചിക്കാട്,പേരൂര്‍,പെരുമ്പായിക്കാട്,പുതുപ്പള്ളി,വിജയപുരം.മീനച്ചില്‍ താലൂക്ക്-കാനക്കരി,കുറുവിലങ്ങാട്,വൈക്കം താലൂക്ക്-കടുതുരുത്തി,മൂലക്കുളം,നീഴൂര്‍.
6.എറണാകുളം ജില്ല
ആലുവ താലൂക്ക്-ആലുവ ഈസ്റ്റ്, അങ്കമാലി, ചെങ്ങമനാട്, ചൊവ്വര, കീഴ്മാട്, നെടുമ്പാശ്ശേരി,പാറക്കടവ്, കാക്കനാട്. കണയന്നൂര്‍ താലൂക്ക്-കുരീക്കാട്,
തിരുവാങ്കുളം. കുന്നത്തുനാട് താലൂക്ക്-കിഴക്കമ്പലം,കുന്നത്തുനാട,് പുത്തന്‍കുരിശ്,തിരുവാണിയൂര്‍. മുവാറ്റുപുഴ താലൂക്ക്-മനീട്,പിറവം.
7. തൃശൂര്‍ ജില്ല
ചാലക്കുടി താലൂക്ക്-ആലത്തൂര്‍, ആളൂര്‍, അന്നല്ലൂര്‍, കടുകുറ്റി, കല്ലേറ്റുംകര, കല്ലുര് തെക്കുമ്മുറി, താഴെക്കാട്. കുന്നംകുളം താലൂക്ക്-ചെമ്മന്തട്ട,ചേരാനല്ലൂര്‍, ചൂണ്ടല്‍
ചൊവ്വന്നൂര്‍, എരനല്ലൂര്‍, പഴഞ്ഞി, പോര്‍ക്കളം. മുകുന്ദപുരം താലൂക്ക്-ആനന്ദപുരം, കടുപ്പശ്ശേരി, മാടായിക്കോണം, മുറിയാട്, പൊറത്തിശ്ശേരി. തൃശൂര്‍ താലൂക്ക്-അഞ്ഞൂര്, അവനൂര്‍, ചേര്‍പ്പ്, ചേവൂര്‍, ചൂലിശ്ശേരി, കൈപ്പറമ്പ്, കണിമംഗലം, കൂര്‍ക്കഞ്ചേരി,കുറ്റൂര്‍, ഊരകം, പല്ലിശ്ശേരി, പേരാമംഗലം, പൂങ്കുന്നം, തൃശൂര്‍, വെങ്ങിണിശ്ശേരി,വിയ്യൂര്‍.
8. മലപ്പുറം ജില്ല
പൊന്നാനി താലൂക്ക്-ആലങ്കോട്, കാലടി, തവന്നൂര്‍, വട്ടംകുളം. തിരൂരങ്ങാടി താലൂക്ക്അരിയല്ലൂര്,നെടുവ, വള്ളിക്കുന്ന്. തിരൂര്‍ താലൂക്ക്-നിറമരുതൂര്‍, പരിയാപുരം, താനാളൂര്‍, താനൂര്‍, തലക്കാട്, തിരുനാവായ, തിരൂര്‍, തൃക്കണ്ടിയൂര്‍
9. കോഴിക്കോട് ജില്ല
കോഴിക്കോട് താലൂക്ക്-ബേപ്പൂര്‍, കരുവന്തിരുത്തി, കസബ, നഗരം, പന്നിയങ്കര, പുതിയങ്ങാടി. കൊയിലാണ്ടി താലൂക്ക്-ചേമഞ്ചേരി, ചെങ്ങോട്ടുകാവ്, ഇരിങ്ങല്‍, മൂടാടി, പന്തലായിനി, പയ്യോളി, തിക്കോടി, വിയ്യൂര്‍.വടകര താലൂക്ക്-അഴിയൂര്‍,ചേറോട,്നടക്കുതാഴ,ഒഞ്ചിയം,വടകര
10. കണ്ണൂര്‍
കണ്ണൂര്‍ താലൂക്ക്-ചേലോറ, ചെറുകുന്നു, ചിറക്കല്‍, എടക്കാട്, കടമ്പൂര്, കണ്ണപുരം, കണ്ണൂര്‍, മുഴപ്പിലങ്ങാട്, പള്ളിക്കുന്ന്, പാപ്പിനിശ്ശേരി, വളപട്ടം, പയ്യന്നൂര്‍ താലൂക്ക്, ഏഴോം , കുഞ്ഞിമംഗലം, മാടായി, പയ്യന്നൂര്‍, ധര്‍മടം, കോടിയേരി, തലശ്ശേരി, തിരുവങ്ങാട്.
11. കാസര്‍കോട് ജില്ല
ഹോസ്ദൂര്‍ഗ് താലൂക്ക്-അജാനൂര്‍, ചെറുവത്തൂര്‍, ഹോസ്ദുര്‍ഗ്, കാഞ്ഞങ്ങാട്, കോട്ടിക്കുളം, മണിയാട്ട്, നീലേശ്വരം, പള്ളിക്കര, പേരോല്‍, പീലിക്കോട്, തൃക്കരിപ്പൂര്‍ നോര്‍ത്ത്, തൃക്കരിപ്പൂര്‍ സൗത്ത്, ഉദിനൂര്‍, ഉദുമ. കാസര്‍കോട് താലൂക്ക്-കളനാട്, കുഡ്ലു, തളങ്കര.
.jpg?$p=791d09b&&q=0.8)
പൂര്‍ണമായും പിന്‍വലിക്കുന്നതുവരെ സമരം- ടി. ടി ഇസ്മയില്‍
പദ്ധതി അവസാനിപ്പിച്ചു എന്ന് സര്‍ക്കാര്‍ നോട്ടിഫിക്കേഷന്‍ ഇറക്കുന്നത് വരെയും സമരക്കാര്‍ക്കെതിരേ
ചുമത്തിയ കള്ളക്കേസുകള്‍ പിന്‍വലിക്കുന്നത് വരെയും സമരം തുടരുമെന്ന് സമരസമിതി ചെയര്മാന് ടി.ടി ഇസ്മയില്‍. നിരവധി കേസുകളാണ് സമരക്കാർക്കെതിരേ ചുമത്തിയിരിക്കുന്നത്.
ഇരയുടെ അതിശക്തമായ പ്രതിരോധത്തിന് മുന്പില് പലതവണ അടിപതറിയ വേട്ടക്കാരന് അടവുകള്‍ പലതും തരാതരം പയറ്റിയിട്ടും രക്ഷയില്ലെന്ന് കാണുമ്പോള്‍ രണ്ടടി പുറകോട്ട് വെക്കുന്നത് സ്വാഭാവികം. വേട്ട അവസാനിപ്പിച്ചെന്ന് ഇരയെ ബോധിപ്പിച്ചു കഴിഞ്ഞാല്‍ പിന്നെ കീഴ്പ്പെടുത്താന്‍ എളുപ്പമാവും ഇരയുടെ സ്വാഭാവികമായ അലസത വേട്ടക്കാരന് ബുദ്ധിപരമായി ഉപയോഗപ്പെടുത്തുമെന്നും ടി.ടി ഇസ്മയില്‍ ചൂണ്ടിക്കാട്ടി.
Content Highlights: Government Temporary Stoped Silverline Project
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..