ഇരുട്ടറയ്ക്കുളളില്‍ അടച്ചിടരുത്, അവരെ പുറത്തേക്ക് കൊണ്ടുവരണം - ഗോപിനാഥ് മുതുകാട്


നന്ദു ശേഖര്‍

***ഇത്രയും അധികം ഭിന്നശേഷിക്കാരുണ്ടായിട്ടും അവരെ എന്തുകൊണ്ടാണ് നമ്മള്‍ കാണാത്തത് എന്ന് ചോദിച്ചാല്‍ അതില്‍ കൂടുതല്‍ പേരും ഇരുട്ടറയ്ക്കുള്ളിലാണ് എന്നുള്ളതാണ് സത്യം. അവരെ അടച്ചിടുകയാണ് ചെയ്യുന്നത്. അവരെ പലപ്പോഴും പുറത്തേക്ക് കൊണ്ടുവരുന്നില്ല.

.

ഭിന്നശേഷിക്കാരായ കുട്ടികളുടെ ക്ഷേമത്തിനും ഉന്നമനത്തിലും കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതിനായി നാലര പതിറ്റാണ്ട് നീണ്ട പ്രൊഫഷണല്‍ മാജിക് ജീവിതം ഉപേക്ഷിച്ച വ്യക്തിയാണ് ഗോപിനാഥ് മുതുകാട്. ഇത്തരം കുട്ടികളുടെ കലാപരവും കായികപരവുമായ കഴിവുകള്‍ ലോകശ്രദ്ധയിലെത്തിക്കാന്‍ അദ്ദേഹം നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്നു. ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കായി ഡിഫറന്റ് ആര്‍ട്‌സ് സെന്റര്‍ എന്ന പേരില്‍ ഒരു സ്ഥാപനവും അദ്ദേഹം നടത്തുന്നുണ്ട്. ഇത്തരം കുട്ടികളും അവരുടെ മാതാപിതാക്കളും അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെപ്പറ്റിയും സമൂഹമെന്ന നിലയില്‍ നാം ഓരോരുത്തരും അവര്‍ക്ക് എങ്ങനെ കൈത്താങ്ങാകാം എന്ന കാര്യത്തില്‍ ഗോപിനാഥ് മുതുകാട് മാതൃഭൂമി ഡോട്ട് കോമിന് നല്‍കിയ അഭിമുഖത്തില്‍ നിന്ന്....

ഇരുട്ടറയിലെ ജീവിതങ്ങള്‍

2015-ലാണ് കേരള സംസ്ഥാനം ഏറ്റവുമൊടുവില്‍ ഔദ്യോഗികമായി ഭിന്നശേഷിക്കാരുടെ സെന്‍സസ് എടുത്തത് എന്നാണ് എന്റെ അറിവ്. അതനുസരിച്ച് അന്നുതന്നെ എട്ടുലക്ഷം ഭിന്നശേഷിക്കാര്‍ നമ്മുടെ കേരളത്തിലുണ്ട്. സ്വാഭാവികമായിട്ടും അവരുടെ മാതാപിതാക്കളും ഉണ്ടാവുമല്ലോ. ഏഴുവര്‍ഷം കഴിയുന്ന വേളയില്‍ സ്വാഭാവികമായും ഈ കണക്ക് ഇരട്ടിയിലധികമുണ്ടായിട്ടുണ്ടാകാമെന്നാണ് എന്റെ വിശ്വാസം. ഇത്തരം കുട്ടികളുടെ മാതാപിതാക്കള്‍ അനുഭവിക്കുന്ന ഒരുപാട് പ്രശ്നങ്ങളുണ്ട്.

ഇത്രയും അധികം ഭിന്നശേഷിക്കാരുണ്ടായിട്ടും അവരെ എന്തുകൊണ്ടാണ് നമ്മള്‍ കാണാത്തത് എന്ന് ചോദിച്ചാല്‍ അതില്‍ കൂടുതല്‍ പേരും ഇരുട്ടറയ്ക്കുള്ളിലാണ് എന്നുള്ളതാണ് സത്യം. അവരെ അടച്ചിടുകയാണ് ചെയ്യുന്നത്. അവരെ പലപ്പോഴും പുറത്തേക്ക് കൊണ്ടുവരുന്നില്ല.

ഇതൊരു രോഗമല്ല

Also Read

ഓട്ടിസമുള്ള കുട്ടിയുടെ അമ്മയായിട്ടും ഇതിനൊക്കെ ...

'ഞങ്ങളില്ലാതായാൽ ഇവർക്കാരുണ്ട്?'; 'ഒരിടം' ...

'വളർത്തുമൃഗങ്ങളെ ഏൽപിച്ചുപോകാനിടമുണ്ട്, ...

64 വയസായ ഭാനുമതി ടീച്ചറും ചിന്തിച്ചു തുടങ്ങി: ...

കുട്ടികളെ ഒന്നു പുറത്തേക്ക് കൊണ്ടുപോയാല്‍ നൂറായിരം നോട്ടങ്ങളും ചോദ്യങ്ങളുമാണ് മാതാപിതാക്കള്‍ അഭിമുഖീകരിക്കേണ്ടി വരുന്നത്. ഇപ്പോള്‍ സൂക്കേട് എങ്ങനെയുണ്ടെന്ന് ചോദിക്കും. ഇത് ഒരു അസുഖം അല്ല. ജീവിതകാലം മുഴുവന്‍ അനുഭവിക്കേണ്ട ഒരു അവസ്ഥയാണ്. സെറിബ്രല്‍ പാള്‍സി അല്ലെങ്കില്‍ ഇന്റലക്ച്വല്‍ ഡിസെബിലിറ്റി അല്ലെങ്കില്‍ ഓട്ടിസം ബാധിച്ച ഒരു കുട്ടി എന്നൊക്കെ പറയുന്നത് എല്ലാ കാലത്തും ആ അവസ്ഥ തന്നെയുള്ള ഒരു വ്യക്തി തന്നെയാണ്.

ഇത് ചികിത്സിച്ച് ഭേദമാക്കാവുന്ന ഒന്നല്ല. ആകെ ചെയ്യാന്‍ കഴിയുന്നത് അവര്‍ക്കും ഈ ഭൂമിയില്‍ അവകാശമുണ്ടെന്ന് അവരെ തന്നെ ബോധ്യപ്പെടുത്താന്‍ വേണ്ടി അവരുടെ ബൗദ്ധികതലത്തെ ഉയര്‍ത്താനുള്ള പ്രവൃത്തികള്‍ ചെയ്യാമെന്ന് മാത്രമാണ്.

മാതാപിതാക്കളുടെ ആശങ്ക

പലപ്പോഴും കുട്ടികള്‍ അച്ഛനെയും അമ്മയെയും വരെ തിരിച്ചറിയാത്ത അവസ്ഥയുണ്ടാകാറുണ്ട്. കുട്ടികളില്‍ നിന്ന് മാതാപിതാക്കള്‍ പ്രതീക്ഷിക്കുന്ന ഒരു ചിരിയോ അല്ലെങ്കില്‍ കുസൃതിയോ പിണക്കമോ ഒന്നും അവര്‍ക്ക് കിട്ടുന്നില്ല. അമ്മേ എന്ന് ഒരു വിളി പോലും കേള്‍ക്കാതെ ഭൂമിയില്‍ നിന്ന് പോകേണ്ടി വരുന്ന മാതാപിതാക്കളുണ്ട്.

മാതാപിതാക്കള്‍ ജീവിതകാലം മുഴുവന്‍ വേദന അനുഭവിക്കാന്‍ വിധിക്കപ്പെട്ടവരാണ്. പ്രധാനമായും ഇവര്‍ ചോദിക്കുന്ന ചോദ്യം ഞങ്ങളുടെ കാലശേഷം ഈ കുട്ടികള്‍ എന്തുചെയ്യും എന്നുള്ളതാണ്. അതാണ് അവരുടെ ഉറക്കമില്ലാതാക്കുന്നത്. തങ്ങള്‍ മരിക്കുന്നതിന് മുന്‍പ് ഈ മക്കള്‍ മരിച്ച് കിട്ടാന്‍ പ്രാര്‍ഥിക്കുന്ന മാതാപിതാക്കള്‍ വരെയുണ്ട്.

ഈ അടുത്ത കാലത്ത് കാസര്‍കോട് എന്‍ഡോസള്‍ഫാന്‍ മേഖലയില്‍ 28 വയസ്സുവരെ പോറ്റി വളര്‍ത്തിയ കുഞ്ഞിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി ഒരമ്മ ആത്മഹത്യ ചെയ്യണമെന്നുണ്ടെങ്കില്‍ എത്ര മാത്രം അവഗണനയും തിരസ്‌കരണങ്ങളും മാനസികമായ ആഘാതങ്ങളും നേരിട്ടിട്ടുണ്ടാകുമെന്ന് നമുക്ക് ഊഹിക്കാന്‍ പോലും കഴിഞ്ഞെന്ന് വരില്ല.

ഭിന്നശേഷിക്കാരായ കുട്ടികളുള്ള എല്ലാ മാതാപിതാക്കളും നേരിടുന്ന പ്രശ്നമാണ് ഇതെല്ലാം. അതിന്റെ ഭാഗമായാണ് കുട്ടികളെയും മാതാപിതാക്കളെയും ചേര്‍ത്ത് നിര്‍ത്തിക്കൊണ്ടുള്ള ഡിഫറന്റ് ആര്‍ട്ട്സ് സെന്ററിന്റെ സംരംഭം. മാതാപിതാക്കള്‍ക്ക് വേണ്ടി കരിസ്മ എന്ന ഒരു യൂണിറ്റ് തുടങ്ങുകയും ഒരു സൊസൈറ്റി ആയിട്ട് അതിനെ രജിസ്റ്റര്‍ ചെയ്യുകയും അവരുണ്ടാക്കുന്ന ഉത്പന്നങ്ങള്‍ ഇവിടെയെത്തുന്ന ആളുകള്‍ അത് വാങ്ങിക്കുന്നു. അതിന്റെ വരുമാനവും അവര്‍ തന്നെ എടുക്കുന്നു.

ഇത് കുട്ടികളുടെ ആത്മവിശ്വാസം കൂട്ടും. അവരുടെ മുഖത്ത് ചിരി കൊണ്ടുവരും. അതാണ് പ്രധാനമായും ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഇത് മാതാപിതാക്കളെയും വളരെ പോസിറ്റീവ് ആക്കുകയും ചെയ്യുന്നുണ്ട്. അത്തരം സന്തോഷം അവര്‍ക്ക് കൊടുക്കാന്‍ കഴിയുക എന്നുള്ളതാണ് ഏറ്റവും പ്രധാനം.

മാതാപിതാക്കളെ മനസിലാക്കണം, അറിയണം..

മക്കളെ ചേര്‍ത്തുപിടിക്കുന്നതിനോടൊപ്പം തന്നെ മക്കളുടെ മാതാപിതാക്കളെ കൂടെ അറിയാന്‍ ശ്രമിക്കണം. നമ്മള്‍ ഒട്ടും ശ്രദ്ധിക്കാത്ത മറ്റൊരു മേഖല എന്നുപറയുന്നത് ഭിന്നശേഷിക്കാരായ കുട്ടികളുടെ സഹോദരങ്ങളെയാണ്. അവര്‍ അനുഭവിക്കുന്നതിനെ പറ്റി ആരും ചര്‍ച്ച ചെയ്യുന്നില്ല. ഇതെല്ലാം നമ്മള്‍ ചര്‍ച്ച ചെയ്യേണ്ട വിഷയം തന്നെയാണ്.

ജോലി രാജിവെക്കുന്ന എത്രയോ മാതാപിതാക്കള്‍ നമുക്ക് ചുറ്റുമുണ്ട്. മറ്റെല്ലാം ഉപേക്ഷിച്ച് മക്കള്‍ക്ക് വേണ്ടി മാത്രം ജീവിക്കുന്ന എത്രയോ പേര്‍ നമുക്കിടയിലുണ്ട്. നമ്മുടെ കേരളത്തില്‍ ഇങ്ങനെയുള്ള ഒരു വലിയ വിഭാഗം ഉണ്ടെന്നുള്ളതാണ് നാം മനസ്സിലാക്കേണ്ട് പ്രധാന കാര്യങ്ങളിലൊന്ന്. അത് ഒരു സമൂഹമെന്ന നിലയില്‍ നാം മനസ്സിലാക്കണം.

പുനരധിവാസം എന്ന ആശ്വാസം

പുനരധിവാസമാണ് ഇത്തരം മാതാപിതാക്കള്‍ക്ക് നല്‍കാവുന്ന എറ്റവും വലിയ ആശ്വാസം. ഡിഫറന്റ് ആര്‍ട്‌സ് സെന്ററില്‍ ഒന്നരവര്‍ഷമായി നൂറോളം കുട്ടികള്‍ ഉണ്ട്. പുതുതായി നൂറ് കുട്ടികളെ കൂടി നമ്മള്‍ എടുത്തിട്ടുണ്ട്. രണ്ടായിരത്തോളം അപേക്ഷകള്‍ ഇവിടെ പെന്‍ഡിങ് ആണ്. എന്നിരുന്നാലും സാമ്പത്തിക കാരണങ്ങളാലാണ് എല്ലാവരെയും ഉള്‍പ്പെടുത്താന്‍ കഴിയാന്‍ സാധിക്കാത്തത്. മറ്റ് സ്ഥാപനങ്ങള്‍ പോലെ ഒരു രൂപ പോലും ഞങ്ങള്‍ വാങ്ങുന്നില്ല. പകരം കുട്ടികള്‍ക്ക് സ്‌റ്റൈപെന്റ് നല്‍കുകയാണ് ചെയ്യുന്നത്.

ആദ്യ ബാച്ചിലെത്തിയ കുട്ടികള്‍ ഇവിടെ എംപ്ലോയീസാണ്. എല്ലാവരെയും ശമ്പളം വാങ്ങിക്കുന്നവരായി മാറ്റിയെടുക്കാന്‍ സാധിച്ചിട്ടുണ്ട്. അന്ന് മുതല്‍ തന്നെ ഇവര്‍ക്ക് ഭക്ഷണം സൗജന്യമായി ഞങ്ങള്‍ കൊടുത്തുകൊണ്ടിരിക്കുകയാണ്. രണ്ടര വര്‍ഷം മുമ്പ് വന്ന ആദ്യ ബാച്ചിലെ കുട്ടികള്‍ക്ക് ജോലി നല്‍കുന്നതിനായി പുതിയ ഒരു സെന്റര്‍ ഒരുക്കുകയാണ് ഞങ്ങളുടെ ഇപ്പോഴത്തെ ലക്ഷ്യം.

സമൂഹമെന്ന നിലയില്‍ നാം ചെയ്യേണ്ടത്

ഈ മാതാപിതാക്കള്‍ക്ക് സ്വസ്ഥമായിട്ട് മരിക്കുന്നതിന് ഒരു അവസരം ഉണ്ടാക്കുക എന്നുള്ളത് മാത്രമാണ് നമുക്ക് ചെയ്യാന്‍ കഴിയുന്ന ഏറ്റവും വലിയ കാര്യം. നിങ്ങളുടെ മക്കളെ ഞാന്‍ ഏറ്റെടുക്കാം എന്നതാണ് നമ്മള്‍ അവരോട് പറയേണ്ടത്.

കാരണം ഞങ്ങളുടെ കാലശേഷം എന്ത് എന്നുള്ളതാണ് അവരുടെ മനസ്സിലെ ഏറ്റവും വലിയ ചോദ്യം. മരണം എന്നുള്ളത് ഒഴിവാക്കാന്‍ കഴിയുന്ന ഒരു കാര്യമല്ലല്ലോ. എന്റെ കുട്ടി സുരക്ഷിതമായി ഈ ഭൂമിയില്‍ ജീവിച്ചോളും എന്നുള്ള ഒരു വിശ്വാസം മാതാപിതാക്കള്‍ക്ക് ഉണ്ടാക്കാന്‍ നമുക്ക് സാധിച്ചാല്‍ അത് തന്നെയാണ് സമൂഹമെന്ന നിലയില്‍ നമുക്ക് അവരോട് ചെയ്യാന്‍ കഴിയുന്ന ഏറ്റവും വലിയ കാര്യം.

ഇടം നല്‍കാം മക്കള്‍ക്ക്, അമ്മയ്ക്ക് ജീവിതവും

മാതൃഭൂമി ഡോട് കോം ഇത്തരം മാതാപിതാക്കള്‍ക്ക് വേണ്ടി ഒരു ക്യാമ്പെയ്ന്‍ നടത്തുന്നു എന്നുള്ളത് മഹത്തരമാണ്. പുനരധിവാസം ആയിരിക്കണം ഏതൊരു ക്യാമ്പെയ്നിന്റെ ഫോക്കസ്. എന്തിനെന്ന് പോലും അറിയാതെ പണം വാരിയെറിയുന്ന ഒരുപാട് ആള്‍ക്കാര്‍ സമൂഹത്തിലുണ്ട്. അവര്‍ക്ക് അവരുടെ പ്രദേശങ്ങളിലുള്ള ഇത്തരത്തില്‍ ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് അല്ലെങ്കില്‍ വേദന അനുഭവിക്കുന്ന മാതാപിതാക്കളെ ചേര്‍ത്ത് നിര്‍ത്താന്‍ സാധിക്കും. അവര്‍ക്ക് ഒരു ലൈഫ് കൊടുക്കാന്‍. ഈ കാമ്പയിലൂടെ ഒരുപാട് പുനരധിവാസ കേന്ദ്രങ്ങള്‍ നമ്മുടെ കേരളത്തില്‍ ഒരുങ്ങുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. അങ്ങനെ ഒരുങ്ങട്ടെയെന്ന് ആശംസിക്കുന്നു.


സമൂഹത്തില്‍നിന്നും സ്വന്തം കുടുംബത്തില്‍നിന്നും ഒറ്റപ്പെട്ടു പോകുന്ന ഭിന്നശേഷിക്കാരായ കുട്ടികളുടെ അമ്മമാര്‍ക്ക് അവരുടെ സാമൂഹിക ജീവിതം നഷ്ടപ്പെട്ടു പോകില്ലെന്ന് ഉറപ്പു നല്‍കേണ്ടതുണ്ട്. കുട്ടികളെ അനുഭാവപൂര്‍വം പരിചരിക്കാന്‍ കഴിയുന്ന ക്ഷമയും സ്‌നേഹവും നിറഞ്ഞ ഭിന്നശേഷിസൗഹാര്‍ദമായ ഇടങ്ങള്‍ സൃഷ്ടിക്കുകയാണ് അതിനുളള ആദ്യചുവടുവെയ്പ്. ഈ ആവശ്യത്തിലൂന്നിക്കൊണ്ട് പൊതുജനങ്ങളുടെയും സര്‍ക്കാരിന്റെയും ശ്രദ്ധ ക്ഷണിക്കുന്നതിനായി മാതൃഭൂമി ഡോട് കോം മുന്നോട്ടുവെക്കുന്നു; ' ഇടം നല്‍കാം മക്കള്‍ക്ക്, അമ്മയ്ക്ക് ജീവിതവും'.

ലോകം തന്നിലേക്കും ഭിന്നശേഷിക്കാരായ കുഞ്ഞിലേക്കും ചുരുങ്ങിയ, വീടിന്റെ നാലുചുമരുകള്‍ക്ക് ഇടയില്‍ ജീവിതം കുരുങ്ങിപ്പോയ, തങ്ങളുടെ കാലശേഷം മക്കളെ ആരു നോക്കുമെന്ന് ആലോചിച്ച് നീറിപ്പുകയുന്ന ഒരുപാട് അമ്മമാര്‍ നമുക്ക് ചുറ്റും ഉണ്ട്. നിങ്ങള്‍ക്ക് ചുറ്റുമുളള ഇത്തരം അതിജീവനങ്ങളുടെ നൊമ്പരക്കാഴ്ചകള്‍ ഞങ്ങളോട് പറയാം..നിങ്ങളുടെ വിലയേറിയ നിര്‍ദേശങ്ങള്‍ പങ്കുവെക്കാം..
Email-feedbackmathrubhumi.com@gmail.com

Content Highlights: Gopinath Muthukad talks about the needs of differently abled, idam nalkam makkalk ammak jeevithavum

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
nedumbassery airport

1 min

ബാഗില്‍ എന്താണെന്ന വിമാന ജീവനക്കാരിയുടെ ചോദ്യം ഇഷ്ടപ്പെട്ടില്ല, ബോംബെന്ന് മറുപടി; അറസ്റ്റിലായി

Jul 3, 2022


lemon

1 min

കളിയാക്കിയവര്‍ക്ക് മറുപടി; അഷ്ടമുടിക്കായലോരത്ത് ഡോക്ടറുടെ ചെറുനാരങ്ങാവിപ്ലവം

Jul 3, 2022


rahul-riyas

3 min

'നിങ്ങളുടെ ഓഫീസ് അക്രമിച്ചപ്പോള്‍ ഞങ്ങള്‍ അപലപിച്ചില്ലേ, തിരിച്ചുണ്ടായില്ലല്ലോ'; രാഹുലിനോട് റിയാസ്

Jul 2, 2022

Most Commented