ഇന്ദിര ഗാന്ധിയുടെ കത്ത് കിട്ടിയിട്ട് 50 വർഷം; എടപ്പാളിലെ മൺമറഞ്ഞ ഹോട്ടലിന് 'സുവര്‍ണ ജൂബിലി'


നജ്മു എടപ്പാൾ

ഹരിജൻ ഹോട്ടൽ (പ്രതീകാത്മക ചിത്രീകരണം) (Photo: വര- ബാലു.വി)

ന്‍പതു വര്‍ഷം മുമ്പ്, കൃത്യമായി പറഞ്ഞാല്‍ 1972 ഒക്ടോബര്‍ ഏഴിനാണ്‌ ഇന്ത്യയിലാദ്യമായി 'ഹരിജന്‍* ഹോട്ടല്‍' നിലവില്‍ വരുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ ഈ പദ്ധതിയില്‍ ആദ്യമായി ഹോട്ടല്‍ അനുവദിച്ചത് കേരളത്തിലാണ്. അത് നടത്താന്‍ അനുവാദം ലഭിച്ചത് പള്ളിയാലില്‍ സോമന്‍ എന്ന യുവാവിനും. അങ്ങനെ എടപ്പാളിനും പൊന്നാനിക്കുമിടയിലുള്ള അംശക്കച്ചേരിയില്‍ 'പ്രിയദര്‍ശിനി' എന്ന പേരില്‍ ഹോട്ടല്‍ പ്രവര്‍ത്തനം തുടങ്ങി. കേന്ദ്ര സര്‍ക്കാരില്‍നിന്നു ലഭിച്ച ഈ ഹോട്ടലിന് ആശംസയും അഭിനന്ദനവുമറിയിച്ച് അന്നത്തെ ഇന്ത്യന്‍ പ്രസിഡന്റ് വി.വി. ഗിരിയും പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയും സോമന് കത്തുകള്‍ അയച്ചിരുന്നു.

പിന്നാക്ക വിഭാഗങ്ങള്‍ക്ക് സ്വയംസംരഭം തുടങ്ങുന്നതിനെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് അന്നത്തെ സര്‍ക്കാര്‍ ഹോട്ടലുകള്‍ നടത്താൻ പദ്ധതി ആവിഷ്‌ക്കരിച്ചത്. അംശകച്ചേരിയില്‍ പട്ടികജാതി വികസന വകുപ്പ് അനുവദിച്ച 3000 രുപകൊണ്ട് ഓല ഷെഡിലാണ് പ്രവര്‍ത്തനം ആരംഭിച്ചത്. അനുവദിച്ച തുക മൂന്ന് വര്‍ഷത്തിന് ശേഷം തിരിച്ചടവ് തുടങ്ങിയാല്‍ മതി എന്നതായിരുന്നു പദ്ധതിയുടെ മെച്ചം. ഏഴ് വര്‍ഷം കൊണ്ട് തിരിച്ചടവ് പൂര്‍ത്തിയാക്കണം എന്നായിരുന്നു വ്യവസ്ഥ.മൂന്നു വര്‍ഷം മാത്രം ആയുസ്സ്

ഹോട്ടല്‍ തുടങ്ങിയതിന്റെ തൊട്ടടുത്ത വര്‍ഷം സോമനെത്തേടി മറ്റൊരു ഭാഗ്യവുമെത്തി. പോലീസ് സേനയില്‍ അംഗമാവാനുള്ള അവസരം. ഹോട്ടല്‍ നടത്തിപ്പ് സോമന്‍ സുഹൃത്തിനെ ഏല്‍പ്പിച്ചു. എന്നാല്‍, ഹോട്ടലിന്റെ മുന്നോട്ടുള്ള പ്രയാണം അത്ര ലാഭകരമായിരുന്നില്ല. നടത്തിക്കൊണ്ടുപോകാന്‍ സാധിക്കാതെ 1975-ല്‍ സുഹൃത്ത് ഹോട്ടല്‍ അടച്ചുപൂട്ടി.

വെറും മൂന്ന് വര്‍ഷം മാത്രമായിരുന്നു ഹോട്ടലിന് ആയുസ്സ്. തിരിച്ചടക്കാന്‍ കഴിയാത്തതിന്റെ പേരില്‍ സോമന് ജപ്തി നോട്ടീസ് വന്നു. തുടര്‍ന്ന് പല വാതിലുകളും മുട്ടി. ഒടുവില്‍ സോമന്റെ ശമ്പളത്തില്‍നിന്ന് പ്രതിമാസം മുപ്പത് രൂപ വെച്ച് പിടിച്ചു ആ ബാധ്യത അവസാനിപ്പിക്കാന്‍ തീരുമാനമായി. പ്രിയദർശനി ഹോട്ടലിന്റെ ചരിത്രം അവിടെ അവസാനിച്ചു.

പള്ളിയാലില്‍ സോമന്‍

പട്ടിണിയില്‍നിന്ന് പോലീസ് കുപ്പായത്തിലേക്ക്

എടപ്പാളിലെ ഉദിനിക്കരയില്‍ പള്ളിയാലില്‍ തറവാട്ടില്‍ അയ്യപ്പന്‍-അമ്മു ദമ്പതികളുടെ മകനായി 1946-ലാണ് സോമന്‍ ജനിച്ചത്. പ്രാഥമിക വിദ്യാഭ്യാസം ഉദിനക്കര സ്‌കൂളിലും പത്താം ക്ലാസ്‌ എടപ്പാള്‍ ഹൈസ്‌ക്കൂളിലും പൂര്‍ത്തിയാക്കി. എടപ്പാള്‍ ഹൈസ്‌ക്കൂളിലെ ആദ്യ എസ്.എസ്.എല്‍.സി. ബാച്ചായിരുന്നു സോമന്റേത്‌. ആ ബാച്ചില്‍ നടന്‍ സുകുമാരനുമുണ്ടായിരുന്നു. സോമനും സുകുമാരനും ഒരുമിച്ച് ഒരു ക്ലാസ്സിലായിരുന്നു.

കയ്പ്പു നിറഞ്ഞ ജീവിതാനുഭവങ്ങളിലൂടെ വളര്‍ന്ന ബാല്യവും കൗമാരവും പട്ടിണിയും കഷ്ടപ്പാടും കൂടെപ്പിറപ്പായിരുന്ന കാലം. പഠിച്ച് എന്തെങ്കിലും ജോലി നേടണമെന്ന മോഹമായിരുന്നു സോമന്. സിവില്‍ എഞ്ചിനീയറിങ് പഠിക്കാന്‍ തൃശൂര്‍ മഹാരാജ ടെക്‌നോളജിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോളേജില്‍ ചേര്‍ന്നത് അങ്ങനെയായിരുന്നു.

അന്ന് കേരള സ്റ്റുഡന്റ് ഫെഡറേഷന്റെ (കെ.എസ്.എഫ്.) ചെയര്‍മാനായിരുന്നു സോമന്‍. പഠനവും വിദ്യാര്‍ത്ഥി സംഘടനാപ്രവര്‍ത്തനവും ഒരുമിച്ച് നടത്തിയിരുന്ന കാലം. തെക്കെ ഇന്ത്യയില്‍ ഹിന്ദിഭാഷ വേണ്ട എന്ന സമരം നടത്തിയതിന് സോമനുള്‍പ്പെടെ ഒമ്പതുപേരെ പോലീസ് അറസ്റ്റ് ചെയ്തു. പിന്നീട് പോലീസ് വിട്ടയച്ചപ്പോള്‍ കൂട്ടത്തിലൊരുത്തന്‍ ദേഷ്യം തീര്‍ത്തത് പ്രിന്‍സിപ്പലിനോടായിരുന്നു. ഇതിനെത്തുടര്‍ന്ന് കോഴ്സ് തീരാന്‍ നാല് മാസം ബാക്കി നില്‍ക്കെ കോളെജില്‍നിന്നു സോമനെ ഉള്‍പ്പെടെ പുറത്താക്കി. സര്‍ട്ടിഫിക്കറ്റ് പോലും കൊടുത്തില്ല. പട്ടിണിയും ദാരിദ്ര്യവും നിറഞ്ഞ വീട്ടില്‍നിന്നും ഏറെ പ്രതീക്ഷകളുമായി വന്നതിനാല്‍ തിരിച്ച് അങ്ങോട്ടുതന്നെ പോവാന്‍ സോമന് മനസ്സുവന്നില്ല.

1967-ല്‍ സോമന്‍ മദ്രാസിലേക്ക് വണ്ടി കയറി. തുടര്‍ന്ന് അമ്പത്തൂരിലെ ഡെണ്‍ലപ്പ് ടയര്‍ കമ്പനിയില്‍ പണിയെടുത്തു. പിന്നീട് വീട്ടുകാര്‍ കണ്ടെത്തി നാട്ടിലേക്ക് തിരികെ കൊണ്ടുവന്നു. നാട്ടിലെത്തിയ ശേഷം, മദ്രാസില്‍വെച്ച് പരിചയപ്പെട്ട എഞ്ചിനീയര്‍ വഴി മറ്റൊരു ജോലിയില്‍ കയറി. കാലിക്കറ്റ് യൂണിവേഴ്സിറ്റി കെട്ടിട നിര്‍മ്മാണം ഏറ്റടുത്ത കമ്പനിയുടെ എഞ്ചിനീയറായരുന്നു ആ പരിചയക്കാരന്‍. കെട്ടിട നിര്‍മാണജോലിയും അധികകാലം നീണ്ടുനിന്നില്ല.

നാട്ടില്‍ തിരികെ എത്തിയ ശേഷവും സോമന്‍ കെ.എസ്.എഫിന്റെ സജീവ പ്രവര്‍ത്തകനായി തുടർന്നു. പാര്‍ട്ടിയുടെ നേതാവ് ഇ.ടി. കുഞ്ഞനുമായി സോമന് നല്ല സൗഹൃദമുണ്ടായിരുന്നു അദ്ദേഹത്തിന്. പാര്‍ട്ടിക്കുവേണ്ടി എന്തിനും തയ്യാറായി നില്‍ക്കുകയും പാര്‍ട്ടിയുടെ സകല പരിപാടികളിലും പ്രവര്‍ത്തിക്കുകയും ചെയ്യുക പതിവായിരുന്നു. പാര്‍ട്ടി വഴി ജോലിക്ക് പലവട്ടം ശ്രമിച്ചെങ്കിലും നടന്നില്ല. സഹായിക്കാത്ത സങ്കടത്തില്‍ സോമന്‍ പാര്‍ട്ടി വിട്ടു.

തുടര്‍ന്ന് കോണ്‍ഗ്രസിലെത്തിയ സോമന്‍ അന്നത്തെ പ്രാദേശിക നേതാവ് സി. ഹരിദാസിനൊപ്പം നിന്നു. കോണ്‍ഗ്രസ് നേതാവ് കെ.കെ. വിശ്വനാഥന്‍, പട്ടികജാതി വകുപ്പുമന്ത്രി വെള്ള ഈച്ചരന്‍ എന്നിവരുടെ ശ്രമഫലമായാണ് ഹോട്ടല്‍ ഉദ്യമം ഫലം കണ്ടത്. അതിനിടയില്‍ അന്നത്തെ മലപ്പുറം എസ്.പി. സീതാനാഥന്‍, ഐ.ജി. സിങ്കാരവേലു എന്നിവരെ സോമന്‍ നേതാക്കള്‍ക്കൊപ്പം കണ്ടു. പോലീസില്‍ അന്ന് അഞ്ച് സീറ്റ് പട്ടികജാതിക്ക് വേണമെന്ന് ഐ.ജി. അധികാരികളെ ധരിപ്പിച്ചിരുന്നു. അഞ്ച് സീറ്റ് പട്ടികജാതിക്ക് ഉത്തരവായി. അക്കൂട്ടിത്തില്‍ സോമന് സെലക്ഷന്‍ കിട്ടി. അങ്ങനെ സോമന്‍ പോലീസായി.

തന്റെ ഇരുപത്തി ആറാം വയസ്സില്‍ പാറപ്പുറം വലിയപുരക്കല്‍ ലക്ഷ്മിയെ സോമന്‍ വിവാഹം കഴിച്ചു. പൊന്നാനി, പെരുമ്പടപ്പ്, ചങ്ങരംകുളം, വളാഞ്ചേരി എന്നീ സ്റ്റേഷനില്‍ റൈറ്ററായി ജോലിയെടുത്ത സോമന് എ.എസ് ഐ. ആയി അഗളിയിലേക്ക് പ്രമോഷന്‍ കിട്ടിയെങ്കിലും സാങ്കേതിക തടസ്സം അറിയിച്ചതിനെ തുടര്‍ന്ന് ഹെഡ്കോണ്‍സ്റ്റബിള്‍ പദവിയില്‍ തന്നെ തുടരുകയായിരുന്നു. സര്‍വ്വീസില്‍ ഇരിക്കെ സ്തുത്യര്‍ഹമായ സേവനത്തിന് പ്രശസ്തിപത്രവും വാങ്ങി.

പോലീസ് സേനയില്‍ 29 വര്‍ഷം പ്രവര്‍ത്തിച്ചു. ചങ്ങരംകുളം സ്റ്റേഷനില്‍ റൈറ്ററായി ഇരിക്കെ 2001-ല്‍ പടിയിറങ്ങി. 2005-ല്‍ പൊന്നാനി ബ്ലോക്ക് പഞ്ചായത്തിലേക്ക് അയിലക്കാട് ഡിവിഷനില്‍നിന്ന് വിജയിച്ച സോമന്‍ അഞ്ചു വര്‍ഷം മെമ്പറായിരുന്നു.

സാധാരണക്കാരന്റെ ഹോട്ടല്‍

പ്രിയദര്‍ശിനി എന്ന പേരില്‍ നിരവധി പേരുടെ വിശപ്പടക്കാന്‍ ഈ ഭക്ഷണശാലയ്ക്ക് സാധിച്ചു. ചായയും ചെറുകടികളും ചോറും ഇറച്ചിയും മീനുമെല്ലാം ചെറിയ വിലയ്ക്ക് ഇവിടെ ലഭിച്ചു. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും സാധാരണ തൊഴിലാളികള്‍ക്കുമെല്ലാം ആശ്രയമായിരുന്നു ഈ ഹോട്ടല്‍. പിന്നാക്ക ക്ഷേമത്തിനായി തുടങ്ങിയ ഈ സ്ഥാപനത്തിന് പൂട്ടു വീണെങ്കിലും അക്കാലത്തുണ്ടായിരുന്ന ജനങ്ങളുടെ ഓര്‍മയില്‍ ഇന്നും ഹോട്ടല്‍ മായാതെ നില്‍ക്കുന്നു.

*അക്കാലത്ത് പ്രചാരത്തിൽ ഉണ്ടായിരുന്ന ഹരിജന്‍ എന്ന വാക്ക് പിന്നീട് ഉപയോഗിക്കുന്നതിനു തടസം വന്നു

Content Highlights: harijan hotel


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


04:19

ഇത് കേരളത്തിന്റെ മിനി ശിവകാശി, പടക്കങ്ങളുടെ മായാലോകം

Oct 24, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022

Most Commented