ഓർക്കണം ജി.എൻ. രാമചന്ദ്രനെ; നൊബേലിന്‌ നാമനിർദേശം ചെയ്യപ്പെട്ട മലയാളി ശാസ്ത്രജ്ഞനെ


ഹന്ന തംലീന

ജി.എൻ.രാമചന്ദ്രൻ കടപ്പാട്: നാച്വർ മാഗസിൻ

അമിനോ അമ്ല തന്മാത്രകളുടെ നിശ്ചിത ക്രമീകരണത്തിലൂടെ ജനിതകരഹസ്യങ്ങൾ കോഡുകളായി സൂക്ഷിക്കുന്ന ഡി.എൻ.എ. ഇന്ന് വളരെയേറെ സുപരിചിതമായ പദമായി മാറിയിട്ടുണ്ട്. ‘ഇരട്ട ഹെലിക്കൽ ആകൃതി’ എന്ന പേരിൽ പ്രശസ്തമായ ഇതിന്റെ സങ്കീർണഘടന അനാവരണംചെയ്ത ഫ്രാൻസിസ് ക്രിക്കിനും ജെയിംസ് വാട്സണും നൊബേൽ സമ്മാനം ലഭിക്കുകയും ചെയ്തു. അതുപോലെ പ്രധാനപ്പെട്ട മറ്റൊരു കണ്ടുപിടിത്തമാണ് കൊളാജൻ എന്ന പ്രോട്ടീന്റെ ഘടന. നമ്മുടെ ശരീരത്തിലെ എല്ല്, ചർമം, പേശികൾ തുടങ്ങിയവയിലെല്ലാം കാണപ്പെടുന്ന അതിപ്രധാന പ്രോട്ടീനുകളാണ് കൊളാജൻ. ഇവയുടെ ട്രിപ്പിൾ ഹെലിക്കൽ ഘടന കണ്ടെത്തിയത് ഒരു ഇന്ത്യക്കാരനാണെന്ന് എത്ര പേർക്കറിയാം? അതും ഒരു മലയാളി!

മലയാളിയായ ഭൗതികശാസ്ത്രജ്ഞൻ ജി.എൻ. രാമചന്ദ്രനാണ് ശാസ്ത്രലോകം ഇന്നും പ്രാധാന്യത്തോടെ കണക്കാക്കുന്ന ഈ കണ്ടുപിടിത്തത്തിന് പിന്നിൽ പ്രവർത്തിച്ചത്. നൊബേൽ സമ്മാനത്തിന് അദ്ദേഹം നാമനിർദേശം ചെയ്യപ്പെടുകയുമുണ്ടായി. മലയാളി മറന്നുപോയ ഈ ശാസ്ത്രജ്ഞന്റെ ജന്മശതാബ്ദി വർഷമാണ് 2022.

വിദ്യാഭ്യാസം

1922 ഒക്ടോബർ എട്ടിന് അന്നത്തെ കൊച്ചി നാട്ടുരാജ്യത്തിന്റെ ഭാഗമായിരുന്ന എറണാകുളം ജില്ലയിലാണ് ഗോപാലസമുദ്രം നാരായണൻ രാമചന്ദ്രന്റെ ജനനം. എറണാകുളം മഹാരാജാസ് കോളേജിലെ പ്രിൻസിപ്പലായിരുന്ന ജി. നാരായണ അയ്യരാണ് പിതാവ്. മാതാവ് ലക്ഷ്മി അയ്യർ. ഇവരുടെ മൂത്തപുത്രനായിരുന്നു രാമചന്ദ്രൻ.

ചെറുപ്പംതൊട്ടേ അക്കങ്ങളോട് താത്പര്യം കാണിച്ചിരുന്ന രാമചന്ദ്രൻ, തിരുച്ചിറപ്പള്ളി സെന്റ് തോമസ് കോളേജിൽനിന്ന് ഭൗതികശാസ്ത്രത്തിൽ ബി.എസ്‍സി. ഓണേഴ്സ് ബിരുദം കരസ്ഥമാക്കി. അദ്ദേഹത്തിന്റെ സംഭവബഹുലമായ അക്കാദമികജീവിതം ആരംഭിക്കുന്നത് ഇലക്‌ട്രിക്കൽ എൻജിനീയറിങ് വിദ്യാർഥിയായി ബാംഗ്ലൂർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ (ഐ.ഐ.എസ്‍സി.) എത്തിച്ചേരുന്നതോടെയാണ്. എന്നാൽ, സി.വി. രാമൻ എന്ന അതുല്യപ്രതിഭയുടെ ‘രാമൻ പ്രഭാവ’ത്തിന്റെ സ്വാധീനത്തിൽ തന്റെ ബിരുദാനന്തര ബിരുദത്തിനും ഗവേഷകപ്രബന്ധത്തിനും വിഷയമായി ഭൗതികശാസ്ത്രം തിരഞ്ഞെടുക്കാൻ തീരുമാനിച്ചു. അദ്ദേഹത്തിന്റെ ജീവിതത്തിലും ശാസ്ത്രലോകത്തിനും മുതൽക്കൂട്ടായിത്തീർന്ന ഒരു തീരുമാനമായിരുന്നു അത്.

സി.വി. രാമന്റെ മേൽനോട്ടത്തിൽ രാമചന്ദ്രൻ ഡോക്ടറൽ ബിരുദത്തിന് തുല്യമായ ഡി.എസ്‍സി. ബിരുദം നേടി. തുടർന്ന് 1947-ൽ ബ്രിട്ടണിലെ പ്രശസ്തമായ കാവൻഡിഷ് ലബോറട്ടറിയിലേക്ക് അദ്ദേഹം പോയി. അവിടെ എക്സ്-റേ ക്രിസ്റ്റലോഗ്രഫിയിൽ അഗ്രഗണ്യരായ സർ. ലോറൻസ് ബ്രാഗ്, വില്യം ആൽഫ്രഡ് വൂസ്റ്റർ തുടങ്ങിയവരുമായി ചേർന്ന് പ്രവർത്തിക്കുകയും രണ്ടാമത്തെ ഡോക്ടറൽ ഡിഗ്രി കരസ്ഥമാക്കുകയും ചെയ്തു.

ഗവേഷണം

1949-ൽ ഇന്ത്യയിലേക്ക് തിരിച്ചെത്തിയതിനു ശേഷം ബാംഗ്ലൂർ ഐ.ഐ.എസ്‍സി.യിൽ അസിസ്റ്റന്റ് പ്രൊഫസറായി ജോലിയിൽ പ്രവേശിച്ചു. 1952-ൽ മുപ്പതാം വയസ്സിൽ മദ്രാസ് യൂണിവേഴ്സിറ്റി ഭൗതികശാസ്ത്ര വിഭാഗം തലവനായി ചുമതലയേറ്റു. ആ വർഷംതന്നെ വകുപ്പ് സന്ദർശിച്ച രസതന്ത്രജ്ഞനും ക്രിസ്റ്റലോഗ്രാഫറുമായ ജെ.ഡി. ബെർണലിന് അദ്ദേഹത്തിന്റെ ജീവിതത്തിൽ മറ്റൊരു നിർണായകസ്ഥാനമാണുള്ളത്. കൊളാജൻ എന്ന പ്രോട്ടീന്റെ ഘടന ലോകമൊട്ടുക്കുമുള്ള പല ഗവേഷണഗ്രൂപ്പുകൾക്കും ഒരു കീറാമുട്ടിയാണെന്ന് സുഹൃത്തു കൂടിയായ ബെർണൽ അദ്ദേഹത്തെ അറിയിച്ചു. അക്കാലത്ത് പ്രോട്ടീൻപോലുള്ള പല പ്രധാനപ്പെട്ട ജീവൽ തന്മാത്രകളെയും പറ്റിയുണ്ടായിരുന്ന ഘടനാപരമായ അറിവ് തുലോം പരിമിതമാണെന്ന വസ്തുത രാമചന്ദ്രനെ അദ്ഭുതപ്പെടുത്തി. തന്റെ വൈദഗ്ധ്യമേഖലയായ എക്സ്-റേ ക്രിസ്റ്റലോഗ്രഫി ഉപയോഗിച്ച് ജൈവതന്മാത്രകളുടെ ഘടനയെക്കുറിച്ചുള്ള പഠനത്തിലേക്ക് അദ്ദേഹം ഇറങ്ങിത്തിരിക്കുന്നത് അങ്ങനെയാണ്.

ത്വക്കിലെ പ്രധാന പ്രോട്ടീൻ ഘടകമാണല്ലോ കൊളാജൻ. അതുകൊണ്ടുതന്നെ മികച്ച കൊളാജൻ സാമ്പിളുകൾ ലഭിക്കുന്നതിനായി അദ്ദേഹം സമീപിച്ചത് സെൻട്രൽ ലെതർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിനെയാണ്. ഇൻസ്റ്റിറ്റ്യൂട്ടിന്റെ സഹായത്തോടെ ഓസ്ട്രേലിയയിൽനിന്ന് വരുത്തിച്ച കംഗാരുവാലിലെ ടെൻഡൺ കോശങ്ങളാണ് പഠനത്തിനായി ഉപയോഗിച്ചത്.

അതുവരെയുണ്ടായിരുന്ന പരിമിതമായ ധാരണവെച്ച് കൊളാജൻ പ്രോട്ടീൻ നിർമിതമായിരിക്കുന്ന അമിനോ ആസിഡുകളിൽ മൂന്നിൽ ഒരു ഭാഗം ഗ്ലൈസിൻ തന്മാത്രയാണ് എന്നറിയാം. മുത്തുകൾ കോർത്തെടുത്ത് ഒരു മാലയുണ്ടാക്കുന്നതുപോലെ അമിനോ ആസിഡ് തന്മാത്രകളെ നിശ്ചിതക്രമത്തിൽ ആവർത്തിച്ച് അടുക്കിവെച്ചാണ് ഭീമൻ പ്രോട്ടീൻ തന്മാത്രകളുടെ നിർമാണം. നീളത്തിലുള്ള ഈ പോളിപെപ്റ്റൈഡ് ചരടുകൾ വീണ്ടും ചുറ്റിപ്പിണഞ്ഞ് ഹെലിക്സുകളായോ പരന്ന ഷീറ്റുകളായോ രൂപപ്പെടുന്നു. ഇവ വീണ്ടും മടങ്ങിച്ചുരുണ്ട് ത്രിമാനരൂപത്തിലുള്ള, സങ്കീർണാകൃതിയിലുള്ള പ്രോട്ടീനുകളുണ്ടാവുന്നു. പ്രോട്ടീൻ തന്മാത്രകളുടെ ഘടനയാണ് അതിന് ശരീരത്തിലുള്ള ധർമം തീരുമാനിക്കുന്നത്. ഇവയുടെ തെറ്റായ രീതിയിലുള്ള മടക്കുകളോ ചുളിവുകളോ ആണ് പല അസുഖങ്ങൾക്കും കാരണമെന്ന് ഇന്ന് നമുക്കറിയാം.

മദ്രാസ് ഗ്രൂപ്പ്

കൊളാജൻ പ്രോട്ടീന്റെ, തനിക്ക് ലഭിച്ച എക്സ്റേ ചിത്രങ്ങൾ പരിശോധിച്ചപ്പോൾ, പോളിപെപ്റ്റൈഡിലെ ആവർത്തിക്കപ്പെടുന്ന അമിനോ ആസിഡ് ശ്രേണിയിൽ മൂന്നാമതായി വരുന്നത് എപ്പോഴും ഗ്ലൈസിൻ അമിനോ ആസിഡാണെന്ന് ജി.എൻ. രാമചന്ദ്രന്റെ ഗവേഷണഗ്രൂപ്പ് മനസ്സിലാക്കി. അങ്ങനെയെങ്കിൽ കൊളാജന് ഒരു ട്രിപ്പിൾ ഹെലിക്കൽ ഘടനയായിരിക്കാമെന്ന യുക്തിഭദ്രമായ ഒരു അനുമാനം നടത്താൻ അദ്ദേഹത്തിന് സാധിച്ചു. മൂന്നു ഹെലിക്കൽ ചരടുകളെ ഷഡ്ഭുജാകൃതിയിൽ പരസ്പരം ചുറ്റിയെടുത്താൽ ലഭിക്കുന്ന ഒരു ഘടനയ്ക്ക് തുല്യമായിരിക്കും അത്.

രസകരമായ മറ്റൊരു കഥ കൂടിയുണ്ട്. പത്നി രാജത്തിന്റെ നിത്യേനയുള്ള മുടിപിന്നിയിടൽ രാമചന്ദ്രന്റെ ഭാവനയെ സ്വാധീനിച്ചിരിക്കാമെന്നാണ് ആ കഥ. ശരിയാണ്, അത്യന്തം ധിഷണാശാലിയായ ഒരു ഗവേഷകന്റെ പ്രധാന കൈമുതൽ ഭാവന തന്നെയാണ്. കൃത്യമായ പരീക്ഷണങ്ങളുടെയും നിരീക്ഷണങ്ങളുടെയും അടിസ്ഥാനത്തിൽ നടത്തുന്ന ധീരവും യുക്തവുമായ സാധ്യതകളെ മുന്നോട്ടുവെയ്ക്കുമ്പോഴാണല്ലോ ശാസ്ത്രത്തിന്റെ കുതിപ്പ് സംഭവിക്കുന്നത്. അന്നുവരെ ശാസ്ത്രം അഭിമുഖീകരിച്ചിരുന്ന ഒരു വലിയ പ്രശ്നത്തിന്റെ പരിഹാരം കൂടിയായിരുന്നു ജി.എൻ.ആറിന്റെയും സഹപ്രവർത്തകരുടെയും കണ്ടെത്തൽ.

1954-ൽ രാമചന്ദ്രനും സഹഗവേഷകനായ ഗോപിനാഥ് കർത്തായും ചേർന്ന് ഈ കണ്ടെത്തൽ പ്രശസ്തമായ നേച്ചർ ജേണലിൽ പ്രസിദ്ധീകരിച്ചു. ഈ ‘മദ്രാസ് ഗ്രൂപ്പി’ന്റെ കണ്ടെത്തൽ പെട്ടെന്നുതന്നെ ലോകമൊട്ടുക്കുമുള്ള ശാസ്ത്രജ്ഞരുടെ ശ്രദ്ധയാകർഷിച്ചു. ശാസ്ത്രലോകം ഈ പ്രോട്ടീൻ മാതൃകയെ ‘മദ്രാസ് ട്രിപ്പിൾ ഹെലിക്സ്’ എന്നുപേരിട്ട്‌ വിളിച്ചു. ഒരു വർഷത്തിനു ശേഷം ജി.എൻ.ആറിന്റെ സംഘം അവരുടെ മാതൃകയെ കൂടുതൽ പരിഷ്കരിച്ചുകൊണ്ട് എല്ലാ പരീക്ഷണഫലങ്ങളെയും വിശദീകരിക്കാൻ സാധിക്കുംവിധം കുറ്റമറ്റതാക്കി.

പ്രോട്ടീൻ ഘടനയുമായി ബന്ധപ്പെട്ട അടിസ്ഥാന പ്രശ്നങ്ങളിലുള്ള ഗവേഷണം അദ്ദേഹം തുടർന്നുകൊണ്ടേയിരുന്നു. അന്നത്തെ മദ്രാസ് യൂണിവേഴ്സിറ്റി വൈസ് ചാൻസലറായിരുന്ന ലക്ഷ്മണസ്വാമി മുതലിയാരുടെ പ്രോത്സാഹനത്തിന്റെയും പ്രേരണയുടെയും പിൻബലം ജി.എൻ.ആറിന് മുതൽക്കൂട്ടായിരുന്നു. പ്രോട്ടീൻ രൂപവത്‌കരണത്തിലെ അടിസ്ഥാനതത്ത്വങ്ങൾ കണ്ടെത്താൻ ശ്രമിക്കുകയും തത്ഫലമായി ഏതൊരു പ്രോട്ടീന്റെയും ഘടന അവലോകനംചെയ്യാൻ ഉതകുന്ന രീതിയിൽ ഒരു ‘അളവുകോൽ’ അദ്ദേഹം വികസിപ്പിച്ചെടുക്കുകയും ചെയ്തു.

‘രാമചന്ദ്രൻ പ്ലോട്ട്’ എന്നറിയപ്പെടുന്ന ഈ കണക്കുകൂട്ടലുകൾ 1963-ൽ ജേണൽ ഓഫ് മോളിക്യുലാർ ബയോളജിയിൽ പ്രസിദ്ധീകരിച്ചു. പ്രോട്ടീൻ ക്രിസ്റ്റൽ ഘടനകൾ വേണ്ടത്ര ലഭ്യമല്ലാതിരുന്ന അക്കാലത്ത് അവയെ അനാവരണംചെയ്യാനുള്ള അടിസ്ഥാനമാർഗം എന്നരീതിയിൽ രാമചന്ദ്രൻ പ്ലോട്ട് ശാസ്ത്രലോകത്തിൽ സ്ഥാനം പിടിച്ചു. ഇപ്പോഴും പ്രോട്ടീൻ രൂപവത്കരണത്തിന്റെ അടിസ്ഥാനവ്യാകരണം എന്ന നിലയ്ക്ക് ഗവേഷകർ അതിനെ ഉപയോഗപ്പെടുത്തുന്നു. ഇന്ന് പ്രശസ്തമായ എല്ലാ ശാസ്ത്ര ജേണലുകളിലും ജൈവ-രസതന്ത്ര പുസ്തകങ്ങളിലും നൂറാവർത്തി അച്ചടിച്ചുവരുന്ന ‘രാമചന്ദ്രൻ’ എന്ന ഈ മലയാളിനാമം നമുക്കേവർക്കും അഭിമാനമാണ്.

ജി.എൻ.ആറിന്റെ ശാസ്ത്രസംഭാവനകൾ ഇവയിലൊന്നും ഒതുങ്ങുന്നില്ല. സങ്കീർണമായ പോളിപെപ്റ്റൈഡ് മടക്കുകൾ രൂപപ്പെടുന്ന വിവിധ ഘട്ടങ്ങളെപ്പറ്റിയുള്ള പഠനങ്ങളിൽ അദ്ദേഹം മുഴുകി. ന്യൂക്ലിയാർ മാഗ്നെറ്റിക് റെസൊണൻസ് പോലുള്ള സ്പെക്‌ട്രോസ്കോപ്പിക് സാങ്കേതികരീതികളിൽ പല പരിഷ്കാരങ്ങളും നിർദേശിച്ചു. എൺപതുകളിൽ ജൈവരസതന്ത്രത്തിൽ കംപ്യൂട്ടറുകളുടെ കടന്നുവരവോടെ പ്രോട്ടീനുകളുടെ എക്സ്റേ ക്രിസ്റ്റലോഗ്രാഫിക്കൽ ചിത്രങ്ങൾ ഉണ്ടാക്കിയെടുക്കുന്നതിൽ കംപ്യൂട്ടർ അൽഗോരിതങ്ങൾ വ്യപകമായി ഉപയോഗിക്കാൻ തുടങ്ങിയിരുന്നു. ജി.എൻ.ആറും കൂട്ടരും നിലവിലെ അൽഗോരിതം നവീകരിക്കത്തക്ക രീതിയിൽ പുതിയവ വികസിപ്പിക്കുകയും ഇവ മെച്ചപ്പെട്ട നിലവാരത്തിലുള്ള എക്സ്റേ ഇമേജുകൾ കുറഞ്ഞ സമയംകൊണ്ട് ഉണ്ടാക്കിയെടുക്കാൻ സഹായകമാകുകയും ചെയ്തു.

അധ്യാപനം

മികച്ച ഒരു ശാസ്ത്രപ്രചാരകൻ കൂടിയായിരുന്നു ജി.എൻ.ആർ. മദ്രാസിൽ അദ്ദേഹം രണ്ട് അന്താരാഷ്ട്ര സിമ്പോസിയങ്ങൾ സംഘടിപ്പിച്ചു. ലീനസ് പോളിങ്, ഡോറോത്തി ഹോഗ്കിൻ പോലുള്ള ശാസ്ത്രലോകത്തെ അന്നത്തെ പല പ്രബലരും നൊബേൽസമ്മാനജേതാക്കളും അവയിൽ പങ്കെടുത്തു. 1970-ൽ അദ്ദേഹം മുൻകൈയെടുത്ത് ബാംഗ്ലൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ മോളിക്യുലാർ ബയോഫിസിക്സ് യൂണിറ്റ് രൂപവത്കരിച്ചു. ഇന്നത് സെന്റർ ഓഫ് അഡ്വാൻസ്ഡ് സ്റ്റഡി ഇൻ ബയോഫിസിക്സ് എന്നറിയപ്പെടുന്നു.

മികച്ച അധ്യാപകൻകൂടിയായിരുന്ന ജി.എൻ.ആർ., അദ്ദേഹത്തിന്റെ ഗവേഷണജീവിതം ഏതാണ്ട് മുഴുവനായും ഇന്ത്യയിൽത്തന്നെ ചെലവിട്ടു. മിഷിഗൺ യൂണിവേഴ്സിറ്റി (1965-66), ഷിക്കാഗോ യൂണിവേഴ്സിറ്റി (1967-77) എന്നിവിടങ്ങളിൽ വിസിറ്റിങ് പ്രൊഫസറായും സേവനമനുഷ്ഠിക്കുകയുണ്ടായി.

അംഗീകാരങ്ങൾ

അർഹതപ്പെട്ട പല അംഗീകാരങ്ങളും രാമചന്ദ്രനെത്തേടിയെത്തി. ഭൗതികശാസ്ത്രത്തിൽ ശാന്തി സ്വരൂപ് ഭട്നഗർ അവാർഡ് (1961), റോയൽ സൊസൈറ്റി ഓഫ് ലണ്ടൻ ഫെലോഷിപ് (1999) എന്നിവ അവയിൽ പ്രധാനപ്പെട്ടവയാണ്. ക്രിസ്റ്റലോഗ്രാഫി മേഖലയ്ക്ക് സമ്മാനിച്ച അതിവിപുലമായ സംഭാവനകൾ കണക്കിലെടുത്ത് ഇന്റർനാഷണൽ യൂണിയൻ ഓഫ് ക്രിസ്റ്റലോഗ്രാഫി അദ്ദേഹത്തിന് എഡ്വാർഡ് പ്രൈസ് നൽകി ആദരിച്ചു. ഫ്രാൻസിസ് ക്രിക്ക്, ലീനസ് പോളിങ് തുടങ്ങിയ ശാസ്ത്രലോകത്തെ അതികായന്മാർ ജി.എൻ.ആറിന്റെ പാണ്ഡിത്യത്തെ വിലമതിച്ചിരുന്നു. പ്രോട്ടീൻ ഘടനയിലേക്ക് വെളിച്ചംവീഴാനുതകിയ പഠനങ്ങളെ മുൻനിർത്തി നൊബേൽസമ്മാനത്തിനായി അദ്ദേഹം നാമനിർദേശം ചെയ്യപ്പെടുകയും ചെയ്തു.

വളരെ വലിയ സ്വപ്നങ്ങൾ കാണുകയും അതിനുവേണ്ടി കഠിനമായി പരിശ്രമിക്കുകയും ചെയ്ത ക്രാന്തദർശിയായിരുന്നു ജി.എൻ.ആർ. പുത്തൻ അറിവുകളോടും ആശയങ്ങളോടും എപ്പോഴും കെടാത്ത ജിജ്ഞാസ അദ്ദേഹം കാത്തുസൂക്ഷിച്ചു. ശാസ്ത്രകുതുകികളായ ആർക്കും വലുപ്പച്ചെറുപ്പവ്യത്യാസമില്ലാതെ സമീപിക്കാവുന്ന രീതിയിലുള്ള അദ്ദേഹത്തിന്റെ ലാളിത്യത്തെ സഹപ്രവർത്തകരും ശിഷ്യരും ഇപ്പോഴും ഓർക്കുന്നുണ്ട്.

അവസാനകാലത്ത് പക്ഷാഘാതവും പാർക്കിൻസൺസ് അസുഖവും അസ്വസ്ഥതപ്പെടുത്തിയിരുന്നെങ്കിലും 2001-ൽ തന്റെ എഴുപത്തെട്ടാമത്തെ വയസ്സിൽ മരിക്കുന്നതുവരെയും തീക്ഷണതയും തെളിച്ചവുമുള്ള ബുദ്ധിവൈഭവം കെടാതെ സൂക്ഷിക്കാൻ അദ്ദേഹത്തിന് സാധിച്ചു.

ചെന്നൈയിൽ അഡയാർ നദിയുടെ സമീപം നാഷണൽ ലെതർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിനകത്ത് ‘ട്രിപ്പിൾ ഹെലിക്സ്’ എന്ന അസാധാരണമായ പേരിൽ ഒരു ഓഡിറ്റോറിയമുണ്ട്. പ്രോട്ടീൻ തന്മാത്രയുടെ, ‘ജീവൻ’ എന്ന അദ്‌ഭുതപ്രതിഭാസത്തിന്റെ ചുരുളഴിക്കാൻ ഇറങ്ങിത്തിരിച്ച ജി.എൻ. രാമചന്ദ്രനുള്ള ആദരമാണ് ആ നാമം.

ജി.എൻ.ആറിന്റെ ജന്മശതാബ്ദി വർഷമാണിത്. നൊബേൽ പുരസ്കാരത്തിനടുത്തുവരെ എത്തിച്ചേർന്ന ഒരു അതുല്യപ്രതിഭ ഇവിടെയുണ്ടായിരുന്നു എന്നകാര്യം മലയാളികൾ അഭിമാനത്തോടെ ഓർത്തെടുക്കേണ്ടതാണ്.

(മാതൃഭൂമി തൊഴിൽവാർത്തയുടെ ഹരിശ്രീ സപ്ലിമെന്റില്‍ പ്രസിദ്ധീകരിച്ചത്)

Content Highlights: GN Ramachandran, malayali scientist who nominated for Nobel prize


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022


image

2 min

ആ കനല്‍ത്തരി അണഞ്ഞു; ഹിമാചലില്‍ സിറ്റിങ് സീറ്റില്‍ സിപിഎം നാലാമത്‌

Dec 8, 2022

Most Commented