സ്റ്റെല്ലേഴ്സ് കടൽപ്പശു. Image credit: R. Ellis
ജീവലോകത്ത് എല്ലാറ്റിനെയും കോർത്തിണക്കിയിരിക്കുന്നത് ഒരേ ജനിതകച്ചരടിലാണ്. അതുകൊണ്ടാണ്, അപ്രതീക്ഷിതമായ ഇടങ്ങളിൽ നമ്മുടെ ജനിതകബന്ധുക്കളെ കാണേണ്ടി വരുന്നതും, നമ്മുടെ രോഗങ്ങൾക്ക് അമ്പരപ്പിക്കും വിധം മറ്റ് ജീവികളുമായുള്ള ജനിതകബന്ധമുള്ള കാര്യം കണ്ടെത്തുന്നതും!
ജർമനിയിലെ റൈൻ നദീതടത്തിൽ 2001 ൽ കണ്ടെത്തിയ സ്രാവ് ഫോസിലിന്റെ (Gladbachus adentatus) കാര്യമെടുക്കുക. 38.5 കോടി വർഷം പഴക്കമുള്ള ഫോസിലായിരുന്നു അത്. ആധുനിക സങ്കേതങ്ങളുടെ സഹായത്തോടെ ആ ഫോസിലിനെ വിശകലനം ചെയ്തതിന്റെ റിപ്പോർട്ട് 2018 ൽ പുറത്തുവന്നപ്പോൾ, വിചിത്രമായ ഒരു വിവരം അതിലുണ്ടായിരുന്നു-മനുഷ്യന്റെയും സ്രാവിന്റെയും പൊതുപൂർവ്വികർ 44 കോടി വർഷംമുമ്പ് ഭൂമിയിൽ ജീവിച്ചിരുന്നു!
ഇപ്പോഴിതാ, ഭൂമുഖത്തു നിന്ന് 250 വർഷം മുമ്പ് ഉൻമൂലനം ചെയ്യപ്പെട്ട പ്രാചീന കടൽപ്പശുവിന്റെ ജിനോം, ഗവേഷകരെ അമ്പരപ്പിക്കുന്നു. മനുഷ്യരെ ബാധിക്കുന്ന 'ചെതുമ്പൽ രോഗം' ('fish scale disease', Ichthyosis) എന്ന ചർമ്മരോഗത്തിന്റെ ജനിതകരഹസ്യം ആ പ്രാചീന കടൽപ്പശുവിന്റെ ജിനോമിൽ കണ്ടതാണ് കാരണം.
ജർമനിയിലെ ലൈപ്‌സിഗ്ഗ് സർവ്വകലാശാലയും യു.എസിൽ കാലിഫോർണിയ സർവ്വകലാശാല, സാന്റ ക്രൂസിലെയും ശാസ്ത്രജ്ഞർ ഉൾപ്പെട്ട അന്താരാഷ്ട്രസംഘമാണ്, അന്യംനിന്നുപോയ 'സ്റ്റെല്ലേഴ്‌സ് കടൽപ്പശു' (Steller's sea cow, Hydrodamalis gigas) വിന്റെ ജിനോം കണ്ടെത്തിയത്. നൂതനമായ 'പ്രാചീന ഡിഎൻഎ സങ്കേതങ്ങളു'ടെ സഹായത്തോടെയായിരുന്നു പഠനം.
ഫോസിലുകൾ പോലുള്ള ജൈവ അവശിഷ്ടങ്ങളിൽ നിന്ന് ജിനോം വീണ്ടെടുക്കാൻ സഹായിക്കുന്ന സാങ്കേതികവിദ്യ ശാസ്ത്രലോകത്ത് പുതിയൊരു വൈജ്ഞാനിക വിപ്ലവത്തിന് തിരികൊളുത്തിയിരിക്കുന്ന സമയമാണിത്. മൺമറഞ്ഞുപോയ ജീവികളുടെ ജനിതകസാരം കണ്ടെത്താനും, പോയകാലത്തെ ജനിതകവഴികൾ മുമ്പെങ്ങും കഴിയാത്ത വിധം വ്യക്തമായി മനസിലാക്കാനും പ്രാചീന ഡിഎൻഎ വിദ്യകൾ സഹായിക്കുന്നു.

കഴിഞ്ഞ ഒരു വ്യാഴവട്ടക്കാലത്തിനിടയ്ക്കാണ്, 'പ്രാചീന ഡിഎൻഎ വിപ്ലവ'ത്തിന് തിരികൊളുത്തിയ മുന്നേറ്റങ്ങൾ ശാസ്ത്രരംഗത്ത് അരങ്ങേറിയത്. അതിന് നമ്മൾ ഏറ്റവുമധികം കടപ്പെട്ടിരിക്കുന്നത്, ജർമനിയിലെ ലൈപ്‌സിഗ്ഗിൽ 'മാക്‌സ്പ്ലാങ്ക് ഇൻസ്റ്റിട്ട്യൂട്ട് ഓഫ് ഇവല്യൂഷണറി ആന്ത്രോപ്പോളജി'യിലെ ഗവേഷകനായ സ്വാന്റെ പേബോ (Svante Paabo) യോടും സഹപ്രവർത്തകരോടുമാണ്. ആ ഇൻസ്റ്റിട്ട്യൂട്ടിലെ 'ഇവല്യൂഷണറി ജനറ്റിക്‌സ് വകുപ്പി'ന്റെ തലവനാണ് പേബോ.
സ്റ്റെല്ലേഴ്‌സ് കടൽപ്പശുവിന്റെ ജിനോം കണ്ടെത്താനും അതേ ഡിപ്പാർട്ട്‌മെന്റിലെ ഗവേഷകർ മുഖ്യപങ്ക് വഹിച്ചു. പ്രാചീന കടൽപ്പശുവിന്റെ ജിനോം സംബന്ധിച്ച് 'സയൻസ് അഡ്വാൻസസ്' ജേർണൽ പ്രസിദ്ധീകരിച്ച പഠനപ്രബന്ധത്തിന്റെ മുഖ്യരചയിതാക്കൾ ഇവല്യൂഷണറി ജനറ്റിക്‌സ് വകുപ്പിലെ ഡിയാന ലി ഡ്യൂക്, അഖിൽ വെള്ളുവ എന്നിവരാണ്. ആ ഡിപ്പാർട്ട്‌മെന്റിൽ ബയോഇൻഫർമാറ്റിക്‌സിൽ പി.എച്ച്.ഡി.ചെയ്യുകയാണ് കണ്ണൂർ സ്വദേശിയായ അഖിൽ വെള്ളുവ*.
വല്ലാത്ത തൊലിക്കട്ടി
മാമത്തുകളും വലിയ മാർജ്ജാരൻമാരും വൂളി റൈനോസറുകളും പോലുള്ള ഭീമൻജീവികൾ ഭൂമുഖത്ത് വിലസിയിരുന്ന ഹിമയുഗത്തിലാണ്, കടൽ ഭീമനായ സ്‌റ്റെല്ലേഴ്‌സ് കടൽപ്പശുവും ഇവിടെ ആവിർഭവിച്ചത്. വളർച്ചയെത്തിയ സ്റ്റെല്ലേഴ്‌സ് കടൽപ്പശുവിന് എട്ടു മീറ്ററിലേറെ നീളവും പത്തുടണ്ണോളം ഭാരവുമുണ്ടായിരുന്നു.
ഹിമയുഗം മുതൽ ഇവിടെയുണ്ടെങ്കിലും 1741 ൽ മാത്രമാണ് ആ പ്രാചീന കടൽപ്പശുവിനെ കണ്ടെത്തുന്നത്. 1741 ൽ ഡാനിഷ് ക്യാപ്റ്റൻ വൈറ്റസ് ബേറിങ് (Vitus Bering**) അലാസ്‌കയിലേക്ക് നടത്തിയ ഐതിഹാസിക പര്യടനത്തിൽ ജർമൻ ജീവശാസ്ത്രജ്ഞൻ ജോർജ് വിൽഹം സ്‌റ്റെല്ലറും (1709-1746) പങ്കെടുത്തു. പര്യടനവേളയിൽ ഒട്ടേറെ കപ്പൽ ജോലിക്കാർ മരിച്ചെങ്കിലും സ്‌റ്റെല്ലെർ അതിജീവിച്ചു. ആ പര്യടനവേളയിലാണ് ഭാവിയിൽ തന്റെ പേരിൽ അറിയപ്പെടാൻ പോകുന്ന ആ പ്രാചീന കടൽപ്പശുവിനെ സ്റ്റെല്ലെർ നിരീക്ഷിക്കുന്നത്.
ആ ഭീമൻ കടൽപ്പശുക്കളെ ജീവനോടെ കാണുകയും ശാസ്ത്രീയമായി വിശദീകരിക്കുകയും ചെയ്ത ഏക വ്യക്തിയാണ് സ്‌റ്റെല്ലർ. ദൈർഭാഗ്യമെന്ന് പറയട്ടെ, തന്റെ പഠനം 1753 ൽ പ്രസിദ്ധീകരിക്കുന്നത് കാണാൻ സ്റ്റെല്ലർക്ക് യോഗമുണ്ടായില്ല. അതിന് മുമ്പ് അദ്ദേഹം വിടവാങ്ങിയിരുന്നു. കിഴക്കൻ സൈബീരിയയിൽ നിന്ന് സെന്റ് പീറ്റേഴ്‌സ്ബർഗ്ഗിലേക്കുള്ള മടക്കയാത്രയിലായിരുന്നു ആ ഗവേഷകന്റെ അന്ത്യം.
സ്റ്റെല്ലേഴ്‌സ് കടൽപ്പശുക്കളെ സംബന്ധിച്ച് രണ്ടു സംഗതികളാണ് സ്റ്റെല്ലറെ അമ്പരപ്പിച്ചത്. അതിലൊന്ന് ഇതിനകം സൂചിപ്പിച്ചു കഴിഞ്ഞു-അവയുടെ വലിപ്പം. രണ്ടാമത്തേത് ആ ജന്തുക്കളുടെ അസാധാരണമായ തൊലിക്കട്ടി! 'ഒരു ജന്തുവിന്റെ ചർമ്മം എന്നതിലേറെ, പ്രായമേറിയ ഓക്ക് മരത്തിന്റെ തൊലിയെ ആണ് അത് അനുസ്മരിപ്പിക്കുന്നത്', സ്‌റ്റെല്ലേഴ്‌സ് രേഖപ്പെടുത്തി.

സ്റ്റെല്ലേഴ്സ് കടൽപ്പശുവിന്റെ ജനിതകബന്ധുക്കൾ (sirenians) ഇപ്പോഴും ഭൂമിയിലുണ്ട്. നിലവിൽ ഉഷ്ണമേഖല പ്രദേശത്തെ കടലുകളിൽ കഴിയുന്ന അവയ്ക്ക് സ്റ്റെല്ലേഴ്‌സിന്റെ പകുതി പോലും വലിപ്പമില്ല, അത്ര തൊലിക്കട്ടിയുമില്ല.
ഹിമയുഗത്തിലാണ് സ്റ്റെല്ലേഴ്‌സ് കടൽപ്പശുക്കൾ പ്രത്യക്ഷപ്പെട്ടത്. ഒരുകാലത്ത് കാലിഫോർണിയ മുതൽ ജപ്പാൻ വരെ നീളുന്ന 'പെസഫിക് റിം' (Pacific Rim) പ്രദേശത്തെ ആഴംകുറഞ്ഞ സമുദ്രമേഖലയിൽ ഈ പ്രാചീന കടൽപ്പശുക്കൾ കാണപ്പെട്ടിരുന്നു. എന്നാൽ, സ്റ്റെല്ലർ അവയെ കണ്ടെത്തി വിശദീകരിക്കുന്ന സമയത്ത് ആ ജീവികൾ ബേറിങ് സമുദ്രമേഖല പോലെ വടക്കൻ ധ്രുവത്തിന് സമീപത്തേക്ക് പരിമിതപ്പെട്ടുകഴിഞ്ഞിരുന്നു.
ഇതിൽ നിന്ന് നമുക്ക് ചില കാര്യങ്ങൾ അനുമാനിക്കാം. തണുത്ത സമുദ്രത്തിൽ, മഞ്ഞുകട്ടികൾ ഒഴുകി നടക്കുന്നിടത്ത് കഴിയേണ്ടി വരുമ്പോൾ തൊലിക്കട്ടി അനുഗ്രഹമാണ്; തണുപ്പ് നേരിടാനും മൂർച്ചയുള്ള മഞ്ഞുകട്ടികൾ കൊണ്ട് ശരീരത്തിൽ മുറുവ് ഉണ്ടാകാതിരിക്കാനും! എന്നാൽ, ഉഷ്ണമേഖല സമുദ്രങ്ങളിൽ കഴിയുന്ന നിലവിലെ കടൽപ്പശു ഇനങ്ങൾക്ക് തൊലിക്കട്ടിയുടെ ആവശ്യമില്ല.
നിഷ്‌ക്രിയമാക്കപ്പെട്ട ജീനുകൾ
ബേറിങ് ദ്വീപുകളിലെ കടലോരങ്ങളിൽ നിന്ന് ശേഖരിച്ച 12 അസ്ഥികളാണ്, സ്‌റ്റെല്ലേഴ്‌സ് കടൽപ്പശുവിന്റെ ജിനോം കണ്ടെത്താൻ ഗവഷകർ ഉപയോഗിച്ചത്. റേഡിയോ കാർബൺ കാലഗണനാവിദ്യ വഴി അവ 2,205 മുതൽ 1155 വർഷം മുമ്പുവരെയുള്ള കാലത്ത് ജീവിച്ചിരുന്നവയാണെന്ന് ഗവേഷകർ മനസിലാക്കി.

പ്രധാനമായും രണ്ടു സംഗതികൾക്ക് ഉത്തരം കണ്ടെത്താൻ ജീനോം പഠനം സഹായിച്ചു. ആ ജീവികൾക്ക് ഇത്ര തൊലിക്കട്ടി ലഭിക്കാൻ ജനിതകമായി എന്താണ് കാരണം? അവയുടെ വംശം ഉൻമൂലനം ചെയ്യപ്പെട്ടത് എന്തുകൊണ്ട്?
ചർമ്മവുമായി ബന്ധപ്പെട്ട ജനിതകം പരിശോധിച്ചപ്പോൾ, ജീനുകളിൽ രണ്ടെണ്ണം (two lipoxygenase genes) മ്യൂട്ടേഷൻ വഴി നിഷ്‌ക്രിയമാക്കപ്പെട്ടതായി ഗവേഷകർ കണ്ടു. നിലവിലെ വലിപ്പമേറിയ സമുദ്രസസ്തനികളുമായി ഇക്കാര്യം ഗവേഷകർ താരതമ്യം ചെയ്തുനോക്കി. സ്‌റ്റെല്ലേഴ്‌സ് കടൽപ്പശുക്കളിൽ നിഷ്‌ക്രിയമാക്കപ്പെട്ട ജീനുകൾ, തിമിംഗലങ്ങൾ, ഡോൾഫിനുകൾ തുടങ്ങിയവയിലും നിഷ്‌ക്രിയമാണ്. എന്നാൽ, സീലുകൾ (seals), കടൽസിംഹങ്ങൾ (sea lions), കടൽനായ്ക്കൾ (sea otters), കടൽപ്പശുക്കളുടെ വർഗ്ഗത്തിൽ പെട്ട ഡ്യുഗോംങുകൾ (dugongs) തുടങ്ങിയവയിലൊക്കെ ആ ജീനുകൾ പ്രവർത്തനക്ഷമമാണ്. ധ്രുവക്കരടികളിലും ആ ജീനുകൾ പ്രവർത്തിക്കുന്നു.
പഠനത്തിലെ അമ്പരപ്പിക്കുന്ന വസ്തുത, 'ചെതുമ്പൽ രോഗം' എന്ന പരമ്പര്യ ചർമ്മരോഗമുള്ള മനുഷ്യരിലും, സ്‌റ്റെല്ലേഴ്‌സ് കടൽപ്പശുക്കളിൽ അണഞ്ഞുപോയ ആ രണ്ടു ജീനുകൾ നിഷ്‌ക്രിയമാണെന്ന കണ്ടെത്തലാണ്. വലിയ ചെതമ്പലുകളുടെ രൂപത്തിൽ മനുഷ്യരിൽ ചർമ്മം കട്ടപിടിച്ച് വരണ്ട് പരുക്കനാകുന്ന പ്രശ്‌നമാണിത്. ഒരു ജീവിവർഗ്ഗത്തിന് ഉപകാരമാകുന്ന മ്യൂട്ടേഷൻ (ജനിതക അപഭ്രംശം), മറ്റൊരു ജീവിവർഗ്ഗത്തിന് പാരയാകാം എന്നതിന് മികച്ച ഉദാഹരണമാണിത്!
ഇനിയും മനുഷ്യരിലെ 'ചെതുമ്പൽ രോഗ'ത്തിന് ചികിത്സ കണ്ടെത്തിയിട്ടില്ല. ഒരുപക്ഷേ, പുതിയ അറിവ് ജനിതകതലത്തിൽ അതിനൊരു വഴി തുറന്നേക്കാം!

1741 ലാണ് ആ പ്രാചീന കടൽപ്പശുക്കളെ സ്റ്റെല്ലർ കണ്ടെത്തിയതെന്ന് സൂചിപ്പിച്ചല്ലോ. അതുകഴിഞ്ഞ് 27 വർഷം കൂടി മാത്രമേ ആ ജീവിവർഗ്ഗം അവശേഷിച്ചുള്ളൂ. മനുഷ്യന്റെ ആർത്തി മൂലം കൊന്നൊടുക്കിയതാണ് അവയെ എന്ന് പല വിദഗ്ധരും കരുതി. എന്നാൽ, അത് ഭാഗികസത്യമേ ആകുന്നുള്ളൂ എന്നാണ് പുതിയ ജിനോം പഠനം വ്യക്തമാക്കുന്നത്. പാരിസ്ഥികമാറ്റങ്ങളും ഇക്കാര്യത്തിൽ പ്രതിയാണെന്ന് പഠനം വ്യക്തമാക്കുന്നു.
സ്റ്റെല്ലർ കണ്ടെത്തുന്നതിനും 800 വർഷം മുമ്പുതന്നെ, ആ പ്രാചീന കടൽപ്പശു വർഗ്ഗത്തിന്റെ വൈവിധ്യം പാരിസ്ഥിതിക മാറ്റങ്ങൾ മൂലം കുറഞ്ഞു തുടങ്ങിയതായി പഠനം പറയുന്നു. എന്നാൽ, ആ ജീവിവർഗ്ഗത്തിന്റെ അവസാനകാലത്ത് മനുഷ്യർ അവയെ വല്ലാതെ കൊന്നൊടുക്കി. 'അതൊരു നീണ്ട സാവധാനത്തിലുള്ള പ്രക്രിയയായിരുന്നു. എന്നാൽ, ഒടുവിലത്തെ സ്‌റ്റെല്ലേഴ്‌സ് കടൽപ്പശുക്കളെ നമ്മളാണ് കൊന്നത്', പഠനത്തിന് നേതൃത്വം വഹിച്ചവരിൽ ഒരാളായ കാലിഫോർണിയ സർവ്വകലാശാലയിലെ പ്രൊഫ.ബെത് ഷാപ്പിരോ പറഞ്ഞു.
പത്തുടണ്ണോളം ഭാരമുള്ളവയായിരുന്നു സ്‌റ്റെല്ലേഴ്‌സ് കടൽപ്പശുക്കളെന്ന് പറഞ്ഞല്ലോ. ശരീരത്തിന്റെ ചില ഭാഗങ്ങളിൽ 10 സെന്റീമീറ്റർ കനത്തിൽ കൊഴുപ്പിന്റെ പാളികളുണ്ടാകും. ഇതാണ് അവയെ വ്യാപകമായി മനുഷ്യർ വേട്ടയാടാൻ കാരണം. ഇറച്ചിക്കും കൊഴുപ്പിനും തൊലിക്കുമായി അവയെ നമ്മൾ കൊന്നൊടുക്കി.
എന്നുവെച്ചാൽ, ആ ജീവിവർഗ്ഗത്തിന്റെ ശവപ്പെട്ടിയിലെ അവസാന ആണിയായി മനുഷ്യന്റെ ആർത്തി മാറി!
-------
* അഖിൽ വെള്ളുവ - കണ്ണൂർ സർവ്വകലാശാലയിക്ക് കീഴിലെ തിമിരി 'അവർ കോളേജ് ഓഫ് അപ്ലൈഡ് സയൻസസി'ൽ നിന്ന് ബയോഇൻഫർമാറ്റിക്‌സിൽ ബിരുദം നേടി, കോയമ്പത്തൂരിൽ ഭാരതിയാർ സർവ്വകലാശയ്ക്ക് കീഴിലെ സി.എം.എസ്.കോളേജ് ഓഫ് സയൻസ് ആൻഡ് ടെക്‌നോളജിയിൽ നിന്ന് അതേ വിഷയത്തിൽ ബിരുദാനന്തര ബിരുദവും. കണ്ണൂർ കുയിലൂരിലെ അനൂപ് നിവാസിൽ പി.വി.ദിവാകരന്റെയും വി. ഓമനയുടെയും മകനാണ്. ലൈപ്‌സിഗ്ഗ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിൽ പ്രവർത്തിക്കുന്ന ഡോ.വന്ദന വിജയനാണ് ഭാര്യ.
** റഷ്യയെയും അലാസ്‌കയെയും വേർതിരിക്കുന്ന 'ബേറിങ് കടലിടുക്കി' (Bering Strait) ന് ആ പേര് ലഭിച്ചത് ക്യാപ്റ്റൻ വൈറ്റസ് ബേറിങിന്റെ നാമത്തിൽ നിന്നാണ്.
------
അവലംബം -
* Genomic basis for skin phenotype and cold adaptation in the extinct Steller's sea cow. By Diana Le Duc, et.al. Science Advances, Feb 04, 2022.
*Genome of Stellar's Sea Cow Decoded. University of Leipzig press note.
*An early chondrichthyan and the evolutionary assembly of a shark body plan. By Michael I. Coates, et al. Proceedings of the Royal Society B. 10 January 2018, Volume 285Issue 1870.
Content Highlights: Genome, Steller's Sea Cow, fish scale disease, Ichthyosis, Akhil Velluva
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..