ഗൗരി ലങ്കേഷ്; വെടിയുണ്ടകള്‍ക്ക് വിധികല്‍പ്പിക്കാന്‍ മാത്രം അപകടകാരിയായതെങ്ങനെ?


അജ്‌നാസ് നാസര്‍Photo: AFP

2015 ഓഗസ്റ്റ് 30 ന് കര്‍ണാടകയിലെ ധാര്‍വാഡിലെ വസതിയില്‍ കുടുംബത്തോടൊപ്പം ഭക്ഷണം കഴിക്കുന്നതിനിടെയിലാണ് ബൈക്കിലെത്തിയ അജ്ഞാത സംഘം പുരോഗമന സാഹിത്യകാരന്‍ എം.എം കല്‍ബുര്‍ഗിയെ വെടിവെച്ചു കൊന്നത്. അന്ധവിശ്വാസത്തിനെതിരെയും വിഗ്രഹാരാധനയ്‌ക്കെതിരെയും സ്വീകരിച്ച നിലപാടുകളായിരുന്നു കല്‍ബുര്‍ഗിയുടെ ജീവനെടുക്കാന്‍ അക്രമികള്‍ക്ക് പ്രേരണയായത്. കല്‍ബുര്‍ഗിയുടെ കൊലപാതകത്തിലും പ്രതികളെ പിടികൂടാതെയുള്ള സര്‍ക്കാരിന്റെ അനാസ്ഥയിലും കര്‍ണാടകത്തിലെ പുരോഗമന സമൂഹം കടുത്ത പ്രതിഷേധങ്ങള്‍ ഉയര്‍ത്തി. ഇതിനായി ചേര്‍ന്ന യോഗങ്ങള്‍ക്ക് നേതൃത്വം കൊടുത്തവരിലൊരാള്‍ മാധ്യമപ്രവര്‍ത്തകയും ആക്റ്റിവിസ്റ്റും എഴുത്തുകാരിയുമൊക്കെയായ ഗൗരി ലങ്കേഷായിരുന്നു. അനന്തമൂര്‍ത്തിയെപ്പോലുള്ളവരുടെ മരണത്തില്‍ സന്തോഷം പങ്കിടുകയും കൊലപാതികളെ സ്വാഗതം ചെയ്യുകയും ചെയ്യുന്ന ഫാസിസ്റ്റുകളുടെ കാലത്താണ് നമ്മള്‍ ജീവിക്കുന്നതെന്നാണ് ഗൗരി ലങ്കേഷ് അത്തരമൊരു പരിപാടിയില്‍ പ്രസംഗിച്ചത്. വെറും രണ്ട് വര്‍ഷം മാത്രമേ പിന്നിട്ടുണ്ടായിരുന്നുള്ളു. 2017 സെപ്തംബര്‍ അഞ്ച് രാത്രി എട്ടുമണിക്ക് തെക്കുപടിഞ്ഞാറന്‍ ബെംഗളൂരുവിലെ രാജരാജേശ്വരി നഗറിലെ വീടിനു മുന്നില്‍ വെച്ച് മൂന്നംഗ സംഘം ഗൗരി ലങ്കേഷിന് നേരെ പോയിന്റ് ബ്ലാങ്കില്‍ വെടിയുതിര്‍ത്തു. മൂന്ന് വെടിയുണ്ടകള്‍ ശരീരത്തില്‍ തുളച്ചുകയറിയ ഗൗരി ലങ്കേഷ് തല്‍ക്ഷണം കൊല്ലപ്പെട്ടു. അമ്പത്തഞ്ച് വയസ്സ് മാത്രമായിരുന്നു കൊല്ലപ്പെടുമ്പോള്‍ അവരുടെ പ്രായം.

പിറ്റെ ദിവസം ദി എക്കണോമിക് ടൈംസ് എന്ന മാധ്യമം ഇങ്ങനെ മുഖപ്രസംഗമെഴുതി: 'ബംഗ്ലാദേശില്‍ ലിബറല്‍ ബ്ലോഗര്‍മാര്‍ കൊല്ലപ്പെട്ടപ്പോഴും ശ്രീലങ്കയില്‍ രാജപക്‌സെ ഭരണകാലത്ത്, വിമര്‍ശകരായ ജേണലിസ്റ്റുകള്‍ അപ്രത്യക്ഷരായപ്പോഴും ഇന്ത്യ അത്തരം കാര്യങ്ങളില്‍ നിന്ന് മുക്തമാണെന്നായിരുന്നു കരുതിയിരുന്നത്. രാജ്യത്തിന്റെ അത്തരം സങ്കല്‍പ്പങ്ങള്‍ക്ക് മേല്‍ ഇനിയൊരു പ്രതീക്ഷയുമില്ല. സ്വതന്ത്രമനസ്സോടെ സംസാരിക്കുന്ന ജേണലിസ്റ്റുകള്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങള്‍ സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും നേരെ നടക്കുന്ന ആക്രമണങ്ങളാണ്.'

കല്‍ബുര്‍ഗിയുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ചുള്ള പരിപാടിയില്‍ ഗൗരി ലങ്കേഷ്‌

ആരായിരുന്നു ഗൗരി ലങ്കേഷ് ?

കര്‍ണാടകത്തിലെ പ്രശസ്ത കവിയും പത്രാധിപരും ചെറുകഥാകൃത്തും നോവലിസ്റ്റും നാടക സിനിമ സംവിധായകനുമായിരുന്നു ഗൗരിയുടെ പിതാവ് പി ലങ്കേഷ്. ആറ് കഥാസമാഹാരങ്ങളും മൂന്ന് നോവലുകളും പത്ത് നാടകങ്ങളും നാല് നിരൂപണ ഗ്രന്ഥങ്ങളും ലങ്കേഷിന്റേതായിട്ടുണ്ട്. പി. ലങ്കേഷ് സൃഷ്ടിച്ച ആ ബൗദ്ധിക സാഹചര്യത്തിലാണ് ഗൗരി വളര്‍ന്നത്. ചെറുപ്പകാലം മുതല്‍ അവര്‍ വായിച്ച പുസ്തകങ്ങളും കണ്ട സിനിമകളുമെല്ലാം ഗൗരി ലങ്കേഷ് എന്ന പോരാളിയെ വളര്‍ത്തിയെടുത്തു. പിതാവിന്റെ സ്വാധീനവും ലങ്കേഷിന്റെ അതിഥികളായിവീട്ടിലെത്തിയിരുന്ന രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട ബുദ്ധിജീവികളുടെ സാമീപ്യവുമെല്ലാം ഗൗരിയുടെ നിലപാടുകളെ വളര്‍ത്തി. ചെറിയ പ്രായത്തില്‍ തന്നെ അവര്‍ നിരീശ്വരവാദിയും മതേതരവാദിയും ഇടതുപക്ഷക്കാരിയുമായി മാറി.

ചെറുപ്പം മുതല്‍ തന്നെ മാധ്യമപ്രവര്‍ത്തനമാണ് തന്റെ മേഖല എന്ന് തിരിച്ചറിഞ്ഞ ഗൗരി എണ്‍പതുകളില്‍ തന്നെ ജോലിയില്‍ പ്രവേശിച്ചു. ടൈംസ് ഓഫ് ഇന്ത്യ, സണ്‍ഡേ മാഗസിന്‍, ഈ നാട് ടി.വി എന്നിവയിലെല്ലാം പ്രവര്‍ത്തിച്ചു. അതിനിടയിലാണ് 2000-ല്‍ പി. ലങ്കേഷ് മരണപ്പെടുന്നത്. അതോടെ അദ്ദേഹം ലങ്കേഷ് പത്രികെ പൂട്ടാനായിരുന്നു കുടുംബാംഗങ്ങളുടെ തീരുമാനം. പക്ഷെ ടാബ്ലോയിഡിന്റെ പബ്ലിഷര്‍ ലങ്കേഷ് പത്രികെ പോലൊരു മാധ്യമം ഇക്കാലത്ത് നിലനില്‍ക്കേണ്ടതിന്റെ പ്രാധാന്യം ഗൗരിയെ ഓര്‍മ്മിപ്പിച്ചു. അങ്ങനെ ഗൗരിയും സഹോദരന്‍ ഇന്ദ്രജിത്തും ചേര്‍ന്ന് ലങ്കേഷ് പത്രികെയുടെ പ്രവര്‍ത്തനം ഏറ്റെടുത്തു. അന്ന് 38 വയസ്സായിരുന്നു ഗൗരിയുടെ പ്രായം. അക്കാലം വരെ ഇംഗ്ലീഷില്‍ മാത്രം മാധ്യമപ്രവര്‍ത്തനം നടത്തിയിരുന്ന ഗൗരി ലങ്കേഷ് കുറഞ്ഞ കാലം കൊണ്ട് തന്നെ കന്നഡയിലെ അറിയപ്പെടുന്ന മാധ്യമപ്രവര്‍ത്തകയും സാമൂഹിക വിമര്‍ശകയുമായി മാറി. ആദ്യകാലത്ത് ഇംഗ്ലീഷില്‍ എഴുതി കന്നഡയിലേക്ക് തര്‍ജമ ചെയ്യിച്ചിരുന്ന ഗൗരി മാസങ്ങള്‍ കൊണ്ട് തന്നെ കന്നഡയില്‍ അതിമനോഹരമായി എഴുതാന്‍ ശീലിച്ചു. ലങ്കേഷ് പത്രികെയുടെ ബിസിനസ് ചുമതലയായിരുന്നു സഹോദരന്‍ ഇന്ദ്രജിത്ത് വഹിച്ചിരുന്നത്. പിന്നീട് ടാബ്ലോയിഡിന്റെ രാഷ്ട്രീയ നയം സംബന്ധിച്ച് ഇരുവരും തമ്മില്‍ അഭിപ്രായവ്യത്യാസങ്ങളുണ്ടായി. ഇത് കോടതിയിലും കേസിലുമെത്തി. ഇതിനെ തുടര്‍ന്നാണ് അവര്‍ ഗൗരി ലങ്കേഷ് പത്രികെ എന്ന പുതിയ ടാബ്ലോയിഡ് ആരംഭിക്കുന്നത്. കുറഞ്ഞകാലം കൊണ്ട് അതിന് ഒരു ലക്ഷത്തോളം വരിക്കാരുണ്ടാവുകയും പരസ്യമില്ലാതെ അവസാന കാലം വരെ തുടരുകയും ചെയ്തു. ഇന്ത്യയില്‍ സ്വന്തം പേരില്‍ പത്രമിറക്കാന്‍ ധൈര്യപ്പെട്ട ചുരുക്കം പത്രപ്രവര്‍ത്തകരിലൊരാളായിരുന്നു ഗൗരി.

വിട്ടുവീഴ്ചയില്ലാത്ത മാധ്യമപ്രവര്‍ത്തക

കന്നഡ ഭാഷയില്‍ മാത്രം ഇറങ്ങുന്ന ഒരു ടാബ്ലോയിഡായിരുന്നു ഗൗരിലങ്കേഷ് പത്രികെ. പക്ഷെ നല്ല മൂര്‍ച്ചയുള്ള മാധ്യമപ്രവര്‍ത്തനം തന്നെയായിരുന്നു അവര്‍ നടത്തിയിരുന്നത്. ശക്തമായ അന്വേഷണ റിപ്പോര്‍ട്ടുകള്‍ ഗൗരി ലങ്കേഷ് തന്റെ മാധ്യമത്തിലൂടെ പ്രസിദ്ധീകരിച്ചിരുന്നു. പരസ്യ വരുമാനം വേണ്ടെന്ന് വച്ചു. മരണത്തിന് തൊട്ടുമുന്‍പ് എഴുതിയ മുഖപ്രസംഗത്തിലും അവര്‍ ബി.ജെ.പിയെ നിശിതമായി വിമര്‍ശിച്ചു. വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിനെ കുറിച്ചുള്ള മുഖപ്രസംഗത്തില്‍, ഹൈദരാബാദില്‍ മുസ്ലീങ്ങള്‍ ത്രിവര്‍ണ പതാക കത്തിക്കുന്നതായുള്ള അടിക്കുറിപ്പോടെ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി പോസ്റ്റ് ചെയ്ത ചിത്രം പാകിസ്താനില്‍ വിഘടനവാദികള്‍ നടത്തിയ സമരത്തിന്റെതാണെന്നും കേന്ദ്രമന്ത്രി പിയുഷ് ഗോയല്‍ പോസ്റ്റ് ചെയ്ത 50000 കിലോമീറ്റര്‍ റോഡില്‍ വഴിവിളക്കുകള്‍ സ്ഥാപിച്ചതായി കാണിക്കുന്ന ചിത്രം ജപ്പാനില്‍ നിന്നുള്ളതാണെന്നും അവര്‍ വിമര്‍ശിച്ചു. ഗവണ്‍മെന്റ് നല്‍കുന്ന വാര്‍ത്തകളും ചിത്രങ്ങളും കണ്ണടച്ച് പ്രസിദ്ധീകരിക്കുന്ന മാധ്യമങ്ങളെ കുറ്റപ്പെടുത്തി. പ്രഹ്ലാദ് ജോഷി എം.പി, ഉമേഷ് ദുഷി എന്നീ ബി.ജെ.പി. നേതാക്കള്‍ നല്‍കിയ മാനനഷ്ടക്കേസില്‍ അവര്‍ ശിക്ഷിക്കപ്പെടുകപോലുമുണ്ടായി. പക്ഷെ അതൊന്നും അവരെ ഭയപ്പെടുത്തുകയോ പിന്തിരിയാന്‍ പ്രേരിപ്പിക്കുകയോ ചെയ്തിരുന്നില്ല.

ഒരു രാഷ്ട്രീയ ആക്ടിവിസ്റ്റിന്റെ പ്രസിദ്ധീകരണം എന്നതിലപ്പുറം മാധ്യമപ്രവര്‍ത്തനത്തെ അതിന്റെ പൂര്‍ണതയില്‍ തന്നെയായിരുന്നു ഗൗരി കണ്ടിരുന്നത്. പതിനാറ് മണിക്കൂറോളം അവര്‍ ദിവസവും ജോലി ചെയ്തിരുന്നു. വാര്‍ത്തകളുടെ എഡിറ്റിങ്ങിലും പ്രൂഫ് റീഡിങ്ങിലുമെല്ലാം അവര്‍ വലിയ കണിശത പുലര്‍ത്തി. പത്രികെയിലെ ഓരോ വാര്‍ത്തകളും ലേഖനങ്ങളും നേരിട്ട് മൂന്ന് തവണയെങ്കിലും വായിച്ച് കൃത്യത ഉറപ്പുവരുത്തിയതിന് ശേഷം മാത്രമേ ഗൗരി അവ പ്രസിദ്ധീകരിക്കുള്ളുവായിരുന്നെന്ന് സഹപ്രവര്‍ത്തകര്‍ അനുസ്മരിച്ചിട്ടുണ്ട്. ശരിയായ വാര്‍ത്ത ജനങ്ങളിലെത്തിക്കുന്നതില്‍ അവര്‍ ഒരു വിട്ടുവീഴ്ചയും നടത്തിയിരുന്നില്ല. പലതവണ ജീവന് ഭീഷണിയുണ്ടായി. 2006-ല്‍ ഷിമോഗ ലിറ്ററേച്ചല്‍ ഫെസ്റ്റിവലില്‍ വെച്ച് ആക്രമിക്കപ്പെട്ടു. പക്ഷെ ഒരടിപോലും പിന്നോട്ട് വെക്കാന്‍ അവര്‍ തയ്യാറായില്ല. ഭയപ്പെടുത്തി നിശബ്ദയാക്കാന്‍ സാധിക്കില്ല എന്ന തിരിച്ചറിവ് തന്നെയാണ് എതിരാളികളെ കൊണ്ട് അവരുടെ ജീവനെടുപ്പിച്ചതും. 'ചഡ്ഡികള മരണ ഹോമ' എന്ന ലേഖനമെഴുതിയില്ലായിരുന്നെങ്കില്‍ ഗൗരി ലങ്കേഷ് കൊല്ലപ്പെടില്ലായിരുന്നുവെന്ന ചിക്കമംഗളൂരുവിലെ ബി.ജെ.പി എം.എല്‍.എ ആയിരുന്ന ഡി.എന്‍ ജീവാംഗിയുടെ പ്രസ്താവന ഇതിന് തെളിവാണ്.

ഹിന്ദുത്വ രാഷ്ട്രീയവും ഹിന്ദുധര്‍മവും

സമൂഹത്തിന്റെ എല്ലാ മേഖലകളിലും നിലനിന്നിരുന്ന അനീതികള്‍ക്കും തിന്മകള്‍ക്കുമെതിരേ ഗൗരി ലങ്കേഷ് പോരാടി. എല്ലാ കാലത്തും ഹിന്ദുത്വ രാഷ്ട്രീയത്തെ ശക്തമായി എതിര്‍ത്ത മാധ്യമപ്രവര്‍ത്തകയായിരുന്നു അവര്‍. തീവ്രഹിന്ദു രാഷ്ട്രീയത്തിനെതിരെ പ്രചാരണം നടത്തുന്ന കൊമു സൗഹാര്‍ദ വേദികയുടെ അംഗവുമായിരുന്നു. സ്വാതന്ത്ര്യസമര സേനാനി എച്ച്.എസ് ദുരൈസ്വാമിയുമായി ചേര്‍ന്ന് ദളിതര്‍ക്ക് വേണ്ടിയുള്ള സമരമുഖങ്ങള്‍ തുറന്നു. ഇത്തരം നടപടികള്‍ വെല്ലുവിളികള്‍ നിറഞ്ഞതാണെങ്കിലും ഒരിക്കലും പിന്മാറിയില്ല. ബാബാ ബുധന്‍ ഗിരി വിഷയത്തിലെ സമരത്തില്‍ ഉള്‍പ്പടെ അവരെ അറസ്റ്റ് ചെയ്ത് ജയിലലടച്ചു. ഉഡുപ്പി ക്ഷേത്രത്തിലെ ജാതീയ വേര്‍തിരിവിനെതിരായ പോരാട്ടത്തിന്റെ നേതൃസ്ഥാനത്ത് ഗൗരിയുണ്ടായിരുന്നു. ഗുജറാത്തിലെ ദളിത് നേതാവായ ജിഗ്നേഷ് മേവാനിയെയായിരുന്നു ആ സമരത്തെ നയിക്കാന്‍ ഗൗരിയും സുഹൃത്തുക്കളും രംഗത്തിറക്കിയത്. ഇവര്‍ നയിച്ച ഉഡുപ്പി ചലോ മാര്‍ച്ചില്‍ ആയിരക്കണക്കിന് ദളിതര്‍ അണിനിരന്നു. മൈസൂര്‍ ദസറയ്ക്ക് സമാന്തരമായി ദളിതര്‍ നടത്തിയിരുന്ന മഹിഷാ ദസറയ്ക്ക് നേരെ വർഗീയ ശക്തികൾ തിരിഞ്ഞ ഘട്ടത്തില്‍ അവരുടെ അവകാശത്തിനായി പോരാടിയവരുടെ കൂട്ടത്തിലും ഗൗരി ലങ്കേഷുണ്ടായിരുന്നു. കര്‍ണാടകയിലെ ബി.ജെ.പി സര്‍ക്കാര്‍ യു.ആര്‍ അനന്തമൂര്‍ത്തി ഉള്‍പ്പടെയുള്ളവരുടെ കൃതികള്‍ പാഠപുസ്തകങ്ങളില്‍ നിന്ന് പിന്‍വലിച്ച് ആര്‍.എസ്.എസ് അനുകൂല എഴുത്തുകാരുടെ സൃഷ്ടികള്‍ ഉള്‍കൊള്ളിച്ചതിനെതിരെ നടന്ന പ്രക്ഷോഭത്തിലും പങ്കാളിയായി. മാവോയിസ്റ്റുകളെ ബോധവത്കരിച്ച് സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കാനുള്ള ഗൗരി ലങ്കേഷിന്റെ പദ്ധതി കര്‍ണാടകയില്‍ വലിയ വിജയമായി മാറി. കര്‍ണാടകയിലെ പിടികിട്ടാപ്പുള്ളികളായിരുന്ന നിരവധി മാവോയിസ്റ്റുകള്‍ ഗൗരിയുടെ കൈപിടിച്ച് അക്രമത്തിന്റെ പാത ഉപേക്ഷിച്ചു. കുടകില്‍ ആദിവാസികളെ സര്‍ക്കാര്‍ വേട്ടയാടിയപ്പോള്‍ അവിടെ ഓടിയെത്തി. ലിംഗായത്ത് സമുദായാംഗമായ ഗൗരിക്ക് ലിംഗായത്ത് മഠങ്ങളുമായി അടുപ്പമുണ്ടായിരുന്നു. ലിംഗായത്തുകളെ ബ്രാഹ്മണിക്കല്‍ ഹിന്ദു സ്വാധീനത്തില്‍ നിന്ന് മോചിപ്പിക്കുക എന്ന ആശയത്തിന്റെ വക്താവായ അവര്‍ക്ക് സമുദായത്തിലെ ഒരു വിഭാഗം പുരോഹിതരുടെയും പിന്തുണയുണ്ടായിരുന്നു. ഒരു ഘട്ടത്തില്‍ സിദ്ധരാമയ്യ ഭരണകൂടവും ഇതിനെ പിന്തുണച്ചു.

രാഷ്ട്രീയമായും സാമൂഹികമായും ഇത്തരം രാഷ്ട്രീയത്തെ എതിര്‍ക്കുക എന്നത് ഗൗരി തന്റെ ജീവിതലക്ഷ്യമായി കരുതിയിരുന്നു. കിട്ടിയ എല്ലാ വേദികളിലും അവര്‍ ബി.ജെ.പിയെയും ആര്‍.എസ്.എസിനെയും എതിര്‍ത്ത് സംസാരിച്ചു. 'ഇന്ത്യന്‍ പൗര എന്ന നിലയില്‍ ഞാന്‍ ബി.ജെ.പിയുടെ വര്‍ഗീയ രാഷ്ട്രീയത്തെ എതിര്‍ക്കുന്നു. ഹിന്ദുധര്‍മത്തിന്റെ ഭാഗമായി ജാതി വ്യവസ്ഥ ഊട്ടിയുറപ്പിക്കുന്നതിനെ ഞാന്‍ എതിര്‍ക്കുന്നു. ഹിന്ദു ധര്‍മത്തെ തെറ്റായി വ്യാഖ്യാനിക്കുന്നതിനെയും ഞാന്‍ എതിര്‍ക്കുന്നു'- അവസാനകാലത്തെ ഒരു പ്രസംഗത്തില്‍ ഗൗരി പറഞ്ഞു. മരണം വരെ ഹിന്ദുത്വ ഫാസിസ്റ്റ് രാഷ്ട്രീയത്തെ എതിര്‍ക്കുമെന്ന് പറഞ്ഞ ഗൗരിക്ക് അതിനായി ഒരുപാട് നിയമ പോരാട്ടങ്ങളും നടത്തേണ്ടി വന്നു. തീവ്ര ഹിന്ദു സംഘടനകളുടെ ഭീഷണി നേരിട്ട പുരോഗമന എഴുത്തുകാരന്‍ കെ.എസ് ഭഗവാനെ പിന്തുണച്ചപ്പോഴും എതിര്‍പ്പുകള്‍ നേരിടേണ്ടി വന്നു. ഹിന്ദുത്വ രാഷ്ട്രീയ വിമര്‍ശനത്തെ തന്റെ ഹിന്ദുധര്‍മവും ഭരണഘടനാപരമായ ചുമതലയുമായായിരുന്നു കണ്ടിരുന്നത്. രാജ്യത്ത് സര്‍വകലാശാലകള്‍ കേന്ദ്രീകരിച്ച് ഉയര്‍ന്നുവന്ന വിദ്യാര്‍ഥി മുന്നേറ്റത്തിലാണ് രാജ്യത്തിന്റെ ഭാവിയെന്ന് ഗൗരി ലങ്കേഷ് പ്രഖ്യാപിച്ചു. ജെ.എന്‍.യുവിലെ സമര നേതാവ് കനയ്യ കുമാറിനെയും ദളിത് വിദ്യാര്‍ഥി നേതാവ് ജിഗ്നേഷ് മേവാനിയെയും സ്വന്തം മക്കളായി ആയിരുന്നു അവര്‍ കരുതിയിരുന്നത്. ഒരമ്മയുടെ സ്‌നേഹത്തോടെ തങ്ങളെ തേടിയെത്തിയിരുന്ന ഗൗരി ലങ്കേഷിന്റെ കത്തുകളെ കുറിച്ച് 'അവര്‍ ഗൗരി'( Our Gowri) എന്ന ഡോക്യുമെന്ററിയില്‍ കനയ്യയും ജിഗ്നേഷും അനുസ്മരിക്കുന്നുണ്ട്.

സനാതന്‍ സന്‍സ്ത

മരണമുറപ്പാക്കാനായി എഴ് തവണയാണ് അക്രമികള്‍ വെടിയുതിര്‍ത്തത്. മൂന്നെണ്ണം മൃതദേഹത്തില്‍ നിന്നും കിട്ടി. നാലെണ്ണം പാഴായിപ്പോയി. കൃത്യമായ ആസൂത്രണത്തോടെയായിരുന്നു അവര്‍ കൊലപാതകം നടത്തിലാക്കിയത്. 'ഈവന്റ്' എന്ന രഹസ്യനാമമായിരുന്നു കൊലപാതക പദ്ധതിക്ക് നല്‍കിയിരുന്നത്. കര്‍ണാടകയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രക്ഷോഭങ്ങള്‍ക്കായിരുന്നു ഗൗരി ലങ്കേഷിന്റെ കൊലപാതകം തിരികൊളുത്തിയത്. അതിനോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് രാജ്യത്തുടനീളം പ്രക്ഷോഭങ്ങള്‍ നടന്നു. ബുദ്ധിജീവികളും സാധാരണക്കാരും ഉള്‍പ്പടെയുള്ളവര്‍ നീതിക്കായി രംഗത്തിറങ്ങി. ഗൗരിയെ ഏറെ മതിപ്പോടെ കണ്ടിരുന്ന അന്നത്തെ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ മരണത്തെക്കുറിച്ച് അന്വേഷിക്കാന്‍ സ്‌പെഷ്യൽ ഇന്‍വെസ്റ്റിഗേഷന്‍ ടീം രൂപീകരിച്ചു. പ്രതികളെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പത്ത് ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചു. എം.എം കല്‍ബുര്‍ഗി, ഗോവിന്ദ് പാന്‍സരെ, നരേന്ദ്ര ദാഭോല്‍ക്കര്‍ എന്നവരെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച 7.65 എം.എം തോക്ക് തന്നെയായിരുന്നു ഗൗരിയെയും ഇല്ലാതാക്കിയത്. സനാതന്‍ സന്‍സ്ത എന്ന തീവ്രഹിന്ദുത്വ സംഘടനയാണ് കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. സംഘടനയുടെ പ്രവര്‍ത്തകരായ പതിനെട്ട് പേര്‍ അറസ്റ്റ് ചെയ്യപ്പെട്ടു. പരശുറാം വാഗ്‌മർ എന്നയാളാണ്‌ വെടിവെച്ചതെന്ന് പ്രത്യേക അന്വേഷണസംഘം കണ്ടെത്തി. 2018 മെയ് 30 നും നവംബര്‍ 23നുമായി 9325 പേജുള്ള രണ്ട് ചാര്‍ജ്ഷീറ്റുകള്‍ അന്വേഷണ സംഘം സമര്‍പ്പിച്ചു. വിചാരണ വൈകുന്നതിനെതിരേ ഗൗരിയുടെ കുടുംബം കോടതിയെ സമീപിച്ചു. തുടര്‍ന്നും ഏറെ വിവാദങ്ങളുണ്ടായ കേസില്‍ വിചാരണ നടന്നുകൊണ്ടിരിക്കുകയാണ്.

Content Highlights: gauri lankesh murder sanatan sanstha gauri lankesh patrike


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

'ഷർട്ട് വാങ്ങാൻ 1500 രൂപ കൊടുത്തു, ലോണടയ്ക്കാൻ 1000 തിരികെ തന്നു'

Oct 6, 2022


vadakkenchery accident

1 min

ഉറങ്ങിപ്പോയിട്ടില്ല, അപകടകാരണം KSRTC ബസ് പെട്ടെന്ന് ബ്രേക്കിട്ടതിനാലെന്ന് അറസ്റ്റിലായ ഡ്രൈവര്‍

Oct 6, 2022


06:50

വിമാനലോകത്തിലെ ഭീമന്‍, എയര്‍ബസ് A 380 സീരീസിന്  മരണമണി മുഴങ്ങുന്നു

Oct 6, 2022

Most Commented