'പട്ടിണി കിടന്നാലും കോമാളി വേഷങ്ങള്‍ വേണ്ട'; പീറ്റര്‍ ഡിങ്ക്‌ലേജിന്റെ ജീവിതം


നിഹാല്‍ മുഹമ്മദ്‌

ലോകത്തിലെ ഏറ്റവും ജനപ്രിയനും പ്രശസ്തനുമായ ചെറിയ നടന്‍. അതാണ് പീറ്റര്‍ ഡിങ്ക്‌ലേജ് എന്ന നടന് ലോകമാധ്യമങ്ങള്‍ നല്‍കുന്ന വിശേഷണങ്ങളിലൊന്ന്. ടിറിയന്‍ ലാനിസ്റ്റര്‍ ഉള്‍പ്പടെ പ്രേക്ഷകര്‍ നെഞ്ചേറ്റി നിരവധി കഥാപാത്രങ്ങളെ അനശ്വരമാക്കിയ നടന്‍

പീറ്റർ ഡിങ്ക്‌ലേജ്

ലോകത്തെ ടെലിവിഷന്‍ ചരിത്രത്തില്‍ തന്നെ ഏറ്റവും പ്രശസ്തമായ സീരീസുകളിലൊന്നാണ് ഗെയിം ഓഫ് ത്രോണ്‍സ്. അമേരിക്കന്‍ എഴുത്തുകാരനായ ജോര്‍ജ് ആര്‍.ആര്‍ മാര്‍ട്ടിന്റെ ലോകപ്രശസ്തമായ നോവല്‍ എ സോങ് ഓഫ് ഐസ് ആന്‍ഡ് ഫയറിന്റെ ചലച്ചിത്രാവിഷ്‌കാരമായിരുന്നു ഈ സീരീസ്. സാങ്കല്‍പ്പിക ഭൂഖണ്ഡങ്ങളായ വെസ്റ്ററോസും എസ്സോസും പശ്ചാത്തലമാക്കി ചിത്രീകരിച്ച ജി.ഒ.ടി ടെലിവിഷന്‍ ചരിത്രത്തിലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായി മാറി. ലോകോത്തരമായ കഥയും സങ്കീര്‍ണമായ കഥാപാത്രങ്ങളും മികച്ച അഭിനേതാക്കളും അതിമനോഹരമായ ചിത്രീകരണവുമെല്ലാം കാരണം ലോകത്താകമാനം ആരാധകരെ സൃഷ്ടിക്കാന്‍ ഗെയിം ഓഫ് ത്രോണ്‍സിനായി. നിരവധി രാജാക്കന്‍മാരും രാജകുമാരിമാരും യോദ്ധാക്കളും മന്ത്രവാദികളും ലൈംഗികത്തൊഴിലാളികളും ഡ്രാഗണുകളും ഒക്കെ നിറഞ്ഞാടുമ്പോഴും ഗെയിം ഓഫ് ത്രോണ്‍സില്‍ പ്രേക്ഷകരുടെ ഹൃദയം കീഴടക്കുന്ന കഥാപാത്രങ്ങളിലൊന്ന് ഒരു കുള്ളന്റേതാണ്. പീറ്റര്‍ ഡിങ്ക്‌ലേജ് എന്ന നടന്‍ അനശ്വരമാക്കി ടിറിയന്‍ ലാനിസ്റ്റര്‍ എന്ന കഥാപാത്രം.

ലോകത്തിലെ ഏറ്റവും ജനപ്രിയനും പ്രശസ്തനുമായ കുറിയ മനുഷ്യന്‍. അതാണ് പീറ്റര്‍ ഡിങ്ക്‌ലേജ് എന്ന നടന് ലോകമാധ്യമങ്ങള്‍ നല്‍കുന്ന വിശേഷണങ്ങളിലൊന്ന്. ടിറിയന്‍ ലാനിസ്റ്റര്‍ ഉള്‍പ്പടെ പ്രേക്ഷകര്‍ നെഞ്ചേറ്റി നിരവധി കഥാപാത്രങ്ങളെ അനശ്വരമാക്കിയ നടനാണ് പീറ്റര്‍. ഒരുപക്ഷേ ലോകത്ത് ഇന്ന് ഏറ്റവും കൂടുതലാളുകള്‍ തിരിച്ചറിയുന്ന മുഖങ്ങളിലൊന്നായിരിക്കും പീറ്ററിന്റേത്. ലക്ഷക്കണക്കിന് ആരാധകര്‍ക്ക് പുറമേ നിരവധി ലോകോത്തര പുരസ്‌കാരങ്ങളും അദ്ദേഹം വാരിക്കൂട്ടി. പക്ഷെ ഈ നേട്ടങ്ങളിലേക്കുള്ള യാത്ര അത്ര എളുപ്പം നിറഞ്ഞതായിരുന്നില്ല പീറ്ററിന്. പരാജയങ്ങളുടെ, പരിഹാസങ്ങളുടെ, അവഗണനയുടെയൊക്കെ വലിയ കഥകള്‍ അതിന് പുറകിലുണ്ട്. ഗെയിം ഓഫ് ത്രോണ്‍സില്‍ ടിറിയന്‍ ലാനിസ്റ്റര്‍ നേരിട്ടതിനേക്കാള്‍ വലിയ പ്രതിബന്ധങ്ങളെ മറികടന്ന് അതിലും വലിയ യുദ്ധങ്ങള്‍ വിജയിച്ചുമാണ് പീറ്റര്‍ ഈ നേട്ടങ്ങളിലേക്ക് നടന്നു കയറിയത്.

ന്യൂജെഴ്‌സിയിലെ മോറിസ്റ്റൗണില്‍ 1969 ജൂണ്‍ 11ാണ് പീറ്റര്‍ ഡിങ്ക്‌ലേജ് ജനിക്കുന്നത്. അച്ഛന്‍ കാള്‍ ഡിങ്ക്‌ലേജ് ഒരു ഇന്‍ഷൂറന്‍സ് സെയില്‍സ്മാനും അമ്മ ഡയാന്‍ സംഗീതാധ്യാപികയുമായിരുന്നു. അകോണ്ടോപ്ലാഷ്യ (achondroplasia) എന്ന അപൂര്‍വ രോഗവുമായാണ് കുഞ്ഞു പീറ്റര്‍ ഭൂമിയിലേക്ക് പിറന്നു വീണത്. സാധാരണ വലിപ്പമുള്ള കഴുത്തും തലയുമൊക്കെയാണെങ്കിലും കൈകാലുകള്‍ക്കും ഉടലിനും വലിപ്പം വക്കാത്ത രോഗാവസ്ഥ. സ്‌കൂള്‍ ജീവിതകാലം പീറ്ററിന് നല്ല ഓര്‍മ്മകളൊന്നുമുണ്ടായിരുന്നില്ല. സഹപാഠികള്‍ അദ്ദേഹത്തെ നിരന്തരം പരിഹസിക്കുകയും ആക്രമിക്കുകയും ചെയ്തു. ഇത് പീറ്ററിനെ എല്ലാത്തില്‍ നിന്നും പിന്‍വലിയാന്‍ ശീലിപ്പിച്ചു. വയലിന്‍വായനയില്‍ കഴിവ് തെളിയിച്ച സോഹദരന്‍ ജൊനാഥനാണ് പീറ്ററിനെയും കലയുടെയും പെര്‍ഫോമന്‍സിന്റെയും ലോകത്തേക്ക് കൈപിടിച്ചത്. സ്‌കൂള്‍ കാലത്ത് തന്നെ പീറ്റര്‍ നാടകങ്ങളില്‍ അഭിനയിച്ചിരുന്നു. ആ നാടകങ്ങളിലെ അഭിനയത്തിന് കിട്ടിയ പ്രശംസകളാണ് അഭിനയമാണ് തന്റെ വഴി എന്ന തിരിച്ചറിവ് അദ്ദേഹത്തിലുണ്ടാക്കിയത്.

ബെന്നിങ്ടണ്‍ കോളേജില്‍ പഠനത്തിനായി ചേര്‍ന്ന പീറ്റര്‍ അഭിനയത്തില്‍ ബിരുദം നേടി. തുടര്‍ന്ന് ന്യൂയോര്‍ക്കിലേക്ക് കുടിയേറിയ അദ്ദേഹം തന്റെ സഹപാഠിയോടൊത്ത് ഒരു പ്രൊഫഷണല്‍ നാടകസംഘത്തിന് രൂപം നല്‍കി. ഇത് ഒരു പരാജയമായെങ്കിലും ചെറിയ വേഷങ്ങളൊക്കെ ചെയ്ത് പീറ്റര്‍ ന്യൂയോര്‍ക്കില്‍ തന്നെ തുടര്‍ന്നു. അഭിനയമില്ലാത്ത സമയങ്ങളില്‍ ഉപജീവനത്തിനായി എന്തെങ്കിലും ജോലി കണ്ടെത്താന്‍ പീറ്റര്‍ ശ്രമിച്ചു. ജീവിതം തന്നെ ചോദ്യചിഹ്നമാകുന്ന സാഹചര്യമായിരുന്നു പിന്നീട്. ഭക്ഷണം കഴിക്കാന്‍ പോലും അക്കാലത്ത് ബുദ്ധിമുട്ടിയിരുന്നതായി അദ്ദേഹം പിന്നീട് വെളിപ്പെടുത്തിയിട്ടുണ്ട്. കൂട്ടുകാരുടെ മുറികളിലെ സോഫകളിലായിരുന്നു പലപ്പോഴും ഉറക്കം. പിന്നീട് അവിടങ്ങളില്‍ നിന്നും ഇറങ്ങേണ്ടി വന്നു. തന്റെ രൂപം കൊണ്ട് മാത്രം തന്നെ തേടിയെത്തിയിരുന്ന കുള്ളന്‍, കോമാളി വേഷങ്ങളില്‍ അഭിനയിക്കാന്‍ അദ്ദേഹത്തിന് താല്‍പ്പര്യമുണ്ടായിരുന്നില്ല. ഒരു സാധാരണ അഭിനേതാവിന് കിട്ടുന്ന റോളുകള്‍ ചെയ്യാന്‍ താനും അര്‍ഹനാണെന്ന്‌ അദ്ദേഹം ഉറച്ചു വിശ്വസിച്ചു. അവസാനം ഇത്തരത്തില്‍ ജീവീതം തുടര്‍ന്ന് പോകാന്‍ കഴിയില്ലെന്ന് മനസ്സിലാക്കിയ പീറ്റര്‍ പട്ടിണിയില്ലാതാക്കാനായി 23ാം വയസ്സില്‍ ഒരു മുഴുവന്‍ സമയ ജോലിക്ക് കയറി. ഒരു കമ്പനിയില്‍ ഡാറ്റാ പ്രോസസിങ് ആയിരുന്നു ജോലി.

താമസിക്കാന്‍ സ്വന്തമായി ഒരു മുറി സമ്പാദിക്കാനായി. ഹീറ്ററില്ലാത്ത, എലികള്‍ നിറഞ്ഞ ഒരു ജനാല മാത്രമുള്ള ഒരു മുറി. ഉയരത്തിലുണ്ടായിരുന്ന ആ ജനാലയിലൂടെ തനിക്കൊരിക്കലും പുറത്തെ കാഴ്ചകള്‍ കാണാന്‍ കഴിഞ്ഞിരുന്നില്ലെന്ന് പീറ്റര്‍ പിന്നീട് എഴുതി. നീണ്ട ആറ് വര്‍ഷം ഒട്ടും ഇഷ്ടമില്ലായിരുന്ന ആ ജോലി ചെയ്ത് പീറ്റര്‍ കഴിഞ്ഞു. ജീവിതത്തിലെ നല്ലകാലം കഴിഞ്ഞുപോകുമ്പോഴും തന്റെ സ്വപ്‌നങ്ങളിലൊന്ന് പോലും കയ്യെത്തിപ്പിടിക്കാന്‍ പറ്റിയിട്ടില്ലെന്ന് പീറ്റര്‍ പതിയെ തിരിച്ചറിഞ്ഞു. ആ ജോലി ഉപേക്ഷിച്ച് മുഴുവന്‍ സമയ നടനാവുക എന്നതായിരുന്നു പിന്നീടെടുത്ത തീരുമാനം. ആദ്യ സമയങ്ങളില്‍ ഒട്ടും എളുപ്പമായിരുന്നില്ല അത്. പതിയെ നാടകങ്ങളിലും സിനിമകളിലും ചെറിയ വേഷങ്ങള്‍ ലഭിച്ചു. ആദ്യത്തെ നിര്‍ണായക വേഷം ചെയ്തത് 2003 ലെ ദ സ്റ്റേഷന്‍ ഏജന്റ് എന്ന സിനിമയിലൂടെയായിരുന്നു. പീറ്റര്‍ ഡിങ്ക്‌ലേജ് എന്ന നടനെ പ്രേക്ഷകര്‍ ശ്രദ്ധിച്ചു തുടങ്ങിയത് ടോം മക്കാര്‍ത്തി സംവിധാനം ചെയ്ത ആ ചിത്രത്തോടെയായിരുന്നു. സിനിമ മികച്ച സാമ്പത്തിക വിജയവും നേടി. ഇത് ചെറുതും വലുതുമായ നിരവധി വേഷങ്ങള്‍ അദ്ദേഹത്തിന് നേടിക്കൊടുത്തു. Threshold (2005–06), Nip/Tuck (2006) തുടങ്ങിയ സീരിസുകളിലും Underdog (2007), The Chronicles of Narnia: Prince Caspian (2008) എന്നീ സിനിമകളിലും മികച്ച വേഷങ്ങള്‍ ലഭിച്ചു. പക്ഷെ പീറ്ററിന്റെ അഭിനയ ജീവിതത്തിന്റെ സുവര്‍ണ്ണ കാലഘട്ടം തുടങ്ങിയത് 2010 ന് ശേഷമാണ്. പീറ്ററിന്റെ ജീവിതം തന്നെ മാറ്റിമറിച്ച ഗെയിം ഓഫ് ത്രോണ്‍സിലേക്ക് എത്തുന്നതും ആ സമയത്ത് തന്നെയാണ്.

നൂറുകണക്കിന് അഭിനേതാക്കളുള്ള സീരിസില്‍ ഏറ്റവും ആദ്യം കാസ്റ്റ് ചെയ്തത് പീറ്റര്‍ ഡിങ്ക്‌ലേജിനെ തന്നെയായിരുന്നു. ഗെയിം ഓഫ് ത്രോണ്‍സിന്റെ നട്ടെല്ലായ ഒരു അസാമാന്യം പ്രതിഭയുള്ളതും പ്രത്യേക ശരീരപ്രകൃതിയുള്ളതുമായ ഒരു നടന് മാത്രം അഭിനയിച്ച് ഫലിപ്പിക്കാന്‍ കഴിയുന്ന കഥാപാത്രമായിരുന്നു ടിറിയന്‍ ലാനിസ്റ്റര്‍. പീറ്റര്‍ അന്നാ കഥാപാത്രം വേണ്ടെന്ന് വച്ചിരുന്നുവെങ്കില്‍ പകരമൊരാളെ കണ്ടെത്താന്‍ ഞങ്ങള്‍ക്ക് കഴിയുമായിരുന്നില്ലെന്നായിരുന്നു ഗെയിം ഓഫ് ത്രോണ്‍സിന്റെ എഴുത്തുകാരനായ ജോര്‍ജ് ആര്‍.ആര്‍ മാര്‍ട്ടിന്‍ പറഞ്ഞത്. ജോര്‍ജ് ആര്‍.ആര്‍ മാര്‍ട്ടിന്‍ സൃഷ്ടിച്ച കഥാപാത്രത്തെ പീറ്ററിന്റെ രൂപവും ശബ്ദവും അസാമാന്യ പ്രകടനവും മറ്റൊരു തലത്തിലേക്ക് എത്തിച്ചു. ടിറിയന്‍ ലാനിസ്റ്ററിന്റെ ഭാവപ്രകടനങ്ങള്‍ ഉള്‍ക്കൊണ്ട് പീറ്റര്‍ ഡിങ്ക്‌ലേജ് നിറഞ്ഞാടി. അയാളുടെ വിജയങ്ങളും പരാജയങ്ങളും പ്രണയവും വിരഹവും വൈകാരിക നിമിഷങ്ങളും കണ്ട് പ്രേക്ഷകര്‍ കുളിരണിഞ്ഞു. ടിറിയന്‍ ലാനിസ്റ്ററെ അനശ്വരമാക്കിയതില്‍ പീറ്ററിന്റെ അഭിനയ മികവിനോളം പ്രധാനപ്പെട്ട ഘടകമായിരുന്നു അദ്ദേഹത്തിന്റെ ശബ്ദവും.

പീറ്ററിന്റെ സുവര്‍ണ്ണകാലം തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളു. ഓരോ സീസണ്‍ കഴിയുമ്പോഴും പീറ്ററിന്റെ ജനപ്രിയതയും വരുമാനവും കുത്തനെ കൂടി. രണ്ടാമത്തെ സീസണ്‍ മുതല്‍ ഓരോ എപ്പിസോഡിനും ഒരോ മില്യണ്‍ ഡോളറാണ് പീറ്ററിന് ലഭിച്ചതെന്നായിരുന്നു പുറത്തുവന്ന വാര്‍ത്തകള്‍. അവസാനത്തെ സീസണുകള്‍ ആകുമ്പോഴേക്കും അത് കുത്തനെ കൂടി. ഈ കഥാപാത്രത്തിന് നാല് തവണ മികച്ച സഹനടുള്ള എമ്മി അവാര്‍ഡുകള്‍ ലഭിച്ചു. ഒരു ഗോള്‍ഡന്‍ ഗ്ലോബും നേടി. ഗെയിം ഓഫ് ത്രോണ്‍സ് 2019 ല്‍ അവസാനിച്ചെങ്കിലും പീറ്ററിന്റെ ജൈത്രയാത്ര അവസാനിച്ചിരുന്നില്ല. അവഞ്ചേഴ്‌സ് ഇന്‍ഫിനിറ്റി പോലുള്ള ലോകോത്തര ചിത്രങ്ങളിലും അദ്ദേഹം ഭാഗമായി. ലോകപ്രശസ്തമായ നിരവധി കാര്‍ട്ടൂണ്‍ കഥാപത്രങ്ങള്‍ക്കും അദ്ദേഹം ശബ്ദം നല്‍കി.

തിയേറ്റര്‍ ഡയറക്ടറായും അഭിനേത്രിയുമായ എറികയെ പീറ്റര്‍ വിവാഹം കഴിച്ചു. അവര്‍ക്ക് രണ്ട് കുഞ്ഞുങ്ങളും പിറന്നു. മകളോടൊപ്പം സുരക്ഷ ജീവനക്കാരുടെ അകമ്പടിയോടെ പ്രീമിയം കാറുകളില്‍ വന്നിറങ്ങുന്ന പീറ്ററിന്റെ ചിത്രമെടുക്കാന്‍ പാപ്പരാസികള്‍ മത്സരിച്ചു. ചില ലോകോത്തര ബ്രാന്‍ഡുകള്‍ തങ്ങളുടെ മോഡലായി ഈ കുറിയ നടനെ അന്വേഷിച്ചെത്തി. സാമൂഹിക മാധ്യമങ്ങളില്‍ ഏറ്റവും തിരയപ്പെട്ട മുഖങ്ങളിലൊന്നായി മാറി. പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം തന്റെ പഴയ കോളേജില്‍ അഥിതിയായെത്തിയ പീറ്റര്‍ ഡിങ്ക്‌ലേജ് തന്റെ ആരാധകരായ യുവതലമുറയോട് ഇങ്ങനെ പറഞ്ഞു: ജീവിതത്തില്‍ വഴിത്തിരിവാകുന്ന നിമിഷങ്ങളെ കാത്തിരിക്കുന്ന ഒരാളാകരുത് നിങ്ങള്‍. അങ്ങനെയൊന്നില്ല. നമ്മളെടുക്കുന്ന ചില തീരുമാനങ്ങളാണ് അത്തരം നിമിഷങ്ങളെ സൃഷ്ടിക്കുന്നത്. 29 വയസ്സുവരെയാണ് ഞാന്‍ കാത്തിരുന്നത്. നിങ്ങള്‍ ഇനിയും കാത്തിരിക്കരുത്...

Content Highlights: game of thrones, peter dinklage


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022


kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


pfi

1 min

കൊച്ചിയില്‍ പോലീസുകാരന് പോപ്പുലര്‍ ഫ്രണ്ട് ബന്ധം, സി.പി.ഒ സിയാദിന് സസ്‌പെന്‍ഷന്‍

Oct 4, 2022

Most Commented