യുക്രൈൻ സൈന്യം | Photo: AP
യുക്രൈനില്‍ നീതിപൂര്‍വവും ശാശ്വതവുമായ സമാധാനം കൊണ്ടുവരാന്‍ ഞങ്ങള്‍ എല്ലാ ശ്രമങ്ങളും നടത്തുമെന്ന് സമാധാനത്തിന്റെ പ്രതീകമായ ഹിരോഷിമയില്‍നിന്ന് ഇതിനാല്‍ പ്രതിജ്ഞ ചെയ്യുന്നു...!
യുദ്ധകലുഷിതമായ യുക്രൈന് എല്ലാ സഹായങ്ങളും ഉറപ്പു നല്‍കിയാണ് ഹിരോഷിമയില്‍ 49-ാമത് ജി-7 ഉച്ചകോടിക്ക് തിരശ്ശീല വീണത്. ലോകരാഷ്ട്രങ്ങളുടെ എല്ലാ മുന്നറിയിപ്പുകളും അവഗണിച്ച് യുക്രൈനില്‍ അധിനിവേശം തുടരുന്ന റഷ്യയെ കൂടുതല്‍ ശിക്ഷിക്കാനാണ് ലോകത്തിലെ ഏറ്റവും സമ്പന്നമായ ജനാധിപത്യ രാജ്യങ്ങളുടെ കൂട്ടായ്മയായ ജി-7'ന്റെ നീക്കം. റഷ്യയുടെ അധിനിവേശം നിയമവിരുദ്ധവും നീതീകരിക്കാൻ ആവാത്തതുമാണെന്ന് ജി-7 കുറ്റപ്പെടുത്തി. പ്രകോപനമില്ലാതെയാണ് യുക്രൈന്റെ പരമാധികാരത്തിനുമേല്‍ റഷ്യ കടന്നുകയറിയതെന്ന് ജി-7 രാഷ്ട്രനേതാക്കള്‍ കുറ്റപ്പെടുത്തി. ചൈനയ്ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തി റഷ്യയ്ക്കുള്ള താക്കീത് കടുപ്പിക്കാനാണ് ജി-7ന്റെ തീരുമാനം.
ജി-7- സമ്പന്ന ജനാധിപത്യ രാഷ്ട്രങ്ങളുടെ കൂട്ടായ്മ
അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ്, ഇറ്റലി, ജര്‍മനി, കാനഡ, ജപ്പാന്‍ എന്നിവയാണ് ജി-7 അംഗരാജ്യങ്ങള്‍. ആഗോള വിഷയങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കാനായി ഒരു പൊതുവേദി വേണമെന്ന തിരിച്ചറിവിനെ തുടര്‍ന്ന് 1975-ലാണ് ജി-7 കൂട്ടായ്മ രൂപം കൊണ്ടത്. ആറു രാജ്യങ്ങളാണ് ആദ്യം ഈ സംഘത്തിലുണ്ടായിരുന്നത്. 1976-ല്‍ കാനഡ കൂടി അംഗമായതോടെ ഇത് ജി-7 എന്നും 1997-ല്‍ റഷ്യ അംഗമായതോടെ ജി-8 എന്നും അറിയപ്പെട്ടുതുടങ്ങി. എന്നാല്‍, 2014-ലെ യുക്രൈന്‍ അധിനിവേശത്തെ തുടര്‍ന്ന് റഷ്യയെ ജി-8 ല്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. തുടര്‍ന്ന് 2017 ജനുവരിയില്‍ റഷ്യ ജി -8 കൂട്ടായ്മയില്‍നിന്ന് പുറത്തുപോയതോടെ അംഗങ്ങള്‍ ഏഴായി. 1999-ല്‍ ജി-20 കൂട്ടായ്മ രൂപപ്പെട്ടതോടെയാണ് ജി-7ന്‍റെ പ്രാധാന്യം കുറഞ്ഞത്.
.jpg?$p=f1b1304&&q=0.8)
സ്ഥിരം അംഗങ്ങളെ കൂടാതെ യൂറോപ്യന്‍ യൂണിയന്‍, ഐ.എം.എഫ്, വേള്‍ഡ് ബാങ്ക്, യു.എന്‍ തുടങ്ങിയ അന്താരാഷ്ട്ര സംഘടനകള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഏതാനും രാജ്യങ്ങള്‍ക്കും ഉച്ചകോടിയിലേക്ക് ക്ഷണം ലഭിക്കാറുണ്ട്. സ്ഥിരം അംഗങ്ങള്‍ക്ക് പുറമേ ഇന്ത്യ, ഓസ്‌ട്രേലിയ, ബ്രസീല്‍, ദക്ഷിണ കൊറിയ, യുക്രൈന്‍, വിയറ്റ്‌നാം, ഇന്‍ഡൊനീഷ്യ, ആഫ്രിക്കന്‍ യൂണിയനെ പ്രതിനിധീകരിച്ച് കൊമറോസ്, പസഫിക് ദ്വീപ് ഫോറത്തെ പ്രതിനിധീകരിച്ച് കുക്ക് ഐലന്‍റ് എന്നിവരാണ് ഇത്തവണ സമ്മേളനത്തില്‍ പങ്കെടുത്ത ക്ഷണിതാക്കള്‍. ഓരോ വര്‍ഷവും ഓരോ രാജ്യങ്ങള്‍ക്കാവും ജി-7ന്റെ അധ്യക്ഷപദവി. 1979 മുതല്‍ 2023 വരെ ആറ് തവണയാണ് ജപ്പാന്‍ ജി-7 കൂട്ടായ്മയുടെ അധ്യക്ഷപദവി അലങ്കരിച്ചത്. സാമ്പത്തികം, പ്രതിരോധം, മനുഷ്യാവകാശം, ജനാധിപത്യപ്രശ്‌നങ്ങള്‍ തുടങ്ങിയ അന്താരാഷ്ട്രബന്ധങ്ങളെ ബാധിക്കുന്ന ആഗോള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനും പരിഹാരം കാണാനുമാണ് എല്ലാവര്‍ഷവും ജി-7 സമ്മേളനം ചേരുന്നത്. ഇക്കുറി ജപ്പാനിലെ ഹിരോഷിമയായിരുന്നു ജി-7ന്റെ സമ്മേളനവേദി.
.jpg?$p=e2b8920&&q=0.8)
ഹിരോഷിമയില്‍ സെലന്‍സ്‌കിയുടെ സര്‍പ്രൈസ് സന്ദര്‍ശനം
യുക്രൈനില്‍ റഷ്യ അധിനിവേശം നടത്താനാരംഭിച്ചിട്ട് ഒരു വര്‍ഷത്തിലേറെയായിരിക്കുന്നു. യുക്രൈന്റെ തന്ത്രപ്രധാനമായ പല മേഖലകളും റഷ്യ നിയന്ത്രണത്തിലാക്കി. ആക്രമണം തുടരുന്നതിനിടെയാണ് യുദ്ധത്തില്‍ റഷ്യക്കുനേരെ കൂടുതല്‍ പ്രതിരോധം തീര്‍ക്കാന്‍ യുക്രൈന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലന്‍സ്‌കി ജി-7 രാജ്യങ്ങളുടെ പിന്തുണ തേടിയത്.
ഹിരോഷിമയില്‍ നടന്ന ജി-7 ഉച്ചകോടിയുടെ അവസാന ദിവസം സെലെന്‍സ്‌കി വിവിധ രാഷ്ട്രനേതാക്കളുമായി കൂടിക്കാഴ്ച നടത്തി. അവസാനനിമിഷംവരെ നീണ്ടുനിന്ന അനിശ്ചിതത്വത്തിനൊടുവിലാണ് സെലെന്‍സ്‌കി ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഹിരോഷിമയിലെത്തിയത്. റഷ്യക്കെതിരേ ലോകം അണിചേരണമെന്ന് സെലന്‍സ്‌കി ആവശ്യപ്പെട്ടു. "ആക്രമിക്കാനെത്തുന്നവരെ തടയാനുള്ള ഒരു ഫോര്‍മുല ഇതുവരെ ലോകത്തുണ്ടായിട്ടില്ല. എന്നാല്‍, യുക്രൈന്‍ ലോകത്തിന് യുദ്ധത്തില്‍നിന്ന് രക്ഷപ്പെടാനുള്ള ഫോര്‍മുല വാഗ്ദാനം ചെയ്യുന്നു. അതിനായി റഷ്യയെ തടയേണ്ടതുണ്ട്. റഷ്യക്കെതിരേ അണിചേരേണ്ടതുണ്ട്. ഈ യുദ്ധം യുക്രൈനിന് മാത്രമല്ല ദോഷം വരുത്തുന്നത്. അതിനാല്‍ റഷ്യക്കെതിരേ ലോകം ഒന്നിക്കണം.
"യുക്രൈനെ റഷ്യ ചവിട്ടിമെതിച്ചു. റഷ്യയെ നേരിടാന്‍ യൂറോപ്പിന് പുറത്തുനിന്ന് ഞങ്ങള്‍ കൂടുതല്‍ സഹായം ആവശ്യപ്പെടുകയാണ്. റഷ്യക്കെതിരേ
ഐക്യപ്പെടാനുള്ള ഹിരോഷിമയില്‍ നിന്നുള്ള എന്റെ ആഹ്വാനം ലോകത്തിന് കേള്‍ക്കാനാവുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്." സെലന്‍സ്‌കി ഉച്ചകോടിയില്‍ പറഞ്ഞു. യുക്രൈനില്‍നിന്ന് റഷ്യ പൂര്‍ണമായും പിന്മാറണമെന്നാവശ്യപ്പെട്ട സെലന്‍സ്‌കി സമാധാനത്തിനായി പത്ത് നിര്‍ദേശങ്ങളും മുന്നോട്ടുവെച്ചു.
.jpg?$p=8312ca4&&q=0.8)
റഷ്യക്ക് ഒളിച്ചോടാനാവില്ല, യുക്രൈന്‍ വിഷയത്തില്‍ ജി-7
യുക്രൈനില്‍ അധിനിവേശം തുടരുന്ന റഷ്യയെ കൂടുതല്‍ ശിക്ഷിക്കാനാണ് ജി-7 കൂട്ടായ്മയുടെ തീരുമാനം. റഷ്യയാണ് യുദ്ധം തുടങ്ങിയത്, അതുകൊണ്ടുതന്നെ അവസാനിപ്പിക്കാനും അവര്‍ക്കു കഴിയണം. യുദ്ധത്തിന്റെ ഉത്തരവാദിത്വത്തില്‍നിന്ന് റഷ്യക്ക് ഒളിച്ചോടാനാവില്ലെന്ന് ജി-7 നിരീക്ഷിച്ചു. യുക്രൈന് നയതന്ത്ര, സാമ്പത്തിക, മാനുഷിക, സൈനിക പിന്തുണ നല്‍കുമെന്നും ഉച്ചകോടി പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റ് ജി-7 അംഗരാജ്യങ്ങളും റഷ്യക്കുമേല്‍ കൂടുതല്‍ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തിയേക്കും.
റഷ്യന്‍ അധിനിവേശത്തിന്റെ പശ്ചാത്തലത്തില്‍ ജി-7 യുക്രൈന് നല്‍കിവരുന്ന പിന്തുണ തുടരുമെന്ന് ജി-7 വ്യക്തമാക്കി. യുക്രൈനില്‍നിന്ന് റഷ്യ ട്രൂപ്പുകളെ ഉടന്‍ പിന്‍വലിക്കണം. റഷ്യ തുടങ്ങിവെച്ച യുദ്ധം റഷ്യയ്ക്ക്തന്നെ അവസാനിപ്പിക്കാന്‍ സാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയ ജി-7 യുക്രൈനിലെ സാപോറീജ ആണവ പ്ലാന്റ് റഷ്യ നിയന്ത്രണത്തിലാക്കിയതിനെയും അശ്രദ്ധമായി കൈകാര്യം ചെയ്യുന്നതിനെയും വിമര്‍ശിച്ചു. ഭൂഖണ്ഡത്തെപോലും ബാധിക്കുന്ന അപകട സാധ്യതയാണ് മുന്നിലുള്ളതെന്ന് കൂട്ടായ്മ നിരീക്ഷിച്ചു. അധിനിവേശത്താല്‍ തകര്‍ക്കപ്പെട്ട യുക്രൈനില്‍ പുനരധിവാസ പ്രവര്‍ത്തനങ്ങളും പുനഃനിര്‍മാണങ്ങളും നടത്താന്‍ സാമ്പത്തിക സഹായം നല്‍കുമെന്നും യുക്രൈനിലെ നാശനഷ്ടങ്ങള്‍ നികത്താന്‍ റഷ്യയ്ക്ക്മേല്‍ സമ്മര്‍ദം ചെലുത്തും ജി-7 വ്യക്തമാക്കിയിട്ടുണ്ട്. അധിനിവേശത്തിന്റെ പശ്ചാത്തലത്തില്‍ റഷ്യയ്‌ക്കെതിരേ കൂടുതല്‍ സാമ്പത്തിക ഉപരോധങ്ങള്‍ ഏര്‍പ്പെടുത്താനും ജി-7 ആഹ്വാനം ചെയ്തു.
നിലവില്‍ ഏറ്റവും കൂടുതല്‍ ഉപരോധം നേരിടുന്ന രാജ്യമാണ് റഷ്യ. റഷ്യക്ക് പിന്തുണയും ആയുധസഹായവും നല്‍കുന്നത് നിര്‍ത്താന്‍ മറ്റുരാജ്യങ്ങളോട് ജി-7 ആവശ്യപ്പെട്ടു. റഷ്യക്കുനേരെ പുതിയ ഉപരോധങ്ങള്‍ കൊണ്ടുവരാനാണ് ശ്രമമെന്നും നിലവിലുള്ള സാമ്പത്തിക-വാണിജ്യ ഉപരോധങ്ങള്‍ ശക്തിപ്പെടുത്തുമെന്നായിരുന്നു യു.എസിന്റെ പ്രതിനിധി അറിയിച്ചത്. അന്താരാഷ്ട്രതലത്തില്‍ റഷ്യക്കുമേല്‍ പിഴശിക്ഷ ഉള്‍പ്പെടെയുള്ള സാധ്യതകള്‍ പരിശോധിക്കപ്പെടണമെന്നും യു.എസ്. ആവശ്യപ്പെട്ടു. റഷ്യയുടെ പ്രതിരോധമേഖലയുമായി ബന്ധപ്പെട്ട 70 സ്ഥാപനങ്ങളെ കരിമ്പട്ടികയില്‍പ്പെടുത്താനും മുന്നൂറോളം വ്യക്തികള്‍ക്ക് പുതുതായി ഉപരോധമേര്‍പ്പെടുത്താനും യു.എസ്. ആലോചിക്കുന്നതായും പ്രതിനിധി അറിയിച്ചു. യുക്രൈന് പുതിയ സാമ്പത്തികസഹായവും യു.എസ്. പ്രഖ്യാപിച്ചു.
.jpg?$p=1dd8c95&&q=0.8)
സെലെന്‍സ്‌കിയുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ 37.5 കോടി ഡോളറിന്റെ (ഏകദേശം 3108 കോടി രൂപ) അധിക സൈനികസഹായം യുക്രൈന് നല്‍കുമെന്നാണ് യു.എസ്. പ്രസിഡന്റ് ജോ ബൈഡന്‍ പ്രഖ്യാപിച്ചത്. വെടിക്കോപ്പുകളും സൈനികവാഹനങ്ങളുമുള്‍പ്പടെയാണിത്. സെലെന്‍സ്‌കി ഹിരോഷിമയില്‍ എത്തുന്നതിന് തൊട്ടുമുമ്പ് എഫ്-16 യുദ്ധവിമാനങ്ങള്‍ യുക്രൈന് നല്‍കാന്‍ സഖ്യരാജ്യങ്ങള്‍ക്ക് അമേരിക്ക നിര്‍ദേശം നല്‍കിയിരുന്നു. എഫ്-16 യുദ്ധവിമാനം പറത്താന്‍ യുക്രൈന്‍ സൈനികര്‍ക്ക് പരിശീലനം നല്‍കുമെന്നും അമേരിക്ക വ്യക്തമാക്കി. സൈനികസഹായത്തിന് സെലെന്‍സ്‌കി ബൈഡന് നന്ദിയറിയിച്ചു. ഉച്ചകോടിയില്‍ സെലന്‍സ്‌കി യുദ്ധവിമാനങ്ങള്‍ നല്‍കുന്നത് സംബന്ധിച്ച് പരാമര്‍ശം നടത്തിയിരുന്നു.
യുക്രൈന്റെ പൈലറ്റുമാര്‍ക്ക് ആധുനിക യുദ്ധവിമാനങ്ങള്‍ പറത്താന്‍ പരിശീലനം നല്‍കുമെന്ന് എല്ലാ പാശ്ചാത്യരാജ്യങ്ങളും സമ്മതിച്ചു. എന്നാല്‍, ആരും യുദ്ധവിമാനങ്ങള്‍ നല്‍കാമെന്ന് ഉറപ്പ് നല്‍കിയില്ലെന്നായിരുന്നു സെലന്‍സ്‌കിയുടെ പരാമര്‍ശം. യുക്രൈന് യുദ്ധവിമാനങ്ങള്‍ നല്‍കുന്നതിന് യു.എസ്. നേരത്തെ വിമുഖത കാണിച്ചിരുന്നു. എന്നാല്‍ അത് മാറിയതോടെ അത്യാധുനിക യുദ്ധവിമാനങ്ങള്‍ യുക്രൈന് ലഭിക്കുന്നതിലേക്കാണ് വഴിതുറന്നിരിക്കുന്നത്. യുക്രൈനെ സഹായിച്ചുകൊണ്ട്, മൂന്നാം ലോകമഹായുദ്ധം ഒഴിവാക്കാനുള്ള അമേരിക്കയുടെ നയതന്ത്ര നിലപാടിന്റെ ഭാഗമായാണ് വിമാനങ്ങള്‍ കൈമാറാന്‍ തീരുമാനിച്ചതെന്ന് യു.എസ്. വ്യക്തമാക്കി. വിമാനങ്ങള്‍ ലഭിക്കുന്നത് യുക്രൈന് അടിയന്തര ഫലം നല്‍കില്ലെങ്കിലും യു.എസ്. നിലപാടിനെ സെലന്‍സ്‌കി പ്രശംസിച്ചു.
യൂറോപ്യന്‍ രാജ്യങ്ങളില്‍ റഷ്യയുടെ വജ്രവ്യാപാരം തടയുന്നതിനുള്ള ശ്രമങ്ങളിലാണ് തങ്ങള്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതെന്ന് യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് ചാള്‍സ് മിഷേല്‍ അറിയിച്ചു. യുക്രൈനിലുടനീളം യുദ്ധത്തിന്റെ തീജ്വാലകള്‍ തുടരുകയാണ്. ഞങ്ങള്‍ ആദ്യ ദിവസം മുതല്‍ ഐക്യദാര്‍ഢ്യത്തോടെയും ദൃഢനിശ്ചയത്തോടെയും യുക്രൈനിലെ ജനങ്ങള്‍ക്കൊപ്പം നില്‍ക്കുകയാണ്. എത്രകാലം വേണമെങ്കിലും അത് ഞങ്ങള്‍ തുടരും. ശാശ്വത സമാധാനത്തിന് വേണ്ടിയുള്ള യുക്രൈന്റെ ശ്രമത്തിന് ഞങ്ങള്‍ പിന്തുണ ഉറപ്പാക്കും. സെലെന്‍സ്‌കിയുടെ വിശ്വസനീയമായ സമാധാന സൂത്രവാക്യങ്ങളെ ഞങ്ങള്‍ പിന്തുണയ്ക്കും. യുക്രൈന്റെ പ്രത്യാക്രാമണത്തെ പിന്തുണയ്ക്കാനായി യൂറോപ്യന്‍ യൂണിയനില്‍ നിന്ന് കൂടുതല്‍ ആയുധങ്ങളുള്‍പ്പെടെ വാങ്ങിയെടുക്കാനുള്ള ശ്രമത്തിലാണ് ഞങ്ങള്‍.
റഷ്യയുടെ വിശദീകരണങ്ങള്‍ അസ്വീകാര്യവും നിരുത്തരവാദപരവുമാണെന്ന് യൂണിയന്‍ കുറ്റപ്പെടുത്തി. റഷ്യയുടെ സൈനിക നടപടി തടയാന്‍ യൂറോപ്യന്‍ യൂണിയനും ശക്തമായ നടപടി സ്വീകരിച്ചിട്ടുണ്ട്. യൂറോപ്യന്‍ യൂണിയന്‍ ലോകമെമ്പാടും ശക്തമായ പങ്കാളിത്തം വളര്‍ത്തുകയാണ്. കഴിഞ്ഞ വര്‍ഷം മാത്രം ഞങ്ങള്‍ ആഗോള വികസന സഹായത്തിനായി 90 ബില്യണ്‍ യൂറോ ആണ് ചെലവഴിച്ചത്. പല രാജ്യങ്ങളുടേയും വികസനത്തില്‍ നിര്‍ണായകമാവുന്ന ഞങ്ങള്‍, റഷ്യയുടെ സമ്പദ്ഘടനയെ പോലും ബാധിക്കുന്ന വ്യാപാരത്തില്‍ നിയന്ത്രണങ്ങളേര്‍പ്പെടുത്തും. റഷ്യന്‍ വജ്രങ്ങളുടെ വ്യാപാരം നിയന്ത്രിക്കും. ഇത്തരം ഉപരോധങ്ങള്‍ ആവശ്യമായതും ന്യായമുള്ളതുമാണെന്ന് ഞങ്ങള്‍ കരുതുന്നു. റഷ്യന്‍ പ്രചാരണം നുണകളും ഗൂഢാലോചനയും മാത്രം അടിസ്ഥാനമാക്കിയുള്ളതാണ്. എന്നാല്‍ വസ്തുതകളുടേയും കണക്കുകളുടേയും രേഖകളുടേയും അടിസ്ഥാനത്തിലാണ് ഞങ്ങള്‍ പോരാടുന്നതെന്നും ചാള്‍സ് മിഷേല്‍ വ്യക്തമാക്കി.
ഇന്ത്യയ്ക്ക് നേരെ പരോക്ഷ വിമര്‍ശനമുയര്‍ത്തിയാണ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ സംസാരിച്ചത്. 15 മാസങ്ങള്‍ക്ക് മുന്‍പാണ് റഷ്യ അധിനിവേശം ആരംഭിച്ചത്. എന്നിട്ടും ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ ഇപ്പോഴും റഷ്യയുമായി നയതന്ത്ര-സാമ്പത്തിക സഹകരണം തുടരുകയാണ്. ജി-7 വേദി അത്തരം രാജ്യങ്ങള്‍ക്ക് യുക്രൈന്‍ വിഷയത്തിന്റെ ഗൗരവം വ്യക്തമാക്കുന്നതിനെ സഹായിക്കുമെന്ന് മാക്രോണ്‍ പറഞ്ഞു. പാശ്ചാത്യരാജ്യങ്ങള്‍ യുക്രൈനുള്ള സൈനിക സഹകരണം വര്‍ധിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
യുദ്ധം ആരംഭിച്ചശേഷം യുക്രൈന് യൂറോപ്യന്‍ യൂണിയന്‍ 560 കോടി (49,953 കോടി രൂപ) യൂറോയുടെ സഹായം നല്‍കി. സൈനിക-പ്രതിരോധ ആവശ്യങ്ങള്‍ക്കായുള്ള പൊതുനിധിയായ യൂറോപ്യന്‍ പീസ് ഫെസിലിറ്റിയില്‍ (ഇ.പി.എഫ്.)നിന്നാണ് ഇത് അനുവദിച്ചത്.
അതിനിടെ യുക്രൈന് ആയുധങ്ങള്‍ വാങ്ങാന്‍ യൂറോപ്യന്‍ യൂണിയന്‍ നീക്കിവെച്ച തുകയില്‍നിന്നുള്ള പുതിയ ഗഡു അനുവദിക്കാന്‍ ഹംഗറി വിസമ്മതിച്ചു. സഹായധനമായ 50 കോടി യൂറോയാണ് (ഏകദേശം 4460 കോടി രൂപ) ഹംഗറി തടഞ്ഞത്. യുക്രൈനില്‍ യുദ്ധംചെയ്യുന്ന റഷ്യയുമായി അടുപ്പം പുലര്‍ത്തുന്ന യൂറോപ്യന്‍ യൂണിയന്‍ രാജ്യമാണ് ഹംഗറി. യൂറോപ്യന്‍ യൂണിയന്റെ ലോകമെമ്പാടുമുള്ള പങ്കാളികളെ പിന്തുണയ്ക്കാനുള്ളതാണ് ഈ നിധിയെന്നും യുക്രൈനുമാത്രം പണം കൊടുക്കാനുള്ളതല്ലെന്നുമാണ് ഹംഗറിയുടെ നിലപാട്.
.jpg?$p=31e08d7&&q=0.8)
ചൈനയ്ക്കുമേല്‍ സമ്മര്‍ദം
യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാന്‍ തങ്ങളുടെ നയതന്ത്ര പങ്കാളിയായ റഷ്യക്കുമേല്‍ സമ്മര്‍ദം ചെലുത്തണമെന്നാണ് ജി-7 രാജ്യങ്ങള്‍ ചൈനയോടാവശ്യപ്പെട്ടത്. ചൈനയ്ക്ക് ദോഷകരമായതൊന്നും ചെയ്യാനാഗ്രഹിക്കുന്നില്ലെന്നും ഗുണപരമായ സഹകരണമാണ് ആഗ്രഹിക്കുന്നതെന്നും നേതാക്കള്‍ പറഞ്ഞു. യുക്രൈനിലെ അധിനിവേശം റഷ്യ അവസാനിപ്പിക്കണം. പ്രദേശത്തുനിന്ന് സൈന്യത്തെ പിന്‍വലിക്കണം. അതിന് റഷ്യക്കുമേല്‍ ചൈന സമ്മര്‍ദം ചെലുത്തണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു.
യു.എന്‍. ചാര്‍ട്ടറിലെ ലക്ഷ്യപ്രമേയങ്ങള്‍ അംഗീകരിക്കാനും മറ്റുരാജ്യങ്ങളുടെ പരമാധികാരത്തെ മാനിക്കാനുമുള്ള ബാധ്യത എല്ലാ രാജ്യങ്ങള്‍ക്കുമുണ്ട്. ദക്ഷിണ ചൈനാ കടലലിലും കിഴക്കന്‍ കടലിലും നടത്തുന്ന പ്രകോപനങ്ങള്‍ ചൈന അവസാനിപ്പിക്കണം. തന്ത്രപ്രധാനമായ സമുദ്രമേഖലയുടെമേല്‍ ചൈന ഉന്നയിക്കുന്ന അവകാശവാദം നിയമവിരുദ്ധമാണെന്നും അവര്‍ ആരോപിച്ചു. സ്വയംഭരണമേഖലയായ തയ്‌വാന് ചുറ്റും അധിക സൈനികവിന്യാസംനടത്തി സുരക്ഷാ ആശങ്ക വര്‍ധിപ്പിക്കുന്ന ചൈനുടെ നടപടിയിലും നേതാക്കള്‍ ആശങ്ക രേഖപ്പെടുത്തി. തയ്‌വാന്‍ വിഷയം പരിഹരിക്കാന്‍ സമാധാനപരമായ ശ്രമങ്ങളാണ് ആവശ്യമെന്നും ഉച്ചകോടി വിലയിരുത്തി.
.jpg?$p=e46f401&&q=0.8)
കുറ്റപ്പെടുത്തലുമായി റഷ്യ
റഷ്യയെയും ചൈനയെയും ഒറ്റപ്പെടുത്താനുള്ള ജി-7 ശ്രമങ്ങളെ റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്‌റോവ് കുറ്റപ്പെടുത്തി. റഷ്യയെ യുദ്ധമുഖത്തുനിന്നല്ല, പ്രധാന എതിരാളി എന്നനിലയ്ക്ക് ഭൗമരാഷ്ട്രീയത്തില്‍നിന്ന് തുടച്ചുനീക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്ന് ലാവ്‌റോവ് ആരോപിച്ചു. പാശ്ചാത്യ രാജ്യങ്ങള്‍ യുക്രൈന് എഫ്-16 ജെറ്റുകള്‍ നല്‍കുന്നത് അപകടം വിളിച്ചുവരുത്തലാണെന്നും റഷ്യ മുന്നറിയിപ്പ് നല്‍കി. റഷ്യയ്ക്കും ചൈനയ്ക്കും മേല്‍ സൈനികമായും രാഷ്ട്രീമായും മാനസികമായും സമ്മര്‍ദ്ദം ചെലുത്താനാണ് ജി-7ന്റെ ശ്രമം. പ്രസ്തുത രാജ്യങ്ങളുടെ ചൈന-റഷ്യ വിരുദ്ധ നിലപാടിന്റെ ഇന്‍ക്യൂബേറ്റര്‍ ആണ് ജി-7 സമ്മേളനം. അവര്‍ അന്താരാഷ്ട്ര സമാധാനത്തെ തടസ്സപ്പെടുത്തുകയാണെന്നും റഷ്യ കുറ്റപ്പെടുത്തി.
മോദിയുമായും കൂടിക്കാഴ്ച
ജി-7 ഉച്ചകോടിക്കിടെ യുക്രൈന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലെന്‍സ്‌കി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും കൂടിക്കാഴ്ച നടത്തി. യുക്രൈനില്‍ റഷ്യ അധിനിവേശമാരംഭിച്ചതിനുശേഷം ആദ്യമായാണ് ഇരുനേതാക്കളും പരസ്പരം കാണുന്നത്. റഷ്യക്കുമേല്‍ കൂടുതല്‍ ഉപരോധമേര്‍പ്പെടുത്താന്‍ ജി-7 രാജ്യങ്ങള്‍ ധാരണയിലെത്തിയതിനുപിന്നാലെയായിരുന്നു കൂടിക്കാഴ്ച. റഷ്യക്കെതിരേ പ്രതിരോധം തീര്‍ക്കാന്‍ സെലെന്‍സ്‌കി ഇന്ത്യയുടെ പിന്തുണതേടി. പ്രതിസന്ധി പരിഹരിക്കാന്‍ ആവുന്നതെല്ലാം ചെയ്യുമെന്ന് സെലെന്‍സ്‌കിക്ക് മോദിയും ഉറപ്പുനല്‍കി. ''ലോകം നേരിടുന്ന ഏറ്റവുംവലിയ പ്രതിസന്ധിയാണ് യുക്രൈനിലേത്. അത് ആഗോളതലത്തില്‍ വലിയ പ്രത്യാഘാതങ്ങളുണ്ടാക്കി. കേവലം രാഷ്ട്രീയമോ സാമ്പത്തികമോ ആയ ഒരു പ്രശ്‌നമെന്നതിലുപരി അത് മാനവരാശിക്ക് ഭീഷണിയായ വിഷയമാണ്'' -മോദി പറഞ്ഞു. മോദിക്കൊപ്പം വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കറും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ചര്‍ച്ചയില്‍ പങ്കെടുത്തു.
കഴിഞ്ഞമാസം യുക്രൈന്‍ വിദേശകാര്യസഹമന്ത്രി എമിന്‍ ധാപ്പറോവ ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ സെലെന്‍സ്‌കിയുടെ കത്ത് മോദിക്ക് കൈമാറിയിരുന്നു. യുദ്ധത്തില്‍ ഇന്ത്യയുടെ പിന്തുണയാവശ്യപ്പെടുന്നതായിരുന്നു കത്ത്. യുദ്ധം ആരംഭിച്ചതിനുശേഷം റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുതിനുമായും സെലെന്‍സ്‌കിയുമായും ഒട്ടേറെത്തവണ മോദി ഫോണില്‍ ചര്‍ച്ചനടത്തിയിരുന്നു. യുക്രൈനിലെ റഷ്യന്‍ അധിനിവേശത്തെ ഇന്ത്യ ഔദ്യോഗികമായി അപലപിച്ചിരുന്നില്ല. ഇന്ത്യയും റഷ്യയും തമ്മില്‍ മികച്ച നയതന്ത്രസഹകരണമാണ് തുടരുന്നത്. യുദ്ധം അവസാനിപ്പിക്കാന്‍ മധ്യസ്ഥത വഹിക്കാന്‍ നിരവധി തവണ ലോകരാഷ്ട്രങ്ങള്‍ ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു.
.jpg?$p=ea79d92&&q=0.8)
ഹിരോഷിമയില്‍ കൂടിക്കാൻ്ച നടത്തിയപ്പോള്‍ | Photo: ANI
സൗഹൃദം ശക്തിപ്പെടുത്തി റഷ്യയും ചൈനയും
യുക്രൈന്‍ യുദ്ധ പശ്ചാത്തലത്തില്‍ ചൈന-റഷ്യ ബന്ധം ശക്തിപ്പെട്ടുവരുന്നതില്‍ ലോകരാഷ്ട്രങ്ങള്‍ ആശങ്കയുയര്‍ത്തുന്നതിനിടെ സൗഹൃദത്തിന് കരുത്തു കൂട്ടി ഇരു രാജ്യങ്ങളും ഒരുകൂട്ടം കരാറുകളില്‍ ഒപ്പുവെച്ചു. രണ്ടുരാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം അഭൂതപൂര്‍വ്വമായ ഉയരത്തില്‍ എത്തിയതായി റഷ്യന്‍ പ്രധാനമന്ത്രി മിഖായേല്‍ മിഷു സ്റ്റിന്‍ പറഞ്ഞു. ബെയ്ജിങില്‍ സന്ദര്‍ശനത്തിന് എത്തിയ അദ്ദേഹം പ്രസിഡന്റ് ഷി ജിന്‍പിങ് ഉള്‍പ്പെടെയുള്ള ചൈനീസ് നേതാക്കളെ കണ്ട് ചര്‍ച്ച നടത്തി. ഐക്യമുണ്ടെങ്കില്‍ മലകളെ പോലും ചലിപ്പിക്കാന്‍ പറ്റുമെന്നാണ് കൂടിക്കാഴ്ചയില്‍ റഷ്യന്‍ പ്രധാനമന്ത്രി മിഖായേല്‍ മിഷുസ്റ്റിന്‍ ചൈനീസ് പ്രധാനമന്ത്രി ലി ഖിയാങ് പറഞ്ഞത്.
ചൈനയേയും റഷ്യയേയും കടുത്ത ഭാഷയില്‍ വിമര്‍ശിച്ചുകൊണ്ടുള്ള ജി-7ന്റെ സംയുക്ത പ്രസ്താവനക്ക് ശേഷമാണ് മിഷുസ്റ്റിനിന്റെ ചൈനീസ് സന്ദര്‍ശനമെന്നതും ശ്രദ്ധേയമാണ്. യുക്രെയ്ന്‍ യുദ്ധവും പാശ്ചാത്യ ശക്തികളുടെ വിമര്‍ശനങ്ങളും റഷ്യയേയും കൂടുതല്‍ അടുക്കാന്‍ പ്രേരിപ്പിച്ചിട്ടുണ്ട്. നിക്ഷേപ സഹകരണം, കാര്‍ഷികോല്‍പന്ന കയറ്റുമതി, കായികം തുടങ്ങി തന്ത്രപ്രധാന മേഖലകളിലാണ് കരാറുണ്ടാക്കുന്നത്. യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ആഗോള ഉപരോധം നേരിടുന്ന റഷ്യ ചൈനയെ കൂടുതലായി ആശ്രയിക്കാനും ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ഒരു വര്‍ഷമായി റഷ്യയിലേക്കുള്ള കയറ്റുമതിയുടെ വന്‍തോതില്‍ ഉയര്‍ന്നതായാണ് കണക്കുകള്‍. യുക്രൈന്‍ യുദ്ധത്തില്‍ ചൈന റഷ്യയ്ക്ക് ആയുധങ്ങള്‍ നല്‍കി സഹായിക്കുന്നുണ്ടെന്ന് നേരത്തെ തന്നെ ആരോപണമുയര്‍ന്നിരുന്നു. എന്നാല്‍ അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിച്ചുകൊണ്ടുള്ള നടപടി തങ്ങളുടെ ഭാഗത്തുനിന്നുണ്ടാവില്ലെന്നായിരുന്നു ചൈനയുടെ പ്രതികരണം.
ഇക്കഴിഞ്ഞ മാര്‍ച്ചില്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ് റഷ്യ സന്ദര്‍ശിച്ചിരുന്നു. പ്രിയപ്പെട്ട സുഹൃത്ത് എന്നാണ് അദ്ദേഹം സന്ദര്‍ശനത്തിനിടെ റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുതിനെ വിശേഷിപ്പിച്ചത്.
Content Highlights: G7 Communique Amps Up Pressure on China, Russia
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..