മന്നത്ത് പദ്മനാഭന്‍; രാഷ്ട്രീയ സമരരംഗത്ത് അദ്ഭുതം സൃഷ്ടിച്ച മഹാനായ സേനാനി


ജി. സുകുമാരന്‍ നായര്‍

ജനുവരി രണ്ടിന് മന്നത്ത് പദ്മനാഭന്റെ 145-ാമത് ജന്മദിനം ആഘോഷങ്ങള്‍ ഒഴിവാക്കി 'മന്നം ജയന്തി ആചരണ'മായി പെരുന്നയിലെ മന്നം സമാധിമണ്ഡപത്തിലും സംസ്ഥാനമൊട്ടുക്കുള്ള താലൂക്ക് യൂണിയനുകളിലും കരയോഗങ്ങളിലും നടത്തുകയാണ്.

-

1878 ജനുവരി രണ്ടിനാണ് മന്നത്തു പദ്മനാഭന്റെ ജനനം. പെരുന്നയില്‍ മന്നത്തുവീട്ടില്‍ പാര്‍വതിയമ്മയുടെയും വാകത്താനം നീലമന ഇല്ലത്ത് ഈശ്വരന്‍ നമ്പൂതിരിയുടെയും പുത്രനായി ജനിച്ച അദ്ദേഹത്തിന് മാതാവിന്റെ വാത്സല്യം മാത്രമായിരുന്നു ആശ്രയമായിട്ടുണ്ടായിരുന്നത്. അഞ്ചാമത്തെ വയസ്സില്‍ അമ്മ എഴുത്തിനിരുത്തി. എട്ടുവയസ്സുവരെ കളരിയാശാന്റെ ശിക്ഷണത്തില്‍ കഴിയവേ, സാമാന്യം നല്ലവണ്ണം എഴുതാനും വായിക്കാനും കണക്കുകൂട്ടാനും പഠിച്ചു. പിന്നീട് ചങ്ങനാശ്ശേരിയിലുള്ള സര്‍ക്കാര്‍ സ്‌കൂളില്‍ ചേര്‍ന്നെങ്കിലും സാമ്പത്തികപരാധീനതകളാല്‍ അവിടെ തുടരാന്‍ കഴിഞ്ഞില്ല.

ഒരു നാടകസംഘത്തില്‍ ബാലനടനായി ചേര്‍ന്നു. അനുഗൃഹീതനടന്‍ എന്നപേര്‍ രണ്ടുവര്‍ഷംകൊണ്ട് സമ്പാദിച്ചു. ബാല്യകാലത്തുതന്നെ തുള്ളല്‍ക്കഥകള്‍, ആട്ടക്കഥകള്‍, നാടകങ്ങള്‍ മുതലായ സാഹിത്യഗ്രന്ഥങ്ങള്‍ വായിച്ച് ഭാഷാജ്ഞാനവും സാഹിത്യവാസനയും പരിപുഷ്ടമാക്കി. ചങ്ങനാശ്ശേരി മലയാളം സ്‌കൂളില്‍ പഠിച്ച് സര്‍ക്കാര്‍ കീഴ്ജീവനപരീക്ഷ വിജയിച്ചശേഷം കാഞ്ഞിരപ്പള്ളിയില്‍ വാധ്യാരായി ജോലിയില്‍ പ്രവേശിച്ചു. മാതൃകാധ്യാപകന്‍ എന്ന പേരുസമ്പാദിച്ചു. പിന്നീട് പല സര്‍ക്കാര്‍ പ്രൈമറി സ്‌കൂളുകളിലും പ്രഥമാധ്യാപകനായി ജോലിനോക്കി.

27-ാമത്തെ വയസ്സില്‍ മിഡില്‍ സ്‌കൂള്‍ അധ്യാപകനായിരിക്കുമ്പോള്‍ ഹെഡ്മാസ്റ്ററുടെ നീതിനിഷേധനടപടിയില്‍ പ്രതിഷേധിച്ച് ഉദ്യോഗം രാജിവെച്ചു. ഇതിന് രണ്ടുവര്‍ഷംമുമ്പ് തുറവൂര്‍ സ്‌കൂളില്‍ അധ്യാപകനായിരിക്കുമ്പോള്‍ മജിസ്ട്രേറ്റ് പരീക്ഷയില്‍ പ്രൈവറ്റായി ചേര്‍ന്നു ജയിച്ചിരുന്നതിനാല്‍, സന്നദ് എടുത്ത് ചങ്ങനാശ്ശേരി മജിസ്ട്രേറ്റ് കോടതിയില്‍ വക്കീലായി പ്രാക്ടീസുചെയ്ത അദ്ദേഹം അഭിഭാഷകവൃത്തിയിലും പേരെടുത്തു. തുടര്‍ന്ന് പെരുന്ന കരയോഗ ഉദ്ഘാടനം, ചങ്ങനാശ്ശേരി നായര്‍സമാജ രൂപവത്കരണം, നായര്‍ ഭൃത്യജനസംഘ പ്രവര്‍ത്തനാരംഭം ഇങ്ങനെ ഒന്നിനുപിറകേ മറ്റൊന്നായി അദ്ദേഹത്തിന്റെ സമുദായപ്രവര്‍ത്തനമണ്ഡലം കൂടുതല്‍ വിപുലമായി. 1914 ഒക്ടോബര്‍ 31-ന് നായര്‍സമുദായ ഭൃത്യജനസംഘം രൂപവത്കരിച്ച് അധികം കഴിയുന്നതിനുമുമ്പ് അതിന്റെ നാമധേയം നായര്‍ സര്‍വീസ് സൊസൈറ്റി എന്നാക്കുകയും പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തുകയും ചെയ്തു. സൊസൈറ്റിയുടെ ആദ്യ സെക്രട്ടറിയായി അദ്ദേഹത്തെ തിരഞ്ഞെടുത്തു.

1924-ല്‍നടന്ന ചരിത്രപ്രസിദ്ധമായ വൈക്കം സത്യാഗ്രഹം, അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ വൈക്കത്തുനിന്ന് കാല്‍നടയായി രാജധാനിയിലേക്കു പുറപ്പെട്ട സവര്‍ണജാഥ, ഗുരുവായൂര്‍ സത്യാഗ്രഹം തുടങ്ങിയവ അദ്ദേഹത്തിന്റെ സംഘടനാചാതുരിയെയും നേതൃപാടവത്തെയും പ്രക്ഷോഭ വൈദഗ്ധ്യത്തെയും വെളിപ്പെടുത്തുന്ന സംഭവങ്ങളാണ്. 1914 ഒക്ടോബര്‍ 31മുതല്‍ 1945 ഓഗസ്റ്റ് 17വരെ 31 വര്‍ഷം എന്‍.എസ്.എസിന്റെ ജനറല്‍ സെക്രട്ടറിയായിരുന്നു. പിന്നീട് മൂന്നുവര്‍ഷം പ്രസിഡന്റായി.

1947-ല്‍ സംഘടനയുമായുള്ള ഓദ്യോഗികബന്ധങ്ങള്‍ വേര്‍പെടുത്തി സ്റ്റേറ്റ് കോണ്‍ഗ്രസിനും ഉത്തരവാദഭരണപ്രക്ഷോഭത്തിനും നേതൃത്വം നല്‍കി. മുതുകുളത്തുചേര്‍ന്ന സ്റ്റേറ്റ് കോണ്‍ഗ്രസ് യോഗത്തില്‍ചെയ്ത പ്രസംഗത്തെത്തുടര്‍ന്ന് അദ്ദേഹത്തിന് ജയില്‍വാസം അനുഭവിക്കേണ്ടിവന്നു. രണ്ടരമാസത്തിനുശേഷം അദ്ദേഹം ജയില്‍മോചിതനായി. പ്രായപൂര്‍ത്തി വോട്ടവകാശപ്രകാരം തിരുവിതാംകൂറില്‍ ആദ്യമായിനടന്ന തിരഞ്ഞെടുപ്പില്‍ പത്തനംതിട്ട നിയോജകമണ്ഡലത്തില്‍നിന്ന് വിജയിച്ച് അദ്ദേഹം നിയമസഭാസാമാജികനായി.

1949 ഓഗസ്റ്റില്‍ ആദ്യമായി രൂപവത്കരിച്ച തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പ്രസിഡന്റായി. തുടര്‍ന്ന്, പത്തുകൊല്ലം സജീവരാഷ്ട്രീയത്തില്‍ പ്രവേശിക്കാതെ സാമൂഹികപ്രവര്‍ത്തനങ്ങളിലും എന്‍.എസ്.എസിന്റെ വളര്‍ച്ചയിലും ബദ്ധശ്രദ്ധനായി. തിരുക്കൊച്ചി സംസ്ഥാനവും അനന്തരം, കേരള സംസ്ഥാനവും രൂപംപ്രാപിച്ചപ്പോള്‍ കോണ്‍ഗ്രസ് അദ്ദേഹത്തെ വീണ്ടും ക്ഷണിച്ചെങ്കിലും രാഷ്ട്രീയപ്രവര്‍ത്തനത്തില്‍ അദ്ദേഹം സജീവമായി ഏര്‍പ്പെട്ടില്ല. 1957-ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തോറ്റു. കമ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തില്‍വന്നു. കമ്യൂണിസ്റ്റ് ഭരണത്തില്‍ മനംമടുത്ത് അദ്ദേഹം വിമോചനസമരത്തിന് നേതൃത്വം നല്‍കി. ആ കമ്യൂണിസ്റ്റ് മന്ത്രിസഭ പിരിച്ചുവിടുകയും പ്രസിഡന്റുഭരണം നടപ്പാവുകയും ചെയ്തു. രാഷ്ട്രീയസമരരംഗത്ത് അദ്ഭുതം സൃഷ്ടിച്ച മഹാനായ സേനാനി എന്ന നിലയില്‍ അദ്ദേഹം ലോകപ്രസിദ്ധനായി.

മികച്ച വാഗ്മിയായിരുന്നു അദ്ദേഹം. സരളമായ ഭാഷാശൈലിയും രചനാരീതിയും അദ്ദേഹത്തിന് അധീനമായിരുന്നു. പഞ്ചകല്യാണി നിരൂപണം, ചങ്ങനാശ്ശേരിയുടെ ജീവിതചരിത്ര നിരൂപണം, ഞങ്ങളുടെ എഫ്.എം.എസ്. യാത്ര, എന്റെ ജീവിതസ്മരണകള്‍ എന്നിവ അദ്ദേഹത്തിന്റെ കൃതികളാണ്.

സുദീര്‍ഘവും കര്‍മനിരതവുമായ സേവനത്തില്‍ അഭിമാനംകൊണ്ട സമുദായം 1960-ല്‍ അദ്ദേഹത്തിന്റെ ശതാഭിഷേകം കൊണ്ടാടി. വിശ്രമരഹിതമായ പ്രവര്‍ത്തനങ്ങളില്‍ മുഴുകിയിരിക്കേ, 1970 ഫെബ്രുവരി 25-ന് അദ്ദേഹം ഭൗതികമായി നമ്മില്‍നിന്ന് യാത്രപറഞ്ഞു. എങ്കിലും അദ്ദേഹത്തിന്റെ ആത്മസാന്നിധ്യം ജീവവായുവായി കരുതുന്ന സമുദായവും നായര്‍ സര്‍വീസ് സൊസൈറ്റിയും അതിനായി ക്ഷേത്രമാതൃകയില്‍ത്തന്നെ അദ്ദേഹത്തിന്റെ അന്ത്യവിശ്രമസങ്കേതം സ്ഥാപിച്ച് അദ്ദേഹത്തെ ഈശ്വരതുല്യം ആരാധിക്കുന്നു. ഇന്ന് സര്‍വീസ് സൊസൈറ്റിയുടെ ഏതുനീക്കത്തിനും ആരംഭം കുറിക്കുന്നത് ആ സന്നിധിയില്‍നിന്നാണ്.

സേവനപ്രവര്‍ത്തനങ്ങള്‍ മുഖ്യമായും നായര്‍സമുദായത്തെ കേന്ദ്രീകരിച്ചുള്ളതായിരുന്നെങ്കിലും അതിന്റെ ഗുണഭോക്താക്കള്‍ നാനാജാതിമതസ്ഥരായ ബഹുജനങ്ങളാണെന്ന വസ്തുതയെ അംഗീകരിച്ച് 1966-ല്‍ ഭാരതസര്‍ക്കാര്‍ പദ്മഭൂഷണ്‍ പുരസ്‌കാരം നല്‍കി അദ്ദേഹത്തെ ആദരിച്ചു. കൂടാതെ, 1989-ല്‍ തപാല്‍വകുപ്പ് അദ്ദേഹത്തിന്റെ സ്മാരകമായി സ്റ്റാമ്പ് പ്രസിദ്ധീകരിക്കുകയുംചെയ്തു. വൈകിയാണെങ്കിലും 2014-ല്‍ സംസ്ഥാനസര്‍ക്കാര്‍ അദ്ദേഹത്തിന്റെ ജന്മദിനം പൊതു അവധിയായി പ്രഖ്യാപിച്ചു.

ആ മഹാത്മാവിന്റെ ഓരോ ജന്മദിനവും കേരളത്തിലുടനീളമുള്ള കരയോഗാംഗങ്ങളെയും മറ്റ് അഭ്യുദയകാംക്ഷികളെയും പങ്കെടുപ്പിച്ചുകൊണ്ട് എല്ലാവര്‍ഷവും ജനുവരി ഒന്ന്, രണ്ട് തീയതികളില്‍ നായര്‍ സര്‍വീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ സാഘോഷം കൊണ്ടാടിവരുകയായിരുന്നു. എന്നാല്‍, കോവിഡ് പശ്ചാത്തലത്തില്‍ കഴിഞ്ഞ വര്‍ഷത്തേതുപോലെ ഈവര്‍ഷം ജനുവരി രണ്ടിന് ആചാര്യന്റെ 145-ാമത് ജന്മദിനം ആഘോഷങ്ങള്‍ ഒഴിവാക്കി 'മന്നം ജയന്തി ആചരണ'മായി പെരുന്നയിലെ മന്നം സമാധിമണ്ഡപത്തിലും സംസ്ഥാനമൊട്ടുക്കുള്ള താലൂക്ക് യൂണിയനുകളിലും കരയോഗങ്ങളിലും നടത്തുകയാണ്.

Content Highlights: Mannathu Padmanabhan

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
innocent actor driver vishnu p unnikrishnan about actor loksabha election

1 min

ഡ്രെെവർ വിഷ്ണുവിനോട് ഇന്നസെന്റ് പറയും 'ഓവർടൈം നീയല്ല, ഞാൻ നിശ്ചയിക്കും'

Mar 28, 2023


Finland

1 min

താമസിക്കാന്‍ ആഢംബര വില്ല; പത്ത് പേര്‍ക്ക് സൗജന്യമായി ഫിന്‍ലന്‍ഡ് സന്ദര്‍ശിക്കാന്‍ അവസരം

Mar 28, 2023


Rahul Gandhi

1 min

രാഹുലിനെ അയോഗ്യനാക്കിയ സംഭവം നിരീക്ഷിച്ചു വരുന്നെന്ന് യു.എസ്.

Mar 28, 2023

Most Commented