കൊൽക്കത്തയിലൂടെ ഓടുന്ന ട്രാം. Photo: PTI
റോഡില്‍ ഉറപ്പിച്ച പാളത്തിലൂടെ മണിയടിച്ച് നീങ്ങുന്ന ഒരു 'ചെറു ട്രെയിന്‍'. ട്രാഫിക് സിഗ്നല്‍ അനുസരിക്കും. കൈ കാണിച്ചാല്‍ എവിടെയും നിര്‍ത്തും. കയറേണ്ടവര്‍ക്ക് കയറാം, ഇറങ്ങേണ്ടവര്‍ക്ക് ഇറങ്ങാം. പറഞ്ഞുവരുന്നത് കൊല്‍ക്കത്തയിലെ ട്രാമുകളെക്കുറിച്ചാണ്. തിരക്കേറിയ റോഡില്‍ വാഹനങ്ങള്‍ക്കിടയിലൂടെ സഞ്ചരിക്കുന്ന ട്രാം കൊല്‍ക്കത്തയിലെ ഒരു അപൂര്‍വ കാഴ്ചയാണ്. ഏഷ്യയില്‍ ആദ്യമായി ട്രാം സര്‍വീസ് ആരംഭിച്ച നഗരവും നിലവില്‍ ഈ സംവിധാനം നിലനില്‍ക്കുന്ന ഇന്ത്യയിലെ ഒരേയൊരു നഗരവും ഇതുതന്നെ. അടുത്ത വര്‍ഷം ഫെബ്രുവരിയോടെ കൊല്‍ക്കത്തയിലെ ഐതിഹാസിക ട്രാം സര്‍വീസിന് 150 വര്‍ഷം തികയുകയാണ്.
1873 ഫെബ്രുവരിയില്‍ ഓട്ടം തുടങ്ങിയ ട്രാമിന് പഴമയുടെ കഥകള്‍ ഏറെ പറയാനുണ്ടെങ്കിലും ഒന്നര നൂറ്റാണ്ടിലേക്ക് കടക്കുമ്പോള്‍ അന്നത്തെ പ്രൗഢിയൊന്നുമില്ല. ഒരുകാലത്ത് കൊല്‍ക്കത്തയുടെ ജീവനാഡിയായിരുന്ന ട്രാമുകള്‍ ഇന്ന് വാര്‍ധക്യത്തിലാണ്. അമ്പതിലേറെ റൂട്ടുകളില്‍ സര്‍വീസ് നടത്തിയിരുന്ന ട്രാമുകള്‍ക്ക് ഇന്ന് നഗരത്തിലെ രണ്ട് റൂട്ടുകളില്‍ മാത്രമാണ് സ്ഥിരം സര്‍വീസുള്ളത്. ആകെയുള്ള 257 ട്രാമുകളില്‍ 35 ട്രാമുകള്‍ മാത്രമാണ് ഇപ്പോഴും ഓടുന്നത്. തുരുമ്പെടുത്ത് നശിച്ച നിരവധി ട്രാമുകള്‍ ഇതിനോടകം പാളംവിട്ടു. മതിയായ അറ്റകുറ്റപ്പണിയൊന്നും നടക്കാത്തതിനാല്‍ പഴയ ട്രാമുകളില്‍ പലതും ജീവശ്വാസത്തിനായി പെടാപാടുപെടുകയാണ്.
വൈദ്യുതി നിരക്ക് വര്‍ധിച്ചതും ഉയര്‍ന്ന പരിപാലന ചെലവും മെട്രോ റെയില്‍ ഉള്‍പ്പെടെയുള്ള നൂതന നഗരഗതാഗത സംവിധാനങ്ങളുടെ ആവിര്‍ഭാവവുമാണ് കൊല്‍ക്കത്തയില്‍ ട്രാമുകള്‍ക്ക് വില്ലനായത്. ട്രാമുകളെ ആശ്രയിച്ചിരുന്നവരില്‍ ഭൂരിഭാഗം യാത്രക്കാരും ബദല്‍ ഗതാഗത മാര്‍ഗങ്ങളിലേക്ക് ചുവടുമാറിയിട്ടും പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാരുകള്‍ വലിയ താത്പര്യം കാണിക്കാതിരുന്നതും ട്രാമുകളുടെ നാശത്തിന് ആക്കംകൂട്ടി. നിലവില്‍ വെസ്റ്റ് ബംഗാള്‍ ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷനാണ് (ഡബ്ലു.ബി.ടി.സി) ട്രാം സര്‍വീസിന്റെ മേല്‍നോട്ടം. വലിയ നഷ്ടത്തിലാണെങ്കിലും ചരിത്ര അവശേഷിപ്പുകളുള്ളതിനാലാണ് ട്രാമുകള്‍ ഇന്നും നിലനില്‍ക്കുന്നത്.

യാത്രക്കാര്‍ കുറഞ്ഞു, വേഗവും തിരിച്ചടി
രൂപത്തില്‍ ചെറുതീവണ്ടിയെന്ന് വിശേഷിപ്പിക്കാമെങ്കിലും പാളത്തിലൂടെ ഓടുന്നു എന്നതല്ലാതെ തീവണ്ടിയുമായി വലിയ സാമ്യമൊന്നും ട്രാമുകള്ക്കില്ല. വേഗതയാണ് പ്രധാന പ്രശ്നം. അതിവേഗ ഗതാഗത മാര്‍ഗത്തിലേക്ക് ആളുകള്‍ ചുവടുമാറിയതൊന്നും ഇനിയും ട്രാം അറിഞ്ഞിട്ടില്ല, അല്ലെങ്കില്‍ അറിഞ്ഞ മട്ടില്ല. ഒച്ച് ഇഴയുന്ന വേഗത്തിലാണ് അവയുടെ സഞ്ചാരം. വാഹനങ്ങള്‍ നിറഞ്ഞ റോഡിലാണെങ്കിലും തിരക്കൊഴിഞ്ഞ റോഡിലാണെങ്കിലും ഒരു മിനിമം വേഗതയില്‍ മാത്രമേ പുള്ളിക്കാരന് സഞ്ചരിക്കു. ആഗ്രഹമുണ്ടെങ്കിലും വേഗത കൂട്ടാനുള്ള സാങ്കേതിക വഴിയൊന്നും വാഹനത്തില്ലാത്തതാണ് പ്രശ്നം.
പല വിദേശ രാജ്യങ്ങളിലും മെട്രോയ്ക്ക് സമാനമായ സൗകര്യങ്ങളിലേക്ക് ട്രാമുകള്‍ ചുവടുമാറി. എന്നാല്‍ കൊല്‍ക്കത്തയിലെ ട്രാമുകള്‍ക്ക് 150 വര്‍ഷം മുമ്പുള്ള അതേ അവസ്ഥയാണ്. കെട്ടിലും മട്ടിലും ചെറിയ ചില മാറ്റം ഒഴികെ വലിയ മാറ്റമൊന്നും ട്രാമുകള്ക്കില്ല. ലക്ഷ്യസ്ഥാനത്തെത്താന്‍ വേഗമേറിയ മറ്റു ഗതാഗത സംവിധാനങ്ങളുള്ള നാട്ടില്‍ ഇഴഞ്ഞുനീങ്ങുന്ന ട്രാമുകളില്‍ കയറാന്‍ ആളുകള്‍ മടിക്കുന്നത് സ്വാഭാവികമാണ്. ട്രാമില്‍ കയറി വിലപ്പെട്ട സമയം വെറുതേ കളയുന്നത് എന്തിനാണ് ആളുകള്‍ ചിന്തിച്ചാല്‍ അവരെ കുറ്റം പറയാനുമാകില്ല. ഭൂരിഭാഗം യാത്രക്കാരും ട്രാമിനെ കൈവിട്ടെങ്കിലും കുറഞ്ഞ ചെലവില്‍ യാത്ര സാധ്യമാകും എന്നുള്ളതുകൊണ്ട് മാത്രം ഇന്നും ട്രാമിനെ ആശ്രയിക്കുന്ന ചെറിയൊരു വിഭാഗം യാത്രക്കാരുണ്ട്.
.jpg?$p=8a7b7b1&&q=0.8)
നാള്‍ക്കുനാള്‍ യാത്രക്കാരുടെ എണ്ണം കുറഞ്ഞുവരുകയാണെങ്കിലും കൊല്‍ക്കത്തയ്ക്ക് പുറത്തുള്ളവര്‍ക്കും ആ നാട്ടിലേക്ക് വിനോദ സഞ്ചാരത്തിന് എത്തുന്നവര്‍ക്കും ട്രാം ഇന്നും മടുപ്പില്ലാത്ത മികച്ചൊരു അനുഭവമാണ്. ട്രാമില്‍ കയറി ഒരു സവാരി നടത്തണമെന്ന് ആഗ്രഹിക്കാത്തവരില്ല. ട്രാമില്‍ കയറാതെ ആ നഗരത്തിലൂടെയുള്ള സഞ്ചാരികളുടെ യാത്ര പൂര്ണതയിലെത്തുകയുമില്ല. നിരത്തുകളിലൂടെ പതിയെ നീങ്ങുന്ന ട്രാമില്‍ നഗരക്കാഴ്ചകളും കണ്ടങ്ങനെ ആസ്വദിച്ചിരിക്കാന്‍ ഇഷ്ടപ്പെടുന്ന സഞ്ചാരികള്‍ ഏറെയാണ്. വിനോദ സഞ്ചാരികളെ ലക്ഷ്യമിട്ട് എ.സി ട്രാമുകളും നേരത്തെ സര്‍വീസ് ആരംഭിച്ചിരുന്നു. എന്നാല്‍ അതും ഇതുവരെ ക്ലച്ച് പിടിച്ചിട്ടില്ല.
ആറ് രൂപയാണ് ട്രാമിലെ അടിസ്ഥാന നിരക്ക്. ഇപ്പോഴും കൊല്‍ക്കത്തയില്‍ ഏറ്റവും ചെലവ് കുറഞ്ഞ ഗതാഗത ഉപാധി ട്രാം തന്നെയാണ്. രണ്ട് ക്യാബിനാണ് ട്രാമിനുള്ളത്. മുന്നിലുള്ള ക്യാബിന് ഫസ്റ്റ് ക്ലാസും പിന്നിലേത് സെക്കന്‍ഡ് ക്ലാസും. എന്നാല്‍ 2013ഓടെ ഈ ക്ലാസ് വേര്‍തിരിവ് അവസാനിപ്പിച്ച് രണ്ട് ക്യാബിനിലും ഒരേ നിരക്കായി. ഒറ്റ ക്യാബിന് മാത്രമുള്ള ട്രാമുകളും ഇന്ന് സര്‍വീസ് നടത്തുന്നുണ്ട്.

കുതിരകളില്‍ തുടങ്ങി, ട്രാമുകളുടെ ചരിത്രം
19-ാം നൂറ്റാണ്ടിന്റെ അവസാന കാലത്ത് ബ്രിട്ടണിലാണ് ആദ്യമായി ട്രാമുകള്‍ സര്‍വീസ് ആരംഭിച്ചത്. അക്കാലത്ത് കുതികള്‍ വലിച്ചിരുന്ന ട്രാമുകളാണ് ഉണ്ടായിരുന്നത്. ചെറിയ ദൂരത്തിലായിരുന്നു സര്‍വീസ്. അധികം വൈകാതെ കുതിരകള്‍ക്ക് വിശ്രമം നല്കി ആവി എന്‍ജിനില്‍ പ്രവര്‍ത്തിക്കുന്ന ട്രാമുകളും കടന്നുവന്നു. 20-ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഇലക്ട്രിക് കരുത്തിലോടുന്ന ട്രാമുകളും എത്തി. ഇതോടെ പല നഗരങ്ങളും ട്രാമുകള്‍ക്ക് വഴിതുറുന്നു. പ്രധാന ഗതാഗത മാര്‍ഗമായി ട്രാം മാറി. തുടക്കത്തില്‍ ഇന്ത്യയിലും ട്രാമുകള്‍ക്ക് സ്വീകാര്യത ലഭിച്ചു. ട്രാം കാര്‍, സ്ട്രീറ്റ് കാര്‍ തുടങ്ങിയ പേരുകളിലും ട്രാമുകള്‍ അറിയപ്പെടുന്നു.
.jpg?$p=1990e2a&&q=0.8)
ഓസ്ട്രേലിയ, ബെല്‍ജിയം, ജര്‍മ്മനി, ഓസ്ട്രിയ തുടങ്ങിയ രാജ്യങ്ങളിലാണ് ഇന്നും വലിയ ട്രാം സംവിധാനം നിലനില്‍ക്കുന്നത്. ഇന്ത്യയില്‍ കൊല്‍ക്കത്തയ്ക്ക് പുറമേ ഡല്‍ഹി, മുംബൈ, നാസിക്, ചെന്നൈ, കാണ്‍പൂര്‍, പാറ്റ്ന, ഭാവ്നഗര്‍ എന്നിവിടങ്ങളിലും ട്രാം ഗതാഗതം നിലവിലുണ്ടായിരുന്നു. 1960കളോടെ ഈ നഗരങ്ങളിലെല്ലാം ട്രാം കാലയവനികയില്‍ മറഞ്ഞു. സാമ്പത്തിക പ്രതിസന്ധിയും യാത്രക്കാര്‍ ഗണ്യമായി കുറഞ്ഞതും മറ്റു വാഹനങ്ങളുടെ കടന്നുവരവുമാണ് അവിടെയും ട്രാമിന് വിലങ്ങുതടിയായത്. എന്നാല്‍ കൊല്‍ക്കത്തയിലെ ട്രാമുകള്‍ മാത്രം കാലത്തെ അതിജീവിച്ചും പിടിച്ചുനിന്നു. എന്നാല്‍ അവിടേയും ഇന്ന് പ്രതിസന്ധി രൂക്ഷമാണ്.
.jpg?$p=1990e2a&&q=0.8)
കൊല്‍ക്കത്തയെ നെഞ്ചേറ്റിയ ട്രാം
കൊല്‍ക്കത്തയുടെ സംസ്ക്കാരത്തിന്റെയും ചരിത്രത്തിന്റെയും ഒഴിച്ചുകൂടാനാകാത്ത ഒരേടാണ് ട്രാം. 1873 ഫെബ്രുവരി 24 മുതലാണ് ട്രാമുകള്‍ കൊല്‍ക്കത്തയില്‍ ഓട്ടം തുടങ്ങിയത്. അന്ന് 'കുതിര ശക്തി'യിലായിരുന്നു സവാരി. സീല്‍ദാ മുതല്‍ ആര്‍മേനിയന്‍ ഘട്ട് സ്ട്രീറ്റ് വരെ 3.9 കിലോമീറ്റര്‍ ദൂരത്തില്‍ കുതിരകള്‍ കെട്ടിവലിച്ച് കൊണ്ടുപോകുന്ന കുഞ്ഞു ക്യാബിനായിരുന്നു ആദ്യ ട്രാം. എന്നാല്‍ താല്‍ക്കാലിക സംവിധാനം എന്ന നിലയില്‍ തുടങ്ങിയ ആ സര്‍വീസ് 1873 നവംബര്‍ 20 വരെ മാത്രമേ നീണ്ടുനിന്നുള്ളു. ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം കൊല്‍ക്കത്ത ട്രാംവേ കമ്പനിക്ക് കീഴില്‍ 1880 നവംബര്‍ ഒന്ന് മുതല്‍ സ്ഥിരം സംവിധാനമായി കുതിര ട്രാമുകള്‍ വീണ്ടുമെത്തി.
പിന്നീട് വന്ന ആവി എന്‍ജിനും ട്രാം ഗതാഗതത്തിന് കരുത്തേകി. 1883ല്‍ ഖിഡിര്പുരിലേക്കായിരുന്നു ആദ്യ ആവി എന്ജിന് ട്രാം സര്‍വീസ്. രണ്ട് പതിറ്റാണ്ടിന് ശേഷം ഇലക്ട്രിക് ട്രാം കൂടി നിരത്തിലെത്തിയതോടെ ട്രാം സംവിധാനത്തില്‍ വലിയ കുതിച്ചുചാട്ടമുണ്ടായി. 1902 മാര്‍ച്ച് 27ന് എസ്പ്ലനേഡില് നിന്ന് കിദര്പുരിലേക്കായിരുന്നു കൊല്‍ക്കത്തയിലെ ആദ്യത്തേയും ഇന്ത്യയിലെ രണ്ടാമത്തേയും ഇലക്ട്രിക് ട്രാം സര്‍വീസ്. (മദ്രാസില്‍ നേരത്തെ ഇലക്ട്രിക് ട്രാം സര്‍വീസ് തുടങ്ങിയിരുന്നു). ഇലക്ട്രിക് ട്രാം ജനപ്രിയമായതോടെ കൊല്‍ക്കത്തയുടെ മുഖച്ഛായ തന്നെ മാറി. ഇരട്ട നഗരങ്ങളായ കൊല്‍ക്കത്തയേയും ഹൗറയെയും ബന്ധിപ്പിക്കുന്ന തലത്തിലേക്ക് ട്രാമിന്റെ സേവനം ഉയര്‍ന്നു. അക്കാലത്ത് കൊല്‍ക്കത്തയുടെ നഗരവികസനത്തിലും ട്രാമുകള്‍ നിര്‍ണായക പങ്കുവഹിച്ചു.

ട്രാഫിക്ക് ബ്ലോക്കിനും പഴി ട്രാമിന്
1930കളോടെയാണ് ലോകത്താകമാനം ട്രാം സര്‍വീസുകളുടെ പ്രീതി കുറഞ്ഞുവന്നത്. മറ്റു ഗതാഗത സംവിധാനങ്ങളുടെ കടന്നുവരവോടെ ട്രാമുകള്‍ കാലഹരണപ്പെട്ടുവെന്ന് ലോകമാകെ ചിന്തിച്ചുതുടങ്ങി. നിരത്തുകളില്‍ വാഹനങ്ങളുടെ എണ്ണം കൂടിയതോടെ ചെറിയ തെരുവുകളിലൂടെ ട്രാമുകള്‍ക്ക് യാത്ര അസാധ്യമായി മാറി. പലയിടത്തും ഗതാഗതക്കുരുക്ക് നിത്യസംഭവമായി. യാത്രക്കാരും പതിയെ കൈവിട്ട് തുടങ്ങിയതോടെ ട്രാമുകള്‍ അടച്ചുപൂട്ടുന്നതിലേക്കെത്തി കാര്യങ്ങള്‍. 1933-ല്‍ കാണ്‍പൂര്‍ ട്രാം സര്‍വീസിന് പൂട്ടുവീണു. പ്രതിസന്ധികളില്‍ പിടിച്ചുനില്‍ക്കാനാകാതെ 50കള്‍ക്കും 60കള്‍ക്കും മധ്യേ നാസിക്, ചെന്നൈ, ഡല്‍ഹി, മുംബൈ, ഭാവ്നഗര്‍ ട്രാമുകളും അടച്ചുപൂട്ടേണ്ടി വന്നു.
മെട്രോ വിപുലീകരണം ഉള്‍പ്പെടെയുള്ള കാരണങ്ങളാല്‍ കൊല്‍ക്കത്തയിലും നിരവധി ട്രാം റൂട്ടുകള്‍ക്ക് പൂട്ടുവീണു. യാത്രക്കാര്‍ കുറഞ്ഞതോടെ 1990കളോടെ ട്രാമിന്റെ നഷ്ടം ക്രമാധീതമായി വര്‍ധിച്ചു. നഷ്ടം മറികടക്കാന്‍ ട്രാം റൂട്ടുകളില്‍ സര്‍ക്കാര്‍ ബസുകള്‍ ഇറക്കി. ചില ട്രാം ഡിപ്പോ നിലനിന്നിരുന്ന സ്ഥലങ്ങള്‍ വിറ്റു. ചിലത് ബസ് ഡിപ്പോകളാക്കിയും മാറ്റി. പ്രതിസന്ധി അതുകൊണ്ടൊന്നും തീര്‍ന്നില്ല. 2018 ആയപ്പോഴേക്കും ട്രാമുകളുടെ എണ്ണം 40 ആയി കുറഞ്ഞു. യാത്രക്കാരുടെ എണ്ണം 75000ത്തില്‍ നിന്ന് 15000ത്തിലേക്കുമെത്തി. വരുമാനവും വന്‍തോതില്‍ ഇടിഞ്ഞു. 2011ല്‍ ട്രാം സര്‍വീസിനായി സംസ്ഥാന സര്‍ക്കാര്‍ അഞ്ച് കോടി അനുവദിച്ച സ്ഥാനത്ത് 2018ല്‍ 25 ലക്ഷം മാത്രമേ അനുവദിച്ചുള്ളു. പിന്നീടുള്ള വര്‍ഷങ്ങളിലും ഈ തുക കുറഞ്ഞു. ട്രാം റൂട്ടുകള്‍ ഒറ്റ അക്കത്തിലേക്കെത്തിയതോടെ ഒരുകാലത്ത് നിരത്തുകളില്‍ പ്രതാപശാലികളായിരുന്ന ട്രാമുകളുടെ സാന്നിധ്യം നന്നേ കുറഞ്ഞു.
ട്രാം സര്‍വീസ്, അവ നിലനിന്നിരുന്ന കാലഘട്ടവും പട്ടികയില്‍
കൊല്‍ക്കത്ത | 1873 | തുടരുന്നു |
മുംബൈ | 1874 | 1964 |
നാസിക്ക് | 1889 | 1933 |
ചെന്നൈ | 1895 | 1953 |
കാണ്‍പൂര്‍ | 1907 | 1933 |
ഡല്‍ഹി | 1908 | 1963 |
ഭാവ്നഗര്‍ | 1926 | 1960 |
പത്തൊമ്പതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ കേരളത്തിലും ട്രാം സര്‍വീസ് നിലവിലുണ്ടായിരുന്നു. എന്നാല്‍ മറ്റു സംസ്ഥാനങ്ങളിലേത് പോലെ യാത്രക്കാരെ ലക്ഷ്യമിട്ടായിരുന്നില്ല കേരളത്തിലെ ട്രാം സര്‍വീസ്. പാലക്കാട്ടെ പറമ്പിക്കുളം വന്യജീവി സങ്കേതത്തില്‍ നിന്നും തൃശ്ശൂരിലെ ചാലക്കുടിയിലേക്കായിരുന്നു ട്രാം പാത. പറമ്പിക്കുളം വനമേഖലയിലെ ഈട്ടിയും തേക്കും എളുപ്പത്തില്‍ കൊണ്ടുവരാനായി പഴയ കൊച്ചി നാട്ടുരാജ്യമാണ് ഇവിടെ ട്രാം സ്ഥാപിച്ചത്. 1907 മുതല്‍ 1963 വരെ കൊച്ചിന് സ്റ്റേറ്റ് ഫോറസ്റ്റ് ട്രാംവേ എന്ന കമ്പനിയാണ് ഇവിടെ ട്രാം സര്‍വീസ് നടത്തിയിരുന്നത്. 80 കിലോമീറ്ററോളം ദൂരത്തിലുള്ള ആ ട്രാം പാത പിന്നീട് ഓര്‍മയില്‍ അവശേഷിച്ചു.
.jpg?$p=8a7b7b1&&q=0.8)
ട്രാമുകള്‍ നിരത്തൊഴിയില്ല, പ്രതീക്ഷയ്ക്ക് വകയുണ്ട്
പ്രതിസന്ധി രൂക്ഷമായതോടെ കൊല്‍ക്കത്തയിലും ട്രാം സര്‍വീസ് പൂര്‍ണമായും നിര്‍ത്താന്‍ പലവട്ടം ചര്‍ച്ചകള്‍ നടന്നിരുന്നു. എന്നാല്‍ ട്രാമുമായി വല്ലാത്ത ഹൃദയബന്ധമുള്ള കൊല്‍ക്കത്തക്കാര്‍ക്ക് ആ നീക്കത്തോട് യോജിപ്പില്ല. ട്രാമിനെ പുനുരുജ്ജീവിപ്പിക്കാന്‍ കൊല്‍ക്കത്ത ട്രാം യൂസേഴ്സ് അസോസിയേഷന് എന്ന കൂട്ടായ്മയും നിരന്തര പോരാട്ടവുമായി രംഗത്തുണ്ട്. അടുത്ത കാലത്തായി നിര്‍ത്തിവെച്ച പല റൂട്ടുകളിലും സര്‍വീസ് പുനരാരംഭിക്കണമെന്നാണ് ഇവരുടെ ആവശ്യം. കൊല്‍ക്കത്തയുടെ ചരിത്രത്തെ തന്നെ അടയാളപ്പെടുന്ന സുപ്രധാന ഏടായതിനാല്‍ ട്രാമുകളെ പൂര്‍ണമായും കൈവിടാന്‍ സര്‍ക്കാരിനും സാധിച്ചിട്ടില്ല.
ഇന്ധന വില കുതിച്ചുയരുന്ന ഇക്കാലത്ത് ചെലവ് കുറഞ്ഞതും മലിനീകരണമില്ലാത്ത പരിസ്ഥിതി സൗഹൃദ ഗതാഗത മാര്‍ഗമായ ട്രാമിന് സര്‍ക്കാര്‍ കൂടുതല്‍ പ്രധാന്യം നല്‍കണമെന്നാണ് പലരുടേയും ആവശ്യം. 150-ാം വര്‍ഷത്തിലേക്ക് കടക്കുന്ന വേളയില്‍ ട്രാമുകള്‍ നിരത്തൊഴിയില്ലെന്ന വാര്‍ത്തകളും പുറത്തുവരുന്നുണ്ട്. ട്രാമുകള്‍ റോഡില്‍നിന്ന് പോകില്ലെന്ന് കൊല്‍ക്കത്ത ഗതാഗതമന്ത്രി സ്നേഹാഷിസ് ചക്രവര്‍ത്തിയും അടുത്തിടെ വ്യക്തമാക്കിയിരുന്നു. സര്‍ക്കാര്‍ ട്രാം സര്‍വീസ് പുനക്രമീകരിച്ച് പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നാണ് വിവരം. ഇതോടെ ട്രാമുകള്‍ പഴയ പ്രതാപത്തിലേക്ക് തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് ട്രാം പ്രേമികള്‍.
Content Highlights: future of kolkata tram and its history
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..