നിത്യാനന്ദ, നിത്യാനന്ദയുടെ പ്രതിനിധി മാ വിജയപ്രിയ യു.എൻ. യോഗത്തിൽ | Photo: PTI Photo and twitter.com/SriNithyananda
ഐക്യരാഷ്ട്ര സഭയുടെ യോഗത്തില്‍ ഒരു അപ്രതീക്ഷിത പ്രതിനിധി പങ്കെടുത്തത് ലോകത്തെയാകെ ഞെട്ടിച്ചിരുന്നു. രാജ്യസ്ഥാപകനായ നിത്യാനന്ദയെ മാതൃരാജ്യമായ ഇന്ത്യ വേട്ടയാടുന്നുവെന്ന പരാതിയുമായി സാങ്കല്‍പിക രാജ്യമായ 'യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് കൈലാസ'യുടെ പ്രതിനിധി മാ വിജയപ്രിയ നിത്യാനന്ദ എന്ന വനിതയാണ് ഐക്യരാഷ്ട്ര സഭയുടെ യോഗത്തില്‍ പങ്കെടുത്തത്. നിത്യാനന്ദ ഹിന്ദുമതത്തിലെ പരമാചാര്യനാണെന്നും അദ്ദേഹത്തെ ഇന്ത്യ പീഡിപ്പിക്കുന്നുവെന്നുമാണ് യോഗത്തില്‍ മാ വിജയപ്രിയ നിത്യാനന്ദ ആരോപിച്ചത്. മാ വിജയപ്രിയ കൈലാസത്തില്‍ നിന്നുള്ള സ്ഥിരം അംബാസഡര്‍ എന്നാണ് അവകാശപ്പെട്ടത്. ഫെബ്രുവരി 22-നും 24-നും ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തില്‍ നടന്ന സാമ്പത്തിക, സാംസ്‌കാരിക അവകാശങ്ങള്‍ക്കായുള്ള (സി.ഇ.എസ്.ആര്‍.) യോഗത്തിലാണ് കൈലാസയുടെ പ്രതിനിധിയായി മാ വിജയപ്രിയ നിത്യാനന്ദ പങ്കെടുത്തത്.
വിവാദങ്ങളുടെ തോഴനാണ് സ്വാമി നിത്യാനന്ദ. ബലാത്സംഗം ഉള്‍പ്പെടെയുള്ള കുറ്റങ്ങളില്‍ പ്രതിയായ തമിഴ്‌നാട് സ്വദേശി നിത്യാനന്ദ 2019 നവംബറിലാണ് ഇന്ത്യയില്‍നിന്ന് അപ്രത്യക്ഷനാകുന്നത്. ബലാല്‍സംഗവും പോക്‌സോയും ഉള്‍പ്പെടെയുള്ള കേസുകളുടെ ഘോഷയാത്രയ്ക്കിടെയാണ് ഇടക്കാല ജാമ്യമെടുത്താണ് നിത്യാനന്ദ രാജ്യം വിട്ടത്. പിന്നീട് ഈ ആള്‍ദൈവത്തെ ആരും നേരിട്ട് കണ്ടിട്ടില്ല. എന്നാല്‍, വെര്‍ച്വല്‍ ലോകത്ത് നിത്യാനന്ദ ഇടക്കിടെ പ്രത്യക്ഷപ്പെറുണ്ട്. സ്വന്തമായി ഒരു രാജ്യം- 'കൈലാസ' -സൃഷ്ടിച്ചുവെന്ന വാര്‍ത്തകള്‍ ഇതിനിടെ പുറത്തുവന്നു. കൈലാസയില്‍ റിസര്‍വ് ബാങ്ക് സ്ഥാപിച്ചുവെന്നും അവിടെ സ്വര്‍ണത്തിന്റെ നോട്ടുകളാണ് ഉപയോഗിക്കുന്നതെന്നുമുള്ള വാര്‍ത്തകളും പിന്നാലെ എത്തി. ലോകത്തിലെ ഏറ്റവും മഹത്തായ ഹിന്ദു രാഷ്ട്രമെന്ന പേരില്‍ കൈലാസത്തിന്റെ പേരില്‍ കൊടിയും ചിഹ്നവും പുറത്തിറക്കി.
എന്നാല്‍, നിത്യാനന്ദ എവിടെയാണെന്ന് മാത്രം ആര്‍ക്കും അറിയില്ല. അയാള്‍ സ്ഥാപിച്ച സാങ്കല്പിക രാഷ്ട്രം എവിടെയാണെന്നതിനേക്കുറിച്ചും വ്യക്തമായ ധാരണകളില്ല. ഇക്വഡോറിനു സമീപമുള്ള ദ്വീപിലാണ് 'കൈലാസ റിപ്പബ്ലിക്' സ്ഥാപിച്ചന്നാണ് തുടക്കത്തില്‍ കരുതിയിരുന്നത്. എന്നാല്‍, അതല്ല കരീബിയന്‍ ദ്വീപസമൂഹങ്ങളിലെ ഒരു ദ്വീപാണെന്നും വാദമുണ്ട്. നിത്യാനന്ദയുടെ പേരില്‍ ഇന്ത്യയില്‍ അറസ്റ്റ് വാറന്റ് നിലനില്‍ക്കുകയും ഇന്‍ര്‍പോള്‍ അടക്കം നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തിട്ടുണ്ട്. ഇതിനിടെയാണ് രാജ്യത്തിന്റെ പ്രതിനിധി എന്നവകാശപ്പെട്ടുകൊണ്ട് ഒരു സംഘം യു.എന്നിന്റെ നേതൃത്വത്തില്‍ നടന്ന സമ്മേളനത്തില്‍ പങ്കെടുത്തത്. യു.എന്നിന്റെ നേതൃത്വത്തില്‍ നടന്ന രണ്ടുയോഗങ്ങളിലാണ് നിത്യാനന്ദയുടെ പ്രതിനിധി പങ്കെടുത്തത്. മനുഷ്യാവകാശപ്രവര്‍ത്തകരും മുന്‍ ഭരണാധികാരികളുമടക്കം പങ്കെടുത്ത യോഗത്തിലാണ് വിജയപ്രിയ പങ്കെടുത്തതെന്നതാണ് വിഷയത്തെ അന്താരാഷ്ട്ര ശ്രദ്ധയില്‍ കൊണ്ടുവന്നത്.
ആരാണ് നിത്യാനന്ദ ?
ഇന്ത്യയില്‍നിന്ന് ഒളിച്ചോടി 'സ്വന്തം രാജ്യം' പ്രഖ്യാപിച്ച വിവാദ ആള്‍ദൈവമാണ് നിത്യാനന്ദ. പോക്‌സോ അടക്കമുള്ള കേസുകളില്‍ പ്രതിയായ നിത്യാനന്ദ 2019 മുതല്‍ പിടികിട്ടാപ്പുള്ളിയാണ്. സമൂഹമാധ്യമങ്ങളില്‍ക്കൂടി മണ്ടത്തരം മാത്രം പറയുന്ന കോമാളി സന്ന്യാസി എന്നതായിരുന്നു ഒരു കാലത്ത് നിത്യാനന്ദയുടെ ഇമേജ്. എന്നാല്‍, അതിനപ്പുറം ആരെയും അമ്പരപ്പിക്കുന്ന തരത്തില്‍ ക്രൂരകൃത്യങ്ങള്‍ ചെയ്തുകൂട്ടിയ കുറ്റവാളി കൂടിയാണ് അയാള്‍. അതിനായി ആശ്രമത്തിന്റേയും സന്ന്യാസത്തിന്റെയും മറ അയാള്‍ അതിസമര്‍ത്ഥമായി ഉപയോഗപ്പെടുത്തി. ആശ്രമത്തേയും അനുയായികളേയും അതിനായി രംഗത്തിറക്കി.
തമിഴ്‌നാട്ടിലെ തിരുവണ്ണാമലൈ ക്ഷേത്രപരിസരത്ത് ഭിക്ഷയെടുത്ത് ജീവിച്ചിരുന്ന ഒരു സാധാരണ സന്ന്യാസിയില്‍നിന്ന് നിത്യാനന്ദ എന്ന ശക്തനായ ആള്‍ദൈവത്തിലേയ്ക്കുള്ള വളര്‍ച്ചയ്ക്ക് ഒരുപാട് കഥകള്‍ പറയാനുണ്ട്. അത്ഭുത പ്രവര്‍ത്തനങ്ങളുടേയും തട്ടിപ്പുകളുടെയും കുറ്റകൃത്യങ്ങളുടെയും സംഭവബഹുലമായ കഥകള്‍. 2000-ലാണ് നിത്യാനന്ദ ആദ്യത്തെ ആശ്രമം തുടങ്ങുന്നത്. അതിന് മുമ്പു തന്നെ വാര്‍ത്തകളുടെ ശ്രദ്ധാകേന്ദ്രമായിരുന്നു അയാള്‍. പിന്നീട് ഏതാനും വര്‍ഷങ്ങള്‍കൊണ്ട് അമ്പരപ്പിക്കുന്ന വളര്‍ച്ച. രാജ്യത്തിനകത്തും പുറത്തും ആശ്രമങ്ങള്‍. അനുയായികളുടെ വലിയ നിര. ലക്ഷക്കണക്കിന് വിശ്വാസികള്‍. കോടിക്കണക്കിന് രൂപയുടെ സമ്പാദ്യം. കണ്ണടച്ച് തുറക്കും വേഗത്തിലായിരുന്നു ഈ വളര്‍ച്ച.
%20(2).jpg?$p=c744f90&&q=0.8)
തിരുവണ്ണാമലൈയില്‍ ജനനം
തമിഴ്‌നാട്ടിലെ തിരുവണ്ണാമലൈയ്ക്കടുത്തുള്ള കീഴ്ക്കച്ചിറാപ്പട്ട് എന്ന സ്ഥലത്ത് അരുണാചലത്തിന്റേയും ലോകനായകിയുടേയും മകനായിട്ടായിരുന്നു നിത്യാനന്ദയുടെ ജനനം. അരുണാചലം രാജശേഖരന്‍ എന്നായിരുന്നു അച്ഛനും അമ്മയും നല്‍കിയ പേര്. ജന്മദിനം സംബന്ധിച്ച് ചില ആശയക്കുഴപ്പങ്ങളുണ്ട്. 2003-ല്‍ അമേരിക്കന്‍ വിസയ്ക്കായി നല്‍കിയ രേഖകള്‍ പ്രകാരം ഇത് 1977 മാര്‍ച്ച് 13 ആണ്. എന്നാല്‍ 2010-ല്‍ കര്‍ണാടക കോടതിയല്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ ഇത് 1978 ജനുവരി ഒന്നുമാണ്.ചെറുപ്പം മുതല്‍ ആത്മീയ വിഷയങ്ങളില്‍ വലിയ താല്പര്യമായിരുന്നു രാജശേഖരന്. കൂട്ടുകാരായ മറ്റ് കുട്ടികള്‍ കളികളില്‍ മുഴുകുമ്പോള്‍ ആത്മീയാന്വേഷണങ്ങളിലായിരുന്നു രാജശേഖരന് താല്പര്യം. രാജശേഖരന് സ്‌കൂളില്‍ പോകോനോ വിദ്യാഭ്യാസം നേടാനോ കാര്യമായ താല്പര്യവും ഉണ്ടായിരുന്നില്ല. വിദ്യാഭ്യാസത്തിന് അപ്പുറം സന്ന്യാസത്തിലായിരുന്നു ആ ബാലന് താല്പര്യമുണ്ടായിരുന്നത്. എങ്ങനെയും സന്ന്യാസിയാകണം എന്നതായിരുന്നു ചിന്ത മുഴുവനും. അതിനാല്‍ തന്നെ വീട്ടില്‍ കഴിയുന്നതിനെക്കാള്‍ കൂടുതല്‍ ക്ഷേത്രങ്ങളുടെ പരിസരത്തായിരുന്നു രാജശേഖരന്‍ കഴിച്ചുകൂട്ടിയത്.
ആത്മീയതയ്ക്ക് വലിയ വളക്കൂറുള്ള തിരുവണ്ണാമലൈ അതിന് പറ്റിയ സാഹചര്യവുമായിരുന്നു. അങ്ങനെ പതിനേഴാമത്തെ വയസിലാണ് അദ്ദേഹം വീട് വിട്ട് ഇറങ്ങിപ്പോകുന്നത്. കുറേക്കാലം ഉത്തരേന്ത്യയിലെ ക്ഷേത്രനഗരങ്ങളിലും ഹിമാലയത്തിലും അലഞ്ഞുതിരിഞ്ഞു നടന്നു. ആ യാത്രയ്ക്ക് ഇടയില്‍ കേദാര്‍നാഥില്‍വെച്ചാണ് മഹാവതാര്‍ ബാബാജി എന്ന സിദ്ധനെ കണ്ടുമുട്ടിയെന്നും അദ്ദേഹത്തെ ആത്മീയ ഗുരുവായി സ്വീകരിച്ചുവെന്നുമാണ് നിത്യാനന്ദ പില്‍ക്കാലത്ത് പറഞ്ഞത്. ബാബാജിയാണ് രാജശേഖരന്‍ എന്ന് പേരിന് പകരമായി പരമഹംസ നിത്യാനന്ദ എന്ന് പേര് നല്‍കിയതെന്നാണ് അദ്ദേഹത്തിന്റെ അവകാശവാദം. എന്നാല്‍ 1995-ല്‍ സന്യാസം സ്വീകരിക്കാന്‍ ചെന്നൈയിലെ രാമകൃഷ്ണ മഠത്തില്‍ എത്തിയെന്നും നാലുവര്‍ഷം കൊണ്ട് പഠനം നിര്‍ത്തി മടങ്ങിയെന്നുമുള്ള കഥയുമുണ്ട്. തിരുവണ്ണാമലൈയില്‍ ഒരു ക്ഷേത്രത്തിലെ അന്തേവാസായിയായാണ് നിത്യാനന്ദ തന്റെ ആധ്യാത്മിക ജീവിതത്തിന് തുടക്കം കുറിക്കുന്നത്. അവിടെ പ്രശ്‌നങ്ങള്‍ ഉണ്ടായതോടെയാണ് ക്ഷേത്രം വിട്ട് നിത്യാനന്ദ ഓടിപ്പോകുന്നത്.
മാറിമറിയുന്ന ജീവിതം, ആശ്രമം
ആത്മീയ പ്രഭാഷണവുമായി തെരുവിലേക്ക് ഇറങ്ങിയപ്പോഴാണ് ബെംഗളൂരുവില്‍ വ്യവസായിയായ മുത്തയ്യ ചെട്ടിയാര്‍ നിത്യാനന്ദയുടെ മുന്നില്‍ അവതരിക്കുന്നത്. ബന്ധുവിന്റെ അസുഖത്തേക്കുറിച്ച് ആകുലപ്പെട്ടിരിക്കുമ്പോഴാണ് നിത്യാനന്ദ ചെട്ടിയാരുടെ മുന്നിലെത്തുന്നത്. ചെട്ടിയാരുടെ ബന്ധുവിന്റെ രോഗം സുഖപ്പെടുത്താന്‍ പോയ നിത്യാനന്ദയുടെ ജീവിതം അവിടെ മുതല്‍ മാറിമറിഞ്ഞു. ചെട്ടിയാരുടെ ബന്ധുവിന് വേണ്ടി പ്രാര്‍ഥന നടത്തിയ നിത്യാനന്ദ നേരിട്ട് ചെന്ന് അനുഗ്രഹിച്ചു. നിത്യാനന്ദയുടെ ഭാഗ്യത്തിന് രോഗിയുടെ അസുഖം മാറി. നിത്യാനന്ദയില്‍ വലിയ വിശ്വാസം തോന്നിയ ചെട്ടിയാര്‍ പറഞ്ഞുറപ്പിച്ച പ്രതിഫലത്തിന് പുറമേ വീട്ടില്‍ ചെറിയ രീതിയില്‍ പ്രാര്‍ത്ഥനയ്ക്ക് സൗകര്യം ഉണ്ടാക്കി നല്‍കുകയും ചെയ്തു. ഇവിടെ വെച്ച് നിത്യാനന്ദ പ്രാര്‍ത്ഥിച്ച് നല്‍കിയ പൈനാപ്പിള്‍ കഴിച്ച കുട്ടികളില്ലാതിരുന്ന ഒരു സ്ത്രീ ഗര്‍ഭിണിയായി. നിത്യാനന്ദയെക്കുറിച്ച് തമിഴ് വാരികകളില്‍ ലേഖനങ്ങള്‍ വന്നു. നിത്യാനന്ദയുടെ പേരും പെരുമയും വര്‍ദ്ധിച്ചു. ബെംഗളൂരുവില്‍ ചെറിയൊരു ആശ്രമം സ്ഥാപിച്ചുവെങ്കിലും പിന്നീട് ഉണ്ടായ ചില പ്രശ്‌നങ്ങളേത്തുര്‍ന്ന് നിത്യാനന്ദയ്ക്ക് അവിടം ഉപേക്ഷിച്ച് പോരേണ്ടിവന്നു.
ബെംഗളൂരുവില്‍നിന്ന് രക്ഷപ്പെട്ടെത്തിയ നിത്യാനന്ദ പീന്നീട് ആശ്രമം ആരംഭിക്കുന്നത് തമിഴ്‌നാട്ടിലെ മധുരയിലാണ്. എന്നാല്‍, മധുരയിലെ ആശ്രമവും വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. നാട്ടുകാര്‍ എതിരായതോടെ അവിടവും അയാള്‍ക്ക് ഉപേക്ഷിക്കേണ്ടിവന്നു. നിത്യാനന്ദ തന്റെ ആദ്യത്തെ പ്രധാന ആശ്രമം പണിയുന്നത് ഈറോഡിനടുത്ത് കാവേരിയുടെ കരയിലാണ്. അതിന് ശേഷമാണ് നിത്യാനന്ദയുടെ നല്ല കാലം തെളിയുന്നത്. തമിഴ് മാസികയായ കുമുദത്തില്‍ നിത്യാനന്ദ ഒരു പംക്തി എഴുതിയിരുന്നു. ഇത് തമിഴ്‌നാട്ടില്‍ ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങി. അതോടൊപ്പം ബെംഗളൂരു കേന്ദ്രീകരിച്ചുള്ള ഒരു ലോക്കല്‍ കേബിള്‍ ടിവി ചാനലില്‍ നിത്യാനന്ദയുടെ പരിപാടി സംപ്രേക്ഷണം ചെയ്തിരുന്നു. ഇതിനും ധാരാളം കാഴ്ചക്കാരുണ്ടായിരുന്നു. ഇത് രണ്ടും വലിയ തോതില്‍ ജനശ്രദ്ധ പിടിച്ചുപറ്റിയതോടെ നിത്യാനന്ദയുടെ പ്രശസ്തിയും വര്‍ധിച്ചു. ആശ്രമത്തിലേക്ക് ജനങ്ങളുടെ ഒഴുക്കുണ്ടായി. പിന്നാലെ അയാള്‍ സ്വദേശത്തും വിദേശത്തുമായി ആശ്രമങ്ങള്‍ പണിതു. ഭക്തരുടെ എണ്ണം വര്‍ധിച്ചതോടെ സമ്പത്തും വലിയ അളവില്‍ വര്‍ധിച്ചു. ചുരുങ്ങിയ വര്‍ഷങ്ങള്‍കൊണ്ട് അമ്പരപ്പിക്കുന്ന വളര്‍ച്ചയാണ് നിത്യാനന്ദ കൈവരിച്ചത്.
%20(3).jpg?$p=a20c681&&q=0.8)
ഒന്നിന് പിറകേ ഒന്നായി വിവാദങ്ങള്‍
നിത്യാനന്ദ വാര്‍ത്തകളില്‍ നിറയുന്നത് 2010-ല്‍ പുറത്തിറങ്ങിയ ഒരു അശ്ലീല ദൃശ്യത്തിന്റെ പേരിലാണ്. തെന്നിന്ത്യന്‍ സിനിമകളിലെ സ്ഥിരം സാന്നിധ്യമായിരുന്ന താരസുന്ദരി രഞ്ജിതയുമായുള്ള കിടപ്പറ ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയായിരുന്നു അത്. ഒരു തമിഴ് ചാനലായിരുന്നു നിത്യാനന്ദയും നടിയും തമ്മിലുള്ള അശ്ലീല രംഗങ്ങള്‍ പുറത്തുവിട്ടത്. പിന്നാലെ തമിഴ് വാരിക നക്കീരനും ചിത്രങ്ങള്‍ സഹിതം വാര്‍ത്തകള്‍ പ്രതിദ്ധീകരിച്ചു. ഇതോടെ വിശ്വാസികള്‍ വലിയ പ്രതിഷേധവുമായി രംഗത്തെത്തി. തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളിലുള്ള ആശ്രമങ്ങള്‍ക്ക് നേരെ ആക്രമണം അഴിച്ചുവിട്ട അവര്‍ നിത്യാനന്ദയുടെ പോസ്റ്ററുകളും ചിന്ത്രങ്ങളും നശിപ്പിക്കുകയും ചെയ്തു. എന്നാല്‍, ഇതിനെ തള്ളിപ്പറഞ്ഞുകൊണ്ട് നിത്യാനന്ദയും നടിയും രംഗത്തെത്തി. നിത്യാനന്ദയുടെ ഡ്രൈവറായിരുന്ന ലെനിന്‍ കറുപ്പന്‍ എന്നയാളാണ് ആ വീഡിയോകള്‍ പുറത്തുവിട്ടത്. വീഡിയോ റെക്കോഡ് ചെയ്തത് താനാണെന്നും രഹസ്യമായി സ്ഥാപിച്ച ഒരു കാമറവഴിയാണ് അത് ചെയ്തതെന്നുമാണ് കറുപ്പന്‍ വെളിപ്പെടുത്തിയത്. ആശ്രമത്തില്‍വെച്ച് രണ്ട് യുവതികള്‍ നിരന്തരം ബലാത്സംഗം ചെയ്യപ്പെട്ടിരുന്നുവെന്നും നിത്യാനന്ദയില്‍ നിന്ന് തനിക്ക് ജീവന് ഭീഷണിയുണ്ടെന്നും കാണിച്ച് പോലീസില്‍ പരാതി നല്‍കുകയും ചെയ്തു കറുപ്പന്‍.
നിത്യാനന്ദയ്ക്ക് എതിരേ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. നിത്യാനന്ദ ഒളിവില്‍ പോയെങ്കിലും ഹിമാചല്‍പ്രദേശില്‍ നിന്ന് അദ്ദേഹത്തെ അറസ്റ്റ് ചെയ്തു. വീഡിയോ കെട്ടിച്ചമച്ചതാണെന്ന് നിത്യാനന്ദയും രഞ്ജിതയും കോടതിയില്‍ വാദിച്ചെങ്കിലും ഫോറന്‍സില്‍ ഫലം എതിരായിരുന്നു. കേസില്‍ വിചാരണ ആരംഭിച്ചുവെങ്കിലും അത് എവിടെയും എത്തിയില്ല. ലെനിന്‍ കറുപ്പന്റെ ആരോപങ്ങളെ നിത്യാനന്ദയുടെ ആശ്രമം പ്രതിരോധിക്കുന്നതിനിടയിലാണ് വെളിപ്പെടുത്തലുമായി ശിഷ്യയായിരുന്ന ഒരു യുവതി രംഗത്തെത്തുന്നത്. നാല്‍പതോളം തവണയാണ് നിത്യാനന്ദ ബലാത്സംഗത്തിന് ഇരയാക്കിയെന്ന യുവതിയുടെ വെളിപ്പെടുത്തല്‍ വലിയ ചര്‍ച്ചയായി. ലൈംഗികതയ്ക്കുള്ള സമ്മതപത്രം ഒപ്പിട്ടുവാങ്ങിയ ശേഷം മാത്രമാണു യുവതികളെ ആശ്രമത്തില്‍ പ്രവേശിപ്പിച്ചിരുന്നതെന്ന് യുവതി ആരോപിച്ചു. ആരോടെങ്കിലും അതേപ്പറ്റി പറഞ്ഞാല്‍ കൊന്നുകളയും എന്നായിരുന്നു ഭീഷണിയെന്നും സ്വാമി തന്നെ നിരന്തരം മര്‍ദിച്ചിരുന്നതായും അന്ന് അവര്‍ ആരോപിച്ചിരുന്നു.
താന്ത്രിക് സെക്‌സ് അടക്കമുള്ള സങ്കേതങ്ങളിലൂടെ ആത്മീയവും ശാരീരികവുമായ ഉണര്‍വ് ലഭിക്കുമെന്നായിരുന്നു നിത്യാനന്ദയുടെ അവകാശവാദമെന്നായിരുന്നു യുവതി അന്ന് വെളിപ്പെടുത്തിയത്. ഭക്തരുടെ പൂര്‍ണസമ്മതവും ഇക്കാര്യത്തില്‍ ഉണ്ടെന്നും ലൈംഗികതയില്‍ ഏര്‍പ്പെട്ട ശേഷം പരാതിയുമായി എത്തില്ലെന്ന് ഉറപ്പാക്കലായിരുന്നു ഉടമ്പടിയുടെ ലക്ഷ്യം. പിന്നാലെ ലെനിന്‍ കറുപ്പനും യുവതിയ്ക്കുമെതിരേ രൂക്ഷമായ പ്രത്യാക്രമണമാണ് നിത്യാനന്ദയുടെ അനുയായികള്‍ അഴിച്ചുവിട്ടത്. ഒരുഘട്ടത്തില്‍ ഇവര്‍ക്കെതിരേ വധശ്രമം പോലുമുണ്ടായി. ഈ ഘട്ടത്തിലാണ് തനിക്ക് ലൈംഗികശേഷിയില്ലെന്ന വാദം നിത്യാനന്ദ ഉയര്‍ത്തുന്നത്. കോടതി നിത്യാനന്ദയെ ലൈംഗികശേഷി പരിശേധനയ്ക്ക് വിധേയനാക്കാന്‍ ഉത്തരവിട്ടു. നിത്യാനന്ദ അപ്പീലുമായി പോയെങ്കിലും കര്‍ണാടക ഹൈക്കോടതിയും സുപ്രീം കോടതിയും ഇത് ശരിവെച്ചു. ബെംഗളൂരുവിലെ വിക്ടോറിയ ആശുപത്രിയിലെ ആറ് ഡോക്ടര്‍മാരുടെ സംഘമാണ് പരിശോധന പൂര്‍ത്തിയാക്കിയത്. ലൈംഗികശേഷീ പരിശോധന നിത്യാനന്ദയ്ക്ക് എതിരായിരുന്നു.
ഒന്നിന് പിന്നാലെ ഒന്നായി കേസുകള്‍ വന്നിട്ടും നിത്യാനന്ദയ്ക്ക് എതിരേ കടുത്ത നടപടികള്‍ ഒന്നും തന്നെയുണ്ടായിരുന്നില്ല. എന്നാല്‍ പെണ്‍മക്കളെ വിട്ടുകിട്ടണം എന്നാവശ്യപ്പെട്ട് നിത്യാനന്ദയുടെ അനുയായി കൂടിയായിരുന്ന വ്യക്തി നല്‍കിയ പരാതിയാണ് നിത്യാനന്ദയ്ക്ക് വലിയ കുരുക്കായത്. 2019-ലാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ തടഞ്ഞുവെച്ചിരിക്കുകയാണെന്ന് കാണിച്ച് അവരുടെ മാതാപിതാക്കള്‍ നിത്യാനന്ദയ്ക്ക് എതിരേ പോലീസില്‍ പരാതി നല്‍കുന്നത്. ഗുജറാത്തിലെ അഹമ്മദാബാദിലെ ഹീരാപുരിയിലെ യോഗിനി സര്‍വജ്ഞപീഠ് ആശ്രമത്തിനെതിരേയായിരുന്നു പരാതി. എന്നാല്‍ സ്വന്തം ഇഷ്ടം പ്രകാരമാണ് തങ്ങള്‍ പോയതെന്നായിരുന്നു കുട്ടികളുടെ വാദം. ആശ്രമത്തില്‍ റെയ്ഡ് നടത്തിയതിന് പിന്നാലെ പോലീസ് നടത്തിപ്പുകാരായ രണ്ട് സന്ന്യാസിനിമാരെ അറസ്റ്റ് ചെയ്തിരുന്നു. നിത്യാനന്ദയുടെ പാസ്പോര്‍ട്ട് മരവിപ്പിക്കുകയും ചെയ്തു. പിന്നാലെയാണ് നിത്യാനന്ദ ഒളിവില്‍ പോകുന്നത്.
%20(4).jpg?$p=51ca23b&&q=0.8)
നിത്യാനന്ദ എവിടെ ?
രാജ്യം വിട്ട നിത്യാനന്ദ എവിടെ എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരമില്ല. അയാളെക്കുറിച്ചുള്ള മാധ്യമങ്ങളുടേയും പൊതുജനങ്ങളുടേയും ചേദ്യത്തിന് മുന്നിൽ അധികൃതര്‍ മൗനം പാലിച്ചു. 2018 സെപ്റ്റംബറില്‍ നിത്യാനന്ദയുടെ പാസ്പോര്‍ട്ടിന്റെ കാലാവധി അവസാനിച്ചതിന് പിന്നാലെപുതുക്കി നല്‍കിയിട്ടില്ല. നിത്യാനന്ദ ഒരു സംഘത്തിനൊപ്പം രാജ്യം വിട്ടെന്നാണ് ഗുജറാത്ത് പൊലീസ് റിപ്പോര്‍ട്ട് നല്‍കിയത്. എന്നാല്‍, എവിടേക്കു പോയി എന്ന ചോദ്യത്തിന് മാത്രം ഉത്തരമുണ്ടായിരുന്നില്ല. ഇതിനിടെയാണ് ഒരു ദ്വീപ് വാങ്ങി സ്വന്തമായി ഹിന്ദു രാഷ്ട്രം സ്ഥാപിച്ചെന്ന വാര്‍ത്ത പുറത്തുവന്നത്. ഇക്വഡോറിനു സമീപത്തുള്ള ദ്വീപുകളിലൊന്ന് നിത്യാനന്ദ വാങ്ങി 'കൈലാസ' എന്ന പേരില്‍ രാജ്യമാക്കിയെന്നായിരുന്നു ആ വാര്‍ത്തകള്‍. എന്നാല്‍ നിത്യാനന്ദയ്ക്ക് അഭയം നല്‍കുകയോ ഭൂമി വാങ്ങാന്‍ സഹായിക്കുകയോ ചെയ്തിട്ടില്ലെന്ന് ഇക്വഡോര്‍ വ്യക്തമാക്കി. വാര്‍ത്തകള്‍ ഇക്വഡോര്‍ നിഷേധിച്ചതോടെ ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോയിലെ ഒരു ദ്വീപിലാണ് നിത്യാനന്ദ രാജ്യം സ്ഥാപിച്ചതെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നു.
ഗുജറാത്ത് പോലീസിന്റെ ആവശ്യപ്രകാരം ഇന്റര്‍പോള്‍ ബ്ലൂ കോര്‍ണര്‍ നോട്ടീസും പിന്നാലെ പുറത്തിറക്കി. ഇന്റര്‍പോളടക്കം തിരയുന്ന പ്രതിയായിട്ടും നിത്യാനന്ദ എവിടെയാണെന്ന് ഇതുവരെ സ്ഥിരീകരിക്കാനായിട്ടില്ല. എവിടെയാണെന്ന് അറിയില്ലെങ്കിലും ഇടയ്ക്കിടെ നിത്യാനന്ദയുടെ പ്രഭാഷണ വീഡിയോകള്‍ ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ഫെയ്സ്ബുക്ക് പേജുകളിലും ട്വിറ്ററിലും യൂട്യൂബിലും നിത്യാനന്ദയുടെ പ്രഭാഷണങ്ങള്‍ക്ക് ധാരാളം കാഴ്ചക്കാരുമുണ്ട്. പക്ഷേ, എവിടെനിന്നാണ് വീഡിയോ ചിത്രീകരിച്ചതെന്നോ അദ്ദേഹം എവിടെയാണെന്നോ കണ്ടെത്താനായിരുന്നില്ല. തന്നെ ആര്‍ക്കും തൊടാനാകില്ലെന്നാണ് വീഡിയോയില്‍ വിവാദ ആള്‍ദൈവത്തിന്റെ അവകാശവാദം. ഇതിനിടെ സാമൂഹികമാധ്യമങ്ങളിലൂടെ തന്നെ നിത്യാനന്ദ കൈലാസത്തില്‍ 'റിസര്‍വ് ബാങ്ക് ഓഫ് കൈലാസ' എന്ന പേരില്‍ ബാങ്ക് സ്ഥാപിച്ചതായി അവകാശപ്പെട്ട് രംഗത്തെത്തി. നാണയ വിനിമയം അടക്കം കൈലാസത്തിലെ എല്ലാ സാമ്പത്തിക ഇടപാടുകളും നിയമപരമാണെന്നാണ് നിത്യാനന്ദയുടെ അവകാശവാദം.





പൊട്ടിവീണ് മാ വിജയപ്രിയ നിത്യാനന്ദ
നിത്യാനന്ദയെക്കുറിച്ച് കുറച്ചുകാലമായി വാര്‍ത്തകളൊന്നുമില്ലാതിരുന്ന ഘട്ടത്തിലാണ് 'കൈലാസ'ത്തെ പ്രതിനിധീകരിച്ച് ഒരു സംഘം ഐക്യരാഷ്ട്രസഭ യോഗത്തില്‍ പങ്കെടുത്തത്. യു.എന്‍. സാമ്പത്തിക, സാമൂഹിക, സാംസ്‌കാരിക അവകാശങ്ങള്‍ക്കായുള്ള സമിതി യോഗത്തിലായിരുന്നു 'യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് കൈലാസ'യുടെ പ്രതിനിധി മാ വിജയപ്രിയ നിത്യാനന്ദ പങ്കെടുത്തത്. നിത്യാനന്ദ ഹിന്ദുമതത്തിലെ പരമാചാര്യനാണെന്നും അദ്ദേഹത്തെ ജന്മനാട് തന്നെ പീഡിപ്പിക്കുന്നുവെന്നും ഇവര്‍ പറഞ്ഞു. ഓസ്‌ട്രേലിയന്‍ മുന്‍ പ്രധാനമന്ത്രി ജൂലിയ ഗിലര്‍ഡ്, മനുഷ്യാവകാശപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്ത യോഗത്തില്‍ വിജയപ്രിയ ചോദ്യങ്ങള്‍ ചോദിച്ചിട്ടുമുണ്ട്. തന്റെ പ്രതിനിധി യു.എന്‍. സമിതി യോഗത്തില്‍ പങ്കെടുക്കുന്നതിന്റെ ചിത്രം നിത്യാനന്ദ തന്നെയാണ് ട്വീറ്റ് ചെയ്തത്. പിന്നാലെ ഇവര്‍ സംസാരിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചു.
ആരാണ് മാ വിജയപ്രിയ ?
ഐക്യരാഷ്ട്രസഭയില്‍ 'കൈലാസ റിപ്പബ്ലിക്കി'ന്റെ സ്ഥിരം അംബാസഡറാണ് മാ വിജയപ്രിയ നിത്യാനന്ദ എന്നാണ് അവകാശവാദം. ഓറഞ്ച് നിറത്തിലുള്ള സാരിയുടുത്ത് രുദ്രാക്ഷ മാലകളും ആഭരണങ്ങളും ധരിച്ചാണ് അവര്‍ ഐക്യരാഷ്ട്രസഭാ യോഗത്തില്‍ പങ്കെടുക്കാനെത്തിയത്. സമൂഹമാധ്യമങ്ങില്‍ പോസ്റ്റ് ചെയ്തിരിക്കുന്ന ചിത്രങ്ങളില്‍ കൈയില്‍ നിത്യാനന്ദയുടെ മുഖം ഇവര്‍ ടാറ്റൂ ചെയ്തിരിക്കുന്നതായി കാണാം. അമേരിക്കയിലെ വാഷിങ്ടണ്‍ ഡി.സിയിലെ താമസക്കാരി എന്നാണ് മാ വിജയപ്രിയ സ്വയം വിശേഷിപ്പിക്കുന്നത്. സാങ്കല്പിക രാജ്യമായ 'കൈലാസത്തിലെ നയതന്ത്രജ്ഞ' എന്ന പദവിയും മാ വിജയപ്രിയ തന്നെയാണ് വഹിക്കുന്നത്. 'കൈലാസ'യുടെ ഔദ്യോഗിക വെബ്‌സൈറ്റിലെ വിവരങ്ങള്‍ പ്രകാരം മാ വിജയപ്രിയ രാജ്യത്തിനുവേണ്ടി വിവിധ സംഘടനകളുമായി കരാറുകളിലെത്തിയിട്ടുണ്ട്. കാനഡയിലെ മാനിറ്റോബ സര്‍വകലാശാലയില്‍ നിന്ന് 2014-ല്‍ മൈക്രോബയോളജിയില്‍ ബിരുദം നേടിയിട്ടുണ്ടെന്നാണ് അവരുടെ ലിങ്ക്ഡ് ഇന്‍ പ്രൊഫൈല്‍ പറയുന്നത്. പഠനകാലത്ത് സര്‍വകലാശാലാ ഡീനിന്റെ പുരസ്‌കാരം നേടിയിട്ടുണ്ടെന്നും അവര്‍ അവകാശപ്പെടുന്നു. ഇംഗ്ലീഷ്, ഫ്രഞ്ച്, ക്രെയോള്‍, പിജിന്‍സ് എന്നീ ഭാഷകളില്‍ പ്രാവീണ്യവുമുണ്ടെന്നും പ്രൊഫൈല്‍ പറയുന്നു.
'കൈലാസ റിപ്പബ്ലിക്കി'നെ തള്ളി യു.എന്‍.
നിത്യാനന്ദയുടെ പ്രതിനിധി ഐക്യരാഷ്ട്രസഭ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്തതില്‍ വിശദീകരണവുമായി യു.എന്‍. രംഗത്തെത്തി. 'കൈലാസ റിപ്പബ്ലിക്കി'ന്റെ പ്രതിനിധി ജനീവയില്‍നടന്ന യോഗത്തില്‍ പങ്കെടുത്തതായി സ്ഥിരീകരിച്ചെങ്കിലും പ്രതിനിധിയുടെ നിര്‍ദേശങ്ങള്‍ സമ്മേളനത്തിന്റെ അന്തിമരേഖയിലുണ്ടാവില്ലെന്ന് യു.എന്‍. മനുഷ്യാവകാശവിഭാഗം വക്താവ് വ്യക്തമാക്കി. പൊതുജനങ്ങള്‍ക്കും സന്നദ്ധസംഘടനകള്‍ക്കും പങ്കെടുക്കാവുന്ന പൊതുപരിപാടിയിലാണ് നിത്യാനന്ദയുടെ സ്വയം പഖ്യാപിത രാജ്യമായ 'യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് കൈലാസ'യുടെ പ്രതിനിധി പങ്കെടുത്തതെന്നാണ് യു.എന്‍. ഇക്കാര്യത്തില്‍ നല്‍കുന്ന വിശദീകരണം. അവര്‍ മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ അപ്രസക്തമാണെന്നും യു.എന്‍. വക്താവ് വിശദീകരിച്ചു. യോഗത്തില്‍ ലഘുലേഖകള്‍ വിതരണംചെയ്യാനുള്ള പ്രതിനിധിയുടെ ശ്രമം തടഞ്ഞിരുന്നുവെന്നും അറിയിച്ചു. യുഎൻ. സമിതികളിലെ പൊതുജന പങ്കാളിത്തത്തിന്റെ മറവിൽ നിത്യാനന്ദയും കൂട്ടരും മറ്റൊരു നാടകം കളിക്കുകയായിരുന്നുവെന്നാണ് പലരും കരുതുന്നത്. നിത്യാനന്ദയുടെ ആളെന്ന പേരിൽ യു.എൻ. വേദികളിൽ വരെ പ്രതിനിധികൾ എത്തുമ്പോൾ പ്രസക്തമായ ചോദ്യം വീണ്ടും ഉയരുന്നു: എവിടെ നിത്യാനന്ദ?
Content Highlights: Fugitive Nithyananda's Reps Attend nited Nations Meet; All You Need To Know About the Row
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..